ഭൂതാവിഷ്ടരായ ചിലരുണ്ട് ഈ ഭൂമിയിൽ. അതേ പോലെ, സ്നേഹാവിഷ്ടരായ ചിലരുമുണ്ട്. രഘുനാഥ് പലേരി സ്നേഹാവിഷ്ടനായ മനുഷ്യനാണ്. അയാളുടെ ലോകത്തോടുള്ള സ്നേഹം അയാളെ മറ്റെന്തെങ്കിലും വിധത്തിൽ ഈ ലോകത്തോട് പെരുമാറാൻ സമ്മതിക്കുമെന്നു തോന്നിയിട്ടില്ല എനിക്ക്. ഞാൻ രഘുവിനെ പരിചയപ്പെടുന്നത് – അല്ല രഘു എന്നെ പരിചയപ്പെടുന്നത് എന്ന് പറയുന്നതാണ് ശരി – പതിനേഴാം വയസ്സിലാണ്.

ഒരു ദിവസം ഡോക്ടർമാരുടേതിനേക്കാൾ ഭേദമായ കൈപ്പടയിൽ ഒരു കത്ത് വരികയാണ് – എല്ലാ സാഹിത്യകാരൻ-കാരികളുടെയും കൈപ്പട സൂക്ഷിക്കുന്ന രഘുവിൻ്റെ ഡയറിയിലേക്ക് എൻ്റെ കൈപ്പടയിലെഴുതിയ ഒരു കഥ അയച്ചു തരണമെന്ന ആവശ്യവുമായി.

ഞാൻ കഥ കൊടുത്തില്ല. പകരം ഇങ്ങനെ എഴുതി – “രഘുവിൻ്റെ ഡയറിയുടെ ശുഭ്രമായ മൗനം തന്നെയാണ് എൻ്റെ കഥ .” രഘു അന്ന് ധാരാളം എഴുതിയിരുന്ന കാലമാണ്. ജനപ്രിയനായ ഒരു എഴുത്തുകാരൻ.

എല്ലാവരും അറിയുന്നവൻ. ഹൃദയത്തെ തൊട്ടു വലിക്കുന്ന എഴുത്ത്. നമ്മൾ കാണാത്ത, ഗൗനിച്ചിട്ടില്ലാത്ത, മനസ്സിൻ്റെ സൂക്ഷ്മതലങ്ങളെ അനായാസമായി അനാവരണം ചെയ്യുന്ന എഴുത്ത്. അന്ന് എഴുതി രഘുവിനെ പോലെ പോപ്പുലർ ആവുക എന്നത് അത്ര എളുപ്പമായിരുന്നില്ല. ഇന്നത്തെ പോലെ മാർക്കറ്റിങ് ടെക്‌നിക്കുകളില്ല. എഴുത്തിൻ്റെ ലോകത്തിൽ രഘു, ഹിരണ്യൻ, അക്ബർ, കൊച്ചുബാവ എന്നിവർ ശക്‌തമായി നിലയുറപ്പിച്ച കാലം. എന്തൊരു കാലം! ഓരോ കവിതയും ഓരോ കഥയും ഒന്നിനൊന്നു വ്യത്യസ്തം.

അതിനിടയിൽ അന്നും ഇന്നത്തെ പോലെ വല്ലപ്പോഴും ഒരിക്കൽ എഴുതുന്ന, ഞാൻ തന്നെ വലിയ വില കല്പിക്കാത്ത, ഒരു എഴുത്തുകാരിയായിരുന്നു ഞാൻ. എന്നെ രഘു ഗൗനിച്ചതിൽ എനിക്ക് ഉള്ളിൽ അത്യധികം സന്തോഷമുണ്ടായിരുന്നുവെങ്കിലും എൻ്റെ കുറിപ്പിന് മറുകുറിപ്പു വരികയുണ്ടായില്ല. അതൊക്കെ കഴിഞ്ഞ്, വിവാഹിതയായി തിരുവനന്തപുരത്തു താമസിക്കുമ്പോഴാണ് രഘു എന്നെ തേടി വന്നത്. ചിരിക്കുന്നതിനു മുൻപ് കണ്ണുകൾ ചിരിക്കാൻ തുടങ്ങുന്ന ഒരു ചെറുപ്പക്കാരൻ എന്നാണ് രഘുവിനെക്കുറിച്ച് എനിക്കാദ്യം തോന്നിയത്. ഞങ്ങൾ വളരെ പെട്ടെന്ന് കൂട്ടുകാരായി. സാഹിത്യവും സിനിമയും സംസാരിച്ചു.

raghunath paleri,ashita,malayalam writer,memories

ആശുപത്രിയിൽ അഷിതയെ കാണാൻ  ​ രഘുനാഥ് പലേരി എത്തിയപ്പോൾ

‘ഒന്ന് മുതൽ പൂജ്യം വരെ’ എന്ന സിനിമയുടെ സംവിധായകനായിട്ടാണ് പിന്നീട് അവനെ ഞാൻ കാണുന്നത്. എഴുത്തുകാരനിൽ നിന്ന് സിനിമാക്കാരനിലേക്ക് രഘു വളരുകയായിരുന്നു. ആശങ്കയോടെയാണ് ഞാൻ ആ വളർച്ച നോക്കി കണ്ടത്. പക്ഷെ ഒരു സിനിമാക്കാരനായി ഒരിക്കലും അവൻ എൻ്റെ മുന്നിൽ വന്നിട്ടില്ല. സിനിമാ ലോകത്തെ ഗോസ്സിപ്പുകളോ പരിചയങ്ങളോ സംഭവവികാസങ്ങളോ ഞങ്ങൾക്കിടയിൽ ചർച്ചയായില്ല.

സിനിമക്ക് കേടു വരുത്താൻ കഴിയാത്ത ഒരേ ഒരാൾ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. തിരക്കഥകളിൽ നിന്ന് പിന്നീട് സംവിധായകനായി. അവൻ സംവിധാനം ചെയ്ത പടങ്ങളൊന്നും ഞാൻ കണ്ടില്ല. എന്തോ, എനിക്ക് ആ എഴുത്തുകാരനെ ആണ് കൂടുതൽ പ്രിയം, സംവിധായകനെക്കാളും.

രഘു എന്‍റെ മാത്രം സുഹൃത്തായിരുന്നില്ല. എന്‍റെ മൂന്ന് വയസ്സായ മകളുടെയും കൂട്ടുകാരൻ ആയിരുന്നു. എന്‍റെ മകൾക്ക് “പൊന്നും തിങ്കൾ പോറ്റും മാനേ, മാനേ കുഞ്ഞി കലമാനേ” എന്ന പാട്ടു പാടി കൊടുത്തിരുന്ന രഘുനാഥ് പലേരിയെ അവൾ ‘പാലരി മാമൻ’ എന്നാണ് വിളിച്ചിരുന്നത്. ഇന്നും അതിനൊരു മാറ്റവുമില്ല.

ജീവിതത്തിൽ ചിരിക്കാൻ അവസരം കമ്മിയായതു കൊണ്ട്, ദുഃഖം കനക്കുമ്പോഴൊക്കെ ഞാനവന്‍റെ ‘പൊന്മുട്ടയിടുന്ന താറാവ് ‘, ‘മേലേപ്പറമ്പിൽ ആൺവീട് ‘ ഒക്കെ കണ്ട് ജീവിതം ചിരിസമൃദ്ധമാക്കി. ചിരിയുടെ മുതലാളിയിൽ നിന്നും വട്ടപ്പലിശക്ക് കടം വാങ്ങിക്കുന്ന കുടുംബശ്രീ തൊഴിലാളിയെയാണ് ഞാൻ. ഇന്നും അവന്‍റെ പഴയ സിനിമകൾ തേടിയെടുത്താണ് ജീവിതത്തിൽ ചിരി തുന്നിച്ചേർക്കുന്നത് .

എന്‍റെ വിവാഹത്തിന് ഞാൻ ആരെയും ക്ഷണിച്ചിരുന്നില്ല. “നിന്‍റെ വിവാഹം പത്രങ്ങളിൽ നിന്നാണോ ഞാൻ അറിയേണ്ടത്?” എന്ന് ചോദിച്ചു കയറി വന്നു കയർത്ത ഒരേ ഒരു സുഹൃത്ത് രഘുവായിരുന്നു. ആ ചോദ്യം കേട്ട് ഞാൻ അന്തം വിട്ടു നിന്നു. അവന്‍റെ വിവാഹത്തിന് ക്ഷണിച്ചപ്പോൾ കുറ്റബോധം കൊണ്ടോ എന്തോ ഞാൻ പോയതുമില്ല.
raghunath paleri,ashita,malayalam writer,memories

അവന്‍റെ വിവാഹത്തിന് ക്ഷണിക്കാൻ വന്നതിനു ശേഷം പത്ത് ഇരുപത്തഞ്ചു വർഷത്തോളം ഞങ്ങൾ പരസ്പരം പതിവായി കണ്ടില്ല. ആ ഇരുപത്തഞ്ചു വർഷവും എന്‍റെ ജീവിതത്തിന് ചിരിയുടെ കസവു ഭംഗിയും ഇല്ലായിരുന്നു. ഒടുവിൽ മൂന്നാമത്തെ തവണ കാൻസർ ബാധിതയായപ്പോഴാണ് ഓർമ്മയുടെ ആൽബം മറിച്ചു നോക്കി ഏറ്റവുമധികം കാണണമെന്നാഗ്രഹിച്ച കൂട്ടുകാരനെ ഞാൻ നമ്പർ തപ്പിയെടുത്ത് വിളിച്ചത്. അവൻ വന്നു.

ആശുപത്രിയിൽ 48 മണിക്കൂർ നിരന്തരമായി കീമോയ്ക്കു വിധേയയാകുന്ന എന്നോട് എന്നത്തേയും പോലെ കണ്ണുകൾ കൊണ്ട് ചിരിച്ച് അവൻ, ” ഇത് മൊത്തം പറ്റിപ്പാണ്, നിന്‍റെ ഞരമ്പിലേയ്ക്ക് കയറ്റുന്നത് മരുന്നൊന്നുമല്ല. സോഡ ചേർത്ത വിസ്കിയാണ്. അതാണ് ആകെപ്പാടെ നീ കിറുങ്ങി ഇരിക്കുന്നത്.”

എന്നത്തേയും പോലെ കൊടും വേദനക്കു നടുവിലും ഞാൻ പൊട്ടിച്ചിരിച്ചുപോയി. അപ്പോൾ വളരെ ആർദ്രമായി നനഞ്ഞ കണ്ണോടെ എന്‍റെ നേർക്ക് കുനിഞ്ഞ് അവൻ മെല്ലെ ചോദിച്ചു: “വേദനയുണ്ടോടാ?”

ഏറെ നേരം എന്‍റെയും എന്‍റെ ബൈസ്റ്റാന്ഡേഴ്സ് ആയ കുട്ടികളുടെയും കൂടെയിരുന്നു ചിരിപ്പിച്ചാണ് അന്ന് അവൻ മടങ്ങിയത്. മടങ്ങുമ്പോൾ അവന്‍റെ കണ്ണുകൾ നിറഞ്ഞത് ഞാനും അവനും കണ്ടില്ലെന്ന് നടിച്ചു.

ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ മുറിവേല്പിക്കാത്ത സർവ്വസ്വതന്ത്രമായ സൗഹൃദമാണത്. ഞാൻ ഒറ്റയ്ക്ക് കയറി ഇറങ്ങുന്ന ഒരു പൂന്തോപ്പ്. എന്താണ് എനിക്കീ സൗഹൃദം? അത് അവൻ തന്നെയാണ് പറഞ്ഞു തന്നത് – “ഇത് ഭൂമി വെടിയും മുമ്പ് നമ്മൾ ഭൂമിക്ക് നൽകുന്ന വിശുദ്ധമായ ദക്ഷിണയാണ്.”

Get Malayalam News and latest news update from India and around the world. Stay updated with today's latest Features news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ