scorecardresearch
Latest News

മൊബൈല്‍ തൊട്ടപ്പനാകുന്ന കാലം

എത്രയെത്ര ഫോണ്‍ മെമ്മറികള്‍… എത്രയെത്ര നൊസ്റ്റാള്‍ജിയകള്‍. എന്തുമാത്രം മനുഷ്യര്‍. എന്തെല്ലാം സങ്കടങ്ങള്‍. എന്തൊക്കെ ആഹ്ലാദങ്ങൾ. എത്ര പ്രണയങ്ങള്‍. എത്രയെത്ര പ്രണയഭംഗങ്ങള്‍. എന്തോരം സൗഹൃദങ്ങള്‍…

മൊബൈല്‍ തൊട്ടപ്പനാകുന്ന കാലം

ഒന്നാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് ഞങ്ങളുടെ വീട്ടില്‍ ഫോണ്‍ വരുന്നത്. കറുത്ത നിറത്തിലുള്ള ഒന്ന്. കറക്കുന്ന ഫോണാണ്. അതിന്റെ ബെല്ല് കീഴ്പ്പള്ളി കവല വരെ കേള്‍ക്കും-‘കിര്‍ണീം,’ ‘കിര്‍ണീം…’

അതുവരെ സിനിമയില്‍ മാത്രമേ ഫോണ്‍ കണ്ടിട്ടുണ്ടായിരുന്നുള്ളൂ. മിക്കവാറും വില്ലന്‍ നായകനെ കൊല്ലാനുള്ള ക്വൊട്ടേഷന്‍ കൊടുക്കാന്‍ ഗമയ്ക്ക് റിസീവര്‍ കൈയിലെടുത്ത്, അക്കങ്ങള്‍ ഓരോന്നായി കറക്കി വിളിക്കുന്നതു കണ്ട് ത്രില്ലടിച്ചു നിന്നിട്ടുണ്ട്. അത്തരം ഒരു ഐറ്റമാണ് വീട്ടിലെത്തിയിരിക്കുന്നത്. സ്വാഭാവികമായും ഞാനും അനിയനും ത്രില്ലടിച്ചു. പക്ഷേ, ഓരോ അക്കത്തിനും നേരെയുള്ള കുഞ്ഞുകിഴുത്തയില്‍ വിരലിട്ടു കറക്കുന്നതല്ലാതെ, ആരെയും വിളിക്കാന്‍ ഞങ്ങള്‍ക്കു പറ്റിയിരുന്നില്ല. കാരണം നിസാരം- ക്ലാസില്‍ പഠിക്കുന്ന കൂട്ടുകാരുടെയൊന്നും വീട്ടില്‍ ഫോണില്ല.

അക്കാലത്ത്, അമ്മാവന്‍ ഗള്‍ഫില്‍നിന്നു സ്ഥിരമായി വിളിക്കുമായിരുന്നു. ഫോണിന്റെ ‘കിര്‍ണീം’ കേട്ടാല്‍ ഞാനും അനിയനും മത്സരിച്ചോടും. ആദ്യം എടുക്കാന്‍-‘ഹലോ’ പറയാന്‍. അന്നത്തെ ‘ഹലോ’ പറച്ചിലിന്റെയൊരു പവറ് പിന്നെയൊരു ‘ഹലോ’യിലും ഇതുവരെ അനുഭവിക്കാന്‍ പറ്റിയിട്ടില്ല. അമ്മാവനല്ലാതെ, മമ്മിയുടെ ചേച്ചിമാരും ചുരുക്കം ചില ബന്ധുക്കളുമാണ് വിളിച്ചിരുന്നത്. നമ്മള്‍ പിള്ളേരായതുകൊണ്ട്, ഫോണെടുക്കുന്നപാടെ, അവിടെ ആരുമില്ലേ എന്ന ചോദ്യം വരും. അല്ലേലും പിള്ളാരെ ആരം വകവെക്കുകേലല്ലോ, അന്നും ഇന്നും.

സിനിമാ സ്‌റ്റൈല്‍ ഫോണ്‍ മൂക്കിന്‍തുമ്പത്തു കിട്ടിയിട്ടും ആരെയും വിളിക്കാന്‍ പറ്റാതെ ഹതാശരായിനിന്ന എന്റെയും അനിയന്റെയും മുന്നിലേക്ക് ഒരു നമ്പര്‍ പറന്നിറങ്ങി. കുറ്റിപ്പെന്‍സില്‍ കൊണ്ട് മമ്മി കലണ്ടറില്‍ കുറിച്ചിട്ടൊരു നമ്പര്‍. അതുകണ്ടപാടെ, ഒന്നും നോക്കാതെ ഞാന്‍ ഡയല്‍ ചെയ്തു.

“ഹലോ”

“ഹലോ”

“ആറളം പോലീസ് സ്‌റ്റേഷനാണ്. ഇതാരാണ്?”

പോലീസ് എന്നു കേട്ടതും ഞാന്‍ റിസീവര്‍ തിരിച്ചിട്ട് അടുക്കളപ്പുറത്തേക്ക് ഓടി. വീട്ടിന്റെ തൊട്ടടുത്താണ് ആറളം പോലീസ് സ്‌റ്റേഷന്‍. ഷാജി കൈലാസ് സിനിമകളുടെയും അതിലെ സുരേഷ് ഗോപി പോലീസിന്റെയും ഫാനായിരുന്നെങ്കിലും ശരിക്കുള്ള പോലീസിനെ ലേശം പേടിയുണ്ടായിരുന്നു. അതിന്റെ പ്രധാന കാരണം ഒരു കള്ളനായിരുന്നു. ടിയാനെ ഞങ്ങളാരും കണ്ടിട്ടില്ല. പക്ഷേ, ഒരു ശനിയാഴ്ച ഉച്ചയായപ്പോള്‍ സ്‌റ്റേഷനില്‍നിന്നു ഭീകരമായ കരച്ചില്‍ കേട്ടു. ക്രിക്കറ്റ് കളി നിര്‍ത്തി ഞങ്ങളെല്ലാം അങ്ങോട്ടു പാഞ്ഞു. എവിടുന്നോ പിടിച്ചൊരു കള്ളനെ പോലീസുകാര്‍ തലങ്ങും വിലങ്ങും തല്ലുകയാണ്. അയാള്‍ അവരെ തിരിച്ച് തൊഴിക്കുന്നുമുണ്ട്. കുറച്ചുനേരം തല്ലും നിലവിളിയും നീണ്ടു. പിന്നെ, തല്ലു നിന്നു. അതോടെ കരച്ചിലും തീര്‍ന്നു.

ഒരിക്കല്‍ അനിയനോടൊപ്പം കീഴ്പ്പള്ളിയിലേക്കു പോകുമ്പോള്‍ സ്‌റ്റേഷനില്‍നിന്ന് ഒരു പോലീസുകാരന്‍ എന്നെ വിളിച്ചു. അനിയനെ റോഡില്‍ നിര്‍ത്തി, ഞാന്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്‌റ്റേഷനിലേക്കു ചെന്നു. എന്നെ പോലീസ് പിടിച്ചെന്നു മനസ്സിലാക്കിയ അനിയന്‍ വീട്ടിലേക്കോടി. സ്‌റ്റേഷനില്‍ ചെന്നപാടെ പോലീസുകാരന്‍ ഒരു രൂപയുടെ തുട്ട് കൈയില്‍ വെച്ചു തന്നു. ദിനേശ് ബീഡി വാങ്ങാനാണ്. അതു വാങ്ങിക്കൊടുത്തതിന്, മുട്ടായി വാങ്ങാന്‍ പത്തു പൈസ നീട്ടിയപ്പോള്‍ വേണ്ടെന്നും പറഞ്ഞ് ഞാന്‍ തിരിച്ചുംപോയി.

abin joseph ,memories, iemalayalam

ഇത്തരം ചില സര്‍ഗാത്മക ഇടപെടലുകള്‍ പോലീസില്‍ നിന്നുണ്ടായതുകൊണ്ട് ആദ്യത്തെ വിളിയില്‍ത്തന്നെ പേടിച്ചു. പക്ഷേ, റിസീവര്‍ കൈയിലെടുത്ത്, അക്കങ്ങളില്‍ വിരലിട്ടുകറക്കി, അടുത്ത അക്കം കറക്കി- അങ്ങനെ അങ്ങനെ ഒരു സുഖം പിടിച്ച പരിപാടിയായിരുന്നു, അന്നത്തെ ഫോണ്‍ വിളി. അതിന്റെ മോഹിപ്പിക്കുന്ന പ്രലോഭനത്തില്‍നിന്നു രക്ഷപ്പെടുവാന്‍ എനിക്കു പറ്റിയില്ല. അല്ലെങ്കിലും പ്രലോഭനങ്ങളില്‍ അകപ്പെടാത്ത ജീവിതം ഒരു ജീവിതമേയല്ലല്ലോ.

ഞാന്‍ പിന്നെയും പോലീസ് സ്‌റ്റേഷന്റെ നമ്പര്‍ ഡയല്‍ ചെയ്തു.

“ഹലോ”

“ആറളം പോലീസ് സ്‌റ്റേഷന്‍.”

” പോടാ പട്ടീ.” (ഉള്ളില്‍ പേടിയുണ്ടായിരുന്നെങ്കിലും പട്ടിവിളി കേട്ടപ്പോള്‍ പോലീസുകാരന്‍ ഒന്നു പരുങ്ങിയത് എന്നെ ഹരം പിടിപ്പിച്ചു.)

“ആരാടാ ഇത്?”

“പോടാ പട്ടീ” (ഞാന്‍ വിടാന്‍ തയാറായിരുന്നില്ല.)

“നിന്റെ അച്ഛനൊണ്ടോടാ അവിടെ?  കൊടുക്കെടാ ഫോണ്‍.”

സീന്‍ ഡാര്‍ക്കാകാന്‍ ചാന്‍സുണ്ടെന്നു തോന്നിയപാടെ, ഞാന്‍ ഫോണ്‍ താഴെവെച്ചു. അന്നീ ‘ട്രൂ കോളറും’ കോളര്‍ ഐഡിയും ഒന്നും അങ്ങനെ പോപ്പുലര്‍ അല്ലാതിരുന്നതുകൊണ്ട് എന്റെ തടി കൈച്ചിലായി. പക്ഷേ, ആദ്യത്തെ ഫോണ്‍ കോള്‍ പോലീസ് സ്‌റ്റേഷനിലേക്കു വിളിച്ചതിന്റെയൊരു ഇത്, ഇപ്പോഴും ഫോണെടുക്കുമ്പോഴുണ്ട്.

അന്ന്, അധികം വീടുകളിലൊന്നും ഫോണുണ്ടായിരുന്നില്ല. പല സ്ഥലങ്ങളില്‍ ജോലി ചെയ്തിരുന്നവര്‍ വീട്ടിലോട്ടാണ് വിളിച്ചിരുന്നത്. അങ്ങനെ, ഫോണ്‍ വരുമ്പോള്‍ ആ വീട്ടുകാരെ വിളിച്ചുകൊണ്ടു വരുന്നതായിരുന്നു, അക്കാലത്തെ ഞങ്ങളുടെ പ്രധാനപ്പെട്ട ജോലികളിലൊന്ന്. അരക്കിലോമീറ്ററൊക്കെ ദൂരത്തായിരുന്നു, ചില വീടുകള്‍. ദുബായിലോ മറ്റോ നഴ്‌സായി ജോലി ചെയ്തിരുന്ന ചേച്ചിയുടെ ഫോണ്‍ സ്ഥിരമായി വരുമായിരുന്നു. സാമാന്യം നല്ല ദൂരത്തിലാണ് അവരുടെ വീട്. അമ്മയാണ് മിക്കപ്പോഴും സംസാരിക്കാന്‍ വരിക. അടുത്ത കോള്‍ വരുന്നതിനു മുന്‍പ് എത്താനുള്ളൊരു വ്യഗ്രത അവരുടെ നടത്തത്തിലുണ്ടാകും. ആഴ്ചയില്‍ ഒരിക്കലൊക്കെയേ വിളിക്കൂ. അന്ന് പൊടിച്ചെക്കനായിരുന്നതുകൊണ്ട്, ആ വിളികളുടെയും അതെടുക്കാനുള്ള വരവിന്റെയുമൊന്നും ആഴം അറിഞ്ഞിരുന്നില്ല. ആ മനുഷ്യരുടെ ഉള്ളിലെ വിങ്ങലും പിടച്ചിലും അനുഭവിക്കാന്‍ പറ്റിയിരുന്നില്ല.

abin joseph ,memories, iemalayalam

അകന്നു നില്‍ക്കുന്നവര്‍ക്കിടയിലെ പ്രണയത്തിന്റെ പിടച്ചില്‍ ഞാനറിഞ്ഞതും അത്തരം ഒരു വെള്ളിയാഴ്ചയായിരുന്നു. അടുത്തുള്ള വീട്ടിലെ ചേച്ചിയെ കല്യാണം കഴിച്ചുകൊണ്ടു വന്ന് കുറച്ചു നാള്‍ പിന്നിട്ടപ്പോഴേക്കും പുള്ളിക്കാരന്‍ ഗള്‍ഫിലേക്കു തിരിച്ചുപോയി. എല്ലാ വെള്ളിയാഴ്ചയും ഫോണ്‍ ചെയ്യും. അനിയനോ, ഞാനോ ആണ് പോയി വിളിക്കുക. ചേച്ചി അതു കാത്തു നില്‍ക്കുന്നുണ്ടാകും. ഫോണുണ്ടെന്നു പറയുമ്പോള്‍ ഓടിപ്പിടിച്ചൊരു വരവുണ്ട്. അപ്പോള്‍ കണ്ണില്‍ മിന്നി മറഞ്ഞ ഭാവങ്ങളുടെ അര്‍ഥം വളരെക്കാലങ്ങള്‍ക്കു ശേഷമാണ് എനിക്കു മനസ്സിലായത്. പോകുന്ന വഴിയില്‍ കുളിച്ചതിന്റെയും പെര്‍ഫ്യൂമിന്റെയും മണം പരന്നു കിടക്കും. ഒരു ദിവസം സ്ഥിരമുള്ള സമയത്തിനും മുന്നേ ഫോണ്‍ വന്നു. ഞാന്‍ ചെന്നു പറയുമ്പോള്‍ ചേച്ചി കുളിക്കുകയായിരുന്നു. അതുകൊണ്ട് നാത്തൂനാണ് വന്നത്. അഞ്ചോ, പത്തോ മിനിറ്റു കഴിഞ്ഞു കാണും, ചേച്ചി ഓടിയെത്തി. പക്ഷേ, അപ്പോഴേക്കും നാത്തൂന്‍ ഫോണ്‍ വെച്ച് പുറത്തിറങ്ങിയിരുന്നു. അതറിഞ്ഞപ്പോള്‍ ചേച്ചിയുടെ മുഖം ഇരുണ്ടു. കണ്ണുകള്‍ നിറഞ്ഞു. ആരും കാണാതെ കണ്ണു തുടച്ചുകൊണ്ട് പതിയെ, തിരിച്ചു നടന്നു.

എന്നാത്തിനാ ഇപ്പോ കരയുന്നതെന്ന് അന്നു ഞാനാലോചിച്ചിട്ടുണ്ട്. പക്ഷേ, വളരെ കുറച്ചു നിമിഷത്തേക്കു മാത്രമെങ്കിലും- ഏറ്റവും പ്രിയപ്പെട്ടൊരാളുടെ ശബ്ദമൊന്നു കേള്‍ക്കാന്‍ ഒരാഴ്ച മുഴുവന്‍ കാത്തിരുന്നിട്ട്, അതിനു സാധിക്കാതെ വരുമ്പോഴുള്ള സങ്കടത്തിന്റെ ആഴം ഇന്ന് കൃത്യമായും മനസ്സിലാക്കാനാകും. ഉള്ളില്‍ നിറഞ്ഞു കനംവെക്കുന്ന വിഷാദത്തിന്റെ കനം അനുഭവിക്കാനാകും. അത്തരം കാത്തിരിപ്പുകളുടെയും വിരഹങ്ങളുടെയും വേദനകളുടെയും കാലത്ത് ജീവിച്ചവരും പ്രണയിച്ചവരും എത്രമാത്രം ഉള്ളു നീറ്റിയിട്ടുണ്ടാകും?. ഇപ്പോള്‍ ഒരഞ്ചു മിനിറ്റ് വാട്‌സാപ്പില്‍ കാണാതിരുന്നാല്‍ ചൂടാകുന്ന കലിപ്പന്‍ കാമുകന്‍മാര്‍ക്കും കാന്താരി കാമുകിമാര്‍ക്കും അക്കാലത്തെ അനുരാഗത്തിന്റെ നൊമ്പരം എങ്ങനെ അറിയാനാകും?

abin joseph ,memories, iemalayalam

തൊട്ടു മുന്‍പുള്ള തലമുറയ്ക്കു കിട്ടാതെപോയ പല സൗകര്യങ്ങളും ആദ്യം കിട്ടിയവരാണു ഞങ്ങള്‍. അതുകൊണ്ടുതന്നെ പ്രണയിക്കാനും കാമിക്കാനും ഒട്ടേറെ വഴികള്‍ ഞങ്ങള്‍ക്കു മുന്നിലുണ്ടായിരുന്നു. ഞങ്ങളുടെ കൗമാരത്തിലാണ് മൊബൈല്‍ ഫോണ്‍ തരംഗമാകുന്നതും എല്ലാവരുടെയും പോക്കറ്റില്‍ അതെത്തുന്നതും.

ഡിഗ്രി പഠിക്കുന്ന കാലത്ത് എനിക്കു മാത്രമാണു ഫോണില്ലാതിരുന്നത്. കോളേജില്‍ ബാക്കി മിക്കവാറുംപേര്‍ തമ്മില്‍ വിളിയും മെസേജയക്കലുമെല്ലാമുണ്ടായിരുന്നു. അതോടെ, ജന്മസിദ്ധമായ അപകര്‍ഷതയുടെ തോത് കൂടുകയും പേരിനുപോലുമൊരു പ്രേമമില്ലാതെ, ഖസാക്കിലെ രവിയെപ്പോലെ ‘ഏകാധ്യാപക’ വിദ്യാലയത്തില്‍ ഞാന്‍ വെറും ഫിസിക്‌സ് പഠിക്കുകയും ചെയ്തു. കൂട്ടുകാരൊക്കെ, ക്ലാസ് കട്ടു ചെയ്യാനും സിനിമയ്ക്കു പോകാനുമെല്ലാം വീട്ടിലെ നമ്പറില്‍ വിളിക്കേണ്ട അവസ്ഥയെക്കുറിച്ചു പറഞ്ഞ് എന്റെ കുറ്റബോധം ഇരട്ടിയാക്കി. തല്‍ക്കാലം മൊബൈല്‍ വാങ്ങാനുള്ള ദമ്പടി കൈയിലില്ലാത്തതുകൊണ്ട്,  ‘എനിക്കിപ്പോ എന്നാത്തിനാടാ ഫോണ്‍’ എന്ന് ദയനീയമായി ചോദിച്ചുകൊണ്ട് ഞാന്‍ ഒഴിഞ്ഞുമാറി.

അങ്ങനെയിരിക്കെയാണ്, ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഞങ്ങളുടെ കോളേജില്‍ ഒരു ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നെന്ന അറിയിപ്പു കിട്ടിയത്. രാഷ്ട്രിപിതാവിന്റെ പേരിലുള്ള കോളേജായതുകൊണ്ട് ഒന്നാം സമ്മാനമായി രണ്ടായിരം രൂപയും പ്രഖ്യാപിച്ചിരുന്നു. തദവസരം മുതലാക്കിയാല്‍ നിനക്കൊരു ഫോണ്‍ വാങ്ങാമെന്ന് കൂട്ടുകാരന്‍ നിഗൂഢമായി ചെവിയില്‍ മൂളിയതോടെ, ഒരു സെറ്റ് എ-4 പേപ്പറുമായി ഞാന്‍ ഉറക്കമൊഴിഞ്ഞു. അറിയാവുന്ന കടുകട്ടി വാക്കുകളൊക്കെ കുത്തിനിറച്ചൊരെണ്ണം കീച്ചി. ഇത്തവണ വീണ ചക്കയ്ക്ക് നല്ല ഉന്നമുണ്ടായിരുന്നു. ഒന്നാം സ്ഥാനം ഇങ്ങുപോന്നു. സമ്മാനം കിട്ടിയ കവറുമായി നേരെ മൊബൈല്‍ ഷോപ്പിലേക്കാണ് ഓടിയത്. നോക്കിയയുടെ ഒരു സാദാസെറ്റു വാങ്ങി. അന്നു രാത്രി ഒരു തുള്ളിപോലും ഉറങ്ങാതെ ഫോണുമായി കുത്തിയിരുന്നു.

പിന്നീടിങ്ങോട്ട് എത്രയെത്ര ഫോണ്‍ മെമ്മറികള്‍. നോക്കിയ മാറി, ടച്ചുള്ള സാംസങ്ങ് വന്നു. പിന്നെ സ്മാര്‍ട്ട് ഫോണുകളുടെ വരവായി. എത്രയെത്ര നൊസ്റ്റാള്‍ജിയകള്‍. എന്തുമാത്രം മനുഷ്യര്‍. എന്തെല്ലാം സങ്കടങ്ങള്‍. എന്തൊക്കെ ആഹ്ലാദങ്ങൾ. എത്ര പ്രണയങ്ങള്‍. എത്രയെത്ര പ്രണയഭംഗങ്ങള്‍. എന്തോരം സൗഹൃദങ്ങള്‍- ഞങ്ങളുടെ തലമുറയ്ക്ക് ഒരു തലതൊട്ടപ്പനുണ്ടെങ്കില്‍ അത് തീര്‍ച്ചയായും മൊബൈല്‍ ഫോണാണ്.

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Memories telephone mobile phone