/indian-express-malayalam/media/media_files/uploads/2018/05/divya-g-s.jpg)
തുണിയില്‍ നിന്ന് തുടങ്ങിയ എന്റെ ആര്‍ത്തവ യാത്രകള്‍ ഇന്ന് ഏറ്റവും ആശ്വാസകരവും സുഖകരവുമായ മെന്‍സ്ട്രല്‍ കപ്പില്‍ എത്തി നില്‍ക്കുമ്പോള്‍, ആദ്യം മനസില്‍ ഓടിവരുന്നൊരനുഭവം ഉണ്ട്. മഴക്കാലത്ത് അനങ്ങനാകാതെ സ്കൂളിലെ ബഞ്ചിൽ സ്കൂൾ സമയം മുഴുവൻ ഇരിക്കേണ്ടി വന്ന കൗമാരക്കാലം.
സ്കൂള്‍ തുറക്കുന്ന സമയത്തോടൊപ്പം എത്തുന്ന മഴക്കാലം. തുണി കഴുകി ഉണങ്ങി കിട്ടാനുള്ള പ്രയാസത്തോടൊപ്പം, അലക്കിയ പുതിയ തുണി ഇല്ലാത്ത അവസ്ഥ. ഈര്‍പ്പം മുഴുവന്‍ മാറാത്ത തുണിയും വെച്ചു സ്കൂളിലേക്ക്. ഇരുന്നിടത്ത് നിന്ന് ഒന്നുമാറിയാല്‍ ആ ഈര്‍പ്പം മറ്റുള്ളവര്‍ കണ്ടു നാണക്കേടാകും എന്ന് വിചാരിച്ചു ആ ദിവസം മുഴുവന്‍ ബെഞ്ചില്‍ നിന്ന് അനങ്ങാതെ കഴിച്ചു കൂട്ടിയ ആ ദിവസം. ഇത് ഒരുപക്ഷെ എന്റെ അനുഭവം മാത്രമാകില്ല. ഈ അനുഭവത്തിന് അധികം പഴക്കവുമില്ല. ഒന്നര ദശകത്തിനകം മാത്രമുളള അനുഭവമാണ്.
എന്തായാലും ഈ സംഭവത്തിന് ശേഷം അധികംവൈകാതെ, പൂര്‍ണമായല്ലെങ്കിലും ജീവിതത്തിലേക്ക് നാപ്കിന്‍ കടന്നുവന്നു. സ്കൂളില്‍ പോകുമ്പോള്‍ മാത്രമായി ആണെങ്കിലും അത് തന്ന ആശ്വാസം ചെറുതൊന്നുമല്ല. കൃത്യമായ ഇടവേളകളില്‍ നാപ്കിന്‍ മാറ്റാനുള്ള സൗകര്യം ഉണ്ടായി എങ്കിലും തുടയിലെ മാസമാസങ്ങളില്‍ വരുന്ന മുറിവുകളും മാസാമാസം ഉള്ള ചെലവും (പഠിക്കുന്ന കാലഘട്ടത്തില്‍), പാഡ് ഒരു സ്ത്രീയുടെ ആർത്തവകാലഘട്ടത്തില്‍ ഉണ്ടാക്കുന്ന വലിയ തോതിലുള്ള അജൈവ മാലിന്യങ്ങളും ഒരു ചോദ്യചിഹ്നമായി നിലനിന്നു. ആര്‍ത്തവം തുടങ്ങുമ്പോള്‍ സ്കൂള്‍ പഠനം ഉപേക്ഷിക്കേണ്ടി വരുന്ന പെണ്‍കുട്ടികളും ആവശ്യത്തിനു ശുചി മുറികള്‍ ഇല്ല എന്നാ കാരണത്താല്‍ ആ ദിവസങ്ങളില്‍ സ്കൂളില്‍ പോകാത്ത കുട്ടികളും ഉള്ള ഈ രാജ്യത്താണ് കൂനിന്മേല്‍ കുരു എന്നപോലെ ആയിരുന്നു സാനിട്ടറി നപ്കിന്‍സിനെ ആഡംബര നികുതി വിഭാഗത്തിലെ 12% സ്ലോട്ടില്‍ പെടുത്തിയ നമ്മുടെ കേന്ദ്രസർക്കാരിന്റെ തീരുമാനം. ജനസംഖ്യയില്‍ അമ്പതു ശതമാനത്തോളം സ്ത്രീകള്‍ ഉണ്ടെങ്കിലും, ഈ പുരുഷകേന്ദ്രീകൃത സമൂഹത്തില്‍ സാനിറ്ററി നാപ്കിന്‍ ഒരാഡംബരം ആണ് എന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.
ആര്‍ത്തവം എന്നത് സ്ത്രീ ഒളിച്ചു, ഇരുചെവിയറിയാതെ ചെയ്യേണ്ടുന്ന ഒരു കാര്യമാണ് എന്ന് വിശ്വസിക്കുന്ന ഒരിടത്തില്‍, ആര്‍ത്തവം ഒരു തൊട്ടുകൂടായ്മയായി ഇന്നും നിലനിൽക്കുന്ന സമൂഹത്തില്‍, ഇത്തരം അനുഭവങ്ങള്‍ സ്ത്രീകളെ സംബന്ധിച്ച് സര്‍വസാധാരണമായിരിക്കാം. അന്നൊക്കെ ഞങ്ങളുടെ നാട്ടില്‍ ടി വിയില്‍ മാത്രം കാണുന്ന ഒരു സാധനം ആയിരുന്നു ഈ സ്റ്റേ ഫ്രീയും വിസ്പെറും കെയര്‍ഫ്രീയും എല്ലാം. ഇവയുടെ പരസ്യം വരുമ്പോള്‍ തന്നെ ചാനല്‍ മാറ്റുകയോ, അത് ബ്രഡ്ഡിന്റെ പരസ്യമാണ് എന്ന് പറഞ്ഞ് തെറ്റിധരിപ്പിക്കുമായിരുന്ന കാലഘട്ടം. ഇങ്ങനെ ഒരു സാധനത്തെ കുറിച്ച് കൂടുതല്‍ അറിയാത്തത് കൊണ്ടോ മാസ ബജറ്റ് കണക്ക് കൂട്ടുമ്പോള്‍ സ്ത്രീകളുടെ ഈയോരാവശ്യം ഒരു ആവശ്യമായി തോന്നാത്തത് കൊണ്ടോ, ഉപയോഗിച്ച് പോന്നതില്‍ നിന്ന് മാറാനുള്ള ബുദ്ധിമുട്ട് കൊണ്ടോ, തുണി ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങളുമായി വീട്ടിലെ അതുവരെയുള്ള സ്ത്രീകള്‍ സമരസപ്പെട്ടതുകൊണ്ടോ ആകണം തുടക്കത്തിൽ എനിക്കും തുണി തന്നെ ഉപയോഗിക്കേണ്ടി വന്നു. ആറു മുതല്‍ എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന ചോര പൊടിച്ചില്‍ കഴിയുമ്പോളേക്കും തുടയിടുക്കുകള്‍ പൊട്ടി പൊളിഞ്ഞിട്ടുണ്ടാകും. അത് ഉണങ്ങി വരുമ്പോളേക്കും അടുത്ത ചുവന്ന ദിനങ്ങള്‍ വന്നിട്ടുണ്ടാകും. പിന്നെ ആര്‍ത്തവം ആണ് എന്ന് പറയുന്നത് തന്നെ നാണക്കേടാകുമ്പോള്‍ സ്കൂളില്‍ നിന്നും തുണി മാറ്റി വേറൊന്നു വെയ്ക്കുക എന്നതൊക്കെ ചിന്തയില്‍ പോലും ഉണ്ടാകില്ല. ഏതാണ്ട് മൂന്നു മണിക്കൂറോക്കെ കഴിയുമ്പോള്‍ തന്നെ കാര്യം കൈവിട്ട് പോയിട്ടുണ്ടാകും. പിന്നെ, ആ ആശങ്ക നിറഞ്ഞ ചോദ്യം കൂട്ടുകാരോട് ഉയരും, ‘ബാക്കില്‍ കുഴപ്പമൊന്നുമില്ലല്ലോ?’ അതിന് ‘ഇല്ല’ എന്ന മറുപടി മാത്രമാണ് പ്രതീക്ഷ.
ടംപോനും മെന്‍സ്ട്രല്‍ കപ്പും വിപണിയില്‍ വന്നിട്ട് നാളുകളേറെ ആയെങ്കിലും ഇന്നും നഗരപ്രദേശങ്ങള്‍ വിട്ട് നമ്മുടെ ഗ്രാമങ്ങളില്‍ ഇന്നും എത്തിയിട്ടില്ല. ഒരുപക്ഷെ രണ്ടും യോനീനാളത്തിലേക്ക് കടത്തി വെക്കണം എന്നത് കൊണ്ടും, അതുമായി ബന്ധപ്പെട്ട ഹൈജീന്‍ സംബന്ധിയായി പല സംശയങ്ങളും ഉണ്ട് എന്നത് കൊണ്ടുമാകണം അവ നമ്മുടെ സ്ത്രീകള്‍ക്കിടയില്‍ അധികം പ്രചാരം നേടാത്തത്. കാലാകാലങ്ങളായി പുരുഷാധിപത്യ നിർമ്മിതമായതും അടിച്ചേൽപ്പിക്കപ്പെട്ടതുമായ ‘കന്യക’ സങ്കല്‍പ്പം സൃഷ്ടിച്ചിട്ടുളള അബദ്ധധാരണകളും ഇത് ഉപയോഗിക്കുന്നതിൽ നിന്നും തടയുന്നുണ്ടാകും. പിന്നെ മറ്റൊരുകാര്യം ഇതിന്റെ ലഭ്യതയാണ്. കേരളത്തിലെ കടകളിൽ സർവ്വസാധാരണമായി മാറിയിട്ടില്ലാത്തത് മറ്റൊരു കാരണമാകാം.
ആര്‍ത്തവവുമായി ബന്ധപ്പെട്ട ശാരീരിക/ മാനസിക പ്രശ്നങ്ങളെ ഒഴിച്ച് നിര്‍ത്തിയാല്‍, ആര്‍ത്തവം വില്ലനാകുന്നത് ആര്‍ത്തവ രക്തവും അത് കൈകാര്യം ചെയ്യുന്ന കാര്യത്തിലുമാണ്. അതുമായി ബന്ധപ്പെട്ട് തന്നെയാണ് നമ്മുടെ ശുദ്ധി/ അശുദ്ധി സങ്കൽപ്പങ്ങളും. ഇത് തന്നെയാണ് സ്ത്രീകളെ ഒരപ്പുരകളിലെക്കും, ഇരുട്ട് മുറികളിലെക്കും തള്ളി വിട്ടത്. സാധാരണ പറഞ്ഞു കേള്‍ക്കുംപോലെ ‘ആ ദിവസങ്ങളില്‍' സ്ത്രീക്ക് അവളുടെ ദൈനംദിന ശാരീരികമായ കഠിനാധ്വാനത്തില്‍ നിന്നുള്ള ഓഫ് മാത്രമായിരുന്നു ആര്‍ത്തവവുമായി ബന്ധപ്പെട്ട വിലക്ക് എങ്കില്‍ എന്തിനാണ് അത് വരെ ഉപയോഗിച്ച് പോരുന്ന സ്വന്തം കിടക്കയില്‍ നിന്നുപോലും അവള്‍ അന്യവല്‍ക്കരിക്കപ്പെടുന്നത്.
സ്ത്രീശരീരം തന്നെ നികൃഷ്ടമായ എന്തോ ഒന്നാണ് എന്ന ചിന്ത ആര്‍ത്തവകാലത്തെ മാറ്റി നിര്‍ത്തലുകളിലേയ്ക്ക് കൊണ്ടുപോകുന്നു. ആർത്തവുമായി ബന്ധപ്പെട്ട് അടുക്കള, കിണറും കിണറിന്റെ പരിസങ്ങളും, പൂജ മുറി അല്ലെങ്കില്‍ വിളക്ക് വെയ്ക്കുന്ന സ്ഥലങ്ങള്‍, പതിവായി ഉപയോഗിക്കുന്ന കട്ടില്‍ എന്നിവയൊക്കെ നിഷിദ്ധമായിരുന്നു. അതില്‍ നിന്നൊക്കെ കാലം ഒരുപാട് മുന്നേറി എങ്കിലും ഇത്തരം മാറ്റി നിർത്തലുകള്‍ പല വീടുകളില്‍ ഇന്നും നിലനില്‍ക്കുനുണ്ട്. ഇത്തരം സാമൂഹിക വ്യവസ്ഥയില്‍ ജനിച്ചു ജീവിക്കുന്നവര്‍ക്ക് സമൂഹത്തിലെ മറ്റ് പല ഇടങ്ങളും അപ്രാപ്യമാകുന്നതില്‍ ഈ അപകർഷതാ ബോധം വലിയ പങ്കു വഹിക്കുന്നു.
ആർത്തവ യാത്ര ഓരോ സ്ത്രീകള്‍ക്കും വ്യത്യസ്തം ആയിരുന്നിരിക്കാം. സാമ്പത്തിക അവസ്ഥ, ജാതിപരമായുള്ള ചിട്ടകള്‍, രീതികള്‍, പ്രാദേശികത ഇവയെല്ലാം പ്രധാന ഘടകങ്ങള്‍ ആകുമ്പോഴും ഏറെക്കുറെ അനുഭവങ്ങളുടെ തീക്ഷ്ണത ഒന്ന് തന്നെ ആയിരുക്കും.
മെന്‍സ്ട്രല്‍ കപ്പ് പോലെ തന്നെ യോനി നാളത്തിലേക്ക് കടത്തി വെക്കേണ്ടുന്ന ഒന്നാണ് ടംപോനും. സാധാരണയായി ഓര്‍ഗാനിക് അല്ലാത്ത കോട്ടണും റയോണും ചേര്‍ത്താണ് ഇവ ഉണ്ടാക്കുന്നത്. എന്നാല്‍ ഇത് നാല് മുതല്‍ എട്ടു മണിക്കൂറിനുള്ളില്‍ എടുത്തില്ലെങ്കില്‍ അണുബാധ ഉണ്ടാക്കും എന്നതിനാല്‍ ദീര്‍ഘദൂര യാത്രയിലും ഉറങ്ങുമ്പോഴും ആശ്രയിക്കാന്‍ കഴിയാത്ത ഒന്നാണ്. എട്ടു ടംപോന്‍സ് അടങ്ങിയ ഒരു പാക്കറ്റിന് നൂറുരൂപ മുതലാണ് വില. അണുബാധയുണ്ടാകാനുള്ള സാധ്യതയും അതിന്റെ വിലയും കണക്കിലെടുക്കുമ്പോള്‍ ടംപോന്‍ പ്രോത്സാഹനാര്‍ഹമായ ഒന്നാണ് എന്ന് തോന്നുന്നില്ല.
'കപ്പ് എന്ന ‘ഗെയിം ചെയിഞ്ചർ’
ഏതാണ്ട് രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് മെന്‍സ്ട്രല്‍ കപ്പിനെ കുറിച്ച് സജീവമായ ചര്‍ച്ചകള്‍ കാണുന്നതും അതിന്റെ സാധ്യതകളെകുറിച്ച് ആരായുന്നതും. പിന്നെയും ഒരു വർഷം എടുത്തു മെന്‍സ്ട്രല്‍ കപ്പ് വാങ്ങാന്‍. പിന്നെയും ഒരു വർഷം കൂടിയെടുത്തു മെന്‍സ്ട്രല്‍ കപ്പ് ആര്‍ത്തവത്തിന്റെ ഭാഗമാക്കാന്‍. പലതരത്തില്‍ തലവേദന ആയിരുന്ന ‘ആര്‍ത്തവപ്രശ്നത്തെ’ കൈപിടിയില്‍ ഒതുക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാതെ നിലനിന്നപ്പോഴും എന്തുകൊണ്ട് ഇതുപയോഗിച്ച് തുടങ്ങാന്‍ ഇത്ര വൈകിപ്പോയി എന്ന സങ്കടം ബാക്കിയായി. സ്ത്രീകളുടെ ആര്‍ത്തവ ജീവിതത്തെ മാറ്റിമറിക്കാന്‍ കഴിവുള്ള ഒന്നാണ് കപ്പ് എന്ന കണ്ടുപിടിത്തം എന്ന് പറയുമ്പോള്‍ അതിശയോക്തി ഒട്ടും തന്നെയില്ല, കാരണം ആര്‍ത്തവത്തെ ഒരു പ്രശ്നമായി കാണാന്‍ സ്ത്രീകളെ പ്രേരിപ്പിക്കുന്ന ഒരുപാടു ഘടകങ്ങളെ ഇത് പരിഹരിക്കുന്നുണ്ട്.
ഉപയോഗിച്ച സ്ത്രീകളിൽ ഭൂരിഭാഗം പേരും വളരെ പോസിറ്റീവ് ആയ റിവ്യൂ പറഞ്ഞത് പ്രകാരമാണ് ഒരു വർഷം മുൻപ് ആമസോണില്‍ നിന്നും മെന്‍സ്ട്രല്‍ കപ്പ് ഓര്‍ഡര്‍ ചെയ്തത്. അന്ന് ഇതിന്റെ ടെക്നിക്കല്‍ വശങ്ങളെ കുറിച്ച് അധികം വിവരം ഇല്ലാത്തതുകൊണ്ട് തന്നെ മീഡിയം സൈസ് കപ്പ് ആണ് മേടിച്ചത്. എന്നാല്‍ കപ്പ് കണ്ടപാടെ, അതിന്റെ വലിപ്പം കണ്ടപാടെ എല്ലാ ആവേശവും കെട്ടടങ്ങി. എങ്ങനെ ഫോള്‍ഡ് ചെയ്താലും ഇൻസേർട്ട് ചെയ്യാന്‍ കഴിയുമോ?, ഇത് ഉപയോഗിച്ചുകൊണ്ട് എങ്ങനെ നിത്യേന കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമോ? യോനി നാളത്തിനുള്ളില്‍ വെക്കുന്നത്കൊണ്ട് തന്നെ ഹൈജീനിക് ആകുമോ മുതലായ പലവിധ ചിന്തകള്‍ക്കൊടുവില്‍ കപ്പ് ഭദ്രമായി പെട്ടിയില്‍ വെച്ച് പൂട്ടി.
ഇതിനിടയില്‍ കൂടുതല്‍ തവണ പാഡും വളരെ വിരളമായി ആണെങ്കിലും ടംപോന്‍സും ഉപയോഗിച്ച് ആര്‍ത്തവ യാത്ര മുന്നോട്ട് പോയി. ഒരു വർഷം കഴിഞ്ഞപ്പോള്‍ പെട്ടെന്ന് വീണ്ടും കപ്പ് ചിന്തകള്‍ കടന്നു വരികയും ഒരു പക്ഷെ കപ്പിന്റെ സൈസ് മാറ്റിയാല്‍ ശരിയാകും എന്ന് തോന്നിയത്കൊണ്ടും വീണ്ടും സ്മാള്‍ സൈസ് കപ്പ് മേടിച്ചു. തുണി, സാനിട്ടറി പാഡ്, ടംപോന്‍ , മെന്‍സ്ട്രല്‍ കപ്പ് എന്നിവ ഉപയോഗിച്ചതിന്റെ അനുഭവത്തില്‍ പറയുകയാണ് എങ്കില്‍ കപ്പ് ഒരു ‘ലൈഫ് ചെയ്ഞ്ചിങ് എക്സ്പീരിയന്‍സ്’ തന്നെയാണ്. അതിന് കാരണങ്ങള്‍ പലതാണ്.
ശുചിത്വം: കപ്പിനെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്നതിലെ പ്രധാന ഘടകം ശുചിത്വം തന്നെയാണ്. സാധാരണയായി ഫ്ലെക്സിബിള്‍ ആയ മെഡിക്കല്‍ ഗ്രേഡ് സിലിക്കണ്‍ കൊണ്ടാണ് ഇവയുടെ നിര്‍മാണം. ലാറ്റെക്സ് , തെർമോപ്ലാസ്റ്റിക് ഇലസ്റൊമര്‍ എന്നിവ കൊണ്ടും ഇവ നിര്‍മിക്കുന്നുണ്ട് എങ്കിലും കൂടുതല്‍ മെച്ചപ്പെട്ടത് സിലിക്കണ്‍ കൊണ്ടുളളവയാണ് എന്നാണ് ഉപയോഗിക്കുന്നവരുടെയും, ഈ മേഖലയിലെ വിദഗ്ദരുടെയും അഭിപ്രായം. ഇവ മടക്കി യോനി നാളത്തിനുള്ളില്‍ കടത്തി വയ്ക്കുന്ന ഈ കപ്പിനുള്ളിലേയ്ക്കാണ് ആര്‍ത്തവ രക്തം ശേഖരിക്കപ്പെടുന്നത്. പാഡ് ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന തരത്തിലുള്ള തുട ഇടുക്കുകള്‍ ഉരഞ്ഞു പൊട്ടുക എന്നതില്‍ നിന്നും പൂര്‍ണമായും ആശ്വാസം. വായുവുമായി സമ്പർക്കം പുലർത്താത്തത് കൊണ്ട് തന്നെ നാപ്കിന്‍/ തുണി എന്നിവ ഉപയോഗികുമ്പോള്‍ ഉണ്ടാകുന്ന തരത്തില്‍ ദുര്‍ഗന്ധമോ, അണുബാധയോ ഉണ്ടാകില്ല. കപ്പില്‍ ശേഖരിക്കുന്നത് കൊണ്ട് തന്നെ നമ്മുടെ ആർത്തവ രക്തം ദ്രാവക രൂപത്തില്‍ തന്നെ കാണാന്‍ കഴിയുകയും അത് കയ്യോ കാലോ മുറിയുമ്പോള്‍ ഉണ്ടാകുന്ന രക്തസ്രാവത്തില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല എന്നും, ഇതിനെ അശുദ്ധിയുമായി ഒരുതരത്തിലും കൂട്ടിക്കെട്ടേണ്ട കാര്യം ഇല്ല എന്നും മനസിലാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
സാമ്പത്തികം: ഒരു മാസം തന്നെ പാഡുവാങ്ങാൻ കുറഞ്ഞത് നൂറു രൂപയോളം ചെലവാക്കേണ്ടി വരുന്നു. ഈ തോതില്‍ ഒരു വർഷം ആയിരത്തി ഇരുന്നൂറോളം രൂപയും അഞ്ചു വര്‍ഷത്തേക്ക് ആറായിരത്തോളം രൂപയും ചെലവാക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് മുന്നൂറും അഞ്ഞൂറും രൂപയ്ക്കിടയില്‍ അത്യാവശ്യം നല്ല നിലവാരത്തിലുള്ള കപ്പുകള്‍ വിപണിയില്‍ ലഭ്യമാകുന്നത്. കഴുകി വീണ്ടും വീണ്ടും കുറഞ്ഞത് അഞ്ച് വർഷം എങ്കിലും ഉപയോഗിക്കാം എന്നത് ആണ് കപ്പുകളെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്ന മറ്റൊരു കാര്യം.
പരിസ്ഥിതി സൗഹൃദം: കണക്കുകള്‍ പ്രകാരം 113,000 ടണ്‍ അജൈവ മാലിന്യങ്ങളാണ് ഓരോ വര്‍ഷവും സാനിട്ടറി പാഡ് ഉപയോഗിക്കുന്നത് വഴി നമ്മുടെ മാലിന്യ കൂമ്പാരത്തിലേക്ക് ചേര്‍ക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഈ ഒരു അവസ്ഥയ്ക്ക് കപ്പ് എന്നത് ഒരു പരിഹാരമാണ്.
സാനിട്ടറി നാപ്കിന്‍/ ടംപോന്‍ എന്നിവയുടെ ഇരട്ടി ആഗിരണ ശേഷിയുള്ള കപ്പുകള്‍ അതിനാല്‍ തന്നെ യാതൊരു ബുദ്ധിമുട്ടുമില്ലാതെ ആദ്യ ദിവസങ്ങളില്‍ പോലും കുറഞ്ഞത് ആറു മുതല്‍ എട്ടു മണിക്കൂര്‍ വരെ ഉപയോഗിക്കാവുന്നതാണ്. യാത്രാപ്രേമികള്‍ക്ക് കപ്പൊരു ആശ്വാസമാണ്. ആര്‍ത്തവം കാരണം മാത്രം വേണ്ട എന്ന് വെച്ച പല യാത്രകള്‍ ഉണ്ട്. ട്രെക്കിങ്, വെള്ളത്തിലിറങ്ങൽ, മഴനനയല്‍ തുടങ്ങിയവ. ദീര്‍ഘദൂര യാത്രകള്‍ക്കും കായികക്ഷമത വേണ്ടിവരുന്ന കാര്യങ്ങള്‍ ചെയ്യുമ്പോളും എല്ലാം ഏറ്റവും മികച്ച ഒരു ഓപ്ഷൻ മെന്‍സ്ട്രല്‍ കപ്പ് തന്നെയാണ്
ആദ്യത്തെ കുറച്ച് സമയം കഴിഞ്ഞാല്‍ ഈ കപ്പ് അവിടെ ഉണ്ട് എന്ന കാര്യം തന്നെ നിങ്ങള്‍ ചിലപ്പോള്‍ മറന്നു പോകാന്‍ ഇടയുണ്ട്. അത്രയേറെ ശരീരത്തിന്റെ ഭാഗമായി തീരും ഇത്. അതുകൊണ്ട് തന്നെ ആര്‍ത്തവം ആണ് എന്ന തോന്നല്‍ തന്നെ വളരെ കുറവാണ്.
കപ്പ് ഉപയോഗിക്കുമ്പോള്‍ /തിരഞ്ഞെടുക്കുമ്പോള്‍
സൈസ് : അനുഭവത്തില്‍ നിന്ന് പറയുമ്പോള്‍ കപ്പ് മേടിക്കുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ട കാര്യം സൈസ് തന്നെയാണ്. സാധാരണ സ്മാള്‍, മീഡിയം, ലാര്‍ജ് എന്ന മൂന്നു അളവുകളില്‍ കപ്പ് ലഭ്യമാണ്. രക്തസ്രാവതിന്റെ തോത്, പ്രസവം, ശരീര വലിപ്പം, പ്രായം എന്നിവയാണ് കപ്പിന്റെ അളവ് നിര്‍ണയിക്കുന്നത്. ഇവയൊക്കെ പ്രധാന ഘടകങ്ങള്‍ ആണ് എങ്കിലും, തുടക്കക്കാര്‍ സ്മാള്‍ സൈസില്‍ നിന്ന് തുടങ്ങുന്നത് ആയിരിക്കും നല്ലത്. കാരണം കപ്പിന്റെ വലിപ്പം കണ്ടു തന്നെ അത് വേണ്ട എന്ന് വെയ്ക്കേണ്ടി വരില്ല. കൂടാതെ ഇത് അകത്ത് കയറുമോ, മുറിയുമോ, വേദന ഉണ്ടാക്കുമോ തുടങ്ങിയ ആശങ്കകളെ ഒരു പരിധി വരെ സ്മാള്‍ സൈസ് കപ്പ് ദൂരികരിക്കും.
ഇത് ഉപയോഗിക്കുന്നത് സംബന്ധിച്ച് മാനുവൽ വായിച്ചുനോക്കുകയും ഇത് സംബന്ധിച്ച വിഡിയോകൾ ശ്രദ്ധയോടെ കാണുകയും ചെയ്യുന്നത് ഉപകാരപ്രദമായിരിക്കും.
ഉപയോഗിക്കുന്ന രീതി
ഫ്ലെക്സിബിൾ ആയ ഈ കപ്പുകള്‍ മടക്കിയാണ് യോനിക്കുള്ളിലേയ്ക്ക് കടത്തി വെയ്ക്കേണ്ടത്. പലതരത്തിലുള്ള ഫോൾഡിങ് രീതികള്‍ ഉണ്ടെങ്കിലും C ഫോൾഡ് രീതിയും പഞ്ച് ഡൗണ്‍ ഫോൾഡും ആണ് സാധാരണയായി ഉപയോഗിച്ച് വരാറുള്ളത്. വ്യക്തിപരമായ അഭിപ്രായത്തില്‍ തുടക്കക്കാരി എന്ന നിലയില്‍ പഞ്ച് ഡൗണ്‍ ഫോള്‍ഡ് ആണ് കൂടുതല്‍ സൗകര്യപ്രദമായി തോന്നിയത്. അകത്തേയ്ക്ക് കടത്തിയതിന് ശേഷം 360 ഡിഗ്രി തിരിക്കുന്നത് കപ്പിനെ യഥാസ്ഥാനത് സ്ഥാപിക്കുന്നതിന് സഹായകരമാകും. കൂടാതെ വിരല് വെച്ചു കപ്പ് ഓപ്പണ്‍ ആയോ എന്ന് കൂടി നോക്കുക. അവസാന പടി എന്ന നിലയില്‍ കപ്പിന്റെ അഗ്രത്തില്‍ കാണുന്ന തണ്ടില്‍ പിടിച്ചു താഴേക്ക് ചെറുതായി വലിച്ചു നോക്കുക. ഒരു തരം സക്ഷന്‍ പ്രഷര്‍ തോന്നുന്നുണ്ട് എങ്കില്‍ കപ്പ് നന്നായി പ്ലയ്സ് ചെയ്യപ്പെട്ടു എന്ന് മനസിലാക്കാം. ഇങ്ങനെ സക്ഷന്‍ പ്രഷര്‍ ഉള്ളത് കൊണ്ട് തന്നെ കപ്പ് താഴേക്ക് പോരുമോ എന്നുള്ള ആശങ്ക ഒട്ടുംവേണ്ട. തിരിച്ചെടുക്കാന്‍ നേരം കപ്പിന്റെ അഗ്രത്തില്‍ കാണുന്ന തണ്ടില്‍ വലിച്ചതിന് ശേഷം, കപ്പിന്റെ അഗ്രത്തില്‍ അമര്‍ത്തുക. അത് സക്ഷന്‍ പ്രഷര്‍ കുറയ്ക്കുകയും കപ്പ് സുഗമമായി പുറത്തെടുക്കാന്‍ സഹായിക്കുകയും ചെയ്യും. കുളിക്കുന്ന സമയത്ത് ഇൻസേർട്ട് ചെയ്യുന്നത് കൂടുതല്‍ സൗകര്യപ്രദമായി തോന്നിയിട്ടുണ്ട്. സോപ്പ് ഉപയോഗിച്ച് കഴുകിയ ശേഷം വീണ്ടും ഉപയോഗിക്കാം. ആര്‍ത്തവ അവസാനം,ചൂടുവെള്ളവും സോപും ഉപയോഗിച്ച് കപ്പ് കൃത്യമായി അണുവിമുക്തമാക്കേണ്ടത് അത്യാവശ്യമാണ്.
ആര്‍ത്തവത്തെ പറ്റി, അതിന്റെ മാനസിക, ശാരീരിക, സാമൂഹിക വശങ്ങളെ കുറിച്ചൊക്കെ ഇന്ന് തുറന്നു പറയാനും എഴുതാനും കുറച്ചുപേരെങ്കിലും തയ്യാറാണ് എന്നത് തന്നെ വലിയൊരു കാര്യമായാണ് തോന്നുന്നത്. പലപ്പോഴും കേള്‍ക്കാറുണ്ട് , ആര്‍ത്തവം ആണെന്ന് കരുതി കൊട്ടിഘോഷിക്കണോ, അത് എല്ലാവര്ക്കും ഉള്ളത് ആണ്, നീ അതിനി വിളിച്ചു കൂവണ്ട! എന്നാല്‍ ആര്‍ത്തവം ആണെന്നോ, ഇതിനുപയോഗിക്കുന്ന തുണി ആള്‍ വെട്ടത്തില്‍ കഴുകി ഉണക്കാനോ കഴിയാത്ത, കടയില്‍ പോയി സാനിട്ടറി നാപ്കിന്‍ വേണം എന്ന് പറയാന്‍ കഴിയാത്ത, ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ മാറ്റി നിര്‍ത്തുന്ന, ആര്‍ത്തവ സമയങ്ങളില്‍ സ്വന്തം ശരീരം അശുദ്ധമായ എന്തോ ഒന്നായി താന്‍ മാറുകയാണ് എന്ന് സ്വയം തന്നെ തോന്നിപ്പിക്കുന്ന ഒരു സാമൂഹിക വ്യവസ്ഥയില്‍ ഈ കൊട്ടിഘോഷിക്കലും ഒരു തരം അവകാശ പ്രഖ്യാപനം തന്നെയാണ്. ആര്‍ത്തവ സമയം മറ്റേതൊരു സമയം പോലെയും ആണെന്നും ഇതിന്റെ പേരിലുള്ള ഏതെങ്കിലും തരത്തിലുള്ള മാറ്റി നിര്‍ത്തലുകള്‍ ലിംഗ വിവേചനം തന്നെയാണ് എന്നും ഉള്ള പ്രഖ്യാപനം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.