scorecardresearch

ഗേസ്റ്റാള്‍ജിയ

“എനിക്കും അവനും ഇടയിലല്ല, എനിക്കും മരണത്തിനും ഇടയിലാണ് ഒരു ചുവടുദൂരം. പക്ഷേ, അവനെത്ര നല്ലവനാണ്!”

abin joseph, memories,malayalam writer

ഒന്ന്: റബ്ബര്‍- കശുമാന്തോട്ടങ്ങള്‍

നാട്ടുമ്പുറങ്ങളില്‍ വെയില്‍ ആള്‍മാറാട്ടം നടത്താനുള്ള ചാന്‍സ് കൂടുതലാണ്.

റബ്ബര്‍ മരങ്ങള്‍ക്കിടയിലൂടെ വെള്ളിക്കട്ടന്റെ രൂപത്തിലാണ് വെയില്‍ തൂങ്ങിയിറങ്ങുന്നത്.

മൂന്നാം ക്ലാസില്‍ പഠിക്കുന്ന സമയം. തീരെ വിരസമായൊരു മധ്യവേനലവധിക്കാലം. ഒന്നുകില്‍ കണ്ണുകീറുമ്പോള്‍ മുതല്‍ ലൈറ്റ് പോകുന്നതുവരെ ക്രിക്കറ്റ് കളി. അല്ലെങ്കില്‍ അടുത്തുള്ള മൂപ്പച്ചന്‍ പള്ളിക്ക് ചുറ്റും ഒളിച്ചേ, കണ്ടേ. അതുമല്ലെങ്കില്‍ കപ്പക്കാലായില്‍ കള്ളനും പോലീസും. ചിലപ്പോള്‍ കശുമാങ്കൊമ്പില്‍ ചാരിക്കിടന്ന് ബാലരമ വായന. മറ്റുചിലപ്പോള്‍ ടി.വിയിലെ ഷാജി കൈലാസ് ആക്ഷന്‍ മസാല.

ഇതെല്ലാം മടുത്തൊരു ദിവസമാണ് വീടിനു പിന്നിലെ ‘കുന്നുതോട്ട’ത്തിലേയ്ക്ക് പൊട്ടാസുതോക്കുമായി ഓടിക്കയറിയത്. ലക്ഷ്യം പാക്കിസ്ഥാന്‍ തീവ്രവാദികള്‍ തന്നെ. വലുപ്പത്തില്‍ വിടര്‍ന്ന ചേമ്പിലകളെ മറയാക്കി, ടണ്‍ കണക്കിന് തീവ്രവാദികളെ കൊന്നൊടുക്കിക്കൊണ്ട് എന്റെയുള്ളിലെ ‘സുബൈദാര്‍ മേജര്‍’ കുതിച്ചു. തട്ടുതട്ടായി തിരിച്ച റബ്ബര്‍ തോട്ടമായിരുന്നില്ല, അത്. ഇടയ്ക്ക് കുറച്ചു തെങ്ങുകളുണ്ട്. വലിയൊരു ബദാം(അങ്ങനെയാണ് ഞങ്ങള്‍ വിശ്വസിച്ചിരുന്നത്. പരുവത്തില്‍ ഏതാണ്ട് ബദാം പോലെതന്നെയായിരുന്നു.) മരമുണ്ട്. ആഞ്ഞിലിയും ഇല്ലിയും കാപ്പിയും തേക്കുമുണ്ട്.

ഈ പ്രതികൂല സാഹചര്യങ്ങളെയെല്ലാം മറികടന്നുകൊണ്ടാണ് തീവ്രവാദിവേട്ട മുന്നേറുന്നത്. ഒരു റബ്ബറിന്റെ പിന്നില്‍ ഒളിച്ചിരുന്ന് ആകാശത്തേക്കു നോക്കിയപ്പോഴാണ്, വെയില്‍ കണ്ണിലേക്ക് ഇഴഞ്ഞു കയറിയത്. ശരിക്കും നല്ലൊന്നാന്തരം സ്വര്‍ണത്തിന്റെ നിറം. ഇലകളുടെ ചുറ്റും ഹാലോ ഒക്കെ സെറ്റപ്പാക്കി താഴോട്ടിറങ്ങുന്നു. നിലത്തെ പുല്ലൊക്കെ പളപളാ മിന്നുന്നു. വെയിലിനെത്തന്നെ നോക്കി കണ്ണുമഞ്ഞളിച്ചുകൊണ്ട് ഞാന്‍ റബ്ബറുഞ്ചോട്ടില്‍ തനിച്ചിരുന്നു. അപ്പോള്‍ പിന്നില്‍നിന്ന് ഒരു ശ്ശ്… ശ്ശ്… കേട്ടു. ആരാണത്. അനിയനും അയല്‍പ്പക്കത്തെ സ്ഥിരം ഗ്യാങ്ങും ടി.വി. കാണുകയാണ്. നട്ടുച്ചയ്ക്കും വൈകുന്നേരത്തിനുമിടയിലെ തീരെ വിരസമായ മൂഡില്‍ കിളുന്തിലപോലും അനക്കാതെ നില്‍ക്കുകയാണ് മരങ്ങളൊക്കെ. ഞാന്‍ പതിയെ തിരിഞ്ഞുനോക്കി. കണ്ണിലെ മഞ്ഞളിപ്പിനപ്പുറം അവന്റെ തല കണ്ടു. എന്നെത്തന്നെ നോക്കിക്കിടക്കുകയാണ്. പത്തി വിടര്‍ത്തി- ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. എനിക്കും അവനുമിടയില്‍ ഒരു ചുവടിന്റെ മാത്രം ദൂരമേയുള്ളൂ. അടുത്ത തീവ്രവാദിയെ ലക്ഷ്യമിട്ടുള്ള ചാടിയെണീക്കലില്‍ അവന്‍, മമ്മി സ്ഥിരം കളിയാക്കാറുണ്ടായിരുന്ന എന്റെ പേച്ചക്കാലില്‍ കൊത്തും. എനിക്കും അവനും ഇടയിലല്ല, എനിക്കും മരണത്തിനും ഇടയിലാണ് ഒരു ചുവടുദൂരം.abin joseph, memories,malayalam writer

പക്ഷേ, അവനെത്ര നല്ലവനാണ്. ചവിട്ടല്ലേ, ചവിട്ടല്ലേന്ന് ശ്ശ്, ശ്ശ് വെച്ചു. ആദ്യത്തെ ഞെട്ടലില്‍ എഴുന്നേറ്റ് പിന്നാക്കം മാറിയെങ്കിലും ഞാനവനെ നോക്കി. വെയില്‍ ഇപ്പോള്‍ അവന്റെ പത്തിയിലാണ് വന്നുവീഴുന്നത്. അവന്‍ അടിമുടി തിളങ്ങുന്നു.

പൊട്ടാസ് തോക്ക് താഴെയിട്ട് ഞാന്‍ തിരിഞ്ഞോടി.

രണ്ട്: കൈത്തോട്, കുഞ്ഞനിടവഴി

ഇടവഴികളില്‍ വെയില്‍ കൊഴുകൊഴുപ്പുള്ള തുള്ളികളായാണ് വിയര്‍ത്തുവീഴാറുള്ളത്.

ഒന്‍പതാം ക്ലാസ് കാലം. വീണ്ടും മധ്യവേനലവധി. സ്‌കൂള്‍ ഗ്രൗണ്ടിനടുത്തുള്ള വയല്‍വരമ്പിലൂടെ നടക്കുകയാണ്. പ്രത്യേകിച്ചു പരിപാടികളൊന്നുമില്ല. ഗ്രൗണ്ടിന്റെയറ്റത്തുള്ള കുളക്കരയില്‍ കുറച്ചുനേരം ഇരിക്കണം. ഭാവിയില്‍ എഴുതാന്‍ പോകുന്ന നോവലുകള്‍ക്കു പേരിടണം. വെയിലാറുമ്പോള്‍ വെല്യോരടെ ക്രിക്കറ്റ് കളി കാണണം. സന്ധ്യയ്ക്കു മുന്നേ വീടെത്തണം. അത്രേയുള്ളൂ, അജണ്ട.

പക്ഷേ, അപരാഹ്നങ്ങളെന്ന് പറയുന്നത് വല്ലാത്ത മടുപ്പാണ്. ഉച്ചയൂണ് കഴിഞ്ഞ് മിക്കവരും ഒന്നു മയങ്ങുന്ന ടൈം. പണിക്കാരൊക്കെ വിശ്രമിക്കും. കിളികൾപോലും പറക്കുന്നുണ്ടാവില്ല. അപ്പോഴൊക്കെയും വീടിനു മുന്നിലുള്ള തെങ്ങിന്‍ തോപ്പുകളിലേക്കു നോക്കി ഞാനിരിക്കും. അന്നേരം വല്ലാതെ സങ്കടം വരും. കോഴിക്കോട് താമസിക്കുന്ന മുറിയുടെ മുന്നിലും കുറച്ച് തെങ്ങുകളുണ്ട്. അവധി ദിവസങ്ങളില്‍ ഏതാണ്ടിതേ നേരത്ത് മുറിക്കു പുറത്തിറങ്ങി നില്‍ക്കും. അന്നേരവും വല്ലാത്ത സങ്കടം വരും.

abin joseph, memories,malayalam writer

പാടവരമ്പ് കഴിഞ്ഞാല്‍ ചെറിയൊരു കുഞ്ഞനിടവഴി. അതിലേക്കൂടെ കുളക്കരയിലേക്കു നടക്കുകയായിരുന്നു. കണ്ടത്തിന്റെ കരയിലുള്ള നീളന്‍ മരച്ചുവട്ടില്‍ കുറച്ചുനേരം നിന്നു. തടിയോടൊട്ടി നില്‍ക്കുന്ന അതിന്റെ ചില്ലകള്‍ക്കു താഴെ തണല്‍ തീരെ കുറവായിരുന്നു. ചുറ്റും വയല്‍. ഒരറ്റത്ത് പേരറിയാമരം. അതിന്റെ ചുവട്ടില്‍ ഞാന്‍.

അവധിക്കാലമായതുകൊണ്ട് വെട്ടിയൊതുക്കാത്ത പുല്ല് സ്‌കൂള്‍ ഗ്രൗണ്ടിന്റെ വളപ്പിലും പൊങ്ങിനിന്നിരുന്നു. കുളക്കരയിലേക്കു കയറാന്‍ തുടങ്ങുമ്പോഴാണ് അവരെ കണ്ടത്. അതിനു മുന്‍പ് അവരെ അവിടെങ്ങും കണ്ടിട്ടുണ്ടായിരുന്നില്ല. ചെറിയ മീശയൊക്കെയുള്ള രണ്ടുപേര്‍. ഒരാള്‍ നല്ലപോലെ കറുത്തിട്ടാണ്. മറ്റേയാള്‍ നല്ലപോലെ വെളുത്തിട്ടും. കാട്ടുചെടികള്‍ക്കിടയില്‍നിന്ന് അവര്‍ എഴുന്നേറ്റു. കൈലി വാരിയെടുത്തുകൊണ്ട് പുറത്തേക്ക് നടന്നു. എന്നെ കണ്ടിട്ടില്ല. ഞാന്‍ പതിയെ അടുത്തുള്ള കശുമാവിന്‍ചോട്ടില്‍ പതുങ്ങി. കുറുന്തോട്ടികള്‍ക്കു മുകളിലൂടെ അവര്‍ കാല്‍വെച്ചു. പിന്നെ, കൈലി പൊക്കിക്കൊണ്ട് കുളത്തിലേക്കിറങ്ങി.

ഞാന്‍ പതിവുപോലെ കുളക്കരയിലേയ്ക്ക് നടന്നു. അവരെന്നെ കാണാനിടയില്ലാത്തൊരു കോണില്‍ ചെന്നിരുന്നു. കുറ്റിക്കാട്ടില്‍നിന്നു അവര്‍ കുളത്തിലേക്ക് കളം മാറ്റിയതായിരുന്നു. കുളം നിറയെ ഓളങ്ങള്‍ നിറഞ്ഞു. ചുറ്റുമുള്ള കാട്ടുപൊന്തകളുടെ ദൃശ്യം ജലപ്പരപ്പില്‍നിന്നു മാഞ്ഞു. ആകാശം അകന്നു. കുളത്തില്‍ അവര്‍ മാത്രമായി. കുളക്കരയില്‍ ഞാനും.

പോക്കുവെയില്‍ ചീറ്റിവരുന്ന വഴിയിലൂടെ ഞാന്‍ തിരിച്ചു നടന്നു.

അപ്പോള്‍ ആരെയെങ്കിലും അതിഗൂഢമായി പ്രണയിക്കണമെന്നു തോന്നി.

Read More: അബിൻ ജോസഫ് എഴുതിയ മറ്റ് ലേഖനങ്ങൾ വായിക്കാം

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Memories nostalgia abin joseph