2018 ജനുവരിയിൽ രസകരമായ ഒരു വാർത്ത വായിക്കാനിടയായി. ബ്രിട്ടീഷുകാര്‍ ഒരു ഏകാന്തത വകുപ്പ് മന്ത്രിയെ നിയമിക്കുന്നു എന്ന് (Minister for Loneliness). ബ്രിട്ടീഷ് ജനതയുടെ പതിനഞ്ച് ശതമാനത്തോളം ആളുകൾ ഏകാന്തതയും അതിനോട് ബന്ധപ്പെട്ട മറ്റ് ബുദ്ധിമുട്ടുകളും നേരിടുന്നുണ്ട് എന്ന റിപ്പോർട്ടാണ് ഇങ്ങനൊരു തീരുമാനമെടുക്കാൻ കാരണം.
ഒരു ദിവസം പതിനഞ്ച് സിഗരറ്റ് വലിക്കുന്നതിനേക്കാൾ ആരോഗ്യത്തിനു ദോഷം ചെയ്യാൻ ഏകാന്തതയ്ക്കു കഴിയും എന്നും ഒരു പഠനം സൂചിപ്പിച്ചു. ആധുനിക സമൂഹം നേരിടുന്ന ഒരു വെല്ലുവിളിയിലേക്ക് ശ്രദ്ധ തിരിക്കുവാനുള്ള ഒരു തന്ത്രമായി പലരും ആ വാർത്തയെ കണ്ടു. രണ്ട് വർഷം കഴിഞ്ഞ് ലോക്ക്ഡൗണും ക്വാറന്റൈനും വന്നപ്പഴാണ് ആ വാർത്തയിലെ തമാശ ശരിക്കും മാഞ്ഞത്.
ഒത്തുചേരലും കൂട്ടായ്മയും മാനസികാരോഗ്യത്തിന് എത്ര വിലപ്പെട്ടതാണെന്നു കൊറോണ വൈറസ് നമ്മളെ ഓർമപ്പെടുത്തുന്നു. ആഴ്ചയിൽ ഒരിക്കലെങ്കിലും പള്ളികളിലൊ അമ്പലങ്ങളിലൊ അല്ലെങ്കിൽ മാളുകളിലോ തിയറ്ററുകളിലോ അതും അല്ലെങ്കിൽ ബീച്ചിലോ ജിമ്മിലോ പാർക്കിലോ പോകാൻ പറ്റാതെ വീർപ്പുമുട്ടുന്നവർ പലരുണ്ട്. പക്ഷേ ഈ വീർപ്പുമുട്ടലും ഏകാന്തതയും കൊണ്ടൊന്നും വൈറസിന്റെ ശല്യം നിലക്കുന്നില്ല. സമൂഹവ്യാപന സാധ്യത കൂടുംതോറും നമുക്കോ നമ്മുടെ വേണ്ടപ്പെട്ടവർക്കോ വൈറസ്ബാധ വരുമോന്ന് ചെറുതല്ലാത്തൊരു ഭയം വരുന്നു. മരണനിരക്ക് കുറവാണെങ്കിലും കാര്യങ്ങൾ ഏതറ്റം വരെ പോകും എന്ന ആശങ്ക നമ്മളെ നിരന്തരം വേട്ടയാടുന്നു. വർഷങ്ങളായി വിവിധതരം മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കും, ലഹരിവസ്തുക്കൾ ഉപയോഗിച്ച് ശീലിച്ചവർക്കും ഒന്നുകൂടെ രൂക്ഷമായിരിക്കും ഈ അനുഭവങ്ങൾ.
കഴിഞ്ഞില്ല. ഏകാന്തതയും ആശങ്കയും കൊണ്ട് അവസാനിക്കുന്നില്ല പ്രശ്നങ്ങള്‍. പലരുടെയും സാമ്പത്തിക ഭദ്രത തകരാം. തന്റേതല്ലാത്ത കാരണങ്ങളാൽ ജോലി നഷ്ടപ്പെടുന്ന ഒരാളുടെ വേദനയും വിഷമവും വളരെ വലുതാണ്. അവരെ ആശ്രയിച്ചു ഒരു കുടുംബം കൂടെ ഉണ്ടെങ്കിൽ പറയുകയും വേണ്ട. വിഷാദത്തിലേക്കും ആത്മഹത്യയിലേക്കും അനായാസം പോകാവുന്ന ഒരു സ്ഥിതിവിശേഷമാണ്.
2008ൽ ലോകരാജ്യങ്ങളിൽ പടർന്നു പിടിച്ച സാമ്പത്തിക മാന്ദ്യം ഓർമയില്ലേ? അന്ന് പാശ്ചാത്യരാജ്യങ്ങളിൽ നടന്ന ഒരു പഠനത്തിൽ തെളിഞ്ഞത് തൊഴിലില്ലായ്‌മ ഒരു ശതമാനം വർദ്ധിച്ചപ്പോൾ ആത്മഹത്യനിരക്കും ഒരു ശതമാനം വർദ്ധിച്ചു എന്നാണ്. വേറൊരു കാര്യം ശ്രദ്ധിച്ചത് 2010-11ൽ നടന്ന പല ആത്മഹത്യകൾക്കും 2008-09ൽ നടന്ന സാമ്പത്തികമാന്ദ്യവുമായി ശക്തമായ ബന്ധമുണ്ടായിരുന്നു എന്നാണ്.
2008ലെ സാമ്പത്തികമാന്ദ്യത്തെക്കാൾ പ്രഹര ശേഷിയുണ്ട് കൊറോണ വൈറസിന്. ഒരു ജോലിയും സ്ഥിരവരുമാനവും വിഷാദത്തിനെതിരെ ഉള്ള ഒരു വാക്സിൻ തന്നെയാണ്. ആ വാക്സിൻ കിട്ടാതാവുമ്പോൾ ജീവിതം കൈവിട്ടു പോകാം. അക്ഷരാർത്ഥത്തിൽ.
പ്രധാനമായും ഈ മൂന്നു രീതിയിൽ സമൂഹത്തിന്റെ മാനസികാരോഗ്യത്തെ ആക്രമിക്കുന്ന വൈറസിനെ നമുക്കും സർക്കാരിനും ചെറുക്കാം. വേതന/തൊഴിലവസര സബ്‌സിഡികൾ പ്രഖ്യാപിക്കുക, മാനസികാരോഗ്യ പ്രവർത്തകരുടെ സേവനം കൂടുതൽ ലഭ്യമാക്കുക എന്നിവ സർക്കാർ തലത്തിൽ നടത്താവുന്നതാണ്.
ജനങ്ങള്‍ക്ക് ചെയ്യാവുന്ന ചില കാര്യങ്ങൾ:
- ഈ കോവിഡ് കാലത്ത് നമുക്ക് വസ്തുതകൾക്കും വിദഗ്ദ്ധരുടെ നിർദ്ദേശങ്ങൾക്കും പ്രാധാന്യം കൊടുക്കാം. ലോകാരോഗ്യ സംഘടനയുടെയും സംസ്ഥാന/കേന്ദ്രസർക്കാരുകളുടെ കണക്കുകളും നിർദ്ദേശങ്ങളും അറിയാൻ ദിവസവും ഒരു നിശ്ചിതസമയം മാറ്റിവയ്ക്കാം. ബ്രേക്കിങ്ങ് ന്യൂസുകൾക്കും രാഷ്ട്രീയ അജണ്ടകൾക്കും പഴിചാരലുകൾക്കും നടുവിൽ നമ്മുടെ ജാഗ്രത മുങ്ങിപ്പോവാതെ നോക്കാം.
- ഉത്കണ്ഠ വർദ്ധിപ്പിക്കുന്നതായി തോന്നുകയാണെങ്കിൽ വാർത്തയിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും കുറച്ച് ദിവസത്തേക്കെങ്കിലും വിട്ടുനിൽക്കാൻ ശീലിക്കാം. മിക്കപ്പോഴും ഇവയ്ക്കു വേണ്ടി ചിലവഴിക്കുന്ന സമയം കുറച്ചാൽ മതിയാകും. ചൈനയിൽ നടന്ന ഒരു പഠനം അനുസരിച്ചു ദിവസവും മൂന്ന് മണിക്കൂറിലധികം വാർത്തകളും സോഷ്യൽ മീഡിയയും കണ്ടിരുന്നവർ വിഷാദരോഗത്തിന്റെയും ഉത്കണ്ഠയുടെയും ലക്ഷണങ്ങൾ കാണിച്ചിരുന്നു.
- സ്കൂളിലും ജോലിക്കും ഒന്നും പോകാൻ പറ്റാതെ വീട്ടിൽ ഇരിക്കുകയാണെങ്കിലും ഓരോ ദിവസത്തിനും ഒരു ചിട്ടയും ക്രമവും വേണം. ദിവസങ്ങൾക്കു ഒരു ചിട്ടയുണ്ടെങ്കിൽ നമ്മുടെ ചിന്തകൾക്കും ഒരു ചിട്ട വരും. അങ്ങനെ ചിട്ടയുള്ള ഒരു മനസ്സിനെ കീഴ്പ്പെടുത്തുവാൻ അനിശ്ചിതത്വത്തിനു അത്ര എളുപ്പമല്ല.
- പുസ്തകവായനയ്ക്ക് ജീവിതത്തെ മാറ്റിമറിക്കാനുള്ള കഴിവിനെ ഒരിക്കലും വില കുറച്ച് കാണരുത്. ലോക്ക്ഡൗൺ കാലം ആണ് അതിനുള്ള സമയം. നല്ല പുസ്തകങ്ങൾ തേടിപ്പിടിച്ചു വായിക്കൂ. ഇതാണ് യഥാർത്ഥ സുവർണാവസരം.
- ഒരു ദിവസം 8 മണിക്കൂറെങ്കിലും ഉറങ്ങണം. ആരോഗ്യകരമായ ഒരു ജീവിതത്തിനു നമ്മൾ ആയുസ്സിന്റെ മൂന്നിലൊന്ന് ഉറങ്ങിയേപറ്റൂ. ഉറങ്ങാൻ പോകുന്നതിനും എണീക്കുന്നതിനും ഒരു നിശ്ചിത സമയം വേണം. ഉറക്കമില്ലായ്‌മ ദിവസേന വന്നാൽ പല മാനസികബുദ്ധിമുട്ടുകളും ഉണ്ടാവും. തിരിച്ചും ശരിയാണ്. പല മാനസിക ബുദ്ധിമുട്ടുകളുടെയും പ്രാരംഭ ലക്ഷണം ഉറക്കകുറവാണ്.
- മനസ്സ് തുറന്ന് സംസാരിക്കാൻ ജീവിതത്തിൽ ഒരാളെങ്കിലും ഇല്ലാത്തവർ കുറവാണ്. ആ ബന്ധങ്ങൾ ഉറപ്പിക്കുവാൻ ഈ കാലം ഉപയോഗിക്കാം.
- അലട്ടുചിന്തകൾ കൂടുന്ന സമയത്തു ഇത് വരെ ജീവിതത്തിൽ നടന്നിട്ടുള്ള നല്ല കാര്യങ്ങൾ എണ്ണി എണ്ണി ഒരു ഡയറിയിൽ കുറിച്ചിടാം.
- ദൈവമുണ്ടെന്നും ഇല്ലെന്നും വാദിക്കുന്നവരുണ്ട്. തർക്കവിഷയം ആണ്. ധ്യാനപൂർണമായ പ്രാർത്ഥനയ്ക്ക് ഉത്കണ്ഠ മാറ്റാൻ കഴിയും എന്ന് വാദിക്കുന്നവരുണ്ട്. പ്രാർത്ഥിച്ച പോലെ കാര്യങ്ങൾ നടക്കാത്തപ്പോൾ വിഷാദം വരുമെന്ന് മറുവാദം. പ്രാർത്ഥന കാര്യസാധ്യത്തിന് വേണ്ടി മാത്രമാണോന്ന് അപ്പോൾ വാദം. ഈ വിഷമം പിടിച്ച സമയത്ത് കാര്യസാധ്യത്തിനു വേണ്ടി അല്ലെങ്കിൽ പിന്നെന്തിനാണ് പ്രാർത്ഥന എന്ന് മറുവാദം. ഇതിനൊരു അന്തമില്ല. നിങ്ങൾ തീരുമാനിക്കൂ. നിങ്ങളുടെ അനുഭവമാണ് നിങ്ങളുടെ സത്യം.
- കൊറോണവൈറസ് മൂലമുള്ള ദുരന്ത കഥകൾ അല്ല മറിച്ചു് അതിനെ അതിജീവിച്ച ലോകമെമ്പാടുമുള്ള വിജയഗാഥകൾ നമുക്ക് ഷെയർ ചെയ്യാം.
- പരമാവധി ശ്രമിച്ചിട്ടും തളർത്തുന്ന ഉത്കണ്ഠയും വിഷാദവും പിടികൂടുകയാണെങ്കിൽ ഒരു സൈക്യാട്രിസ്റ്റിനെയോ സൈക്കോളജിസ്റ്റിനെയൊ ചെന്ന് കാണാൻ ഒരു മടിയും വിചാരിക്കാതിരിക്കാം. നമ്മുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണാൻ ദിവസവും ഈ വക ബുദ്ധിമുട്ടുകൾ കണ്ട് മനസ്സിലാക്കി പരിഹരിക്കുവാൻ ശ്രമിക്കുന്നവർക്ക് സാധിച്ചെങ്കിലോ?