scorecardresearch
Latest News

ആലപ്പുഴ വെളളം മട്ടാഞ്ചേരിയില്‍ ഒഴുകുമ്പോള്‍

പച്ചമീൻ തലച്ചുമടായി വിൽക്കുന്ന 78 കാരനായ മൈമുണ്ണി അലി, കൊച്ചിയിലെ ജൂത ജീവിതത്തിന്റെ അവസാനകണ്ണിയായ 94 കാരി സാറാ കോഹൻ, ചന്ദ്രകല എന്ന എൺ‌പതു വയസ്സു പിന്നിട്ട അമ്മയുടെ വാടിയ കൈകളിൽ പൂർണ്ണചന്ദ്രന്മാരെപ്പോലെയുള്ള പപ്പടങ്ങളുടെ പിറവി, കവിത കൊണ്ടൊരു ദേശത്തെ എഴുതുന്നു

ആലപ്പുഴ വെളളം മട്ടാഞ്ചേരിയില്‍ ഒഴുകുമ്പോള്‍

ഞാൻ മട്ടാഞ്ചേരിക്കാരിയല്ല. സഞ്ചാരിയായാണ്, വെറും കാണിയായാണ്, ഞാൻ മട്ടാഞ്ചേരിയിൽ എത്തുന്നത്.

എറണാകുളത്തുനിന്നും മട്ടാഞ്ചേരിയിലേക്കുള്ള ഫെറി കടക്കുന്ന ഇരുപതു മിനിറ്റുകൾ പ്രധാനമാണ്. ഇളകുന്ന വെള്ളപ്പരപ്പിൽ അതുവരെപ്പാർത്ത ലോകത്തെ ബഹുകാതം പിന്നിലേക്ക് തള്ളുന്ന ഇരുപതുമിനിറ്റുകൾ. അതിനൊടുവിൽ പൊളിഞ്ഞ പണ്ടികശാലകളുടെയും പൗരാണികമായ എടുപ്പുകളുടെയും ടൂറിസ്റ്റ് ജീവിതത്തിന്റെയും മറുതീരം. അഞ്ചാറ് കിലോമീറ്റർ മാത്രം നീളത്തിൽ നൂറ്റാണ്ടുകളുടെ ചരിത്രമോർത്തു കിടക്കുന്ന തീരം. പലനാൾ പലവുരു ഞാൻ ആ തീരം തേടി ചെന്നു.

റിയാസ് കോമു ക്യൂറേറ്റ് ചെയ്യുന്ന മട്ടാഞ്ചേരി എന്ന് പേരുള്ള ഉരു ആർട്ട് ഹാർബറിന്റെ ആദ്യകലാപ്രദർശനത്തിന്റെ ഭാഗമായാണ് ഞാൻ മട്ടാഞ്ചേരിയെ എഴുതാൻ തുനിയുന്നത്. പ്രദർശനത്തിന്റെ തിണയും തിരയലും മട്ടാഞ്ചേരി തന്നെ. പല ഛായകളിൽ പല ചേലുകളിൽ പുലരുന്ന ഒരു ദേശത്തെ രേഖപ്പെടുത്താനും തെളിച്ചപ്പെടുത്താനും ഒരു പക്ഷെ മറ്റൊരു വെളിച്ചത്തിൽ വായിക്കാനാകും വിധം വീണ്ടെടുക്കാനും ഉള്ള കലാ ശ്രമമായി സങ്കൽ‌പ്പിക്കപ്പെട്ട പ്രദർശനം. ഒരുപക്ഷെ അവരുടെ നിത്യജീവിതവിഷയമല്ലാത്ത കലാവിഷ്ക്കാരങ്ങളിലേക്ക് അടുപ്പിക്കുവാനും കൂടിയുള്ള ശ്രമം.

anitha thampi, biju ibrahim, mattancheri, poem, uru poem,

ബോട്ടിറങ്ങി മട്ടാഞ്ചേരിമണ്ണിലെ വഴികളിലൂടെ മഴയത്തും വെയിലത്തും ഞാൻ അലഞ്ഞുനടന്നു. മനുഷ്യരോടും ജന്തുക്കളോടും പറവകളോടും വസ്തുക്കളോടും ഇടപഴകി. മട്ടാഞ്ചേരി അതിന്റെ ഉള്ളുകള്ളികളും ഊടുവഴികളും മെല്ലെ വകഞ്ഞ് തുറന്നു തന്നു.

കെട്ടുകഥകളിലെന്നപോലെ പഴമയും പലമയും കൊണ്ട് ഉരുവപ്പെട്ട ഒരു ദേശം. തൊഴിലുകളുടെ, സമുദായങ്ങളുടെ, മൊഴികളുടെ, ചര്യകളുടെ, അനേക അടരുകളിൽ ജീവിക്കുന്ന ദേശം. നാനാതരം മനുഷ്യർ തിങ്ങിപ്പാർക്കുന്ന, അക്ഷരാർത്ഥത്തിൽ തിങ്ങിത്തന്നെ പാർക്കുന്ന ഇടം. പുരാതനസ്മരണകളിൽ പുലരുന്ന അതിന്റെ ഇടങ്ങൾ, എടുപ്പുകൾ.

ഉപഭൂഖണ്ഡത്തിന്റെ ലോകത്തേക്ക് തുറന്നിട്ട ഒരു വാതായനം. അത് കേരളമല്ല, ഇന്ത്യയുമല്ല. കേരളവും ഇന്ത്യയും ആയിത്തീർന്നിരുന്നെങ്കിൽ എന്ന് ആശിക്കാനാവും വിധം ചരിത്രപരമായ പലമയുടെ മാതൃകാദേശം. അവിടുത്തെ മനുഷ്യരുടെ ഓർമ്മയും വർത്തമാനവും ഇച്ഛയും കലർന്നൊഴുകുന്നതാവണം അതിന്റെ ദേശീയത. ആ ഒറ്റയാൾദേശങ്ങളെ അഭിമുഖീകരിക്കാനും അവയെ കവിതയിൽ പകർത്താനും ഞാൻ ആഗ്രഹിച്ചു.
പക്ഷെ ഒരു ടൂറിസ്റ്റിനെയോ പത്രപ്രവർത്തകയേയോ പോലെ ഈ ദേശത്തെയും അവിടുത്തെ മനുഷ്യരെയും നാലഞ്ച് കവിതകളിൽ ചിത്രീകരിച്ചു മടങ്ങുക എന്നത് സാധ്യമല്ല, സത്യവുമല്ല എന്നെനിക്ക് വൈകാതെ മനസ്സിലായി. അവിടെ നീണ്ടകാലത്തേക്ക് തുടരാനും മട്ടാഞ്ചേരി എന്ന കഥയുടെ ചുരുളുകൾ അവിടുത്തെ ഒറ്റയൊറ്റ മനുഷ്യരിലൂടെ അഴിച്ച് വായിക്കാനും ആവിഷ്ക്കരിക്കാനും തുനിയേണ്ടതുണ്ട് എന്നെനിക്ക് നല്ല നിശ്ചയം തോന്നി. ആ ആവിഷ്ക്കാരശ്രേണിയുടെ ആദ്യത്തെ ചില ഛായാകവിതകളാണ് ഈ പ്രദർശനത്തിന്റെ ഭാഗമായത്:

anitha thampi, biju ibrahim, mattancheri, poem, uru poem,
ഓർമ്മ വച്ച നാൾ മുതൽ അതിരാവിലെയുണർന്ന് തീരത്തു ചെന്ന് പിടയ്ക്കുന്ന പച്ചമീനെടുത്ത് തലച്ചുമടായി വീടുകൾ തോറും നടന്ന് വിൽക്കുന്ന മൈമുണ്ണി അലി എന്ന അലീക്ക. വെളുപ്പിന് കോളുമായി വഞ്ചിയടുക്കുന്ന തീരത്തുവച്ചാണ് അലീക്കയെ കണ്ടത്. കേരളത്തിൽ വ്യവസായവൽക്കരണത്തിന്റെ ആദ്യ അലകൾ അടിച്ചുകയറിയ അതേ തീരത്ത് തോണിപ്പണിക്കാരനായിരുന്ന കാലത്ത്, 1953 ലെ തൊഴിലാളി സമരത്തിൽ പങ്കെടുത്ത് പോലീസിന്റെ വെടിതുളച്ച കാലുകൾ. ആ കാലുകളിൽ ഇന്നും നടനടന്ന് നിത്യവും മീൻ വിൽക്കുന്ന 78 വയസ്സുള്ള അലീക്ക. അലീക്ക ഒരാളല്ല, ഒരുപാടുപേരാണ്. ഒരു നാടാണ്.

sara cohen , anitha thampy, mattancheri uru poem

അഞ്ചു നൂറ്റാണ്ട് നീളുന്ന കൊച്ചിയിലെ ജൂതജീവിതത്തിന്റെ അവസാനകണ്ണികളിലൊരാളായ 94 വയസ്സുള്ള സാറാ കോഹൻ. ഞാൻ കാണാനെത്തുമ്പോൾ ക്ഷീണിതയായി ജനാലയ്ക്കരികിലെ കസേരയിൽ ഇരുന്ന് അവർ വിശുദ്ധപുസ്തകം വായിക്കുകയായിരുന്നു. സന്ദർശകരായ ഒരു സംഘം സ്കൂൾ കുട്ടികൾ തെരുവിൽനിന്ന് ജനാലയുടെ അഴികളിലൂടെ അവരെക്കാണാൻ തിക്കിത്തിരക്കുന്നു, പടം പിടിക്കുന്നു. അവർ മുഖമുയർത്തി നോക്കി. താൻ കാഴ്ചവസ്തുവായിക്കഴിഞ്ഞുവെന്ന് തിരിച്ചറിഞ്ഞ ജീവിതത്തിന്റെ നിസ്സംഗമായ നോട്ടം. കഴിഞ്ഞ രാത്രി സാറ ഉറങ്ങിയതേയില്ല എന്ന് അവരെ പരിപാലിക്കുന്ന സെലിൻ എന്ന സഹായി എന്നോടു പറഞ്ഞു. അവർ രാത്രിയിൽ മുഴുവൻ കരയുകയായിരുന്നു, ‘എന്റെ ആൾക്കാരൊക്കെ എവിടെപ്പോയി, ഞാനൊറ്റയ്ക്കായല്ലോ’ എന്ന് ചോദിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. ഞാൻ വളരെനേരം അവരെ നോക്കിക്കൊണ്ട് അടുത്തിരുന്നു. ആ ഇരിപ്പിൽ അവരുടെ വേദനയുടെയും ഏകാന്തതയുടെയും ആഴം ഞാൻ കണ്ടു . സാറാ പാടിയ പഴയൊരു ജൂതപ്പാട്ടിന്റെ ശീലിലാണ് അവരുടെ ഛായാകവിത ഉണ്ടായത്.

anitha thampi, biju ibrahim, mattancheri, poem, uru poem,

നെൽ‌സൺ ഫെർണാണ്ടസ് കൊച്ചീക്കരയുടെ സ്വന്തം എഴുത്തുകാരനാണ്. മെഹ്‌ബൂബ് പാടി അനശ്വരമാക്കിയ അനേകം പാട്ടുകൾക്ക് വരികൾ കുറിച്ച, നാടകകാരനും തൊഴിലാളി സംഘടനാ പ്രവർത്തകനും കൂടിയാണ്. അഞ്ഞൂറോളം പാട്ടുകൾ എഴുതിയിട്ടുണ്ട്. നൂറിലധികം നാടകങ്ങൾ ചെയ്തിട്ടുണ്ട്. അദ്ദേഹമെഴുതി മെഹ്‌ബൂബ് ഈണമിട്ട ‘കടൽക്കാക്കകൾ കരയും മുൻപേ’ എന്നു തുടങ്ങുന്ന പ്രസിദ്ധമായ പാട്ടിന്റെ വരികളിൽ തുടങ്ങി, അദ്ദേഹത്തിന്റെ തന്നെ പാട്ടുശൈലി അനുവർത്തിക്കുകയാണ് ‘നെൽ‌സൺ ഫെർണാണ്ടസ്’ എന്ന കവിത. എൺപതു കഴിഞ്ഞ അദ്ദേഹം എഴുതിയിട്ട് ഏറെ നാളുകളായി, പക്ഷെ ഇന്നും സംഘടനാപ്രവർത്തനം തുടരുന്നു. അൻ‌പത്തെട്ടിൽ ഒരു പാർട്ടിവിരുദ്ധനാടകത്തിന് പാട്ടെഴുതിയപ്പോൾ പാർട്ടി അദ്ദേഹത്തെ വിളിപ്പിച്ചു ശകാരിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: അതൊരു പ്രേമഗാനമല്ലെ സഖാവേ, പ്രേമത്തിനുണ്ടോ പാർട്ടിയും വിരുദ്ധതയും!
anitha thampi, biju ibrahim, mattancheri, poem, uru poem,

വീട്ടുതളത്തിൽ കുന്തിച്ചിരുന്ന് നിത്യേന പപ്പടങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന, ഒരുപക്ഷെ ആ വേലവഴക്കമുള്ള അവസാനതലമുറയിലെ കൈകളുടെ ഉടമയായ ചന്ദ്രകല എന്ന എൺ‌പതു വയസ്സു പിന്നിട്ട ഒരമ്മ. ക്ഷേത്രത്തോട് തൊട്ടുചേർന്ന വീട്. അവരുടെ വാടിയ കൈകളിൽ പൂർണ്ണചന്ദ്രന്മാരെപ്പോലെയുള്ള പപ്പടങ്ങളുടെ പിറവി, അതിന്റെ അവസാനിക്കാത്ത ആവർത്തനം, ആ കൈകളിൽത്തന്നെ ഒടുങ്ങുവാൻ പോകുന്ന ഒരു തൊഴിലിന്റെ അസ്തമയകാലം. പ്രപഞ്ചത്തിന്റെ പെണ്മയിലേക്ക് അവർ കൂട്ടിച്ചേർക്കുന്ന സ്വന്തം ജീവിതം.

anitha thampi, mattancehri, uru wall poem, uru poem, biju ibrahim riayas komu,

പ്രാട്ടി എന്ന് പേരുള്ള അലക്കുകാരി, എൺപത്തഞ്ച് വയസ്സുള്ള അമ്മ. നാല് നൂറ്റാണ്ട് മുൻപ് ഡച്ചുകാർ വിഴുപ്പലക്കുവാൻ തമിഴകത്തു നിന്ന് കൊണ്ടുവന്ന് മട്ടാഞ്ചേരിയിലെ മൈനാത്തു വെളിയിൽ പാർപ്പിച്ച വണ്ണാർ സമുദായത്തിലെ, നിത്യവേലയുടെ തുടരുന്ന ചിത്രം. കാൽ‌വണ്ണയോളം വെള്ളത്തിൽ പകൽ മുഴുവൻ നിന്ന് പണിയെടുക്കുന്നവൾ ധോബിഘാന എന്ന് വിളിക്കുന്ന അലക്ക് കേന്ദ്രത്തിലാണ് പ്രാട്ടിയമ്മയെക്കണ്ടത്. ചിരിയും മൂക്കുത്തികളും ഒരുപോലെ മിന്നുന്ന മുഖം. വെള്ളം പെറ്റ് പോറ്റി വളർത്തിയവൾ. അലക്കിന്റെ പരമരഹസ്യങ്ങൾ പ്രാട്ടിയമ്മ എനിക്ക് പറഞ്ഞുതന്നു. കൊടിയ കറകൾ കൂടി ഇളക്കുന്ന കൂട്ടുകൾ കൈമാറി.

അങ്ങനെ എത്രയോ ആൾക്കാർ, എത്രയോ ജീവിതങ്ങൾ. അവ പകർത്താനുള്ള എന്റെ മട്ടാഞ്ചേരി യാത്രകൾ തുടരുകയാണ്.

ഈ എഴുത്തനുഭവം എനിക്ക് പുതുതായിരുന്നു. ഇതുവരെയുള്ള എന്റെ എഴുത്തുജീവിതത്തിൽ നിന്ന് പലതരത്തിൽ വേറിട്ടതുമായിരുന്നു. ജീവിച്ചിരിക്കുന്ന മനുഷ്യർ. എനിക്ക് ദീർഘപരിചയമോ വ്യക്തിപരമായ സ്വാതന്ത്രമോ അതുവരെയില്ലാത്ത മനുഷ്യർ. അവരുടെ പേരിലാണ് കവിത. അവരുടെ ചിത്രമാണ് കവിതയ്ക്കൊപ്പം. ഓരോ വരിയും, അറിയാത്ത ഒരു ഗർത്തത്തിനു കുറുകേ കെട്ടുന്നതുപോലെ. ഒന്നും അമിതമാകരുത്, അൽ‌പമാകരുത്, അസത്യവുമാകരുത്. അത് കൈവിറയ്ക്കുന്ന ഉത്തരവാദിത്തമായിരുന്നു. ഓരോരുത്തരെയും ഒറ്റയ്ക്ക് അഭിമുഖീകരിക്കലായിരുന്നു .ഉടലിന്റെയും ആത്മാവിന്റെയും മുഖാമുഖം. വേരുകൾ തൊടുന്ന ഒരു വ്യക്തിബന്ധം സ്ഥാപിക്കൽ. എന്നെത്തന്നെ അഭിമുഖീകരിക്കാതെ, അതുവരെയുള്ള എന്നെയും അപ്പോഴുള്ള എന്നെയും, അടിമുടി അഭിമുഖീകരിക്കാതെ എനിക്കതു സാധ്യമായിരുന്നില്ല.

biju ibrahim, mattancheri, uru poem, anitha thampi, uru wall poem,
ജീവിതത്തിലും എഴുത്തിലും അറച്ചു നിന്ന് തളംകെട്ടിപ്പോകുന്നതിൽ നിന്ന് ഒരു പക്ഷെ എനിക്ക് കിട്ടിയ വിടുതലായിരുന്നു മട്ടാഞ്ചേരി എന്നു തോന്നുന്നു. എഴുതുന്നത് സാധാരണ മനുഷ്യരെപ്പറ്റിയായിരുന്നു, അത് അവർ വായിക്കണമായിരുന്നു. ഒരളവ് അതവരെ സ്പർശിക്കണമായിരുന്നു. കടലാസിൽ അച്ചടിയിലല്ല ആ വരികൾ വായിക്കപ്പെടുക. മുപ്പതടിയിലേറെ ഉയരത്തിൽ പഴയ പണ്ടികശാലയുടെ നരച്ചും അടർന്നും നിറം പകർന്ന ചുവരിൽ വലിയ അക്ഷരങ്ങളിൽ- അങ്ങനെയാണ് ആ കവിതകളും അതിലെ ആളുകളും പ്രകാശിപ്പിക്കപ്പെട്ടത്; ബിജു ഇബ്രാഹിം എന്ന ഫോട്ടോഗ്രാഫർ പകർത്തിയ അവരുടെ വലിയ ചിത്രങ്ങളോടൊപ്പം. ആ ചുവരുകൾക്കു താഴെനിന്ന് തല ഉയർത്തിനോക്കി കലാകാരും അല്ലാത്തവരുമായ നാനാതരം മനുഷ്യർ അതു കണ്ടു, വായിച്ചു. കവിതകളായ മനുഷ്യർ ആ ചുവരുകളിൽ അവരെത്തന്നെ വായിക്കാൻ വന്നു. തനിച്ചും കുടുംബത്തോടൊപ്പവും വന്നു. മൈമുണ്ണി അലിയുടെ മകൾ ഉപ്പയെ ചുവരിൽ വായിച്ച് എന്നോട് പറഞ്ഞു: “വലിയ ശുണ്ഠിക്കാരനാണ്, അക്കാര്യം കൂടി കവിതയിൽ ചേർക്കണം.” അലീക്ക അതുകേട്ട് ചിരിച്ചു. ശരിയാണ്. അൻ‌പതുകൊല്ലം മുൻപ് മീൻ വിൽക്കാനിരിക്കുമ്പോൾ അതുകഴി കടന്നുപോയ ഒരു പട്ടർ തന്നെ പട്ടി എന്ന് വിളിച്ചതു കേട്ട മാത്രയിൽ മീൻ‌കുട്ടയെടുത്ത് അയാളുടെ തലയിൽ കമഴ്ത്തിയ വലിയ രാഷ്ട്രീയമുള്ള ശുണ്ഠിയാണത്. ഒരു കാലത്തിന് നിർണ്ണായകമായിരുന്നത്.

വാസ്തവത്തിൽ ഓരോ വ്യക്തിയും അവരെത്തന്നെ എഴുതുകയായിരുന്നിരിക്കണം എന്നിപ്പോൾ തോന്നുന്നു. അലീക്കയെ എഴുതാൻ എനിക്ക് ഒട്ടും എളുപ്പമായിരുന്നില്ല. എന്റെ ജീവിതത്തിന്റെ ചട്ടക്കൂടിനോ വ്യാകരണത്തിനോ വഴങ്ങാത്ത ഒറ്റയാൾ‌നൂറ്റാണ്ടുപോലെയുള്ള ഒരു നാട്ടുലെജന്റ്. പക്ഷെ ഞങ്ങൾക്കിടയിൽ മെല്ലെ ഒരു വഴിയുണ്ടായിവന്നു. ആ വഴിയിൽ തങ്ങിയും തടഞ്ഞും എഴുത്തുണ്ടായിവന്നു.

എന്നാൽ വളരെ കൗതുകപ്പെടുത്തുകയും എഴുതാമെന്ന് ഉറപ്പോടെ കരുതുകയും ചെയ്ത മറ്റുചില ജീവിതങ്ങൾ എന്നെ കബളിപ്പിച്ച് വഴങ്ങാതെ ദൂരെ മാറിനിന്നു. പഴയകാല ഗുണ്ടയായിരുന്ന ഇസ്മായീൽ എന്ന അതിസുമുഖനായ അറുപതുവയസ്സുകാരൻ അതിലൊരാളാണ്. കഞ്ചാവു കടത്തലിനും അടിപിടിക്കും മറ്റുമായി ദീർഘമായ ജയിൽ‌വാസം കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തി ജീവിക്കുകയാണ്. ഞങ്ങൾ പെട്ടെന്ന് സുഹൃത്തുക്കളായി, അഥവാ അങ്ങനെ എനിക്കു തോന്നി. പക്ഷെ എന്റെ ഭാഷയിൽ ഇസ്‌മായീൽ ചിട്ടപ്പെട്ടില്ല, വാക്കിൽ നിന്ന് വരാൽ പോലെ അയാൾ തെന്നിമാറിപ്പോയി.

ഞാൻ ജനിച്ചുവളർന്നത് ഒരു നാട്ടിൻ‌പുറത്താണ്. സാധാരണകുടുംബം. ഞങ്ങൾക്ക് വീട്ടുജീവിതവും നാട്ടുജീവിതവും തമ്മിലുള്ള വരമ്പുകൾ വളരെ നേർത്തതായിരുന്നു. നാട്ടിലെ ഓരോ ആളും ഇടപഴകിയും അറിഞ്ഞും പരസ്പരം കരുതിയും കൊടുത്തും ഉള്ള ജീവിതം. പിൽ‌ക്കാലത്തെ എന്റെ മദ്ധ്യവർഗ്ഗ നഗരജീവിതത്തിൽ നഷ്ടപ്പെട്ടുപോയ അഴിവും തുറവും. മട്ടാഞ്ചേരി എന്നെ, എന്റെ കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അതിന്റെ നൈസർഗ്ഗികതകൾ തിരികെത്തന്നു. ചെളിയും വെള്ളവും പുരണ്ട്, വെയിലും മഴയും കൊണ്ട്, കുപ്പയിലും കാനയിലും പരതി, എന്റെ ജീവിതവും ഭാഷയും തയമ്പ് നോറ്റു.

ഞാൻ മട്ടാഞ്ചേരിക്കാരിയായി.

Read More: ചുവരിലെഴുതിയ കവിതകൾ – അനിതാ തമ്പി

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Me myself mattancherry anitha thampi