Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം

രാമുലു

“അവൻ പേര് പറഞ്ഞു. മുയലിന്റെതുപോലെ കൂർത്തതായിരുന്നു അവന്റെ കാതുകൾ. അർദ്ധനഗ്നമായ ഉടലിൽ മാംസത്തെക്കാളും എല്ല് തെളിഞ്ഞുനിന്നു. അവന്റെ ഉടലിലാണ് ആന്ധ്രയിലെ ദാരിദ്യം വസിക്കുന്നതെന്ന് ഞങ്ങൾ കണ്ടെത്തി” “കാഴ്ചയുടെ പാളങ്ങളി”ൽ കഥാകൃത്തായ ലേഖകന്റെ യാത്രാനുഭവം

v shinilal,ramulu,memories

ജനുവരി 18/1996

കേരള എക്സ്‌പ്രസ്സ് തിരുപ്പതി ജങ്ഷനിൽ എത്തിയപ്പോഴാണ് ഞങ്ങളറിഞ്ഞത് എൻ.ടി.രാമറാവു മരണപ്പെട്ടിരിക്കുന്നു. തങ്ങളുടെ അരുമനേതാവിനെ കൊണ്ടുപോയ കാലനോടുള്ള പ്രതിഷേധംപോലെ ക്ഷേത്രനഗരം തണുത്ത് മരിച്ചുകിടന്നു. എന്തിനെയും വൈകാരികമായി നേരിടാൻ ശീലിച്ച ദ്രാവിഡൻ അവന്റെ കൊടിയ സങ്കടത്തെ അക്രമമായി റിലീസ് ചെയ്തിരിക്കുന്നു. പുറത്ത് റോഡിൽ സ്വകാര്യ വാഹനങ്ങളുടെ ചില്ല് തകരുന്ന ശബ്ദം. പിന്നാലെ ആക്രോശങ്ങൾ. ഞാനും സുഹൃത്ത് അശോകനും പ്ലാറ്റ്ഫോമിൽ തന്നെ നിന്നു.

വാർത്തകൾക്ക് ഇന്നത്തെ വേഗതയുണ്ടായിരുന്നില്ല. വിരൽത്തുമ്പിൽ ലോകം തെളിയുന്ന ചില്ലുപകരണങ്ങൾ ഉണ്ടായിരുന്നില്ല. തീവണ്ടിയുടെ ജനറൽ കംപാർട്മെന്റിലായിരുന്നു ഞങ്ങളുടെ യാത്ര. ഫേയ്‌സ്ബുക്കിലും വാട്സാപ്പിലും ആരോടും സമാധാനം ബോധിപ്പിക്കാൻ ബാധ്യതയില്ലാതിരുന്ന കാലത്ത് യാത്രക്കാർ പരസ്പരം സംസാരിക്കുകയും പരിചയപ്പെടുകയും ഭക്ഷണം പങ്കുവെയ്ക്കുകയും ഒക്കെ ചെയ്തുപോന്നു.

ആന്ധ്രയിൽ എന്തോ സംഭവിച്ചിരിക്കുന്നുവെന്ന് കാതോട് കാത് പറഞ്ഞ് അവ്യക്തമായി ഞങ്ങൾ മനസ്സിലാക്കിയിരുന്നു. ട്രെയിൻ കടന്നുവന്ന ചെറിയ സ്റ്റേഷനുകളിലെ മൂകത അത് ശരിവച്ചിരുന്നു. വളരെക്കുറച്ച് യാത്രക്കാർ മാത്രം ടെയിനിൽ കയറി. തമിഴ്നാട് പിന്നിട്ടപ്പോഴേ തിരക്ക് കുറഞ്ഞു. ഞങ്ങൾ രണ്ട് ഇരുപതുകാർ പ്രായത്തിൽ കവിഞ്ഞ മൂച്ചോടെ ആളുകളോട് സംസാരിച്ച് സമയം പോക്കി. ചെറിയ ജനറൽ കംപാർട്മെന്റ് ഇന്ത്യയുടെ ഒരു ചെറുവിഹിതമായിരു ന്നു. അതിനുള്ളിൽ പല ഭാഷക്കാരായ ആളുകളുണ്ടായിരുന്നു. തിരുപ്പതി പ്ലാറ്റ്ഫോമിൽ ‘ഇനിയെന്ത്’ എന്ന് അന്തം വിട്ട് നിന്നപ്പോളതാ തൊട്ടുമുന്നിൽ ഒരു ചിരി. ട്രെയിനിൽ പരിചയപ്പെട്ട തെലുങ്കൻ യുവാവ് സഹായഹസ്തംനീട്ടി മുന്നിൽ നിൽക്കുന്നു. അവന്റെ പേരാണ്:

കപ്പ ഗന്ധുല നാഗ പാർവ്വതീശം.v shinilal,ramulu,memories

ട്രെയിനിൽ വച്ച് ആദ്യമായി പേര് കേട്ടപ്പോൾ ഞങ്ങളും ചിരിച്ചു പോയി. ചിരിച്ചു തീരും മുമ്പ് അയാൾ പേരിന്റെ അർത്ഥം ഞങ്ങൾക്ക് വിശദീകരിച്ചുതന്നു. കഴുത്തിൽ പാമ്പിനെയണിഞ്ഞ, പാർവ്വതിയുടെ ഈശ്വരൻ. അതായത് നമ്മുടെ ശിവൻ. കേരളത്തിൽ ബാങ്ക് ടെസ്റ്റ് എഴുതിയ ശേഷം മടങ്ങിപ്പോകുകയായിരുന്നു അയാൾ. പരിചയം മൂത്തപ്പോൾ ഞങ്ങൾ തമ്മിൽ ഒരു ചോദ്യോത്തര മത്സരം തുടങ്ങി. അങ്ങോട്ടുമിങ്ങോട്ടും തോൽവി മാത്രമുള്ള അദ്ഭുത മത്സരമായിരുന്നു അത്. വിശാഖപട്ടണം ജില്ലയുടെ കളക്ടർ ആര്? അവൻ ചോദിച്ചു. നെടുമങ്ങാട് നഗരസഭയുടെ ചെയർമാൻ ആര്? ഞങ്ങൾ ചോദിച്ചു. ഒരു പരിശ്രമവുമില്ലതെ രണ്ട് ടീമിനും പോയിൻറുകൾ വീണു കൊണ്ടിരുന്നു. അവസാനം ക്വിസ് മത്സരം ഇങ്ങനെയായാൽ പറ്റില്ലെന്നും യൂണിവേഴ്സലായ ചോദ്യങ്ങൾ മാത്രം മതിയെന്നും ഞങ്ങൾ തമ്മിൽ കരാറിലെത്തി. അപ്പോൾ ആ കപ്പ ഗന്ധുലൻ ഒറ്റച്ചോദ്യം ചോദിച്ചു. ആവർത്തനപ്പട്ടിക കാണാതെ പറയുക. പത്ത് പോയിന്റ്. എട്ടാം ക്ലാസ്സിലെ പരപ്പൻ ശാസ്ത്ര പുസ്തകത്തിൽ രണ്ട് പേജുകളിലായി കുമിഞ്ഞുകിടന്ന പട്ടികയുടെ വാലും തുമ്പും മാത്രം അപ്പോൾ ഞങ്ങളുടെ ശിരസ്സിൽകൂടി മിന്നലടിച്ചു പാഞ്ഞു. അതോടെ കപ്പ ഗന്ധുലൻ തടിസീറ്റിൽ കാലുകൾ കയറ്റിവച്ച് ചമ്രം പടിഞ്ഞിരുന്നു. തോൽവിയടഞ്ഞ ഞങ്ങളെ നോക്കി ഒരു പരിഹാസച്ചിരി പാസാക്കി. ‘പാവം നിങ്ങളെ കുറ്റംപറഞ്ഞിട്ട് ഒരു കാര്യവുമില്ല. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായമേ ശരിയല്ല’ എന്നിട്ടവൻ കണ്ണുകളടച്ചു. എന്തോ പിപിറുത്തു. മന്ത്രോച്ചാരണം പോലെ പറയാൻ തുടങ്ങി: ‘ഹൈഡ്രജൻ, ഹീലിയം ……….ക്രിപ്പ്റ്റോൺ…. ആർഗോൺ…..ഡും….. ഡും….. ഡും…’ ഒറ്റശ്വാസത്തിൽ മനുഷ്യൻ കണ്ടെത്തിയ സകല മൂലകങ്ങളും അവൻ പുറംതള്ളി. ഞങ്ങൾ വാ പൊളിച്ചിരുന്നു. തോറ്റതിൽ മാത്രമല്ല, ഞങ്ങൾ കാരണം മലയാളിക്ക് നഷ്ടപ്പെട്ട അന്തസ്സിനെക്കുറിച്ചും കൂടി ഓർത്തപ്പോൾ ഞങ്ങളുടെ തലകുമ്പിട്ടു. അത് ശരിവയ്ക്കുംവിധം സഹയാത്രികനായ ഒരു മലയാളി ‘നെനക്കൊന്നും വേറേ പണിയില്ലേടാ ഊളകളേ.‘ എന്ന മട്ടിൽ ഞങ്ങളെ തറപ്പിച്ചു നോക്കുകയും ചെയ്തു.

ഗന്ധുലൻ കണ്ണുതുറന്നു. തെലുങ്കിന്റെ ആത്മഗൗരവം ആ മുഖത്ത് തിളങ്ങി. അപ്പോൾ, ചങ്ങാതി എന്റെ തുടയിൽ നുള്ളി. എന്നിട്ട് ചെവിയിൽ പറഞ്ഞു.. ‘എടാ, നിന്റെ ആ പഴയ നമ്പരില്ലേ, ഏതോ ഒരു പടംവരപ്പകാരന്റെ നെടുനീളൻ പേര് ചോദിക്കൽ. അത് ചോദിക്ക്. അവൻ കീഴടങ്ങും.’ ‘ആഹ!’ തലച്ചോറിലതാ ആയിരം ബൾബുകൾ മിന്നുന്നു. കണ്ണുകൾ സന്തോഷംകൊണ്ട് കുടുസ്സിൽ നിന്നും പുറത്തുചാടുന്നു. ‘സമയം കളയാതെ ചോദിക്ക്. ഇത്ര വലിയ പേരൊക്കെ ആരോർക്കാനാണ്?’ സുഹൃത്ത് വെപ്രാളം കൂട്ടി.

ഞാൻ അഭിമാനപുരസ്സരം മലയാളിച്ചേട്ടനെ നോക്കി. മല്ലയുദ്ധത്തിനെന്ന പോലെ കുന്തിച്ചിരിക്കുന്ന ഗന്ധുലനെ നോക്കി. ഒറ്റച്ചോദ്യം:

‘മിസ്റ്റർ കപ്പ ഗന്ധുല, ലോകപ്രശസ്ത ചിത്രകാരനായ പാബ്ലോ പിക്കാസോയുടെ പൂർണ്ണമായ പേരെന്താണ്?’ ഇരുപത് പോയിന്റ്. ഉത്തരം ഒരിക്കൽക്കൂടി മനസിൽ പറഞ്ഞുറപ്പിക്കുന്നതിന് മുമ്പ്, പണ്ട് പൂമ്പാറ്റയോ ബാലരമയോ നോക്കി കുത്തിയിരുന്ന് കാണാതെ പഠിച്ച രാത്രിയെ നന്ദിയോടെ ഓർത്തു. അഭിമാനം തുളുമ്പിച്ചാടി.

അപ്പോൾ സർപ്പഗന്ധുലൻ കണ്ണകൾ പൂട്ടി. മന്ത്രം പോലെ എന്തോ ഒരുവട്ടം ഉള്ളിലുരുവിട്ടു. പിന്നെയൊരിരമ്പമായിരുന്നു.v shinilal,ramulu,memories

‘പാബ്ലോ ഡീഗോ ജോസ് ഫ്രാൻസിസ്കോ ഡി പൗളാ ജുവൽ നെപോ മുസാനെ ക്രിസ്പിൻ ക്രിസ്പിനിയാനോ ഡിലാ സാൻട്രി സ്മട്രി നി ഡാസ് ട്രൂയിസ് പിക്കാസോ….’ അവസാനത്തെ ‘സോ’ അവൻ നിർത്തിയില്ല. കലിയടങ്ങാത്ത ഗ്ലാഡിയേറ്ററെ പോലെ നാവ് വെളിയിലിട്ടു നിന്ന് കിതച്ചു. ‘ സോ…. സോ…. സോ….’

ക്വിസ് മത്സരം ഏകപക്ഷീയമായി അവസാനിച്ചു. പിക്കാസോയുടെ പേര് കാണാതെയറിയുന്ന ഒരേയൊരാളേ ഭൂമിയിലുള്ളൂവെന്നും അത് ഞാനാണെന്നുള്ള എന്റെ അഹങ്കാരത്തിന് കർട്ടൻവീണു.

ആ കപ്പഗന്ധുലനാണ് ഇപ്പോൾ പ്ലാറ്റ്ഫോമിൽ നിന്ന് ചിരിക്കുന്നത്. പ്ലാറ്റ്ഫോമിലെ സ്റ്റാളിൽ നിന്നും വായുനിറച്ച തലയിണയുടെ രൂപത്തിൽ നിർമ്മിക്കപ്പെട്ട രണ്ട് മൂന്ന് പൂരി വാങ്ങി കഴിച്ചശേഷം ഞങ്ങൾ പാർവ്വതീ ശത്തോടൊപ്പം സ്റ്റേഷന് പുറത്തിറങ്ങി. ആന്ധ്രയെ വിഴുങ്ങിയ വിഷാദത്തിന്റെ കറുപ്പിൽ കൂടി പതിയെ നടന്നു. മുടുക്കുകളിൽ നിന്നും മുടുക്കുകൾ കയറി ലാബറിന്തിനുള്ളിൽ കുടുങ്ങിയപ്പോൾ അശോകനും ഞാനും ഭയത്തിന്റെ പിടിയിലായി. സങ്കടത്തിന്റെ കൈത്തിരിപ്പ് തീർക്കാൻ ഗതിയില്ലാതെ നടക്കുന്ന ഏതെങ്കിലും രാമറാവു ഭക്തന്റെ മുന്നിൽ പരദേശികളായ രണ്ട് കിളുന്ത് ശരീരികളെ കിട്ടിയാൽ സംഭവിക്കാനിടയുള്ള കാര്യങ്ങളോർത്ത് ഞങ്ങൾ വീണ്ടും വിറച്ചു. അശോകൻ തിരുമലവാണരുളുന്ന മഹാദൈവത്തെയും ഞാൻ ചെഗുവേരയെയും പ്രാർത്ഥിച്ചു.

ഒന്നും സംഭവിച്ചില്ല. ലാബറിന്തിന്റെ മധ്യത്ത് പ്രാകൃതമായ ഒരു ഇരുനില ലോഡ്ജിൽ നടത്ത അവസാനിച്ചു. ഗന്ധുലൻ വാതിലിൽ മുട്ടി. ഉടുപ്പ് ധരിക്കാത്ത ഒരെല്ലൻ വന്ന് വാതിൽ തുറന്നു. ഞങ്ങളെ സുരക്ഷിതരായി അവിടെ പറഞ്ഞേൽപ്പിച്ചു. മടങ്ങുന്നതിന് മുമ്പ് വെള്ള പേപ്പറിൽ കാക്കറ്പൂക്കറാ കുറെ വരകൾ വരച്ചു. വരയുടെ ഒരറ്റം റെയിൽവേ സ്റ്റേഷനിലും മറ്റൊരറ്റം ബസ് സ്റ്റാന്റിലും ചെന്നുമുട്ടി. ‘ഇത് നോക്കി പോയാൽ മതി. ഇതാണ് നഗരത്തിന്റെ മാപ്പ്.’ അവൻ യാത്ര പറഞ്ഞു പിരിഞ്ഞു.

വൈകുന്നേരത്തോടെ മാത്രമേ ബസുകൾ ഓടാൻ തുടങ്ങുകയുള്ളു. അതുവരെ ലോഡ്ജിൽതന്നെ കുത്തിയിരിക്കണം കുടുസ്സ് ലോഡ്ജിലെ അതിലും കുടുസ്സായ മുറിയിൽ വിയർപ്പ് നാറുന്ന കട്ടിലിൽ, പുരാതനമായ വിരിയിൽ ഞങ്ങൾ കുത്തിയിരുന്നു. ഞങ്ങൾ രണ്ടുപേർ മാത്രമാണ് അപ്പോൾ അവിടെ വാസക്കാരായി ഉണ്ടായിരുന്നത്. വരാന്തയിൽ കൂടി വെള്ളംനിറച്ച കുടവുമായി എല്ലൻ നടക്കുകയാണ്. ‘ലോഡ്ജിന്റെ മുതലാളി എവിടെ?’ ‘സാറു മൗനജാഥക്ക് പോയിരിക്കുകയാ.’ അവൻ പറഞ്ഞു. ‘ക്ണ്ട് ർ ണീം.’ പെട്ടെന്ന് മൗനം, അല്ല, റോഡിൽ ഒരു ബസ്സിന്റെ ചില്ല് തകരുന്ന ശബ്ദംകേട്ടു. ‘ദോണ്ട. അത്കണ്ടാ.’ എല്ലൻ റോഡിലേക്ക് വിരൽ ചൂണ്ടി. ‘ആ ഉലക്കയും പിടിച്ചുനിന്ന് കണ്ണാടി അടിച്ചു തകർക്കുന്ന തടിയനില്ലേ. അതാണ് ഞങ്ങളുടെ മൊതലാളി.’

രണ്ട് ഇളം നെഞ്ചുകൾ കാളി.

ഞങ്ങൾ വീണ്ടും സംസാരിക്കാൻ തുടങ്ങുമ്പോഴേക്കം അവൻ കുടവുമായി പടിയിറങ്ങിപ്പോയി. നിറച്ച കുടവുംകൊണ്ട് തിരികെ പടികയറുമ്പോൾ അവന്റെ വാരിയെല്ലുകളിൽ പട്ടിണി വരച്ച ചിത്രങ്ങൾ വിചിത്രമായി പിണഞ്ഞുമറിഞ്ഞു. ദാരിദ്ര്യം മനുഷ്യരുപം പൂണ്ട് കൺമുന്നിൽ. ഹിന്ദിയും തമിഴും മലയാളവും ഇംഗ്ലീഷും കുഴച്ചൊരു മിശ്ര ഭാഷയുണ്ടാക്കി ഞങ്ങൾ അവനോട് സംസാരിച്ചു.

‘രാമുലു’. അവൻ പേര് പറഞ്ഞു. മുയലിന്റെതുപോലെ കൂർത്തതായിരുന്നു അവന്റെ കാതുകൾ. അർദ്ധനഗ്നമായ ഉടലിൽ മാംസത്തെക്കാളും എല്ല് തെളിഞ്ഞുനിന്നു. അവന്റെ ഉടലിലാണ് ആന്ധ്രയിലെ ദാരിദ്ര്യം വസിക്കുന്നതെന്ന് ഞങ്ങൾ കണ്ടെത്തി. ‘I Love you’ വിന്റെ തെലുങ്കും നാട്ടിലെത്തിയാൽ കൂട്ടുകാരെ വിളിക്കാനുള്ള അത്യാവശ്യം ചില ചീത്ത വാക്കുകളും ഞങ്ങൾ രാമുലുവിൽ നിന്നും സ്വായത്തമാക്കി. തെലുങ്കാനയുടെ ഉത്തരപൂർവ്വ ഭാഗത്ത് വാറംഗൽ ആണ് അവന്റെ സ്വദേശം. വീട്ടിൽ അമ്മയും അനിയത്തിയും മാത്രം. വരണ്ട ഭൂമിയിൽ പച്ചപിടിച്ച് നിൽക്കുന്ന ജന്മിത്തം. പരന്നു കിടക്കുന്ന മുൾച്ചെടിപ്പാടങ്ങൾ. അപ്പോൾ, കൂട്ടുകാരൻ ചോദിച്ചു. ’നിന്റെ അമ്മേം പെങ്ങളേം ആര് നോക്കും.’

‘നക്സലുകൾ.’ മറുപടി പറയുമ്പോൾ അവന്റെ ശബ്ദത്തിന് ശക്തമായ ഉറപ്പുണ്ടായിരുന്നു.’

ഉച്ചയായി. രാമുലു വീണ്ടുംവന്നു. ‘സാർ ചോറ് വാങ്ങണോ?’ അവൻ ചോദിച്ചു. ഞങ്ങൾ മുഖത്തോട് മുഖം നോക്കി. ഞങ്ങൾക്ക് വിശപ്പുണ്ടായിരുന്നു.

‘വേണ്ട.’ ഞങ്ങൾ പുറത്തുപോയി കഴിക്കാൻ തീരുമാനിച്ചു.

‘സാർ, ചിലപ്പോൾ അക്രമം നടക്കും.’ നടന്നോട്ടെ. ഞങ്ങളെ പറ്റിച്ച് കമ്മിഷനടിക്കാനുള്ള ശ്രമമാണ്. അങ്ങനെയിപ്പം പറ്റിക്കണ്ട. ഞങ്ങൾ മനസ്സിൽ പറഞ്ഞു.

‘ സാർ, ഇരുപത് രൂപയേ ഉള്ളു സാർ. നല്ല ഊണ് കിട്ടും സാർ.’ ഒടുവിൽ അവന്റെ നിർബ്ബന്ധത്തിന് ഞങ്ങൾ വഴങ്ങി. അമ്പതുരൂപ അവന് കൊടുത്തു. നാലഞ്ചടുക്കകളുള്ള ലഞ്ച് ബോക്സും എടുത്ത് അവൻ പുറത്തിറങ്ങി. മിക്കവാറും ഊണിന് പത്തു രൂപപയായിരിക്കും വില. ബാക്കി അവൻ നമ്മളെ പറ്റിക്കുന്നതാണ്. ഞങ്ങൾ പറഞ്ഞു തീർന്നതും അവൻ ഊണുമായി തിരികെയെത്തി.

വലിയ രണ്ട് വട്ടപ്പാത്രങ്ങളിൽ അവൻ വെള്ളച്ചോറും സാമ്പാറും വിളമ്പി. രസവും അച്ചാറും തൈരും ചേർത്ത് ഞങ്ങൾ വേഗം വേഗം ചോറുണ്ടു. ഞങ്ങൾ ഭക്ഷിക്കുന്നതും നോക്കി രാമുലു അവിടെത്തന്നെ നിന്നു. പറ്റിച്ചവൻ എന്ന ദേഷ്യം ഞങ്ങൾക്ക് അവനോടുണ്ടായിരുന്നു. കൊടുത്ത കാശ് മുതലാക്കാൻ വേണ്ടി ഒരു വറ്റ് പോലും മിച്ചംവക്കാതെ ഞങ്ങൾ തിന്നാൻ തുടങ്ങി. തുറിച്ച കണ്ണുകളുമായി അവൻ ഞങ്ങളെത്തന്നെ നോക്കിക്കൊണ്ട് അനങ്ങാതെനിന്നു.

ഒടുവിൽ, പരാജിതരായി, കുറച്ച് ചോറും കറിയും ബാക്കിവച്ച് ഞങ്ങൾ എണീറ്റു. ബാക്കി വന്ന ഭക്ഷണം കുപ്പയിൽ തള്ളാനായി എടുത്തപ്പോൾ രാമുലു തടഞ്ഞു.v shinilal,ramulu,memories

പിന്നെ, ജീവിതത്തിലൊരിക്കലും കാണാത്ത ഒരു രംഗത്തിന് ഞങ്ങൾ സാക്ഷിയായി. അവൻ നിലത്ത് ചമ്രംപടിഞ്ഞിരുന്നു. ബാക്കിവന്ന ചോറത്രയും വട്ടപ്പാത്രത്തിൽ തട്ടി. സാമ്പാറും രസവും തൈരും അച്ചാറും അതിലേക്കൊഴിച്ച് കുഴച്ചു.കൗതുകത്തോടെ ഞങ്ങൾ നോക്കിനിൽക്കെ, അത്യാർത്തിയോടെ ഉരുട്ടിയുരുട്ടി അവൻ തിന്നാൻ തുടങ്ങി. തകർന്ന ഹൃദയത്തോടെ ഞങ്ങളതും നോക്കിനിന്നു. യുഗങ്ങളായി വിശന്നുവലഞ്ഞ ഒരു കാട്ടുമൃഗത്തിന്റെ കൊതി അവന്റെ നാവിൽ കണ്ടു. ഓരോ ഉരുള കഴിക്കുമ്പോഴും കണ്ണുകൾ തുളുമ്പി നിറഞ്ഞു. ഒടുവിൽ അവസാനത്തെ വറ്റും കഴിച്ചശേഷം അവൻ എഴുന്നേറ്റു. എന്നിട്ട് ഞങ്ങളെ ഒരു നോട്ടം നോക്കി. അത്രയും സംതൃപ്തവും ദയനീയവുമായൊരു നോട്ടം ഒരിക്കലും ഞാൻ കണ്ടിട്ടില്ല.

പാത്രങ്ങളുമെടുത്തു കൊണ്ട് രാമുലു മടങ്ങി. മരവിപ്പ് മാറാതെ അപ്പോഴും ഞങ്ങൾ അവിടെത്തന്നെയിരുന്നു. പെട്ടെന്നവൻ മടങ്ങിവന്നു. പാന്റ്സിന്റെ പിൻപോക്കറ്റിൽ നിന്നും പത്തുരൂപ നോട്ടെടുത്ത് നീട്ടി. ’സാർ, ബാക്കി. തരാൻ മറന്നുപോയി.’

വൈകുന്നേരമായി. ബസ്സുകൾ ഓടാനും നഗരം ചലിക്കാനും തുടങ്ങി. നാഗപർവ്വതീശത്തിന്റെ ഭൂപടം പിന്തുടർന്ന് ഞങ്ങൾ ബസ് സ്റ്റാൻറിലെത്തി. തിരുമലയിലേയ്ക്കുള്ള ബസ്സ് പിടിച്ചു.

ബസ് മലകയറുകയാണ്. ഉള്ളിലേയ്ക്ക് ഭാരമുള്ള തണുപ്പ് വീശുകയാണ്. ധനഭണ്ഡാരങ്ങളുടെയും ഐശ്വര്യത്തിന്റെയും സൂക്ഷിപ്പുകാരനായ മഹാദൈവത്തിന്റെ സന്നിധിയിലേക്ക് വളവുകളിഴഞ്ഞ് അതു കയറുന്നു. ഞാൻ ജനലിൽക്കൂടി താഴ് വാരത്തേക്ക് നോക്കി. ഏറ്റവും ധനാഢ്യനായ ദൈവം കാലുറപ്പിച്ചിരിക്കുന്ന നഗരം. ഞങ്ങളുടെ മുഖം കുനിഞ്ഞുതന്നെയിരുന്നു.

സലപിലയിൽ നിന്നും കേരളത്തിലേയ്ക്കുളള തീവണ്ടികൾ

Get the latest Malayalam news and Features news here. You can also read all the Features news by following us on Twitter, Facebook and Telegram.

Web Title: Memories tirupati nt rama rao andhra pradesh ramulu

Next Story
‘താഴുകൾ തുരുമ്പെടുത്തിരിക്കുന്നു’ ദാദ്രി കൊലപാതകത്തിൽ നീതികാത്ത് അഖ്‌ലാക്കിന്റെ കുടുംബം
The moderation of comments is automated and not cleared manually by malayalam.indianexpress.com