വിജയലക്ഷ്മിയെ ഞാൻ ആദ്യം കാണുന്നത് മഹാരാജാസിൽ എം എ വിദ്യാർത്ഥിനി ആയി വിജി വന്നപ്പോഴാണ്. വിജിയെ പറ്റി ഓർക്കുമ്പോൾ ഇപ്പോഴും ആ നിറഞ്ഞ ചിരിയാണ് ആദ്യം ഓർമ്മ വരിക. വിജി മഹാരാജാസിൽ വരുന്നതിന് മുൻപ് തന്നെ സെയിന്റ് തെരേസാസിലെ കുട്ടികളിൽ നിന്ന് ‘ബാലചന്ദ്രൻ ചുള്ളിക്കാടിനെ തോൽപിച്ച് കവിതാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കുട്ടി’ എന്നൊക്കെ കേട്ടിരുന്നു. ബാലൻ അന്നേ എന്റെ സുഹൃത്താണ്. ബാലനെ വെട്ടിച്ച് സമ്മാനം കൊണ്ട് പോയെങ്കിൽ അത് വിധികർത്താക്കളുടെ കൈപ്പിഴ ആയിരിക്കും എന്ന് ഞാൻ മറുപടി പറഞ്ഞതോർക്കുന്നു. പക്ഷെ അത് കഴിഞ്ഞ് സമ്മാനം കിട്ടിയ വിജിയെ ബാലനും കൂട്ടുകാരും മദ്യപിച്ച് ഹോസ്റ്റലിൽ ചെന്ന് ചീത്ത വിളിച്ചു എന്ന് കേട്ടപ്പോൾ ഫെമിനിസം ഒന്നും തലയിൽ ഇല്ലാതിരുന്നിട്ടും എന്റെ ചോര തിളച്ചു. ബാലനെ കൈയ്യിൽ കിട്ടിയാൽ രണ്ടു കൊടുത്തിട്ട് കാര്യം എന്ന് നിശ്ചയിച്ച് ഞാൻ അവരോടും ഇവരോടും ബാലനെ കുറിച്ച് തിരക്കിയിട്ടുണ്ട്. പക്ഷെ ആളെ കണ്ടു കിട്ടണ്ടേ?

മഹാരാജാസിൽ പഠിച്ച് പരിചയപ്പെട്ട വിജിയും ഞാനും തമ്മിൽ ഊഷ്മളമായ ഒരു സൗഹൃദം രൂപപ്പെട്ടു. ബാലചന്ദ്രനെ കവിത എഴുതി തോൽപിച്ച പെൺകുട്ടിയെ ഞാനും തെല്ലൊരു വിരോധത്തോടെയാണ് നോക്കി കണ്ടത്. പക്ഷെ വിജി അന്നൊക്കെ ആരേയും നിരായുധരാക്കുന്ന സ്നേഹത്തിന്റെ ഉടമയായിരുന്നു. ചിലപ്പോൾ ഞാൻ വിചാരിക്കാറുണ്ട് വിജി എന്നെ സ്നേഹിച്ചത്ര മറ്റൊരു സുഹൃത്തും എന്നെ സ്നേഹിച്ചിരിക്കയില്ല.

രണ്ടു പെൺകുട്ടികൾക്ക് മാത്രം പരസ്പരം മനസ്സിലാകുന്ന ചില അർത്ഥതലങ്ങൾ ജീവിതത്തിനുണ്ട്. കൗമാരത്തിനും. ഞാനേറ്റവും സ്വതന്ത്രമായി ജീവിതത്തിൽ ഇടപഴകിയിട്ടുള്ളത് വിജിയോടാണ്.

ആ സൗഹൃദം ഒരു പൂവ് പോലെ ആയിരുന്നു; ഒരു പൂവിനെ കുറിച്ചോർക്കുമ്പോൾ തന്നെ അതൊരു കാരണവുമില്ലാതെയും നമ്മളിൽ സന്തോഷം നിറയ്ക്കുന്നു. പൂവ് പോലെയുള്ള സഹൃദങ്ങൾ വിരളമാണ് താനും.

വിജിയുടെയും ബാലന്റെയും പ്രേമകഥയുടെ ദൃക്‌സാക്ഷിയായിരുന്നു ഞാൻ. അവർ തമ്മിലുള്ള അന്തരം അന്നെന്നെ വേവലാതിപ്പെടുത്തിയിരുന്നു. വിജിയെ ഒരിക്കലും ദുഃഖിപ്പിക്കരുതെന്ന് ബാലനെ ഞാൻ താക്കീത് ചെയ്തിട്ടുണ്ട്. ബാലനെ ഒരിക്കലും ദുഃഖിപ്പിക്കരുതെന്ന് വിജിയോട് പറയാൻ പോലും എനിക്ക് തോന്നിയില്ല. കാരണം വിജി നിശബ്ദമായ സഹനമാണ്. ഒരുമിച്ച് ജീവിച്ച് തുടങ്ങുന്നതിന് മുൻപ് ആദ്യ രാത്രിയെ കുറിച്ച് രണ്ടു പേരും ഓരോ കവിതയെഴുതുകയുണ്ടായി. വിജി കവിതയുമായി ചിരിച്ച് കൊണ്ട് എന്റെയടുത്തു വന്നത് എനിക്കിപ്പോഴും നല്ല ഓർമ്മയാണ്. വരികൾ കൃത്യമായി ഓർമ്മയില്ലെങ്കിലും ‘ചന്ദ്രക്കല ചൂടിയ തമ്പുരാൻ എഴുന്നള്ളുന്ന’തിനെ കുറിച്ചുള്ള പരാമർശം എനിക്കിന്നും ഓർമയുണ്ട്. സ്ത്രീത്വം പൂത്തുലഞ്ഞ ഒരു കവിതയായിരുന്നു അത്. ബാലന്റെ ആദ്യ രാത്രിയെ കുറിച്ചുള്ള സങ്കല്പത്തിൽ ഞാൻ സിനിസിസം ആണ് കണ്ടത്. എന്തിനെന്നറിയാതെ ഒരു കയ്പ്പ്.

vijayalakshmi,poet,memories,ashita

വിജയലക്ഷ്മി

ആ കവിതകൾ രണ്ടും കൈയിൽ പിടിച്ച് ഞാൻ ഇരുവരെ കുറിച്ചും പിൽക്കാലത്തും വളരെ ആലോചിച്ചിരുന്നിട്ടുണ്ട്. ബാലൻ മഹാരാജാസിൽ പഠിക്കുമ്പോഴാണ് ‘പോക്കുവെയിൽ’ എന്ന സിനിമയിൽ അഭിനയിക്കാൻ പോയത്. അക്കാലത്ത് മുഴുവൻ ബാലൻ കവിത ഉപേക്ഷിച്ച് സിനിമാ നടൻ ആകുമോ എന്ന ഭീതി ഉള്ളിൽ പേറി നടന്നിരുന്ന ആളാണ് വിജി. ഒരു കുഞ്ഞുണ്ടാകുമ്പോൾ അവന് ബാലന്റെ കണ്ണുകൾ കിട്ടണേ എന്ന വിജിയുടെ ആഗ്രഹം എത്ര തവണ കേട്ട് മന്ദഹസിച്ചിട്ടുണ്ട് ഞാൻ!

മലയാള കവയിത്രികളിൽ എക്കാലവും എനിക്ക് ഏറ്റവും ഇഷ്ടം വിജയലക്ഷ്മിയോട് തന്നെയാണ്. പഠിക്കുന്ന കാലം മുതൽ എനിക്കറിയാം ഓരോ വരിയും വാക്കും എത്ര ആഴങ്ങളിൽ പോയി അനുഭവിച്ചിട്ടാണ് എഴുതുന്നതെന്ന്. വിജയലക്ഷ്മി എഴുതിയതിൽ എനിക്കേറ്റവും പ്രിയപ്പെട്ട കവിത ‘കൗസല്യ’ ആണ്.

“പിന്നെയും നിശീഥത്തിലങ്ങു ചൊല്ലുന്നു
ചില്ലിവില്ലുകൾ കുലക്കുന്ന കാമപത്നിയെ പറ്റി
തങ്ങളൊക്കെയും മറന്നങ്ങനെ വിഹരിച്ച മണ്ഡപങ്ങളെ,
തളിർ ശയ്യയെ, ചതഞ്ഞതാമുല്ലമാലയെ
…………………………………………………………………
………………………………………………………………..
ഞാനോ , ദൂരെ അമ്പിളി താഴും കയം നോക്കി
മൂകയായി മേവി…………….”

എന്നീ വരികളെ എത്ര തവണ വായിച്ച് ഏകാത്മത അനുഭവിച്ചിട്ടുണ്ടെന്ന് പറയുക വയ്യ. ഇത് വായിക്കുമ്പോഴൊക്കെ വിജിയോട് മൗനമായി

“അറിയുന്നതെന്തു കൊണ്ടെന്നോ സഖീ
ഞാനുമിതുപോലെ, രാത്രി മഴ പോലെ” (സുഗത കുമാരി) എന്ന് പാടിയിട്ടുണ്ട്.

പഠിത്തം കഴിഞ്ഞ് വിജിയെ കാണുന്നത് അപൂർവ്വമായി. ജോലിയുടെ തിരക്കുകളിൽ വിജിയും ദാമ്പത്യപ്രാരബ്ധത്തിന്റെ തിരക്കുകളിൽ ഞാനും ശ്വാസം കിട്ടാതെ പിടഞ്ഞിട്ടുണ്ടാകണം, അതാവാം കാരണം. വിജി കൂടുതൽ ഉൾവലിയുകയും ആർടിക് സമുദ്രത്തിലെ മഞ്ഞുപാളി പോലെ ഉറഞ്ഞു പോകുന്നതും, വിജിയെ കണ്ട അപൂർവ്വം സന്ദർഭങ്ങളിൽ ഞാൻ മനസ്സിലാക്കി.vijayalakshmi,poet,memories,ashita

ബാലൻ എപ്പോൾ വരുമ്പോഴും ഞാൻ അന്വേഷിക്കുന്നത് വിജിയെ കുറിച്ചായിരുന്നു. ഒരിടക്ക് ഞാൻ വിജിയുടെ ‘പരദേശത്ത് പോയി മരിക്കണം’ എന്ന ആഗ്രഹം പ്രകടിപ്പിക്കുന്ന ഒരു കവിത വായിക്കാനിടയായി. അത്രമാത്രം ആത്മാവിനോട് വിജി ചേർന്ന് നിൽക്കുന്നത് കൊണ്ടാകാം, എനിക്ക് വല്ലാതെ നൊന്തു. വിജിയുടെ ചില കവിതകളെങ്കിലും ബാലന്റേതിനേക്കാൾ മികച്ചത് തന്നെയാണ്. ഇത് പറയാൻ എനിക്കൊരു മടിയുമില്ല. ബാലന്റെ കവിതകൾക്ക് പിന്നിൽ ഒരു സഹന ജന്മം നിലകൊള്ളുന്നുണ്ടെന്ന് എത്ര പേർക്കറിയാം? ഏതെങ്കിലും പ്രസ്താവനകളിലോ വിവാദങ്ങളിലോ വിജിയെ കാണാറില്ല. അത്രമേൽ ഒറ്റപ്പെട്ട ഒരു ജീവിതം. അത്രമേൽ ഒറ്റപ്പെട്ട ഒരാത്മാവ്.

വിജിയോട് ഇനിയുമെഴുതൂ എന്ന് പറയുവാനുള്ള ധൈര്യം എനിക്കൊരിക്കലും ഉണ്ടാവുകയില്ല. കാരണം വിജി എഴുതുന്നതെല്ലാം എന്നെക്കുറിച്ചു കൂടിയാണെന്ന് എനിക്ക് തോന്നും, ഞാൻ കരയും.

അത്രമേൽ ഞാൻ കവയിത്രിയെ സ്നേഹിക്കയാലാണ് എന്റെ സമ്പൂർണ കഥകൾക്ക് ആമുഖമായി വിജയലക്ഷ്മി എഴുതിയ രണ്ടു വരി

“ജീവിതം ചെന്നിനായകം നൽകിലും
നീയതും മധുരിപിച്ചൊരത്ഭുതം” ചേർത്തത്.

നന്ദി സുഹൃത്തേ, മറക്കാനാവാതെ മനസ്സിൽ മിന്നി തെളിയുന്ന നിന്റെ വരികൾക്ക്. ജീവിതം ഓരോ ഘട്ടം പിന്നിടുമ്പോഴും അതയടയാളപ്പെടുത്തി തരുന്ന ഇന്ദ്രജാലത്തിന്.

Read More: റോസ് മേരി, സുജാത ടീച്ചര്‍, മാധവിക്കുട്ടി, നിത്യചൈതന്യയതി, രഘുനാഥ് പലേരി എന്നിവരെക്കുറിച്ച് അഷിത എഴുതിയ കുറിപ്പുകള്‍

Read More: ഇനിയെനിക്കിത്രമേൽ സാന്ത്വനമാകുവാൻ മറ്റൊന്നിനും കഴിയില്ല: അഷിതയ്ക്ക് സ്നേഹപൂർവ്വം വിജയലക്ഷ്മി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook