​തമിഴ്‌നാടിന്‍റെ പെരുംശരീരത്തിൽ തുടിക്കുന്ന ഒരു കുഞ്ഞു ഹൃദയത്തിന്‍റെ ആകൃതിയാണ് മധുരൈ പട്ടണത്തിന്. പതിനാലിൽപ്പരം കോവിലുകളുടെ ശിൽപ്പഭംഗിയുള്ള മേൽക്കൂരകളിൽ കോർത്താണ് മധുരയുടെ ആകാശം വിരിഞ്ഞു കിടക്കുന്നത് . ആ ആകാശത്തിനു കീഴിലിരുന്നാണ് പ്രഭാതങ്ങളിൽ മാത്തൻ തന്രെ ഭാവിയെ കുറിച്ചുള്ള പദ്ധതികൾ നെയ്തിരുന്നത്. അയാൾക്ക് അതല്ലാതെ ചെയ്യാൻ മറ്റൊന്നും ഉണ്ടായിരുന്നില്ല. എല്ലാകാലവും കൂടെയുണ്ടാവും എന്ന് കരുതിയിരുന്ന അപ്പനും, അമ്മയും, കൂടപ്പിറപ്പുകളും ഒടുക്കം ആത്മമിത്രവും വാക്കുതെറ്റിച്ച് പൊടുന്നനെ പിരിഞ്ഞുപോയതിന്‍റെ മുറിവ് അയാളിൽ തിണർത്ത് നീറിക്കിടന്നിരുന്നു. അതുകൊണ്ട് തന്നെ ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകളുടെ ഊർജ്ജം ശ്വസിച്ചു മാത്രമേ അയാൾക്ക് പിരിമുറുക്കം നിറഞ്ഞ തന്‍റെ പകലുകൾ തള്ളിനീക്കാനാവുമായിരുന്നുള്ളു. ആ കാലത്തും അയാൾക്ക് വെറുതെ ഒന്ന് കണ്ണടച്ചാൽ ഉള്ളിൽ തണുപ്പ് നിറച്ചുകൊണ്ട് ഒരു മുഖം തെളിഞ്ഞു വരുമായിരുന്നു. അയാൾ തന്‍റെ ജീവനോളം കരുതലോടെ പ്രണയിക്കുന്ന അപ്പുവിന്‍റെ മുഖം.

മാത്തൻ തന്‍റെ ബാല്യകാലം മുതൽ പതിവുള്ളതാണ്, മുന്നിലേക്ക് തെറിച്ചു നിൽക്കുന്ന നീളൻ പട്ടയുള്ള തൊപ്പി ധരിക്കാൻ. പിന്നീട് അധോലോകവുമായി ബന്ധപ്പെട്ട പ്രവൃത്തികളിൽ ഏർപ്പെടുമ്പോൾ അതൊരു സൗകര്യമായി, പതിയെ തൊപ്പി മുന്നിലേക്ക് വലിച്ചിട്ട് മുഖം മറച്ചുകൊണ്ട് അയാൾക്ക് ആൾക്കൂട്ടത്തിൽ എളുപ്പത്തിൽ അലിഞ്ഞു ചേരാമായിരുന്നു. അതുപോലെ തന്നെ ചെറുപ്പത്തിൽ വീട്ടിലെ ഏറ്റവും ഇളയ കുട്ടിയായിരുന്ന മാത്തനെ കരുതലോടെ അമ്മയോ സഹോദരിമാരോ ശീലിപ്പിച്ചതാവണം ബൂസ്റ്റ് കുടിക്കുന്ന ശീലം. പിന്നീട് പൊടുന്നനെ ജീവിതത്തിൽ വന്നുകയറിയ ഞെട്ടലുകൾ ആ പഴയ കുട്ടിയെ അയാൾക്കുള്ളിൽ വളരാതെ തളച്ചിട്ടിരിക്കണം. നൊടി നേരം കൊണ്ട് മാറി മറിഞ്ഞ ജീവിതഗതി മാത്തന് തന്‍റെ ചെറുപ്പത്തിലെ ശീലങ്ങൾ ഒക്കെ വിട്ട് അനുക്രമമായി ഒരു പൂർണ്ണതയെത്തിയ യുവാവായി വളരാൻ ഒന്നും ഇടകൊടുത്തിരിക്കില്ല. അതുകൊണ്ട് തന്നെ മനസ്സു തുറന്ന് ഇടപഴകുന്നവരിൽ ഒക്കെയും തനിക്ക് നഷ്ടപ്പെട്ട ഉറ്റവരെ കണ്ടെടുക്കാൻ അയാൾ ശ്രമിക്കുന്നുണ്ട്. ഇടപെടലിലെ സ്നേഹം കൊണ്ട് തിരിച്ചറിയാം, ഷാജിയേട്ടൻ അയാൾക്ക് സ്വന്തം ജ്യേഷ്ഠൻ തന്നെയാണ്. കലാലയവർഷങ്ങളിൽ കൂടെ കൂടിയ അപ്പു അയാൾക്ക് ജീവിതവും മരണവും തമ്മിലുള്ള നേർത്ത വരയാണ്. ഓരോ തവണ മരണത്തിന്‍റെ തുമ്പിൽ തൊട്ട് തിരിച്ചു പോരുമ്പോഴും അയാൾ അപ്പുവിനെ ചെന്നു കണ്ട് ജീവിതത്തിലേക്ക് ക്ഷണിക്കുന്നുണ്ട്. എന്നാൽ അപ്പുവിന് അയാളുടെ മുതിർന്ന ശരീരത്തിൽ കുടുങ്ങിപ്പോയ കുട്ടിയെ തീരെ മനസ്സിലായതേയില്ല. അവൾ ഗതികെട്ട് നാടുവിടാൻ ഒരുങ്ങുന്നവന്‍റെ കൂടെ കൂടാനുള്ള ക്ഷണം തന്‍റെ സ്വപ്നങ്ങൾക്ക് മേലുള്ള കടന്നുകയറ്റമായിട്ടാണ് കാണുന്നത്. അവൾക്ക് മാത്തൻ എന്നും “ഇനിയും വിശ്വസിക്കാനായിട്ടില്ലാത്ത വെറും പയ്യൻ” മാത്രമായിരുന്നു.​

ആഷിക്ക് അബു മായാനദിയുടെ കഥ പറഞ്ഞു തുടങ്ങാൻ മധുരൈ പട്ടണം തന്നെ തിരഞ്ഞെടുത്തത് യാദൃശ്ചികമാവില്ല. മധുരൈക്ക് ഏറ്റവും പരിചയമുള്ള ഒരു മിത്തുണ്ട്, കണ്ണകിയുടേയും കോവലന്‍റെയും കഥ. കണ്ണകി, ഇനിയൊരിക്കലും തന്‍റെ ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്ന് കരുതിയ, കോവലനെ കാത്തിരുന്നവളാണ്. ഒടുക്കം അയാളെ തിരിച്ചു കിട്ടുമ്പോൾ പുതിയ ജീവിതം തുടങ്ങാൻ അവർ മധുരയിലേക്ക് കുടിയേറുന്നുണ്ട്. അന്നവർ ഒരുമിച്ചു കടന്ന പ്രതീക്ഷയുടെ മായാനദി വൈഗയാണ്.  മധുരയിൽ വെച്ച് ഒരു തെറ്റിദ്ധാരണയുടെ പുറത്ത് വിചാരണ പോലും കൂടാതെ ഭരണകൂടം കോവലന്‍റെ ശിരസ്സ് അറുക്കുന്നുണ്ട്. എങ്കിലും കോവലൻ മാത്തനോളം നിർഭാഗ്യവാനല്ല. കാവൽക്കാർ പിടിച്ചു കൊണ്ട് പോയ അയാളെ തപ്പിയിറങ്ങാൻ, അയാൾക്ക് കൊലക്കുറ്റം വിധിച്ച ഭരണകൂടത്തിനെ ചോദ്യം ചെയ്യാൻ മാത്രം പ്രണയമുള്ള ഒരുവൾ അയാൾക്കുണ്ടായിരുന്നു. ഒരു വേള അപ്പു പറഞ്ഞത് ആത്മാർത്ഥമായി തന്നെയാവണം, അവളെ സംബന്ധിച്ച് മാത്തൻ ഒരു പൂച്ചയുടെ ജന്മമാണ്. ഇരുട്ടിൽ വഴിയോരത്ത് നിന്നും കളഞ്ഞു കിട്ടുന്ന ഒരു പൂച്ചക്കുട്ടി. രാത്രി തനിച്ചു നടക്കുമ്പോൾ കാലുകൾക്കിടയിലൂടെ നടത്താനും, വീടെത്തുമ്പോൾ പുറത്തുനിർത്തി വാതിൽ അടയ്ക്കാനും, സന്തോഷം വരുമ്പോൾ താലോലിക്കാനും, യാത്രകളിൽ കൂടെ കൂട്ടാനും, അങ്ങനെ എല്ലാ തിരക്കുകളും അവസാനിക്കുന്ന ഒഴിവുവേളകളിൽ മാത്രം എടുത്ത് ഓമനിക്കാൻ കൊള്ളാവുന്ന ഒരു പൂച്ചക്കുട്ടി. അതുകൊണ്ട് തന്നെയാവും എന്തും ചെയ്യാൻ മടിയില്ലാത്ത ഒരുപറ്റം ആയുധധാരികൾ മാത്തനെ തന്‍റെ കണ്മുൻപിൽ വെച്ച് കടത്തികൊണ്ടു പോകുമ്പോഴും “അവൻ മിടുക്കനാണ്, അവനിതൊക്കെ കടന്ന് ഒരിക്കൽ തിരിച്ചു വരും” എന്നൊരു വരി മനസ്സിൽ പറഞ്ഞ് അവനെ തപ്പിയെടുക്കുന്ന ഉത്തരവാദത്തിൽ നിന്നും നൈസായി വഴുതിപോകാൻ അവൾക്ക് കഴിയുന്നത്.

പൊതുവേ ആഷിക്ക് അബുവിന്‍റെ സിനിമകളിൽ കാണാൻ കിട്ടുന്ന ഒരു സുഖമുള്ള കാഴ്ചയാണ് തന്‍റെ ജോലിയെ, ജീവിത ലക്ഷ്യത്തെ പ്രണയിക്കുന്ന സ്ത്രീകൾ. അതിപ്പോൾ ഡബ്ബിങ് ആർട്ടിസ്റ്റ് ആയ മായയാവട്ടെ (സാൾട് ആൻഡ് പെപ്പർ), നഴ്സ് ആയ ടെസ്സയാവട്ടെ (22 ഫീമെയിൽ കോട്ടയം), ഫിസിയോതെറാപ്പിസ്റ്റ് ആയ പദ്മിനിയാവട്ടെ (റാണിപദ്മിനി), തങ്ങളുടെ മേഖലയിൽ പൂർണ്ണ ആത്മവിശ്വാസത്തോടെ കാലുറപ്പിച്ചു നിൽക്കാൻ കെൽപ്പുള്ളവർ തന്നെയാണ്. എന്നാൽ ഇവരിൽ നിന്നും അൽപ്പം വ്യത്യസ്തയാണ് ആത്മവിശാസം കൂട്ടാൻ പതിവായി മോട്ടിവേഷണൽ വിഡിയോ കാണുന്ന, “നെഞ്ചേ എഴ്” എന്നുറക്കെ പാടുന്ന, ഒരവസരത്തിനു വേണ്ടി തനിക്കായി ശുപാർശ ചെയ്ത തന്‍റെ ഉറ്റ കൂട്ടുകാരിയെക്കാൾ മിടുക്കിയാണ് താനെന്ന് പറയാൻ മടിയില്ലാത്ത, സിനിമാ അഭിനയം എന്ന തന്‍റെ ജീവിതലക്ഷ്യത്തെ ഉറച്ച കാൽവെപ്പുകളോടെ പിന്തുടരുന്ന അപ്പു. എന്നാൽ സിനിമാ അഭിനയം എന്നത് ഒരു മുഴുവൻ സമയ പാഷൻ ആയി അപ്പുവിന് കൊണ്ടുനടക്കാൻ കഴിയുന്നത് അവൾക്ക് ലഭിക്കുന്ന പല തരത്തിലുള്ള പ്രിവിലേജുകൾ കൊണ്ട് കൂടിയാണ്. അതുകൊണ്ട് തന്നെ അപ്പു മുന്നോട്ട് വെക്കുന്ന പ്രശ്നങ്ങൾ സമൂഹത്തിൽ ഏറ്റവും പ്രിവിലേജ്ഡ് ആയിട്ടുള്ള സ്ത്രീയ്ക്ക് പോലും നേരിടേണ്ടി വരുന്ന പൊതുവായ പ്രശ്നങ്ങൾ മാത്രമാണ്. അതു കൊണ്ടു തന്നെ സ്ത്രീപക്ഷ വാദത്തിലെ സോഷ്യൽ ക്ലാസ് പരിഗണിക്കാതെയുള്ള ഏറ്റവും ആദിമമായ കാഴ്ചപ്പാട് മാത്രമാണ് മായാനദി ചർച്ചക്കെടുക്കുന്നത് എന്ന് പറയേണ്ടി വരും. അത് തീർച്ചയായും ഈ കലാസൃഷ്ടിയെ സംബന്ധിച്ച് ഒരു പോരായ്മയൊന്നും അല്ല എന്നല്ല അങ്ങനെയൊരു ബാധ്യത ഒരു കലാസൃഷ്ടിയിൽ ആരോപിക്കുന്നതിൽ വലിയ കഥയുണ്ടെന്നും കരുതുന്നില്ല. അതുകൊണ്ടുതന്നെ സ്ത്രീപക്ഷവാദത്തിന്‍റെ വിശാലമായ ചുവരിൽ മായാനദി അടയാളപ്പെടുന്നത് സ്ത്രീയുടെ വീക്ഷണകോണിൽ കഥ പറഞ്ഞു പോകുന്ന ഒരു സിനിമ എന്ന നിലയിലായിരിക്കും.

മലയാളത്തിലെ നവ സിനിമാ സങ്കൽപ്പങ്ങളിൽ ഒഴിച്ചുകൂടാൻ കഴിയാത്തൊരു സംഗതിയാണ് ഭക്ഷണം പാകം ചെയ്യുന്നതിന്‍റെ സൗന്ദര്യത്തിലൂന്നിയ ഷോട്ടുകൾ (ഉദയസൂര്യനു നേരെ പിടിച്ച ഗ്ളാസ്സിൽ വന്നു നിറയുന്ന ബീറ്റ്‌റൂട്ട് നിറമുള്ള കട്ടൻ ചായ), ഭക്ഷണം പാകം ചെയ്യുന്നതിന്‍റെ വിശദമായ വർണ്ണന (ജോവാൻസ്‌ റൈൻബോ കേക്ക്), രുചികളുടെ പരാമർശം/ പരിചയപ്പെടുത്തൽ (റഹ്മത്തിലെ ബിരിയാണി, തട്ടിൽ കൂട്ടിയ ദോശ). അത് പലപ്പോഴും പിന്നീട് മലയാളി പോപ്പുലർ കൾച്ചറിന്‍റെ ഭാഗമായി മാറുകയും ചെയ്യാറുണ്ട് (‘സാൾട് ആൻഡ് പെപ്പറി’ലെ “ബീഫ് ഫ്രൈ തീരുകയോ ?”). എന്നാൽ അത്തരം ജനപ്രിയതയിൽ ഊന്നിയ പതിവ് രീതികളിലും കൃത്യതയോടെ ഇഴ ചേർത്താണ് നാഗരിക ഭക്ഷണ രുചികൾ മായാനദിയിൽ തുന്നി പിടിപ്പിച്ചിരിക്കുന്നത്. മലയോരത്തെ രാത്രി ചായ, ഫലൂദ, ഭക്ഷണ കൗണ്ടറിൽ ബാക്കിയായ അവിഞ്ഞു പോയ ഫ്രൈഡ് റൈസും സല്ലാസും  കനലിൽ വേവുന്ന കോഴിയുടെ മണം ശ്വസിച്ചുകൊണ്ട് അപ്പു ഓർഡർ ചെയ്യുന്ന കുബ്ബൂസും അൽഫാം ചിക്കനും, വഴിയോരക്കടയിലെ ബൂസ്റ്റ്, റെയിൽവേ സ്റ്റേഷനിലെ വട, ഇരുട്ടു വാക്കിനിടയിൽ കൊറിക്കുന്ന കടലമണികൾ, ചിക്കൻ ഹക്കാ നൂഡിൽസ് ഒടുക്കം ക്ലാസ്സിക്ക് മക്ഡൊണാൾഡ്‌സ് ബർഗർ ! അങ്ങനെ മായാനദിയിലെ ഓരോ രുചിയെടുത്തു പരിശോധിച്ചാലും അതിനൊപ്പം ഓരോ കരുത്തുള്ള കഥാ സന്ദർഭവും നമുക്ക് ഓർത്തെടുക്കാൻ കഴിയും. ഇത് തീർച്ചയായും തിരക്കഥയുടെ സ്വാഭാവികമായ ഒഴുക്കിനെയാണ് അടയാളപ്പെടുത്തുന്നത്.

മായാനദി കാലത്തിന്‍റെ രണ്ടു കരകളിൽ ജീവിച്ച ഒരു കൂട്ടം ആളുകളുടെ കഥ പറയുന്നു. ഒരു കരയിൽ ഏറ്റവും സ്നേഹത്തോടെ ജീവിച്ചിരുന്നവർ മറുകരയിൽ വേദന ശ്വസിച്ചു ഏകാകികളായി കഴിയുന്നതിന്‍റെ സട്ടിൽ ആയിട്ടുള്ള അടയാളപ്പെടുത്തലാണ് മായാനദി. മായാനദി അതിന്‍റെ പൂർണ്ണതയിൽ സംസാരിക്കുന്നത് ഒരു കൂട്ടം മനുഷ്യരുടെ അനാഥത്വത്തെ കുറിച്ച് മാത്രമാണ്. അപ്പുവിന് ഏകാന്തതയും കാത്തിരിപ്പും ഒക്കെ അവളുടെ തീരുമാനത്തിന്‍റെ സ്വാഭാവികമായ പരിണാമം മാത്രമാണ്. എന്നാൽ ഗൗരവമുള്ള, ഒട്ടുമേ കാൽപ്പനികമല്ലാത്ത, ഗതികേട് കൊണ്ട് മാത്രം ഒറ്റപ്പെട്ടു പോകുന്ന ഒരു പിടി മനുഷ്യരിലാണ് മായാനദിയുടെ ആത്മാവ് ഒളിച്ചിരിക്കുന്നത്. ഉറക്കം കിട്ടാൻ ഒറ്റയ്ക്ക് ലോ ഫ്ലോർ ബസ്സിൽ യാത്ര ചെയ്യുന്ന മാത്തനും, തനിയെ ഗർഭകാലം കഴിക്കേണ്ടി വരുന്ന അപ്പുവിന്‍റെ റൂംമേറ്റും, ഭാര്യ നഷ്ടപ്പെട്ടുപോയ ആ മുതിർന്ന ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനും, അകാലത്തിൽ മരിച്ചു പോകുന്ന ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ മൈക്കിളിന്‍റെ വിധവയും ഒക്കെ ഭൂതകാലത്തിന്‍റെ മറുകരയിൽ സനാഥരായിരുന്നു. അവർ വർത്തമാനകാലത്തിൻ്റെ ഇക്കരയിൽ എത്തുമ്പോൾ പക്ഷെ പല നിലകൾ ഉള്ള ഏകാന്തതയുടെ ഇരകളായി മാറുന്നുണ്ട്. സത്യത്തിൽ നഷ്ടപ്രണയത്തിന്‍റെ കാല്പനികമായ ഭൂതകാല കണ്ണുനീരിലും പൊള്ളിക്കുന്നുണ്ട് അനാഥത്വത്തിന്‍റെ ഈ വർത്തമാനനിശ്വാസങ്ങൾ. അതുകൊണ്ടു തന്നെ എനിക്ക് മായാനദിയെന്നാൽ കാൽ നനച്ചു പോകുന്ന പ്രണയത്തിന്‍റെ കുളിരൊഴുക്കല്ല മറിച്ച് ഒരിക്കൽ മുങ്ങിയാൽ കരകയറാൻ സാധിക്കാത്ത ഒറ്റപ്പെടലിന്‍റെ, അതിവിഷാദത്തിന്‍റെ കൊതിപ്പിക്കുന്ന നിശ്ചലതയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ