ഗുരുവിനെ കണ്ടത് മുതൽ ഗുരു സമാധിയാകുന്നത് വരെ ഉള്ള ഓരോ ദിവസവും അന്യാദൃശമായ അനുഭവമായിരുന്നു.

മൂന്ന് വയസ്സിൽ എന്‍റെ മകൾ ഗുരുവിന് എഴുതിയ കത്തിൽ​ ചോദിക്കുകയുണ്ടായി- ‘നിത്യചൈതന്യയതി എന്ന് പേരിട്ടാൽ സ്വാമിയുടെ അമ്മ സ്വാമിയെ എന്താണ് വിളിക്കുക? എന്തിനാ ഇത്രയും വല്യ പേര് ?,’ അത് വായിച്ച ഗുരുവിന്‍റെ ചിരിയാണ് ഇന്നും നിലാവായും വെയിലായും പരക്കുന്നതെന്ന് എനിക്ക് തോന്നാറുണ്ട്.

ഗുരുവിനെ ആദ്യം ഞാൻ നിത്യൻ എന്നും പിന്നീട് കുറെ കാലം ‘N ‘ എന്നും ‘Teddy Bear’ എന്നും ‘അയ്യനെ’ എന്നും സംബോധന ചെയ്ത ശേഷമാണ് ‘ഗുരു’വിൽ എത്തി ചേർന്നത്. മേൽ പറഞ്ഞ എല്ലാ സംബോധനകൾക്കും അദ്ദേഹം ഒരേ ഭാവത്തിലാണ്, ഒരേ സ്നേഹത്തിലാണ് പ്രതികരിച്ചത്.

നാരായണ ഗുരുകുലത്തിന്‍റെ അധിപതി എങ്ങിനെയൊക്കെ ആയിരിക്കുമെന്ന് അറിയാത്ത കാലത്താണ് ഗുരു ഓരോ തവണ തിരുവനന്തപുരത്ത് വരുമ്പോഴും എന്‍റെ വീട്ടിൽ വന്നു പോയിരുന്നത്. എല്ലായ്‌പോഴും ഞാൻ അദ്ദേഹത്തിന് പച്ച വെള്ളം മാത്രം കുടിക്കാൻ കൊടുത്തു. കൂടെ ആരെയും കൊണ്ട് വരരുത്, കാറുകളുടെ അകമ്പടി ഉണ്ടാവരുത്, സായിപ്പൻമാരെ കൊണ്ട് വരരുത് – അവരുടെ ഇംഗ്ലീഷ് എനിക്ക് മനസ്സിലാവുകയില്ല എന്നിങ്ങനെ ഞാൻ ഓരോ നിബന്ധനകൾ വെച്ചത് എത്രയോ എളിമയോടെ അംഗീകരിച്ച അദ്ദേഹം ‘വയസ്സായില്ലേ, ഒരാളെങ്കിലും കൈ പിടിക്കാതെ ഒതുക്കുകൾ കയറാൻ വയ്യ’ എന്ന് വളരെ വിനീതമായി പറഞ്ഞത് ഓർമ വരുന്നു. ‘എങ്കിൽ, പീറ്റർ ഓപ്പൺ ഹെയ്മർ വേണ്ടാ, ദൂരദർശനിലെ സേതു മച്ചാട് മതി,’ എന്ന് ഞാൻ ശാഠ്യം പിടിച്ചപ്പോൾ ഗുരു പഠിപ്പിച്ചു ‘ഞാൻ ഒരു പൂന്തോട്ടത്തിൽ പോയാൽ താമരയേക്കാൾ നല്ലതാണ് റോസ് എന്ന് പറയാറില്ല.’

എന്‍റെ മനസ്സിലെ താരതമ്യങ്ങൾ അസ്തമിച്ച നിമിഷമായിരുന്നു അത്. ഈ പ്രപഞ്ചത്തിലെ എല്ലാത്തിനും അതിന്‍റെ തനിമയും ഭംഗിയും ഉണ്ടെന്ന് വെളിപ്പെട്ടു കിട്ടിയ നിമിഷം. അത്യധികം ലാളിച്ചു വഷളാക്കപ്പെട്ട അദ്ദേഹത്തിന്‍റെ കുഞ്ഞായിരുന്നു ഞാൻ.

ashitha writes about yati

ഗുരു നിത്യചൈതന്യ യതി: ഫൊട്ടോ. ദത്തൻ പുനലൂർ

പരിചയപ്പെട്ട് കുറെ കഴിഞ്ഞപ്പോഴാണ് അദ്ദേഹം ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയും ആണെന്ന് ഞാൻ കേട്ടത്. അന്നത്തെ എന്‍റെ അതിശയം ഇന്നും ഓർമ്മയിലുണ്ട്. ഞാൻ അദ്ദേഹത്തോട് സധൈര്യം ചോദിച്ചു, ‘ഇങ്ങനെ ആൾക്കാർ പറയുന്നുണ്ടല്ലോ. പിന്നെന്തു കൊണ്ടാണ് എന്നോട് ദേഷ്യപ്പെടാത്തത് ?’ അതിനദ്ദേഹം പറഞ്ഞ മറുപടി, ‘തല കടിച്ചു വലിച്ചിഴക്കിലും കലരാ ക്രുദ്ധത സ്വപുത്രരിൽ,’ എന്നാണ്. അദ്ദേഹത്തിന്‍റെ കോപം ഞാൻ അറിഞ്ഞിട്ടില്ല എന്നല്ല.

പിൽക്കാലത്ത് ഗുരുവിന്‍റെ ചീത്ത കേൾക്കാനുള്ള ഭാഗ്യവും ഉണ്ടായി. ഒരു കാലത്ത് അദ്ദേഹത്തെ ഉപേക്ഷിച്ചു ഇറങ്ങി പോകുകയും രണ്ടാഴ്ചക്ക് ശേഷം ‘എന്ത് കൊണ്ട് ഇറങ്ങി പോയി ? എന്തിനാണ് തിരിച്ചു വന്നത് ? ചോദിക്കരുത്,’ എന്ന് പറഞ്ഞു കൊണ്ട് കയറി ചെന്നപ്പോൾ ആ നിബന്ധനയും അദ്ദേഹം വളരെ സ്നേഹത്തോടെ അംഗീകരിച്ചു. ഇറങ്ങി പോകുമ്പോഴും തിരിച്ചു ചെല്ലുമ്പോഴും അദ്ദേഹം എന്റേതല്ല എന്നെനിക്ക് തോന്നിയതേ ഇല്ല.

നാരായണ ഗുരുകുലത്തിന്‍റെ അധിപതി ആയിരുന്നിട്ടും അദ്ദേഹം തന്‍റെ അടുത്ത് വരുന്ന ഓരോ ശിഷ്യനും അവർക്കാവശ്യമുള്ളതാണ് നൽകിയിരുന്നത്.

എന്നെ ശ്രീരാമകൃഷ്ണപരമഹംസരുമായി പരിചയപെടുത്തിയാണ് ശിക്ഷണം തുടങ്ങിയത്. പഠിപ്പിക്കുകയാണ് എന്നറിയിക്കാതെയാണ് എന്നെ അവസാനം വരെ അദ്ദേഹം വാർത്തെടുത്തത്. കുശവന്‍റെ കയ്യിലെ കളിമണ്ണ് പോലെ ആയിരുന്നു ഞാൻ. അത്യധികമായ ലാവണ്യവും ആത്മീയതയുടെ നിറവും ഉള്ള കാലഘട്ടം. ഇന്നും അത് അഭംഗുരം തുടരുന്നു.

ഭഗവദ് ഗീത, ഭൃഹദാരണ്യക ഉപനിഷദ്, ദൈവദശകം എന്നിവയിലൂടെ ഉള്ള തീർത്ഥയാത്രകൾ, ധ്യാനത്തിലുള്ള ശിക്ഷണം, ധ്യാനത്തിലെ ഓരോ പടിയും കയറുന്നത് ഫേൺഹില്ലിൽ ഇരുന്ന് വീക്ഷിച്ചിരുന്നത് ഒക്കെ ഓർമ വരുന്നു. അദ്ദേഹം കേവലം ഒരു പണ്ഡിതനും പ്രഗത്ഭനായ നിരൂപകനും വിജ്ഞാനിയും മാത്രമായിരുന്നു എന്ന് ശഠിക്കുന്നവരുണ്ട്. ഇതിനെല്ലാം പുറമെ, അദ്ദേഹം ഒരു യോഗിയായിരുന്നു എന്നത് ആവശ്യപ്പെടാതെ തന്നെ വെളിപ്പെടുത്തിത്തന്ന അനുഭവസാക്ഷ്യമുണ്ട് എനിക്ക്.

അദ്ദേഹം തന്ന ചില വിശിഷ്ട സമ്മാനങ്ങളുണ്ട് എന്‍റെ കൈവശം. അതിലൊന്നാണ് ധ്യാനം ശീലിപ്പിക്കാൻ അദ്ദേഹം പ്രാണപ്രതിഷ്ഠ നടത്തി കയ്യിലേൽപിച്ച ക്രിസ്റ്റൽ.

ഗുരു നിത്യ ചൈതന്യ യതി അഷിതയ്ക്ക് നൽകിയ ക്രിസ്റ്റൽ

അത് തരുമ്പോൾ അദ്ദേഹം പറഞ്ഞു, ‘അതിനോട് കളിക്കാൻ നിൽക്കരുത്. അങ്ങോട്ട് എന്ത് കാണിച്ചുവോ അതാണ് തിരിച്ചും കിട്ടുക.’ എന്നിട്ടും ഞാൻ അതിനോട് കളിച്ചു നോക്കിയിട്ടുണ്ട്, ശരിക്കും കിട്ടിയിട്ടുമുണ്ട്.

ഇങ്ങനെ ഗുരുവിന്‍റെ വാക്കുകളെ ഓരോ തവണ പരീക്ഷിക്കുമ്പോഴും ഞാൻ തന്നെയാണ് പരീക്ഷിക്കപ്പെട്ടത്. സമാധിയാകുന്നതിന് മുൻപ് അദ്ദേഹം ഒരു തുളസിക്കതിർ എനിക്ക് സമ്മാനിക്കുകയുണ്ടായി. അതോടൊപ്പം വെച്ച കത്തിൽ ഇങ്ങനെ സ്വന്തം കൈപ്പടയിൽ കുറിച്ചിരുന്നു.

നിത്യചൈതന്യയതി നൽകിയ കത്തും തുളസിക്കതിരും

അദ്ദേഹം പോയിട്ട് ഏതാണ്ട് ഇരുപതു വർഷമാകാറായി. ഇന്നും ആ തുളസി കതിർ അദ്ദേഹം എങ്ങനെ തന്നോ അത് പോലെ ഇരിക്കുന്നുണ്ട്.

അപ്പോഴും ഇപ്പോഴുമായി എണ്ണമറ്റ പുസ്തകങ്ങളാണ് ഗുരു എനിക്ക് സമ്മാനിച്ചിട്ടുള്ളത്. അദ്ദേഹം സമ്മാനിച്ച പുസ്തകങ്ങൾ പലതും കൊണ്ട് തരുന്ന വേളയിൽ ഇതെന്തിനാണ് എനിക്ക് എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട് . കാരണം ഭക്തിയോ വിഭക്തിയോ ഇല്ലാത്ത ആളാണ് ഞാൻ. ഒരു സന്യാസിയെ കണ്ടു മുട്ടുമെന്നോ ജീവിതം 360 ഡിഗ്രി തിരിയുമെന്നോ ഒട്ടും വിചാരിക്കാത്ത ഒരാൾ. പക്ഷേ ആ പുസ്‌തകങ്ങളെ സംബന്ധിച്ചു ഒരു അത്ഭുത രഹസ്യമുണ്ട്.

അദ്ദേഹം സമാധി ആയതിനു ശേഷം ജീവിതത്തിന്‍റെ ഓരോ ഘട്ടം താണ്ടുമ്പോളും അതിനാവശ്യമായ പുസ്തകം ഒരു മനഃശാസ്ത്രജ്ഞന്‍റെ ചാരുതയോടെ അദ്ദേഹം ഒരുക്കി വച്ചതു കണ്ടു ഞാൻ വിസ്മയിച്ചിട്ടുണ്ട്. പുസ്തകങ്ങളിലൂടെ അദ്ദേഹവുമായുള്ള സംവാദങ്ങൾ നിരന്തരം തുടർന്ന് പോന്നു.

എപ്പോഴും വാത്സല്യ നിധിയായ ഒരു ഗുരു മാത്രമായിരുന്നില്ല അദ്ദേഹം. സാധാരണക്കാർ ദേഷ്യപ്പെടുന്ന കാര്യത്തിനൊന്നും അദ്ദേഹം ദേഷ്യപ്പെടുന്നത് കണ്ടിട്ടില്ല. അപ്രതീക്ഷിതമായ ചില കാര്യങ്ങൾക്കാണ്‌ ആ കോപം പുറത്തു വരിക. അദ്ദേഹത്തിന്‍റെ കോപത്തിന്‍റെ രുചി ഞാനും അറിഞ്ഞിട്ടുണ്ട്. ഒരു ഗുരുവിന്‍റെ ദേഷ്യത്തിന് പാത്രീഭൂതയാകുക എന്നത് ഭാഗ്യമാണെന്ന് ശക്രാനന്ദ സ്വാമിയാണ് എന്നെ പഠിപ്പിച്ചത്.

അദ്ദേഹത്തിന്‍റെ കോപത്തെ കുറിച്ച് ഞാൻ വഴക്കിട്ടപ്പോൾ ഗുരു പറഞ്ഞത് ‘Temper’ എന്നത് ഒരു ടൂൾ മാത്രമാണ്. എന്‍റെ മുന്നിൽ നിൽക്കുന്ന ആൾക്ക് എന്തെങ്കിലും ഗുണമുണ്ടാകുമെങ്കിൽ പൊടിയിൽ കിടന്നുരുളാനും ഞാൻ തയ്യാറാണ്. ഇതാണ് ഗുരുവിൽ നിന്ന് ഞാൻ പഠിച്ച ഏറ്റവും വലിയ പാഠം.

അതിന്‍റെ പേരിൽ എത്രയോ കല്ലേറുകളും മുറിവുകളും പിണക്കങ്ങളും ഞാൻ എടുത്തിരിക്കുന്നു! ഓരോ തവണയും ഗുരു എന്നേക്കാൾ ഇതൊക്കെ എടുത്തിട്ടുണ്ടാകുമല്ലോ എന്ന സമാധാനത്തിലാണ് ഞാൻ അവയെ അതിജീവിച്ചത്. ഇങ്ങനെ എന്‍റെ സങ്കടങ്ങൾക്കും നിശബ്ദമായ യാതനകൾക്കും മേൽക്കൂരയായി ഗുരു വർത്തിക്കുന്നു. അത് ജന്മാന്തരങ്ങളിലൂടെയുള്ള ഒരു ഗാഢമായ ബന്ധമാണ്, പുണ്യമാണ്.

അദ്ദേഹത്തിനോട് തർക്കിക്കുകയും തോൽക്കുകയും വല്ലപ്പോഴുമൊരിക്കെ ജയിക്കാൻ അനുവദിക്കപ്പെടുകയും ചെയ്യുമ്പോഴൊക്കെയും ആ നിസ്സീമമായ കരുണയുടെ പ്രവാഹം ഞാൻ അറിഞ്ഞിട്ടുണ്ട്. ഒരിക്കൽ പോർട്‌ലാൻഡിലോ മറ്റോ ക്ലാസ് കേട്ടിരുന്ന ‘ഒരു പെണ്ണ് ഗർഭിണിയായി, അവളുടെ കുഞ്ഞിന് കവി എന്ന് പേരിട്ടു’ എന്ന് എഴുതിയപ്പോൾ ഞാൻ ഫെമിനിസത്തിന്‍റെ കടുപ്പത്തിൽ ചോദിച്ചു, ‘അതെന്താ ഗുരു സ്‌ത്രീകളെക്കുറിച്ചു പറയുമ്പോൾ ‘പെണ്ണ് ‘ എന്ന് വിലകേടായി പറയുന്നത് ?’

അതിനദ്ദേഹം തന്ന മറുപടി ഇന്നെന്നെ ചിരിപ്പിക്കുന്നുണ്ട്, ‘എനിക്ക് നാടൻ ഭാഷയാണ് പ്രിയം. സ്ത്രീ എന്ന് പറയുകയില്ല, പെണ്ണ് എന്നേ പറയൂ. വസ്ത്രം എന്ന് പറയുകയില്ല, കുപ്പായം എന്നേ പറയൂ. വെറുതെ വഴക്കിനു നിൽക്കണ്ട, അഷിത എന്‍റെ കണ്ണിൽ വെറുമൊരു കൊച്ചു പെണ്ണാണ്.’

മറ്റൊരവസരത്തിൽ അദ്ദേഹത്തിന്‍റെ ‘റിജെക്ഷൻ’ എന്ന് തോന്നിയ സന്ദർഭത്തിൽ ഞാൻ എഴുതി, ‘ You may be a popular Guru, but not a proper Guru.’

കരുണാർദ്രമായ മൗനമായിരുന്നു അതിനുള്ള മറുപടി. അദ്ദേഹം എത്ര പോപ്പുലർ ആയിരുന്നുവോ അതിലധികം പ്രോപ്പർ ആയിരുന്നുവെന്ന് ഇപ്പോഴും അറിഞ്ഞു കൊണ്ടേയിരിക്കുന്നു.

ഗുരുവിന്‍റെ സമാധിയോടടുത്ത ദിവസങ്ങൾ വളരെ രസകരമായിരുന്നു. സ്ട്രോക്ക് കഴിഞ്ഞ് ഫേൺഹില്ലിൽ ഫിസിയോതെറാപ്പിക്ക് വിധേയനായിരിക്കേ ദിവസവും കത്തുകൾ അയച്ചിരുന്നു. അതിലേറ്റവും അത്ഭുതം, സ്വാമി ത്യാഗീശ്വരൻ ചൂണ്ടിക്കാണിച്ച പോലെ, ഞാൻ ചോദിക്കാൻ വെച്ച ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് നിത്യവും കത്തുകളായി വന്നിരുന്നത്. ‘ചോദിക്കുന്നതിന് മുൻപ് മറുപടി ലഭിച്ച ഭാഗ്യവതി’ എന്ന് സ്വാമി ത്യാഗീശ്വരൻ പിന്നീട് ചിരിച്ചു കൊണ്ട് പറയുകയുണ്ടായി.

അപ്പോഴാണ് ഞാൻ അതിനെ കുറിച്ച് ബോധവതിയായത്. വിളിക്കാൻ ആൾ വരുന്നത് വരെ ഇരിക്കണം, സ്വന്തം ഇഷ്ടപ്രകാരം പോകരുത് എന്ന് ഒരു ഉറപ്പ് ഗുരു എന്‍റെ കയ്യിൽ നിന്ന് മേടിച്ചത് ആ ഇടയ്ക്കാണ്. വിളിക്കാൻ ആൾ വരുമോ എന്ന് ഞാൻ ചോദിച്ചു. വരുമെന്ന് മറുപടി.എങ്കിൽ ഗുരു തന്നെ വരണം എന്ന് ഞാൻ വാശി പിടിച്ചു. അത് വേണ്ട നമുക്ക് ഒരുമിച്ച് പോകാമെന്നായി അദ്ദേഹം.

ഇത്തരം കാര്യങ്ങളെക്കുറിച്ച് വലിയ അറിവോ ജിജ്ഞാസയോ ഇല്ലാതിരുന്ന ഞാൻ ഇതൊരു തമാശയായിട്ടാണ് കണ്ടത്. അത് കൊണ്ട് ഇടയ്ക്കിടയ്ക്ക് ഫോൺ വിളിച്ച് ഗുരുവിനോട് ചോദിക്കും, ‘നമുക്കിന്ന് പോകാമോ. എന്‍റെ രാവിലത്തെ വെപ്പൊക്കെ ഒതുങ്ങി. പണിയെല്ലാം തീർത്തു.’ അപ്പോൾ ഗുരു പറയും ‘എനിക്ക് സൗകര്യമായില്ല.’ അതിനു ഞാൻ പൊട്ടിച്ചിരിക്കും.

അങ്ങിനെ പറഞ്ഞു പറഞ്ഞ് ഒരു ദിവസം അതികാലത്ത് അദ്ദേഹം എന്നെ ഫോണിൽ വിളിച്ചു. ഫോൺ എടുത്തപ്പോൾ തന്നെ ഞാൻ ചോദിച്ചു, ‘പോവുകയാണ് അല്ലേ ? ‘

ഗുരു എഴുതേണ്ട പുസ്തകങ്ങളുടെയും അത് അടിപ്പിക്കേണ്ടതിന്‍റെയും കാര്യങ്ങൾ പറഞ്ഞു തന്നു. എന്‍റെ കയ്യിൽ അന്ന് പുസ്തകമടിപ്പിക്കാൻ ഒരു പൈസ പോലുമില്ലായിരുന്നു.

എന്‍റെ മൗനം കണ്ട് ഗുരു പറഞ്ഞു, ‘പേടിക്കണ്ട, ആൾക്കാർ വരിയായി നിന്നു വാങ്ങിച്ചു കൊള്ളും.’ അങ്ങിനെ ആണ് ‘റൂമി പറഞ്ഞ കഥകൾ’ ഇറങ്ങിയത്. വലിയ പരസ്യമോ ആർഭാടങ്ങളോ ഇല്ലാതെ അതിന്നും വിറ്റു പോകുന്നുണ്ട്.

narayana gurukulam

നാരായണഗുരുകുലം

എല്ലാം പറഞ്ഞേല്പിച്ച ശേഷം ഗുരു ഏറെ നേരം ഫോണിന്‍റെ അങ്ങേ തലയ്ക്കൽ മൗനമായി നിന്നു. ആ മൗനം ഏറ്റുവാങ്ങിക്കൊണ്ട് ഇങ്ങേ തലയ്ക്കൽ ഞാനും. ഒരു ഗുരുവിന്‌ ശിഷ്യർക്ക് നൽകാവുന്ന ഏറ്റവും വലിയ നിധി മൗനമാണത്രെ. അന്ന് വൈകുന്നേരം അഞ്ചു മണിയോടെ അദ്ദേഹം സമാധിയായി. സമാധിക്ക് ശേഷം ഞാൻ ഫേൺഹില്ലിൽ പോയില്ല. സമാധി മന്ദിരം ഇത് വരെ കണ്ടിട്ടുമില്ല.

സമാധിക്ക് ശേഷം ഒരു ദിവസം സ്വപ്നത്തിൽ അദ്ദേഹത്തെ കണ്ടു. സ്വപ്നത്തിൽ ഞാൻ ചോദിക്കുകയാണ് ‘എന്താ എനിക്കിപ്പോ കത്തയക്കാത്തത് ?’ അദ്ദേഹം പറഞ്ഞു ‘ഞാൻ സമാധിയായില്ലേ ?’ അപ്പോൾ ഞാൻ പറയുകയാണ് ‘ആര് പറഞ്ഞു? ഞാൻ കണ്ടില്ലല്ലോ ?’

അപ്പോൾ അദ്ദേഹം അദ്ദേഹത്തിന്‍റെ മുറിയിലെ കട്ടിലിൽ നിവർന്നു കിടക്കുന്നതായി കാണാറായി. എന്നിട്ട് സാവധാനം പ്രാണായാമം ചെയ്ത് സമാധിയാകുന്നത് കാണിച്ചു തന്നു. അപ്പോൾ സ്വപ്നത്തിൽ ‘ഇത് സ്വപ്നമല്ലേ ?’ എന്നായി ഞാൻ.

അതിനദ്ദേഹം മറുപടി പറഞ്ഞത് ‘ഞാൻ ഈ ഇട്ടിരിക്കുന്ന സ്വെറ്റർ അന്ന് ഇട്ടിരുന്നുവോ അതിന്‍റെ നിറം ഇതായിരുന്നോ എന്ന് ഷൗക്കത്തിനോട് ചോദിക്ക്,’ എന്നായിരുന്നു. ഷൗക്കത്ത് പിന്നീട് ആ സ്വപ്നത്തെ ശരി വെച്ചപ്പോൾ ഉണ്ടായ ഒരു ഞെട്ടൽ ഇന്നും അതോർക്കുമ്പോൾ മനസ്സിൽ തെളിയും.

‘ദൈവത്തിന്റേതിൽ നിന്ന് കുറഞ്ഞ ഒരു സ്നേഹവും എനിക്ക് സ്വീകാര്യമല്ല’ എന്ന് എന്നും ശഠിച്ചിരുന്ന എനിക്ക് ദൈവ സ്നേഹം മനസ്സ് നിറയെ വാരിക്കോരി തന്ന ഗുരുവിനു പ്രണാമം.

Read More Articles Written By Ashita here

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook