എന്‍റെ യുവ സുഹൃത്തുക്കളിൽ ഏറ്റവുമധികം ഞാൻ ഹൃദയത്തോട് ചേർത്ത് പിടിക്കുന്നത് ത്രിവിക്രമൻ ചേട്ടനെയാണ്. അദ്ദേഹത്തിന് പ്രായം 88. ഈ പ്രായത്തിലും അസാധാരണമായ ഓർമ്മശക്തിയുടെയും വേറിട്ട ഒരു മനസ്സിന്‍റെയും ഉടമയാണ് അദ്ദേഹം.

എപ്പോൾ വിളിക്കുമ്പോഴും ആശാന്‍റെ ‘കരുണയും’, ‘ചിന്താവിഷ്ടയായ സീത’ യും, അത് പോലെ മറ്റു കവിതകളും ഒറ്റ ഇരിപ്പിന് സരസമായി അദ്ദേഹം ചൊല്ലി തരുന്നത് കേട്ടാൽ അത്ഭുതം തോന്നും. എന്‍റെ അമ്മയ്ക്കും ഇതേ പ്രായമാണ്. ഓർമ്മകളിൽ നിന്ന് പലതും മാഞ്ഞ് തുടങ്ങിയിരിക്കുന്നു. ജീവിതത്തിന്മേലുള്ള പിടി അയഞ്ഞു തുടങ്ങുന്നത് ഓരോ സംഭാഷണത്തിലും നമുക്കറിയാം.

അതിനിടയ്ക്കാണ് ഇംഗ്ലീഷിൽ ‘ഹു ഈസ് ദിസ് ആശാൻ?’ എന്ന് ചോദിക്കുന്ന ‘ഐ ടി’ പിള്ളേരുടെ ഇടയിൽ ത്രിവിക്രമൻ ചേട്ടൻ വേറിട്ട് നിൽക്കുന്നത്.

ആ മനസ്സിന്‍റെ അത്യപൂർവമായ ഒരു texture എന്നെ വിസ്മയിപ്പിക്കുന്നുണ്ട് . വാർദ്ധക്യം അദ്ദേഹത്തെ പരുക്കനും കഠിന ഹൃദയനും ആക്കി മാറ്റുന്നതിന് പരാജയപ്പെട്ടു പിൻവാങ്ങിയ പോലെ… അദ്ദേഹത്തിന്‍റെ തെളിഞ്ഞ ബുദ്ധിയും ഇഴകീറി പ്രശ്നങ്ങളെ സത്യസന്ധമായി വിലയിരുത്തുന്നതും; സ്നേഹ ബന്ധങ്ങൾ, വൈകാരികമായ അടുപ്പങ്ങൾ എന്നിവ തന്‍റെ വിലയിരുത്തലിനെ സ്വാധീനിക്കാതിരിക്കുന്നതും എന്നെ അത്ഭുതപ്പെടുത്താറുണ്ട് .

എന്‍റെ സുഹൃത്തായ ടി പാർവ്വതിയിലൂടെയാണ് ഞാനാദ്യം ഇദ്ദേഹത്തെ കാണുന്നത്. ഉഗ്രനൊരു വഴക്കിന്‍റെ പുറത്താണ് ഞങ്ങൾ കൂട്ടുകാർ ആയത്. പാർവ്വതിയെ കാണാൻ ചെന്ന സമയം അദ്ദേഹമെന്നോട് “എന്തിനാണ് ഹോട്ടലിൽ താമസിക്കുന്നത് ? പെട്ടി എടുത്ത് നേരെ ഇങ്ങോട്ട് വരണ്ടേ?” എന്ന് ശാസനാ രൂപത്തിൽ പറഞ്ഞപ്പോൾ അടുത്ത നിൽക്കുന്ന പാർവതിയെ നോക്കി “അതിനിവൾ കൂടി വിളിക്കണ്ടേ?” എന്ന് ഞാൻ തമാശ രൂപേണ പറഞ്ഞു.

“അവളെന്തിനാ വിളിക്കുന്നത്? ഇതെന്‍റെ വീടാണ്. എന്‍റെ വീട്ടിലേക്ക് ഞാൻ വിളിച്ചാൽ പോരെ?” എന്നദ്ദേഹം കയർത്തു. എന്‍റെ അരികിൽ കുനിഞ്ഞ മുഖവുമായി നിന്ന പാർവ്വതിയെ നോക്കിയപ്പോൾ അത് വർഷങ്ങൾക്ക് മുൻപ് ഒരു വീടില്ലാത്തതിന്‍റെ പേരിൽ ആക്ഷേപിക്കപെട്ട എന്‍റെ മുഖം തന്നെ എന്ന് തോന്നി; ആ ജീവിതം എന്‍റെ ജീവിതമെന്ന്‌, അവൾ ഞാൻ തന്നെയെന്ന്-എനിക്ക് തോന്നി.ashita, thrivikraman,memories

അന്ന് തിരിച്ച് വന്നതിന് ശേഷം ഞാൻ അദ്ദേഹത്തിന് ഒരു കത്ത് അയച്ചു. പലതും പറഞ്ഞ കൂട്ടത്തിൽ ‘എന്‍റെ വീട്’ എന്ന പരാമർശത്തിനെ ഞാൻ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.

“എന്‍റെ വീട്, എന്‍റെ വീട് എന്ന് പറയുന്നുണ്ടല്ലോ. നാലു കോൺക്രീറ്റ് ചുമരുകളുണ്ടായാൽ വീടാകുമോ? ആ വീട് വീടാകുന്നത് ലക്ഷ്മിയും പാർവ്വതിയും അനന്തുവും ഓടിക്കളിച്ചത് കൊണ്ടും അവരുടെ കണ്ണീരും ചിരിയും വഴക്കും കൊണ്ട് മുഖരിതമാകുകയും ചെയ്തതിനാലാണ്. അല്ല എന്ന് തോന്നുന്നെങ്കിൽ ‘എന്‍റെ, എന്‍റെ’ എന്ന് പറയുന്ന എല്ലാം ഇവിടെ നിന്ന് പോകുമ്പോൾ എടുത്തു കൊണ്ട് പൊയ്‌ക്കോളണം. ഒന്നും ഇവിടെ ബാക്കി വെയ്ക്കരുത്”.

പ്രായമായ ഒരാളോടാണ് ഞാൻ ഈ പറയുന്നത് എന്ന് അതെഴുതുമ്പോൾ മറന്നു പോയി. എന്‍റെ മനസ്സിൽ പാർവ്വതിയുടെ നിശ്ശബ്ദതയും എന്‍റെ യൗവ്വനവും ആയിരുന്നു. പക്ഷെ അതിനദ്ദേഹം എന്നെ വിളിച്ച് എത്രയോ ആർദ്രമായും കരുണയോടെയും പക്വതയോടെയും സംസാരിച്ചു. അത് ഓർക്കുമ്പോൾ ഇപ്പോഴെന്‍റെ തല കുനിയുന്നു.ashita,trivikraman,memories

ത്രിവിക്രമൻ ചേട്ടനെ എന്ത് വിളിക്കണമെന്ന് അറിയാതെ ഞാൻ കുറെ പരുങ്ങിയിട്ടുണ്ട് . ‘അങ്കിൾ’, ‘ലക്ഷ്മിയുടെ അച്ഛാ’, ‘അനന്തുവിനെ വല്യച്ഛാ’ എന്നിങ്ങനെ സംബോധന ചെയ്തപ്പോഴൊക്കെ അദ്ദേഹമെന്നെ അതിരൂക്ഷമായി കളിയാക്കിക്കൊണ്ടിരുന്നു.

പതിനാറ് ആൺകുട്ടികൾക്കിടയിൽ വളർന്നതാണ് ഞാൻ. അവരുടെ പിന്നാലെ നടന്നുള്ള കളിയാക്കലും, ചൊട്ടലും, മേടലും എല്ലാം ഏറ്റു വാങ്ങിയിരുന്ന എന്‍റെ കൗമാരം ആണെനിക്ക് അപ്പോഴൊക്കെ ഓർമ്മ വന്നിരുന്നത്.  ഇത്രയധികം ദുഷ്ടത്തരം കാണിക്കുന്നത് കൊണ്ട് ഞാൻ അദ്ദേഹത്തിനെ രഹസ്യമായി കായംകുളം കൊച്ചുണ്ണി ചേട്ടനെന്നും പരസ്യമായി വളരെ ഭവ്യതയോടെ “പിന്നെ ഞാൻ എന്ത് വിളിക്കണം?” എന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കുകയും ചെയ്തു.

ആ ഇടയ്ക്കാണ് ഞാൻ എഴുതിയ ‘പറയാം നമുക്ക് കഥകൾ’ എന്ന കുട്ടികളുടെ പുസ്‌തകം അദ്ദേഹം വായിച്ചതും അതിലെ കാക്കയുടെ പേരായ ‘കശ്മല’ എടുത്തു ‘കശ്മലൻ ചേട്ടൻ’ എന്ന് വിളിച്ചോളാനും അനുമതി തന്നത്. അതെനിക്ക് വളരെ ഇഷ്ടമായി.

കേരളത്തിന്റെ ബൗദ്ധിക സ്വത്ത്

“കേരളത്തിനൊരു കശ്മലൻ ചേട്ടൻ ഇരിക്കട്ടെ” എന്ന് പറഞ്ഞപ്പോൾ മുഴങ്ങിയ പൊട്ടിച്ചിരി ഇന്നും എന്‍റെ ഹൃദയത്തിൽ പ്രതിധ്വനിക്കുന്നുണ്ട്. അന്ന് മുതൽ എപ്പോൾ ഫോൺ വിളിക്കുമ്പോഴും ‘കശ്മലൻ ചേട്ടൻ ആണേ…’ എന്ന അദ്ദേഹത്തിന്‍റെ വാക്ക് കേട്ടാൽ ഞാൻ പൊട്ടിച്ചിരിക്കും. കാൻസർ ചികിത്സയുടെ ഏറ്റവും വലിയ side effect ഡിപ്രെഷൻ ആണ്.

എനിക്ക് ഡിപ്രെഷൻ വരുമ്പോൾ ഒക്കെ കൃത്യമായി ‘കശ്മലൻ ചേട്ടൻ ആണേ…’ എന്ന ഫോൺ വിളി വരും. എത്രയോ തവണ അദ്ദേഹം എന്നെ ഡിപ്രെഷന്‍റെ ആഴങ്ങളിൽ നിന്ന് പൊട്ടിച്ചിരിയുടെ അലകളിലേയ്ക്ക് ഉയർത്തിയിട്ടുണ്ട് . അദ്ദേഹത്തെ കാണുമ്പോഴൊക്കെ ഒരച്ഛൻ ഉണ്ടാവുന്നത് എത്ര നല്ലതാണെന്ന് ഞാൻ ഓർക്കാറുണ്ട്; അച്ഛൻ ഇല്ലാത്ത കുട്ടികളുടെ ജീവിതത്തിലെ ശൂന്യതയെക്കുറിച്ചും .

കേരളത്തിന് സ്വന്തമായ ബൗദ്ധിക സ്വത്ത് എന്നവകാശപ്പെടാവുന്ന വളരെ കുറച്ചു പേരെ നമുക്കുള്ളൂ – ത്രിവിക്രമൻ ചേട്ടൻ, ഹൃദയകുമാരി ടീച്ചർ എന്നിങ്ങനെ ചിലർ; പകരം വെയ്ക്കാനില്ലാത്തവർ.ashita,thrivikraman,memories

ഞാൻ അദ്ദേഹത്തെ ഏറെ ബഹുമാനിക്കുന്നത്, ആ കാലഘട്ടത്തിലെ യാഥാസ്ഥിതികരായ ആളുകൾക്കിടയിൽ അദ്ദേഹം സധൈര്യം പുലർത്തിയ വ്യത്യസ്ത ചിന്താഗതിയും ജീവിത വീക്ഷണവും കൊണ്ടാണ്. ഉദാഹരണത്തിന് എല്ലാ സ്ത്രീകളും അഞ്ചു കൊല്ലത്തേക്ക് അടുക്കള ബഹിഷ്കരിച്ചാൽ തീരാവുന്നതേ ഉള്ളു സ്ത്രീപുരുഷ സമത്വത്തിന്‍റെ പ്രശ്നം എന്ന അദ്ദേഹത്തിന്‍റെ ചിന്താഗതി ഏറെ ചിന്തോദീപകമായി എനിക്ക് തോന്നിയിട്ടുണ്ട്. ഇത് വെറുതെ പറയുക മാത്രമല്ല ജീവിതത്തിൽ നടപ്പാക്കുകയും ചെയ്യുന്നത് ഞാൻ അറിഞ്ഞിട്ടുണ്ട്.

ഒരു സ്ത്രീ എന്ന നിലയ്ക്ക് ഒരു സൗഹൃദത്തിലും ഞാൻ ഇത്രയധികം ആദരിക്കപ്പെട്ടതായി എനിക്ക് അനുഭവമായിട്ടില്ല; പരിചയക്കാരിൽ ഉന്നത വിദ്യാഭ്യാസം സിദ്ധിച്ചവരും പ്രവാസികളും സമ്പന്നരും നിരന്തരം വിദേശയാത്ര നടതുന്നവരും സ്ത്രീകൾക്ക് വേണ്ടി ഘോരഘോരം പ്രസംഗിക്കുന്നവരും ഉണ്ടെങ്കിലും.

കശ്മലൻ ചേട്ടൻ നല്ലൊരു എഴുത്തുകാരൻ കൂടിയാണ്. ചില ചില വിഷയങ്ങളുടെ കാണാപ്പുറങ്ങൾ അദ്ദേഹം എഴുതുന്നതും പറയുന്നതും ഞങ്ങളുടെ സൗഹൃദ സംഭാഷണങ്ങളെ സമ്പന്നമാക്കുന്ന ഒരു ഘടകമാണ്. കുട്ടികളോടും ചെറുപ്പക്കാരോടും ഇത്രയധികം വാത്സല്യത്തോടെ പെരുമാറുന്ന, അവർ എങ്ങിനെയാണോ അങ്ങിനെ അവരെ സ്വീകരിക്കുന്ന ഒരു പാട് പേരെ ഒന്നും ഞാൻ കണ്ടിട്ടില്ല. കശ്മലൻ ചേട്ടന്‍റെ വീട്ടിൽ ചെല്ലുന്ന ആർക്കും ആ വീട് സ്വന്തം എന്ന പോലെ അനുഭവപ്പെടും. അത് അദ്ദേഹത്തിന്‍റെ സ്‌നേഹനിർഭരമായ സാന്നിധ്യം ഒന്ന് കൊണ്ട് മാത്രമാണ്.

അദ്ദേഹത്തിന്‍റെ സംഭാഷണങ്ങളിൽ നാരായണ ഗുരുവും സ്വന്തം ഗ്രാമമായ തഴവയും അവിടത്തെ നാട്ടുകാരുമാണ് അധികം നിറഞ്ഞു നിൽക്കുക. നാരായണ ഗുരുവിനെ ഇത്ര കണ്ട് സ്നേഹിക്കുന്ന, ആ വാക്കുകളെ ഇത്ര കണ്ട് ഉപാസിക്കുന്ന, അധികം പേർ ഇപ്പോഴുണ്ടെന്ന് തോന്നുന്നില്ല. നല്ലൊരു പ്രാസംഗികനും കൂടിയാണ് അദ്ദേഹം. ‘ദൈവദശകം’ ചൊല്ലി അതിന്‍റെ ഗഹനമായ ആഴങ്ങളിലേയ്ക്ക് ഇറങ്ങി ചെല്ലുന്ന അദ്ദേഹത്തിന്‍റെ വാക്കുകൾ എനിക്ക് വെളിച്ചമായിട്ടുണ്ട്. മറക്കാനാവാത്തവരുടെ ഇടയിൽ അദ്ദേഹത്തിന് ഒരു പ്രത്യേക സ്ഥാനം നിശ്ചയമായുമുണ്ട്.

Read More: മാധവിക്കുട്ടിയെ കുറിച്ച് അഷിത എഴുതുന്നു: സ്നേഹത്തിന്റെ ഹിമാലയം, ഭാഷയുടെ ലാവണ്യം

Read More: നിത്യ ചൈതന്യയതിയെ കുറിച്ച് അഷിത എഴുതുന്നു: ഇന്നും നിലാവായും വെയിലായും ഗുരു

Read More: രഘുനാഥ് പലേരിയെ കുറിച്ച് അഷിത എഴുതുന്നു: സ്നേഹാവിഷ്ടൻ

Read More: ബാലചന്ദ്രൻ ചുളളിക്കാടിനെ കുറിച്ച് അഷിത എഴുതുന്നു: മണ്ണാങ്കട്ടയും കരിയിലയും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook