അടുപ്പം കൊണ്ടുമാത്രം വായിച്ചെടുക്കാന്‍ പറ്റുന്ന ചില വശങ്ങളുണ്ട് ഓരോ വ്യക്തിത്വത്തിനും. ആ വായിച്ചെടുക്കലും കൂടിയായാലേ ആ വ്യക്തിചിത്രങ്ങള്‍ പൂര്‍ണ്ണമാവൂ. ദൂരെനിന്നു കണ്ടതൊന്നുമായിരുന്നില്ല ശരിക്കുള്ള ചിത്രം എന്നു അപ്പോള്‍ മാത്രമാണ് മനസ്സിലാവുക.  രക്തബന്ധം കൊണ്ടു വരുന്ന തുടര്‍ച്ച, നിരന്തരസാമീപ്യം കൊണ്ടുണ്ടായ ഇഴയടുപ്പം, ഒപ്പം വച്ച കാല്‍ച്ചോടുകള്‍ പൂഴ്ന്നുണ്ടായ മനസ്സിലാക്കലുകള്‍, അങ്ങനെ ഏതുമാവാം അടുപ്പത്തിനു കാരണങ്ങള്‍.  അടുപ്പത്തിന്‍റെ നടുമുറ്റത്തുനിന്ന് ഒരാള്‍ മറ്റൊരാളെ വായിക്കുകയാണ്, ആ വായനയില്‍ മറ്റാരും കാണാത്ത ചില അളന്നുകുറിക്കലുകള്‍ ഉണ്ടാവും, തീര്‍ച്ച.

കേള്‍വിക്കാരും വായനക്കാരും കാഴ്ചക്കാരും അറിയാതെ പോകുന്ന പ്രകാശഗോപുരങ്ങള്‍, പൊട്ടിച്ചിരികള്‍, വേവലുകള്‍, ആന്തലുകള്‍, ഒറ്റപ്പെടലുകള്‍, ഉത്സവങ്ങള്‍, ഈരടികള്‍, രസച്ചരടുകള്‍, കളിക്കമ്പങ്ങള്‍ ഒക്കെയുണ്ട് ഓരോരുത്തരുടെയും ഉള്ളില്‍. അതെല്ലാം അടുപ്പത്തിന്‍റെ കണ്ണടയിലൂടെ മാത്രം കാണാവുന്ന ചിലതാണ്…

എന്‍റെ മോഹനൻ ചേട്ടൻ

ഇക്കഴിഞ്ഞ ഒക്ടോബർ മൂന്ന്, എൻ. മോഹനൻ എന്ന എന്‍റെ മോഹനൻ ചേട്ടന്‍റെ പതിനെട്ടാം ചരമ വാർഷികമായിരുന്നു. കുറെ നാളുകളായി ചേട്ടനെപ്പറ്റി എന്തെങ്കിലും എഴുതണമെന്നു വിചാരിച്ചു തുടങ്ങിയിട്ട്. വർഷങ്ങൾ ഇത്ര പിന്നിട്ടെങ്കിലും ചേട്ടനെക്കുറിച്ചു എഴുതാനുള്ള മനഃസാന്നിധ്യം ഇനിയുമെനിക്ക് ഉണ്ടായിട്ടില്ല. വെറുമൊരു സാധാരണക്കാരനായ ഒരു സഹോദരൻ അല്ലല്ലോ എന്‍റെ മോഹനൻ ചേട്ടൻ. പ്രശസ്തനായ ഒരാൾ. സാധാരണക്കാരായ ഒരു ചേട്ടനും അനിയത്തിയും എന്ന നിലയിൽ ഞാൻ തുടങ്ങാം. ചേട്ടൻ ഇഷ്ടപ്പെടുന്നതും അതായിരിക്കും.

രാമപുരം സെയിന്റ് അഗസ്റ്റ്യൻസ് സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ചേട്ടനെ സ്കൂളിലെ അധ്യാപകർക്കും സഹപാഠികൾക്കുമൊക്കെ വലിയ ഇഷ്ടമായിരുന്നു എന്ന് കേട്ടിട്ടുണ്ട്. പത്താം ക്ലാസ്സ് പഠനം വരെ മാത്രമേ രാമപുരത്തു ഉണ്ടായിരുന്നുള്ളു. പിന്നീടുള്ള വിദ്യാഭ്യാസം മുഴുവൻ തിരുവനന്തപുരത്തായിരുന്നു. പിന്നെ ഒരുപാട് പുതിയ സുഹൃത്തുക്കളായി. യൂണിവേഴ്സിറ്റി കോളജിൽ പഠിക്കുമ്പോൾ കോളജ് ഇലക്ഷന് നിന്ന് ജയിച്ച്, സ്പീക്കർ ആയി. ആളൊരു കോളേജ് ഹീറോ ആയി. ലളിതാംബിക അന്തർജനത്തിന്‍റെ മകനാണെന്ന് പലർക്കും അറിയുകയും ചെയ്യാം. ചേട്ടൻ അവിടെ എസ്. എഫിന്‍റെ ആദ്യ പ്രസിഡന്റ് കൂടി ആയിരുന്നു എന്ന കാര്യം പലർക്കും അറിയില്ലെന്ന് തോന്നുന്നു.

മോഹനൻ ചേട്ടന്‍റെ വിദ്യാർത്ഥി കാലത്തെ രാഷ്ട്രീയ ബന്ധങ്ങളുമായി ബന്ധപ്പെട്ട് ചില കഥകളൊക്കെ കേട്ടിട്ടുണ്ട്. അന്നത്തെ കാലത്തിന്‍റെ കഥകളാണ് അതെല്ലാം. പഠിക്കുന്ന കാലത്ത് , തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിന് സമീപം ലോഡ്ജിൽ താമസിക്കുമ്പോൾ ഒപ്പം മുറിയിൽ ഒരു സഖാവ് ഒളിവിൽ താമസിച്ചിരുന്നു . കുറച്ചു നാളുകൾക്ക് ശേഷം അദ്ദേഹം അവിടെ നിന്നും മാറി. പിന്നീടാണ്  അറിയുന്നത്  അദ്ദേഹം  ഇ എം ശങ്കരൻ നമ്പൂതിരിപ്പാട്  എന്നായിരുന്നവെന്ന്.

സുശീല ഗോപാലൻ അടുത്ത സുഹൃത്തായിരുന്നു. എ കെ ജി യുമായി പ്രണയത്തിലായിരുന്ന സുശീലയ്‌ക്കൊപ്പം തമിഴ് നാട്ടിലെ ജയിലിൽ എ കെ ജിയെ കാണാൻ കൂട്ടുപോയിട്ടുളളതാണ് മറ്റൊരു കഥ. ഇങ്ങനെ രാഷ്ട്രീയവും സൗഹൃദവുമൊക്കെയുളള, അതിനൊപ്പം നടന്നിരുന്ന ഒരാളാണ്  എന്‍റെ ചേട്ടൻ.

യൂണിവേഴ്സിറ്റി കോളജിൽ പഠിക്കുമ്പോഴാണ് അധ്യാപകനായി ഗുപ്തൻ നായർ സാറും സഹപാഠികളായ ഒ എൻ വി കുറുപ്പ്, സുഗതകുമാരി, പുതുശ്ശേരി രാമചന്ദ്രൻ, ചിത്രകാരൻ എ  രാമചന്ദ്രൻ, ചലച്ചിത്ര സംവിധായകൻ അരവിന്ദൻ തുടങ്ങിയവരുമായി ബന്ധം ഉണ്ടാവുന്നത്. ചേട്ടൻ അറിയപ്പെടുന്ന ഒരു എഴുത്തുകാരൻ ആയി മാറി. ആദ്യം എഴുതിയ ‘കൊച്ചു തിരുമേനി’ എന്ന കഥ സാഹിത്യ വിമർശകൻ ആയിരുന്ന എം കൃഷ്ണൻ നായർക്ക് പോലും ഇഷ്ടപ്പെട്ടു. രാമപുരത്തെ അമ്പലത്തിലെ ശാന്തിക്കാരനായിരുന്ന പനായാട്ടമ്പിള്ളിയുടെ രണ്ടാമത്തെ വേളിയിലുണ്ടായ കുഞ്ചു എന്ന നിഷ്കളങ്ക ബാലനെ ആണ് ‘കൊച്ചു തിരുമേനി’ എന്ന കഥാപാത്രമാക്കിയത്. കുഞ്ചു എന്നും ഞങ്ങളുടെ വീട്ടിൽ വരുന്ന കുട്ടി ആയിരുന്നു. ഹൃദയസ്പർശിയായ ആ കഥ കണ്ണുനീരോടുകൂടി മാത്രമേ വായിക്കാൻ പറ്റൂ. ചേട്ടന്‍റെ കഥകളിൽ എനിക്ക് ഏറ്റവും ഇഷ്ടവും ആ കഥയോടാണ്.

n.mohanan,malayalam writer,memories,rajam g. namboothiri

മകളുടെ വിവാഹ വേളയില്‍ ലേഖിക എന്‍ മോഹനനോടൊപ്പം

കോളജിൽ പഠിക്കുമ്പോൾ ചേട്ടന് ഒരു പ്രണയമുണ്ടായിരുന്ന കാര്യം എല്ലാവർക്കുമറിയാം. ഇരുവരും കണ്ടുമുട്ടലുകളിൽ കൂടിയും കത്തിലൂടെയും പ്രണയിച്ചു. ചേട്ടന് ആ കുട്ടിയോട് അഗാധമായ സ്നേഹം തന്നെ ആയിരുന്നു. തിരിച്ചു അങ്ങനെ ആയിരുന്നിരിക്കില്ല. പഠനം കഴിഞ്ഞു വീട്ടുകാർ ആലോചിച്ച വിവാഹവും കഴിച്ചു അവർ പോയി. ചേട്ടന്‍റെ മനസ്സിനെ അത് വല്ലാതെ നോവിച്ചു. ശരിക്കു പറഞ്ഞാൽ മരണം വരെയും ആ നൊമ്പരം ചേട്ടനെ അലട്ടിയിരുന്നു. ആ ഓർമകളാണ് ‘ഒരിക്കൽ’ എന്ന നോവലിന്‍റെ പിറകിൽ. പിന്നീട് വിവാഹം കഴിക്കാൻ പോകുന്ന കുട്ടിയോട് കല്യാണത്തിന് മുൻപേ എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു. തൃപ്പുണിത്തുറ കൊട്ടാരത്തിലെ  ഭാമ എന്ന ചേട്ടന്‍റെ ഭാര്യ വളരെ സ്നേഹമയിയും ചേട്ടന്‍റെ എല്ലാ കാര്യങ്ങളിലും ശ്രദ്ധാലുവും ആയിരുന്നു. ഭക്ഷ്യവകുപ്പിൽ​ ചീഫ് അനലിസ്റ്റായിരുന്നു. കപട നാട്യങ്ങൾ ഒന്നുമില്ലാതെ അവർ രണ്ടു പേരും ജീവിച്ചു.

പുതിയ തലമുറയിലെ കുട്ടികളോടും ചേട്ടൻ പറയുമായിരുന്നു. “ആരെ വേണമെങ്കിലും സ്നേഹിച്ചോളൂ…, പക്ഷെ വഞ്ചിക്കരുത്.”

എം എ പാസ്സായ ഉടനെ തന്നെ ചേട്ടന് കാലടി ശ്രീശങ്കര കോളേജിൽ ജോലി കിട്ടി. അവിടെയുമുണ്ടായിരുന്നു സഹൃദയരും സാഹിത്യവാസനയുള്ളവരുമായ ഒരു സുഹൃദ് സംഘം. നല്ല നല്ല കഥകൾ ഒന്നിന് പിന്നാലെ ഒന്നായി വന്നു തുടങ്ങി. എന്‍റെ കഥ (നിന്‍റെയും), അഹല്യ, പൂജയ്ക്കെടുക്കാത്ത പൂക്കൾ( ഈ കഥ ശോഭനാ പരമേശ്വരൻ നായർ സിനിമയാക്കി). ജി ശങ്കരക്കുറുപ്പും ജോസഫ് മുണ്ടശ്ശേരിയും പി ഭാസ്കരനും എം ടി വാസുദേവൻ നായരും തോപ്പിൽ ഭാസിയും വൈക്കം ചന്ദ്രശേഖരൻ നായരും അങ്ങനെ ഒട്ടേറെപ്പേരുമായി അടുത്ത ബന്ധം പുലർത്തി.

കഥകൾ വായിച്ചു അമ്മയ്ക്കും ഒരുപാട് സന്തോഷമായി. പിന്നീട് ചേട്ടൻ തിരുവനന്തപുരത്തു പബ്ലിക് റിലേഷൻസ് വകുപ്പിൽ കൾച്ചറൽ ഡെവലപ്മെന്റ് ഓഫീസർ ആയി ജോലി കിട്ടി. തിരുവനന്തപുരത്തുകാരനായി മാറി. തിരുവനന്തപുരത്തു തന്നെ ജോലി ചെയ്തിരുന്ന ഭാര്യയും മക്കളായ സരിതയും ഹരിയുമൊത്തു ശാസ്തമംഗലത്തെ ‘പൂർണിമ’യിൽ സ്വസ്ഥമായി ജീവിച്ചു. അക്കാലത്ത് -ഏതാണ്ട്- നീണ്ട 20 വർഷങ്ങൾ ചേട്ടൻ ഒന്നും എഴുതിയില്ല. സർക്കാർ ഓഫീസിലെ ‘മുരടിച്ച’ ജോലിയാണ് ചേട്ടന്‍റെ എഴുത്തിനെ ബാധിച്ചത്. എല്ലാവർക്കും വളരെ വിഷമമുണ്ടാക്കിയ കാര്യമായിരുന്നു അത്.

n.mohanan,malayalam writer,memories,rajam g. namboothiri

റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്കിടയില്‍ മുന്‍പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്കും കേരളത്തിലെ കലാകാരന്മാര്‍ക്കും ഒപ്പം എന്‍ മോഹനന്‍

എന്നാൽ ഓഫിസിലും ചേട്ടന് ധാരാളം സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ജി എൻ പണിക്കർ, ജി വിവേകാനന്ദൻ, തോട്ടം രാജശേഖരൻ, ടി കെ സി വടുതല തുടങ്ങി പ്രഗത്ഭരായ ധാരാളം സഹപ്രവർത്തകരും.

ഈ കാലയളവിൽ കെ കരുണാകരൻ, അച്യുതമേനോൻ, എ കെ ആന്റണി, ഇ കെ നായനാർ തുടങ്ങി അതിപ്രഗത്ഭരായ മുഖ്യമന്ത്രിമാരോട് ചേർന്ന് ജോലി ചെയ്യാനും ചേട്ടന് കഴിഞ്ഞു.

ജോലിയുടെ ഭാഗമായി എല്ലാ വർഷവും റിപ്പബ്ലിക്ക് ദിനത്തിന് ഡൽഹിയിലേക്ക് യാത്ര പതിവായിരുന്നു. ഈ സമയത്തു പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയുമായി പ്രത്യേകമായ ഒരു വ്യക്തി ബന്ധം ചേട്ടനുണ്ടായി എന്നത് പലർക്കും അറിയില്ലെന്ന് തോന്നുന്നു. ഇന്ദിര ഗാന്ധിയുടെ ‘Eternal India’ എന്ന ഗ്രന്ഥത്തിന്‍റെ രചനയ്ക്ക് ചേട്ടൻ ഒട്ടൊക്കെ പ്രേരണയായിരുന്നു എന്നും കേട്ടിട്ടുണ്ട്.

റിട്ടയർമെന്റിന് ശേഷമായിരുന്നു എന്ന് തോന്നുന്നു രണ്ടാം വരവ്. ആദ്യ കാല കഥകളിൽ നിന്ന് വ്യത്യസ്തമായിരുന്നു പിന്നീടെഴുതിയ കഥകൾ. ശേഷപത്രം, മറിയക്കുട്ടി, പെരുവഴിയിലെ കരിയിലകൾ… ഇതെല്ലാം അക്കാലത്ത് എഴുതിയവയാണ്. ‘പെരുവഴിയിലെ കരിയിലകൾ’ കലാകൗമുദിയിൽ പ്രസിദ്ധീകരിച്ച സമയത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്‍റെ മകൻ സാജന്‍റെ ഒപ്പം ദൂരദർശനിൽ ജോലി ചെയ്തിരുന്ന ശ്യാമപ്രസാദ് പിന്നീട് ‘പെരുവഴിയിലെ കരിയിലകൾ’ ടെലിഫിലിമാക്കി. പിൽക്കാലത്ത് പ്രശസ്തനായ സിനിമ നടനായി മാറിയ നരേന്ദ്രപ്രസാദിന്‍റെ ആദ്യ ചിത്രമായിരുന്നു അത്. രാമപുരത്തെ ചേട്ടന്‍റെ സഹപാഠി ആയിരുന്ന, പിന്നീട് പ്രമുഖ പത്രപ്രവർത്തകനായിത്തീർന്ന ഒരു വ്യക്തിയുടെ ജീവിതത്തെക്കുറിച്ചു എഴുതിയതായിരുന്നു ആ കഥ. അതിൽ ചേട്ടന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ചത്  നെടുമുടി വേണുവാണ്.

n.mohanan,malayalam writer,memories,rajam g. namboothiri

മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയ്ക്കൊപ്പം

അമ്മയുടെ ‘അഗ്നിസാക്ഷി’ സിനിമയാക്കിയതും ശ്യാമപ്രസാദ് ആണല്ലോ. പലരും ആവശ്യപ്പെട്ടിരുന്നെങ്കിലും ആർക്കും ചേട്ടൻ അനുമതി കൊടുത്തിരുന്നില്ല. സിനിമ ആക്കുമ്പോൾ പുസ്തകത്തിലെ പലതും കളയുകയും പുതിയത് പലതും കൂട്ടിച്ചേർക്കുകയും ചെയ്യാറുണ്ടല്ലോ. അതുകൊണ്ടാണ് ചേട്ടൻ അതിന് തയ്യാറാകാതിരുന്നത്. ശ്യാം ഞങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെപ്പോലെ തന്നെ ആയിരുന്നു. നോവലിൽ ഒരു മാറ്റവും വരുത്താതെ സിനിമ ചെയ്യാമെന്ന് ശ്യാം ചേട്ടന് ഉറപ്പു നൽകി. ഏതായാലും സിനിമ പുറത്തിറങ്ങിയപ്പോൾ എല്ലാവർക്കും ഒരുപാട് ഇഷ്ടമായി. മറ്റൊരു കുടുംബ സുഹൃത്തായ അളഗപ്പന്‍റെ ക്യാമറയും ശോഭനയുടെയും രജത് കപൂറിന്‍റെയും അഭിനയവുമെല്ലാം കൂടി സിനിമ ഗംഭീരമായി. ചേട്ടനും ഞങ്ങൾ മറ്റു മക്കൾക്കുമൊക്കെ വളരെ സന്തോഷം തോന്നി. “ഇത് കാണാൻ അമ്മ ജീവിച്ചിരിപ്പില്ലല്ലോ”, എന്നായിരുന്നു അച്ഛന്‍റെ സങ്കടം. സിനിമയേയും സംവിധായകനെയും തേടി അവാർഡുകൾ ഏറെയെത്തി. ശ്യാം ചെയ്‌തെ ഏറ്റവും നല്ല സിനിമ ‘അഗ്നിസാക്ഷി’ തന്നെയാണെന്നാണ് എന്‍റെ അഭിപ്രായം.

‘പെരുവഴിയിലെ കരിയിലകൾ’ക്കു പുറമെ ചേട്ടന്‍റെ മറ്റു കഥകളും ദൂരദർശനിൽ വന്നു. ‘മോഹന ദർശനം’ എന്ന പേരിൽ ശ്രീകുമാരൻ തമ്പിയാണ് അതെല്ലാം പരമ്പരയായി സംവിധാനം ചെയ്തത്. ‘പറയി പെറ്റ പന്തിരുകുലം’ എന്ന ഐതിഹാസിക കഥയെ ആസ്പദമാക്കി എഴുതിയ ‘ഇന്നലത്തെ മഴ’ എന്ന ചേട്ടന്‍റെ ആദ്യ നോവൽ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചപ്പോൾ വായനക്കാർ വളരെ ഇഷ്ടത്തോടെയാണ് അതേറ്റുവാങ്ങിയത്. ആ വർഷത്തെ മികച്ച നോവലിനുള്ള സാഹിത്യ അക്കാദമി പുരസ്കാരം ‘ഇന്നലത്തെ മഴ’യ്ക്കായിരുന്നു. ചേട്ടന്‍റെ അടുത്ത സുഹൃത്തുക്കളായ എം ടിയും ഒ എൻ വിയും എപ്പോഴും ഒരു ടീമായിരുന്നു. ഇപ്പോൾ എം ടി തനിച്ചായല്ലോ.

കോഴിക്കോട്ടുകാരൻ മൊയ്തീൻ തിരുവനന്തപുരത്തു വരുമ്പോഴൊക്കെ ചേട്ടനെ കാണാതെ പോവില്ല. ചേട്ടനോട് പറയാത്ത ഒരു കാര്യവും മൊയ്തീന് ഉണ്ടായിരുന്നില്ല. കാഞ്ചനമാല എന്ന യുവതിയുമായുള്ള പ്രണയവും അതിനെച്ചൊല്ലിയുണ്ടായ പ്രശ്നങ്ങളുമെല്ലാം ചേട്ടനോട് പറഞ്ഞിരുന്നു. ഒടുവിൽ ഒരു ബോട്ടപകടത്തിൽ മൊയ്തീൻ മരിച്ചപ്പോൾ ചേട്ടൻ ഒരുപാട് സങ്കടപ്പെട്ടു. ‘മൊയ്തീൻ’ എന്ന കഥ നമ്മളിലേയ്ക്കും ആ അനുഭവം പകരും. ‘എന്ന് നിന്‍റെ മൊയ്തീൻ’ എന്ന സിനിമ ഈയിടെ കാണാനിടവന്നപ്പോൾ ആ കഥ വീണ്ടും ഓർമ്മ വന്നു.

ഞാൻ കഥാപാത്രമാവുന്ന രണ്ടു കഥകളും ചേട്ടൻ എഴുതിയിട്ടുണ്ട്. ‘അനിയത്തി’, ‘രണ്ടാഴ്ച കഴിഞ്ഞ്’ എന്നീ കഥകൾ.

n.mohanan,malayalam writer,memories,rajam g. namboothiri

അയ്യപ്പപണിക്കര്‍ക്കൊപ്പം

സുഹൃത്തുകൾക്ക് മാത്രമല്ല രാമപുരത്തും സകലർക്കും ചേട്ടനെ വളരെ ഇഷ്ടമായിരുന്നു. തിരുവനന്തപുരത്ത് എന്ത് കാര്യം സാധിക്കണമെങ്കിലും സെക്രട്ടറിയേറ്റിൽ നമ്മുടെ മോഹനൻ ഉണ്ടല്ലോ, ചെന്ന് കണ്ടാൽ മതി, വേണ്ടത് ചെയ്യുമെന്ന് എല്ലാവരും പറയുമായിരുന്നു. ഞങ്ങളുടെ ഇല്ലങ്ങളിൽ പുറം പണിയും കുട്ടികളെ നോക്കാനുമൊക്കെയായി ഉണ്ടായിരുന്ന ജോലിക്കാരികളുടെ കൂട്ടത്തിൽ ഒരാളായിരുന്നു തച്ചാട്ട് ഗൗരി. ഗൗരി കല്യാണം കഴിഞ്ഞു പോയിട്ടും കൂടെക്കൂടെ ഇല്ലത്തു വരും. ഇടയ്ക്കൊരു നാൾ ഗൗരിയും സഹോദരൻ കുട്ടപ്പനും കൂടി തിരുവനന്തപുരം കാണാൻ ഒരു യാത്ര പോയി. സെക്രട്ടേറിയേറ്റിൽ ‘മോഹനൻ തിരുമേനിയെ’ കാണാൻ ചെന്നു. അവിടെ കണ്ട ഒരു പോലീസുകാരനോട് നാട്ടിൽ നിന്ന് മോഹനൻ തിരുമേനിയെ കാണാൻ വന്നതാണെന്ന് പറഞ്ഞു. “ഗൗരി വന്നിരിക്കുന്നു എന്ന് പറഞ്ഞാൽ തിരുമേനിക്കറിയാം.” എന്നാണ് നിഷ്കളങ്കയായ ഗൗരി പോലീസുകാരനോട് പറഞ്ഞത്.

അയാൾ അകത്തുപോയി മടങ്ങി വന്ന് ഗൗരിയെ കൂട്ടിക്കൊണ്ടു ചെന്നു. ഗൗരിയെ കണ്ടപ്പോൾ ചേട്ടൻ കസേരയിൽ നിന്ന് എഴുന്നേറ്റു സ്വീകരിച്ചു. “എപ്പോഴാ വന്നത്? നേരത്തെ എന്താ അറിയിക്കാത്തത്?” തുടങ്ങിയ അന്വേഷണങ്ങളും. ഗൗരിയുടെ മറുപടി ഒരു കരച്ചിലായിരുന്നു. കാപ്പിയും പലഹാരവുമൊക്കെ വാങ്ങിക്കൊടുത്താണ് ചേട്ടൻ ഗൗരിയേയും കുട്ടപ്പനെയും തിരികെ അയച്ചത്.

രാമപുരത്തു തിരികെ എത്തിയ ഗൗരി മോഹനൻ തിരുമേനിയെ കാണാൻ സെക്രട്ടറിയേറ്റിൽ പോയ കഥ പൊടിപ്പും തൊങ്ങലും വച്ച് സകലരോടും പറയാൻ തുടങ്ങി.

“നമ്മുടെ മോഹനൻ തിരുമേനി വൈകുണ്ഠത്തിൽ ‘ബ്രഹ്മാവ്’ ഇരിക്കുന്ന മട്ടിലല്ലേ ഇരിക്കുന്നത്? പോലീസുകാരനാ അവിടെ കൊണ്ട് ചെന്നാക്കിയത്. ഗൗരിയെ കണ്ടതും തിരുമേനി കസേരയിൽ നിന്ന് ചാടി എണീറ്റു. അതാണ് സ്നേഹം എന്ന് പറയുന്നത്.”

പുതിയ തലമുറയിലെ കുട്ടികളോട് ചേട്ടന് വലിയ സ്നേഹവും അടുപ്പവുമായിരുന്നു. ഒരുപാട് കുട്ടികൾ ശാസ്തമംഗലത്തെ ചേട്ടന്‍റെ വീട്ടിൽ വരും. അവരെ കഥകൾ പറഞ്ഞും രസിപ്പിക്കും. സ്വന്തം വീട്ടിൽ താമസിക്കുന്ന അനുഭവമാണ് വന്ന് താമസിച്ചിട്ടുളളവർക്ക്. എല്ലാവരോടും കളി തമാശകൾ പറയും. കുട്ടികൾക്ക് എന്നാൽ അച്ഛനോടുള്ളതിനേക്കാൾ സ്വാതന്ത്ര്യവും ചേട്ടനോട് ഉണ്ടാകും. സാജന്‍റെ സുഹൃത്തുക്കളായ ബൈജു ചന്ദ്രൻ, രഞ്ജിത്ത്, ദിലീപ് എന്നിവരൊക്കെ ചേട്ടന്‍റെയും സുഹൃത്തുക്കളായിരുന്നു.

n.mohanan,malayalam writer,memories,rajam g. namboothiri

നെഹ്രുവുമൊത്ത്

സ്നേഹവും ദുഃഖവുമായിരുന്നു ചേട്ടന്‍റെ സ്ഥായീഭാവങ്ങൾ. സ്നേഹിക്കുന്നവരിൽ നിന്ന് അത് തിരിച്ചു കിട്ടിയില്ലെങ്കിൽ പെട്ടന്ന് സങ്കടം വരും. എങ്കിലും സുഹൃത്തുക്കൾക്കൊക്കെയും ചേട്ടന്‍റെ തമാശകളായിരിക്കും ഓർമയുണ്ടാവുക. ഓരോരുത്തരെക്കുറിച്ചു തമാശക്കഥകൾ ഉണ്ടാക്കിപ്പറയുന്നതിൽ ബഹു മിടുക്കനായിരുന്നു.

സാംസ്കാരിക വകുപ്പ് ഡയറക്ടർ സ്ഥാനത്തു നിന്ന് വിരമിച്ച ശേഷം കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്‍റെ മാനേജിങ് ഡയറക്ടറായി ജോലി നോക്കി. അന്ന് ചെയർമാൻ പി ഗോവിന്ദപ്പിള്ള ആയിരുന്നു. കുറച്ചുകാലം ചേട്ടന് ഏറ്റവും അടുപ്പമുള്ള ഭാസ്കരൻ മാഷിന്‍റെ നിർബന്ധ പ്രകാരം ഏഷ്യാനെറ്റിലും പ്രവർത്തിച്ചു.

ഔദ്യോഗിക ചുമതലകളുടെ ഭാഗമായി ഒരിക്കൽ കാശ്മീരിൽ പോയി വന്നപ്പോൾ അമ്മയ്ക്കും എനിക്കും അനിയത്തി മണിക്കും നല്ല കാശ്മീർ സിൽക്ക് സാരി വാങ്ങിച്ചു കൊണ്ടു വന്നതോർക്കുന്നു. വളരെക്കാലം ഞാനാ സാരി പൊന്നു പോലെ സൂക്ഷിച്ചു വച്ചിരുന്നു. പിന്നീട് എന്‍റെയും മണിയുടെയും വിവാഹത്തിന് ലേഡീസ് വാച്ച് വാങ്ങിച്ചു തന്നതും ഓർമയുണ്ട്. അന്നത് വളരെ വിലപ്പെട്ട സമ്മാനമാണ്. വിവാഹ ശേഷം ഞാൻ ഭർത്താവുമൊത്തു താമസിച്ചിരുന്ന കാലത്തു ചേട്ടൻ ഇൻലൻഡിൽ ഒരു കത്തയച്ചു. ‘പ്രിയപ്പെട്ട കുഞ്ഞേ’ എന്ന് തുടങ്ങുന്ന ആ കത്തിലെ വരികൾ ഇന്നും എനിക്ക് ഓർമയുണ്ട്. അത്രക്ക് സ്നേഹം നിറഞ്ഞ കത്തായിരുന്നു. പിന്നീട് കത്തുകളൊന്നും അയച്ചിട്ടില്ല. തിരുവനന്തപുരത്തു മകന്‍റെ കൂടെ താമസമാക്കിയതിന് ശേഷം മിക്കവാറും കാണുമായിരുന്നു. സുഖമില്ലാതെയിരിക്കുന്ന ഭാര്യയെ ശുശ്രൂഷിച്ച് വീട്ടിൽത്തന്നെ ഇരിക്കുന്ന കാലത്താണ് അസുഖമായത്. അന്ന് ഞാൻ ചേട്ടന്‍റെ വീട്ടിലുണ്ടായിരുന്നു. ഉറ്റ സുഹൃത്ത് ഒ എൻ വിയും എത്തിയിരുന്നു. ആശുപത്രിയിൽ പോകുന്നത് ചേട്ടന് ഇഷ്ടമുള്ള കാര്യമല്ല. എല്ലാവരും കൂടി നിർബന്ധിച്ചപ്പോഴാണ് പോകാമെന്നു സമ്മതിച്ചത്. ചേട്ടൻ ആശുപത്രിയിലേക്ക് തിരിച്ചപ്പോൾ ഞാൻ പേരൂർക്കടയിലുള്ള എന്‍റെ വീട്ടിലേക്കു പോന്നു. രാത്രിയിൽ ഫോൺ വരികയായിരുന്നു.

‘പൂർണിമ’യുടെ മുൻവശത്തെ മുറ്റത്തു, നിറയെ പൂത്തുനിൽക്കുന്ന ഒരു ചാമ്പമരമുണ്ട്. ഞാൻ എന്‍റെ കൊച്ചുമക്കളെയും കൊണ്ട് അവിടെ ചെല്ലുമ്പോൾ അവരെ വിളിച്ചുകൊണ്ടുപോയി, ചാമ്പ കുലുക്കി ഓരോ സൂത്രപ്പണികളൊക്കെ കാണിച്ചു അതിൽ നിന്ന് കിട്ടിയ പോലെ ‘ചുവന്ന മുട്ടായി’ കൊടുക്കും. കുട്ടികൾക്കതു കാണുമ്പോൾ ഭയങ്കര കൗതുകവും സന്തോഷവുമായിരുന്നു. ‘ചാമ്പ കുലുക്കി മുട്ടായി തരുന്ന അമ്മാവൻ’ എന്നാണ് ബാലു (സാജന്‍റെ മകൻ) ഇപ്പോഴും അമ്മാവനെ ഓർക്കുന്നത്.

‘പൂർണിമ’യുടെ മുറ്റത്തു, നിറയെ ചുവന്ന പഴങ്ങളുമായി ആ ചാമ്പ മരം ഇപ്പോഴും നിൽക്കുന്നുണ്ട്.

വായനക്കാർക്കും എഴുതാം. ‘അടുപ്പത്തിന്‍റെ കണ്ണട’യിലൂടെ കണ്ടു കണ്ടെഴുതുന്ന കുറിപ്പുകള്‍ ആരെക്കുറിച്ചുമാവാം… മകളെ /മകനെക്കുറിച്ചാവാം, ഭാര്യയെ/ഭര്‍ത്താവിനെക്കുറിച്ചാവാം, അയല്‍വക്കക്കാരന്‍ /കാരിയെക്കുറിച്ചാവാം, സഹപ്രവര്‍ത്തകനെ/ കയെക്കുറിച്ചാവാം, സന്തതസഹചാരിയെ/ എതിരാളിയൈക്കുറിച്ചാവാം, ജീവിച്ചിരിക്കുന്നതോ മണ്‍മറഞ്ഞതോ ആയ ഒരാളെ കുറിച്ചാവാം, ചുറ്റുവട്ടത്തുനില്‍ക്കുന്നതോ എതിര്‍ധ്രുവത്തില്‍ നില്‍ക്കുന്നതോ ആയ ആളെക്കുറിച്ചാവാം. ദിശ പിരിഞ്ഞുപോയ ഒരാളെക്കുറിച്ചാവാം, ആരെ കുറിച്ചുമാവാം. അടുപ്പം ഒരു കണ്ണടയാവണം എന്നു മാത്രം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ