ഞാൻ മഹാരാജാസിൽ ബിഎ – ഇംഗ്ലീഷിനു ചേരുന്നത് പ്രീഡിഗ്രി പ്രൈവറ്റ് ആയി എഴുതിയ ശേഷമാണ്. മഹാരാജാസിലാണ് സുജാത ടീച്ചറെ ആദ്യമായി കാണുന്നത്. പതിവ് പോലെ വീട്ടിൽ വെയ്ക്കാൻ നിവൃത്തിയില്ലാത്തതു കൊണ്ട് എഴുതിയ കവിതകൾ ഞാൻ അസ്സൈന്മെന്റ് ബുക്കിൽ ഒളിപ്പിച്ചിരുന്നു. പക്ഷെ പതിവിന് വിപരീതമായി സുജാത ടീച്ചർ ഓരോ പുസ്തകവും നോക്കുകയും അതിലൊളിപ്പിച്ച എന്റെ ഇംഗ്ലീഷ് കവിതകൾ കാണുകയും ചെയ്തു. “കവിതകൾ എഴുതുന്നത് കൊള്ളാം പക്ഷെ അറ്റെൻഷൻ കിട്ടുവാനായി അവ ടീച്ചർക്കുള്ള അസൈൻമെന്റിൽ വെയ്ക്കുന്നത് നല്ലതല്ല,” എന്ന രൂക്ഷമായ വാക്കുകളോടെ ടീച്ചർ കവിതകൾ മടക്കിയത് ഞാൻ ഇന്നും ഓർക്കുന്നു. എന്റെ വീട്ടിലേതു പോലെ, ടീച്ചർ അവ കീറിക്കളഞ്ഞില്ലല്ലോ എന്നായിരുന്നു എന്റെ ആശ്വാസം.

ടീച്ചർ ഞങ്ങൾക്ക് ബ്രിട്ടീഷ് ഹിസ്റ്ററി ആണ് പഠിപ്പിച്ചിരുന്നത്. ഒരു ദിവസം ഉച്ചക്ക് ഭക്ഷണം ഇല്ലാതെ വിശന്നിരിക്കുന്ന എന്നെ കണ്ട് ടീച്ചർ വിളിച്ച് വിവരം തിരക്കി. അന്ന് മുതൽ തുടങ്ങിയതാണ് ടീച്ചറുമായുള്ള അടുപ്പം. ബിഎക്കു ഞാൻ ചേർന്നത് പഠിക്കാനാഗ്രഹമുണ്ടായിട്ടോ സാഹിത്യത്തിൽ താൽപര്യമുള്ളത് കൊണ്ടോ ആയിരുന്നില്ല; വീട്ടിലിരിക്കാൻ പറ്റാത്തത് കൊണ്ടായിരുന്നു. പഠിത്തം മുഴുവനാക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. ഇടയ്ക്കു വച്ച് പഠിത്തം നിർത്തണമെന്നും അച്ഛനമ്മമാരെ നന്നായൊന്നു ദുഃഖിപ്പിക്കണമെന്നും മാത്രമേ ജീവിതത്തിലെ ഒരേയൊരു ലക്ഷ്യമായി ബാക്കി ഉണ്ടായിരുന്നുള്ളു.

കുത്തഴിഞ്ഞ ചീട്ടുകെട്ടു പോലെ താറുമാറായി കിടക്കുന്ന ജീവിതം. ഭാവി ഇരുണ്ടതും ശോകമൂകവും. ഇതിലേയ്ക്കാണ് സുജാത ടീച്ചർ നടന്നു കയറിയത്.

sujatha teacher,memories,pk ashita

സുജാത ടീച്ചര്‍

ഏതോ ഒരു ഉൾപ്രേരണയാൽ എന്ന പോലെ എന്റെ ചാർജ് സുജാത ടീച്ചർ ഏറ്റെടുത്തു. പിൽക്കാലത്ത്, എന്ത് കൊണ്ടാണ് ടീച്ചർ അങ്ങനെ ഒരു സാഹസത്തിനു മുതിർന്നതെന്ന് ടീച്ചറോട് ചോദിച്ചിട്ടുണ്ട്. “അറിയില്ല” എന്ന ഉത്തരമാണ് വളരെ ആലോചിച്ച ശേഷം ടീച്ചർ പറഞ്ഞത്. ഞാൻ ഓരോ വർഷവും പരീക്ഷ എഴുതുന്നുണ്ടെന്ന് ടീച്ചർ ഉറപ്പു വരുത്തി. ഓരോ ക്ലാസ്സിലും ഞാൻ ഉണ്ടായിരുന്നുവോ, ഇല്ലേ എന്നും ടീച്ചർ കണ്ടു പിടിച്ചു. ക്ലാസ് കട്ട് ചെയ്തു നടക്കാൻ നിവൃത്തിയില്ലാതെയായി. സാരി തുമ്പിന്റെ അറ്റം കണ്ട് ക്ലാസ് കട്ട് ചെയ്ത എന്നെ പിടികൂടിയിട്ടുണ്ട്.

രണ്ടാം വർഷ ബിഎക്ക് പഠിക്കുമ്പോൾ, ടിസി വാങ്ങിച്ചു പഠിത്തം നിർത്തി പോകാൻ, ആരുമറിയാതെ പതുങ്ങി ഓഫീസ് റൂമിൽ ചെന്നപ്പോൾ കൃത്യം ചെന്ന് ചാടിയത് സുജാത ടീച്ചറുടെ മുന്നിൽ.

“എന്താ ഇവിടെ” എന്ന ചോദ്യത്തിന്, വിറച്ചു വിറച്ച് സ്കോളർഷിപ്പിനെക്കുറിച്ച് അന്വേഷിക്കാനാണെന്ന് പറഞ്ഞ് തടിയൂരാൻ നോക്കിയതും “എന്ത് സ്കോളർഷിപ്പ്? ആർക്കു സ്കോളർഷിപ്പ്? ഇത് സ്കോളർഷിപ്പ് വരണ്ട സമയമല്ലല്ലോ. ഇങ്ങു വന്നേ,” എന്ന് പറഞ്ഞ് എന്നെയും കൊണ്ട് നേരെ ടീച്ചറുടെ വീട്ടിലേയ്ക്ക് പോയതും ക്രോസ്സ്‌ എക്‌സാമിൻ ചെയ്ത് ചെയ്ത് ടിസി വാങ്ങിക്കാനാണ് പോയതെന്ന സത്യം പുറത്തു ചാടിപ്പിച്ച് കൊട്ടക്കണക്കിന് ചീത്ത ചൊരിഞ്ഞതും ഇന്നലെ കഴിഞ്ഞ പോലെ. വീട്ടുകാരെ പേടിച്ച് വീട്ടിലിരിക്കാനും ടീച്ചറെ പേടിച്ച് കോളേജിൽ പോകാനും വയ്യാത്ത അവസ്ഥയായി എന്റെ. ഒരു വശത്തു ഞാൻ ടീച്ചറെ കഠിനമായി വെറുത്തു. വീട്ടുകാർ എല്ലാ പരാതിയും ടീച്ചറുടെ അടുത്തായിരുന്നു എത്തിച്ചിരുന്നത്. ടീച്ചർ ആവട്ടെ നിർദ്ദാക്ഷിണ്യം എന്നെ കുരിശിൽ തറച്ചു കൊണ്ടിരുന്നു. മറുവശത്ത് ഞാൻ ടീച്ചറെ അഗാധമായി സ്നേഹിച്ചു. ജീവിതത്തിൽ ആദ്യമായി ഒരാൾ, ചീത്ത പറഞ്ഞാലും, എന്റെ എഴുത്തിലും എന്റെ ഭാവിയിലും ഉത്കണ്ഠ പ്രകടിപ്പിച്ചു കാണുകയായിരുന്നു.

ashitha, malayalam writer, balachandran chullikkadu

അഷിത (പഴയകാല ചിത്രം)

ഞാൻ അക്കാലത്ത് എഴുതിയിരുന്ന – അതായത്, കൊല്ലത്തിലൊരു കഥ – ഓരോ കഥയേയും ടീച്ചർ നിർദ്ദയം വലിച്ചു കീറി ചുവരിലൊട്ടിച്ചു. എല്ലാ കഥകളിലും രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും അല്ലെങ്കിൽ രണ്ടു സ്ത്രീയും ഒരു പുരുഷനും എന്നതാണ് എന്റെ സ്ഥിരം ഫോർമുല എന്ന് ടീച്ചർ കണ്ടുപിടിച്ച് പറഞ്ഞു; തങ്കപ്പനും തങ്കമ്മയുമായി ഇതെല്ലം പണ്ടേ മുട്ടത്ത് വർക്കി എഴുതി വച്ചിട്ടുണ്ട് എന്നും ആരോപിച്ചു. അങ്ങനെ ഓരോ കഥയ്ക്കും ഞാൻ നാണം കെട്ടു. കഥ എഴുത്ത് നിർത്താൻ, ഓരോ കഥ വരുമ്പോഴും ആത്‍മഹത്യ ചെയ്യാൻ ഒക്കെ ഞാൻ തീവ്രമായി അഭിലഷിച്ചു. ഒരുപക്ഷെ, ടീച്ചർ അത്ര രൂക്ഷമായി എന്റെ കഥകളെ വിമർശിച്ചിരുന്നില്ലെങ്കിൽ ഇതിലും കൂടുതൽ കഥകൾ എഴുതുമായിരുന്നേനെ എന്ന് ഇപ്പോൾ തോന്നുന്നുണ്ട്.

Sujatha Teacher 1

എല്ലായ്‌പ്പോഴും ടീച്ചർ ഇത്രയ്ക്ക് നിർദ്ദാക്ഷിണ്യം പെരുമാറിയിരുന്നു എന്നല്ല . കോളേജിലെ എല്ലാ തോന്നിവാസങ്ങൾക്കും ടീച്ചർ രക്ഷകയായി പുറകിൽ നിന്നിട്ടുണ്ട്. എനിക്ക് വേണ്ടി വക്കാലത്ത് പറഞ്ഞ ആദ്യത്തെ ആളാണ് ടീച്ചർ. ഒരിക്കൽ ഫ്ലോറെൻസ് ടീച്ചറുടെ ക്‌ളാസിൽ കയറി ടീച്ചർ ആണെന്ന് പ്രീഡിഗ്രിക്കാരെ വിശ്വസിപ്പിച്ച് ക്ലാസ് എടുത്തതിന് വീട്ടിൽ നിന്നുള്ള കത്തുമായി വരാൻ ശിക്ഷ കിട്ടിയപ്പോൾ ടീച്ചർ ഇടപെട്ടാണ് ഞാൻ ക്ലാസ്സിൽ തിരിച്ച് കയറിയത്.

ബിഎക്കും എംഎക്കും ക്ലാസ്സോടെ പാസ്സ് ആയത്, കൈയ്യോടെ കുട്ടി കൊണ്ട് പോയി വാങ്ങിച്ചു തന്ന കാളിദാസ കൃതികൾ എന്ന പുസ്‌തകം, കറുത്തതായതു കൊണ്ട് ചുവപ്പു നിറം ധരിക്കാൻ വീട്ടിൽ വിലക്കുണ്ടായിരുന്ന എനിക്ക് “ഐ ഹാവ് നെവർ സീൻ യു ഇൻ റെഡ്” എന്ന് പറഞ്ഞ് ഒരു ഓണത്തിന് സമ്മാനിച്ച ചുവന്ന സാരി, എവിടെയോ ദൂര യാത്ര കഴിഞ്ഞ് എനിക്കായി കരുതിയ കുറച്ച് സ്ലൈഡുകൾ, ഇവയെല്ലാം എന്റെ നിശ്ശൂന്യമായ ജീവിതത്തിന് ഒരമ്പരപ്പിക്കുന്ന ഭംഗിയേകിയിരുന്നു.

ഞാൻ അമ്മ ആവാൻ ഒരുങ്ങുന്നു എന്ന സന്തോഷവർത്തമാനം എന്റെ അമ്മയെ അറിയിക്കും മുൻപ് ഞാൻ അറിയിച്ചത് ടീച്ചറെ ആണ്.

എന്റെ മകൾ ഈ ഭൂമിയിൽ ആദ്യം ധരിച്ച വെള്ള കുപ്പായം ടീച്ചർ കൊണ്ട് വന്നതാണ്. അത്ര മേൽ അഗാധവും വാത്സല്യഭരിതവുമായ ഒരു ബന്ധം എന്റെ ജീവിതത്തിൽ ആദ്യത്തേതും അവസാനത്തേതും ആയിരുന്നു. മലയാള സാഹിത്യത്തിലേക്ക് പടി കയറ്റി വിട്ടത് ടീച്ചറാണ്. ‘ആരോഗ്യ നികേതനം’, ‘യയാതി’, ബംഗാളി നോവലുകൾ, സിപി സ്നോ, കാതറിൻ മാൻസ്ഫീൽഡ് എന്നിവരെയൊക്കെ ഞാൻ പരിചയപ്പെട്ടത് ടീച്ചറിലൂടെ ആണ്. “മാധവിക്കുട്ടിയുടെ കഥകൾ വായിക്കാതെ ആരും മലയാളത്തിൽ എഴുത്തുകാരി ആവാമെന്ന് വിചാരിക്കേണ്ട” എന്ന ടീച്ചറുടെ ശകാരം കേട്ടിട്ടാണ് ഞാൻ ആദ്യമായി എന്റെ മുപ്പതുകളിൽ മാധവിക്കുട്ടിയെ വായിച്ചത്.

പ്രവാസ ജീവിതം കഴിഞ്ഞെത്തിയ വിദ്യാർത്ഥിയായി മഹാരാജാസിൽ പ്രവേശിച്ച എനിക്ക് മലയാളം കവിതകൾ ഈണത്തിലും താളത്തിലും ചൊല്ലാനാവുന്നവയെന്ന് പാടി മനസ്സിലാക്കി തന്നത് സുജാത ടീച്ചറാണ്. കവിത പെയ്ത ദിവസങ്ങളുണ്ടായിരുന്നു. “ആകാശവുമെന്റെ മനസ്സും,”  “ഇലത്താളം തിമില മദ്ദളം” എന്നിവയൊക്കെ കേട്ട് ഞാൻ മുഗ്ദയായി ഇരുന്നിട്ടുണ്ട് . എത്രയോ കവിതകൾ ടീച്ചർ പാടി കേൾപ്പിച്ചിട്ടുണ്ട്. അതെന്റെ ഗദ്യ രചനയെ സ്വാധീനിച്ചിട്ടുമുണ്ട്. പക്ഷെ ഒരിക്കലും മാധവിക്കുട്ടി എന്നെ രൂപപ്പെടുത്തിയ രീതിയിലായിരുന്നില്ല സുജാത ടീച്ചർ എന്നെ വാർത്തെടുത്തത്. എന്റെ കഥകളെ കുറിച്ച് “കൊള്ളാം” എന്നതിനപ്പുറം ഒരു നല്ല വാക്കും ടീച്ചർ പറഞ്ഞതായി എന്റെ ഓർമ്മയിലില്ല. അത് എനിക്കന്നു പക്ഷെ വീട്ടുകാരുടെ ആക്ഷേപവും പീഡനവും നോക്കുമ്പോൾ അമൂല്യമായിരുന്നു.

Sujatha Teacher with grand daughter

കൊച്ചുമകള്‍-ക്കൊപ്പം സുജാത ടീച്ചര്‍

ഒരു കാലത്ത് ടീച്ചറിൽ ഊന്നിയാണ് ഞാൻ ജീവിതത്തിന്റെ സങ്കടക്കടൽ തുഴഞ്ഞു കയറിയത്. ഒരു കടലിനെ ഉള്ളിൽ പേറി നടന്ന ആ കാലം! എല്ലാ വഴികളും അടഞ്ഞപ്പോൾ അവസാനത്തെ വഴിയായി മുന്നിൽ തെളിഞ്ഞതാണ് സുജാത ടീച്ചർ.

 

കാലം കടന്നു പോകവേ ആ ബന്ധവും ആ പരിചയവും ആ സ്നേഹത്തിന്റെ അഗാധതയും വാത്സല്യത്തിന്റെ ചൂടും എല്ലാം ഒരു കുത്തൊഴുക്കിൽ മറഞ്ഞു പോയി. എങ്കിലും ഇന്നും അത്യധികം ആദരവോടെയും കൃതജ്ഞതയോടെയും, പഠിപ്പിച്ച പാഠങ്ങൾക്ക് അത്യധികമായ നന്ദിയോടെയും സ്മരിക്കുന്ന പേരുകളിൽ ഏറ്റവും ആദ്യത്തേത് സുജാത ടീച്ചറുടേത് ആണ്.

മറക്കാനാവാത്തവർ പംക്തിയിലെ മറ്റു ലേഖനങ്ങൾ വായിക്കാം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ