നെവാർക്ക് എയർപോർട്ടിലെ മഞ്ഞു പെയ്തു തീർന്ന ഒരു ജനുവരി സന്ധ്യയിലേക്കാണ് അന്ന് എയർ ഇന്ത്യാ വിമാനം ലാൻഡ് ചെയ്തത്. ഓവൽ ആകൃതിയിലുള്ള വിമാന ജനലിലൂടെ വൈദ്യുത വെളിച്ച പ്രഭാവത്തിൽ മുങ്ങി നിൽക്കുന്ന മൻഹാട്ടൻ നഗരം കണ്ട് ഞാൻ അതിശയിച്ചു.ഇത്രയും കണ്ണഞ്ചിപ്പിക്കുന്ന വിഹഗ നഗരക്കാഴ്ച കാണുന്നത്ആദ്യമായായിരുന്നു. ആദ്യത്തെ വിമാന യാത്രയും!

വിവാഹശേഷം പ്രിയപ്പെട്ടവരെ പിരിഞ്ഞ് അന്യ രാജ്യത്ത് എത്തുന്നതിന്റെ ചെറിയ സങ്കടം ഒഴിച്ചാൽ പുതിയ ജീവിതം തുടങ്ങുന്നതിന്റെ പ്രസരിപ്പോടെയും ഉത്സാഹത്തോടെയും ആയിരുന്നു ഓരോ നിമിഷവും ആസ്വദിച്ചത്. ഒന്നു രണ്ടു കൊല്ലത്തിനപ്പുറത്തേക്ക് ഈ പ്രവാസ ജീവിതം ഇല്ലെന്ന പരസ്പര ധാരണ ഞങ്ങളുടെ സങ്കടത്തെ അലിയിച്ചു കളയുകയും നീണ്ട മധുവിധുക്കാലത്തെ പ്രതീക്ഷാനിർഭരമായി കാണാൻ പ്രേരിപ്പിക്കുകയും ചെയ്തു.

വലിയ സൗഹൃദവലയത്തിലേക്കാണ് ചെന്നു കയറുന്നതെന്ന് മുൻപെ വിളിച്ചോതുന്ന പോലെ രഞ്ജിത്തും രേഷ്മയും നിറഞ്ഞ ചിരിയോടെ എയർപോർട്ടിൽ കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവരുടെ കാറിൽ ഈസ്റ്റ് റഥർ ഫോർഡിലെ വാടക അപാർട്ട്മെൻറിലേക്കുള്ള യാത്രാ മധ്യേ മഞ്ഞു പുതച്ചു കിടക്കുന്ന ശാഖകൾ മാത്രമുള്ള മരങ്ങളും , കാറുകളും വഴിയോര കാഴ്ചകളും എന്നിൽ കൗതുകമുണർത്തി കൊണ്ടിരുന്നു.

ഒരേ കമ്പനിയിൽ ജോലി ചെയ്യുന്ന മലയാളി സുഹൃത്തുക്കളും കുടുംബവും താമസിക്കുന്ന ഒരു അപാർട്ട്മെൻറ് കോപ്ലക്സിലെ ഒന്നാം നിലയിലുള്ള ചെറിയ ഒരു ഫ്ലാറ്റിലാണ് ഞങ്ങൾ ഒരുമിച്ചുള്ള ജീവിതം തുടങ്ങുന്നത്. ചുവരിന്റെ പകുതിയും അപഹരിക്കുന്ന ചില്ലു ജനലിലൂടെ മഞ്ഞു പെയ്യുന്നതും ബെൻ എന്നു വിളിക്കുന്ന ക്യൂബൻ കുടിയേറ്റക്കാരനായ ഞങ്ങളുടെ അപാർട്ട്മെന്റ് ഉടമ അയാളുടെ വാഹനം കൊണ്ട് മഞ്ഞു നീക്കം ചെയ്യുന്നതും മുഖം പോലും തിരിച്ചറിയാനാവാത്ത വിധം കമ്പിളിക്കുപ്പായങ്ങളും തൊപ്പിയും കൈയുറകളും ലെതർ ജാക്കറ്റുകളും ധരിച്ച് നടന്നു പോവുന്ന മനുഷ്യരും കാറുകളും അടങ്ങിയ കാഴ്ചകൾ പിന്നീടു വന്ന പകലുകളിൽ ഞാനാസ്വദിച്ചു. അടുത്ത ഫ്ലാറ്റുകളിൽ ദീപയും നിഷയും ദിവ്യയും എത്തിയതോടെ ഞങ്ങളൊന്നിച്ചുള്ള സ്ത്രീ പര്യടനങ്ങൾക്കും ഒത്തു ചേരലുകൾക്കും തുടക്കമായി.

thanks giving day , memories, savitha n

ഒന്നര വയസ്സുകാർ പാത്തുവും മാധുവും വീട്ടിലെ സ്ഥിര സന്ദർശകരായി. മരപ്പലകൾ പാവിയ തറയിൽ അവർ ഓടുകയും ചാടുകയും അതിൽ നിന്നുയരുന്ന ശബ്ദത്തിൽ ആനന്ദിച്ച് കുടുകുടാ ചിരിക്കുകയും ചെയ്തു. മരപ്പലകകളുടെ ‘ഡും ഡും , ശബ്ദത്തിന് ഒന്നു കൂടെ ആക്കം കൂട്ടാൻ ബേബു എന്ന ഒരു ഒന്നര വയസ്സുകാരൻ കൂടെ എത്തിച്ചേർന്നു. അങ്ങിനെയുള്ള ഒരു ‘ഡും ഡും’ ദിവസമാണ് താഴെ താമസിക്കുന്ന പ്രായം ചെന്ന മദാമ്മ പുറത്തിറങ്ങി വന്ന് ഞങ്ങൾക്ക് മനസ്സിലാവാത്ത ഇംഗ്ലീഷിൽ കർക്കശമായി എന്തൊക്കെയൊ പറയുന്നത്. കുട്ടികളുടെ ബഹളം അവരെ അലോസരപ്പെടുത്തി എന്ന് ഊഹിക്കുക മാത്രം ചെയ്ത്, തിരിച്ച് ബോധിപ്പിക്കാനുള്ള ഇംഗ്ലീഷ് കൈവശമില്ലാത്തതിനാലും പെട്ടെന്നുണ്ടായ അനുഭവത്തിൽ വകതിരിവ് നഷ്ടപ്പെട്ടതിനാലും അമ്മമാർ കുട്ടികളെ എടുത്ത് സ്വന്തം ഫ്ലാറ്റുകളിലേക്ക് പതുങ്ങുകയും ഞാൻ വേഗം വാതിൽ ചാരി ആ സാഹചര്യത്തിൽ നിന്ന് താൽക്കാലികമായി രക്ഷപ്പെടുകയും ചെയ്തു. അതിനു ശേഷം ജനാലയ്ക്കപ്പുറത്ത് നിന്ന് അവരുടെ നടത്തവും യാത്രകളും ഞങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി. വളരെ നന്നായി വസ്ത്രധാരണം ചെയ്ത സായിപ്പ് ചുമച്ച് കൊണ്ട് പ്രാഞ്ചി പ്രാഞ്ചി നടന്ന് സ്വന്തം കാറിൽ കയറി എങ്ങോ പോവുന്നതും പിന്നാലെ മദാമ്മയും സ്വന്തം കാറിൽ കയറി സ്ഥലം വിടുന്നതും
ഞങ്ങൾ രഹസ്യമായി ശ്രദ്ധിച്ചു കൊണ്ടിരുന്നു. അവർ തിരിച്ചെത്തും വരെക്കും കുട്ടികൾക്ക് കർഫ്യൂ മാറിയ പ്രതീതിയാണ്.

“ഒരു തക്കാളി “, “ഒരു നാരങ്ങ ” എന്നൊക്കെ ചോദിച്ചു കൊണ്ട് ഇടക്കിടക്ക് ഡോർ ബെൽ അടിച്ചു വരുന്ന രണ്ടു ബാച്ചിലേഴ്സും ഞങ്ങളുടെ മുകളിൽ താമസമുണ്ടായിരുന്നു. ഒരിക്കൽ “ബോസി” ന്റെ മ്യൂസിക് സിസ്റ്റം മുഴുവൻ ശബ്ദത്തിൽ ടെസ്റ്റ് ചെയ്യാൻ തുനിഞ്ഞ അവർ അപാർട്ട്മെന്റ് മുഴുവൻ ഒന്നു കുലുക്കുകയുണ്ടായി. അന്നും മദാമ്മയുടെ രൗദ്ര രൂപം കോറിഡോറിൽ പ്രത്യക്ഷപ്പെട്ടു.

പാഠപുസ്തകത്തിൽ മാത്രം വായിച്ച ഋതുക്കൾ യഥാർത്ഥത്തിലുള്ളവയെന്ന് തെളിയിച്ചു കൊണ്ട് വിവിധ നിറങ്ങളിൽ അവ വന്നും പോയും കൊണ്ടിരുന്നു. മഞ്ഞു പുരണ്ട നഗ്ന ശിഖരങ്ങളിൽ ഇലത്തുടിപ്പുകൾ വരികയും പുഷ്പ്പിക്കുകയും പിന്നീട് മഞ്ഞയും ഓറഞ്ചും വർണം വിതറിയ ഇലകൾ കൊഴിച്ച് അവയെ വീണ്ടും പഴയ രൂപത്തിലാക്കുകയും ചെയ്തു പോന്നു, പ്രകൃതി.

thanks giving day , memories, savitha n

ഫൊട്ടോ : പ്രവീണ്‍ കെ.

കേരളത്തിന് പുറത്ത് പോയാൽ മലയാളികൾക്ക് സ്നേഹവും ഒത്തൊരുമയും ഒക്കെ കൂടും എന്നത് വെളിവായത് ഈ കാലത്താണ്. ആദ്യമായി എല്ലാ വിഭവങ്ങൾ ഒരുക്കിയും സെറ്റുമുണ്ടുടുത്തും പത്തു മുപ്പത്തഞ്ച് ആൾക്കാർ ഒരുമിച്ച് വിഷുവും ഓണവും ആഘോഷിച്ചപ്പോൾ ബന്ധുജനങ്ങളുടെ നഷ്ടപ്പെടലുകളേക്കാൾ സൗഹൃദങ്ങളുടെ വീണു കിട്ടലായിരുന്നു അനുഭവപ്പെട്ടത്.

ഇതിനിടയിൽ ഒരിക്കൽ പോലും ആരും താഴെയുള്ള മദാമ്മയുടെ വീട്ടിലേക്ക് കയറി വരുന്നതോ സംസാരിക്കുന്നതോ കണ്ടിട്ടില്ല, ആ താങ്ക്സ് ഗിവിങ് ദിവസം ഒഴികെ.

എല്ലാ കൊല്ലവും നവംബറിലെ നാലാമത്തെ വ്യാഴാഴ്ച ആണ് അമേരിക്കക്കാർ താങ്ക്സ് ഗിംവിംഗ് ദിവസമായി ആഘോഷിക്കുന്നത്. ചരിത്ര പരമായി പല വ്യാഖ്യാനങ്ങളും ഉണ്ടെങ്കിലും ഈ ദിവസം കുടുംബാംഗങ്ങളും സുഹൃത്തുക്കളും പതിവില്ലാത്ത വിധം ഒത്തു ചേർന്ന് പൊരിച്ച ടർക്കി കോഴി, ക്രാൻബെറി സോസ്, പംപ്കിൻ പൈ തുടങ്ങിയ പരമ്പരാഗത ഭക്ഷണങ്ങൾ അടങ്ങിയ മഹാ വിരുന്നിൽ പങ്കു ചേരുന്നു എന്നതാണ് പ്രത്യേകതയായി തോന്നിയത്. ഈ അവസരത്തിൽ കുടുംബാംഗങ്ങൾ ദൈവത്തോടും പരസ്പരവും ഉപചാരങ്ങൾ അർപ്പിക്കുകയും പളളികളിൽ പ്രത്യേക താങ്ക്സ് ഗിവിംഗ് പ്രാർത്ഥനകൾ നടത്തുകയും ചെയ്യുന്നു.

കുടിയേറ്റക്കാർ നേറ്റീവ് ഇന്ത്യൻസിന് കൊടുക്കുന്ന ഉപചാരം എന്ന രീതിയിലാണ് താങ്ക്സ് ഗിവിംഗ് തുടങ്ങിയത്. ഈ ദിവസം കുടംബ മൂല്യങ്ങൾക്കും ഒത്തു ചേരലിനും അമേരിക്കക്കാർ കൊടുക്കുന്ന ബഹുമാനവും പ്രാധാന്യവും വളരെ വലുതാണ്.

ഫാദേഴ്സ് ഡേ, മദേഴ്സ് ഡേ, താങ്ക്സ് ഗിവിങ്, ക്രിസ്തുമസ് എന്നീ ദിവസങ്ങളിലാണ് താഴെ താമസിക്കുന്നവരുടെ മക്കൾ അവരെ കാണാൻ വരാറുള്ളത് എന്നാരോ സൂചിപ്പിച്ചു. അതു കൊണ്ട് തന്നെയായിരിക്കണം, താഴെ നന്നായി വസ്ത്രധാരണം ചെയ്ത കുറേ ആളുകൾ കൂടിയിട്ടുണ്ട്.

താങ്ക്സ് ഗിവിങിനോട് അനുബന്ധിച്ച് നാലു ദിവസം അടുപ്പിച്ച് അവധിയാണ്. ഞങ്ങൾ എല്ലാവരും ഒരു യാത്രക്ക് ഒരുങ്ങുകയായിരുന്നു. യാത്രകൾ ഈ ജീവിതത്തിന്റെ അവിഭാജ്യ ഘടകം ആയിരുന്നു. നീണ്ട വാരാന്ത്യങ്ങളിൽ മറ്റൊന്നും ചെയ്യാനില്ലാത്തതു കൊണ്ട് മഞ്ഞ്,ചെറി ബ്ലോസം, ഹേമന്തം എന്നു വേണ്ട എല്ലാ കാരണങ്ങളും യാത്രകളിൽ അവസാനിച്ചിരുന്നു.

thanks giving day , memories, savitha n

ജീന്‍ ലിയോണ്‍ ജെറോം ഫെറിസ് വരച്ച ” ദ ഫസ്റ്റ് താങ്ക്സ് ഗിവിംഗ് 1621 ” എന്ന ചിത്രം . കടപ്പാട് : വിക്കി പീഡിയ

അന്ന് മദാമ്മയുടെ വീട്ടിൽ നിന്നും ആളുകളുടെ ബഹളവും ഭക്ഷണത്തിന്റെ ഗന്ധവും ഉയർന്നു കൊണ്ടിരുന്നു.പൊടുന്നനെ എന്തോ പൊട്ടിത്തകർന്ന ശബ്ദവും ഉച്ചത്തിലുള്ള ഒരാക്രോശവും കേട്ടു. ഒരു പാട് ഗ്ലാസ് പിഞ്ഞാണങ്ങൾ ഒരുമിച്ച് തകർന്ന പോലുള്ള ശബ്ദം!

ഞങ്ങൾ വാതിൽ തുറന്ന് കോറിഡോറിലേക്ക് എത്തി നോക്കി.മദാമ്മയുടെ മകനെ പോലെ തോന്നിക്കുന്ന ഒരാൾ ദ്രുതഗതിയിൽ വാതിൽ തുറന്ന് പുറത്തേക്ക് കുതിച്ചു. പുറത്ത് പാർക്ക് ചെയ്തിരുന്ന കറുത്ത ഓഡിയിൽ കയറി വേഗതയിൽ മുന്നോട്ടു പാഞ്ഞു. തൊട്ടു പുറകിൽ സായിപ്പ് പതിവു ചുമയോടെ നടന്നു വന്ന് അയാളുടെ കാറെടുത്തു പുറകെ പോയി.

ഒന്നു രണ്ടു പോലീസ് വാഹനങ്ങൾ സൈറൺ മുഴക്കി വിവിധ ദിശകളിൽ നിന്നും വന്ന് നിന്നതും പെട്ടെന്നായിരുന്നു. കോറിഡോറിൽ ഒന്നും മനസിലാവാതെ നിൽക്കുന്ന ഇന്ത്യക്കാരുടെ ഇടയിലൂടെ ക്ഷമാപണത്തോടെ കുറച്ചു പോലീസുകാർ മദാമ്മയുടെ വാതിൽ ലക്ഷ്യമാക്കി നടന്നു. പല തവണ മുട്ടിയിട്ടും തുറക്കാതെ കണ്ടപ്പോൾ പോലീസ് വാതിൽ ബലം പ്രയോഗിച്ച് തുറക്കാൻ ശ്രമിച്ചു. ഒടുവിൽ വാതിൽ ഉള്ളിൽ നിന്നു തന്നെ ആരോ തുറന്നു. പോലീസുകാർ അകത്തു കയറി.

കോറിഡോറിൽ നിന്നവർ പിരിഞ്ഞു പോയി. ഞങ്ങൾക്ക് യാത്ര തുടങ്ങേണ്ട സമയം അതിക്രമിച്ചിരുന്നു. കുറച്ചു സമയത്തിനു ശേഷം പാക്ക് ചെയ്ത ബാഗുകളുമായി പുറത്തേക്കിറങ്ങിയ ഞങ്ങൾ മറ്റുള്ളവരുടെ കാര്യങ്ങൾ അറിയാനുള്ള മലയാളിയുടെ സ്വതസിദ്ധമായ കൗതുകത്തോടെ മദാമ്മയുടെ വാതിലിലേക്ക് ഒരുമിച്ച് നോക്കി. അവരുടെ വാതിൽ അടഞ്ഞു കിടന്നിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ ആ വാതിൽ തുറന്ന് അവർ പതിവു പോലെ പുറത്തേക്കു നടന്നപ്പോൾ ഉറ്റു നോക്കി നിന്ന ഞങ്ങൾ ഒന്നു ചൂളി പോയി. അവർ താഴോട്ട് മാത്രം നോക്കി ആരെയും ശ്രദ്ധിക്കാതെ പതുക്കെ കാറിനരികിലേക്ക് നടന്നു.

ഇതെല്ലാം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഓരോ വർഷവും താങ്ക്സ് ഗിവിങ് ദിവസം വരുമ്പോൾ എന്തിനെന്നില്ലാതെ ഞാനവരെ ഓർക്കുന്നു. കുടുംബാംഗങ്ങളുടെ അപൂർവ്വമായ ഒത്തുചേരൽ സന്ദർഭത്തിൽ, വീട്ടിലെ എന്തൊക്കെയോ അനിഷ്ടസംഭവങ്ങൾക്ക് ശേഷവും, ഭാവഭേദമില്ലാതെ ഏകാന്തയായി വാതിൽ തുറന്ന് നടന്നകന്ന കർക്കശക്കാരിയെന്ന് തോന്നിപ്പിച്ച ആ അമേരിക്കൻ സ്ത്രീയെ.പുറത്തെ ഇരുണ്ട മഞ്ഞ് ഇപ്പോഴും അവരെ കർക്കശക്കാരിയായിത്തന്നെ നിറുത്തുന്നുണ്ടാകണം. മരപ്പലകകളുടെ ശബ്ദവും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook