പത്ത് പതിനഞ്ച് വയസ്സുളളപ്പോഴാണ്, ഇങ്ങനെയൊരിടത്ത് അങ്ങനെയൊന്നുണ്ടെന്ന് അറിഞ്ഞത്. ‘അത് മോശമായി. അച്ഛന്‍പോലും കുട്ടിയോടിതുവരെ പറഞ്ഞട്ടില്യ?’ അച്ഛന്‍ പെങ്ങള്‍, ലീലമ്മായി, പതിവ് പോലെ മുഖത്ത് തെല്ലുംവിടരാത്ത അതിശയം മുഴുവന്‍ വാക്കുകളില്‍ നിറച്ച് വെളളിമുടിയിഴകള്‍ കോതിക്കൊണ്ട് ചോദിച്ചു. തേക്കിന്‍കാവ് എന്നാണത്രെ പേര്! ഏലപ്പിളളി മനക്കാരുടേതാണ്.

അച്ഛനോട് ചോദിച്ചപ്പോള്‍ ഒരു സാധാരണകാര്യമെന്ന മട്ടില്‍ മറുപടി. ‘പിന്നെ! ഏലപ്പിളളി മനയുടെ മുറ്റത്തൂടെ, കാവിനരികിലൂടെ, കാട്ടുവഴികളിലൂടെയൊക്കെ നടന്നല്ലേ ഞാന്‍ യു. സി. കോളേജില്‍ പഠിക്കാന്‍ പോയിരുന്നത്.’  ചെറിയ കാര്യങ്ങള്‍ക്ക് പോലും അതിശയിച്ച് ക്ഷീണിക്കുന്ന എന്റെ മനസ്സിന് അത് അംഗീകരിക്കാന്‍ സാധിച്ചില്ല. അച്ഛനെന്തുകൊണ്ടത് നേരത്തേ പറഞ്ഞില്ല? ഇനി കൂട്ടുകാരികളുടെ കൂടെ നടന്ന് പോകണം. എല്ലാ വെളളിയാഴ്ചകളിലും. അവരോടിത് പറയാന്‍ ഞാന്‍ വെമ്പി…

ആലുവയിലെ കടുങ്ങല്ലൂരെന്ന ഗ്രാമം അനുദിനം വികസിക്കുകയാണെങ്കിലും വെയിലും നിഴലും പുണര്‍ന്ന് കിടക്കുന്നതു പോലെ ഗ്രാമീണതയും നാഗരികതയും കലര്‍ന്നതാണല്ലോ ഇവിടം എന്ന്. മരങ്ങള്‍ നിറഞ്ഞ എന്റെ വീടിന് മുന്നിലെ റോഡിലൂടെ ചീറിപ്പായുന്ന വാഹനങ്ങള്‍ നോക്കി നില്‍ക്കെ ഞാന്‍ ഓര്‍ത്തു. ഇതുവരെ കണ്ട് പിടിക്കാത്ത എത്രയെത്ര മനോഹരസ്ഥലികള്‍ നാടിന്റെ ഉളളറകളില്‍ കാണും! മാത്രമല്ല, ഞങ്ങള്‍ മൂന്നു നാല് കൂട്ടുകാരികള്‍ക്ക് സ്‌കൂള്‍ കഴിഞ്ഞാല്‍ കലപില കൂട്ടാന്‍ പ്രത്യേകിച്ച് ഇടങ്ങളൊന്നുമില്ല. കണക്ക് ട്യൂഷന്‍, കടുങ്ങല്ലൂരമ്പലം, പിന്നെ പരസ്പരമുളള വീട്‌ സന്ദര്‍ശനം. അതിനപ്പുറത്തേയ്ക്ക് കൗമാരക്കാര്‍ക്ക് ലോകമില്ല! അപ്പോഴാണ് എല്ലാവര്‍ക്കുംകൂടി വാചകമടിച്ച് നടന്ന് പോകാന്‍ അടുത്ത് തന്നെ ഒരിടം! കേട്ടപ്പോള്‍ കൂട്ടുകാരികള്‍ക്കും നല്ല ഉത്സാഹം.

അങ്ങനെ ഒരു വെളളിയാഴ്ച ഞങ്ങള്‍ പുറപ്പെട്ടു. ഇടവഴികളിലൂടെ നടക്കുംതോറും വിചിത്രമായൊരു ചിന്ത വന്നെന്നെ തൊട്ടുണര്‍ത്തി. ഏതോ ജന്മത്തില്‍ ഞാനെത്ര നടന്ന് തേഞ്ഞ വഴികളാണിത്! എന്റേത് മാത്രമായ ഒരു നിഗൂഢ ലോകത്തിന്റെ വാതില്‍ തുറന്ന വരുന്നത് കണ്ട് ഞാന്‍ വിസ്മയിച്ചു. പിന്നെ, മൗനത്തിന്റെ ചൂണ്ടു വിരല്‍ പിടിച്ചായി എന്റെ നടത്തം.

കാവിലേയ്ക്ക് തിരിയുന്ന നടപ്പാതക്കിരുവശവും വന്‍മരങ്ങള്‍. അന്തിവെയിലേറ്റ്, ദിവ്യമായ എന്തോ ഒന്ന് ഉളളിലൊളിപ്പിച്ച് വച്ചപോലെ, അവയുടെ പുറം തിളങ്ങുന്നുണ്ടായിരുന്നു. മണ്‍മറഞ്ഞു പോയ പൂര്‍വ്വികരുടെ ആത്മാക്കള്‍ ഓരോ മരത്തിലും വസിക്കുന്നുണ്ടെന്ന് എനിക്ക് തോന്നി. പൊടുന്നനെ പാതയുടെ അറ്റത്ത് കാവ് പ്രത്യക്ഷപ്പെട്ടു. വഴി അവസാനിക്കുന്നിടത്ത് നിറയെ പുല്ലുകളും കുളളന്‍ ചെടികളുമാണ്. ഒത്തനടുക്കാണ് കാവ്. അങ്ങോട്ട് പച്ചപ്പിനിടയിലൂടെ വെട്ടിയൊരുക്കിയ ഒരു കുഞ്ഞന്‍ വഴി. കാവിനടുത്ത് ഒരു പാലമരമുണ്ട്. അതിന്റെ ചോട്ടില്‍ ചെരുപ്പുകള്‍ അഴിച്ചു വയ്ക്കാം.

കാവിന് മുന്നിലുളള വിളക്കിലും ശ്രീകോവിലിലെ ഇരുട്ടിലും മുനിഞ്ഞ് കത്തുന്ന ദീപങ്ങള്‍. ദേവിയുടെ തേജസ്സാര്‍ന്ന ചെറിയ വിഗ്രഹം. കൊച്ചു പ്രദക്ഷിണ വഴിയില്‍ അന്തിവെയിലില്‍ കുളിച്ച് കര്‍പ്പൂരഗന്ധമുളള കാറ്റില്‍ ആടിക്കളിച്ച് നന്ത്യാര്‍വട്ടവും ചെത്തിയും മറ്റനേകം ചെടികളും. മണ്ണിന്റെ പ്രാകൃതമായ സ്‌നേഹം കാലടികളെ തൊട്ട് തലോടുന്നു. മരങ്ങള്‍ക്കിടയിലൂടെ ചിതറിക്കിടക്കുന്ന കുങ്കുമ നിറമുളള ആകാശം എന്റെ ആത്മാവിലേയ്ക്ക് ഊര്‍ന്നിറങ്ങി. ആ നിമിഷം ഒരു ഇലയോ കല്ലോ ആയി മാറി പ്രദക്ഷിണവഴിയില്‍ വീണ് കിടക്കാനും ആ മണ്ണില്‍ത്തന്നെ ലയിച്ച് ചേരാനും ഞാന്‍ കൊതിച്ചു.

പിന്നീടങ്ങോട്ട് എല്ലാ വെള്ളിയാഴചകളിലും വൈകുന്നേരം സ്വന്തം കൂട്ടിലേക്ക് ചേക്കേറാന്‍ വെമ്പുന്ന പക്ഷിയെപ്പോലെ ഞാനെന്റെ ഇടത്തിലേയ്ക്ക് പറന്നു. കാവിലെ ദേവിയോട് മിണ്ടാതെ മിണ്ടിയും മെലിഞ്ഞു നീണ്ട് വൃദ്ധനായ തിരുമേനിയോട് മിണ്ടിയും പറഞ്ഞും അവരെന്റെ് അടുത്ത കൂട്ടുകാരായി.

കാലം കടന്ന് പോകുന്നതും കൂട്ടുകാര്‍ കൊഴിഞ്ഞു പോകുന്നതും എന്നെ ബാധിച്ചില്ല. ഒറ്റയ്ക്കുളള യാത്രകള്‍ എനിക്കത്രമേല്‍ ലഹരിയായി മാറിക്കഴിഞ്ഞിരുന്നു. മാത്രമല്ല, ഒറ്റയ്ക്ക് നടക്കാന്‍ തുടങ്ങിയപ്പോഴെല്ലാം ആരോ ഒരാള്‍ കൂടി എന്റെ കൂടെയുണ്ടെന്ന് എനിക്ക് തോന്നിത്തുടങ്ങിയിരുന്നതാനും. അത് എന്നില്‍ നിന്ന് തന്നെ പുറത്തു് വന്ന ഒരാളായിരുന്നു. എന്നാല്‍ അത് ഞാനല്ലെന്ന് എനിക്കുറപ്പായിരുന്നു. ഒരു പക്ഷേ, പതിനെട്ട് വയസ്സിന്റെ ഇന്ദ്രജാലം ശൂന്യതയില്‍ നിന്ന് സൃഷ്ടിച്ചെടുത്ത പ്രണയസങ്കല്പം രൂപമെടുത്തതാവാം അത്. ഞാന്‍ ആ രൂപത്തെ ‘മെര്‍മാന്‍’ എന്നു വിളിച്ചു. സത്യവും മിഥ്യയും ഇഴചേര്‍ന്ന ഒരു പേര്.

‘മെര്‍മാന്‍’ എന്റെ പങ്കാളി തന്നെയായിരിക്കുമെന്ന് ഞാനുറപ്പിച്ചു. അതോടെ ഞാന്‍ ആഹ്‌ളാദവതിയായി. കാവിലേയ്ക്കുളള വഴിയും മരങ്ങളും ആകാശവും കര്‍പ്പുര ഗന്ധമുളള കാറ്റും ദേവിയുമെല്ലാം എന്നെ പ്രണയിനിയും കവിയുമാക്കി. ഊര്‍ജ്ജസ്വലയാക്കി. ഒന്നാം റാങ്കുകള്‍ തന്നെ നേടി ബിരുദവും ബിരുദാനന്തര ബിരുദവും ആഘോഷിച്ചു. അപ്പോഴാണ് ‘മെര്‍മാന്‍’ പെണ്ണുകാണാന്‍ വന്നത്. കല്യാണം കഴിഞ്ഞപ്പോള്‍ത്തന്നെ ആ ഇരുപത്തിമൂന്നുകാരി എല്ലാ നിഷ്‌കളങ്കതയോടും കൂടി നിഗൂഢമായ തന്റെ ലോകത്തേയ്ക്ക് ‘മെര്‍മാനെ’ ക്ഷണിച്ചു. അയാള്‍ ചെറുചിരിയോടെ ആ ക്ഷണം സ്വീകരിച്ചു. ഇരുള്‍ പരക്കുന്ന കാവിലെ മുറ്റത്ത് നിറഞ്ഞു കത്തുന്ന കല്‍വിളക്കിന് മുന്നില്‍ ആരോ വരച്ച ഒരു ചിത്രം പോലെ അവര്‍ കണ്ണുകളടച്ച് നിന്നു.

aparna s, memories, iemalayalam

ആ കണ്ണുകളൊന്ന് തുറന്ന് കിട്ടാന്‍, പ്രണയം ഒരു സങ്കല്പമാണെന്നറിയാന്‍, ഉള്‍ക്കാഴ്ച തെളിയാന്‍, കാലം കുറേ വേണ്ടി വന്നു. ഇരുപതുകളുടെ മദ്ധ്യത്തില്‍ത്തന്നെ ഏറെ ആഗ്രഹിച്ചിരുന്ന ജോലിയും പിന്നാലെ പൂപോലെയുളള കുഞ്ഞുങ്ങളേയും തന്ന് ജീവിതം വഴിഞ്ഞൊഴുകി. ആ ആഹ്‌ളാദപ്പാച്ചിലില്‍ ഇലപോലെയൊഴുകിയൊഴുകി ഞാന്‍ അടിത്തട്ട് കാണാതെ പോയി. സന്തോഷങ്ങള്‍ ഇത്രമോശം ഗുരുക്കന്‍മാരാവേണ്ടിയിരുന്നില്ല. പക്ഷേ, കാലം പഠിപ്പിച്ച് തരാത്ത പാഠങ്ങളൊന്നുമില്ല.

ചങ്ങനാശ്ശേരിയിലും പിന്നീട് തിരുവനന്തപുരത്തും ജീവിതം പറിച്ച് നട്ടപ്പോഴും നാട്ടില്‍ വരുമ്പോഴെല്ലാം കാവിലേയ്‌ക്കോടും. ‘കുട്ടി വന്ന്വോ? കുട്ട്യോള്‍ക്ക് രണ്ടു പേര്‍ക്കും പക്കപ്പൊറന്നാളിന് പുഷ്പാഞ്ജലി കഴിച്ചൂട്ടോ…’ എന്ന് വാര്‍ദ്ധക്യത്തിന്റെ അവശതയിലും പല്ലില്ലാച്ചിരി ചിരിച്ചു തിരുമേനി.

കാവ് പതുക്കെ മാറിത്തുടങ്ങുകയാണെന്ന് ഞാനറിഞ്ഞു. ബന്ധങ്ങള്‍ പോലെത്തന്നെ. ജീവിതം ആലീസിന്റെ അത്ഭുതലോകം പോലെ വിസ്മയിപ്പിക്കുന്ന ഒന്നാണെന്നെനിക്ക് തോന്നി. ഒരു പുഴ പലകരയിലൂടെ ഒഴുകുമ്പോള്‍ അറിയാതെ ഓരോ മുഖഛായ കൈവരുന്നതുപോലെയുളള മാറ്റങ്ങള്‍. ഒരവധിക്ക് വന്നപ്പോള്‍ കണ്ടു, മുത്തച്ഛന്‍ മരങ്ങള്‍ നിലം പതിച്ചിരിക്കുന്നു! പാല മരവും വെട്ടി മാറ്റിയിരിക്കുന്നു! കല്‍വിളക്കിന് ചുറ്റിലും അകത്ത് പ്രദക്ഷിണ വഴിയിലും ടൈലുകള്‍ വിരിച്ചിരിക്കുന്നു. ചെടികളും കര്‍പ്പൂരഗന്ധമുളള കാറ്റും എവിടെ?

ഭക്തര്‍ ഏറിയിരിക്കുന്നു. പൊങ്കാല തുടങ്ങി. കാവില്‍ നിന്ന് വ്യാപാരത്തില്‍ അധിഷ്ഠിതമായ ഒരമ്പലത്തിലേയ്ക്കുളള മാറ്റത്തിന്റെ ലക്ഷണങ്ങള്‍ തെളിഞ്ഞു വരികയാണ്! വലിയ തിരുമേനി അനാരോഗ്യം മൂലം വല്ലപ്പോഴുമേ പൂജയ്ക്ക് വരാറുളളൂ. വൈകി തുറക്കുന്ന നട. ശ്രീകോവില്‍ വ്യത്തിയാക്കുന്നതിന് വെളളം പിടിച്ച് വച്ചിരിക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങള്‍. ഒരിക്കലെപ്പോഴോ തിരുമേനിയെ കണ്ടു. എന്റെ സങ്കടം പറഞ്ഞപ്പോള്‍ ‘എനിക്കിതിലൊന്നും ഒരു പങ്കൂല്ല്യ കുട്ടി,’ എന്ന് നെടുവീര്‍പ്പിട്ടു.

ഒന്നിലും ഒരളവില്‍ കൂടുതല്‍ സങ്കടപ്പെടുന്നതിലൊരര്‍ത്ഥവുമില്ലെന്ന് എനിക്ക് തോന്നി. മനുഷ്യബന്ധങ്ങളിലെ സങ്കീര്‍ണ്ണതകള്‍. മുതിരും തോറും അപരിചിതരാവുന്ന മക്കള്‍. തിരുവനന്തപുരത്ത് ‘മാല്‍ഗുഡി’ എന്ന മനോഹരമായ വീട് പണിതിട്ടും ചുറ്റും മരങ്ങളുടെ ഒരു കൊച്ച് ലോകം സൃഷ്ടിച്ചിട്ടും നാല്‍പതിന്റെ നരച്ച നിറം എന്റെ പുറംകാഴ്ചയെ ബാധിച്ചിരിക്കുന്നു. എങ്കിലും ചിലനേരം മുറ്റത്ത് വീണ് കിടക്കുന്ന ഇലകള്‍ എന്റെയുളളില്‍ നീണ്ട് കിടക്കുന്ന ഒരു വഴിയെക്കുറിച്ചുളള ഓര്‍മ്മകളുണര്‍ത്തുന്നു. ഒരു കൗമാരക്കാരിയെ കവിയും പ്രണയിനിയുമാക്കിയ വഴി. ജീവിതം പോലെ നീണ്ട് കിടക്കുന്ന ഈ പാത മരണം പോലെ പെട്ടെന്ന് അവസാനിക്കുമോ? എന്ന് അവള്‍ ഒരു രാത്രിയില്‍ ഞെട്ടിയുണര്‍ന്ന് തന്റെ കൊച്ച് ഡയറിയില്‍ കുറിച്ചു വച്ചു.

aparna s, memories, iemalayalam

രണ്ട് മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് തിരുമേനി മരിച്ചത്. കുറേനേരം എന്തോ ആലോചിച്ച് ഞാനിരുന്നു. ഭര്‍ത്താവ് സ്വീകരണമുറിയിലിരുന്ന് ടി.വി കാണുന്നു. തിരുമേനിയെ ഓര്‍മ്മയുണ്ടോ എന്ന് ചോദിക്കണമെന്ന് തോന്നി. ഒന്നും ഓര്‍മ്മയുണ്ടാവില്ല. ഉണ്ടെങ്കില്‍ത്തന്നെ അതിനെക്കുറിച്ചൊന്നും സംസാരിക്കാന്‍ താല്‍പര്യവും ഉണ്ടാവില്ല. പുരുഷന്മാര്‍ തീരെയും കാല്പനികരല്ല. അതു കൊണ്ട് തന്നെ അവര്‍ കഴിഞ്ഞ കാലം മറവിയിലേയ്ക്ക് വലിച്ചെറിയും.

ഞാന്‍ മുറ്റത്തേയ്ക്കിറങ്ങി. ‘മാല്‍ഗുഡി’യിലെ മരങ്ങള്‍ പുതിയകാലത്തിന്റെ സ്‌നേഹരാഹിത്യമോര്‍ത്ത് സ്വയം നഷ്ടപ്പെട്ട് നില്‍ക്കുന്നു. പൊടുന്നനെ എന്തോ കടപുഴകി വീഴുന്ന ശബ്ദം കേട്ടു. ഞെട്ടിത്തിരിഞ്ഞ ഞാന്‍ കണ്ണീരുപ്പ് കലര്‍ന്ന ഒരു ചിരിയോടെ തിരിച്ചറിഞ്ഞു. കടപുഴകി വീണത് എന്റെ ഹൃദയത്തിലാണ്…

ഒരു കാലം അങ്ങനെത്തന്നെ വേരറ്റ് വീണു! എന്നിട്ടും കാവിലേയ്ക്കുളള വഴി എന്റെ ഹൃദയത്തിലങ്ങനെ നീണ്ടു കിടക്കുന്നു! എന്നും ഞാന്‍ അതിലൂടെ ഒറ്റയ്ക്കാണ് നടന്നിരുന്നത് എന്ന തിരിച്ചറിവും ഇനിയങ്ങോട്ടും ഒറ്റയ്ക്കാണ് എന്ന മുന്നറിയിപ്പുമായി എന്റെ വഴി…

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook