കഥകളും സിനിമകളും പരിചയപ്പെടുത്തിതന്ന മുത്തശ്ശിയുടെ നേരെ വിപരീതമാണ്‌ ജീവിതം എനിക്ക് സമ്മാനിച്ച മുത്തശ്ശി. കണ്ട് പരിചയമുള്ള മുത്തശ്ശികൾ ഒതുക്കി കെട്ടിയ മുടിയും, വിളറിയ നേര്യതും ഉടുത്ത്, പൗഡർ പൂശിയ മുഖവുമായി ഉമ്മറത്തിരുന്ന് നാട്ടുകാരോട് കുശലവും, കൊച്ചുമക്കളോട് കഥകളും പറഞ്ഞ്, പ്രാർത്ഥനയും ചൊല്ലി, മക്കളുടെയും മരുമക്കളുടെയും കൂടെ ജീവിച്ച് പോന്നു. എന്നാൽ എന്രെ മുത്തശ്ശിയെ, നബീസ ബീവിയെ അങ്ങനെ യാതൊരു ചട്ടക്കൂട്ടിലും, മുൻവ്യവസ്ഥകളിലും ഉൾപ്പെടുത്താൻ സാധിച്ചിരുന്നില്ല.

ലുങ്കിയും ബ്ലൗസുമാണ്‌ സ്ഥിരമായ വേഷം. പടിപ്പുര കടന്ന് ആരെങ്കിലും വരുന്നെന്നു കണ്ടാല്ലോ, ഉമ്മുറത്ത് നിന്ന് ‘അപ്പച്ചിയെ’, ‘നബീസതാത്ത’ എന്ന വിളികൾ വന്നാലോ, കതകിൽ തൂക്കിയിട്ട വേഷ്ടിയെടുത്ത് അലസമായി തോളത്തിട്ട് പ്രത്യക്ഷപ്പെടും. പാറിപ്പറന്ന നരച്ച തലമുടിയും, കുറുകിയ ശരീരവും, തഴമ്പിച്ച കൈകളും, ചങ്കൂറ്റത്തിന്റെ ചെറുമീശയും, കണ്ണിൽ തീയടുപ്പിന്റെ ജ്വാലകളും തിളങ്ങി നിന്നിരുന്നു, എന്റെ ഓർമ്മകളിലെ നബീസ ബീവിക്ക്‌.

വാപ്പുമ്മ(വാപ്പയുടെ ഉമ്മ) എന്ന് ഞാൻ വിളിച്ചിരുന്ന എന്റെ മുത്തശ്ശിക്ക് എന്നും ഒരേ പ്രായമായിരുന്നു. ചെറുപ്പക്കാരിയായ നബീസായെ സങ്കൽപ്പിക്കാൻ അന്നും ഇന്നും എനിക്ക് സാധിച്ചില്ല. പത്തു നൂറ് കൊല്ലം പഴക്കമുള്ള ഒരു വലിയ വീട്ടിൽ, ആടുകളും പശുക്കളും കോഴികളുമൊത്തു അവർ ജീവിച്ചിരുന്നു. ആ വീട്ടിൽ അല്ലാതെ ആരുടേയും കൂടെ നിൽക്കാൻ കൂട്ടാക്കിയിരുന്നില്ല; കൂട്ടിനു ആരെയും നിർത്താനും സമ്മതിച്ചിരുന്നില്ല. കള്ളനോ മറ്റോ വന്നാലോ എന്ന ഭയം പ്രകടിപ്പിച്ചാൽ, “കള്ളനല്ലടി കുള്ളൻ വരും” എന്ന്‌ നാടൻ ശീലിലെ മറുപടിയും തന്ന് പുകയടുപ്പിൽ പണി തുടരും.

ശനി, ഞായർ ദിവസങ്ങളും, ഒഴിവുകാലങ്ങൾ മിക്കതും പത്തുവയസുകാരിയായ ഞാൻ ചെലവഴിച്ചത് അണ്ടൂപാറ എന്ന ഈ വലിയ വീട്ടിലാണ്. വെള്ളിയാഴ്ച വൈകുന്നേരം തിരുവനന്തപുരത്തു നിന്ന് ഒരു വെസ്പയിൽ (സ്കൂട്ടർ) ഞാനും എന്റെ മാതാപിതാക്കളുമടങ്ങുന്ന മൂവർ സംഘം കൊല്ലം ജില്ലയിൽ ഉള്ള പരവൂർക്ക് പുറപ്പെടും. സന്ധ്യ കഴിഞ്ഞ് വീട്ടിൽ എത്തുന്ന ഞങ്ങളെയും കാത്ത് കുറ്റാകൂരിരുട്ടിൽ ഒരു നുറുങ്ങ് വെളിച്ചം കാത്തിരിപ്പുണ്ടാകും.

നാച്ചുമ്മയുടെ നാല് മക്കളിൽ രണ്ടാമത് ജനിച്ച നബീസ ബീവി, മരുമക്കത്തായം തുടർന്നു വന്ന കുടുംബത്തിന്റെ കാത്തിരുന്ന പൊൻ നിധിയായിരുന്നു. നാച്ചുമ്മയുടെ സഹോദരനുമായുള്ള വർഷങ്ങൾ നീണ്ട കോടതി വ്യവഹാരം, വാപ്പായുടെ അസാന്നിദ്ധ്യം എന്നതൊക്കെ മക്കളുടെ ചെറുപ്പകാലം മടുപ്പുള്ളതാക്കി. എന്നിരുന്നാലും ക്രാന്തദർശിയായ നാച്ചുമ്മ തന്റെ പെൺകുട്ടിയുൾപ്പടെ നാലുപേർക്കും വിദ്യാഭ്യാസം നൽകി. അവർ തന്റെ കുട്ടികൾക്ക് നൽകിയ ഏറ്റവും വിലപിടിപ്പുള്ള സമ്മാനവും അതു തന്നെയായിരുന്നു. ആണ്മക്കളിൽ കെ എം സാലി സാമൂഹ്യ പ്രവർത്തകനും , കെ എം ബഷീർ UN ൽ ഉന്നത ഉദ്യഗസ്ഥനും, കെ എം ബഹാവുദ്ധീൻ REC (ഇപ്പോൾ എൻ ഐ ടി) കോഴിക്കോടിന്റെ പ്രിസിപ്പലായും, ഉദ്യോഗം വഹിച്ചിരുന്നു. (ഇദ്ദേഹമാണ് അടിയന്തരാവസ്ഥക്കാലത്ത് രാജനെ പൊലീസ് പിടിച്ചുകൊണ്ടുപോയപ്പോൾ പൊലീസ് സ്റ്റേഷനിലും കക്കയം ക്യാമ്പിലും പോയതും രാജനെ പൊലീസ് ഉരുട്ടിക്കൊന്ന കേസിൽ കോടതിയിൽ സാക്ഷിയായി എത്തിയതും)

നബീസ ബീവിയായിരുന്നു ആ പ്രദേശത്ത് നിന്ന് പത്തു വരെ പഠിച്ച ആദ്യ പെൺകുട്ടി. പക്ഷെ പഠിത്തം അവിടം കൊണ്ട് അവസാനിച്ചു. കല്യാണ പ്രായമായപ്പോൾ പലരും കാണാൻ വന്നെങ്കിലും എഴുത്തും വായനയും ഉള്ള വക്കം അബ്ദുൽ ഖാദറിനെ മതി എന്നായി നബീസ. 1943 മെയ് മാസത്തിൽ കല്യാണവും കഴിഞ്ഞു. കേരളത്തിലെ മുസ്ലിം നവോത്ഥാന പ്രസ്ഥാനത്തിന്റെ പിതാവും, “സ്വദേശാഭിമാനി”യുടെ ഉടമസ്ഥനും പത്രാധിപരുമായ വക്കം മൗലവിയുടെ നാലാമത്തെ പുത്രനാണ് വക്കം അബ്ദുൽ ഖാദർ. പിതാവിന്റെ ജീവിതപാത പിന്തുടർന്ന വക്കം ധാരാളം കഥകളും, കവിതകളും, നിരൂപണങ്ങളും, തൂലികാചിത്രങ്ങളും, ജീവചരിത്രങ്ങളും നാടകവും എഴുതിയിട്ടുണ്ട് . കല്യാണത്തിന് ശേഷം വിജ്ഞാനം എന്ന എൻസൈക്ലോപീഡിയയുടെ പ്രസാധനവും ആയി തിരുവനന്തപുരത്തു താമസമാക്കി. പിന്നീട് “അൻസാരി” പത്രത്തിന്റെ ചുമതലയുമായി പെരുമ്പാവൂരിൽ തങ്ങി. കൊല്ലത്തു നിന്നുള്ള “പ്രഭാതം” എന്ന വാരികയുടെ പത്രാധിപരായി വീണ്ടും കുറച്ചനാൾ. പരവൂർക്ക് തിരിച്ചെത്തിയെങ്കിലും, എഴുത്തുകുത്തുകളും യാത്രകളും ചർച്ചകളുമായി അദ്ദേഹം നിരന്തരം തിരക്കിലായിരുന്നു.

vakkam abdulkhader, alfa sareena hisham

വക്കം അബ്ദുള്‍ഖാദര്‍

വക്കത്തിനെ കാണാൻ എഴുത്തുകാരും, പൊതു പ്രവർത്തകരും, കടുംബാംഗങ്ങളുമടങ്ങുന്ന നാനാവിധ മനുഷ്യർ ദിനംതോറും അണ്ടൂപ്പാറയിൽ എത്തിയിരുന്നു. അത് കൂടാതെ ചുറ്റുപാടുമുള്ള വീടുകളിൽ നിന്നുമുള്ളവർ അടുക്കളയിൽ സജീവമായിരുന്നു. വീട്ടിൽ വരുന്ന എല്ലാവർക്കും, അത് അയലത്തുകാരാണെങ്കിലും അതിഥികളാണെങ്കിലും ഭക്ഷണം വിളമ്പുക എന്നുള്ളത് നിർബന്ധമാണ്. ഒരു കലം ചോറ് അണ്ടൂപ്പാറയിലെ അടുപ്പിൽ എപ്പോഴും കാണുമായിരുന്നു. അന്നൊക്കെ എഴുത്തുകാരന് പണത്തേക്കാൾ ബഹുമാനമാണ് കൂടുതൽ ലഭിച്ചിരുന്നത്. അതുകാരണം പറമ്പിൽ നിന്നും, തൊഴുത്തിൽ നിന്നും, കോഴിക്കൂട്ടിൽ നിന്നുമൊക്കെ വരുന്നതെല്ലാം നബീസ ബീവി കാര്യക്ഷമതയോടുകൂടി ദൈനംദിന ചെലവിനായി വിനയോഗിച്ചു. നാച്ചുമ്മ അടങ്ങുന്ന തന്റെ കുടുംബത്തെ കൂടാതെ വീട്ടിൽ താമസിച്ചിരുന്ന സഹായത്തിനായി വന്ന റഹ്മത്ത് , നാച്ചുമ്മയുടെ നാത്തൂനായ എന്നുമ്മ, ബന്ധുവായ മമ്മദീവി, എന്നിവരുൾപ്പെടുന്ന ഒരു വലിയ കുടുംബത്തെ തന്നെ പരിപാലിച്ചു.

വെളളിയാഴ്ച രാത്രി അണ്ടൂപാറയെന്ന ചരിത്രമുറങ്ങുന്ന വീട്ടിൽ എത്തുന്ന ഞാനുൾപ്പടെയുളള മൂവർ സംഘം രണ്ട് ദിവസം അവിടയെുണ്ടാകും. എത്തിയതിന് അടുത്ത ദിവസം ഞാൻ എഴുന്നേൽക്കുന്നത് അടുക്കളയിൽ നിന്നു വരുന്ന മുഴക്കങ്ങൾ കേട്ടാണ്. നബീസാത്താത്തയെ കാണാൻ അയലത്തെ ദുൽഹാരിയും ഉമ്മയും എത്തിയിട്ടുണ്ട്. പലതരത്തിലുള്ള ഭിന്നശേഷുളള ദുൽഹാരി. കൈകളും കാലുകളും ചുരുണ്ട് ജനിച്ച കൊച്ചു ദുൽഹാരിയെ നാച്ചുമ്മായത്രെ എണ്ണ തേപ്പിച്ചു ചുരുളഴിച്ചത്. വലുതായിട്ടും ദുൽഹാരിയുടെ കൈകൾക്കും കാലുകൾക്കും സ്വാധീനം കുറവാണ്. കണ്ണുകൾക്ക് കാഴ്ചയും. ദുൽഹാരിയുടെ സംസാരത്തിന് വ്യക്തതയുണ്ടാകില്ല. സാധാരണ കുട്ടികൾക്കുളള കമ്പങ്ങളും കുസൃതിത്തരങ്ങളുമെല്ലാം ദുൽഹാരിക്കും ഉണ്ടായിരുന്നു. മിന്നുന്നതെല്ലാം ദുൽഹാരിയുടെ കണ്ണുകളിൽപ്പെടും, കണ്ണുകളിൽപ്പെട്ടാൽ അതവിടെത്തന്നെ ഉണ്ടാകണം എന്നില്ല. നബീസാ ബീവിയും ദുൽഹാരിയും ഇടയ്ക്കിടെ കെറുവ് കൂടാറുണ്ടെങ്കിലും, രണ്ടു ദിവസം കണ്ടില്ലെങ്കിൽ നബീസാ ബീവി പടിപ്പുരയുടെ അടുത്തെത്തുമ്പോൾ അന്വേഷിക്കും.

vakkam abdulkhader, alfa sareena hisham

അണ്ടൂപാറ വീട്

കണ്ണും തിരുമ്മി അടുക്കളയിൽ ചെന്നിരിക്കുന്ന എന്നെയും കാത്ത് ഒരു അടുക്ക്‌ പത്തിരി ഇരുപ്പുണ്ടാകും. തീയടുപ്പിൽ വെച്ചിരിക്കുന്ന കല്ലിൽ വീണ്ടും കുറെയെണ്ണം വിയർത്തു പൊങ്ങും. തീയൂതാനും, വിറകുവെക്കാനും തത്രപ്പെടുന്ന എന്റെയമ്മയെ മാറ്റിനിർത്തി പരിചയപാടവത്തോടു കൂടി ആ അടുപ്പിനു ചുറ്റും പാറി നടക്കും, വാപ്പുമ്മ. ഇതിനിടെ കോഴിക്കുളള ചോറും, പശുവിനുള്ള കാടിയും, പൂച്ചകൾക്കുള്ള എല്ലുകളുമെല്ലാം തയ്യാറാകുന്നുണ്ടാകും. അടുക്കള എന്നും ഉത്സവപറമ്പു പോലെയാണ്. തലങ്ങിനും വലങ്ങിനും കോഴിയും കോഴിക്കുഞ്ഞുങ്ങളും, പിന്നെ നബീസാതാത്തയെ കാണാൻ വന്നിരിക്കുന്നവർ തമ്മിലുള്ള സൊറ പറച്ചിൽ, പൂച്ചകൾ ഉണ്ടെങ്കിൽ അവയുടെ കുറുങ്ങലുകൾ, തീ നാളങ്ങൾ വിഴുങ്ങുന്ന വിറകിന്റെ പൊട്ടിത്തെറികൾ, കിണറ്റിങ്കരെ ഉണങ്ങാൻ വെച്ചിരിക്കുന്ന മാങ്ങാ കഷ്ണങ്ങൾക്ക് നേരെ പറന്നെത്തുന്ന കാക്കളെ ഓടിക്കുന്ന വാപ്പുമ്മയുടെ ഡോൾബി സ്വരം.

രാവിലത്തെ ഭക്ഷണം കഴിഞ്ഞാൽ അടുക്കള ഒന്ന് ശാന്തമാകും.നബീസാ ബീവി മരുന്ന് ചെപ്പുമായി ഉമ്മറത്തെ കസേരയിൽ സ്ഥാനം പിടിക്കും. നീരുമുറ്റിയ കാലുകൾ ചെറിയ മേശയിൽ കയറ്റിവെച്ച് ദിനപത്രത്തിന്റെ തലകെട്ടുകളിലൂടെ കണ്ണുകൾ ഓടിച്ചു തുടങ്ങും. ഞാനാകട്ടെ ചെപ്പ് തുറന്നു വേണ്ട ഗുളികകൾ എടുക്കുകയായി. പച്ച ഗുളിക ഒന്ന്, വെള്ള ഗുളിക ഒന്ന്, മഞ്ഞ ഗുളിക ഒന്ന്… അവസാനം ഒരു പിടി വർണക്കല്ലുകൾ വാപ്പുമ്മക്ക് കൊടുക്കും. ഓരോ തവണ വരുമ്പോഴും ഈ മാണിക്യങ്ങളുടെ എണ്ണം കൂടുകയല്ലാതെ കുറഞ്ഞതായി ഓർമ്മയില്ല.

താമസിയാതെ ഉച്ച ഭക്ഷണത്തിനുള്ള തിരക്കായി. രാവിലത്തെ അതെ ഒച്ചപ്പാടുകൾ ആവർത്തിച്ചുകൊണ്ട് ചൂട് പാറുന്ന ചോറും മീൻകറിയും തീന്മേശയിൽ പ്രത്യക്ഷപ്പെടും. ഉച്ച വെയിലിൽ അണ്ടൂപ്പാറ ഉറക്കത്തിൽ അമരുമ്പോൾ ഞാൻ മുറ്റത്തിരുന്ന് മണ്ണപ്പം ചുടുകയോ, വേപ്പ് മരത്തിന്റെ കൊമ്പിൽ അലസമായി ഇരിക്കുകയോ, ഇലുമ്പി പുളി തിന്നുകയോ ആവും. എല്ലാ മുറികൾക്കും പുറത്തേക്കിറങ്ങാൻ വാതിലുകൾ ഉണ്ട്. വാതിൽക്കപ്പുറമുള്ള ചെറിയ വരാന്തയിൽ ഇരുന്നു മുകളിലത്തെ മച്ചിനിടയിൽ കുറുകുന്ന ചെറുനത്തുകളെ, ലേശം പേടിയോടാണെങ്കിലും, നോക്കി ഇരിക്കുന്നത് എന്റെ വേറൊരു വിനോദമായിരുന്നു. കണ്ണുകൾ പാതിയടഞ്ഞ് , പലകയിൽ അളളി പിടിച്ച്‌, തെല്ലും അനങ്ങാതെ കുറുകി ഇരിക്കുന്ന നത്തുകൾ, മന്ത്രം ഉരുവിട്ട് ധ്യാനിച്ചിരിക്കുന്ന മഹർഷികൾ ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്

vakkam abdulkhader, alfa sareena hisham

വൈകുന്നേരത്തെ ചായ കഴിഞ്ഞു ഞാൻ വാപ്പുമ്മയുടെ കൂടെ പറമ്പിലിറങ്ങും, ഒരു നീണ്ട കമ്പിയിൽ പ്ലാവില കുത്തുക എന്നതാണ് പ്രധാന ലക്ഷ്യം. പറങ്കി മാങ്ങ, തേങ്ങ, മാങ്ങ, മുളക്, പുളി എന്നിവ പെറുക്കികൊണ്ടാവും ഞങ്ങൾ പറമ്പിലൂടെ നടക്കുന്നത്. പടിപ്പുര എത്തുമ്പോൾ കയ്യാലപ്പുറത്തിലൂടെ അപ്പുറത്തെ നഫീസയോടോ ഇപ്പുറത്തെ റാണിയോടോ കുശലങ്ങൾ ചോദിക്കും. എല്ലാം കഴിഞ്ഞു നേരെ നടക്കുന്നത് എരുത്തിലിലേക്കാണ്, ബക്കറ്റിൽ വെച്ചിരിക്കുന്ന കാടിവെള്ളത്തിൽ പ്ലാവില ഇട്ടു കലക്കി, തലയാട്ടി നിൽക്കുന്ന പശുക്കൾക്കു നേരെ വെയ്ക്കും. പിന്നെ കോഴികളെ ഓടിച്ചിട്ടു പിടിച്ച് കൂട്ടിൽ കയറ്റും. അപ്പോഴും ഇരുട്ടായിട്ടില്ലെങ്കിൽ വാപ്പുമ്മ ഓലമെടയാൻ ഇരിക്കും. മെടയാൻ പഠിപ്പിച്ചു തരുമോ എന്ന് ചോദിക്കുമ്പോൾ കൈകൾ വലുതാകട്ടെ എന്ന് പറയുമായിരുന്നു. കൈകൾ വലുതായി. ഓല മെടയാൻ പഠിച്ചില്ല, ഇപ്പോൾ പഠിപ്പിക്കാൻ ആരും ഇല്ല.

ഇരുട്ടായാൽ വീണ്ടും നബീസ ബീവി പത്രത്തിലേക്ക് മടങ്ങും. വളരെ വൈകിയാണ് വാപ്പുമ്മ എഡിറ്റോറിയൽ വരെ വായിക്കുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കിയത്. ചെറുപ്പകാലത്ത് നാച്ചുമ്മ മകൾക്ക് നൽകിയ സമ്മാനം എത്ര അർത്ഥപൂർണമാണെന്ന് അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്. പിന്നെ വഴിപാടെന്നപോലെ ഇരുട്ട് അണ്ടൂപ്പാറയെ അപ്രതീക്ഷിതമായി വിഴുങ്ങും. ദിവസവും ഉള്ള കറന്ര് കട്ട്. അകത്ത്, റാന്തൽ വിളക്കിനു ജീവൻ വെയ്ക്കുന്നു. മുറികളിൽ ഉള്ളവർ പതിയെ ഉമ്മറത്തിണ്ണയിൽ സ്ഥലം പിടിക്കും. മുതിർന്നവർ സംസാരത്തിൽ ഏർപ്പെടുമ്പോൾ ഞാൻ നിലാവും നക്ഷത്രവും നോക്കി, ജന്തുജാലങ്ങളുടെ ശബ്ദവും കേട്ട്, തിണ്ണയിൽ മലർന്നു കിടക്കുന്നുണ്ടാകും.

vakkam abdulkhader, alfa sareena hisham

നബീസ ബീവി

നബീസ ബീവി ആ ഉമ്മറത്ത് ഇല്ലാതായിട്ട് വർഷം പതിമൂന്നായി. ഒരിക്കലും അടച്ചുകാണാത്ത പടിപ്പുര ഗേറ്റ് ചങ്ങല കൊണ്ട് ബന്ധിച്ചിരിക്കുന്നു. ചെറുതായി തള്ളിയപ്പോൾ, നേരിയ കരച്ചിലോടെ താനെ തുറന്നു തന്നു. ഒരാൾവലുപ്പത്തിൽ പുല്ലുകളും പാഴ്ചെടികളും വളർന്നു പൊങ്ങിയിട്ടുണ്ട്. വീട്ടിലേക്കുള്ള നടപ്പാത ഭൂമി തിരിച്ചെടുത്തു കഴിഞ്ഞു. കൈയിൽ ഒരു വടിയും പിടിച്ച്‌, പന്തലിച്ച ഇലകളെ തട്ടി മാറ്റി ഞാൻ അകത്തേക്ക് നടന്നു. ഇളം മഞ്ഞ ചായം തേച്ച മതിലുകൾക്കിപ്പോൾ പച്ച പായലിന്റെ മണമാണ്. റെഡ് ഓക്സൈഡിട്ട തറയ്ക്കും ജരാനര ബാധിച്ചിട്ടുണ്ട്. ഞാൻ ഉമ്മറത്തെ തിണ്ണയിൽ ഇരുന്നു. ജീവിതത്തിന്റെ നാനാ വഴിത്താരയിൽ നിന്നുമുള്ളവർ ആശയങ്ങളും സംഭാഷണങ്ങളും ചിന്തകളും കൈമാറിയ ഈ വരാന്ത, ഇപ്പോൾ ഒരൊഴിഞ്ഞ സദസ്സാണ്.

പണ്ട് ഓടികയറിയിരുന്ന വേപ്പുമരമോ, ഇലകൾ ഇറുത്തു കളിച്ച പുളിമരമോ ഇപ്പോഴില്ല. ചെമ്പകമാണെന്നു തോന്നുന്നു, ഇപ്പോഴുമുണ്ട്. മച്ചിൽ മരപ്പട്ടികളുയുടെ കാൽപ്പെരുമാറ്റം കേൾക്കാം. പാതി തുറന്ന ജനാലയിലൂടെ അകത്തോട്ടു നോക്കിയാൽ വവ്വാലുകൾ പറക്കുന്നത് കാണാം. പുറത്ത് ഒരു കൂട്ടം പച്ച തത്തകൾ പറന്നു പൊങ്ങി. വർഷങ്ങൾക്കു മുൻപ് ഈ വീട്ടിലെ അന്തേവാസിയായിരുന്ന തത്തയുടെ പിൻഗാമികൾ ആവും അത്. കാലം നിഷ്കരുണം വീടിനെ കാർന്നു തിന്നുന്നുണ്ടെങ്കിലും, ഒരു നിഗൂഢസൗന്ദര്യം ഇപ്പോഴും അണ്ടൂപ്പാറയ്ക്കുണ്ട്.

തിരിച്ചു നടന്നു തുടങ്ങിയപ്പോൾ, തലയിൽ ഒരു ഡസൻ സ്ലൈഡുകൾ തിരുകി, ചുരുട്ടി പിടിച്ച കൈകളിൽ കലപിലാന്ന് വളകളുമണിഞ്ഞ്, തലമുടികൾ നരച്ച ദുൽഹാരിയെ കണ്ടു. ദുൽഹാരി എല്ലാവരെയും തിരിച്ചറിഞ്ഞുകൊണ്ട് എന്തെക്കെയോ പുലമ്പി. “സുഖം തന്നെ?” എന്ന ചോദ്യത്തിന് “ങ്ങാ…. ” എന്ന് ചിരിച്ചുകൊണ്ട് തലയാട്ടി. പോകുകയാണെന്ന് പറഞ്ഞപ്പോൾ വീണ്ടും “ങ്ങാ… ” എന്ന് ഉത്തരം വന്നു.

കാർ ഉരുണ്ടു നീങ്ങി. രണ്ടു കാലങ്ങളെ ബന്ധിപ്പിച്ചു നിൽക്കുന്ന അവസാന കണ്ണിയെന്നപോലെ ദുൽഹാരി ആ പടിപ്പുരയിൽ അപ്പോഴും ചിരിച്ചുകൊണ്ട് നിൽപ്പുണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ