വര്‍ഷങ്ങള്‍ക്കു മുമ്പൊരു വേനല്‍പ്പകലില്‍ വീടിനു മുന്നിലെ ടാര്‍റോഡില്‍ ഒരു ചെറുകിളി വീണുപിടയുന്നത് കാണാനിടയായി. ആര്‍ക്കും പിടികൊടുക്കാതെ ശരവേഗത്തില്‍ പറന്നുപോകുന്നൊരിനം കാട്ടുപക്ഷിയായിരുന്നു അത്. കൈവെള്ളയിലെടുത്ത് കൊക്കുപിളര്‍ത്തി കുറച്ചു വെള്ളമിറ്റിച്ചു കൊടുത്തപ്പോള്‍ ഒന്നുപിടഞ്ഞ് ദ്രൂതഗതിയില്‍ അത് ആകാശത്തേക്കു പറന്നുപോയി. അതില്‍പ്പിന്നെ ആ പക്ഷി തിരിച്ചു വന്നേക്കുമെന്ന പ്രതീക്ഷയോടെ എത്രയോ ഉച്ചനേരങ്ങളില്‍ ആകാശത്തേക്കു കണ്ണും നട്ടിരുന്നു. തിരിച്ചറിയാനാവാത്ത, അപ്രതീക്ഷിതമായ എന്തിനൊക്കെയോ ഉള്ള കാത്തിരിപ്പായിരുന്നു കുട്ടിക്കാലം.

ചപ്രച്ച മുടിയും അര്‍ത്ഥമില്ലാത്ത പാട്ടുമായി വഴിയില്‍ കാണുന്ന കാട്ടുപച്ചകളെല്ലാം വായിലിട്ടു ചവച്ച്, കുന്നിന്‍ ചെരിവിലും കശുമാവിന്‍ കൂട്ടങ്ങള്‍ക്കിടയിലും അലഞ്ഞുതിരിയുമ്പോളൊക്കെയും നിധി സൂക്ഷിച്ച മാന്ത്രികകോട്ടയോ നീലക്കൊടുവേലി തിരയുന്ന ചെമ്പോത്തിന്‍ കൂടോ മുന്നില്‍ വെളിപ്പെടുമെന്നുറപ്പു തോന്നിയിരുന്നു. അപ്പോഴെല്ലാം വസന്തദേവതയുടെ പുത്രിയായ പെഴിസിഫോണിന്റെ കഥയോര്‍മ്മ വരും. കാട്ടിലൂടെ അലഞ്ഞുനടക്കാനിഷ്ടമായിരുന്നു അവള്‍ക്ക്. അവിചാരിതമായി കണ്ണില്‍പ്പെട്ട അപൂര്‍വ്വസുഗന്ധമുള്ള പൂഷ്പം പറിച്ചെടുത്തതോടെ ഭൂമി പിളരുകയും മണ്‍വിടവിലൂടെ കറുത്ത കുതിരകളെപൂട്ടിയ രഥത്തില്‍ പാതാളത്തിന്റെ അധിപനായ പ്ലൂട്ടോ വന്ന് അവളെ പിടിച്ചു കൊണ്ടുപോവുകയും ചെയ്ത കഥ എന്നും ഭയമുണ്ടാക്കിയിരുന്നു.

കുന്നിന്‍ മുകളില്‍ നിന്ന് കള്ളനോ കൊലയാളിയോ മുന്നില്‍ വന്നേക്കുമെന്നും മഴക്കാലത്ത് വെള്ളച്ചാലിലൂടെ കമ്പിളിക്കെട്ടു പോലെ ചെറിയൊരു കരടിക്കുഞ്ഞ് ഒഴുകി വന്നേക്കുമെന്നും പ്രതീക്ഷിച്ചിരുന്നു. പുരാണകഥകള്‍കേട്ട് ഉഴവുചാലില്‍ നിന്ന് കുഞ്ഞിനെക്കിട്ടിയാല്‍ എന്തുചെയ്യുമെന്നും തണുപ്പുകാലത്ത് കീറത്തുണിയുടുത്ത് യാചകനെപ്പോലെ ദൈവം പരീക്ഷിക്കാനായി വന്നാല്‍ തിരിച്ചറിയാതെ പോവുമോയെന്നും ആകുലപ്പെട്ടിരുന്നു. അത്തരം ഗംഭീരമായ സന്ദര്‍ഭങ്ങളില്‍ ചെന്നു പെട്ടാല്‍ എങ്ങനെ സംസാരിക്കണം, പെരുമാറണം എന്നും പലവട്ടം സങ്കല്‍പ്പിച്ചു നോക്കി. എനിക്കു പരിചയമുള്ള ഞാനായിരുന്നില്ല അങ്ങനെയൊക്കെ ചിന്തിച്ചുകൂട്ടിയത്.

sheeba e k , memories ,iemalayalam
എന്നില്‍ത്തന്നെ പലയാളുകള്‍ ഉണ്ടെന്ന് ചിലപ്പോഴൊക്കെ തോന്നി. സ്‌നേഹമുള്ളവരോടു തന്നെ കുറുമ്പു കാണിക്കുന്ന, ഉള്ളില്‍ത്തോന്നുന്നതിനു വിപരീതമായി പെരുമാറുന്ന, നല്ല കുട്ടിയാവാന്‍ തീരുമാനിക്കുമ്പോള്‍ത്തന്നെ ചീത്ത കൂട്ടിയായി മാറുന്ന ഉള്ളിലെ അപരജന്മങ്ങള്‍ പലപ്പോഴും വല്ലാതെ വിഷമിപ്പിച്ചു. സ്വയം സംസാരിച്ച്, ചോദ്യങ്ങള്‍ ചോദിച്ച്, സമാധാനം പറഞ്ഞ് ഉള്ളിലെ ജാള്യതകളെ കഴുകിക്കളയാന്‍ ഞാനപ്പോഴൊക്കെ ശ്രമിച്ചു. എന്നെ ആര്‍ക്കും വേണ്ട എന്ന് വെറുതെ സങ്കടം കൊണ്ട് ഏകാകിതയുടെ എല്ലാ സൗന്ദര്യവും സ്വാതന്ത്ര്യവും ഉള്ളിലേറ്റി ബാല്യം കടന്നുപോകുകയായിരുന്നു. അക്കാലം മുതല്‍ കഥാപാത്രങ്ങള്‍ എന്നോടൊപ്പമുണ്ടായിരിക്കണം. ആത്മഗതങ്ങളും കുറുമ്പുകളും കേട്ട് എന്നെങ്കിലും ഉയര്‍ത്തെഴുന്നേല്‍ക്കാനായി കൂടെ നടന്നിരിക്കണം.

വീടിനു പിന്‍വശം കുന്നും കുളങ്ങളും നിറഞ്ഞ വിശാലമായ പ്രകൃതിയായിരുന്നു. അവിടെയാവട്ടെ യാതൊരു നിയന്ത്രണവുമില്ലാതെ സ്വതന്ത്രരായിരുന്നു ഞങ്ങള്‍. മുന്‍വശത്തെ റോഡിലൂടെ വൈകുന്നേരങ്ങളില്‍ ജീവിതം ഒഴുകുന്നത് കണ്ടു നില്‍ക്കുന്നത് കുട്ടിക്കാലത്ത് ഏറെ ഇഷ്ടമുള്ള കാര്യമായിരുന്നു. കൂലിപ്പണികഴിഞ്ഞ് കള്ളുഷാപ്പിലേക്ക് പതുങ്ങിയെത്തുന്നവര്‍, തര്‍ക്കിച്ച് അടിപിടി കൂടുന്നവര്‍, ലഹരിയുടെ പിന്‍ബലത്തില്‍ ദേഷ്യമുള്ളവരെയെല്ലാം തെറിവിളിച്ചു നടന്നുപോകുന്നവര്‍, അമ്മിനിക്കാടന്‍ മലകളില്‍ നിന്നു നാട്ടിലേക്കിറങ്ങുന്ന ആളന്‍മാരും അവരുടെ സ്‌നേഹപ്രകടനങ്ങളും സങ്കടവും ലഹളയും. സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ മരിക്കുന്ന അനാഥരെ മറവു ചെയ്യാനായി പായില്‍ പൊതിഞ്ഞു കൊണ്ടുപോവുന്ന കാഴ്ച അന്നൊക്കെ ഭീതിയോടെ കണ്ടു നിന്നിട്ടുണ്ട്. കുന്നിന്‍ചരുവിലെ ചുടലപ്പറമ്പില്‍ വേണ്ടത്ര ആഴത്തിലൊന്നുമല്ലാതെ മറവുചെയ്യുന്ന ആ ശവശരീരങ്ങള്‍ പലപ്പോളും കുറുക്കനും നായ്ക്കളും മാന്തിക്കീറിയെടുക്കാറുണ്ടെന്നും പറഞ്ഞു കേട്ടിരുന്നു. നിറഞ്ഞൊരു സന്ധ്യയില്‍ പ്രസവത്തില്‍ മരിച്ചു പോയ യുവതിയെയും കുഞ്ഞിനെയും പായില്‍ പൊതിഞ്ഞു കൊണ്ടുപോവുന്ന ദൃശ്യം മറക്കാനാവാത്ത ഓര്‍മ്മകളിലൊന്ന്.

എല്ലാ നാടിന്റേയും സ്വന്തമായ ശരീരവില്‍പ്പനക്കാരികളായിരുന്നു മറ്റൊരു കൗതുകം. എല്ലാവരും ജോലി കഴിഞ്ഞ് വീടുകളിലേക്കു മടങ്ങുമ്പോള്‍ കുളിച്ച്, തലയിലെ എണ്ണ മെഴുക്കു മുഖത്തേക്കിറങ്ങി, കടുത്ത മണമുള്ള പൗഡര്‍ വാരിപ്പൂശി, നാടന്‍ കണ്‍മഷി പടര്‍ത്തിയെഴുതി, തലമുടിയില്‍ കനകാംമ്പരവും മുല്ലയും ചൂടി കൈലിക്കും ബ്ലൗസിനും മുകളില്‍ തോര്‍ത്തുമുണ്ടണിഞ്ഞ് (ചിലപ്പോള്‍ സാരിയും) കയ്യില്‍ ഒരു ആഴ്ചപ്പതിപ്പും ചുരുട്ടിപ്പിടിച്ച് കാണുന്നവരോടൊക്കെ വെളുക്കെച്ചിരിച്ച് അവര്‍ അങ്ങാടിയിലേക്ക് നടന്നുപോകുന്നത് നിഗൂഢമായി നോക്കി നിന്നിട്ടുണ്ട്. വൈകുന്നേരങ്ങളില്‍ ഗേറ്റില്‍ വന്നു നിന്നാല്‍ പാലക്കാടന്‍ അതിര്‍ത്തിയിലേക്കു പോകുന്ന തമിഴ് ലോറികള്‍ കാണാം. കറുത്തിരുണ്ട തമിഴന്‍മാര്‍ മുറുക്കിച്ചുവപ്പിച്ച നാക്കു നീട്ടി ചിലപ്പോള്‍ പേടിപ്പിക്കും.sheeba e k ,memories, iemalayalam

കൂലിവേലക്കായി ഇന്നത്തെപ്പോലെ അന്യസംസ്ഥാനക്കാര്‍ വന്നുതുടങ്ങിയിരുന്നില്ല. വീടിനടുത്ത പാറമടയില്‍ ഒന്നു രണ്ടു തമിഴ് കുടുംബങ്ങള്‍ പണിയെടുക്കുന്നുണ്ട്. ഇടയക്ക് അവരെ കാണാന്‍ പോകും. അച്ഛനമ്മമാര്‍ പാറ പൊട്ടിക്കുമ്പോള്‍ അടിമുടി പാറപ്പൊടിയില്‍ കുളിച്ച കുഞ്ഞുങ്ങള്‍ ഉറക്കെ കരഞ്ഞു കൊണ്ടിരിക്കും. കുട്ടികളെ തെല്ലും ശ്രദ്ധിക്കാതെ സ്ത്രീകള്‍ കലമ്പിക്കൊണ്ടിരിക്കുന്നത് കേള്‍ക്കാന്‍ നല്ല രസമാണ്…തമാശ പറയുമ്പോഴും വഴക്കിടുന്നപോലെയാണ് അവരുടെ സംസാരം. സാരി ഉയര്‍ത്തിപ്പിടിച്ച് തമിഴ് സ്ത്രീകള്‍ നടുറോഡില്‍ നിന്നു മൂത്രമൊഴിക്കുന്നതും സാധാരണകാഴ്ചയായിരുന്നു. അവര്‍ക്കിടയില്‍നിന്ന് എനിക്കൊരു കൂട്ടുകാരിയെക്കിട്ടി. കമലത്ത് എന്നായിരുന്നു അവളെ വിളിച്ചിരുന്നത്. എന്നേക്കാള്‍ മൂന്നാലു വയസ്സുകൂടും. എല്ലാവരുടെയും കണ്ണുവെട്ടിച്ച് ഇടയ്ക്ക് കമലത്തിനെ കാണാന്‍ പോകും. അവള്‍ക്കു ധാരാളം വീട്ടുജോലികള്‍ കാണും. അമ്മയും അച്ഛനും പണിക്കു പോയാല്‍ താഴെയുള്ള കുട്ടികളെ നോക്കണം. പാചകം ചെയ്യണം. അതുകൊണ്ടൊക്കെത്തന്നെ അവള്‍ക്ക് അന്നേ മുതിര്‍ന്ന വീട്ടമ്മയുടെ ഭാവമാണ്. ആ വീട്ടുമുറ്റത്ത് കാവി നിറമുള്ള കനകാംബരം അടിമുടി പൂത്തുനില്‍ക്കുന്നുണ്ടാവും. പൂപറിച്ച് അവള്‍ വേലിക്കു മുകളിലൂടെ എന്റെ കയ്യിലേക്കിട്ടു തരും. വാഴത്തടയില്‍ നിന്നും നാരെടുത്ത് കനകാംബരപ്പൂമാല കെട്ടാന്‍ അവളാണെന്നെപ്പഠിപ്പിച്ചത്. വാടാത്ത കനകാംബരങ്ങള്‍ കൊണ്ട് നീളമേറിയ പൂമാലകള്‍ കെട്ടി രാത്രി മുഴുവന്‍ ഞാന്‍ കമലത്തിനെ, അവളുടെ നാടിനെ, ജീവിതത്തെ, ഓര്‍ത്തിരുന്നു. അവളുടെ ഭൂതവും ഭാവിയും വെറുതെ സങ്കല്‍പ്പിച്ചു. ഇളയരാജയുടെ പാട്ടുകളുടെ അര്‍ത്ഥമറിയാതെ ആ നാടിനെ സ്വപ്‌നം കണ്ടു.sheeba e k ,memories, iemalayalam
പിന്നെ അവര്‍ വീടുമാറിപ്പോയി. യാത്ര പറയാനായി കമലത്ത് വേലിക്കല്‍ വന്നു നിന്നു. അധികമൊന്നും സംസാരിക്കാതെ കുറേ കനകാംബരങ്ങള്‍ കൈയ്യില്‍ വച്ചു തന്നു. അവളുടെ ചെമ്പന്‍മുടി കാറ്റില്‍പാറിപ്പറന്നിരുന്നു. തിരിച്ചറിയാനാവാത്ത ഒരു വേദന എന്നെ പൊതിഞ്ഞു. കുറേമാസങ്ങള്‍ക്കു ശേഷം അവള്‍ റോഡിലൂടെ നടന്നു പോകുന്നതു കണ്ടു. ദാവണി ചുറ്റി വലിയ പെണ്ണായി സഹോദരങ്ങള്‍ക്കൊപ്പം അധികാരത്തോടെ പോകുന്ന അവള്‍ എന്നെ കണ്ടതേയില്ല. കല്യാണം കഴിപ്പിക്കാനായി അവളെ നാട്ടിലേക്കയച്ചുവെന്ന് പിന്നെ ഇളയമ്മ പറഞ്ഞറിഞ്ഞു. കമലത്തിന്റെ പൊട്ടിച്ചിരിയും എണ്ണമിനുപ്പുള്ള, പ്രസരിപ്പുള്ള മുഖവും അവ്യക്തമായ ഒരു വേദനയോടെ കുറേക്കാലം ഓര്‍ക്കുമായിരുന്നു.
അന്നെല്ലാം രാത്രികളില്‍ വീട് നിശ്ശബ്ദമാകുമ്പോള്‍ ഞാന്‍ മാത്രം ഉണര്‍ന്നിരിക്കും. ഫാനിന്റെ ശബ്ദവും ഉറങ്ങുന്നവരുടെ ശ്വാസതാളങ്ങളും ചിലപ്പോഴൊക്കെ കുറ്റിച്ചൂളാന്‍ കൂവുന്നതും കാതോര്‍ത്തു കിടക്കുമ്പോള്‍ എന്തിനെന്നറിയാതെ സങ്കടത്തിന്റെ ഒരല തൊണ്ടയില്‍ വന്നു തള്ളും. പിടിച്ചു നിര്‍ത്താനാവാതെ കണ്ണീരില്‍ തലയിണ കുതിരും. ചില രാത്രികളില്‍ വെള്ളം കുടിക്കാനായി ആപ്പ ഉണര്‍ന്നു ലൈറ്റിടുമ്പോള്‍ കണ്ണുകളുരുട്ടി ആലോചനാപൂര്‍വ്വം കിടക്കുന്ന എന്നെ നോക്കി വാത്സല്യത്തോടെ ഇനിയും ഉറങ്ങിയില്ലേ എന്നു ചോദിച്ച് നെഞ്ചോടു ചേര്‍ത്ത് താളം പിടിച്ചുറക്കും.

വേര്‍തിരിച്ചറിയാത്ത വേദനകളില്‍ വിങ്ങി സങ്കടം കൊണ്ട് നിറയുമ്പോള്‍ എനിക്കെന്നോടുതന്നെ ദേഷ്യവും അപകര്‍ഷതയും തോന്നും. ജീവിതത്തെക്കുറിച്ച് ആശങ്ക തോന്നും. എന്താണ് ഞാന്‍ മാത്രമിങ്ങനെ…അന്യഥാത്വത്തിന്റേതായ ആ രാത്രികള്‍ ഉത്തരം കിട്ടാതെ എപ്പോഴോ ഒരുറക്കത്തിലേക്ക് വീണുപോവുകയായിരുന്നു പതിവ്. ഇന്നും ഞാന്‍ തേടുന്നത് ഉത്തരങ്ങള്‍ തന്നെയാണല്ലോ. ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കുമിടയില്‍ ആരുടെയൊക്കെയോ ജിവിതങ്ങള്‍ ഉള്ളിലൂടെ കടന്നുപോകുന്നു, ഭൂതവും ഭാവിയും അറിയാതെ വെളിപ്പെടുന്നു .അവയില്‍ നിന്ന് ചിലപ്പോഴൊക്കെ കഥകള്‍ പിറക്കുന്നു.
എഴുത്തിന്റെ ആകസ്മികതകള്‍ക്ക് കൃത്യമായൊരുത്തരമില്ല തന്നെ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook