പാടവരമ്പത്തേയ്ക്ക് പറന്ന കതിര് കാണാകിളികൾ
കാലപ്രവാഹത്തിലെ ഏതോ ഒരു ബിന്ദുവിൽ നിന്നാരംഭിച്ച ജീവകണത്തിന്റെ യാത്ര തുടരുകയാണ്. നിലവിളികളും പൊട്ടിച്ചിരികളും ശാപങ്ങളും ശകാരങ്ങളും അനുഗ്രഹവചനങ്ങളുമെല്ലാം കൂടിക്കലർന്നൊരു ശബ്ദപ്രപഞ്ചം, അനുയാത്ര ചെയ്യുന്നുമുണ്ട്. പിറന്നനാൾ തൊട്ട് പിന്തുടരുന്ന ശബ്ദകോശം. ഒരു നിമിഷം നിന്ന് കാതോർക്കുമ്പോൾ… അവയിലേതൊക്കെയോ വേറിട്ടറിയാനാവുന്നു. ഈ ആത്മഗതം അവയിലൊന്നാണ് :
“ഷാനിമ്പൂനൊക്കെ എന്തു സുഗാ… ” മൂന്നോ നാലോ വയസ്സുള്ളൊരു ബാലന്റെ സങ്കടം കനത്ത ഹൃദയത്തിലൂറി, വരണ്ടതൊണ്ടയിലൂടെ ഇടറിവീണത്. വിശപ്പിന്റെ കാളലിൽ പുകഞ്ഞ വാക്കുകൾ .
ചെറുതുരുത്തിയിലെ തറവാട്ടുവീട്ടിൽ അഞ്ചു വയസ്സുവരെയേ താമസിച്ചിട്ടുള്ളൂ. അതിനിടെയൊന്നും പട്ടിണി- നേരിൽ അനുഭവിച്ചിട്ടില്ല. നേരെ മറിച്ച്, കഴിക്കാനുള്ള മടിയും താൽപ്പര്യക്കുറവും ചേർന്ന് മുദ്രവച്ച ഈ ചുണ്ടുകൾ തുറന്ന് രണ്ടുവറ്റെങ്കിലും അകത്താക്കിത്തരാൻ ഉമ്മയും അമ്മായിയും മറ്റും കഷ്ടപ്പെട്ടിട്ടുണ്ട്.
അത്യാവശ്യത്തിന് നെൽക്കൃഷിയും പറമ്പിൽ കുറച്ച് വയസ്സൻ തെങ്ങുകളുമൊക്കെയുണ്ടായിരുന്നു തറവാട്ടിൽ. അംഗങ്ങളിൽ ചിലർ സർക്കാർ ജോലിയുളളവരായിരുന്നു. ഇടത്തരം കൂട്ടുകുടുംബം എന്ന് പറയാം.
ആ വീടിനു ചുറ്റുപാടും പക്ഷേ, വേറെയും വീടുകളുണ്ടായിരുന്നു. ഒഴിഞ്ഞ വയറോ അരവയറോ ആയി കിടക്കപ്പായിൽ ഉറക്കം വരാതെ തിരിഞ്ഞുമറിഞ്ഞ് രാവു വെളുപ്പിച്ചിരുന്നവരായിരുന്നു ആ വീടുകളിൽ ഒരു നേരം കിട്ടുന്ന ഉപ്പുമാവു മാത്രം വിദ്യാഭ്യാസലക്ഷ്യമായിക്കണ്ട് മക്കളെ പളളിക്കൂടത്തിലേയ്ക്ക് വിട്ടിരുന്നവർ. അൽപ്പമെങ്കിലും മുതിർന്നുകിട്ടിയാൽ അവരെ ഏതെങ്കിലും വേലയ്ക്കു പറഞ്ഞയച്ച് കുടുംബത്തിന്റെ പട്ടിണി മാറ്റാൻ ശ്രമിച്ചിരുന്നവർ . അത്തരമൊരു വീട്ടിലെ കുഞ്ഞ് – സ്ക്കൂളിൽ പോവാൻ പ്രായമായിരുന്നില്ല; എന്റെ സമപ്രായക്കാരൻ. ബാല്യത്തിന്റെ മാഞ്ചോട്ടിലെ കളിക്കൂട്ടുകാരൻ. അവൻറേതാണ് ഗദ്ഗദം പുരണ്ട, നേർത്ത അസൂയ കലർന്ന ആ വാക്കുകൾ :
“ഷാനിമ്പൂനൊക്കെ എന്ത് സുഗാ..!” ‘ഷാനിമ്പു’ – അതായത്, ഈയുളളവൾ.
ഇവളുടെ സുഖത്തിന് അടിസ്ഥാനമെന്ന് അവൻ സൂചിപ്പിച്ചത് എന്തെന്നോ?
“എപ്പള്വെപ്പളും ചോറ് വെയിക്കാ….!”
അതെ , സമ്പന്നരല്ലെങ്കിലും വേണമെങ്കിൽ നേരത്തിന് ചോറുണ്ണാവുന്ന ഒരവസ്ഥ ഞങ്ങൾക്കുണ്ടായിരുന്നു. അത്തരത്തിൽ ഭാഗ്യം സിദ്ധിച്ച, ഞാനടങ്ങുന്ന കൂട്ടുകാരൊത്ത് കളിക്കുമ്പോഴൊക്കെ ആ കുട്ടിയുടെ വയറ് വിശന്നു കായുകയായിരുന്നിരിക്കണം.
ഞങ്ങൾ തമ്മിലെ ആ അന്തരം അവന്റെ മനസ്സിനെ നീറ്റിയിട്ടുണ്ടാവണം… മാഞ്ചോട്ടിൽ കല്ലുപടുത്തുകെട്ടിയ തറയിലിരുന്ന് ഞങ്ങൾ ചോറും കറിയും വെച്ചു കളിക്കുമായിരുന്നു. അപ്പോഴും, സ്ക്കൂളിൽനിന്ന് സഹോദരങ്ങൾ കൊണ്ടുവരുന്ന ഗോതമ്പുപ്പുമാവോ, പണിക്കു പോവുന്ന വീടുകളിൽ നിന്ന് ഉമ്മ കൊണ്ടുവരുന്ന പഴഞ്ചോറോ പ്രതീക്ഷിച്ച്, ആ പാടവരമ്പത്തേയ്ക്ക് അവന്റെ വിശന്ന നോട്ടങ്ങൾ കതിരു കാണാക്കിളികളായി പാറിപ്പോയിട്ടുണ്ടാവാം.
അപകടകാരിയായൊരു മുഴ പൊങ്ങിനിൽക്കുന്ന കഴുത്തു വളച്ച് , കൂനിക്കൂടിയിരുന്ന് തെങ്ങോലകൾ മെടഞ്ഞിരുന്ന അവന്റെ വാപ്പയെ ഓർക്കുന്നു; സമീപത്തെ ചില വീടുകളിൽ – ഞങ്ങളുടേതടക്കം – പണിക്കു പോയിരുന്ന അവന്റെ ഉമ്മയെയും.
നെല്ലു കുത്തിയും ചെമ്പുപാത്രങ്ങൾ മോറിയും അരി ചേറിയും പകലുകളെ വിയർപ്പിൽ കുതിർത്തെടുത്ത അവന്റെ ഉമ്മ. അക്ഷരാർത്ഥത്തിൽ ‘എല്ലുമുറിയെപ്പണിയുന്ന’ ആ ഉമ്മയ്ക്ക് പക്ഷേ, പല്ലുമുറിയെ എന്നതു പോയിട്ട് വിശപ്പാറുവോളമെങ്കിലും ഭക്ഷണം കഴിക്കാനായത് എത്രയോ കാലമിപ്പുറത്താണ് എന്നും ഓർക്കുന്നു. അംഗസംഖ്യ കൂടുതലായിരുന്ന ആ കുടുംബത്തിൽ എല്ലാവർക്കും ഒരുപോലെ ഭക്ഷണം കിട്ടിയിരുന്നത് ഒരു നേരമൊക്കെ ആയിരുന്നിരിക്കാം.
അങ്ങനെയായിരുന്നുവോ ആ കാലം? കുട്ടിയായിരുന്നപ്പോൾ അവന്റെ തൊട്ടരികിലിരുന്ന് കളിച്ചപ്പോൾ അറിഞ്ഞില്ല. ഇന്ന് അറിയുന്നു .അവനെപ്പോലെ എത്രയോ കുഞ്ഞുങ്ങൾ ഒരു നേരം മാത്രം എന്തെങ്കിലും ഭക്ഷിച്ച് പാതിവിശപ്പു മാറ്റിയിരുന്ന കാലമായിരുന്നു അത്.
(അതിനു മുമ്പത്തെ കഥ അതിലേറെ ശോചനീയമായിരിക്കാമെന്ന് പറയേണ്ടതില്ലല്ലോ. പണ്ടത്തെ സ്ഥിതിയെപ്പറ്റി കേട്ടറിഞ്ഞിട്ടുണ്ട്. അന്നൊന്നും സ്ക്കൂളുകളിൽ ഉപ്പുമാവും ഇല്ലായിരുന്നെന്നു തോന്നുന്നു. എത്രയോ കുട്ടികൾ ഉച്ചയ്ക്ക്, കത്തുന്ന വയറ്റിലേയ്ക്ക് പച്ചവെള്ളം കോരിയൊഴിച്ച് അഗ്നിശമനം നടത്തിയിട്ടുണ്ടാവാം).
തീർച്ചയായും വയറുനിറയെത്തിന്ന് ഏമ്പക്കവും വിട്ട് മുറുക്കിരസിച്ച കുടവയറൻമാരും വയറത്തികളുമുള്ള വീടുകളുണ്ടായിരുന്നു, അന്നും. അവർക്ക് ചുറ്റും ആരുടെയൊക്കെയോ ഔദാര്യം കാത്ത്, കൂനിക്കൂടി പട്ടിണി കിടന്ന കൂരകൾ അതിലേറെയായിരുന്നു. ആ കൂരകളിൽ അടുപ്പിലല്ല തീനാളങ്ങൾ ആളിക്കത്തിയിരുന്നത്. അവിടത്തെ മനുഷ്യജീവികളുടെ ആമാശയങ്ങളിലും ഹൃദയങ്ങളിലുമായിരുന്നു.
ഞങ്ങളുടെ കുട്ടിക്കാലത്തും അങ്കണവാടികളുണ്ടായിരുന്നു. പക്ഷേ, കുഞ്ഞിക്കാലുകൾക്ക് നടന്നെത്താൻ പാകത്തിൽ അവ വ്യാപകമായത് പിന്നീടാവണം. ഏതായാലും, അവയിലൂടെയാവാം അഞ്ചു വയസ്സിൽത്താഴെയുള്ള കുഞ്ഞുങ്ങൾ മിക്കവരും പകൽനേരം നല്ല ഭക്ഷണം കഴിച്ചുതുടങ്ങിയത്. അദ്ധ്വാനിക്കുന്നവർക്ക് ഭേദപ്പെട്ട കൂലി കിട്ടാനും തുടങ്ങിയതോടെ സ്ഥിതി പിന്നീടെത്രയോ മെച്ചമായി. എന്നാലും ഇന്നും പിന്തുടർന്ന് കാതുകളെ പൊള്ളിക്കുന്നു, വർഷങ്ങൾക്കപ്പുറത്തു നിന്ന് ഈ വാക്കുകൾ:
“ഷാനിമ്പൂനൊക്കെ എന്ത് സുഗാ…
എപ്പള്വെപ്പളും ചോറ് വെയിക്കാ…!”
പാവട്ടയിലെ മങ്ങിയ വെളളപൂക്കൾ
കുട്ടിക്കാലം. മറവിയുടെ പായൽ പടർന്ന ഓർമ്മപ്പടവുകളിലൊന്നിൽ ഒരു തൊട്ടാവാടിച്ചെടിയുണ്ട്. ഏറെ സെൻസിറ്റീവായിരുന്ന ഒരു ഏഴു വയസ്സുകാരിയുടെ മനസ്സ് ആ തൊട്ടാവാടിയുടെ ഇത്തിരിപ്പോന്ന മുള്ളുകളിൽ കുരുങ്ങി നീറിയിട്ടുണ്ട്.
മുഹമ്മദുണ്ണി- അവന് വിളർത്ത വട്ടമുഖവും ദൈന്യം നീന്തുന്ന മിഴികളുമുണ്ടായിരുന്നു. മെലിഞ്ഞ ഉടൽ. അതിന് ചേരാത്ത വിധം ഇത്തിരി വലിയ തല.മൊട്ടത്തലയാണ്. കുറ്റിമുടികൾ വളർന്നു വരുമ്പോഴേയ്ക്കും യത്തീംഖാനയിലേയ്ക്ക് ബാർബറെത്തും. വീണ്ടും വടിക്കും അവന്റെ തല. അവനെപ്പോലെ ഒട്ടേറെ പൈതങ്ങൾക്ക് അഭയമരുളിയിരുന്നു , ആ യത്തീംഖാന. ഇന്നുമുണ്ടത് ചെറുതുരുത്തിയിൽ.
അന്ന് ഞങ്ങൾ മൂന്നാം ക്ലാസ്സിലാണ്. മുഹമ്മദുണ്ണി പുതിയതായി വന്നു ചേർന്നതാണ്; സ്ക്കൂളിലും യത്തീംഖാനയിലും. വാപ്പ മരിച്ച കുട്ടി. ചേർക്കുന്ന ദിവസം അവന്റെ ഉമ്മ വന്നിരുന്നു. കുഞ്ഞുക്കുട്ടി ടീച്ചർ അവരുടെ എല്ലിച്ച കൈത്തണ്ടയിൽ പിടിച്ചുകൊണ്ട് എന്തൊക്കെയോ പറഞ്ഞതും, അവർ കണ്ണു തുടച്ചു കൊണ്ടേയിരുന്നതും ഓർക്കുന്നു. അന്ന് വൈകീട്ട് സ്ക്കൂൾ വിട്ടാൽ അവൻ പോവേണ്ടത് വീട്ടിലേയ്ക്കല്ല. ഉമ്മയുള്ള വീട്ടിൽ നിന്നുമെത്രയോ ദൂരെ, തീർത്തും അപരിചിതമായൊരു നാട്ടിലെ അനാഥാലയമാണ് അവനെക്കാത്തിരിക്കുന്നത്.
തിരിഞ്ഞു തിരിഞ്ഞു നോക്കിയും സാരിത്തലപ്പു കൊണ്ട്കണ്ണു തുടച്ചും ഉമ്മ പോവുമ്പോൾ അവൻ തല താഴ്ത്തിയിരിപ്പായിരുന്നു, എന്റെ തൊട്ടടുത്ത ബെഞ്ചിൽ. മടിയിൽ നിസ്സഹായം മലർത്തിവച്ച കൈപ്പത്തികൾക്കു മേൽ കണ്ണീര് ഇറ്റി വീണുകൊണ്ടിരുന്നു.
കണ്ണീര് ഇറ്റിവീണുനനഞ്ഞ വരണ്ട കുഞ്ഞിക്കൈകൾ ഹൃദയത്തിൽ അവനെക്കുറിച്ച് പതിഞ്ഞ ആദ്യത്തെ ഓർമ്മയായി. അന്നുതൊട്ട് അവനെ ശ്രദ്ധിക്കാൻ തുടങ്ങിയതാണ് . അവൻ അടുത്തു വരുമ്പോഴേയ്ക്കും ഒരു ദാരിദ്ര്യഗന്ധം വന്നെന്നെപ്പൊതിയും. മിണ്ടാൻ നോക്കിയിട്ട്, ഒരു രക്ഷയുമില്ല. തികഞ്ഞ മൗനിയായിരുന്നു അവൻ. ഒരു കുഞ്ഞനാമയുടെ മട്ട്. ഏറ്റിയാൽ പൊന്താത്ത സങ്കടത്തിന്റെ തോടിൽ സ്വയമൊതുങ്ങുന്ന കുഞ്ഞനാമ .ആരെങ്കിലുമൊന്ന് തറപ്പിച്ചുനോക്കിയാൽ മതി, കണ്ണുനിറയാൻ. വെളുപ്പിൽ ഇളംനീലയും റോസും പച്ചയും മറ്റും വരകളുള്ള ‘സ്പെഷ്യൽ’ സ്ലേറ്റ് പെൻസിൽ: ചോക്കപ്പെൻസിൽഎന്നാണ് ഞങ്ങളതിനെ ഇമ്പത്തോടെ വിളിച്ചത്, കള്ളിച്ചെടിയുടെ നീരുനിറഞ്ഞുവിങ്ങുന്ന ഇല ചതുരത്തിൽ മുറിച്ചെടുത്ത ‘മായ്പ്പ് ‘ എന്നിവയൊക്കെ കൊടുത്ത് അവന്റെ ചങ്ങാതിയാവാൻ നോക്കി. എന്നിട്ടും ആമക്കുഞ്ഞ് വായ്തുറന്ന് ഒന്നും മിണ്ടിയില്ല. കൊടുത്തത് വാങ്ങും; പകരമാ സങ്കടച്ചിരി നീട്ടും.
ഉച്ചഭക്ഷണസമയത്ത് വീട്ടിൽപ്പോയാൽ മടിച്ചുമടിച്ചാണ് ഞാൻ തിരിച്ചെത്തുക. ഇത്തിരി നേരം പോലും ഉമ്മയെപ്പിരിയാൻ വയ്യ. ചക്രങ്ങളുള്ള ഒരു വീട് അന്നത്തെ സ്വപ്നമായിരുന്നു. അതിലിരുന്ന് സ്ക്കൂളിലേയ്ക്കും തിരിച്ചും സഞ്ചരിക്കാം. ഗേറ്റിനു പുറത്ത് ‘പാർക്ക് ‘ ചെയ്ത വീട്ടിനുള്ളിൽ ഉമ്മ ഉച്ചമയങ്ങിക്കോട്ടെ. ക്ലാസ്സിന്റെ അരമതിലിലൂടെ ഇടയ്ക്കിടെ എത്തി നോക്കി വീടു കാണാം. എന്നൊക്കെ ചിന്തിച്ച കാലം. ഇന്നും വിട്ടുമാറാത്ത ആ ‘വീട്ടുപനി’ കൊണ്ടു കൂടിയാവും അവനെപ്പോലെ ഉറ്റവരെപ്പിരിഞ്ഞു നിൽക്കേണ്ടിവരുന്ന കുഞ്ഞുങ്ങൾ മനസ്സിൽ വിങ്ങലുണ്ടാക്കിയിരുന്നതും ,ഇന്നും ഉണ്ടാക്കുന്നതും.
ഉച്ചയ്ക്ക് ഗേറ്റ് കടന്നു സ്ക്കൂൾമുറ്റത്തേയ്ക്കു ചെല്ലുമ്പോൾ എല്ലാ കൂട്ടുകാരും ആർത്തുവിളിച്ചു കളിക്കുന്നതാണ് കാണുക. ഒരു കുട്ടി മാത്രം – മുഹമ്മദുണ്ണിയല്ലാതെ മറ്റാര്? -ഗേറ്റിനരികെ, ഒരു ശില്പം പോലെ വളഞ്ഞുതിരിഞ്ഞു നിന്ന ആ മഞ്ഞപ്പാവട്ട മരത്തിൽ ചാരി റോഡിലേയ്ക്ക് ഉറ്റുനോക്കുന്നുണ്ടാവും. ആരെയോ കാത്തുനിൽക്കും പോലെ. ആരെയാണെന്ന് ഒന്നു രണ്ടു തവണ ചോദിച്ചിട്ടുണ്ട്. ആ വാട്ടച്ചിരി സമ്മാനിച്ച് അവൻ ഒഴിഞ്ഞു മാറി.
അങ്ങനെയൊരു ദിവസം പതിവുപോലെ, ഒരടി മുന്നോട്ടും രണ്ടടി പിന്നോട്ടുമായി മടിയുടെ ഭാരവുമേറ്റി ഗേറ്റു കടന്നുചെന്നപ്പോൾ ആ കാഴ്ച കണ്ടു. മുഹമ്മദുണ്ണി ഇത്ര നാൾ കാത്തു നിന്ന ആ വ്യക്തി വന്നെത്തിയിരിക്കുന്നു. ഒരുപാടു ദൂരം യാത്ര ചെയ്ത മട്ടുണ്ടവർക്ക്. വെയിലേറ്റു കരിഞ്ഞ മെലിഞ്ഞ ഉടൽ. തളർന്ന മിഴികൾ. പഴകി നരച്ച മുഴുക്കൈകുപ്പായവും പിഞ്ഞിയ സാരിയും. ഞരമ്പുപൊന്തിയ കൈകളാൽ മകനെ അണച്ചു പിടിച്ചു നിൽക്കുന്നു, അവർ – അവന്റെ ഉമ്മ. മഞ്ഞപ്പാവട്ടമരത്തിനു ചോട്ടിലെ ഇത്തിരിത്തണൽ വട്ടത്തിലെ നിശ്ചല ദൃശ്യമായി, രണ്ടാത്മാക്കൾ!
അന്ന്, ആ മരത്തിൽ വിരിഞ്ഞു നിന്ന, മങ്ങിയ വെള്ളപ്പൂക്കൾ അന്നോളമറിഞ്ഞിട്ടില്ലാത്ത ഒരു ഗന്ധം പൊഴിച്ചിരുന്നുവോ? അതിനു ശേഷം പാവട്ടയുടെ പൂക്കൾ മണക്കുമ്പോഴെല്ലാം ആ സമാഗമദൃശ്യം മനസ്സിൽ തെളിഞ്ഞു വരും.
ഉമ്മയുടെ വയറ്റത്ത് മുഖമമർത്തി ശബ്ദമില്ലാതെ തേങ്ങുന്ന ആ കുട്ടി. അവന്റെ കുറ്റിത്തല മുടിയിലും തേങ്ങലിൽ പൊങ്ങിത്താഴുന്ന മുതുകത്തും തലോടിക്കൊണ്ട് കണ്ണീരടക്കി നിൽക്കുന്ന ഉമ്മ.
ആ ചരൽമണ്ണിൽ ഞാനന്ന് തറഞ്ഞു നിന്നുപോയി. വ്യക്തികളുടെ സ്വകാര്യതയെക്കുറിച്ചൊന്നും അന്ന് ബോധ്യമില്ലായിരുന്നല്ലോ. അവിടെത്തന്നെ എത്രയോ നേരം നിന്ന് അവരെ ഉറ്റുനോക്കിയിരിക്കണം. ആ കൊച്ചുകൂട്ടുകാരൻ അടക്കിവെയ്ക്കുന്നതെന്തൊക്കെയെന്നും എത്രത്തോളമെന്നും ഞാനറിയുകയായിരുന്നു..
എപ്പോഴോ മുഖമുയർത്തിയപ്പോൾ അവരാ നിൽപ്പ് കണ്ടു കാണും. മകന്റെ അതേ വാടിയ ചിരി എനിക്കു തന്നിട്ട് അവനെ ദേഹത്തു നിന്നടർത്തിമാറ്റി. സാരിത്തലപ്പു കൊണ്ട് കണ്ണും മൂക്കുമൊക്കെ തുടച്ചുകൊടുത്തു. സാരിയുടെ മടക്കിൽ നിന്ന് ഏതാനും ചില്ലറത്തുട്ടുകളെടുത്ത് അവന്റെ കീശയിലിട്ടു കൊടുത്തു. അവന്റെ കവിളുകൾ തലോടി. വായ തുറന്നു നോക്കി. ആ മഞ്ഞച്ച പലകപ്പല്ലുകൾ കണ്ട്പരിതപിച്ചു.
കരിക്കട്ട പൊടിച്ച് പല്ല് അമർത്തിത്തേയ്ക്കണമെന്ന് നിർദ്ദേശിച്ചു. ഇന്ന് ചില ടൂത്ത് പേസ്റ്റ്കമ്പനികൾ കരിചേർത്ത പേസ്റ്റിന്റെ ഗുണഗണങ്ങൾ പരസ്യപ്പെടുത്തുമ്പോൾ ഞാനോർത്തു പോവുന്നത് ആ ദരിദ്രമാതാവിനെയാണ് .
കുറേക്കഴിഞ്ഞ് സ്ഥലകാലബോധം വീണ്ടെടുത്ത ഞാൻ വരാന്തയിലേയ്ക്കോടി. അവിടെയെത്തിയപ്പോൾ വീണ്ടും അവരെ നോക്കാൻ തോന്നി. തൂണിനടുത്തു നിന്ന് നോക്കിയപ്പോൾ എന്തൊക്കെയോ പറഞ്ഞ് മോനെ സമാധാനിപ്പിക്കുന്ന ഉമ്മയെക്കണ്ടു. അവൻ മൊട്ടത്തലയാട്ടി എല്ലാം സമ്മതിക്കുന്നുണ്ട്. പക്ഷേ കണ്ണുകൾ കവിഞ്ഞു കൊണ്ടേയിരുന്നു. ഉമ്മ പോവാനൊരുങ്ങുന്നു. അവർ ഒരുമിച്ച് ഗേറ്റിനടുത്തേയ്ക്ക് നടക്കുന്നു… ആ വേർപാട് കണ്ടു നിൽക്കാനാവാതെ ഞാൻ ക്ലാസ്സിലേയ്ക്ക് ഇടറിനടന്നു.
പിന്നീടെത്രയെത്ര സുഖദുഃഖങ്ങൾ അനുഭവിച്ചു! അതിലുമെത്രയോ ദയനീയമായ രംഗങ്ങൾ കണ്ടു; കഥകൾ കേട്ടു; പലതിലും സ്വയമൊരു കഥാപാത്രമായി. വികാരങ്ങളുടെ കടുംചായം പുരണ്ട എത്രയോ ചിത്രങ്ങൾ എഴുതുകയും മറവികൊണ്ടവ മായ്ക്കുകയും ചെയ്തു. എന്നിട്ടും മാഞ്ഞുപോവാതെ, തെളിഞ്ഞുതെളിഞ്ഞു വരുന്നു, മങ്ങിയ ഇളം വെള്ളപ്പൂക്കൾ വേദനകലർന്ന വാത്സല്യഗന്ധം പൊഴിക്കുന്ന ആ മഞ്ഞപ്പാവട്ടമരവും അതിനു ചോട്ടിൽ ചേർന്നുനില്ക്കുന്ന അമ്മയും കുഞ്ഞും.
ശില പോലുറഞ്ഞുനിൽക്കുമോ ജീവിതാന്ത്യം വരെയും, നിങ്ങളിവളിൽ?