വീടുകൾ മാറുക എന്നത് പ്രവാസത്തിന്റെ അസ്ഥിരപ്രകൃതിയുടെ ഒരു ഭാഗമാണ്. ഓരോ വീടുകൾ മാറുമ്പോളും ചിലതൊക്കെ നഷ്ടപ്പെടും കൂടെക്കൊണ്ടുവരാൻ കഴിയാത്ത പുതിയവീടിന്റെ സ്ഥലവിസ്തൃതിക്ക് ചേരാത്ത പാത്രങ്ങൾ പുസ്തകങ്ങൾ അലമാരികൾ അയല്പക്കം അങ്ങിനെ. പുതിയ വീട് മറ്റാരുടെയൊക്കെയോ ഗന്ധവും ചിരിയും കണ്ണീരുമൊക്കെ കലർന്ന മുറികൾ വേറെ രുചിയും മണവും നിറഞ്ഞ അടുക്കള മറ്റൊരുടലിന്റെ നഗ്നതയിൽ കുളിർന്ന കുളിമുറിയിലെ കണ്ണാടി. പുതിയ അയൽപക്കം അപരിചിതമായ നോട്ടങ്ങൾ എല്ലാം നമ്മുടേതാക്കിയെടുക്കാൻ പിന്നെയും കുറെ സമയം എടുക്കും.
എത്ര വീടുകളിലാണ് താമസിച്ചിട്ടുള്ളത്. ഷാർജയിലെ ഫ്ളാറ്റുകളിലെ ‘കൂട്’ജീവിതം റാഷിദിയയിലെ വില്ലകളിലെ ‘ആട്’ജീവിതം അൽവാദ പ്ലാസയിലെ ‘പ്രാവ്’ജീവിതം. ദുബൈയിലെ ഫ്ളാറ്റിലെ ഇന്നത്തെ മായാജീവിതം. അങ്ങിനെയങ്ങിനെ… ഷാർജയിലെ ജീവിതം എന്റെ തുടക്കകാല ദാമ്പത്യമായിരുന്നു. ചോറും കറിയുമൊന്നും ശരിക്കു വെക്കാനറിയാത്ത പെട്ടെന്ന് മുതിർന്നപെണ്ണായവൾ. ബെഡ്റൂമിലെന്നപോലെ മസാലകൾ പാകത്തിനില്ലാത്ത കറികൾ വേവേറിയ ചോറ് ആഫ്രിക്കയുടെ ഭൂപടം പോലുള്ള ഒട്ടും മയമില്ലാത്ത ചപ്പാത്തികൾ ഒക്കെ പരാതികളായി, എന്റെ കണ്ണുകൾ കലങ്ങി. വീട്ടമ്മയെന്നനിലയിൽ ഞാനൊരു പരാജയമായി തോന്നി. പാചകപുസ്തകങ്ങളിൽ തപ്പിത്തടഞ്ഞു. അമ്മയെ വിളിച്ചു കരഞ്ഞു.
പ്രവാസത്തിലെ ചാരുബെഞ്ചുകൾ
ഷാർജയിലെ ട്രാഫിക് ബ്ലോക്കുകൾ താണ്ടി ലിഫ്റ്റില്ലാത്ത നാലാം നിലയിലേക്ക് പടികൾ കയറി ജീവിതത്തിലേക്ക് കിതച്ചെത്തിയിരുന്ന ഭർത്താവ്. അദ്ദേഹത്തിന്റെ വരവിനായി കാത്തിരിക്കുന്ന കുട്ടിപ്പട്ടാളം. ഇളയ കുറുമ്പന് തന്നെ വാതിൽ തുറക്കണം. അവനു മുൻപേ ഓടി മൂത്തവൻ വാതിൽ തുറന്നാൽ കരച്ചിലായി ബഹളമായി പിന്നെ അച്ഛനെ വീണ്ടും പുറത്താക്കി വാതിലടച്ചു ബെല്ലടിപ്പിച്ചു വീണ്ടും വാതിൽ തുറക്കുന്ന കുസൃതി. ബാൽക്കണിയിൽ നിന്ന് നോക്കിയാൽ കാണുന്ന കരിപുരണ്ട സ്പെയര് പാർട്സ് കടകളായിരുന്നു അവിടത്തെ ഒരേ ഒരു കാഴ്ച. പണ്ടെങ്ങോ ഏതെങ്കിലും വണ്ടിയെ അലങ്കരിച്ചിരുന്ന ഒരവയവം കാലപ്പഴക്കംകൊണ്ട് കേടായവ തുരുമ്പെടുത്തവ മനുഷ്യന്റെ അവയവങ്ങൾ പോലെ തന്നെ. അങ്ങിനെ പാതിമരിച്ച ജീവിതങ്ങളെ അതിലൂടെ നോക്കിയാൽ കാണാം.
റാഷിദിയയിലെ വില്ലാക്കാലമായിരുന്നു സൗഹൃദത്തിന്റെ തുറസ്സുകളെ പരിചയപ്പെട്ടകാലം. വില്ലകൾക്ക് ഫ്ളാറ്റിനെക്കാളും മനുഷ്യപ്പറ്റുണ്ട് അത് സദാ ജീവിതത്തിലേക്ക് തുറന്നുകിടക്കും… ചുവന്ന ബോഗൻ വില്ലാ പടർപ്പുള്ള 77ആം നമ്പർ വില്ല അറബിയുടെ മുറ്റത്തെ ബദാംമരം എന്റെ മുറ്റത്തേക്കും പച്ചിലയായും ചുവന്നുതുടുത്ത ബദാം കായ്കളായും പൊഴിച്ചിരുന്ന സ്നേഹം. അത് കടം തന്ന കാറ്റ്. ഋതുക്കൾ വരുന്നതും പോകുന്നതുമറിയാൻ വീട്ടുമുറ്റത്ത് ഒരു മരമുള്ളത് നല്ലതാണ്. പ്രകൃതി തൊട്ടടുത്ത് ഉണ്ടെന്ന് തോന്നും… അതിന്റെ ചില്ലകളിൽ കയറിയിരുന്നു പാകമാവാത്ത ബദാം കായ്കൾ ഉലച്ചിട്ടിരുന്ന അറബിയുടെ മകനോട് മാമ്പഴത്തിലെ കുട്ടിയോടെന്നപോൽ അരുതെന്ന് പറയാൻ തോന്നിയത്. ഭാഷയറിയാതെ സങ്കടം വേരുപോൽ ഉള്ളിൽ ആണ്ടു പോയത്. വൈകുന്നേരത്തെ പാർക്കുകളിലേക്കുള്ള നടപ്പുകൾ. അന്നത്തെ അയൽവാസികളായിരുന്ന വീണയും കുഞ്ഞുമ്മയും അവരുടെ സ്നേഹത്തിന്റെ പത്തിരിക്കാലങ്ങൾ നോമ്പുതുറകൾ. ട്യൂഷനും കവിതയെഴുത്തും സാഹിത്യപരിപാടികളുമൊക്കെയായി ഈന്തപ്പഴം പോലെ കനൽ നിറമാർന്ന യൗവ്വനകാലം. ലൈബ്രറിയിലേക്കുള്ള വഴി, റിസെപ്ഷനിലെ നിഘണ്ടുവിന്റെ മുഖമുള്ള അറബി പെണ്ണുങ്ങൾ, കത്തുന്ന ചൂടിലും പ്രണയം കൊണ്ട് അറിയാതെ പൂത്തുപോയ വേപ്പുമരങ്ങൾ മൈലാഞ്ചിചാറിറ്റിച്ചു മരുഭൂമിയുടെ വിരൽ ചോപ്പിക്കുന്ന സൂര്യൻ വഴിയോരത്തെ കാത്തിരുന്നു മുരടിച്ച ചാരുബെഞ്ചുകൾ.
പിന്നെയും കാലബോധമില്ലാത്ത മറവിക്ക് തിന്നാൻ കൊടുത്ത എത്ര മരുക്കാലങ്ങൾ ജോലിയില്ലാത്തവളുടെ ഏകാന്തതകൾ. വീട്ടുപകരണം ആവുന്നതിലെ വേവലാതി. ഇരുട്ടും ഭ്രാന്തുകളുമൊക്കെ എഴുതി നിറച്ച മുറികൾ. കണ്ണന്റെയും രാധയുടെയും പടം വരച്ചിട്ട ബെഡ്റൂമിന്റെ വാതിൽ. ഇപ്പോൾ ആരായിരിക്കും അവിടെ താമസം അവർ ആ ചിത്രം മായ്ച്ചു കളഞ്ഞിരിക്കുമോ? എന്റെ കണ്ണനെ. ജീവിതത്തിൽ നിന്ന് അകന്നുപോയ ഞാൻ തേടിയലഞ്ഞ പ്രണയത്തെ… അതിന് മുകളിൽ വേറെ നിറത്തിലുള്ള പെയിന്റ് അടിച്ചിരിക്കും വീട്ടുടമ, ചുമർ വൃത്തികേടാക്കിയ എന്നെ ശപിച്ചിരിക്കും… എന്റെ കണ്ണനും രാധയും അതിനുള്ളിൽ മറഞ്ഞു പോയിരിക്കും വീണ്ടും ഷാർജയിലെ അൽവാദ പ്ലാസയെന്ന ഫ്ലാറ്റിലേക്ക് പ്രാവുകളെപോലെ കൂടുമാറ്റം. എന്റെ തുറസ്സുകളെ വലിയ പൂട്ടുകളുള്ള വാതിലുകൾക്കു പിറകിൽ അടച്ചിട്ടു. ഒരേ മേൽക്കൂരയിൽ പ്രാവുകൾക്കൊപ്പം ഞാനും ശ്വാസം മുട്ടിക്കഴിഞ്ഞു.
ശിഖരമില്ലാത്ത മരങ്ങൾ
കറന്റ് പോകുന്ന വേനലവധിക്കാലത്ത് കുട്ടികളുമായി മെഗാ മാളിൽ പോയിരുന്നത്. മേൽക്കൂരയിൽ നിന്ന് മേൽക്കൂരയിലേക്കുള്ള ചെറിയ പറക്കലുകൾ മാത്രമുള്ള പ്രാവുജീവിതം. സ്വപ്നങ്ങളിലെ ആകാശം അകലെയായത്. ഇന്നും കണ്ണുകൾക്ക് കാണാൻ വിരസതയല്ലാതെ ഒന്നും ഇല്ലിവിടെ. ബാൽക്കണിയിൽ നിന്ന് നോക്കിയാൽ കാണുന്ന ഡ്രൈവിങ് സ്കൂളിന്റെ കാറുകളുടെ പാടശേഖരം. കുന്നുകളെന്ന് മോഹിപ്പിക്കുന്ന വെളുത്ത മണൽ കൂമ്പാരങ്ങൾ. പൊടിപിടിച്ച മരങ്ങൾ ഉറക്കം തൂങ്ങിയെത്തുന്ന മഞ്ഞ ബസ്സുകളിൽ കുട്ടികളെ കയറ്റി വിട്ട് തിടുക്കത്തിൽ ജോലിസ്ഥലങ്ങളിലേക്ക് കുതിക്കുന്ന അച്ഛനമ്മമാർ, അവരുടെ സ്കൂളിൽ പോകാനായിട്ടില്ലാത്ത വാവമാരെ ഒക്കത്തും വിരൽ തുമ്പിലുമായി കൊണ്ടു നടക്കുന്ന ആയമാർ. ഭൂപടത്തിൽ നിന്നും കാണാതായ സ്വദേശം ഭാരമായി തോളിൽ ചുമക്കുന്നവർ. കലപിലയെന്നു സംസാരിച്ചും ചിരിച്ചും നടന്നു നീങ്ങുന്ന ചുവന്ന യൂണിഫോമിട്ട പണിക്കാരി പെൺകുട്ടികൾ. വില കുറഞ്ഞ ലിപ്സ്റ്റിക്കും റൂഷുമിട്ട ചുവപ്പിച്ച യൗവനം. സന്തോഷം വിൽക്കുന്ന നഗരം. വേഗം കുറയ്ക്കുമ്പോൾ പുഞ്ചിരിക്കുകയും കൂട്ടുമ്പോൾ ദേഷ്യപ്പെടുകയും ചെയ്യുന്ന ട്രാഫിക് ലൈറ്റുകൾ. സൈക്കിളിൽ സാധനങ്ങളുമായി ഫ്ലാറ്റുകളിൽ കയറിയിറങ്ങുന്ന മൊബൈൽ ഫോണിന്റെ റിംഗ് ടോണുകൾ പോലെ ജീവിതം മാറ്റികളിക്കുന്ന ഇറാനി പയ്യന്മാർ. ഫ്ലാറ്റ് ജീവിതം ഒരു തോന്നലാണ്. നാമുണ്ടെന്ന് നമ്മെ തന്നെ ബോധ്യപ്പെടുത്താൻ പ്രയാസമാണ് .
ഫ്ലാറ്റുകൾ ശിഖരങ്ങളില്ലാത്ത മരങ്ങളാണ്. ആകാശത്തിലേക്ക് എത്തിപ്പിടിക്കാനുള്ള തിടുക്കത്തിൽ കൊഴിഞ്ഞതും വിരിഞ്ഞതുമൊന്നും കാണില്ല. ഷോപ്പിംഗ് മാളുകളിലും സൂപ്പർ മാർക്കറ്റുകളിലും കാണുന്ന ബ്രാൻഡഡ് വസ്തുക്കൾ മാത്രം ഉപയോഗിക്കുന്ന ഒരു വർഗ്ഗം. ദൈരയിലെയും ബർദുബൈയിലെയും റോഡരികിൽ വെച്ച് വിൽക്കുന്ന വിലകുറഞ്ഞ സാധനങ്ങൾ വാങ്ങി പെട്ടിനിറക്കുന്ന വേറെ ചിലർ. ജീവിതം ഫ്ലാറ്റിന്റെ നിലകൾ പോലെ തന്നെയാണ് എന്ന് തോന്നും. ബർദുബൈയിലെ അമ്പലത്തിലെ ഗ്ലാസ് കൂട്ടിൽ ഷോക്കേസിലെന്നപോലെ ഇരിക്കുന്ന ശിവനെപോലെ. ഭാരതപ്പുഴയിലേക്ക് പാർവതി സമേതനായി നോക്കിയിരിക്കുന്ന സന്തോഷമില്ല ആ മുഖത്ത്. സ്വദേശം വിട്ടുപോരേണ്ടി വന്ന ഒറ്റപ്പെട്ട പ്രവാസിയാകുന്നു ശിവനും. കണ്ണുകളിൽ എല്ലാം ദഹിപ്പിക്കാൻ പോന്ന അഗ്നിയില്ല. എല്ലാത്തിനോടും സമരസപ്പെട്ട ശാന്തഭാവം.
സിന്ധു എം എഴുതിയ കവിതകൾ ഇവിടെ വായിക്കാം
റോഡരികിൽ ആരോടോ പരിഭവിച്ചെന്നപോലെ പൂത്തു നിൽക്കുന്ന ഗുൽമോഹറുകൾ പോലെ യൗവനത്തിന്റെ ചുവന്ന പൂക്കൾ ചോരവാർന്ന് പൊഴിഞ്ഞു പോയിരിക്കുന്നു. വല്ലപ്പോളും നാട്ടിൽ പോകുമ്പോൾ കണ്ണിൽ നിറച്ചു കൊണ്ടുവരുന്ന പച്ചപ്പും മഴയുമൊക്കെയാണ് ആകെയുള്ള ജീവിതം. ഇവിടെ നട്ടിട്ടും നട്ടിട്ടും പൊടിക്കാത്ത ചെടിയാവുന്നു ഞാൻ. ഇനിയും സ്ഥിരതയില്ലാത്ത കൂടുമായി മരക്കൊമ്പ് തിരിഞ്ഞു പറക്കുന്ന പക്ഷികളാവുന്നു ഓരോ പ്രവാസികളും.
പ്രവാസ ജീവിതത്തിലെ നിങ്ങളുടെ അനുഭവങ്ങൾ എഴുതാം: അനുഭവങ്ങൾ iemalayalam@indianexpress.com എന്ന വിലാസത്തിൽ അയ്ക്കുക