പൊതുസമൂഹത്തിനു സ്വീകാര്യമായതോ അല്ലാത്തതോ ആയ ബന്ധങ്ങൾ, അതിലെ തികഞ്ഞ ജനാധിപത്യ വിരുദ്ധത, ആണധികാരത്തിന്‍റെ മാനിഫെസ്റ്റേഷൻ, ഇതൊക്കെയും തിരിച്ചറിയാനോ അഡ്രസ് ചെയ്യാനോ ഉള്ള ബുദ്ധിമുട്ട് എന്നൊന്നുണ്ട്. ചിലപ്പോഴൊക്കെ അത് മനസ്സിലാകുമ്പോഴും ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണ്; കാരണം ക്ഷതമേൽക്കുന്നത് ആത്മാഭിമാനത്തിനാണ്, തെറ്റാണെന്നു തെളിയുന്നത് ചില വിശ്വാസങ്ങളാണ്. ബന്ധങ്ങളിൽ അവൾ ‘മറ്റൊരാൾ’ മാത്രമാകുമ്പോള്‍,  അവ്യക്തതയുള്ള ബന്ധങ്ങൾ പലർക്കും കയറിയിറങ്ങിപ്പോയി ഭാഗ്യം പരീക്ഷിക്കാനുള്ള പഴുതാകുമ്പോള്‍, മാറി നിൽക്കാൻ വയ്യാത്ത വിധം അവരെ നിങ്ങൾ വൈകാരിക പ്രതിസന്ധിയിലാക്കുമ്പോളൊക്കെ നടക്കുന്നത്…

A thinking woman sleeps with monsters. The beak that grips her, she becomes.
-Adrienne Rich

കണ്ടതിനപ്പുറത്തേക്ക് എന്തോ ഒന്ന്, സ്ത്രീകൾക്ക് മാത്രം പറയാൻ കഴിയുന്ന എന്തോ ഒന്ന് അന്വേഷിച്ച് കൊണ്ടിരിക്കെ കണ്ട സിനിമയാണ് മാർത്താ മീസാറോഷിന്‍റെ ‘നയൻ മന്ത്‌സ്’ (ഒൻപത് മാസങ്ങൾ). തൊണ്ണൂറ്റിമൂന്ന് മിനിട്ട് ദൈർഘ്യമുള്ള ഹങ്കേറിയൻ സ്ത്രീപക്ഷ സിനിമ. എവിടെയും ഏറ്റക്കുറച്ചിലുകളില്ലാതെ പാകതയോടെ ചെയ്തെടുത്ത ഒന്ന്.

നഗരത്തിലെ ഫാക്ടറിയിൽ പുതുതായി ജോലിക്കെത്തിയതാണ് ജൂലി. മാനേജർക്ക് അവളുടെ മേലൊരു കണ്ണുണ്ട്. അയാൾ സുന്ദരനാണ്. അവൾ ആവശ്യത്തിൽ കൂടുതൽ ഗൗരവമുള്ള, അധികമൊന്നും ചിരിക്കാത്ത ഒരു ശരാശരി പെൺകുട്ടി മാത്രമാണ്. സാധാരണ ഗതിയിൽ അത്രക്ക് ആകർഷണം തോന്നിക്കാത്ത ഒരുവൾ. അയാൾ അവളുടെ പുറകെ ആണ്; പ്രണയമാണ് വിഷയം. അവൾക്ക് അതിലൊരു താൽപര്യവുമില്ല എന്നു വ്യക്തമാണ്. അയാൾ നിർബന്ധബുദ്ധിയുള്ളവനാണ്. സാവകാശത്തിൽ ജൂലി അയാൾക്കൊപ്പം സമയം ചെലവഴിക്കാൻ തയ്യാറാവുന്നു; വിവാഹം, പ്രണയം എന്നീ വിഷയങ്ങളിൽ സംസാരമുണ്ടാകില്ല എന്നൊരു നിബന്ധനയിൽ. അയാൾ അതിൽ ഉറപ്പു കൊടുക്കുന്നൊന്നുമില്ല. അയാളുടെ വിവാഹാഭ്യർത്ഥന അവൾ നിരന്തരം നിരസിക്കുന്നു; “നമ്മളാദ്യം പരസ്പരം മനസ്സിലാക്കേണ്ടിയിരിക്കുന്നു”! ഫാക്ടറി തൊഴിലാളികൾ സ്വാഭാവികമായും അവളെ തേവിടിശ്ശി എന്നു വിളിക്കുന്നു. അവളുടെ വേതന വർദ്ധനവിനെ, അവകാശം എന്നതിലുപരി മാനേജരുടെ ഔദാര്യമായാണവർ കാണുന്നത്. സ്വന്തം സമൂഹത്തിലേക്കല്ലേ തിരിഞ്ഞു നോക്കുന്നത് എന്ന് ഒരു നിമിഷത്തേക്ക് അത്ഭുതം തോന്നി. ഈസ്റ്റേൺ ബ്ളോക് രാജ്യത്തെക്കുറിച്ച് എനിക്കൊരല്പം കാൽപനിക സ്വപ്‌നങ്ങൾ ഉണ്ടായിരുന്നത് കൊണ്ടാവണം. കമ്മ്യൂണിസ്റ്റ് ഹംഗറിയും ക്യൂബയും പോളണ്ടുമൊന്നും വ്യത്യസ്തമല്ലെന്ന് മനസ്സിലാക്കാൻ സമയമെടുത്തു.

തങ്ങളെ അവരിലേക്ക് അടിച്ചേല്പിക്കുന്ന ഒരു പ്രവണത കണ്ടിട്ടുണ്ട്, പല ആണുങ്ങളിലും. ഞങ്ങൾക്ക് നിങ്ങളെ മനസ്സിലാവുന്നുണ്ടെന്ന് ഭാവിച്ച്, നിങ്ങളെന്‍റെ ആവശ്യമാണെന്ന് പറഞ്ഞ് അവരങ്ങനെ പെണ്ണുങ്ങളുടെ ജീവിതത്തിലേക്ക് കയറിപ്പറ്റുന്നു, അധികാരം സ്ഥാപിക്കുന്നു. അവർക്കു തങ്ങളോട് വിധേയത്വം ഉണ്ടാക്കി എടുക്കും വരെ മാത്രമാണത്. വൈകാരികമായ ഒരു ആശ്രിതത്വം അവർക്കുണ്ടെന്ന് തോന്നുമ്പോള്‍ മുതൽ ഉടമസ്ഥത സ്ഥാപിക്കുന്നു. യാനോഷും ഒട്ടും വ്യത്യസ്തനല്ല. അയാൾക്ക് കൃത്യമായി അയാളെ പ്ലെയ്സ് ചെയ്യാനറിയാം. പക്ഷേ, ജൂലിയും ഒരു കാൽപനികയായ പെൺകുട്ടിയൊന്നുമല്ല; അവൾക്ക് സ്വാതന്ത്ര്യബോധമുണ്ട്. ഈ സാധ്യതകളെക്കുറിച്ചും അറിയാമായിരുന്നുവെന്ന് തോന്നുന്നു. ഒരിക്കലും അമിത പ്രതീക്ഷയോ സന്തോഷമോ അവൾക്കില്ല. അയാളാണ് ബന്ധത്തിന് മുൻകൈയ്യെടുക്കുന്നതെങ്കിൽ ആദ്യമായി ലൈംഗികബന്ധത്തിന് മുൻകൈയ്യെടുക്കുന്നത് അവളാണ്. അയാൾക്ക് ആദ്യം അത് ഉൾക്കൊള്ളാൻ പ്രയാസമുണ്ട്. അത് എവിടെ നിന്നാണ് വരുന്നത് എന്ന വ്യക്തമാകുന്നത്, പിന്നീടവർക്കിടയിലെ ഒരു സംഭാഷണത്തിൽ നിന്നാണ്. വിവാഹത്തിന് നിര്ബന്ധിക്കുമ്പോള്‍ അവൾ പരസ്പരം മനസ്സിലാകേണ്ടതിനെക്കുറിച്ച് പറയുന്നു, “അതെങ്ങനെയാണ് നീ സാധിക്കാൻ പോകുന്നത്, കൂടെക്കിടന്നോ? ” യാനോഷ് ചോദിക്കുന്നു. കടുത്ത യാഥാസ്ഥിതികനാണയാൾ.

ജൂലിയെ പിന്തുടർന്ന് അവൾക്ക് ഒരു മകൻ ഉണ്ടെന്ന് അയാൾ കണ്ടുപിടിക്കുന്നു. ഒരു മൂന്നാംകിട കാമുകനെപ്പോലെ അയാൾ മദ്യപിച്ച് ബോധമറ്റ് അതിനോട് പ്രതികരിക്കുന്നു. പാസ്സീവ് അഗ്രെഷൻ ആണ് യാനോഷിന്‍റെയും വജ്രായുധം. ജൂലിക്ക് വിവാഹിതനായ അവളുടെ കാമുകനുമായുണ്ടായ പ്രണയബന്ധത്തിലുള്ളതാണ് മകൻ. “അവനെ ഞാൻ തന്നെയാണ് വളർത്തുന്നത്. അവൻ അമ്മയോടൊപ്പം വീട്ടിൽ കഴിയുന്നു. ഞാൻ അഗ്രിക്കൾച്ചറിന് കറസ്പോണ്ടൻസായി പഠിക്കുന്നുമുണ്ട്.” അവൾ വിശദീകരിക്കുന്നു. ഇതിനകം അവർ തമ്മിൽ വൈകാരികമായി അടുക്കുകയും പിരിയുക എളുപ്പമല്ലെന്ന് അവർക്ക് തോന്നുകയും ചെയ്യുകയാണ്. അയാൾക്ക് ഒരു കുടുംബവും സ്വന്തമായി പണിതീരാറായ വീടുമുണ്ടെന്ന് മാത്രമാണ് അയാൾ പറഞ്ഞിട്ടുള്ളത്. എന്നാൽ വിവാഹിതനും ഭാര്യ ഉപേക്ഷിച്ചതാണെന്നും മുതൽ അയാളെപ്പറ്റി ഓരോ ചെറിയ കാര്യവും അവൾ തിരിച്ചും അന്വേഷിച്ച് കണ്ടെത്തുന്നുണ്ട്. കാണുന്നതിനേക്കാൾ മിടുക്കിയാണവൾ.

nine months,martha mesaros,film,shini j.k

അവൾക്കു കുഞ്ഞിനോടുള്ള അടുപ്പത്തിൽ തുടങ്ങി, അവളുടെ ജോലി, വിദ്യാഭ്യാസം എല്ലാത്തിലും അയാൾക്ക് എതിരഭിപ്രായങ്ങളുണ്ട്. ലൈംഗികതയുടെ കാര്യത്തിൽ അയാളത് തന്‍റെ അധികാരമായി കാണുന്നു. വിവാഹത്തിലും പ്രണയത്തിലും ബലാത്സംഗം നടക്കുന്നു എന്നത് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളവർ യാനോഷിനെ കണ്ടാൽ മതി. “you use me like an animal ” എന്നവൾ ഒരിക്കലയാളോട് പറയുന്നുണ്ട്. മനം മടുപ്പിക്കുന്നതെന്തെന്നാൽ, അവളയാൾക്ക് വഴങ്ങിക്കൊടുക്കുന്നതാണ്. അവൾക്കു തോന്നിയ ഒരു പ്രണയം പോലുമല്ല അയാൾ. മറിച്ച് യാനോഷ് അയാളെ ജൂലിയിലേക്ക് അടിച്ചേൽപ്പിച്ചതാണ്. എങ്കിലും മദ്യപിച്ച് ബോധമറ്റ, അവളെ കടന്നാക്രമിച്ച, വൈകാരിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന അയാളെ അവൾ ചേർത്ത് പിടിക്കുന്നു, ഒരു കൊച്ചു കുഞ്ഞിനെ എന്ന മട്ടിൽ പരിചരിക്കുന്നു, അയാളുടെ വാശികൾ പരിഗണിക്കുന്നു; അവൾക്കിതിന്‍റെ ഒന്നും ആവശ്യമില്ലെങ്കിൽ പോലും! സ്വയം പര്യാപ്തരായ പല സ്ത്രീകളും ചെന്ന് പെടുന്ന വൈകാരികതയുടെ കുരുക്കാണത്. അവരുടെ യുക്തിക്കറിയാം അതിന്‍റെ അപകടം! എങ്കിലും…

വിവാഹം ചെയ്ത്, ജോലി ഉപേക്ഷിച്ച് നല്ല വീട്ടുകാരിയായി അവൾ ജീവിക്കണമെന്നാണ് യാനോഷിന്. ഇതിനിടെ ജൂലി ഗർഭിണിയാകുന്നു. അവളോട് ജോലി നിർത്താനാണ് അയാൾ ആവശ്യപ്പെടുന്നത്. അവസാനത്തെ പരീക്ഷ എഴുതേണ്ടാ എന്ന് പറയുന്നുണ്ടെങ്കിലും അവൾ കേൾക്കാൻ തയ്യാറല്ല. ജൂലിക്ക് ഉയർന്ന മാർക്കുണ്ട്, ആ പരീക്ഷയിൽ. ആദ്യത്തെ കുഞ്ഞിന്‍റെ അച്ഛനായ കാമുകനും യാനോഷുമായി അവളൊരു കൂടിക്കാഴ്ച ഒരുക്കുന്നു. പൂർവ്വകാമുകൻ താരതമ്യേന ശാന്തനാണ്, സ്നേഹമുണ്ട്, കുഞ്ഞിന് ചെലവിന് കൊടുക്കുന്നുണ്ട്. എങ്കിലും അവൾ അയാളുടെ ജീവിതത്തിലെ ‘മറ്റവൾ’ മാത്രമാണെന്ന് കണ്ടാലറിയാം. യാനോഷ് കുപിതനാണ്. എന്നോടൊന്നു ചോദിച്ചിട്ടാവാമായിരുന്നു ഈ കൂടിക്കാഴ്ചയെന്നയാൾ പറയുന്നു. അവൾക്ക് അതേക്കുറിച്ചോ, രണ്ടു കാമുകന്മാർക്കുണ്ടാകുന്ന അസ്വസ്ഥതകളെക്കുറിച്ചോ ആവലാതിയോ കുറ്റബോധമോ ഇല്ല. യാനോഷിതുവരെ അവളുടെ ആദ്യത്തെ മകനെക്കുറിച്ച് അയാളുടെ വീട്ടുകാരെ അറിയിച്ചിട്ടില്ല. കള്ളം പറയാനോ മറച്ചു വയ്ക്കനോ ഇനി അവൾ തയ്യാറല്ല. അയാൾ വിമുഖത കാണിക്കുമ്പോള്‍ അവൾ അയാളുടെ വീട്ടുകാരെ വിളിച്ച് തന്‍റെ ആദ്യ ബന്ധത്തെക്കുറിച്ചും മകനെക്കുറിച്ചും പറയുന്നു. അയാളുടെ ബന്ധുക്കൾ അവളുടെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുകയാണ്. മകനെ ബുദ്ധിപൂർവ്വം മുതലെടുക്കുന്നു എന്നാണ് യാനോഷിന്‍റെ അമ്മയുടെ ആരോപണം. അയാൾ അവരെ വീട്ടിൽ നിന്നിറക്കി വിടുന്നു, അവളെയും.

ജൂലി വീണ്ടും അവളുടെ ഒറ്റയ്ക്കുള്ള ജീവിതത്തിലേക്ക് തിരിച്ചു നടക്കുകയാണ്. യാനോഷ് അന്വേഷിക്കുന്നുണ്ടെങ്കിലും കണ്ടെത്താനാകുന്നില്ല. അവൾ ഒരു കൂൺ തോട്ടത്തിൽ ജോലിയിൽ പ്രവേശിക്കുന്നു. ഇനിയങ്ങോട്ട് അവളുടെ ജീവിതം ഒറ്റയ്ക്കുള്ളതാണ്. വളരെക്കുറച്ച് സമയമേ ഉള്ളുവെങ്കിലും അവളുടെ ആ ഏകാന്തത നമുക്കും ദുസ്സഹമാണ്. അവളുടെ കുഞ്ഞിന്‍റെ ജനനത്തോടെയാണ് ‘നയൻ മന്തസ്’ അവസാനിക്കുന്നത്. പ്രസവവേദന മുതൽ കുഞ്ഞ് പുറത്ത് വരുന്നത് വരെയുള്ള നിമിഷങ്ങൾ! ലില്ലി മോനോറി എന്ന നടിയുടെ പ്രസവം യഥാർത്ഥത്തിൽ ചിത്രീകരിച്ചതാണിത്.

nine months,martha mesaros,film,shini j.k

ജൂലി മുന്നോട്ട് നടക്കാനും ജീവിക്കാനും കെല്പുള്ളവളാണ്. അവൾ ഈ കുഞ്ഞുങ്ങളെയും വളർത്തും, അതിജീവിക്കും. ഒഴിവാക്കാമായിരുന്ന ഒരു ദുരന്തമായിരുന്നു ജൂലിയുടെ ജീവിതത്തിൽ യാനോഷ് എന്ന് തോന്നിയിട്ടുണ്ട്. എന്നാൽ സ്ത്രീകൾ ഇങ്ങനെയുമാണ്. ഇത്തരം ബന്ധങ്ങളിൽ ഉണ്ടാകുന്ന കുഞ്ഞുങ്ങളെയും അവർ ചേർത്തുപിടിക്കുകയും സ്നേഹിക്കുകയും വളർത്തുകയും ചെയ്യും, അവർ പ്രായമാകും വരെ. കാരണം അവർക്കത് അവരുടെ കുഞ്ഞുങ്ങളാണ്. അപ്പുറത്ത് ആരുണ്ട്, ആരില്ല എന്നത് പലപ്പോഴും അപ്രസക്തമാണ്. എന്നാൽ കുഞ്ഞുങ്ങളോടൊപ്പം ഈ പെണ്ണുങ്ങളും വളരുന്നുണ്ട്. അവർ ഒരു ദുരന്തത്തോടെ അവസാനിക്കുന്നവരല്ല. വീണ്ടും ആൾക്കാരെ സ്നേഹിക്കാനും ചേർത്തുപിടിക്കാനും അവർ കാണിക്കുന്ന അപാരമായ ധൈര്യം!

ഇന്റിമേറ്റ് പാർട്ണറുടെ അബ്യൂസിനെ ഒരു സ്ത്രീ അഭിമുഖീകരിക്കുമ്പോൾ ഉള്ള ഒരു വ്യക്തത കൂടിയുണ്ട് ‘നയൻ മന്ത്സി’ന്. രണ്ടുതരം ബന്ധങ്ങളിലെ, താരതമ്യേന അക്‌നോളജ്‌ ചെയ്യപ്പെടുന്ന ഒന്നിലെയും, മറിച്ച് അക്‌നോളജ്‌ ചെയ്യപ്പെടാത്ത വിവാഹിതനായ പൂർവ്വ കാമുകനുമായുള്ള ബന്ധത്തിലെയും അബ്യൂസും ചൂഷണവും ഒരു പോലെ അപകടകരമാണ്, സാധാരണവും.

Read More: ഭൂപടങ്ങളിൽ സ്ഥാനമില്ലാത്തവർ, വൻകരകൾ കണ്ടെത്തുന്നവർ 

പൊതുസമൂഹത്തിനു സ്വീകാര്യമായതോ അല്ലാത്തതോ ആയ ബന്ധങ്ങൾ, അതിലെ തികഞ്ഞ ജനാധിപത്യ വിരുദ്ധത, ആണധികാരത്തിന്‍റെ മാനിഫെസ്റ്റേഷൻ, ഇതൊക്കെയും തിരിച്ചറിയാനോ അഡ്രസ് ചെയ്യാനോ ഉള്ള ബുദ്ധിമുട്ട് എന്നൊന്നുണ്ട്. ചിലപ്പോഴൊക്കെ അത് മനസ്സിലാകുമ്പോഴും ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണ്; കാരണം ക്ഷതമേൽക്കുന്നത് ആത്മാഭിമാനത്തിനാണ്, തെറ്റാണെന്നു തെളിയുന്നത് ചില വിശ്വാസങ്ങളാണ്. ബന്ധങ്ങളിൽ അവൾ ‘മറ്റൊരാൾ’ മാത്രമാകുമ്പോള്‍, അവ്യക്തതയുള്ള ബന്ധങ്ങൾ പലർക്കും കയറിയിറങ്ങിപ്പോയി ഭാഗ്യം പരീക്ഷിക്കാനുള്ള പഴുതാകുമ്പോള്‍, മാറി നില്ക്കാൻ വയ്യാത്ത വിധം അവരെ നിങ്ങൾ വൈകാരിക പ്രതിസന്ധിയിലാക്കുമ്പോള്‍ ഒക്കെ നടക്കുന്നത് അബ്യുസ് തന്നെയാണ്. പറഞ്ഞു വരുന്നത് പൊതുസമൂഹത്തിന്‍റെ സ്വീകാര്യതയെക്കുറിച്ചല്ല. ആണുങ്ങൾ പൊതുവിൽ സ്വീകാര്യമായ കുടുംബ ജീവിതം നിലനിർത്തുകയും, സമാന്തരമായി പരീക്ഷണാടിസ്ഥാനത്തിൽ അക്‌നോളജ്‌ ചെയ്യേണ്ടതില്ലാത്ത ബന്ധങ്ങൾ കൊണ്ടുപോകുകയും ചെയ്യുന്പോഴുള്ള നീതിയില്ലായ്മയെപ്പറ്റി. അതിൽ ആണുങ്ങളനുഭവിക്കുന്ന വല്ലാത്തൊരു സ്വാതന്ത്ര്യമുണ്ട്. സ്വതന്ത്രരായ സ്ത്രീകളുമായുള്ള ബന്ധങ്ങളിൽ കാണിക്കാവുന്ന ഉത്തരവാദിത്തമില്ലായ്മയുടെ സൗകര്യം. അവർക്കു വേണ്ടി കാത്തിരിക്കേണ്ടതിന്‍റെയോ, അവരുടെ തെറ്റുന്ന മെൻസ്ട്രൽ സൈക്കിളിന്‍റെയോ, പ്രഗ്നൻസി കിറ്റിലെ സ്ട്രിപ്പിന്‍റെ നിറം മാറ്റത്തിന്‍റെയോ, മനം മടുപ്പിക്കുന്ന ആശുപത്രി മുറികളുടെയോ ആകുലതയും ബുദ്ധിമുട്ടും ഒരിക്കലും അനുഭവിക്കേണ്ടി വരാത്തതിന്‍റെ സൗകര്യം. പക്ഷേ, അവനവനോട് തോന്നുന്ന അവജ്ഞയെക്കാൾ ആ പെണ്ണുങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നത് നിങ്ങളുടെ ‘മറ്റവളി’ലേക്ക് അവരുടെ ഐഡന്റിറ്റിയെ ചുരുക്കുന്നതായിരിക്കും. ആശുപത്രി വാസം കഴിഞ്ഞ്, കൂൺ ഫാക്ടറിയിലെ ജോലിയിലൂടെ എന്നത്തേയും പോലെ സ്വയം പര്യാപ്തയായി ജൂലി വീണ്ടും ദൃശ്യതയിലേക്കു വന്നെന്നിരിക്കാം, അല്ലാതെയുമാവാം. അവളുടെ ജീവിതത്തിന്‍റെ വേഗം എന്താണെന്ന് തീരുമാനിക്കുന്നത് അവളാണ്. അവളുടെ ദൃശ്യതയിലും അദൃശ്യതയിലും ആണധികാരലോകത്ത് നിന്നുളള കടന്നു കയറ്റത്തെ പ്രതിരോധിക്കുന്ന, അത്രയൊന്നും സാധാരണയല്ലാത്ത, ആത്മാഭിമാനമുള്ള പെണ്ണാണ് ജൂലി എന്നുള്ളതാണ് സന്തോഷം!

nine months,martha mesaros,film,shini j.k

വളരെ സാധാരണമായ ഒരു സിനിമയാണ് ‘നയൻ മന്ത്സ്’. നമ്മളിൽ പലരുടെയും ജീവിതം പോലെ. പക്ഷെ, അത് ചെയ്യുന്നതിൽ മീസാറോഷ് കാണിച്ച കയ്യടക്കം! ഒതുക്കമുള്ള ഫ്രയിമുകളാണ് ആദ്യാവസാനം. ക്ളോസപ്പുകൾ കൃത്യമായി ഉപയോഗിച്ചിട്ടുണ്ടിതിൽ. ജൂലിയുടെ മുഖവും അംഗചലനങ്ങളുമൊന്നും വളരെയധികം സോഫിസ്റ്റിക്കേറ്റഡ് അല്ല. എന്നാൽ അവളുടെ കൂസലില്ലായ്മ പ്രകടമാണ്. അവൾക്ക് സുഖമില്ലെന്നല്ല, അതുപോലെ അമിത പ്രതീക്ഷയും സന്തോഷവുമില്ല. പ്രായത്തിന്റേതായ പാകതയുണ്ടവൾക്ക്. എന്നെ ഭയപ്പെടുത്തിയത്, പ്രായം അവളിലും, അവളുടെ ശരീരത്തിലുമുണ്ടാക്കിയ ഒരു തരം ഇമ്മൊബിലിറ്റി ആണ്. അത് അത്രയ്ക്കൊന്നും ഫിസിക്കൽ അല്ല. മകനെയും ചക്രവണ്ടിയിൽ ഇരുത്തി വലിച്ച് കൊണ്ട് അവൾ ഓടുന്നുണ്ട്. അവനു ഇനിയും വേഗം വേണം. അവൾ പരമാവധി പരിശ്രമിക്കുന്നുണ്ട്; ഇത്രയേ പറ്റൂ എന്ന് പറയുന്നുണ്ടെങ്കിൽ പോലും. അപ്പോൾ മാത്രമാണ് അവളിൽ വിടർന്ന ഒരു ചിരി കാണുന്നത്. അല്ലാത്തപ്പോഴെല്ലാം ഈ സ്ത്രീകളുടെ ജീവിതം എത്ര പതുക്കെയാണ്? എന്താണ് അധികം ‘ഹാപ്പനിങ്സ്’ ഒന്നും അതിലില്ലാത്തത്? അവർ അതുമായി എത്ര വേഗമാണ് സമരസപ്പെട്ടു പോകുന്നത്? സംവേദനക്ഷമത കൂടുതലുള്ളത് കൊണ്ടാകും ജീവിതത്തിന്‍റെ വേഗം അവർക്ക് എളുപ്പം മനസ്സിലാകുന്നത്. സമയം തങ്ങളുടെ ജീവിതത്തിൽ പ്രവർത്തിക്കും പോലെ അവരും ജീവിതത്തെ ക്രമപ്പെടുത്തുന്നു. ഇതിന്‍റെ രസമെന്താണെന്ന് വച്ചാൽ മാർത്ത മീസാറോഷിന്‍റെ ടൈം സെൻസ് ഇതിനു ചേരുന്നതാണ്. കഥ നടക്കുന്ന സ്ഥലത്തിന്‍റെ ഭൂമിശാസ്ത്രവുമതെ.

nine months,martha mesaros,film,shini j.k

ഫാക്ടറിയിൽ തുടങ്ങുന്ന കഥ, പ്രണയകാലത്ത് കുന്നിൻ മുകളിലേക്കെത്തുന്നു. പിന്നീടങ്ങോട്ട് എല്ലാം മുറികൾക്കുള്ളിലാണ്. വീട്, ക്ലാസ്സ്മുറി, ഹോട്ടൽ, അപ്പാർട്ട്മെന്റ്, ആശുപത്രി… കുടുംബിനിയായി സ്ത്രീയുടെ ചതുരക്കൂടുകൾ മാർത്തയ്ക്ക് കൃത്യമായി അറിയാം. പഴയ 1.37:1 ആസ്പെക്ട് റേഷ്യോയുടെ സാധ്യതകൾ ആവശ്യപ്പെടുന്ന തരം നരേറ്റീവുകളുണ്ട്. അത്തരം ഒന്നാണിതും. 35mm ഫിലിമിലാണിത് ഷൂട്ട് ചെയ്തിരിക്കുന്നത്. ഫിലിമിന്‍റെ സൗന്ദര്യശാസ്ത്രം, നരച്ച നിറങ്ങൾ ഇതൊക്കെ ചേർത്തതാണ് മീസാറോഷ് ജൂലിയുടെ ജീവിതം കെട്ടിപ്പൊക്കിയത്. ഒരു സ്ത്രീപക്ഷ സിനിമ എന്ന നിലയിൽ മാത്രം കാണേണ്ടതല്ല ‘നയൻ മന്തസ്’. അങ്ങനെയെങ്കിൽ ഒട്ടനവധി രാഷ്ട്രീയ സിനിമകൾ വന്നിരുന്ന കാലഘട്ടമായിരുന്നു ഹംഗറിക്കത്; യാങ്‌ചോയും സാബോയുമൊക്കെ അന്നവർക്കുണ്ടായിരുന്നു. എന്നിട്ടും എന്തുകൊണ്ട് മാർത്താ മീസാറോഷ് ? സ്വയം വൈകാരികമായി ഡിറ്റാച്ചു ചെയ്തുകൊണ്ട് ഒരു സ്ത്രീ, ഇത്രയേറെ കൃത്യതയുള്ള – നിലപാടുകളിലും സൗന്ദര്യശാസ്ത്രപരമായും – സിനിമ ചെയ്തു എന്നുള്ളതുകൊണ്ടാണത്.

Read More: അനിവാര്യമായ ഏകാന്തതകളുടെ പഗോഡ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook