ജീവിതത്തിന് പഴയകാല സിനിമകളോടല്ല പുതിയകാലസിനിമകളോടാണ് സാമ്യം എന്നു തോന്നാറുണ്ട് ഇപ്പോഴിപ്പോഴായി. കാരണം ആദ്യ സീനില്‍ വന്ന ആള്‍ അവസാന സീന്‍ വരെ ഉണ്ടാകുന്നത് എത്ര ചുരുക്കമാണ് പുതുകാല സിനിമകളില്‍. ചിലര്‍ വരുന്നു, കൊഴിഞ്ഞു പോകുന്നു, കഥാനായകന്റെയും നായികയുടെയും ജീവിതം പിന്നെയും ഫ്രെയിമുകളില്‍ നിന്നു ഫ്രെയിമുകളിലേക്ക് ഒഴുകുന്നു. അതാണിപ്പോഴത്തെ സിനിമ. പക്ഷേ സിനിമയുടെ ടോട്ടാലിറ്റിയിലേക്ക് എന്തെങ്കിലും ഒന്ന് കൊടുക്കാതെ പോകുന്നില്ല ഒരു കഥാപാത്രവും. കഥാഗതിയെ മുന്നോട്ട് തെളിക്കാന്‍ ഈ ഉപകഥാപാത്രങ്ങളുടെ മിന്നിമായലുകള്‍ ചെയ്യുന്ന സഹായം ചിലപ്പോഴൊക്കെ സിനിമയുടെ അച്ചുതണ്ടാണ്.

ഇതു തന്നെയല്ലേ ഏക്കാലത്തെയും ജീവിതം!

ജീവിതത്തിലേക്ക് കടന്നു വരുന്ന ആളുകളില്‍ എത്ര പേരാണ് അവസാനം വരെ കൂടെ ഉണ്ടാവുക? അവരവരുടെ റോള്‍ ചെയ്ത് കടന്നു പോകുന്ന എത്രയോ പേര്‍ കൂടിയതാണ് ഓരോ ആളുടെയും ജീവിതം! വന്നുകയറി ഇത്തിരിനേരത്തിനു ശേഷം ഇറങ്ങിപ്പോകുന്ന ഓരോ ആളും ഓരോ ഇടവും നമ്മുടെയൊക്കെ ജീവിതത്തെ മുന്നോട്ടു നയിക്കുന്നതില്‍ വഹിക്കുന്ന പങ്ക് ചെറുതല്ലതാനും. ഒരാളും ഒരിടവും ഒരു സന്ദര്‍ഭവവും വെറുതെ വന്നുകയറിയിറങ്ങി പ്പോകുന്നില്ല ജീവിതത്തിലൂടെ എന്നു തന്നെയാണ് പുതിയ സിനിമകളില്‍ നിന്നു വായിച്ചെടു ക്കാന്‍ ഞാനിഷ്ടപ്പെടുന്നത്.

എന്തെങ്കിലും ഒരു നന്മ, എന്റെ ചുരുട്ടിയ കൈ നിവര്‍ത്തു പിടിച്ച് അതില്‍ വച്ചുതരാതെ ഒരു ഇരുട്ടും ഒരു വില്ലനും ഒരു വെളിച്ചവും ഒരു നായകനും എന്റെ ജീവിതത്തിന്റെ ഫ്രെയിമില്‍ നിന്ന് ഇറങ്ങിപ്പോയിട്ടില്ല എന്നതാണ് സത്യം എന്ന് മനസ്സിലാക്കാനായത് കൊണ്ടാണ് ഞാന്‍ ജീവിതത്തെ ഇപ്പോഴും പ്രണയിക്കുന്നത്.

എന്റെ മുത്തച്ഛന്റെ ‘വടക്കേ പറമ്പ് ‘ എന്ന സ്ഥലം കൈ വിട്ടുപോയതില്‍ എനിക്ക് ഇന്നുവരെയും സങ്കടം തോന്നാത്തത്, ആ സ്ഥലം അതിനു നീക്കിവച്ചിരുന്ന റോള്‍ കൃത്യമായി ചെയ്തിട്ടാണ് ഞങ്ങളുടേതല്ലാതായത് എന്ന വായന സാദ്ധ്യമാകുന്നതു കൊണ്ടാണ്. എരമല്ലൂരില്‍ എന്‍ എച്ച് 47ന് തൊട്ടടുത്താണ് ഞങ്ങളുടെ വീട്. എരമല്ലൂര്‍ മഠം അഥവാ ആനന്ദമന്ദിരം എന്ന എന്റെ വീട്ടില്‍ രണ്ടു ജോഡി മുത്തച്ഛന്മാരും അമ്മൂമ്മമാരും ഉണ്ടായിരുന്നു. ഒരു ജോഡിയെ ചേര്‍ത്തല യമ്മയും ചേര്‍ത്തലമുത്തച്ഛനും എന്നാണ് വിളിച്ചിരുന്നത്. മറ്റേ ജോഡിയെ കമലു വമ്മയും മുത്തച്ഛനും എന്നും.

വീടിന് മുന്നിലെ ഇടവഴി ക്രോസ് ചെയ്താല്‍ വടക്കേപ്പറമ്പ്. അവിടെ ഒരു കുളം, ഒരു വീട്, ഒരു തൊഴുത്ത്, ഒരു ചെമ്പകം, കിളിച്ചുണ്ടന്‍മാവ്, ഒരു കിളിഞ്ഞിലില്‍ ഒരു പിച്ചകം, ഒരു കൂറ്റന്‍ വരിക്ക പ്ലാവ്. ഇടപ്പള്ളി സ്വരൂപത്തിന്റെ സ്ഥലമാണ് എന്നാണ് ആ സ്ഥലത്തിനെ ആധാരത്തിലടയാളപ്പെടുത്തിയിരിക്കുന്നത്. ഇടപ്പള്ളി സ്വരൂപത്തിന്റെ മഠമിരുന്ന സ്ഥലമായതു കൊണ്ടാവും, എരമല്ലൂര്‍ മഠം എന്ന പേരും വീടിനുവന്നത്.

priya as priyam apriyam

 

എല്ലാവരും ഉച്ചമയക്കത്തിലാഴുന്ന നേരത്ത് വടക്കേപ്പറമ്പിലൂടെ ഞാന്‍ നടത്തിയ അലസസഞ്ചാരങ്ങള്‍, പറമ്പിന്റെ ഏതാണ്ട് പകുതിയോളം വരുന്ന കുളത്തിന്റെ ചുറ്റുമായുള്ള കറക്കങ്ങള്‍, ബാക്കി പകുതിയിലെ വീട്ടിനുള്ളില്‍ കേറി അലമാരയി ലെ പഴയ മാസിക വാരി കട്ടിലിലിട്ടുള്ള കമിഴ്ന്നു കിടന്നു വായന, മൂലയിലെ വലിയ തൊഴുത്തിന്റെ ഒരറയില്‍ കൂട്ടിയിട്ടിരിക്കുന്ന ചിരട്ടകളില്‍ നിന്ന് ‘പാമ്പുണ്ടാവുമോ’ എന്ന് പേടിച്ചു പേടിച്ചാണെങ്കിലും പേരക്ക പൊതിഞ്ഞിടാന്‍ പാകത്തിലുള്ള ചിരട്ടജോഡികള്‍ തപ്പിയെടുക്കല്‍ – ഇതൊക്കെയാണെന്റെ ഉള്ളിലെ ഏകാന്തതയിലേക്ക് കഥയെഴുത്തിന്റെ വിത്തുകളിട്ടത് എന്നു തന്നെയാണെന്റെ വിശ്വാസം. കൂറ്റന്‍ വരിക്കപ്ളാവിന്റെ തടത്തില്‍ നിറയെ കൂട്ടിയിട്ടിരിക്കുന്ന പതിരിന്റെ മുകളിലൂടെ നടക്കുമ്പോഴുള്ള പതുപതുപ്പിലൂടെ പാദം താഴ്ന്നു പോകുമ്പോള്‍ വന്ന ചിരിക്കും മൂത്തുപൊട്ടിയ പഞ്ഞിക്കായ്കള്‍ പറന്നുവന്ന് അന്നത്തെ എന്റെ സായിബാബാത്തലമുടിയില്‍ കുരുങ്ങിക്കിടക്കു മ്പോഴുള്ള രസത്തിനും നല്ല രസമായിരുന്നു.കുളത്തിന്‍ കരയിലെ മണ്‍പൊത്തുക ളില്‍ ‘പാമ്പായിരിക്കുമോ നീലപ്പൊന്മാനായിരിക്കുമോ’ എന്നു പേടിച്ച് കൈയിട്ട് പിടിച്ചെടുത്ത പൊന്മാന്‍ കുഞ്ഞുങ്ങള്‍, വെള്ളത്തിലേക്കു മുഖം നോക്കി നില്‍ക്കുന്ന ഉങ്ങുമരത്തിന്റെ കാറ്റിലാട്ടം കുളത്തില്‍ വരയ്ക്കുന്ന ജലച്ചിത്രങ്ങള്‍ , കാക്ക കൊത്തി കുളത്തിലിട്ട കിളിച്ചുണ്ടാന്‍ മാങ്ങയെടുക്കാനായി വെള്ളത്തണുപ്പിലേ ക്ക് ഇറങ്ങിച്ചെന്നപ്പോള്‍ ‘എന്താ?’ എന്നു ചോദിച്ചു വന്ന് കൊത്തിയ മീന്‍കുഞ്ഞു ങ്ങളോട് പൂത്ത തകരച്ചെടികളെ സാക്ഷി നിര്‍ത്തി പറഞ്ഞ തന്നത്താന്‍ വര്‍ത്തമാ നങ്ങള്‍, ഞാനനക്കിവിട്ട വെള്ളത്തില്‍ തെങ്ങിന്‍ നിഴലുകള്‍ വളഞ്ഞു പുളഞ്ഞു പടര്‍ന്നപ്പോള്‍ തോന്നിയ വിചിത്രസങ്കല്‍പ്പങ്ങള്‍ – എന്നെ കൊത്തിപ്പ ണിത് കഥയിലേക്കെത്തിച്ചത് ആ ‘ജാനകിക്കുട്ടി’ക്കാലമാണ് എന്നുതന്നെയാണ് എന്റെ വിചാരവും വിശ്വാസവും. മനസ്സിലാകുന്നുണ്ടോ ഇല്ലയോ എന്നൊന്നും ആലോചിക്കാന്‍ പോലും നില്‍ക്കാതെ സേതുവിന്റെ ‘പാണ്ഡവപുര’വും ജുനിചിറോ തനിസാക്കിയുടെ ‘താക്കോലും’ മാതൃഭൂമിയില്‍ നിന്നു വായിച്ചു പലതരം ആലോചനകളുമായി തിരിച്ച് പോകാനൊരുങ്ങുമ്പോള്‍, തൊഴുത്തി ന്റെ ആ മൂലയ്ക്കലും ഈ മൂലയ്ക്കലും ഓരോ തെങ്ങിന്‍ചുവട്ടിലായി കെട്ടിയിരിക്കുന്ന രണ്ടു പശുക്കളും എന്നെ കുത്താന്‍ വന്നു. ഞാനെങ്ങാന്‍ മിന്നലുപോലെ പാഞ്ഞുപോകുമോ എന്നു കുശാഗ്രബുദ്ധികളായി എന്റെ ഓരോ അനക്കവും ശ്രദ്ധിച്ച് നിന്ന പശുക്കളുടെ ശ്രദ്ധയെ, എത്തിവലിഞ്ഞ് പറിച്ചെടുത്ത ചെമ്പരത്തിപ്പൂക്കൂമ്പാരം തെങ്ങിന്റെ മറ്റേവശത്തേക്കെറിഞ്ഞ് ഒരു തരത്തില്‍ മാറ്റിയെടുത്ത് ഓടിരക്ഷപ്പെട്ട് എന്റെ പൊന്മാന്‍കുഞ്ഞുങ്ങളുമായി ഞാന്‍ വീട്ടിലേക്കു പോയി.പൊന്മാന്‍ കുഞ്ഞുങ്ങള്‍ പൊത്തിനു പുറത്തുവന്ന് കാറ്റു കൊള്ളാനിരിക്കുകയായിരുന്നു, അല്ലാതെ ഞാന്‍ പൊത്തിനകത്തു കൈയിട്ട് എടുത്തതൊന്നുമല്ല എന്നു നുണ പറഞ്ഞ് അവയെ വെള്ളമണ്ണില്‍ നിര്‍ത്തി പ്രദര്‍ശിപ്പിച്ചു.ആ നുണസങ്കല്‍പ്പങ്ങളാവാം പിന്നെ എന്റെ കഥാസങ്കല്‍പ്പങ്ങളായത്.

വടക്കേപ്പറമ്പ്, ചേര്‍ത്തലയമ്മയുടേതും ചേര്‍ത്തലമുത്തച്ഛന്റേതും ആണ് എന്നായിരുന്നു വയ്പ്. ശരിക്കും അത് മുത്തച്ഛന്റേതായിരുന്നു.ചേര്‍ത്തലയമ്മ, കമലുവമ്മയുടെ ചേച്ചിയായിരുന്നു. ചേര്‍ത്തലയിലെ വാടകവീട്ടില്‍ നിന്ന് അവര്‍ വന്ന് എരമല്ലൂര് താമസിക്കുകയായിരുന്നു. കുട്ടികളില്ലായിരുന്നു അവര്‍ക്ക്. നാട്ടുപ്രമാണിത്തം കൈകാര്യം ചെയ്യാനല്ലാതെ അവിടവിടെ ചിതറിക്കിടക്കുന്ന പുരയിടങ്ങളിലെയും കരിനിലത്തിലെ നെല്‍ക്കൃഷിയുമായും എരമല്ലൂര്‍ ജങ്ഷനിലെ കടമുറികളുടെ വാടകയുമായും ഒക്കെ ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങള്‍ നോക്കാന്‍ വലിയ താത്പര്യമൊന്നുമില്ലാതിരുന്ന മുത്തച്ഛന്‍, വെണ്ടറായ ചേര്‍ത്തലമുത്തച്ഛനെ ഏൽപ്പിച്ചു പൈസാക്കാര്യങ്ങള്‍. എവിടെയോ വന്ന് താമസിക്കുന്നു എന്ന തോന്നലവര്‍ക്കുണ്ടാ കാതിരിക്കാനായി,ആരും ആവശ്യപ്പെടാതെ തന്നെ മുത്തച്ഛന്‍, വടക്കേപ്പറമ്പ് ചേര്‍ത്തലയമ്മ യുടെ പേരിലെഴുതി വച്ചു. അവരുടെ കാലശേഷം, അത് തന്റെ മക്കള്‍ക്ക് എന്ന മുത്തച്ഛന്റെ തീര്‍ച്ച നൂറു ശതമാനമായിരുന്നു.

മുത്തച്ഛന്റെ മക്കളെന്നാല്‍ എന്റെ അമ്മയും കുഞ്ഞമ്മയും അമ്മാവനും. ഞാന്‍ ചെറുതായിരുന്നപ്പോള്‍, ചേര്‍ത്തലയമ്മക്കും ചേര്‍ത്തലമുത്തച്ഛനും കുട്ടികളില്ല എന്നെനിക്കറിയുമായിരുന്നില്ല. അത്രമേല്‍ ഇഴുകിയാണ് അമ്മ-കുഞ്ഞമ്മ-അമ്മാവന്മാര്‍ ഈ നാലുപേരോടും പെരുമാറിയിരുന്നത്. ഭൂതക്കണ്ണാടി വച്ചുനോക്കിയാല്‍പ്പോലും യാതൊരു തരംതിരിവും പ്രകടമാകാത്തതരം സ്‌നേഹം അങ്ങോട്ടുമിങ്ങോട്ടും. പൊതുവേ സാമര്‍ത്ഥ്യവും വാചകമടിയും കുറഞ്ഞ മെലിഞ്ഞ എന്റെ അമ്മ ചേര്‍ത്തലയമ്മയുടെ മകളാണെന്നും തുടങ്ങി യാല്‍ പിന്നെ നിര്‍ത്താതെ സംസാരിക്കുകയും ജനപ്രിയതയില്‍ മുന്നില്‍ നില്‍ക്കുകയും നന്നായി പാടുകയും ചെയ്തിരുന്ന കുഞ്ഞമ്മ-അമ്മാവന്മാര്‍ നല്ല ഭംഗിയും അല്പം വൈഭവക്കൂടുതലും സംഗീതാഭിരുചിയും ഉള്ള കമലുവമ്മയുടെ മക്കളാണെന്നും ഞാന്‍ കരുതി. പത്തുപന്ത്രണ്ടു വയസ്സുള്ളപ്പോഴാണ് മൂന്നു പേരും കമലുവമ്മയുടെയും മുത്തച്ഛന്റെയും മക്കളാണെന്ന് ഞാനറിഞ്ഞത്.

ഓണത്തിന് ഉപ്പേരി വറുക്കുന്നതൊക്കെ വടക്കേപ്പറമ്പിലെ അടുക്കളയില്‍ വച്ചാണ്. അന്നുമാത്രമാണ് ആ അടുക്കളയില്‍ തീ പിടിപ്പിക്കുക.ഉപ്പേരി വറുക്കല്‍ ചേര്‍ത്തല മുത്തച്ഛന്റെ വകുപ്പാണ്. ഉപ്പൂ തൂവുമ്പോള്‍ പതഞ്ഞു തിളച്ചു വരുന്ന ഉപ്പേരിക്കടലും നോക്കി കൂറ്റന്‍ ഇരുമ്പു ചീനച്ചട്ടിയുടെ പരിസരത്ത് ഞാനുണ്ടാ വും. കുലയില്‍ നിന്ന് കായ അടര്‍ത്താതെ നിര്‍ത്തി ചെറിയ പേനാക്കത്തി കൊണ്ട് തൊലി വരഞ്ഞ് കീറി കായ പുറത്തെടുക്കുന്ന കലയില്‍ ചേര്‍ത്തല മുത്തച്ഛനെ വെല്ലാന്‍ ആരുമില്ല.കായ മുഴുവന്‍ പുറത്തെടുത്തു കഴിഞ്ഞാലും കുല കണ്ടാല്‍ അതിപ്പോള്‍ വാങ്ങിക്കൊണ്ടുവന്നു വച്ച നിറകുലയാണെന്നു തോന്നും. ഓട്ടുരുളിയില്‍ ജീരകവും ഏലക്കയും പൊടിച്ചിട്ട് ചേര്‍ത്തലമുത്തച്ഛന്‍ ശര്‍ക്കരപെരട്ടി ഇളക്കിമറിക്കുമ്പോള്‍ വരുന്ന മണവും കാത്ത് ഒരു പൂച്ചക്കുട്ടിയെ പ്പോലെ ഞാന്‍ ചുറ്റിത്തിരിയും. തിരികല്ലില്‍ വച്ച് ഉഴുന്നു പൊട്ടിക്കുന്നത് വടക്കേപ്പറമ്പിലെ, ജാനകീമന്ദിരം എന്ന് ചേര്‍ത്തലമുത്തച്ഛന്‍ പുതിയ ഗേറ്റ് പണിത് പേരെഴുതിവച്ച ( ചേര്‍ത്തലയമ്മയുടെ പേര് ജാനകി എന്നായിരുന്നു) വീടിന്റെ പുറകുവശത്തെ നീളന്‍ ഹാളിന്റെ തറയോടു പാകിയ നിലത്തു വച്ചായി രുന്നു. തിരികല്ലിന്റെ പിടിയില്‍ പിടിച്ചുള്ള വട്ടത്തിലെ കറക്കലുകളുടെ ഇടയിലൂടെ ഉഴുന്നു തെറിച്ചു വീഴുന്നത് കാണലും തെറിച്ചുവീഴലുകളെ കൂട്ടിയിട്ടു കൊടുക്കലു കളും ഞാന്‍ ആസ്വദിച്ചിരുന്നു.അതിഥികള്‍ വരുമ്പോള്‍ താമസിച്ചിരു ന്നതും ആ വീട്ടിലാണ്.

priya as priyam apriyam

ഒരു കാലില്‍ മന്തുള്ള ചേര്‍ത്തലമുത്തച്ഛന്‍ ‘വെണ്ടര്‍’ ആയിരുന്നു.മൂന്നു തട്ടുകളുള്ള തൂക്കുപാത്രത്തില്‍ ഊണുമായി പാട്ടുകുളങ്ങരയിലെ വെണ്ടറാപ്പീസിലേക്ക് ചേര്‍ത്തലമുത്തച്ഛന്‍ എന്നും പോയി. കര്‍ച്ചീഫ് ത്രികോണാകൃതിയിലാക്കി ഷര്‍ട്ടിന്റെ കോളറിനിടയില്‍ വച്ച്, ചേര്‍ത്തലമുത്തച്ഛന്‍ വടക്കേപ്പറമ്പില്‍ നിന്നൊരുങ്ങി വരുമ്പോള്‍ അത്തര്‍ മണക്കും. വെള്ളിയാഴ്ചകളില്‍ മുത്തച്ഛന്‍ ചേര്‍ത്തലക്ക് മുദ്രപ്പത്രമെടുക്കാന്‍ പോകും.ആധാരമൊക്കെ എഴുതാനുള്ള ഇളം പച്ച നിറമുള്ള പേപ്പറും കാണും കൂടെ. ആ വരവില്‍ പെപ്പര്‍മിന്റ് മിഠായിയും ലഡുവും കാണും എനിക്കും അനിയനും. ആ പെപ്പര്‍മിന്റ് മിഠായികളോളം എന്നെ വേറൊരു മിഠായിയും ഇതുവരെ മയക്കിയിട്ടില്ല. സ്‌ക്കൂളിലെ ക്‌ളാസ് ടെസ്റ്റുകളെല്ലാം മുത്തച്ഛനോട് ചോദിച്ചുവാങ്ങുന്ന ആ ഇളം പച്ച പേപ്പറിലെഴുതി ഞാന്‍ ഗമക്കാരിയും വേറിട്ട കുട്ടിയുമായി .എനിക്കസുഖം വന്ന് പെട്ടെന്ന് ആശുപത്രിയി ലേക്കോടേണ്ടി വരുമ്പോള്‍, ചേര്‍ത്തലമുത്തച്ഛനാണ് പൈസദാതാവ്. അച്ഛന്‍ പിന്നെയത് തിരിച്ചുകൊടുക്കും. ചേര്‍ത്തലമുത്തച്ഛന് ഇടക്കിടെ വരാറുള്ള വാതപ്പനി നേരത്ത് മുത്തച്ഛന്‍ കുടിക്കാറുള്ള സോഡയിലെ ഗോലി നോക്കിയിരിക്കലും എന്റെ പ്രധാന വിനോദമായിരുന്നു. ആ വാതപ്പനിക്കാലത്തിനു വേണ്ടി ഞാന്‍ പലപ്പോഴും കാത്തിരുന്നു.

ഞാന്‍ ഡിഗ്രി ക്‌ളാസില്‍ എത്തിയപ്പോള്‍ ചേര്‍ത്തലയമ്മ ബോണ്‍ ക്യാന്‍സര്‍ വന്ന് മരിച്ചു.അങ്ങനെയിരിക്കെ ഒരു സുപ്രഭാതത്തില്‍ ചേര്‍ത്തലമുത്തച്ഛന്‍, ബാങ്കുദ്യോഗസ്ഥനും ഞങ്ങളുടെയെല്ലാം അഭ്യുദയകാംക്ഷിയായി വീട്ടില്‍ സ്ഥിരം വന്നുപോകാറുമുള്ള സ്വന്തം അനന്തരവന് വടക്കേപ്പറമ്പ് എന്ന നാല്‍പ്പതുസെന്റ് സ്ഥലം എഴുതിക്കൊടുത്തു. എന്റെ മുത്തച്ഛന് അത് വളരെ വലിയ ഷോക്കായി. ‘ശിവരാമപിള്ളച്ചേട്ടന്‍ എന്റെ പിള്ളേരോട് ഇങ്ങനൊരു ചെയ്തല്ലോ’ എന്ന് ഒരു ദിവസത്തില്‍ പല തവണ മുത്തച്ഛന്‍ പലരോടും പറഞ്ഞു. പിന്നെ അത് തനിച്ചിരിക്കുമ്പോള്‍ തന്നോടു തന്നെയുള്ള പിറുപിറുക്കലായി.ആ ചേര്‍ത്തല ക്കാരന്‍ അനന്തരവന്‍ വന്ന് ചേര്‍ത്തലമുത്തച്ഛനെ ഒരു ദിവസം അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.അവര്‍ രണ്ടാളും ചേര്‍ന്ന് മാസത്തിലൊരിക്കല്‍ തേങ്ങായിടീക്കാന്‍ വരുമ്പോള്‍, എന്റെ മുത്തച്ഛന്‍ മതിലിനിപ്പുറം നിന്ന് അവരെ കണ്ണിമക്കാതെ നോക്കി. അവര്‍ രണ്ടാളും ഇങ്ങോട്ട് നോക്കിയതേയില്ല. ഒരു വര്‍ഷത്തിനുള്ളില്‍ ആ സ്ഥലം അവര്‍ വില്‍ക്കുകയാണുണ്ടായത്. പിന്നത്തെ തിരിവായിരുന്നു ഏറ്റവും ഷോക്കിങ്. ആ നാല്‍പ്പതുവയസ്സുകാരന്‍ അനന്തരവന്‍ ഒരു സുപ്രഭാതത്തില്‍ ഹാര്‍ട്ടറ്റാക്ക് വന്നു മരിച്ചു. ഒരു വലിയ വീടു മഴുവന്‍ സ്വന്തമായുണ്ടായിരുന്ന ഒരാള്‍ സ്വന്തമായി ആരുമില്ലാത്ത ആ വീട്ടിലെ ഒരു മൂറിയിലേക്ക് പിന്നെ ഒതുങ്ങിക്കാണണം.

priya as priyam apriyam

എന്റെ മുത്തച്ഛന്‍ മെല്ലെ മെല്ലെ ഡിമെന്‍ഷ്യയുടെ പിടിയിലായി. നേരിടേണ്ടിവന്ന ചതിയുടെ ഊക്കായിരുന്നുവോ മുത്തച്ഛനെ അതിലെത്തിച്ചത് എന്നറിയില്ല. ഞങ്ങളാരും പിന്നെ ചേര്‍ത്തല മുത്തച്ഛനെ കണ്ടിട്ടില്ല. വല്ലപ്പോഴും പോയി കണ്ടിരുന്നത് അമ്മൂമ്മയുടെ എഴുപുന്നയിലെ അനിയത്തി പാക്കുച്ചിറ്റയാണ്. ചേര്‍ത്തല മുത്തച്ഛന്‍ മരിച്ച കാര്യം പറയുന്നതിനിടെ ചിറ്റ ഒരിക്കല്‍ പറഞ്ഞു, “പ്രിയയുടെ കല്യാണത്തിന് നിറയെ സ്വര്‍ണ്ണമുണ്ടായിരുന്നോ എന്നൊക്കെ ചോദിച്ചിരുന്നു ശിവരാമപിള്ളച്ചേട്ടന്‍.”  കല്യാണക്കുട്ടിയായി നില്‍ക്കുന്ന എന്നെ സങ്കല്‍പ്പിക്കാന്‍ നോക്കിയ ചേര്‍ത്തല മുത്തച്ഛന്‍ സങ്കൽപ്പത്തില്‍ നിറഞ്ഞപ്പോള്‍ എനിക്കു നാവില്‍ പെപ്പര്‍മിന്റ് രുചി നിറഞ്ഞു. മുത്തച്ഛനെ അങ്ങനെ കൈയ്യൊഴിയരുതായിരുന്നു എന്ന് പിന്നെ ഇന്നോളവും ഞാന്‍ സങ്കടപ്പെടാറുണ്ട്.

ആ പെപ്പര്‍മിന്റിന്റെ കാര്യം പറഞ്ഞപ്പോള്‍ ഈയിടെ കുഞ്ഞമ്മ, അന്ന് ഏറ്റവും വില കുറഞ്ഞു കിട്ടുന്ന മിഠായിയായിരുന്നു അതെന്ന് ചിരിച്ചു. പക്ഷേ ഇപ്പോഴും എവിടെ പെപ്പര്‍മിന്റ് കണ്ടാലും വാങ്ങുന്ന, പണ്ടത്തേതിനേക്കാൾ മട്ടിലും രുചിയിലും വത്യാസം വന്ന അത് വായിലിടുമ്പോള്‍ നഷ്ടബോധം വരുന്ന എനിക്ക് ആ പഴയ വെള്ളിയാഴ്ച-പെപ്പര്‍മിന്റുകള്‍ എത്രയോ വലുതാണിപ്പോഴും.

വടക്കേപ്പറമ്പ് വാങ്ങിയവര്‍ ആ പഴയ വീടു കളഞ്ഞ്, തൊഴുത്തും കളഞ്ഞ് വേറെ വീടുവച്ചു. എരമല്ലൂര്‍ വീടുകളിലെ കുളങ്ങളില്‍ വച്ച് ഏറ്റവും വലിയതായിരുന്ന ആ കുളം, (പറമ്പിന്റെ കൃത്യം പകുതിയുണ്ടായിരുന്നു ആ കുളം.)അതു മണ്ണിട്ട് ചെറുതാക്കി അവരതില്‍ മീന്‍കൃഷി നടത്തി. ‘ജാഗരൂക’ എന്ന കഥയിലെ കുളമാണത്. കുളം വെട്ടുന്നതിലെ മീന്‍-ആമ-നീര്‍ക്കോലി രസങ്ങള്‍ ആ കഥയിലങ്ങനെ തുടിച്ചുനില്‍ക്കുന്നതിനെ കുറിച്ച് പലരും പറയാറുണ്ട് ഇപ്പോഴും. ചേര്‍ത്തല-ആലപ്പുഴക്കാരല്ലാത്തവരെല്ലാം, അവര്‍ക്കു തീര്‍ത്തും അപരിചിതമായ ആ കുളംവെട്ടുത്സവം മനക്കണ്ണില്‍ കണ്ട് എന്നോടോരോ സംശയം ചോദിക്കാറുണ്ട്. ആ മീന്‍വളര്‍ത്തല്‍-വീട്ടുകാര്‍, അവരൊടുക്കം വടക്കേപ്പറമ്പ്, തൊട്ടരികില്‍ ‘മോഹം’ എന്ന ആശുപത്രി നടത്തുന്ന മാമ്മന്‍ ഡോക്ടർക്ക് വിറ്റു. ആദ്യം ഡോക്ടറും കടുംബവും പിന്നെ അവിടുത്തെ ജോലിക്കാരില്‍ ചിലരും ആയി അവിടെ താമസം. ആ മുറ്റം വരെയല്ലാതെ ഞാന്‍ പിന്നെ പോയിട്ടില്ല. ചെറുതായിപ്പോയ ആ കുളം എത്തിനോക്കാനുള്ള കരളുറപ്പു കിട്ടിയിട്ടുമില്ല ഇതുവരെ. ഇടപ്പള്ളി സ്വരൂപത്തിന്റെ ആ വലിയ കുളം, പെരുമഴയത്ത് കരയിലേക്ക് ചാടിത്തുള്ളിത്തിമിര്‍ക്കുന്ന വരാലും കാരിയും കൂരിയും സഹിതം ഒട്ടും ഉടവു വരാതെ എന്റെ കഥയില്‍ പച്ചപ്പായലും പിടിച്ചങ്ങനെ കിടക്കുകയാണല്ലോ ഇപ്പോഴും.

ആ സ്ഥലം, കോടികളുടെ ആസ്തി കൊണ്ടുത്തരുമായിരുന്നു എന്ന് ഒരിക്കലും ഞാനോര്‍ക്കാറില്ല.”നിങ്ങളനുഭവിക്കേണ്ട സ്ഥലം” എന്ന് ആരെങ്കിലും പറഞ്ഞ് നഷ്ടബോധത്തെ കുത്തിപ്പൊക്കാന്‍ നോക്കുമ്പോള്‍, ഞാന്‍ അമ്മയോട് പറയും,”ആ കോടികള്‍ കൈയില്‍ വച്ചാല്‍ ഉണ്ടാകുന്ന സ്വാസ്ഥ്യത്തേക്കാള്‍ എത്രയോ വലിയ സ്വാസ്ഥ്യമാണ് കഥയെഴുതുമ്പോള്‍ എനിക്ക് കിട്ടുന്നത്. എനിക്ക് കഥ തന്നത് വടക്കേപ്പറമ്പാണ്. നിങ്ങള്‍ക്ക് മൂന്നുപേര്‍ക്കുമായി വീതിക്കപ്പെടലോ അല്ലെങ്കില്‍ നിങ്ങളിലാരുടെയെങ്കിലും കൈയിലെത്തലോ ആയിരുന്നില്ല ആ സ്ഥലത്തിന്റെ തലയിലെഴുത്ത്. എനിക്ക് കഥ തരലായിരുന്നു വടക്കേപ്പറമ്പിന്റെ റോള്‍. അതു നിര്‍വ്വഹിച്ച് അത് നമ്മുടെ ജീവിതത്തില്‍ നിന്നിറങ്ങിപ്പോയി.”

priya as priya apriyam

ഞാന്‍ പറഞ്ഞു പറഞ്ഞ് അമ്മയ്ക്കത് ബോദ്ധ്യമായിട്ടുണ്ട്. ചേര്‍ത്തു പിടിച്ച് ചേര്‍ന്നു നടന്നിട്ട് ഒരു സുപ്രഭാതത്തില്‍ നടന്നകന്നുപോയ ഓരോരുത്തരെക്കുറിച്ചും ഓര്‍ത്ത് വിഷമം വരുമ്പോള്‍, ഞാന്‍ തലപുകഞ്ഞാലോചിച്ച് കണ്ടുപിടിക്കും അവര്‍ പോകും മുമ്പ് തന്നിട്ടുപോയ ഒരുള്‍ക്കാഴ്ച എന്താണെന്ന്. ഒരു പാഠവും തരാതെ, എന്റെ കാഴ്ചപ്പാട് ഒന്നു കൂടി വിശാലമാക്കിത്തരാതെ ഒരാളും വന്നു പോയിട്ടില്ല ഈ ജീവിതത്തിലൂടെ എന്നെനിക്ക് എത്രയോ തവണയാണ് മനസ്സിലായിരിക്കുന്നത്. അപ്പോഴൊക്കെ വടക്കേപ്പറമ്പ് എന്ന പാഠത്തിന് ഞാന്‍ നന്ദി പറയും. ജുനിചിറോ തനിസാക്കി എന്ന കറുമുറെ മട്ടിലെ ജാപ്പനീസ് പേര് പലതവണ പറഞ്ഞുനോക്കിയിരുന്ന ഒരു പെറ്റിക്കോട്ടുകാരി, വടക്കേപ്പറമ്പിലെ പൊളിച്ചു കളയാത്ത വീടിന്റെ ഓടിറമ്പിലൂടെ വീഴുന്ന ഇറവെള്ളത്തിനായി അപ്പോള്‍ കൈ നീട്ടും. അതെല്ലാം ഇപ്പോഴും അവിടെത്തന്നെയുണ്ട്, ഇല്ല എന്ന് ആരാണ് പറഞ്ഞത്?

ചേര്‍ത്തലമുത്തച്ഛനെ സ്‌നേഹത്തോടെയല്ലാതെ ഞാനൊരിക്കലും ഓര്‍ത്തിട്ടില്ല.മൂന്നുതട്ടുള്ള തൂക്കുപാത്രത്തിന്റെ അടപ്പിലെ തുളയിലും പിടിയിലും കൂടെ നേര്‍ത്ത സ്പൂണാകൃതിയിലുള്ള പൂട്ട് കടത്തി തിരിക്കുന്ന കളിയില്‍ മുഴുകിയിരുന്ന പെണ്‍കുട്ടിക്ക്, ആ കളിയുടെ വേറൊരു രൂപമല്ലേ ഈ എഴുത്തും?

Read in English Logo Indian Express

എന്നേക്കുമായി എന്നു പറഞ്ഞ് ആരൊക്കെയോ ഇപ്പോഴും ജീവിതത്തിലേക്ക് കടന്നുവരാറുണ്ട്. ഇലയ്ക്കും പൂവിനും കായിനുമെല്ലാം ഒരായുസ്സു പറഞ്ഞിട്ടുണ്ട്, അതിനപ്പുറം അവരാരും ഉണ്ടാവില്ല എന്നറിയാവുന്ന ഞാന്‍ അപ്പോള്‍ ഉള്ളാലെ ചിരിക്കും. നിങ്ങളും എന്റെ ജീവിത ത്തിന്റെ ഫ്രെയിമില്‍ നിന്ന് എന്നോ പുറത്തേക്ക്, ചിലപ്പോള്‍ വളരെ സ്വാഭാവികമായി മറ്റു ചിലപ്പോള്‍ വളരെ അസ്വാഭാവികമായി ഒഴുകിപ്പോവും എന്നെനിക്കറിയാം എന്നു ഞാന്‍ എന്നോടുതന്നെ പറയും. നോവിച്ചും ചതിച്ചും തെറ്റിദ്ധരിച്ചും പിണങ്ങിയും പോകുന്ന ചിലരെ കുറിച്ചോര്‍ക്കുമ്പോള്‍പ്പോലും അവര്‍ തന്ന മുറിവുകളെ ഏറ്റവും താഴേക്കു പിടിച്ചിട്ടിട്ട്, അവര റിയാതെ അവര്‍ തന്നിട്ടുപോയ ഉള്‍ക്കാഴ്ചയെ ഞാന്‍ മുകളിലേക്കെടുത്തുവയ്ക്കും. അതോടെ എനിക്ക് ആരെക്കുറിച്ചും ഒന്നിനെക്കുറിച്ചും പരിഭവങ്ങളോ പരാതികളോ ഇല്ലാതാവും, ജീവിതത്തിന്റെ പെപ്പര്‍മിന്റ് മണം വന്ന് എന്നെ പൊതിഞ്ഞുപുണരും. അങ്ങനെയാണ് ഞാന്‍ ജീവിച്ചുപോകുന്നത്, ഇനി ജീവിക്കാനുദ്ദേശിക്കുന്നതും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook