scorecardresearch
Latest News

മത്സ്യക്കൊലുസ്സുകളിട്ട കുളപ്പടവിൽ

“അപ്പോഴേക്കും മഴ കനത്തിരുന്നു. മഴ നനഞ്ഞ ഉന്മാദത്തിൽ, ചീവീടുകൾ നിലയ്ക്കാതെ ചൂളമിട്ടു. അത്രമേൽ പ്രിയങ്കരമായൊരു കുളത്തണുപ്പിന്റെ ഓർമ ആത്മാവിലേക്ക് ചേർത്തുകൊണ്ട് ഞാനും മുങ്ങി, മൂന്നു തവണ”

മത്സ്യക്കൊലുസ്സുകളിട്ട കുളപ്പടവിൽ

ഇക്കൊല്ലത്തെ മഴ നനഞ്ഞിട്ടും, മുറ്റത്ത് ഏറെ പ്രിയത്തോടെ നട്ട ഉതിർമുല്ലത്തൈകൾ പൂത്തില്ല. ആദ്യമഴ പെയ്യുമ്പോഴാണത്രെ അവ പൂക്കുന്നത്. പൂമുഖത്തിണ്ടിലിരുന്ന്, വരാനിരിക്കുന്ന ഏതു വർഷത്തെ മഴയിലായിരിക്കും അവ പൂവിടുക എന്നും, ഇക്കൊല്ലത്തെ തിരുവാതിര ഞാറ്റുവേലക്കും തെക്കേ അതിരിലൊരു ഏഴിലംപാലയുടെ കൊമ്പ് കുത്താൻ സാധിച്ചില്ലല്ലോ എന്നുമൊക്കെയോർത്ത്, അസ്തമയ കിരണങ്ങളോടൊപ്പം ഒഴുകിപ്പടരുന്ന പതിവുവിഷാദത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപൂർവമായ ഒരു ചടങ്ങിന് ക്ഷണിക്കാൻ അയൽക്കാരി എത്തിയത്.

അവളുടെ പതിമൂന്നുവയസ്സുകാരിയായ മകൾ ഋതുമതിയായ സന്തോഷം നാലഞ്ച്ദിവസം മുൻപ് അറിയിച്ചിരുന്നു. പലഹാരങ്ങളുമായി ഞാനവളെ പോയിക്കാണുകയും ചെയ്തിരുന്നു. അടച്ചിട്ടമുറിയിൽ നെല്ലുകൊണ്ട് കളംവരച്ച്, അതിൽ പായവിരിച്ച്, കൂട്ടിത്തൊടീക്കാതെ അവളെ ഇരുത്തിയത് വാതിൽക്കെ നിന്നൊന്ന് എത്തിനോക്കി. അത്ര തന്നെ. ശരീരംമുഴുക്കെ മഞ്ഞൾശോഭ പരന്ന അവളെ നോക്കിനില്ക്കെ, അവളുടെ ഉടലിലാകെ ചുവന്ന തെച്ചികൾ പൂത്തതായും, മിഴിപ്പീലികളിൽ നിന്ന് പെണ്മ വിടർന്നു വരുന്നതായും തോന്നി. പായയ്‌ക്കരികിൽ ഭക്ഷണം കഴിക്കാനുള്ള പാത്രവും ജഗ്ഗിൽ വെള്ളവുമിരിക്കുന്നത്‌ കണ്ടു.
ഇക്കാലത്തും ഇത്രേം ചിട്ടവട്ടങ്ങളോ എന്നതിൽ അത്ഭുതം തോന്നിയെങ്കിലും, ഒന്നും പറയുകയുണ്ടായില്ല.

രജസ്വലയായ മകളെ, ഏഴിന് കുളത്തിൽ കൊണ്ട്പോയി കുളിപ്പിക്കുന്ന ചടങ്ങിന് ക്ഷണിക്കാൻ വന്നതാണവൾ. പുലർച്ചെ നാലുമണിക്കാണ് ചടങ്ങ്. അയൽവീട്ടിലെ കുട്ടി എന്നതിനുപരിയായൊരു സ്നേഹം അവളോടുണ്ടായിരുന്നിട്ടും, അടുത്ത ബന്ധുക്കൾ പങ്കെടുക്കുന്ന അത്തരമൊരു ചടങ്ങിൽ എന്റെ സാന്നിധ്യത്തിന് എന്തു പ്രസക്തി എന്നാദ്യം തോന്നി. എന്നാൽ പുലർച്ചെ നാലുമണി സമയം. കുളം. മഴക്കാലം. അടുത്താണെങ്കിൽ പോലും, ആ നേരത്ത് കൂട്ടം കൂടി അങ്ങോട്ടുള്ള നടത്തം. ഇവയൊക്കെ എന്നെ വല്ലാതങ്ങു പ്രലോഭിക്കുകയും എന്തായാലും വരാമെന്ന് സമ്മതിക്കുകയും ചെയ്തു.

ഓർമയിൽ അത്രമേൽ പ്രിയങ്കരമായ ഒരു കുളവും കുളക്കടവുമുണ്ട് എന്നതായിരുന്നു മറ്റൊരു കാരണം. ചില ഇടങ്ങളും മനുഷ്യരും ഏറെ പ്രിയപ്പെട്ടതാണല്ലോ, ചില ഓർമകളും. അകലം കൂടുമ്പോഴാണ് സ്നേഹം കൂടുന്നത് എന്ന് പറയാറുള്ളത് പോലെ തന്നെയാണ് ഓർമകളും. പതിനൊന്നുവർഷത്തെ പ്രവാസനാളുകളിലാണ് അത്രയും പ്രിയത്തോടെ ആ കുളത്തെകുറിച്ചോർത്തിട്ടുള്ളത്‌.

ജോലിയില്ലാതിരുന്ന സമയം. മക്കളുടെ കുസൃതികൾക്കും കൊഞ്ചലുകൾക്കും പുറമേ, പതിവുചര്യകളുടെ വിരസതകൾക്കും അകം തണുപ്പിക്കുന്ന ഒന്നുമില്ലായ്മയ്കൾക്കും മീതെയായിരുന്നു അന്നത്തെ ദിനങ്ങൾ കെട്ടിപ്പൊക്കിയിരുന്നത്. മനംമടുപ്പിക്കുന്ന ഗന്ധമുള്ള ശീതീകരിച്ച മുറിയിൽ, തീർത്തും ഏകാകിയായിരുന്ന ദിനങ്ങൾ.
pond, memory, rahna thalib
ആ ഏകാന്തതയെ മറികടക്കാനുണ്ടായിരുന്ന വഴികളിൽ ഒന്നായിരുന്നു, ജാലകപ്പാളിനീക്കി അന്തമില്ലാത്ത നേരത്തോളം പുറത്തേക്ക്നോക്കി നിൽക്കുക എന്നത്‌. പകച്ചുനിൽക്കുന്ന പോലൊരാകാശവും, ചാരനിറം പൂണ്ട മരുഭൂമിയും, അംബരചുംബികളായ കെട്ടിടങ്ങളും, വാഹനങ്ങളുടെ നിലയ്ക്കാത്ത ഒഴുക്കും, നിസ്സംഗഭാവമുള്ള കുറേ മനുഷ്യരുമായിരുന്നു ആ ജാലകത്തിനപ്പുറം. എങ്കിലും ആ നിൽപ്പ്, എങ്ങനെയെന്നറിയില്ല, ഒരോർമയിൽ നിന്ന് മറ്റൊന്നിലേറി ഏറെ പ്രിയമുള്ളൊരു കാലത്തേക്കും ഇടങ്ങളിലേക്കും തിരികെനടത്തിയിരുന്നു.

മേഘങ്ങളില്ലാതെ വിളർത്ത ആകാശം നോക്കി നിൽക്കുമ്പോഴൊക്കെ, ഒരു മഴ പെയ്തെങ്കിലെന്നു ഏറെ കൊതിച്ചിട്ടുണ്ട്.
മഴയാൽ പൊതിഞ്ഞ മേഘത്തുണ്ടുകൾ ആകാശമേതോ ഉൾപാളികളിൽ ഒളിപ്പിച്ചുവെച്ചിരിക്കാമെന്ന പ്രതീക്ഷയിൽ, ഓരോ രാത്രിയിലും മഴ പെയ്തേക്കാമെന്ന് വെറുതെ, വെറുതെ കിനാവു കണ്ടിട്ടുണ്ട്.
കിനാവിലാണെങ്കിലും ചിലപ്പോഴൊക്കെ മഴ ആർത്തു പെയ്യുകയും ഏറെ പ്രിയമാർന്ന ചില ഇടങ്ങളിലിരുന്ന് മഴയിലലിഞ്ഞുചേരുകയും ചെയ്തിട്ടുണ്ട്. എന്തുകൊണ്ടോ മനസ്സ് ആർദ്രമായ ആ നേരങ്ങളിലൊക്കെയും, സ്വപ്നത്തിലെന്ന പോലെ ഞാനിരുന്നത്, അത്രമേൽ പ്രിയങ്കരമായ ഒരു കുളക്കടവിലായിരുന്നു.

pond,rahna thalib, vishnu ram

ഇടതൂർന്ന കവുങ്ങിൻതോട്ടത്തിന്റെ ഒത്തനടുക്കായ്, ചതുരാകൃതിയിലുള്ള ആ കുളത്തിന്റെ പടവുകളിൽ. ആ കുളക്കടവു പോൽ സുരക്ഷിതയാക്കുന്ന, മനസ്സിനെ ശാന്തമാക്കുന്ന പ്രിയതരമാമൊരിടം പിന്നീടധികം അറിഞ്ഞിട്ടേയില്ല. ഇരുവശത്തുമായി വെള്ളിലവള്ളികളും മൈലാഞ്ചിയും പുത്തിരിച്ചുണ്ടയും തൊട്ടാർവാടിയും കമ്മ്യൂണിസ്റ്റ്പച്ചയും കടലാവണക്കും മുരുക്കും പാറകവും മറ്റേതൊക്കെയോ പേരറിയാ പുൽപ്പടർപ്പുകളും അവയിലെ കുഞ്ഞുപൂക്കളും കൂടെ കൈകോർത്ത് വരവേൽക്കുന്ന കുളക്കടവ്. എപ്പോൾ ചെന്നാലും കുളവക്കിലെ പൊന്തകളിൽ നിന്നും അരികിലെ വങ്കുകളിൽ നിന്നും ഏതൊക്കെയോ ജീവജാലങ്ങളുടെ ശബ്ദം കേൾക്കാം. ആളനക്കം കണ്ടാൽ ഞൊടിയിടയിൽ ഒളിക്കുന്ന ഓന്തുകൾ, ആരും കാണുന്നില്ലെന്ന പോലെ ഇലപ്പടർപ്പിനിടയിൽ മൗനം ഭാവിക്കുന്ന തവളകൾ. വെള്ളനിരപ്പിലൂടെ നീന്തുന്ന നീർക്കോലികൾ. അമ്പുതൊടുത്തെന്ന പോലെ ഇടയ്ക്കിടെ വെള്ളത്തിലേക്ക് മുങ്ങാങ്കുഴിയിട്ട് പൊന്തകളിലേക്ക്‌ ചേക്കേറുന്ന പൊന്മകൾ. മഴക്കാലത്ത് ഉന്മാദികളായി വിവിധതാളക്രമങ്ങളിൽ സംഗീതം പൊഴിച്ച്, ഭൂമിയിലെ തങ്ങളുടെ നിഷേധിക്കാനാവാത്ത സാന്നിധ്യം അറിയിക്കുന്ന ചീവീടുകൾ, പുൽച്ചാടികൾ, ആമകൾ, വിചിത്രവരകളുള്ള ചിലന്തികൾ, അങ്ങനെയങ്ങനെ.

പുരാതനമായൊരു ഗുഹാമുഖത്തിലേക്ക് ഇറങ്ങുന്ന പോലെ, വീതികുറഞ്ഞ കടവിൽ, മഴയും വെയിലും കാൽപാടുകളും വീണ് പൊട്ടിയടർന്ന ചെങ്കല്ലിന്റെ പടവുകളാണാദ്യം. താഴേക്ക് ചെല്ലുന്തോറും പാറ കാണാം. അറ്റവേനലിലൊഴിച്ച് എല്ലായ്പ്പോഴും പടവുകളിലേക്ക് വെള്ളം കയറിനിൽക്കും. കടവിൽനിന്നാൽ ആകെ ദൃശ്യമാവുന്നത് ആഴമേറിയ കുളത്തിന്റെ നടുഭാഗം മാത്രമാണ്. മുതിർന്നവരുടെ കണ്ണ് തെറ്റിച്ച് വശങ്ങളിൽ നിന്നെത്തിനോക്കുമ്പോഴൊക്കെ, പായൽച്ചെടികൾ തഴച്ചു നിൽക്കുന്ന അരികുകളിലെ വങ്കുകളിലും ആഴങ്ങളിലും കുളമെന്തൊക്കെയോ നിധിശേഖരം ഒളിപ്പിച്ചിട്ടുണ്ട് എന്ന് തോന്നിയിരുന്നു.

ഒഴിവുനേരങ്ങളിൽ പടവുകളിലിരുന്ന് വെറുതെ കുളത്തിലേക്ക് നോക്കിയിരിക്കുന്നത് തന്നെ എന്തൊരു ആഹ്ലാദമായിരുന്നു! കാലുകളെ തൊടുന്ന പുൽനാമ്പുകൾക്ക് പോലും വല്ലാത്തൊരു തണുപ്പ്. പ്രഭാതങ്ങളിൽ, ഉദയസൂര്യന്റെ പൊൻകിരണങ്ങളിൽ മുങ്ങിക്കുളിച്ച് കുളമൊരു മായികഭാവം കൈവരിക്കും. ജലോപരിതലത്തിൽ വെയിൽച്ചില്ലകളുതിർത്ത സ്വർണനിറം, ചുറ്റിനും പറത്തിവിട്ടങ്ങനെ ജ്വലിച്ചുനിൽക്കുമ്പോഴുള്ള ആ കാഴ്ച, ആഴങ്ങൾ വകവെക്കാതെ കുളത്തിലേക്കിറങ്ങി ചെല്ലാൻ വല്ലാതെ പ്രലോഭിപ്പിച്ചിരുന്നു. എന്തിനാണെന്നറിയില്ല, ഇപ്പോഴും അപ്രത്യക്ഷയാവണമെന്ന് തോന്നുമ്പോഴൊക്കെ, ആ കുളത്തിലേക്കിറങ്ങി ചെല്ലുന്ന ദൃശ്യം ഞാൻ സങ്കല്പിക്കാറുണ്ട്. ഉച്ചവെയിലിലാണെങ്കിൽ, സ്ഫടികപ്പാളി കണക്കെ കുളത്തിന്റെ നടുഭാഗം വെട്ടിത്തിളങ്ങുന്നത്, കുളക്കടവിലേക്ക് ചാഞ്ഞുനിൽക്കുന്ന അമ്പഴക്കൊമ്പുകൾക്കിടയിലൂടെ തന്നെ കാണാം. കാറ്റിൽ ചുറ്റിനുമുള്ള വൃക്ഷത്തലപ്പുകൾ ഇളകുമ്പോൾ, ഉപരിതലത്തിൽ ഞൊറികളോടെ അലകളുയർത്തി നൃത്തം വെക്കും. വെയിൽ മങ്ങിത്തുടങ്ങുമ്പോൾ കവുങ്ങിൻതലപ്പുകൾ നിഴൽവീഴ്ത്തി സൃഷ്‌ടിച്ച അഭൗമചിത്രങ്ങളെ ഏറെ ശാന്തതയോടെയവൾ നെഞ്ചിലേറ്റും. എങ്കിലും, നിലാവ് പ്രതിബിംബിച്ച രാത്രികളിലായിരിക്കണം കുളമേറ്റവും മനോഹരിയായിരുന്നിരിക്കുക! പക്ഷേ, അതൊരിക്കലും കാണാൻ കഴിഞ്ഞിട്ടില്ലായിരുന്നുവല്ലോ.

കുളത്തിന്റെ മേലോറത്ത് തന്നെ ചുവന്നപേരക്കകളുണ്ടാകുന്ന പേരമരമുണ്ട്. കൊമ്പ് ഞാത്തി പൊട്ടിച്ച പേരക്കകൾ ചവച്ചരച്ച് പടവുകളിലിരുന്ന് സൊറ പറയാം. മഴ തങ്ങി നിൽക്കുന്ന കണ്ണുനീർചെടികളിൽ നിന്ന് കണ്ണീർതുള്ളി പോലെയുള്ള തലപ്പ് പൊട്ടിച്ചെടുത്ത് കണ്ണുകളിലെഴുതാം. എന്തൊരു കുളിർമയായിരുന്നു അന്നവ കണ്ണുകളിൽ പകർന്നത് !

പടവുകളിലേക്ക് കയറിനിൽക്കുന്ന കണ്ണാടിപോലെ തെളിഞ്ഞ വെള്ളത്തിൽ, കറുത്തിരുണ്ട നിറത്തിൽ ഇളകുന്നത് മീനുകളാണ്. കണ്ണനും കടുവും പരൽമീനും മറ്റും. പാവാടത്തുമ്പ് മുട്ടറ്റം കയറ്റിപ്പിടിച്ച് കാലുകൾ വെള്ളത്തിലിട്ടാൽ, കടുക്കുഞ്ഞുങ്ങളും പരൽമീനുകളും ഓടിയെത്തി പാദങ്ങളിൽ ചുംബിക്കുന്നതായി തോന്നും. വിവരണങ്ങൾക്കതീതമായ ആനന്ദാനുഭൂതിയായിരുന്നുവത്.

rahna thalib, fish, vishnu ram,

അതത്രയും ഹൃദ്യമായ ഓർമ ആയതിനാലാവണം, സ്വപ്നത്തിലെന്ന പോലെ ഏറെ പ്രിയമുള്ളൊരാൾ പിന്നീട് പറഞ്ഞത് “ഞാൻ മരിച്ചു നിന്റെ പഴയ കുളത്തിലെ ഒരു പരൽമീനായി പുനർജനിക്കും. നീ കുളത്തിലിറങ്ങുമ്പോൾ നിന്റെ കാൽപാദങ്ങൾ ചുംബിക്കുന്ന അസംഖ്യം മീനുകളിൽ ഒന്ന് ഞാനായിരിക്കും. നീ അത് തിരിച്ചറിയില്ല. എങ്കിലും ഞാൻ സന്തോഷിക്കും. ”

അവധിദിവസങ്ങളിൽ, വിസ്തരിച്ചാണ് എല്ലാവരുടെയും കുളി. പടവിലിരുത്തി, കുളത്തിനോട് ചേർന്ന് നിന്നിരുന്ന പനകളിൽ വിടർന്ന പനങ്കുലകൾ കാണിച്ച്, അതുപോലെ മുടിയുണ്ടാകാനാണെന്ന് പറഞ് എണ്ണ കുപ്പിയോടെ നെറുകയിലേക്ക് കമിഴ്ത്തും. പുഴു അരിക്കുന്നതുപോലെയാണ് എണ്ണ തലയോട്ടിയിലൂടെ കഴുത്തിലേക്കും ചെവിപ്പിറകിലേക്കും ഒലിച്ചിറങ്ങുക. എണ്ണ നന്നായി തിരുമ്മിപ്പിടിപ്പിച്ച്, തലയിൽ നല്ലോണം പിടിക്കട്ടെ എന്ന് പറഞ് കുട്ടികളെ പടവിലിരുത്തി, മുതിർന്നവർ കുളത്തിൽ നീന്തലഭ്യാസങ്ങൾ നടത്തും. അവർക്കൊക്കെ മലർന്നുകിടന്നും നീന്താനറിയാം. എന്തൊരിഷ്ടമായിരുന്നു അവരങ്ങനെ വെള്ളത്തിൽ കിടന്ന് മദിക്കുന്നത് കാണാൻ. വലുതായിട്ടു വേണം, എന്നെങ്കിലുമൊരിക്കൽ അവരെപോലെ മലർന്നുകിടന്ന് നീന്താനും നിഗൂഢതകൾ ഒളിപ്പിച്ച കുളത്തിന്റെ അരികുകൾ ചുറ്റിവരാനുമൊക്കെ അന്നെത്രയോ തീവ്രമായി കൊതിച്ചിരുന്നു. പക്ഷേ, വാഴപ്പിണ്ടി കൂട്ടികെട്ടിയും മുതിർന്നവരുടെ കൈത്തണ്ടകളിലൂന്നിയും നീന്തൽ പഠിക്കാനുള്ള ശ്രമങ്ങൾ ഒരിക്കലും വിജയിച്ചില്ല എന്ന് ഏറെ നിരാശയോടെ ഓർക്കുന്നു.

കുളക്കരയിലിരുന്ന് മഴ നനയാനും ഏറെ ഇഷ്ടമായിരുന്നു. സ്വതേ ഇരുൾമൂടിക്കിടന്ന പറമ്പിലിരുന്നാൽ, കരിമേഘങ്ങൾ ചേലയൂരിയെറിയാനൊരുങ്ങുന്നത് ഊഹിക്കാൻ കഴിയില്ല. മഴയുടെ വരവറിയിക്കുന്ന തണുത്ത കാറ്റിൽ, കവുങ്ങിൻതലപ്പുകളുലയുകയും പരസ്പരം പുണരുകയും വേറിടുകയും ചെയ്യും. ആ സ്നേഹാശ്‌ളേഷത്തിന്റെ ഹൃദ്യമായ ആരവത്തിനൊടുവിൽ ചിഞ്ചിലശബ്ദത്തോടെ മഴയുതിർന്നു വീഴുകയായി. വെള്ളിത്തളകൾ കിലുക്കിയുള്ള മഴ തിമിർത്താൽ, ചെങ്കൽപടവുകളിലൂടെ അരുവിയൊഴുകിത്തുടങ്ങും. നീരുറവ വീണ്ടും വീണ്ടും നിറയും.

rahna thalib, vishnu ram, memory,

പുലർച്ചെ നാലുമണിക്ക് തന്നെയെണീറ്റു. തീരെ പതിഞ്ഞ താളത്തിൽ മഴ ചാറുന്നുണ്ട്. മരങ്ങളും ഇലകളും പുൽനാമ്പുകളും ഉണർന്നിരിക്കുന്നു. നനഞ്ഞ ഇരുട്ടും, സുഖമുള്ള തണുപ്പും. പ്രായം തികഞ്ഞവളെ കുട ചൂടിച്ച്, ബന്ധുക്കളോടൊപ്പം കുളക്കരയിലേക്ക്. അതിന് മുൻപേ അവളുടെ സഹോദരൻ പോയി, ചടങ്ങിന്റെ ഭാഗമായി വെട്ടുകത്തി കൊണ്ട് മൂന്ന് പ്രാവശ്യം കുളക്കടവിലെ വെള്ളം നെടുകെ വെട്ടിയത്രെ. ഇടവഴിയിലൊക്കെയും ഏതൊക്കെയോ ചെടികൾ പൂവിട്ട ഗന്ധം. തണുത്ത ഇരുട്ടിനോടൊപ്പം ചേർന്നതിനാൽ എന്തിന്റെ ഗന്ധമെന്ന് വേർതിരിച്ചെടുക്കാൻ കഴിഞ്ഞില്ല. പടവുകളിലെ വഴുക്കലുകൾ ശ്രദ്ധിച്ച്, കുളത്തിലേക്കിറങ്ങി. വാഴപ്പോളകളിൽ ചിരാതുകൾ കത്തിച്ച് വെള്ളത്തിലിട്ടിരുന്ന കാഴ്ച മായികമായിരുന്നു. തേച്ചുകുളികഴിഞ്ഞ്, പെൺകുട്ടി മൂന്ന് പ്രാവശ്യം മുങ്ങിക്കേറി. പടവുകളിൽ ചമ്രംപടിഞ്ഞിരുന്ന് മൂന്നു തവണ തേങ്ങ ഉരുട്ടി. ശേഷം, ഒറ്റവെട്ടിന് തേങ്ങയുടെ നടുപിളർത്തി. ശർക്കരയോടൊപ്പം തേങ്ങാപൂൾ കഴിച്ചു. കണ്ണെഴുതി പൊട്ടുംതൊട്ട്, പൂ ചൂടി, സുഗന്ധം പൂശി, പുത്തൻവസ്ത്രമണിഞ്ഞു.

അപ്പോഴേക്കും മഴ കനത്തിരുന്നു. മഴ നനഞ്ഞ ഉന്മാദത്തിൽ, ചീവീടുകൾ നിലയ്ക്കാതെ ചൂളമിട്ടു. അത്രമേൽ പ്രിയങ്കരമായൊരു കുളത്തണുപ്പിന്റെ ഓർമ ആത്മാവിലേക്ക് ചേർത്തുകൊണ്ട് ഞാനും മുങ്ങി, മൂന്നു തവണ. അപ്പോഴെന്തോ, ആകാശക്കോണിലെ ഒരൊറ്റനക്ഷത്രം എന്നെ മാത്രം നോക്കുന്നതായി വെറുതെ തോന്നി.

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Memories from a pond side rahna thalib