scorecardresearch

ചുവന്ന വാകപ്പൂക്കളുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം

പുതുതായി ചില ചിത്രങ്ങൾ കൂടെ ചുമരിലിടം പിടിച്ചിരുന്നു. നിറങ്ങളുണ്ടായിട്ടും പഴയ ചിത്രങ്ങളുടെ മിഴിവ് പുതിയവയ്ക്കില്ല എന്ന് തോന്നി. ദൈവങ്ങളുടെ ചിത്രങ്ങൾക്കൊപ്പം ലോകത്തിന്റെ മുഴുവൻ ആശ്രയവും അഭയവും താനാണെന്ന് ഭാവിക്കുന്ന ഒരു ആൾദൈവം കൂടെയുണ്ട്...

പുതുതായി ചില ചിത്രങ്ങൾ കൂടെ ചുമരിലിടം പിടിച്ചിരുന്നു. നിറങ്ങളുണ്ടായിട്ടും പഴയ ചിത്രങ്ങളുടെ മിഴിവ് പുതിയവയ്ക്കില്ല എന്ന് തോന്നി. ദൈവങ്ങളുടെ ചിത്രങ്ങൾക്കൊപ്പം ലോകത്തിന്റെ മുഴുവൻ ആശ്രയവും അഭയവും താനാണെന്ന് ഭാവിക്കുന്ന ഒരു ആൾദൈവം കൂടെയുണ്ട്...

author-image
Rahna Thalib
അപ്‌ഡേറ്റ് ചെയ്‌തു
New Update
rahna thalib, memories, iemalayalam

കടവത്തേക്കുള്ള വഴിയ്ക്ക് വീതി കുറവായിരുന്നു. വഴിയോരത്ത് തന്നെ കുറേ ചെറിയ ചെറിയ വീടുകൾ. ഒന്നോ രണ്ടോ ഓടിട്ട വീടുകൾ ഒഴികെ ബാക്കിയെല്ലാം ഓല മേഞ്ഞത്. വലതുവശത്തെ ഏറ്റവും അറ്റത്തെ ഓലമേഞ്ഞ കുഞ്ഞുവീടായിരുന്നു സുനന്ദേച്ചിയുടേത്. തോരാമഴയത്ത് കടവിന്റെ കഴുത്തിലേക്കും വെള്ളം കേറിക്കിടക്കും. അപ്പോൾ ഉയർന്ന തിട്ടയിലുള്ള ആ വീടിന്റെ മുറ്റത്തും വെള്ളം ചാലുകൾ കീറും. അതിരിലെ പൂവാകച്ചില്ലകളും മരങ്ങളും ചേർന്ന് വെള്ളത്തിൽ നിഴലുകൊണ്ട് നിഗൂഢചിത്രങ്ങൾ വരയ്ക്കും.

Advertisment

കടവിനപ്പുറം പുഴയല്ല. പറക്കണക്കിന് പരന്നുകിടക്കുന്ന പുഞ്ചപ്പാടങ്ങളാണ്. പുഴ എന്തെന്ന് അറിയുകയോ കാണുകയോ ചെയ്തിട്ടില്ലാത്ത ബാല്യത്തിൽ ഇടവപ്പാതിയും കർക്കിടകപ്പെയ്ത്തും കഴിയുന്നതോടെ പാടം നിറഞ്ഞുകവിയുമ്പോഴാണ് പുഴയുണ്ടാകുന്നത് എന്ന് ഞാൻ കരുതിപ്പോന്നു.

മഴക്കാലത്ത് അക്കരെയ്ക്ക് കടക്കാൻ കടത്തുവഞ്ചികൾ ഇട്ടിരുന്നു. ബസിന്റെ നേരം നോക്കി മറുകരയിൽ നിന്നും ആൾക്കാർ കടത്തുവഞ്ചിയിൽ വന്നിറങ്ങും. ഇക്കരയിൽ വിവിധ കൃഷിപ്പണികൾക്കും മറ്റും വന്നവർ പണിമാറ്റി അക്കരെക്ക് പോകും. വേനൽ തുടങ്ങുന്നതോടെ വഞ്ചികൾ അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി മേൽക്കരയിലേക്ക് കയറ്റിനിർത്തും. എവിടുന്നോ വരുന്ന ആശാരിമാർ അവ മറിച്ചിട്ടും ചെരിച്ചിട്ടും തട്ടീം മുട്ടീം താളം പെരുപ്പിക്കും.

അന്ന് സുനന്ദേച്ചി പെങ്ങാമുക്ക് സ്കൂളിലെ പത്താംക്ലാസ്സുകാരിയാണ്. ഞാൻ ആയിടെ ആരംഭിച്ച മറ്റൊരു സ്കൂളിൽ ഒന്നിലോ രണ്ടിലോ പഠിക്കുന്നു. എന്നെ സ്കൂളിൽ നിന്നും തിരികെ കൊണ്ടുവരുന്നത് സുനന്ദേച്ചിയാണ്.

Advertisment

ഉമ്മാടെ വീട് കടവത്ത് തന്നെയായിരുന്നു, കുറച്ച് ഇപ്പുറത്തായി കടവിലേക്കുള്ള വഴി തുടങ്ങുന്നിടത്ത്. നേരം കിട്ടിയാൽ മഴയെന്നോ വെയിലെന്നോ ഭേദമില്ലാതെ കടവത്തേക്ക് ഓടുന്ന ശീലം ഞങ്ങൾ കുട്ടികൾക്കുണ്ടായിരുന്നു.

rahna thalib, memories, iemalayalam

പാടത്ത് കടലുപോലെ നിറയുന്ന വെള്ളം. വിരിഞ്ഞുനിൽക്കുന്ന ആമ്പൽപ്പൂക്കൾ. അവയ്ക്കിടയിൽ പാറിപ്പറക്കുന്ന കൊക്കുകൾ. പാടത്തേക്ക് ചാഞ്ഞ തെങ്ങുകൾ. ചിലയിടങ്ങളിൽ വട്ടമിട്ട് പറക്കുന്ന തുമ്പികൾ. വഞ്ചിത്തുഞ്ചത്ത് നിന്ന് വഞ്ചിക്കാരൻ ആളുകളെയും കൊണ്ട് തുഴഞ്ഞുമറയുന്ന കാഴ്ച.

വെയിലിന്റെ മണത്തിൽ മുങ്ങിയിട്ടും തണുത്ത് കിടക്കുന്ന വെള്ളം. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന പായലിന്റെ നാരുകൾക്കടിയിലൂടെ തെളിഞ്ഞുകാണുന്ന മറ്റേതോ ലോകം. കൂട്ടത്തോടെ നീന്തുന്ന പരൽമീനുകൾ കാലിൽവന്ന് കൊത്തുന്നതിന്റെ സുഖം. കടത്തില്ലാത്തപ്പോൾ കെട്ടിയിട്ട വഞ്ചിയിൽ കേറിയിരുന്ന് അടിത്തട്ടിലെ ഇത്തിരി വെള്ളത്തിലെ കളി.

കുറേ കരഞ്ഞുപറയുമ്പോൾ പരമച്ചൻ ഞങ്ങളേം വഞ്ചിയിൽ കേറ്റി തോട്ടുവക്ക് വരെ കൊണ്ടുപോയി തിരികെക്കൊടുന്നാക്കും. എപ്പോഴും വാശി പിടിക്കുമ്പോൾ തോട്ടിൽ മുതലയും കുഞ്ഞുങ്ങളും സ്ഥിരതാമസമുണ്ടെന്നും പാടത്ത് വെള്ളം പൊന്തിയതിനാൽ നാട്ടുസവാരിക്ക് ഇറങ്ങിയിട്ടുണ്ടെന്നും സുനന്ദേച്ചി നുണ പറയും. കുട്ടികളെയാണ് മുതലയമ്മയ്ക്കിഷ്ടമെന്നും കുട്ടികൾ വരുന്നുണ്ടോ എന്ന് നോക്കി മുതലയമ്മ തോട്ടുവക്കിൽ പതുങ്ങിക്കിടക്കുന്നുണ്ടെന്നും വഞ്ചിയിൽ കുട്ടികളുണ്ടെന്ന് മനസ്സിലായാൽ വഞ്ചി മറിച്ചിടുമെന്നും എരിവ് കൂട്ടും. അതൊന്നും ഏശാതാവുമ്പോൾ അങ്ങനെ ഒരിക്കൽ നടുപ്പാടത്ത് വഞ്ചി മറിഞ്ഞപ്പോൾ നീന്തലറിയാത്ത രണ്ടു കുട്ടികളെ മുതല കൊണ്ടുപോയെന്നുള്ള കഥ സുനന്ദേച്ചി ഇറക്കും. അതോടെ ഞങ്ങൾ തത്ക്കാലത്തേക്ക് വാശി കളഞ്ഞ് മാവിൻചോട്ടിലേക്ക്‌ നടക്കും.

കടവത്ത് ആൾപെരുമാറ്റമില്ലാതിരുന്ന ഉച്ചനേരത്ത് വഞ്ചിയിൽ കേറി ഒറ്റയ്ക്ക് തുഴഞ്ഞുപോകുന്നത് പിന്നീട് പലപ്രാവശ്യം ഞാൻ സ്വപ്നത്തിൽ കണ്ടു. പാതിവഴി ആകുമ്പോഴേക്കും സന്ധ്യയായി. കടുംനീലനിറമുളള ഇരുട്ടിന്റെ കെട്ടഴിഞ്ഞു വീണു കൊണ്ടിരുന്നു. ഞാനും തോണിയും ആകാശത്ത് ഒറ്റനക്ഷത്രവും മാത്രം. പൊടുന്നനെ വഞ്ചി മുങ്ങാൻതുടങ്ങി. വെള്ളത്തിലേക്ക് ആണ്ടുപോയിട്ടും എനിക്ക് ശ്വാസം മുട്ടിയില്ല. ചുറ്റും മാലാഖമാരെ പോലെ മീനുകൾ. അവയോടൊപ്പം ഞാൻ ആഴങ്ങളിലേക്ക്‌ ഊളിയിട്ടു. തോട്ടിലൂടെ, നിഗൂഢവഴികളിലൂടെ, ജലയടരുകളിൽ തൂങ്ങി മറ്റൊരു സ്ഥലത്തേക്ക് ഞങ്ങൾ ഒഴുകിക്കൊണ്ടിരുന്നു, തെല്ലും ഭീതിയില്ലാതെ. അറ്റമില്ലാത്ത യാത്ര.

rahna thalib, memories, iemalayalam

സുനന്ദേച്ചിയുടെ വീടിന്റെ പുറകുവശത്തുള്ള കവുങ്ങുകൾക്കിടയിലൂടെ നാലടി നടന്നാൽ പെണ്ണുങ്ങൾ അലക്കേം കുളിക്കേം ചെയ്യുന്ന സ്ഥലമായി. മേലുകഴുകാൻ ചെറുപയർപൊടി. തലയിലെ മെഴുക്കിളക്കാൻ അപ്പോൾ തയ്യാറാക്കിയ ചെമ്പരത്തിത്താളി. പെണ്ണുങ്ങളുടെ വാതോരാതെയുള്ള വിശേഷം പറച്ചിലുകൾ. പാടവക്കിൽ നിന്ന വലിയ കുങ്കുമമരത്തിൽ നിന്നും ഓരോ കാറ്റിനും വെള്ളത്തിലേക്ക് അടർന്നുവീഴുന്ന പൂക്കൾ. വേലിപ്പടർപ്പിലെ ഇലകൾ പൊട്ടിച്ച് ഞാൻ മണപ്പിച്ചുനോക്കും. പച്ചപ്പിന്റെയും ജീവന്റെയും മണമായിരുന്നു അവയ്ക്ക്. ഞാൻ ഓരോന്നിന്റെയും പേര് ചോദിക്കും. ചിലതിനെല്ലാം സുനന്ദേച്ചി ഉത്തരം പറയും. കൈതപ്പൊത്തുള്ള ഭാഗത്തേക്ക് പോകല്ലേ എന്ന് വിളിച്ചുപറയും. പൊന്തയിലേക്ക് പറന്നിറങ്ങി കാണാതാവുന്ന കിളി ചെമ്പോത്തായിരുന്നിരിക്കണം.

ഉമ്മറത്ത് മുറുക്കാൻചെല്ലവുമായി കാൽനീട്ടിയിരുന്ന് കുഞ്ഞികാളിയമ്മ വർത്തമാനങ്ങൾ പറയും. കറുത്ത ചാന്ത് തേച്ച പാത്യാമ്പുറത്തിരുത്തി സുനന്ദേച്ചി ശർക്കരക്കാപ്പിയ്ക്കൊപ്പം അവിലു നനച്ചതോ അരിമണി വറുത്തതോ വെണ്ണറൊട്ടിയോ കഴിക്കാൻ തരും. കിണറ്റിൻകരയിൽ സുനന്ദേച്ചി പുന്നാരിച്ചു വളർത്തുന്ന പല നിറങ്ങളിലുള്ള നാടൻ റോസാപ്പൂക്കളുണ്ട്. ഇടയ്ക്ക് വല്ലപ്പോഴും ഓരോന്ന് പൊട്ടിച്ച് ഞങ്ങൾക്ക് നീട്ടും.

സുനന്ദേച്ചിയുടെ വീടിന്റെ ഉമ്മറത്തെ ചുമരു നിറയെ ഫ്രെയിം ചെയ്ത ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ തൂക്കിയിരുന്നു. പല വലുപ്പത്തിലുള്ള ഫ്രെയിമുകളിൽ മങ്ങിയതും തെളിഞ്ഞതുമായ അനേകം ചിത്രങ്ങൾ. പല പ്രായത്തിലും രൂപത്തിലുമുള്ള മനുഷ്യർ. പിന്നെ ഏതൊക്കെയോ ചില ദൈവങ്ങളും. ജീവിച്ചിരുന്നവരും മരിച്ചുപോയവരും ദൈവങ്ങളും ആ ചുമരിൽ ഒരുമയോടെ ചേർന്നിരുന്നു.

അതിലൊന്നിൽ മേൽക്കുപ്പായമിടാത്ത ഒരു മുത്തശ്ശിയുണ്ടായിരുന്നു. പിന്നെ ആരുടെയൊക്കെയോ വിവാഹചിത്രങ്ങൾ. ചില ചിത്രങ്ങളിൽ പാൽചിരിയോടെ കുട്ടികൾ കമഴ്ന്നുകിടന്നു. നെയ്ത്തുകസേരയിൽ ഇരുന്നിരുന്നത് കുറച്ച്കൂടെ മുതിർന്ന കുട്ടിയായിരുന്നു.

rahna thalib, memories, iemalayalam

"ഇതൊക്കെ ആരാ" കൗതുകത്തോടെ ഞാൻ ചോദിക്കും.

"അത് വല്യമ്മ, വല്യച്ഛൻ, അമ്മമ്മ, ചെറിയമ്മേടെ മോള്, ചേച്ചി.. " സുനന്ദേച്ചി ഓരോരുത്തരെയും ചൂണ്ടിപ്പറയും.

"അപ്പൊ അതിലേതാ സുനന്ദേച്ചി?" ഞാൻ ചോദിക്കും.

"എന്റെ ഫോട്ടോ ഇതിലില്ല."

"അതെന്താ"

"എടുത്തിട്ടില്ല. ഇനി എടുക്കണം."

"കല്യാണം കഴിയുമ്പോഴാണോ ഇനി ഫോട്ടോ എടുക്കാ?" ഞാൻ ചോദിക്കും. അതു കേട്ട് സുനന്ദേച്ചി തെളിഞ്ഞു ചിരിക്കും.

അധികം വൈകാതെ ഞങ്ങൾ മറ്റൊരിടത്തേക്ക് സ്ഥിരതാമസമായി. അതോടെ അങ്ങോട്ടുള്ള പോക്കും നിൽപ്പുമൊക്കെ കുറഞ്ഞു. എങ്കിലും ഉമ്മാടെ വീട്ടിൽ പോകുമ്പോഴൊക്കെ ബസ് ഇറങ്ങിയാൽ എന്തോ മറന്നുവെച്ചത് എടുക്കാനെന്നതു പോലെ ഞാൻ ആദ്യം ഓടുന്നത് കടവത്തേക്കായിരുന്നു. പലപ്പോഴും സുനന്ദേച്ചിയെ കണ്ടില്ല. ബീഡി തെരുത്തത് കൊണ്ടുകൊടുക്കാനും തെരുപ്പ്സാധനങ്ങൾ വാങ്ങാനുമായി പട്ടണത്തിൽ പോയിരിക്കുന്നു എന്ന് കുഞ്ഞികാളിയമ്മ പറയും. ഇടയ്ക്കെപ്പോഴോ രണ്ടോ മൂന്നോ തവണ കണ്ടു.

കാലം മുതിർന്നു. ഞാനും. പഠിപ്പും വിവാഹവും കഴിഞ്ഞു. പുറംനാട്ടിൽ ജോലിയായി. എല്ലാവരെയും പോലെ ഞാനും എന്റെ നാടിന്റെ നന്മകളെ, എനിക്കുണ്ടായിരുന്ന ഇടങ്ങളെ, എന്റെ മനുഷ്യരെ ഓർത്തുകൊണ്ടിരുന്നു. വീടും പാടവും വഴികളും കുളവും കടവും മഴയും വൃശ്ചികക്കാറ്റും മകരമഞ്ഞും ഉത്സവങ്ങളും ഒത്തുചേരലുകളും ഓർത്തു. ഒരിക്കൽ നാട്ടിൽ വരുമ്പോഴേ ഉറപ്പിച്ചിരുന്നു, കടവത്ത് പോകണമെന്നും സുനന്ദേച്ചിയെ കാണണമെന്നും. അവിടെ ഉണ്ടാകുമോ എന്നറിയില്ല. എങ്കിലും വിവരങ്ങൾ അറിയണം. കടവ് കാണണം.

അങ്ങനെ കുറച്ചു വർഷം മുൻപ് ഒരിക്കൽ ആ വഴി പോയി. വൈകുന്നേരമായിരുന്നു. മുറ്റത്തെ മാവ്. പൂവാക. വേലിപ്പടർപ്പ്. എല്ലാം അതുപോലെ എന്ന് ഉറപ്പിക്കാനായില്ല. വർഷങ്ങൾക്കു മുൻപ് കണ്ടത് എല്ലാം ഓർമയുടെ അടരുകളിൽ ഉണ്ടാവണമെന്നില്ല.

വീട് ഓല മാറ്റി ഓട് മേഞ്ഞിരുന്നു. അമ്പലപ്പുരയോട് ചേർന്ന സ്ഥലത്ത് ആറടി നീളത്തിൽ മണ്ണ് മാടിക്കയറ്റിയിരുന്നു. അതിനുമുകളിൽ മുറ്റിനിൽക്കുന്ന ചുവന്ന ചെമ്പരത്തിക്കാട്ടിൽ നിന്ന് മുറുക്കാൻനിറം പടർന്ന ഒരു ചിരി എനിക്ക് മുൻപിൽ വന്നുനിന്നു.

പത്തുപന്ത്രണ്ടു വയസ്സുള്ള ഒരു പെൺകുട്ടി ഉമ്മറത്തിരുന്ന് എന്തോ എഴുതുന്നു. സുനന്ദേച്ചി ഇല്ലേ എന്ന് ചോദിച്ചതും അവൾ അമ്മേ എന്ന് വിളിച്ച് അകത്തേക്ക് പോയി. ഞാൻ അന്നേരം ചുമരിലെ ചിത്രങ്ങളിലേക്ക്‌ നോക്കിനിന്നു. പഴയ അതേ കൗതുകത്തോടെ.

പുതുതായി ചില ചിത്രങ്ങൾ കൂടെ ചുമരിലിടം പിടിച്ചിരുന്നു. നിറങ്ങളുണ്ടായിട്ടും പഴയ ചിത്രങ്ങളുടെ മിഴിവ് പുതിയവയ്ക്കില്ല എന്ന് തോന്നി. ദൈവങ്ങളുടെ ചിത്രങ്ങൾക്കൊപ്പം ലോകത്തിന്റെ മുഴുവൻ ആശ്രയവും അഭയവും താനാണെന്ന് ഭാവിക്കുന്ന ഒരു ആൾദൈവം കൂടെയുണ്ട്.

rahna thalib, memories, iemalayalam

എന്നെ കണ്ടതും സുനന്ദേച്ചി ഒരു നിമിഷം അന്ധാളിച്ചുനിന്നു. പിന്നെ കൈകൾ നീട്ടി ചേർത്തുനിർത്തി. ആ ആശ്ലേഷത്തിൽ ഒതുങ്ങിനിൽക്കെ ഞാൻ ഭാരമില്ലാത്തവളായി. സ്നേഹം വാക്കുകളിലൊതുങ്ങാൻ മടിക്കുന്ന നിമിഷങ്ങളുമുണ്ട് എന്നെനിക്ക് ബോധ്യമായി.

സുനന്ദേച്ചിയുടെ മുഖത്തെ വിഷാദഛവി അവരുടെ അഴകിന് മാറ്റ് കൂട്ടിയതായി എനിക്ക് തോന്നി. കുടിക്കാൻ തന്ന നാരങ്ങാവെള്ളവുമായി ഞാൻ പൂവാകക്കരികിലേക്ക് നടന്നു. കടവ് ആളൊഴിഞ് കിടന്നു. വിദൂരസ്മൃതിയുടെ അലകളിൽ അകന്നകന്നു പോകുന്ന വഞ്ചിക്കാരനെ ഞാൻ വീണ്ടും കണ്ടു.

"ഇപ്പോൾ കടത്തില്ലേ?" ഞാൻ ചോദിച്ചു.

"ഇല്ല. എല്ലായിടത്തും റോഡ് വന്നില്ലേ. ബസോട്ടാവും ആയി. അക്കരെ ഇപ്പൊ ചെറിയ ഒരു പട്ടണം തന്നെയാണ്."

കൃഷിപ്പണികൾക്കൊന്നും അക്കരെയിൽ നിന്നാരും ഇക്കരേക്ക് വരാറില്ലെന്നും നാടും കൊയ്ത്തും മെതിയുമെല്ലാം മെഷീനാണ് ചെയ്യുന്നതെന്നും സുനന്ദേച്ചി കൂട്ടിച്ചേർത്തു.

അന്തിവെയിലിന്റെ നിറം മാറിക്കൊണ്ടിരുന്നു. കാറ്റിന്റെ തണുപ്പും. എനിക്ക് മടങ്ങാൻ നേരമായിരുന്നു.

പോരാൻ എഴുന്നേറ്റപ്പോൾ ഞാൻ ഒരിക്കൽകൂടെ ചുമരിലെ ചിത്രങ്ങളിലേക്ക് നോക്കി.

"അല്ല, ഇപ്പോഴും സുനന്ദേച്ചിടെ ഫോട്ടോ ഇതിലില്ലല്ലോ." ഞാൻ ചോദിച്ചുപോയി.

സുനന്ദേച്ചിയുടെ മുഖത്ത് വ്യാകുലമായ ഒരു മൗനം ഒഴുകിപ്പടർന്നു. അന്നേരം പെൺകുട്ടി മുറ്റത്തേക്കിറങ്ങി. കൂട്ടത്തോടെ തിരികെ പറക്കുന്ന എരണ്ടകളെ നോക്കിനിൽക്കുകയായിരുന്നു അവൾ.

പിന്നെ ഒന്നും ചോദിച്ചില്ല. ചില മൗനങ്ങൾ ഭേദിക്കാനുള്ളതല്ല.

Memories Rahna Thalib

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: