അഞ്ഞൂറോളം വരുന്ന പെണ്‍കുട്ടികള്‍ക്കു നടുവില്‍ നിന്നുകൊണ്ട് ഒരു ആണ്‍കുട്ടി സംസാരിക്കുകയാണ്, ആര്‍ത്തവത്തെക്കുറിച്ച്. കുറച്ചു നേരമേ അയാള്‍ സംസാരിച്ചുള്ളൂ. അയാളുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ അതൊരു കുമ്പസാരമായിരുന്നു. ഇത്രയും കാലം കരുതിവച്ച കാര്യങ്ങള്‍, എത്ര ‘ചീപ്പായാണ്’ ആര്‍ത്തവത്തെ തങ്ങള്‍ ആണ്‍കുട്ടികള്‍ കണ്ടിരുന്നത് എന്നതിനെ കുറിച്ച്.

ആര്‍ത്തവത്തെക്കുറിച്ച് പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല, ആണ്‍കുട്ടികള്‍ക്കും അറിവ് നല്‍കേണ്ടതുണ്ട് എന്നാണ് റേഡിയോ മിര്‍ച്ചിയിലെ ആര്‍ജെ ജോസഫ് അന്നംകുട്ടി ജോസ് പറയുന്നത്.

ഇത്തരം ഒരു വിഷയം സംസാരിക്കാനായി എങ്ങനെയാണ് ജോസഫ് തിരഞ്ഞെടുക്കപ്പെടുന്നത്?

സെന്റ് തെരേസാസ് കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ ക്ഷണിച്ചതിനെ തുടര്‍ന്നാണ് ഞാന്‍ അവിടെ എത്തുന്നത്. എല്ലാ വര്‍ഷവും ഇത്തരത്തില്‍ ഒരു ക്യാംപെയ്ന്‍ അവര്‍ക്ക് നടത്തണം. ഇത്തവണ അവര്‍ തിരഞ്ഞെടുത്തത് ആര്‍ത്തവ ശുചിത്വത്തെക്കുറിച്ച് പറയാനായിരുന്നു. ‘സ്റ്റെയ്ന്‍ ദി സ്റ്റിഗ്മ’ എന്നായിരുന്നു അതിന്‍റെ പേര്. ആര്‍ത്തവവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നിലനില്‍ക്കുന്ന പല തെറ്റിദ്ധാരണകളെയും എടുത്തു കളയുക എന്നതായിരുന്നു ഇതിന്‍റെ ലക്ഷ്യം. ഈ വിഷയം തുറന്ന ഒരിടത്ത് ചര്‍ച്ച ചെയ്യാന്‍ പാകത്തിലാക്കുക. അങ്ങനെ അവര്‍ എന്നെ വിളിച്ചപ്പോള്‍ ഞാന്‍ ആകെ കണ്‍ഫ്യൂസ്ഡ് ആയിപ്പോയി. ‘വൈ മീ?’ എന്നാണ് ഞാന്‍ അവരോട് ചോദിച്ചത്. ഒരു ആണ്‍കുട്ടി ആര്‍ത്തവത്തെ കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്നറിയാന്‍ അവര്‍ക്ക് താത്പര്യമുണ്ട് എന്നാണ് പറഞ്ഞത്.

Read More: എന്നിലെ പെണ്ണിന് ഞാൻ കൊടുത്ത ഏറ്റവും നല്ല സമ്മാനം: ജിലു ജോസഫ് എഴുതുന്നു

പോകാന്‍ തീരുമാനിച്ചപ്പോള്‍ എന്തെല്ലാം തയ്യാറെടുപ്പുകളാണ് നടത്തിയത്?

പരിപാടിയുടെ മൂന്നു ദിവസം മുമ്പ് തന്നെ കോളേജിലെ പെണ്‍കുട്ടികളുമായി സംസാരിച്ചു. എന്തെല്ലാം പ്രശ്‌നങ്ങളാണ് അവര്‍ ഇതുമൂലം നേരിടുന്നത് എന്നെനിക്ക് അറിയണമായിരുന്നു. പിന്നീട് എന്‍റെ കാഴ്ചപ്പാടുകള്‍ പറഞ്ഞു. എനിക്ക് സത്യത്തില്‍ സംസാരിക്കാനുണ്ടായിരുന്നത് ആണ്‍കുട്ടികളോടായിരുന്നു.

എത്ര വികലമായ കാഴ്ചപ്പാടുകളാണ് ആണ്‍കുട്ടികള്‍ക്ക് ഇതേക്കുറിച്ച് ഉള്ളത് എന്നതും, എന്‍റെ കാഴ്ചപ്പാട് എന്താണ് എന്നതുമാണ് ഞാന്‍ അന്നവിടെ സംസാരിച്ചത്. സത്യത്തില്‍ അതെന്‍റെ ഒരു കണ്‍ഫെഷന്‍ ആയിരുന്നു.

Joseph Annamkutty Jose

ആര്‍ത്തവത്തെക്കുറിച്ചുള്ള ജോസഫിന്‍റെ ധാരണകള്‍ എന്താണ്?

ഞാന്‍ മനസിലാക്കിയിടത്തോളം അതു വളരെ ‘ബ്യൂട്ടിഫുള്‍’ ആയൊരു കാര്യമാണ്. പ്രകൃതിദത്തമായ ഒന്നാണ്. ആര്‍ത്തവത്തിലായിരിക്കുന്ന ഒരു സ്ത്രീ ദൈവത്തിന്‍റെ കൈ പിടിച്ചു നടക്കുന്നു എന്നാണ് ഞാന്‍ കരുതുന്നത്.

ക്രിയേഷന്‍റെ ഭാഗമാണത്. ‘മതപരമായും, മനുഷ്യത്വപരമായും പെണ്‍കുട്ടികള്‍ അപ്പോള്‍ കൂടുതല്‍ ബഹുമാനിക്കപ്പെടേണ്ടവരാണ്.

Read More: തുണി മുതല്‍ കപ്പ്‌ വരെ ! ഒരു പെൺകുട്ടിക്ക് പറയാനുള്ളത്

എനിക്കീ കാര്യങ്ങള്‍ പറഞ്ഞു തന്നത് എന്‍റെ അമ്മയാണ്. ആ വീഡിയോയില്‍ ഞാന്‍ എന്‍റെ ചേട്ടന്റെ ഭാര്യ മകള്‍ക്ക് പറഞ്ഞു കൊടുത്ത കാര്യങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ഇന്നത്തെ   തലമുറയില്‍ മാറ്റമുണ്ട് എന്നതിനു തെളിവാണത്. എനിക്കൊരു തലവേദന വന്നാല്‍ ആ ബാം ഒന്നു എടുത്തു തരുമോ എന്നു ചോദിക്കുന്ന ലാഘവത്തോടെ പീരീഡ്‌സിന്‍റെ സമയത്ത്, എനിക്ക് പാഡ് വാങ്ങിത്തരുമോ എന്ന് സുഹൃത്തിനോട് ചോദിക്കുന്ന തലത്തിലേക്ക് എത്താന്‍ സാധിക്കണം.

എന്തുതരത്തിലുള്ള പ്രതികരണമാണ് ഈ പരിപാടിയ്ക്ക് ശേഷം ജോസഫിന് ലഭിച്ചത്?

എന്‍റെ ഇതുവരെയുള്ള വീഡിയോകളില്‍ ഏറ്റവുമധികം ഹിറ്റായത് ആര്‍ത്തവത്തെ സംബന്ധിച്ച വീഡിയോ ആയിരുന്നു. അതിന്‍റെ കാരണവും ഒരു ആണ്‍കുട്ടി ഇതേ കുറിച്ചു പറയുന്നു എന്നതാണ്. ഇതിനു ശേഷം കുറേ ആളുകള്‍ എന്നോട് ഇതേക്കുറിച്ച് സംസാരിച്ചു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉണ്ടായിരുന്നു ഇതില്‍.

Read More: ഞാന്‍ പൂത്തുമറിയുന്ന അഞ്ചു ചോപ്പു ദിവസങ്ങള്‍

കൂടുതല്‍ ആണ്‍കുട്ടികളും പറഞ്ഞത് ‘ചേട്ടാ, ഇതിങ്ങനെയൊക്കെയാണ് എന്നൊന്നും അറിയില്ലായിരുന്നു. നിങ്ങളുടെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും എല്ലാം ഉള്ള ഒന്നാണ് ആര്‍ത്തവം എന്നു ചേട്ടന്‍ പറഞ്ഞപ്പോളാണ് ഇതൊരു സ്വാഭാവിക കാര്യമാണെന്നു പോലും ചിന്തിച്ചത്. സ്‌കൂളിലൊക്കെ പഠിക്കുമ്പോള്‍ ഏതെങ്കിലും പെണ്‍കുട്ടി വയറില്‍ കൈവച്ച് ബാത്ത്‌റൂമിലേക്ക് എണീറ്റു പോകുമ്പോളൊക്കെ കളിയാക്കി ചിരിച്ചിട്ടുണ്ട്. പക്ഷെ അന്ന് ഇത്ര ആഴത്തിലൊന്നും ഇതേക്കുറിച്ച് ചിന്തിച്ചിട്ടില്ലാ,’ എന്ന്.

അതുകേട്ടപ്പോള്‍ എനിക്ക് സന്തോഷം തോന്നി. പെണ്‍കുട്ടികളും വളരെ പോസിറ്റീവ് ആയാണ് സംസാരിച്ചത്. ആര്‍ത്തവത്തെ കുറിച്ച് അതൊരു അശ്ലീലമല്ല എന്ന തരത്തില്‍ ചിന്തിക്കുന്ന ആണ്‍കുട്ടികളും ചുറ്റും ഉണ്ടെന്ന് അറിയുമ്പോള്‍ സന്തോഷവും പ്രതീക്ഷയും തോന്നുന്നു എന്നാണ് പലരും പറഞ്ഞത്.

Read More: ഇനിയും ‘ഫ്രീ’ ആയിട്ടില്ലാത്ത അതേ ദിവസങ്ങൾ

വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. ഇത്രയും പെണ്‍കുട്ടികളുടെ നടുവില്‍ നിന്ന് മൈക്കിലൂടെ ഇങ്ങനെയൊക്കെ വിളിച്ചു പറയാന്‍ നാണമില്ലേ എന്നു ചോദിച്ചു പലരും. നിന്‍റെ ആദ്യരാത്രിയെക്കുറിച്ച് നീയിങ്ങനെ വിളിച്ചു പറയുമോ എന്നു ചോദിച്ചവരും ഉണ്ടായിരുന്നു. ഞാനവിടെ പറഞ്ഞത് നാളെ ഓരോ പെണ്‍കുട്ടിയും ഫെയ്‌സ്ബുക്കില്‍ ‘എനിക്ക് ആര്‍ത്തവമാണ്’ എന്നു പോസ്റ്റ് ചെയ്യണം എന്നൊന്നും അല്ലല്ലോ. ഇതേക്കുറിച്ച് തുറന്നു സംസാരിക്കുന്നതില്‍ നാണിക്കാന്‍ ഒന്നുമില്ല എന്നതായിരുന്നു എന്‍റെ പോയിന്റ്. പിന്നെ എന്തിനേയും വിമര്‍ശിക്കുക എന്നു തീരുമാനിച്ചിരിക്കുന്ന ഒരുവിഭാഗം ആളുകള്‍ ഉണ്ട്.

ജോസഫിന്‍റെ വീഡിയോകള്‍ എല്ലാം വളരെ പോസിറ്റീവ് ആണ്. എപ്പോഴും ഇങ്ങനെ ആണോ?

ഒരുപാട് വീഴ്ചകളില്‍ നിന്നാണ് നമ്മള്‍ സന്തോഷിക്കാന്‍ പഠിക്കുന്നത്. ഒന്നു വീതം മൂന്നു നേരം പോസിറ്റീവ് ആയി ഇരിക്കുന്ന ആളൊന്നുമല്ല ഞാന്‍. ഒരുപാട് വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. എന്‍റെ കൂടെ നില്‍ക്കുന്ന സുഹൃത്തുക്കള്‍ ഉണ്ടായിട്ടുണ്ട്. ഇതൊരു യാത്രയല്ലേ, കുറേ തെറ്റുകളില്‍ പെട്ടു കഴിയുമ്പോളല്ലേ ശരി എന്താണെന്ന് മനസിലാകൂ.

എന്നോട് പണ്ടൊരു പള്ളീലച്ചന്‍ പറഞ്ഞിട്ടുണ്ട് ‘നന്മയെ പരിചയപ്പെടുത്തി കൊടുക്കുക എന്നതാണ് ഏറ്റവും നല്ല കാര്യം.’ ഇരുട്ടിനെ കുറ്റപ്പെടുത്തുന്നതിനെക്കാള്‍ നല്ല കാര്യം പ്രകാശമുണ്ട് എന്നു പറഞ്ഞുകൊടുക്കുന്നതാണ്. ആ ഒരുവിശ്വാസത്തിന്‍റെ പുറത്താണ് പോകുന്നത്. നാളെ ചിലപ്പോള്‍ വീഴ്ചകളും ബുദ്ധിമുട്ടുകളും ഉണ്ടായേക്കാം.

ഇങ്ങനെ വീഡിയോകള്‍ പോസ്റ്റ് ചെയ്യാനുള്ള പ്രചോദനം എന്താണ്?

ജോലി രാജിവച്ചിരിക്കുന്ന സമയത്താണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം ഉണ്ടാകുന്നത്. അന്ന് വാര്‍ത്താ ചാനലുകള്‍ മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത് പെണ്‍കുട്ടിയുടെ മാനത്തെ കുറിച്ചായിരുന്നു. പെണ്‍കുട്ടിയുടെ മാനത്തെ കുറിച്ചല്ല, ആണ്‍കുട്ടികള്‍ എന്തു കൊണ്ട് ഇത് ചെയ്യുന്നു എന്തു കൊണ്ട് ചെയ്യരുത് എന്നതിനെ കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടത്. ആ ഒരു ഫ്രസ്‌ട്രേഷനില്‍ നിന്നാണ് ആദ്യ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. അത് കഴിഞ്ഞ് ഒരു ടൂര്‍ പോയി വന്നപ്പോളാണ് ഇത് ഇത്രേം വൈറലായ കാര്യം ഞാനറിയുന്നത്. അന്ന് ചാനലുകളില്‍ നിന്നൊക്കെ കോള്‍ വന്നപ്പോള്‍ എന്നെ കളിയാക്കുകയാണ് എന്നാണ് ആദ്യം കരുതിയത്.

Read More: “ആ ” ദിവസങ്ങളിൽ വിശ്രമിക്കൂ…

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook