scorecardresearch

സ്വർഗത്തിലും നരകത്തിലും രണ്ട് സമയാർദ്ധങ്ങൾ

ഒരുവശത്ത് ആർപ്പുവിളികൾ, മറുപാതിയിൽ പരിഹാസത്തിന്രെ കല്ലേറുകൾ, ഫുട്ബോൾ ജീവിതം പോലെയല്ല; ജീവിതത്തേക്കാൾ ജീവിതമാണ് ചിത്രകാരനും സാഹിത്യകാരനുമായ ലേഖകൻ എഴുതുന്നു ജയകൃഷ്ണൻ

fifa under 17 world cup, kochi, fifa, ns madhavan,

കളിയെഴുത്തും കഥയെഴുത്തും തമ്മിലുള്ള രസതന്ത്രമെന്താവാം? നമ്മുടെ കൊച്ചിയിലും ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ നടക്കുമ്പോൾ ഈ ചിന്തയും കടന്നു വരുന്നു. ഈ രണ്ടെഴുത്തുകളിലും സ്വന്തം കാൽപ്പാടുകൾ പതിപ്പിച്ച രണ്ടു പേർ നമുക്കുമുണ്ട്. കളി നിരൂപകനും ‘സുൽത്താൻ വീട്’ എന്ന മനോഹരമായ നോവെലെഴുതിയയാളുമായ മുഷ്‌താഖ് എന്ന പി.എ മുഹമ്മദ് കോയയും ഗോൾവലയം കാക്കുന്നവന്റെ ഭ്രമകല്പനകൾ മലയാളിയുടെ മനസ്സിൽ ‘ഹിഗ്വിറ്റ’യിലൂടെ വരച്ചിട്ട എൻ.എസ്.മാധവനും.

Read More: ഫുട്‌ബോൾ, മലബാറിന്രെ ആത്മാവ്

അതുപോലെ 1982ൽ സ്പെയിനിൽ വെച്ച് നടന്ന ലോകകപ്പ് ഫുട്ബോൾ മത്സരം റിപ്പോർട്ട് ചെയ്യാനെത്തിയവർക്കിടയിൽ ഒരു വിശ്വസാഹിത്യകാരനുമുണ്ടായിരുന്നു. മറ്റാരുമല്ല, സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ മാരിയോ വാർഗാസ് യോസയായിരുന്നു അത്. El Pais പത്രത്തിനു വേണ്ടി എഴുതിയ ആ കളിവിവരണങ്ങളും അദ്ദേഹത്തിന്റെ കഥകൾ പോലെ തന്നെ ത്രസിപ്പിക്കുന്നവായിരുന്നു.

യോസയുടെ അഭിപ്രായത്തിൽ ഫുട്‌ബോൾ എന്നത് ഒരു യുട്ടോപ്യൻ ദർശനമാണ്. ജനങ്ങൾക്ക് നിയമവാഴ്ചയോടും, സമത്വത്തോടും സ്വാതന്ത്ര്യത്തോടുമുള്ള അഭിവാഞ്ഛ വെളിപ്പെടുന്ന ഒരിടം. അവിടെ കൃത്യമായതും എല്ലാവർക്കും മനസ്സിലാകുന്നതുമായ നിയമങ്ങളുണ്ട്. അത് തെറ്റിക്കുന്നവൻ ആരായാലും അവൻ ഉടനടി ശിക്ഷിക്കപ്പെടും കളിക്കാരൻ എത്ര കേമനാകട്ടെ, നിർണ്ണായകമായ ഒരു കളിയിൽ പിഴവു പറ്റിയാൽ തീർന്നു അവന്റെ കാര്യം. എല്ലാവരാലും അവൻ കൂവിവിളിക്കപ്പെടും, നിഷ്ക്കാസിതനാക്കപ്പെടും. നേരെ മറിച്ച് ആരും അത്രമേൽ ശ്രദ്ധിക്കാത്ത ഒരുവനായിരിക്കും ചിലപ്പോൾ മിശിഹായായി അവതരിക്കുക. ടീമിന്റെ മാത്രമല്ല, രാഷ്ട്രത്തിന്റെ പോലും രക്ഷകനായി അവൻ വാഴ്ത്തപ്പെടും. കാണികളാകട്ടെ, ഫുട്ബോളിൽ അവർ ജീവിക്കുന്ന നിയമരഹിതവും അരാജകവുമായ ചുറ്റുപാടുകൾ മറന്ന്, സ്വാതന്ത്ര്യവും സമത്വവും നിറഞ്ഞ ലോകത്തെ സ്വപ്നം കാണുക കൂടിയാണ് ചെയ്യുന്നത്.
fifa world cup, fifa under 17 world cup, kochi, jayakrishnan, kerala foot ball,,
ഫുട്ബോളിന്റെ രാഷ്ട്രീയമാനങ്ങൾ ഏറെ വലുതാണ്. അർജന്റീന മറഡോണയുടെ ‘ദൈവത്തിന്റെ കൈകളാൽ’ ഇംഗ്ലണ്ടിനെ തോൽപ്പിക്കുമ്പോൾ ഫോക്ക് ലാന്റ് (La Islas Malvinnas) യുദ്ധത്തിൽ ഇംഗ്ലണ്ടിൽ നിന്നു നേരിട്ട പരാജയത്തിനു പകരം വീട്ടുകയാണെന്ന് അർജന്റീനക്കാർ അഭിമാനിക്കുന്നു – അവരോടൊപ്പം നമ്മൾ മൂന്നാംലോകക്കാരും.

മറഡോണയോടുള്ള ആരാധനയെ യോസ മറ്റൊരു വിധത്തിലാണ് കാണുന്നത്: “ഒരു ഫുട്ബോൾ കളിക്കാരനെ ആരാധിക്കുകയെന്നത് ശുദ്ധകവിതയെയോ,അമൂർത്തചിത്രകലയെയോ ഇഷ്ടപ്പെടുന്നതുപോലെയാണ്. കളിയഴകിനെ മാത്രമാണ് നാം ആരാധിക്കുന്നത്. യുക്തികൊണ്ട് വേർതിരിക്കേണ്ട ഒന്നുംതന്നെ അതിലില്ല.”

ഫുട്ബോളിനെപ്പറ്റി അല്പം കൂടി കടന്ന ഒരു നിരീക്ഷണം കൂടി ലോസ നടത്തുന്നുണ്ട്: ഗോൾ എന്നത് ഒരു രതിമൂർഛയാണ്; അതിലൂടെ കളിക്കാരൻ, ടീം, സ്റ്റേഡിയം, രാഷ്ട്രം, മനുഷ്യരാശി മുഴുവനും അതിന്റെ ജൈവശക്തി പുറത്തേക്ക് സ്ഖലിപ്പിക്കുന്നു.

ഫുട്ബോൾ എന്ന ആനന്ദത്തെക്കുറിച്ചാണ് യോസ എഴുതുന്നത്. എന്നാൽ നരകത്തിന്റെ പ്രതിരൂപം കൂടിയാണ് ചിലപ്പോൾ ഈ കളി. ആ നരകചിത്രമാണ് നരകത്തിൽ രണ്ട് അർദ്ധ സമയങ്ങൾ (Two Half Times in Hell, 1962) എന്ന സിനിമയിൽ ഹംഗേറിയൻ സംവിധായകനായ സൊൾട്ടൻ ഫാബ്രി (Zoltan Fabri) വരച്ചു വെക്കുന്നത്. ഇവിടെ ഫുട്ബോൾ ജീവിതത്തിന്റെ മാത്രമല്ല മരണത്തിന്റെയും നാനാർത്ഥമാകുന്നു.

രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികളുടെ തടവുകാരായ ഒരു കൂട്ടം ഹംഗറിക്കാരുടെ ലേബർ ക്യാമ്പിലാണ് കഥ നടക്കുന്നത്. ഹിറ്റ്‌ലറുടെ ജന്മദിനം വന്നുചേരുന്നു; നാസികൾക്ക് അത് ആഘോഷിക്കണം.അതിനവർ കണ്ടു പിടിക്കുന്ന വഴി ഫുട്ബോളാണ് – നാസികളും ഹംഗേറിയൻ തടവുകാരും തമ്മിലുള്ള ഒരു ഫുട്ബോൾ മത്സരം.

fifa, fifa under 17 world cup, football, ns madhavan,

ലേബർ ക്യാമ്പിൽ ഹംഗറിക്കു വേണ്ടി അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുള്ള ഒരു കളിക്കാരനുണ്ടായിരുന്നു. ദിയോ എന്നു വിളിക്കപ്പെടുന്ന ഒനോദി. അയാളോട് ഒരു ടീമുണ്ടാക്കാൻ നാസികൾ ആവശ്യപ്പെടുന്നു എല്ലും തോലുമായ തടവുകാരെ വെച്ച് ഫുട്ബോൾ ടീമുണ്ടാക്കാനാവില്ലെന്ന് ദിയോ തീർത്തു പറഞ്ഞു. കഠിനമായ ജോലിയിൽ നിന്നുള്ള മോചനം, കളി പരിശീലിക്കാനുള്ള സൗകര്യം, എല്ലാത്തിനുമുപരി ആവശ്യത്തിനു ഭക്ഷണം – ഇതൊക്കെയായിരുന്നു അയാളുടെ നിബന്ധനകൾ. മറ്റൊരു വഴിയുമല്ലാത്തതിനാൽ നാസികൾക്കത് സമ്മതിക്കേണ്ടി വന്നു.

കളിക്കാർക്ക് കിട്ടുന്ന സൗകര്യങ്ങൾ കേട്ടറിഞ്ഞ് തടവുകാർ ദിയോക്ക് ചുറ്റും കൂടി. എല്ലാവർക്കും ടീമിലിടം കിട്ടണം -ടൈഫോയ്ഡ് പിടിച്ച് കിടപ്പിലായവനു പോലും. പക്ഷേ, ഫുട്ബോൾ വിശുദ്ധമായ ഒന്നാണ് എന്ന് വിശ്വസിക്കുന്ന ദിയോ കളി മികവ് നോക്കി മാത്രമാണ് കളിക്കാരെ തിരഞ്ഞെടുത്തത്.

പരിശീലനം തുടങ്ങി. തടവിൽ നിന്ന് രക്ഷപ്പെടാൻ ഈ അവസരം വിനിയോഗിക്കണമെന്ന മറ്റ് കളിക്കാരുടെ ആഗ്രഹത്തിന് ദിയോക്ക് വഴങ്ങേണ്ടി വന്നു. അങ്ങനെ ഒരു ദിവസം കാവൽക്കാരനെ അടിച്ചു വീഴ്ത്തിയിട്ട് അവർ രക്ഷപ്പെടുന്നു.

പക്ഷേ, മറ്റൊന്നായിരുന്നു അവരുടെ വിധി. രണ്ടാമത്തെ രാത്രി തന്നെ നാസികൾ അവരെ പിടികൂടി. കളിക്കാൻ തയ്യാറായില്ലെങ്കിൽ ഉടനടി വെടിവെച്ച് കൊല്ലുമെന്ന് നാസി പട്ടാളക്യാപ്റ്റൻ അവരെ ഭീഷണിപ്പെടുത്തുന്നു

സുസജ്ജരായ ജർമ്മൻ നാസി പട്ടാള ടീമുമായി കളിക്കാൻ അങ്ങനെ അവർ കളത്തിലിറങ്ങി. മരണത്തിന്റെ നിഴലിൽനിന്നുകൊണ്ട് അവരെങ്ങനെ കളിക്കാനാണ്? കളി കഴിഞ്ഞാലുടൻ വധിക്കപ്പെടുമെന്ന് അവർക്കറിയാം. കുറച്ചു സമയംകൊണ്ട് ജർമ്മൻകാർ മൂന്നു ഗോളിന് മുന്നിലെത്തി. ദിയോ പന്ത് തൊടുന്നതേയില്ല… പക്ഷേ, കുറച്ചു കഴിഞ്ഞപ്പോൾ നാസികളുടെ ആഹ്ളാദാരവവും ഹംഗേറിയൻ തടവുകാരുടെ പരിഹാസവും അയാളുടെ ആത്മാഭിമാനത്തെ ഉണർത്തി. മിനുട്ടുകൾക്കകം രണ്ട് ഗോളുകൾ അയാൾ ജർമ്മൻ വലക്കകത്തിട്ടു.

ടീമിലെ ഒരേയൊരു ജൂതനായ സ്റ്റെയ്നറെ ജർമൻകാർ ഫൗൾ ചെയ്ത് വീഴ്ത്തിയതിനു കിട്ടിയ പെനാൽട്ടി ദിയോ അടിക്കാൻ തുടങ്ങുമ്പോഴായിരുന്നു റഷ്യൻ പോർവിമാനങ്ങൾ അവർക്കു മുകളിലൂടെ വട്ടമിട്ടു പറന്നത്.

തടവുകാരും നാസികളും അവയുടെ കണ്ണിൽപ്പെടാതിരിക്കാൻ നിലം പറ്റിക്കിടന്നു. അവർക്കിടയിലൂടെ പട്ടാളക്യാപ്റ്റൻ ദിയോയുടെ അടുത്തേക്ക് ഇഴഞ്ഞെത്തി. പന്ത് പോസ്റ്റിലേക്കടിക്കരുതെന്നും ഗോളാക്കാതെ തോറ്റു തന്നാൽ താനവരെ രക്ഷിക്കാമെന്നും അയാൾ പറഞ്ഞു. പക്ഷേ, ഫുട്ബോൾ വിശുദ്ധമായ ഒന്നാണ്. കളി വീണ്ടും തുടങ്ങിയപ്പോൾ ദിയോ തൊടുത്തുവിട്ട പെനാൽറ്റികിക്ക് പിന്നെയും നാസികളുടെ വലകുലുക്കി. ഇപ്പോൾ സമനിലയിലാണ് മത്സരം.

nazi, football, kerala, fifa uner 17 football, fifa world cup,

നാസികളുടെ വെറുപ്പ് അതിരു കടക്കുന്നതിനിടയിൽ ഹംഗറിക്കാർ ഒരു ഗോൾ കൂടിയടിച്ച് മുന്നിലെത്തുന്നു. കോപംകൊണ്ട് മതിമറന്ന നാസി കമാണ്ടർ ആദ്യം ജൂതനായ സ്റ്റെയ്നറെയും തുടർന്ന് മറ്റുകളിക്കാരെയും വെടിവെച്ചു വീഴ്ത്തുമ്പോൾ സിനിമ അവസാനിക്കുന്നു.

ഫുട്ബോൾ ജീവിതം പോലെയാണ് – ആക്രമിച്ചു കയറി ഗോളടിക്കുന്നവന്റെ ആഹ്ലാദം, തോൽക്കുന്നവന്റെ മുഖം മറയ്ക്കുന്ന ദുഃഖം; ഒരു വശത്ത് ആർപ്പുവിളികൾ, മറു പാതിയിൽ പരിഹാസത്തിന്റെ കല്ലേറുകൾ; കൂടെയുള്ളവർ ചെയ്ത തെറ്റിന് *പെനാൽട്ടി കാത്തു നിൽക്കുന്ന ഗോളിയുടെ ഏകാന്തമായ ഉദ്വേഗം…
ഫുട്ബോൾ ജീവിതം പോലെയല്ല; ജീവിതത്തേക്കാൾ ജീവിതമാണ്.

* The Goalie’s Anxiety at the Penalty Kick – ഓസ്ട്രിയൻ എഴുത്തുകാരൻ പേറ്റർ ഹൻഡ്കെയുടെ പ്രശസ്തമായ നോവൽ

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Mario vargas llosa peter handke zoltan fabri jayakrishnan

Best of Express