ശ്രീനിവാസന് കഥാപാത്രങ്ങളേക്കാള്‍ അപകര്‍ഷത നിറഞ്ഞ കൗമാരമായിരുന്നു എന്റേത്. പ്രത്യേകിച്ചൊരു പ്രത്യേകതയുമില്ലാത്ത ‘എബോ ആവറേജ്’ പഠിത്തക്കാരന്‍. ക്രിക്കറ്റ് കളിയില്‍ തല്ലു വാങ്ങിക്കൂട്ടുകയും പെട്ടെന്ന് ഔട്ടാവുകയും ചെയ്യുന്ന ശരാശരിക്കാരന്. തച്ചിനിരുന്ന് വായിക്കുമെങ്കിലും കാര്യമായിട്ട് കഥയൊന്നും എഴുതാന്‍ പറ്റാത്ത പരാജിതന് – ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിടാന്‍ തക്കതായി ഒന്നും കൈയിലുണ്ടായിരുന്നില്ല.
ജന്മനാ ഉള്ളില്‍ നിറച്ചു വിട്ട എല്ലാ അപകര്‍ഷതകളും മുഖക്കുരുവിനൊപ്പം പൊന്തി നിന്ന കാലം. ഒട്ടും ധൈര്യമില്ലാത്തതു കൊണ്ട് പറയാന്‍ പറ്റാതെ ഉള്ളില്‍ പൂട്ടിയിട്ടിരിക്കുന്ന പ്രണയങ്ങളായിരുന്നു, എന്റെ ആത്മാവില്‍ നിരന്തരം ആഭ്യന്തര കലാപമുണ്ടാക്കിക്കൊണ്ടിരുന്നത്.
അങ്ങനെയൊരു രാവിലെ, സ്പെഷല്‍ ക്ലാസിനു കയറാന്‍ വെളിമാനം സ്കൂളിലേക്ക് നടക്കുകയായിരുന്നു. ഗേറ്റ് കടന്നതും പിന്നിലെ, ബേക്കറിയില്‍ നിന്ന് ജയചന്ദ്രനും സുജാതയും ചേര്‍ന്ന് പാടി:
‘മറന്നിട്ടുമെന്തിനോ മനസില്‍ തുളുമ്പുന്നു
മൗനാനുരാഗത്തിന് ലോലഭാവം
പൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാന്‍ തുടങ്ങുന്നു
പുലര്‍മഞ്ഞുകാലത്തെ സ്നേഹ തീരം…’
പാട്ടു കേട്ടതും ഞാനൊരു നിമിഷം നിന്നു. നെഞ്ചുവിങ്ങി. അടിമുടി വിറച്ചു. പാട്ടു തുടര്‍ന്നു. ഞാന്‍ പതിയ നടന്നു. ഗ്രൗണ്ടിലൂടെ ഓരോ ചുവടു വെക്കുമ്പോഴും എന്റെയുള്ളില്‍ നിന്ന് കണ്ണുനീര് പൊഴിഞ്ഞു വീണു കൊണ്ടിരുന്നു. പതിവു പോലെ തല താഴ്ത്തിപ്പിടിച്ചിരുന്നതു കൊണ്ട്, നഷ്ടപ്രണയക്കണ്ണീര് ആരും കാണാതെ നിലത്തു തന്നെ വീണു. അന്നു തൊട്ടിന്നോളം അതാണെന്റെ പ്രിയപ്പെട്ട പാട്ട്; പറയാന്‍ പറ്റാതെ പോയ പ്രണയത്തിന്റെ നീറ്റലുള്ളതിനാല്.
വര്‍ഷങ്ങള്‍ക്കുശേഷം ഡിഗ്രി ക്ലാസിലെ ഡസ്കില്‍ താളമിട്ടു കൊണ്ട് കൂട്ടുകാരന് റോബിനൊപ്പം ഞാനും പാടി:
‘എന്റെ മൗനരാഗമിന്നു നീയറിഞ്ഞുവോ,
തെളിഞ്ഞുവോ വിണ്ണിലമ്പിളി
എന്റെ മോഹജാലകങ്ങള്‍ നീ തുറന്നുവോ,
ഉണര്‍ന്നുവോ പാതിരാക്കിളീ…’
അല്ലെങ്കിലും വെട്ടിത്തുറന്നു പറയാത്തതിനാല്‍, അതിനാല്‍ മാത്രം പങ്കിടാന്‍ പറ്റാതെ പോയ പ്രണയങ്ങളോളം വലിയ നൊമ്പരം വേറെയില്ലല്ലോ. അതിനു ധൈര്യമില്ലാത്തവരുടെ നിസഹായതയോളം വലിയ നിസഹായതയും വേറെയില്ലല്ലോ.
അരികില്‍ നീയുണ്ടായിരുന്നെങ്കില്‍…
പ്രണയങ്ങള്‍ പറയാതെ നഷ്ടപ്പെടുത്തുന്നതിലെ മണ്ടത്തരത്തെക്കുറിച്ച് മനസിലാക്കിയപ്പോഴേക്കും വളരെ വൈകിയിരുന്നു. അതു കൊണ്ട് ഇനിയൊരു നഷ്ടപ്രണയത്തിന്റെയും കഥ ജീവിതത്തിലുണ്ടാവില്ലെന്ന് ഉറപ്പിച്ചു കൊണ്ട് നീളന്‍ പ്രണയഗാഥകള്ക്കു തുടക്കമിടാന്‍ തീരുമാനിച്ചു. പക്ഷേ, അപ്പോഴും ഉള്ളിലുള്ള ശ്രീനിവാസന് കോംപ്ലക്സ് നമ്മളെ പിന്നോട്ടടിക്കും. മുന്നില്‍ നിന്ന് കാര്യമായിട്ടൊന്നു നോക്കിയാല്‍ സകല ധൈര്യവും ചോര്‍ന്നു പോകും. പ്രണയത്തിനു പകരം രാമന് ഇഫക്ട് പുറത്തു വരും.
കഥയെഴുത്ത്, അന്നും ഇന്നും വരുമാനമില്ലാത്ത പരിപാടിയായതിനാല്‍ ഒരു മൊബൈല്‍ വാങ്ങാനുള്ള സാമ്പത്തികാവസ്ഥയുമില്ലായിരുന്നു. ഡിഗ്രി ഫൈനല്‍ ഇയര്‍ ആയപ്പോഴേക്കും കോളേജില്‍ മൊബൈലില്ലാത്ത ഒരേയൊരാളായി ഞാന്‍ മാറി. വീണ്ടും അപകര്‍ഷത പിടിപെട്ടു. പ്രണയങ്ങള്‍ ബ്ലോക്കായി. ഒടുക്കം മഹാത്മാഗാന്ധിയെക്കുറിച്ചുള്ള ഉപന്യാസമത്സരത്തില് സമ്മാനം കിട്ടിയ രണ്ടായിരം രൂപയ്ക്കാണ് നോക്കിയയുടെ ഒരു സെറ്റ് വാങ്ങുന്നത്. ഗാന്ധിക്ക് സ്തുതി. ആ മൊബൈലുമായി, ഉറക്കം കിട്ടാതെ കിടന്നൊരു രാത്രിയില്‍ പ്രിയപ്പെട്ടൊരു കൂട്ടുകാരി പാടിത്തന്നു:
‘അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതേ നിനച്ചു പോയി
ഒരു മാത്ര വെറുതേ നിനച്ചു പോയി…’
മറുപടി പറയാതെ, അവള് കേള്‍ക്കാതെ അന്നും ഞാന്‍ കരഞ്ഞു. അല്ലെങ്കിലും ചില പാട്ടുകള്‍ നമ്മളെ കരയിക്കും. മൊത്തത്തില്‍ മോശം സമയമായിരുന്നതു കൊണ്ട് ഈ പാട്ടിനോട് ഒട്ടും വൈകാരികമായി മമത തോന്നിയിട്ടില്ല. വിഷാദം വരുന്ന സമയത്തെല്ലാം വീണ്ടും വീണ്ടും കേള്‍ക്കുന്നത്:
‘മനസിന് മണിച്ചിമിഴില്‍
പനിനീര് തുള്ളിപോല്‍
വെറുതെ പെയ്തു നിറയും
രാത്രി മഴയാം ഓര്‍മകള്‍…’
യേശുദാസിന്റെ ശബ്ദം നേര്‍ത്തൊരു സ്വകാര്യം പോലെ കാതില്‍ നിറയുമ്പോള്‍ വിഷാദം കൊണ്ട് കരളു പൊട്ടിപ്പോകും.
‘ഒരു മാത്രമാത്രമെന്റെ മണ്കൂടിന്
ചാരാത്ത വാതില്ക്കല് വന്നെത്തി
എന്നോടു മിണ്ടാതെ പോകുന്നുവോ…’
എന്നു പാടി നിര്‍ത്തുമ്പോള്‍ ആര്‍ത്തു വിളിച്ച് പൊട്ടിക്കരയാന്‍ തോന്നും. കഴിഞ്ഞു കൂടുന്ന ലോഡ്ജ് മുറി വിട്ട് വീട്ടിലോട്ട് പോകാന്‍ തോന്നും. നാട്ടിലെ ഇടവഴികളിലൂടെ നടക്കാന്‍ തോന്നും. തണലുള്ള പറമ്പില്‍ ഏതെങ്കിലുമൊരു മരച്ചുവട്ടില്‍ ഒറ്റയ്ക്കിരിക്കാന്‍ തോന്നും. മുറിവുകളെയും വേദനകളെയും ഇല്ലാതാക്കുന്ന സംഗീതത്തിന്റെയുള്ളില് ഇത്രയും വിഷാദം നിറച്ചു വെക്കുന്നത് എന്തിനാണെന്ന് വെറുതെ ആലോചിക്കും.
പുലരാന്‍ തുടങ്ങുമൊരു രാത്രിയില്‍…
ജേര്‍ണലിസം പഠിക്കുന്ന കാലത്ത് വൈകുന്നേരം ക്ലാസ് കഴിഞ്ഞ് സ്ഥിരമായിട്ടൊരു റൂട്ടിലായിരുന്നു യാത്ര. കൂടെപ്പഠിക്കുന്ന കൂട്ടുകാരിയും ഞാനും പാതിയില്‍ വണ്ടിയിറങ്ങും. അവിടുന്ന്, അടുത്ത ബസിനാണ് ഞങ്ങളുടെ നാട്ടിലേക്ക് പോകുന്നത്. സമയം സന്ധ്യ കഴിഞ്ഞ്, രാത്രി തുടങ്ങിയിട്ടുണ്ടാകും. ചെറിയൊരു ചായക്കടയിലെ മഞ്ഞവെട്ടം റോഡിലൊക്കെ വീണു കിടപ്പുണ്ടാകും. ഞങ്ങള്‍ പരസ്പരം ഒന്നും മിണ്ടില്ല. രണ്ടു പേരും രണ്ടു ലോകങ്ങളില്‍ ഓരോന്നോര്‍ത്തു നില്ക്കും. അന്നേരം അവളുടെ ഫോണ്‍ ബെല്ലടിക്കും:
‘പുലരാന്‍ തുടങ്ങുമൊരു രാത്രിയില്‍
തനിയേ കിടന്നു മിഴിവാര്‍ക്കവേ
ഒരു നേര്‍ത്ത തെന്നലലിവോടെ വന്നു
നെറുകില്‍ തലോടി മാഞ്ഞുവോ…’
അപ്പോള്‍ എന്റെയുള്ള് പിടയ്ക്കും. വരുവാനാരുമില്ലാത്ത ഏകാന്തമായ ഒരിടത്ത് കരഞ്ഞു നില്ക്കുന്ന എന്നെത്തന്നെ സങ്കല്‍പ്പിക്കും. ബസിന്റെ വിന്‍ഡോ സീറ്റിലിരുന്ന് വീടെത്തുവോളം നിറഞ്ഞ കണ്ണുകളുമായി പുറത്തേക്കു നോക്കിയിരിക്കും. ആരെയൊക്കെയോ കാത്ത് ചില വീടുകളില്‍ രാവിളക്കു തെളിഞ്ഞു കിടപ്പുണ്ടാകും.
ഞങ്ങളുടെ എല്‍.പി. സ്കൂള്‍ കാലത്താണ് ‘സമ്മര്‍ ഇന്‍ ബേത്ലഹേം’ റിലീസാകുന്നത്. ഇരിട്ടിയിലാണ് തീയറ്ററുള്ളത്. പക്ഷേ, അവിടെപ്പോയി സിനിമാ കാണുന്ന പരിപാടിയൊന്നും വീട്ടിലില്ല. ടി.വിയില്‍ വരുന്നത് വിടാതെ കാണും, അത്ര തന്നെ. പക്ഷേ, പടം ഹിറ്റായതോടെ, കീഴപ്പള്ളിയിലുള്ള കീര്‍ത്തി ഓഡിറ്റോറിയത്തില്‍ സിനിമാ പ്രദര്‍ശനം വെച്ചു. ഭാവിയില്‍ ടാക്കീസാക്കാനുള്ള സ്കോപ്പുണ്ടോ, എന്നറിയാനായിരുന്നു അത്.
ആദ്യം ‘ഹരികൃഷ്ണന്സാ’യിരുന്നു കളിച്ചത്. അന്ന് ഓഡിറ്റോറിയത്തിന്റെ ഇടുങ്ങിയ ഹാളില്‍ നിന്നും ഇരുന്നും ആളുകള്‍ പടം കണ്ടു. പിറ്റേന്ന് ‘സമ്മര്‍ ഇന്‍ ബേത്ലഹേം.’ പടത്തിലെ പാട്ടുകളെല്ലാം ഹിറ്റായിരുന്നതു കൊണ്ട് അത് കാണണമെന്നു തോന്നി. പച്ചച്ചു കിടക്കുന്ന പുല്‍ത്തകിടിയിലൂടെ മഞ്ജു വാര്യരും സുരേഷ് ഗോപിയും നടന്നുവരുന്ന- ഒരു രാത്രി കൂടി; കൂളിങ് ഗ്ലാസും പല കളര്‍ സാരിയുമായി ജയറാമും ടീമും ഡാന്‍സ് കളിക്കുന്ന- കണ്ഫ്യൂഷന് തീര്‍ക്കണമേ; സുരേഷ് ഗോപിയും ജയറാമും കലാഭവന്‍ മണിയും അവരുടെ കാലിത്തൊഴുത്തിന് പെയിന്റടിക്കുന്ന- മാരിവില്ലിന് ഗോപുരങ്ങള്‍; ഒരു പൂച്ചക്കുഞ്ഞിനെയും റോസാപ്പൂവും കൈയില്‍പ്പിടിച്ച് ഇന്നും അജ്ഞാതയായ പെണ്‍കുട്ടി നടക്കുന്ന- എത്രയോ ജന്മമായ്; എല്ലാം കൊച്ചുപിള്ളാര്ക്കുവരെ കാണാപ്പാഠമായിരുന്നു. അന്ന് രാത്രി അനിയനും ഞാനും അയല്‍പ്പക്കത്തെ ത്രേസ്യാമ്മച്ചേച്ചിക്കും ജാന്സിച്ചേച്ചിക്കും ഒപ്പം സിനിമ കണ്ടു. എന്റെ ആദ്യത്തെ ടാക്കീസ് പടം.
അക്കാലത്തുതന്നെ മനസില്ക്കയറുകയും വളരെ, വളരെ വര്‍ഷങ്ങള്‍ക്കുശേഷം മാത്രം അര്‍ഥവും ഫീലും പിടികിട്ടുകയും ചെയ്തൊരു പാട്ടിലെ വരികളുണ്ട്:
‘നീയില്ലെങ്കില്‍ ഇന്നെന്‍ ജന്മം
വേനല്‍ക്കനവായ് പൊയ്പ്പോയേനേ’
കോട്ടയത്തെ ക്ഷുഭിതയൗവ്വനകാലത്ത് താമസിച്ചിരുന്ന ലോഡ്ജ് മുറിയുടെ പിന്‍വശത്തൊരു ബാല്‍ക്കണിയുണ്ടായിരുന്നു. മഴ പെയ്യുന്ന വൈകുന്നേരങ്ങളില്‍ അവിടെപ്പോയി നില്ക്കും. ദൂരെ, നെല്പ്പാടങ്ങള്ക്കപ്പുറത്തു കൂടി തീവണ്ടി പാഞ്ഞു പോകുന്നതു കാണാം. അപ്പോഴൊക്കെയും വരികള്‍ മനസില്ക്കിടന്ന് മുറുകും:
‘നിന് പൂവിരലില് പൊന്മോതിരമായ്
മെയ്യോടു ചേര്‍ന്നു ഞാന്‍ നിന്നു…’
പ്രണയത്തിന്റെ വസന്തവും ശിശിരവും കണ്ട നാളുകളായിരുന്നു, അത്.
വണ്ണാത്തിപ്പുഴയുടെ തീരത്ത്
കോഴിക്കോട്ടെ വര്‍ത്തമാന രാത്രികളിലാണ് സുനിലേട്ടന് തെയ്യത്തെയും കമ്മ്യൂണിസത്തെയും കുറിച്ച് പറയാറുണ്ടായിരുന്നത്. രാത്രി മുറുകുമ്പോള്‍ തീച്ചാമുണ്ഡിയെയും കാറല്‍ മാര്‍ക്സിനെയും മറന്നു പോവുകയും അന്താക്ഷരിയുടെ ബോധക്കേടിലേക്ക് ഞങ്ങള്‍ വഴുതി വീഴുകയും ചെയ്യും. വിരലില്‍ താളമിട്ടു കൊണ്ട് സുനിലേട്ടന് പാടും:
‘കുങ്കുമമിട്ട കവിള്‍ത്തടമോടെ
മിന്നുകളിളകിയ പൊന്നരയോടെ
കാല്‍ത്തള കൊഞ്ചിയ നാണംപോലെ
നിലാവിലൊരുങ്ങി മയങ്ങണ കണ്ണേ..’
അതു കേള്‍ക്കുമ്പോഴൊക്കെ കല്യാശ്ശേരിയിലെ അധ്യാപനകാലം ഞാനോര്‍ക്കും. പാര്‍ട്ടിയും തെയ്യവും അമ്പലങ്ങളുമുള്ള നാട്ടിലെ മനുഷ്യരെ ഓര്‍ക്കും. ദൈവമുണ്ടോ, ഇല്ലയോ എന്നാലോചിച്ച് നടന്ന വൈകുന്നേരങ്ങളോര്ക്കും. അപ്പോഴൊക്കെയും കോഴിക്കോട് മത്തു പിടിച്ച് കിടപ്പുണ്ടാകും. രാത്രി ഞങ്ങള്‍ വണ്ടിയെടുത്ത് കറങ്ങാനിറങ്ങും.
കുറച്ചു കാലം മുന്‍പ് ഈ പാട്ടെഴുതിയ കൈതപ്രം തിരുമേനിയുടെ അഭിമുഖം എടുത്തിരുന്നു. അന്ന് അദ്ദേഹത്തിന്റെ വീട്ടുമുറ്റത്തിരുന്ന് പാട്ടുകളെക്കുറിച്ച് ഞാനാവേശത്തോടെ ചോദിച്ചു. നെഞ്ചില്‍ത്തറച്ച എണ്ണം പറഞ്ഞ വരികളെക്കുറിച്ച്, കുറച്ച് വൈകാരികമായിത്തന്നെ സംസാരിച്ചു. ശാരീരികമായി ചെറിയ അസ്വസ്ഥതകളുണ്ടായിരുന്നിട്ടും ഞാനാവശ്യപ്പെട്ട പാട്ടുകളൊക്കെ അദ്ദേഹം മൂളിത്തന്നു. ഓരോ പാട്ടും എഴുതാന്‍ സഞ്ചരിച്ച വഴികളെക്കുറിച്ചും എത്തിച്ചേര്‍ന്ന ഇടങ്ങളെക്കുറിച്ചും ഓര്‍ത്തു കൊണ്ട് അദ്ദേഹം എന്റെ തലയില്‍ കൈവെച്ചു.
അന്നു മുഴുവന്‍ ആലോചിച്ചത്, ഞങ്ങളുടെ നാട്ടിന്‍പുറത്തെ റബ്ബറിനെക്കുറിച്ചായിരുന്നു. ചില്ലറ തടയുന്ന കൃഷിയായതു കൊണ്ടാണ്, കവുങ്ങും കശുമാവും കപ്പയും മാറ്റി റബ്ബറ് നട്ടത്. പക്ഷേ, റബ്ബറ് ഒരു കാല്‍പ്പനിക മരമല്ല. റബ്ബറുങ്കാലായില് കളിച്ചു വളര്‍ന്നതു കൊണ്ടാകും- അവിടെത്തന്നെയിരുന്ന് സ്വപ്നം കണ്ടതു കൊണ്ടാകും- അത്രമേല്‍ കാല്പ്പനികമായതൊന്നും എഴുതാന്‍ പറ്റാത്തത്. പൂവാകയും പൂത്തിലഞ്ഞിയും പൂവരശുമൊക്കെയുള്ള നാട്ടിലെങ്ങാനും ജനിച്ചാല്‍ മതിയായിരുന്നെന്ന് നഷ്ടബോധത്തോടെ ഓര്‍ത്തു.
അപ്പോള്‍ റബ്ബര്‍ തോട്ടത്തില്‍ പ്രണയിക്കുന്നവരുടെ ഓര്‍മകളില്‍ എന്ത് മരമായിരിക്കും പൂവിടുക? ഏത് ചില്ലയ്ക്കു താഴെയിരുന്നായിരിക്കും അവര്‍ പരസ്പരം കണ്ണില്‍ നോക്കിയിട്ടുണ്ടാവുക? റഫീഖ് അഹമ്മദ് അതിനുള്ള ഉത്തരം എല്‍സമ്മ എന്ന ആണ്കുട്ടിയില് എഴുതി വെച്ചിട്ടുണ്ടായിരുന്നു.
‘മുറിവുകളില്‍ പാഴ്തരുവിനു പോലും
പ്രണയമാം നീര്‍ത്തുള്ളിയൂറി…’
ആ വരികള്‍ കേട്ടപ്പോഴൊക്കെ എന്റെയുള്ളില്‍ മുരാച്ചി റബ്ബറച്ചായന് കോരിത്തരിച്ചു. ആഹാ, വയലാര്‍ എഴുതുമോ ഇതു പോലെ. പക്ഷേ, അതേ പാട്ടിലെ മറ്റു രണ്ടു വരികളാണ് എക്കാലത്തേക്കുമായി എന്റെയുള്ളില്ത്തറച്ചത്.
‘നിന് കാലടി മാത്രമീ ആയിരം പാടെഴും
പൂഴിയില്‍ ഞാനിന്നു കണ്ടു’
ആയിരം കാലടിപ്പാടുകള്‍ പതിഞ്ഞ മണ്ണില്‍ പ്രിയപ്പെട്ടവളുടെ മാത്രം കാല്പാട് തിരിച്ചറിയുന്ന പ്രണയത്തിന്റെ തീവ്രത ഹൃദയത്തില്‍ പതിഞ്ഞു. മാര്‍ക്കേസിന്റെ ‘കോളറ കാലത്തെ പ്രണയ’ത്തില്‍ ഇതു പോലെ ചില വരികളുണ്ടെന്ന്, ഏതോ ഒരു അരാജക രാത്രിയില്‍ ഒരു കൂട്ടുകാരന് പറഞ്ഞിട്ടുണ്ട്. വരികളും സന്ദര്‍ഭവും ഓര്‍മിക്കാനാകുന്നില്ല; ‘കോളറ കാലത്തെ പ്രണയം’ പിന്നെ വായിച്ചിട്ടുമില്ല.
മറ്റൊരു കോഴിക്കോടന്‍ രാത്രിയില്‍ ബൈക്കില്‍ പോകുമ്പോള്‍ എന്റെ നാക്കിലുടക്കിയ വരികള്‍ ഏതു പാട്ടിലേതാണെന്നു കണ്ടു പിടിക്കാന്‍ യാത്രയിലുടനീളം ഞാനും സച്ചിനും തല പുകച്ചിട്ടുണ്ട്. ഒടുക്കം കുട്ടിക്കാലത്തെ ഓര്‍മയില്‍ നിന്ന് ‘മൗനം സ്വരമായ്’ പുറത്തു വന്നു.
‘അറിയാതെയെന്‍ തെളിവേനലില്‍
കുളിര്‍മാരിയായ് പെയ്തു നീ…’
കൊടുംവേനലില്‍ വറ്റി വരണ്ടു പോയ തലച്ചോറില്‍ രണ്ടിറ്റു പ്രണയം പൊഴിയുന്ന സുഖം തന്ന എത്രയെത്ര പാട്ടുകള്‍. പുത്തഞ്ചേരിക്കും കൈതപ്രത്തിനും വിദ്യാസാഗറിനും ചിയേഴ്സ്. നമുക്കിനി, നഷ്ടപ്രണയത്തെക്കുറിച്ച് രണ്ടു വരി കേട്ടു നോക്കാം…