റോസ്‌മേരിയെ ഞാനാദ്യം കാണുന്നത് മാധവിക്കുട്ടിയുടെ വീട്ടിൽ വച്ചാണ്. ഒരു ദിവസം വളരേ നിർബന്ധിച്ച് വീട്ടിലേയ്ക്ക് വരാൻ പറഞ്ഞ് മാധവിക്കുട്ടി ഒരാളെ പറഞ്ഞയച്ചു. മടിച്ചും ശങ്കിച്ചും ഞാൻ മെല്ലെ സ്ഥാണുവിലാസ് ബംഗ്ലാവിന്‍റെ ഒതുക്കുകൾ കയറിച്ചെല്ലുമ്പോൾ സ്വീകരണമുറിയിൽ എനിക്ക് പരിചയമില്ലാത്ത ഒരാളുണ്ടായിരുന്നു. അതെനിക്ക് ഒട്ടും രസമായില്ല. “ഇതാരാണ് അറിയ്യോ നിനക്ക്, നിശ്ശണ്ടോ നിനക്ക്? ” എന്ന് മാധവിക്കുട്ടി കൈകൾ വിടർത്തി ചിരിച്ചു കൊണ്ട് ചോദിച്ചു.

“ഇതാണ് കുഞ്ചി”, അവർ തുടർന്നു.

ഞാൻ അതിഥിയെ സൂക്ഷിച്ചു നോക്കി. വെളുത്ത് തുടുത്ത മുഖം. സമുദ്ര തിരമാലകൾ പോലെ ചുരുണ്ട മുടി. ചുണ്ടിൽ ചെറിയൊരു ചിരിയെങ്കിലും കണ്ണിൽ ആ ചിരി ഇല്ല.

മാധവിക്കുട്ടി തുടർന്നു, ” കുഞ്ചിയാണ് റോസ്മേരി. റോസ്‌മേരിയുടെ ശരിക്കുള്ള പേര് വേറെന്തോ ആണ്”. അപ്പോൾ അതിഥി ആദ്യമായി മിണ്ടി.

“എനിക്കിട്ട പേര് ഗൊരേയ്റ്റി ആണേ, അതെനിക്ക് ഒട്ടും ഇഷ്ടമല്ലേ… കാര്യം ഒരു സെയിൻറ്റിന്‍റെ പേരൊക്കെ ആണെങ്കിലും വിളിക്കാനിച്ചിരി ബുദ്ധിമുട്ടാണേ… അപ്പോ മടുത്തിട്ട് ഞാൻ തന്നെയങ്ങു പേര് മാറ്റിയതാണേ, റോസ്മേരി എന്ന്”.

അവരുടെ തുടുത്തു വരുന്ന കവിളിൽ നോക്കി ഞാൻ മൃദുവായി പറഞ്ഞു.

“റോസ്മേരി നല്ല പേരാണ്”.  ഞങ്ങളെ സശ്രദ്ധം നോക്കുകയായിരുന്ന മാധവിക്കുട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു, “കുഞ്ചി, അവളുടെ കണ്ണുകൾ നോക്ക്, മയിൽ‌പീലി കൊണ്ടുഴിയുന്ന പോലെ അല്ലെ കുഞ്ചിയെ നോക്കുന്നത്”. അസാധാരണമായ ആ കമന്റിൽ ഞാനും റോസ്‌മേരിയും ഒരു പോലെ അമ്പരന്നു. പിന്നെ റോസ്‌മേരി ധാരാളം സംസാരിച്ചു. മധ്യതിരുവിതാംകൂർ സ്ലാങ്ങുമായുള്ള എന്‍റെ പരിചയപ്പെടലായിരുന്നു അത്.

rosemary,ashita

അഷിതയും റോസ്മേരിയും

പിന്നീട് എത്രയോ കാലം തിരുവനന്തപുരത്തെ ഏകാന്തതയിൽ എന്‍റെ ഒരേ ഒരു കൂട്ടായിരുന്നു റോസ്‌മേരി. പോകെപ്പോകെ ആ വർത്തമാനത്തിലെ ഈണവും ഹൃദയത്തിലെ സ്നേഹവും എന്‍റെ ആത്മാവിന്‍റെ ഭാഗമായി. റോസ്മേരി ധാരാളം കട്ടൻ കാപ്പി കുടിക്കുന്ന ആൾ ആണ്. റോസ്‌മേരിക്ക്‌ വേണ്ടി ഞാൻ എന്‍റെ വീട്ടിൽ കാപ്പിപ്പൊടി വാങ്ങി സൂക്ഷിക്കും. ഉച്ചനേരങ്ങളിൽ കട്ടൻകാപ്പി വലിയ പാത്രത്തിലിട്ട് കൊടുത്ത് ഇരുട്ടുന്നതു വരെ ഞങ്ങൾ സാഹിത്യം, സിനിമ, പെയ്ന്റിങ്, കാഞ്ഞിരപ്പള്ളിയിലെ ജീവിതം, അവിടുത്തെ കൃഷിയിടങ്ങൾ, ഭർത്താക്കന്മാരുടെ കുറ്റങ്ങൾ എന്നിവയെല്ലാം രണ്ടു സ്ത്രീകൾക്ക് മാത്രം സാധ്യമാകുന്ന സൗഹൃദത്തിലൂടെ പറഞ്ഞും കേട്ടും ഇരുന്നിട്ടുണ്ട്.

ഓരോ തവണ കാണുമ്പോഴും ഞങ്ങൾ ഹൃദയഭാരം കൈമാറി, കൂടുതൽ ലഘുചിത്തരും സൗമ്യവതികളുമായി. ഭർത്താക്കന്മാർക്ക് നിരുപാധികം മാപ്പു കൊടുക്കുന്ന ദേവതകളുമായി. പലപ്പോഴും റോസ്‌മേരിയുടെ ‘കുഞ്ഞാട്’ ആയിരുന്നു ഞാൻ. റോസ്മേരി എന്ന എഴുത്തുകാരിയെക്കാൾ ഞാൻ റോസ്മേരി എന്ന അമ്മയെ അത്യധികം സ്നേഹിച്ചു. മൂന്നു മക്കളെയും ഒരു കുടക്കീഴിൽ പിടിച്ചു ഒറ്റയ്ക്ക് നടന്നു നീങ്ങുന്ന കാഞ്ഞിരപ്പള്ളിക്കാരിയുടെ ധൈര്യം എന്നിൽ കണ്ണീരും ധൈര്യവും നിറച്ചിട്ടുണ്ട്. മാത്രമല്ല കാപ്പി കുടിച്ചു കിറുങ്ങുന്ന ആളെ ഞാനാദ്യമായി കാണുകയായിരുന്നു. സ്നേഹം മോന്തി കിറുങ്ങുന്ന ഒരാളെ ഒരുപക്ഷേ റോസ്‌മേരിയും ആദ്യമായിട്ടായിരിക്കും കണ്ടത്.

ഗുരു നിത്യ റോസ്‌മേരിക്കയച്ച കത്തിൽ ‘സിസ്റ്റർ ഓഫ് ദി മൂൺ’ എന്ന് സംബോധന ചെയ്തതിന്‍റെ അർത്ഥവ്യാപ്തി കാലം ചെല്ലുന്തോറും വെളിപ്പെട്ടു കിട്ടുന്ന നിലാവ് പോലെയാണ് എനിക്ക്. റോസ്‌മേരിയുടെ മക്കൾ എനിക്കെന്‍റെ മക്കളെപ്പോലെയാണ്. എന്‍റെ മകൾക്ക് ജോലി കിട്ടിയപ്പോൾ അവൾ ആദ്യമായി ഒരു സമ്മാനം വാങ്ങി അയച്ചത് റോസ്‌മേരിക്കായിരുന്നു.

എന്‍റെ കീമോ സമയത്ത് എന്നോടൊപ്പം നിന്ന അപൂർവ്വം ചിലരിൽ ഒരാളാണ് റോസ്മേരി. റോസ്‌മേരി നിരുപാധികമായി എന്നെ സ്വീകരിക്കുന്ന വിധം എനിക്കൊരതിശയമാണ്. എന്‍റെ സുഹൃത്തുക്കൾ റോസ്‌മേരിയുടെ സുഹൃത്തുക്കളാണ്. എന്‍റെ ബന്ധങ്ങളിൽ വിള്ളൽ വീഴുമ്പോൾ റോസ്മേരി സ്നേഹത്തിന്‍റെ സിമന്റ് കൊണ്ട് അവ ഉറപ്പിച്ചിട്ടുണ്ട്. കാണുമ്പോഴും കാണാതിരിക്കുമ്പോഴും ഒപ്പമുള്ള സ്നേഹസാന്നിധ്യമാണ് റോസ്മേരി.

ജീവിതത്തിൽ എവിടെ നിന്നൊക്കെയോ കിട്ടാതെ പോയ സ്നേഹത്തിന്‍റെ ഭാവങ്ങൾ ഒഴിഞ്ഞ ചില്ലു ഗ്ലാസ്സുകളിൽ വീഞ്ഞ് നിറക്കുന്ന പോലെ ഒന്നൊഴിയാതെ നിറച്ചു കൊണ്ടേയിരിക്കുന്ന കൈകളാണ് എനിക്ക് റോസ്മേരി. മറക്കാനാകുമോ അങ്ങനെ ഒരാളെ?

ഈ പംക്തിയിലെ മറ്റു കുറിപ്പുകള്‍ ഇവിടെ വായിക്കാം, മറക്കാനാവാത്തവര്‍ 

Get Malayalam News and latest news update from India and around the world. Stay updated with today's latest Features news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ