സോഷ്യല്‍ മീഡിയയിലാകെ ബഹളം. ലുട്ടാപ്പിയെ മാറ്റുന്നു എന്ന്. നോയിഡയിലെ ഓഫീസില്‍ ഇരുന്നു അത് വായിക്കുമ്പോള്‍ ഓര്‍മ്മയിലേക്ക് ഒരു എട്ടു വയസ്സുകാരന്‍ ഓടിക്കയറി വന്നു. ഒപ്പം അവന്റെ ജീവിതത്തെ മാറ്റിമറിച്ച ഒരു വലിയ സംഭവവും.

‘All big things come in small packages’ എന്ന് പറയുന്നത് പോലെ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സംഭവം വന്നത് ഒരു ചെറു കത്തിന്റെ രൂപത്തിലാണ്. ‘മലയാള മനോരമ’, ‘ബുക്ക്‌പോസ്റ്റ്‌’ എന്നൊക്കെയെഴുതിയ, നല്ല വാസനയുള്ള, കട്ടി മഞ്ഞ കവര്‍. പുതിയ പേപ്പറിന്റെ കൂടെ സ്റ്റിക്കർ പശയും, ലാമിനേഷനും ഒക്കെ ഒന്നിക്കുമ്പോൾ കിട്ടുന്ന ഒരു പ്രത്യേക വാസന. സ്കൂൾ കുട്ടികളെ മോഹിപ്പിക്കുന്ന ‘സ്റ്റിക്കർ ലേബലിന്റെ’ വാസന.

കോഴിക്കോട്ടെ വീട്ടിലേക്ക് കത്ത് വന്നിരിക്കുന്നത് കോട്ടയത്ത്‌ നിന്നാണ്. ഒരുപക്ഷേ നന്ദഗോപാല്‍ രാജന്‍ എന്ന പേരില്‍ വരുന്ന ആദ്യ കത്തായിരിക്കണം അത്. ആവേശത്തോടെ തുറന്ന്, ഞാന്‍ ആ കവറിലേക്ക് കയ്യിട്ടു. ‘ഒട്ടിപ്പോ’ ആണ് അകത്ത്.

‘ബാലരമ’ വാങ്ങുമ്പോള്‍ സൗജന്യമായി കിട്ടുന്ന ‘നെയിം സ്റ്റിക്കര്‍ ലേബല്‍’ ആണ് ‘ഒട്ടിപ്പോ’. കൂടെ ഒരു കത്തും. തുറന്നപ്പോൾ അത് മലയാളത്തില്‍. ആംഗ്ലോ-ഇന്ത്യൻ സ്കൂളിൽ പഠിക്കുന്ന എട്ടു വയസ്സുകാരന്‍ പെട്ടു. എങ്ങനെയോ ഒരുവിധം വായിച്ചെടുത്തു.

കത്ത് കണ്ടപ്പോള്‍ തന്നെ മനസ്സ് നിറഞ്ഞത്‌ കൊണ്ടാവണം, ഉള്ളടക്കം എന്തായിരുന്നു എന്ന് കൃത്യമായി ഓര്‍മ്മയില്ല. ‘നന്ദു മോൻ’ എന്നായിരുന്നു അഭിസംബോധന. കത്തിന്റെ താഴെ, എന്റെ ഹൃദയത്തിലേക്ക് പതിഞ്ഞ ഒരു കൈയ്യൊപ്പും – എന്ന് സ്വന്തം മായാവി.

Read ALso: ഒരു കാലിക്കുപ്പിയും കുഞ്ഞുലുട്ടാപ്പിയും

തിരിച്ചും മറിച്ചുമൊക്കെയായി ഒരുപാട് തവണ വായിച്ചു ആ കത്ത്. ഓടി നടന്നു എല്ലാവരേയും കാണിച്ചു സന്തോഷിച്ചു. അമ്മയ്ക്ക് മാത്രം, ‘ഇതൊക്കെ എന്ത്?’ എന്ന ഭാവം. മലയാള മനോരമയില്‍ ജോലി ചെയ്തിരുന്ന അമ്മയുടെ അച്ഛന്‍ ടി കെ ജി നായര്‍, ‘മായാവി’ എഴുതിയിരുന്ന മോഹന്‍ സാറുമായി ചേര്‍ന്ന്, കൊച്ചു മകന് വേണ്ടി ഒപ്പിച്ച സൂത്രമായിരുന്നു അത് എന്ന് അമ്മയ്ക്ക് മാത്രം അറിയാമായിരുന്നു.

എന്റെ സൂപ്പര്‍ഹീറോ ആയിരുന്നു അപ്പൂപ്പന്‍. മൂപ്പരേയും കോട്ടയത്തേക്ക് എസ് ടി ഡി വിളിച്ചു പറഞ്ഞു, ‘മായാവിക്കത്ത്’ വന്ന കാര്യം. “നീ മായാവിയുടെ ഫാൻ ആയതു കൊണ്ട് എഴുതി അയച്ചതായിരിക്കും” എന്ന് അങ്ങേത്തലയ്ക്കല്‍ നിന്ന് മറുപടി.

ആ രാത്രി എങ്ങനെയോ വെളുപ്പിച്ചു. അടുത്ത ദിവസം കത്തും കൊണ്ടോടി, സ്കൂളിലേക്ക്. സ്കൂളിലെ അന്നത്തെ ‘ബ്രേക്കിംഗ് ന്യൂസ്’ അതായിരുന്നു. വിക്കാതെ ഒരു വരി പോലും പറയാൻ പറ്റാത്ത നന്ദു, സ്കൂളിൽ അല്ലെങ്കിലേ ‘പോപ്പുലർ’ ആണ്. കത്തും ഒട്ടിപ്പോ ലേബലും കിട്ടിയ കുട്ടി എന്ന നിലയില്‍ അത് വരെ അറിയാത്തവര്‍ക്ക് മുന്നിലും ഞാന്‍ ഒന്ന് കൂടി ‘പോപ്പുലര്‍’ ആയി. മൂന്നാം ക്‌ളാസ്സുകാരന്റെ ‘സ്റ്റോക്ക്’ ഉയര്‍ന്നു, ആത്മവിശ്വാസവും.

അന്നു മുതൽ മായാവിയുടെ ‘കടുകട്ട’ ഫാൻ ആയി മാറി ഞാന്‍. കൂട്ടൂസനേയും ഡാകിനിയേയും കൂടുതൽ വെറുത്തു. പക്ഷേ ലുട്ടാപ്പിയോടൊരു ‘സോഫ്റ്റ് കോർണർ’ തുടര്‍ന്നു. അവനെ വെറുക്കാൻ ബുദ്ധിമുട്ടാണ്, പാവം വികൃതിചെക്കന്‍. മായാവിയും ലുട്ടാപ്പിയും ഇംഗ്ലീഷിലെ കാസ്പെർ കോമിക്സിലെ പോലെ ‘loveable ghosts’ ആണെന്നേ കരുതിയിരുന്നുള്ളു.

ഇരുപതു കൊല്ലങ്ങൾക്കു ശേഷം മോഹൻ സാറിന്റെ മകന്‍ ഗോപുവിന്റെ കൂടെ ഇന്ത്യൻ എക്സ്പ്രസ്സ് പത്രത്തിൽ പണിയെടുത്തപ്പോൾ ആ കത്തിന്റെ കാര്യം വീണ്ടും ഓർമിച്ചു. ഇന്ന് ലുട്ടാപ്പി വാര്‍ത്തകളില്‍ നിറഞ്ഞപ്പോള്‍ വീണ്ടും മോഹന്‍ സാറിനേയും അപ്പൂപ്പനേയും ഓര്‍ത്തു. എട്ടു വയസ്സുകാരന്റെ ജീവിതത്തില്‍ ഒരു ചെറിയ കത്ത് കൊണ്ട്  ഇന്ദ്രജാലം കാട്ടിയ ആ വലിയ സ്നേഹത്തേയും.

അടുത്ത തവണ നാട്ടിൽ പോകുമ്പോൾ ആ കത്ത് കണ്ടു പിടിക്കണം.

Read More: #SaveLuttappi: ലുട്ടാപ്പിയ്ക്ക് ഒന്നൂല്ല: ‘സേവ് ലുട്ടാപ്പി’ തരംഗം ഫലം കാണുന്നു

Get Malayalam News and latest news update from India and around the world. Stay updated with today's latest Features news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ