കലശമലയുടെ പടിഞ്ഞാറേ ചെരുവിലെ അയ്യപ്പൻകോവിലിന് കാവലെന്ന പോലെ എത്രയോ വർഷം പ്രായമുള്ള ഒരു ഏഴിലംപാല നിൽപ്പുണ്ട്. കോവിലിനോട്‌ ചേർന്നൊരു വിളക്കുംതറയും. പ്രദേശവാസികൾ ശബരിമലയ്ക്കുള്ള കെട്ടു നിറയ്ക്കുന്നതും മകരമാസത്തിൽ ചിറയിലെ അമ്പലത്തിലേയ്ക്ക് അയ്യപ്പൻവിളക്ക് പുറപ്പെടുന്നതും ഇവിടെ നിന്നാണ്. ഏഴിലംപാലയാണോ വിളക്കുംതറയാണോ ആദ്യമുണ്ടായതെന്ന് ആരെയും ഒന്നമ്പരപ്പിക്കുന്ന വിധമാണ് അവ പരസ്പരം പുണർന്നു നിൽക്കുന്നത്. വിളക്കുംതറ പരിഷ്കരിച്ച് ഷീറ്റ് മേഞ്ഞപ്പോൾ ആ കൂറ്റൻ മരത്തിന് ചുറ്റും തറ പണിതു. കോവിലിന് മുകളിലേക്ക് പടർന്നു പന്തലിച്ച ശിഖരങ്ങൾക്ക് കീഴെ ഷീറ്റ് മേഞ്ഞതോടെ ഇലകളുടെ ആകാശവും തായ്‌മരത്തിന്റെ ഭൂമിയും പരസ്പരം കാണാതെയായി. എന്തോ, എല്ലാ ദിവസവും ആ മരം കാണുമ്പോൾ എനിക്ക് സങ്കടം തോന്നും. കെട്ടിടം പണിയുമ്പോൾ മരം മുറിയ്ക്കാതിരുന്നതും, കടപുഴകി വീഴാതിരിക്കാൻ തറ കെട്ടിയതും മരത്തോടുള്ള സ്നേഹമാവാമെങ്കിലും, കന്നിമഴയ്ക്കൊടുവിൽ ശാഖകൾ തളിർത്ത് പച്ച തിളങ്ങുന്നതും വൃശ്ചികത്തിൽ പ്രദേശത്തെ മദഗന്ധത്തിലാഴ്ത്തി ഇലകൾമൂടി പൂക്കൾ വിരിഞ്ഞു നിൽക്കുന്നതും കാണാനാവാതെ ആ തായ്മരം എത്ര ദുഖിക്കുന്നുണ്ടാകും? കാറ്റിലും മഴയിലും ശിഖരങ്ങളുലഞ്ഞു നനയുമ്പോൾ ജീവസ്പന്ദനമായ ഇലകളുടെ നൃത്തം കാണാൻ ആ മരമെത്ര കൊതിക്കുന്നുണ്ടാവും? ഓരോ ദിവസവും ചുരം പോലുള്ള കയറ്റം കേറി ബസ് വിളക്കുംതറ സ്റ്റോപ്പെത്തിയാൽ ഞാൻ വെറുതെ ഇതൊക്കെ ഓർക്കും.

ആ സ്റ്റോപ്പിൽ നിന്നാണ് ഏറ്റവും കൂടുതൽ ആളുകൾ പട്ടണത്തിലേയ്ക്കുള്ള ബസിൽ കയറുന്നത്. ആ ഗ്രാമത്തിന്റെ ചെറിയൊരു പരിച്ഛേദം പോലെ സ്കൂളിൽ പോകുന്ന കുട്ടികൾ മുതൽ താലൂക്കാശുപത്രിയിലേയ്ക്കും മറ്റും പോകുന്ന വൃദ്ധർ വരെയുള്ള ആൾക്കൂട്ടം അവിടെ എന്നും ബസ് കാത്ത് നിൽപ്പുണ്ടാവും. അവരുടെ കൂട്ടത്തിൽ മധ്യവയസ്കയായ ഒരമ്മയും യുവതിയായ ഒരു മകളുമുണ്ട്. അമ്മയും മകളുമാണെന്ന് അവർ പരസ്പരം കാണിക്കുന്ന ശ്രദ്ധ കണ്ട് ഞാനൂഹിച്ചതാണ്. വൃത്തിയുള്ള വസ്ത്രം ധരിച്ച്, കുളിപിന്നൽ മെടഞ്ഞ മുടിയിൽ തൃത്താവോ മുക്കുറ്റിയോ തെച്ചിയോ തിരുകി, നെറ്റിയിൽ ചന്ദനമിട്ട്, ചുണ്ടിൽ ഏറെ ഹൃദ്യമായ ഒരു ചെറുപുഞ്ചിരി കൊളുത്തി അമ്മയുടെ കൂടെ അവളങ്ങനെ വിദൂരതയിലേക്ക്‌ നോട്ടമയച്ച് ലോങ്ങ്‌സീറ്റിൽ ഇരിക്കുന്നത് കാഴ്ചയെത്തുവോളം ഞാൻ നോക്കിയിരിക്കും. ഇടയ്ക്ക് ഞങ്ങളുടെ കണ്ണുകളിടഞ്ഞെന്ന് തോന്നിയപ്പോഴൊക്കെ, ഞാൻ സ്നേഹത്തോടെ പുഞ്ചിരിച്ചെങ്കിലും അവൾ അതത്ര ഗൗനിച്ചതായി തോന്നിയില്ല.

ഓരോ മനുഷ്യനും എന്തെല്ലാം പരീക്ഷണങ്ങളിലൂടെയും മാനസികപിരിമുറുക്കങ്ങളിലൂടെയു മാണ് ഓരോ ദിവസവും കടന്നുപോകുന്നത് എന്ന് മനസ്സിലാക്കുമ്പോൾ തന്നെ, സ്വതേ പൊതുവിടങ്ങളിൽ വെച്ച് മനുഷ്യർ കൂട്ടിമുട്ടുമ്പോൾ പരസ്പരം പുഞ്ചിരിക്കാത്തതിൽ എനിക്ക് പരിഭവം തോന്നാറുണ്ട്. അത്രയധികം മാനസികസംഘർഷമൊന്നുമില്ലാത്ത ദിവസങ്ങളിൽ ഞാനായിട്ട് മുൻകൈയെടുത്ത് ഒന്ന് ചിരിച്ചു കളയാം എന്ന് കരുതി ചിലരോടൊക്കെ ഞാനെന്റെ ‘എ സ്‌മൈൽ കാൻ ചേഞ്ച്‌ യുവർ ഡേ’ പോളിസി പയറ്റിയെങ്കിലും, എന്റെ പുഞ്ചിരി കൈപറ്റാനുള്ള ദാക്ഷിണ്യം അധികമാരും കാണിക്കാറില്ല. എന്നു മാത്രമല്ല, മറ്റാരോടെങ്കിലും ആയിരിക്കും എന്ന് കരുതി അവർ വീണ്ടും വീണ്ടും തിരിഞ്ഞുനോക്കുന്നത് കാണുമ്പോൾ, ഒരപരിചിതന്റെ പുഞ്ചിരി പോലും സ്വീകരിക്കാനുള്ള വിശാലത ഇല്ലല്ലോ എന്നോർത്ത് ഈയിടെ ഞാൻ ആ ഉദ്യമം ഏറെക്കുറെ ഉപേക്ഷിച്ചു. ഇങ്ങോട്ട് ചിരിക്കുമെന്നതിന്റെ ലക്ഷണമായി ഒരു നനവെങ്കിലും കണ്ണുകളിൽ കണ്ടെങ്കിൽ മാത്രമേ ഇപ്പോൾ ഞാനെന്റെ പുഞ്ചിരി കൈമാറാറുള്ളൂ.rahna thalib, memories

എന്നും ഞങ്ങൾ ഒരേ സ്റ്റോപ്പിൽ ബസ് ഇറങ്ങി എതിർദിശകളിലേക്ക്‌ നടന്നുപോയി. ഒരു സഞ്ചിയിൽ നിറയെ തുണികളുമായി ആ അമ്മയും മകളും എവിടേക്കായിരിക്കും എല്ലാ ദിവസവും പോകുന്നതെന്ന് ഞാൻ ഇടയ്ക്കെപ്പോഴൊക്കെയോ ഓർത്തെങ്കിലും ചോദിക്കാനുള്ള അവസരം കിട്ടിയില്ല.

ആകാശം പെരുമഴപ്പായ നിവർത്തിയിട്ടൊരു ദിവസം, ഒഴിഞ്ഞു കിടന്ന എന്റെ പാതിസീറ്റിലാണ് ആ അമ്മയ്ക്കിടം കിട്ടിയത്. വന്നിരുന്നതും അവർ വർത്തമാനം തുടങ്ങി.

“എന്നും കാണുമ്പോ ചോയ്ക്കണംന്ന് നിരീക്കും..മോൾക്കെവിടാ ജോലീന്ന്.”

“ഞാനും ശ്രദ്ധിക്കാറുണ്ട്. എന്നും മോളേം കൊണ്ട് എങ്ങോട്ടാ പോണത്”

“അതിവിടെ ലൈഫില്… ഉഴിച്ചിലിന് പോണതാ.”

“അമ്മയ്‌ക്കെന്താ അസുഖം, നടുവേദനയാണോ?”
(ഉഴിച്ചിൽ എന്ന് കേട്ടാൽ നടുവേദനയാകും എന്ന് മാത്രം ആലോചിക്കാനാവുന്ന തരത്തിൽ മനോനില സെറ്റ് ചെയ്ത ഒരു സ്ഥിരം നടുവേദനക്കാരിയാണ് ഞാൻ)

“അല്ല മോളേ, ഇയ്ക്കല്ല സൂക്കേട്. മോൾക്കാ”

“എന്തേ”

“അവൾക്ക് കണ്ണുകാണില്ല.”

അത്രയ്ക്കും അവിശ്വസനീയമായിരുന്നു എനിക്കാ അറിവ് എന്നതിനാൽതന്നെ ഞാൻ വല്ലാതെ സ്തബ്ധയായിപ്പോയി. അറിയാതെ എന്റെ കണ്ണുകൾ അപ്പുറത്തെ സീറ്റിലിരുന്ന അവളെ തിരഞ്ഞുപോയി. ‘കണ്ടാൽ തോന്നില്ലല്ലോ’ എന്ന് ഞാൻ മനസ്സിൽ പറഞ്ഞെങ്കിലും അവരോട് പറഞ്ഞില്ല. മൂന്നാലു മാസത്തോളം പതിവായി കണ്ടിട്ടും ഒരിക്കൽ പോലും കണ്ണ് കാണാത്ത കുട്ടിയാണവൾ എന്നെനിക്ക് തോന്നിയിരുന്നില്ല.

“കണ്ണു മാറ്റി വെയ്ക്കാൻ പറ്റില്ലേ?”

“ഇല്ല മോളേ, ഒന്നിനും പറ്റില്ല. മെഡിക്കൽ കോളേജിലെ ഡോക്ടർ ആവുന്നതൊക്കെ നോക്കീതാ. യോഗല്യ.”

“ജനിക്കുമ്പഴേ ഇങ്ങനാരുന്നോ?”

“അല്ല. ഒൻപതാം ക്ലാസ്സില് പഠിക്കുമ്പോ തലവേദന കണ്ടതാ. നിക്കാത്ത ഛർദിയും. പ്രഷർ കൂടീതാത്രേ. അതിനാലെ കണ്ണീക്കുള്ള ഞെരമ്പ്‌ മുഴോനും കേടായീത്രെ.”
നിരാശ കനം വെപ്പിച്ച നെടുവീർപ്പുകളോടെ അവർ തുടർന്നു.

“എന്തൊക്കെ ഇന്റെ മോള് സഹിച്ചൂച്ചിട്ടാ. ലെൻസ്‌ വെച്ചാ ശരിയാവുംന്നു പറഞ്ഞ് പത്ത് കൊല്ലം മുൻപ് കണ്ണ് കീറി ലെൻസ്‌ വെച്ചു. വേദന തിന്നൂന്നല്ലാണ്ട് ഒരു കാര്യോം ഇണ്ടായില്ല”

“എത്ര വയസ്സായി ഇപ്പൊ?”

“ഈ ധനുമാസം വന്നാൽ 39 തികയും. ഉള്ളേല് മൂത്തതാ. നല്ലോണം പഠിക്കായിരുന്നു. ഇപ്പൊ താഴെയുള്ളോരുടെ ഒക്കെ കല്യാണം കഴിഞ്ഞു. ഉഴിച്ചില് മൊടക്കരുത്, കഷ്ടപ്പെട്ടാലും അമ്മ കൊണ്ടോണം അവളെ എന്ന് അവരൊക്കെ പറയും. വെയ്ച്ചിട്ടൊന്നോല്ല മോളേ എന്നും ഈ കെട്ടുമായിട്ടിങ്ങനെ നടക്ക്ണത്. റോഡ് മുറിച്ച് കടക്കാനൊക്കെ വല്യ പാടാ അവളേം കൊണ്ട്. ന്നാലും പോകന്നെ.”rahna thalib,memories

“ഇപ്പൊ ഈ ചികിത്സേല് വല്ല മാറ്റോംണ്ടോ”

“തലവേദന കുറവുണ്ട്. ഇദിപ്പോ തീരെ കാണാതായിട്ട് അഞ്ചെട്ട് കൊല്ലേ ആയുള്ളൂ. അതിന് മുന്നേ നിഴല് പോലെ തോന്നേരുന്നൂത്രെ. ഇപ്പൊ ആകെക്കൂടെ ഇന്റെ മോൾടെ കാഴ്ചച്ചാൽ രാത്രിയാണ്. ആ നേരത്ത് കറന്റ്‌ പോയാൽ പോയീന്നും വന്നാൽ വന്നൂന്നും പറയും. അത്രന്നെ.”

ഒന്നും പറയാനാവാത്ത വിധം വാക്കറ്റു പോയിരുന്നതിനാൽ അലിവോടെ അവരെ നോക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു. കണ്ണടയുള്ളതിനാൽ കണ്ണുകൾ നിറഞ്ഞു തൂവിയത് ആരും കണ്ടിരിക്കില്ല എന്ന ആശ്വാസത്തോടെ ഞാൻ കണ്ണുകൾ തുടച്ചു. അപ്പോഴും മഴയിലേക്ക് ചെവിയോർത്തെന്ന പോലെ മുൻസീറ്റിൽ ഇരുന്നിരുന്ന അവളുടെ ചുണ്ടിലെ ചെറുപുഞ്ചിരി കെട്ടിരുന്നില്ല. ബസ് പട്ടണത്തോടടുത്തിരുന്നു. ഞങ്ങൾ പതിവുപോലെ ഒരേ സ്റ്റോപ്പിലിറങ്ങി എതിർദിശകളിലേക്ക് നടന്നു.

രാത്രി ഉറക്കമറ്റ് കിടക്കെ, ഞാൻ കണ്ണുകളടച്ച് അവളെ മാത്രം ഓർത്തുകൊണ്ടിരുന്നു. ഇരുട്ടിന്റെ ഒരൊറ്റ നിറവും വെളിച്ചത്തിന്റെ നൂറായിരം നിറങ്ങളും തമ്മിൽ മനസ്സിൽ ഏറ്റുമുട്ടികൊണ്ടിരുന്നു.

പതിനാല് വയസ്സുവരെ അവൾക്കുമുണ്ടായിരുന്നുവല്ലോ പൂക്കളുടെയും പൂമ്പാറ്റകളുടെയും മഴവില്ലിന്റെയും നിറങ്ങൾ. നീലാകാശവും നിലാവും നക്ഷത്രങ്ങളും അവൾ വേറിട്ടറിഞ്ഞിരുന്നു. അവൾക്കും പകലെന്നാൽ ഉദയസൂര്യന്റെ സ്വർണശോഭയ്ക്കും അന്തിച്ചോപ്പിനുമിടയിലുള്ള നേരമായിരുന്നു. കല്ലഴിക്കുന്നിന്റെ നെറുകയിലെ തുമ്പികൾ പാറുന്ന നരിമടയ്ക്ക് മുകളിൽ കയറിനിന്ന് ചുറ്റും നോക്കുമ്പോഴുള്ള പ്രകൃതിഭംഗി അവളും മനംനിറയെ അറിഞ്ഞിട്ടുണ്ടാവണം. കുന്നിൻചെരിവും ചിറയിലെ കാടും വെള്ളം വറ്റാത്ത ചോലയും കുളവെട്ടിമരങ്ങളും കണ്ടിരുന്ന കാലം അവളെന്തുമാത്രം സന്തോഷിച്ചിട്ടുണ്ടാവണം!

നിനച്ചിരിക്കാത്ത നേരത്ത്, ഒരൊറ്റ നിറം മാത്രമുള്ള ലോകത്തേയ്ക്ക് എന്തിനായിരിക്കും അവളെ എടുത്തെറിഞ്ഞത്? ഇപ്പോൾ അവളുടെ കാഴ്ചയുടെ ഭാഷ മറ്റൊരു ലിപിയിലാണ്. ശബ്ദത്തിന്റെയും ഗന്ധത്തിന്റെയും സ്പർശത്തിന്റെയും ലിപികൾ കൂട്ടിയിണക്കി അവൾ ലോകത്തെ അറിയുന്നു. ഒഴുക്കാണവൾക്കിപ്പോൾ പുഴ. തിരമാലകളുടെ ആരവമാണവൾക്ക് കടൽ. ഇടമഴയിൽ മുറ്റത്തെ വേലിയിലെ മുല്ല പൂത്ത മണം മുറിയിലെത്തുമ്പോൾ, ഉൾക്കണ്ണിലെ ക്യാൻവാസിൽ നനുത്ത ഇതളുകളുള്ള തൂവെള്ള ലിപിയിൽ അവൾ മുല്ല എന്നെഴുതുന്നു. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ദേശപ്പൂരത്തിന്റെ എഴുന്നെള്ളിപ്പ് വീട്ടുപടിക്കലെത്തുമ്പോൾ കണ്ണെത്താദൂരത്തോളം ആനകൾ നിരന്നുനിൽക്കുന്നതായി അവൾക്ക് തോന്നുന്നു. തിണ്ണയിലിരുന്ന് തൂവാനപ്പടികളിലൂടെ പെയ്തിറങ്ങുന്ന മഴയിലേക്ക് കൈകൾ നീട്ടി നനയുമ്പോൾ, ഒൻപതാം ക്ലാസ്സിലേക്ക്‌ ജയിച്ച ദിവസം, കുടചൂടിയിരുന്നെ ങ്കിലും പാതി നനഞ് കൂട്ടുകാരികൾക്കൊപ്പം സ്കൂൾമുറ്റത്തെത്തിയ ഒരു ചിത്രം ജന്മാന്തര ങ്ങൾക്ക് മുൻപെന്ന പോലെ അവളുടെ മനസ്സിൽ തെളിയുന്നുണ്ടാവാം.

കാഴ്ചയില്ലാത്തൊരാൾ ഇരുട്ടിനെ വിവർത്തനം ചെയ്‌തെടുക്കുന്ന വിധം എത്ര വിചിത്രമായിരിക്കാം എന്നതുവരെയും ഞാനോർത്തിരുന്നില്ല.

Read More: രഹ്ന താലിബ് എഴുതിയ മറ്റുളള ലേഖനങ്ങൾ ഇവിടെ വായിക്കാം

Get Malayalam News and latest news update from India and around the world. Stay updated with today's latest Features news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ