മാധവിക്കുട്ടി എന്ന പേര് ഞാൻ ആദ്യം കേൾക്കുന്നത് നാലഞ്ചു വയസ്സുള്ളപ്പോഴാണ്. മീന മാസത്തിലെ ഒരുച്ച. ഉച്ച വെയിൽ കണക്കാക്കാതെ ഞങ്ങൾ, തറവാട്ടിലെ കുട്ടികൾ, ‘ഒളിച്ചു-കണ്ടു’ കളിക്കുകയായിരുന്നു . ഒളിച്ച് ഒളിച്ച് ഞാൻ ഇരുണ്ട ഇടനാഴിയിലെ അലമാരക്കുള്ളിൽ കയറിക്കൂടി. ഇടനാഴിയിൽ വിശറി കൊണ്ട് വീശി, തറവാട്ടിലെ സ്ത്രീകൾ ഊണ് കഴിഞ്ഞുള്ള ഉച്ച മയക്കത്തിന് കിടക്കുന്നുണ്ടായിരുന്നു.
അപ്പോഴാണ് ‘ഈ ബാലാമണിയമ്മയ്ക്ക് ഒരു മകളുണ്ട്. കൽക്കത്തയിലാത്രേ’ എന്ന് അമ്മ പറയുന്നത് കേട്ടത്. അപ്പോൾ അമ്മൂമ്മ ചോദിച്ചു ‘ആർക്ക്? നമ്മടെ നാലപ്പാട്ടെ ബാലാമണിയമ്മയ്ക്കോ?’
അമ്മ പറഞ്ഞു ‘ആ! അവരെ പോലൊന്ന്വല്ല , മാധവികുട്ടീന്നാത്രേ പേര്. എഴുതണതൊക്കെ തോന്ന്യാസാ.’ അലമാരയ്ക്കുള്ളിൽ ഇരിക്കുന്ന ഞാൻ, അപ്പോഴാണ് തൊട്ടടുത്തിരിക്കുന്ന ഗ്ളൂക്കോസ് പൊടിയുടെ പാക്കറ്റിൽ കയ്യിട്ടതും, ‘മാധവിക്കുട്ടി’ എന്ന പേര് കേട്ടതും.
ഗ്ളൂക്കോസ് വാരി തിന്നു കൊണ്ട് ഞാൻ അമ്മയുടെ വാക്കുകൾ ചെവിയോർത്തു. ‘ആ തറവാട്ടിൽ ഇങ്ങനെ ഒരു കുട്ടി ഇണ്ടായില്ലേ! അതും ബാലാമണിയമ്മയ്ക്ക! കഷ്ടം തന്നെ!’ അങ്ങനെ ആ സംഭാഷണം നീണ്ടു പോയി. മാധവിക്കുട്ടി എന്ന പേരിനെ കുറിച്ചാലോചിച്ചു കൊണ്ട് ഗ്ളൂക്കോസ് തിന്ന് തിന്ന് ഞാൻ മയങ്ങി വീണു.
എന്തു കൊണ്ടാണ് ആ ചെറുപ്രായത്തിലെ ഓർമ്മ ഇന്നും എന്നെ പിന്തുടരുന്നത്?
എങ്ങിനെയാണ് മാധവിക്കുട്ടി എന്ന പേരിൽ ഗ്ളൂക്കോസ് മധുരത്തിനോടൊപ്പം ഒരഞ്ചു വയസ്സുകാരിയുടെ ശ്രദ്ധ ഉടക്കി നിന്നത്? അറിയില്ല.
അതിനു ശേഷം ഞാൻ ഡൽഹിയിലേയ്ക്കും ബോംബേയിലേയ്ക്കും പറിച്ചു നടപ്പെട്ടു. മീന വെയിലും ഇടനാഴിയുടെ തണുപ്പും പുളിമരച്ചോട്ടിലെ കളികളും വിശറിയുടെ കാറ്റും ഗ്ളൂക്കോസ് മധുരവും മാധവിക്കുട്ടിയും മറന്നേ പോയി. പകരം ഇംഗ്ലീഷിൽ ചിന്തിക്കുന്ന ഒരു കുട്ടിയായി രൂപാന്തരം പ്രാപിച്ചു. അങ്ങനെ ബോംബേയിൽ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഞാൻ കാണുകയാണ് – അച്ഛൻ ഓഫീസിൽ നിന്ന് കൊണ്ടു വന്ന ‘Current’ എന്ന ടാബ്ലോയിഡിൽ -അതോ ‘Blitz’ ലോ? ഓർമയില്ല -അവരുടെ ‘My Story’ അച്ഛനും അമ്മയും ഉത്സാഹത്തോടെ വായിക്കുന്നത്.
ഞങ്ങൾ കുട്ടികളെ അവർ വായിക്കാൻ സമ്മതിച്ചതുമില്ല. അത് രഹസ്യമായി തപ്പിച്ചു വായിച്ചപ്പോഴാകട്ടെ ഒന്നും ഒന്നും മനസ്സിലായതുമില്ല. അന്നാണ് ഞാൻ അവരുടെ ഫോട്ടോ ആദ്യമായി കണ്ടത്. അത് പ്രസിദ്ധീകരിച്ചു വരുന്നയിടയ്ക്ക് തന്നെ അമ്മ ഞാൻ എഴുതുന്ന കവിതകൾ പിച്ചിച്ചീന്താനും, ‘മാധവിക്കുട്ടിയെ പോലെയാവാമെന്ന് വ്യാമോഹിക്കണ്ട’ എന്ന് ഭീഷണിപ്പെടുത്താനും തുടങ്ങിയിരുന്നു.
മാധവിക്കുട്ടിയെ കൊണ്ട് ജീവിക്കാൻ പറ്റാതെ ഒരു എട്ടാം ക്ലാസ്സുകാരി സ്വൈരം കെട്ടു. എഴുതുന്ന കവിതകൾ അമ്മ കാണാതിരിക്കാൻ കോമ്പോസിഷൻ നോട്ടുബുക്കിന്റെ പിൻവശത്തെ കവറിൽ സൂക്ഷിക്കുക എന്ന കള്ളത്തരം എന്നെ പഠിപ്പിച്ചത് മാധവിക്കുട്ടിയാണ്. കോമ്പോസിഷൻ ബുക്കുകൾ എപ്പോഴും ടീച്ചർമാരുടെ മേശപ്പുറത്തായിരിക്കുമല്ലോ.
Read Here: കമലയുടെ കബറിടം കാണാന്‍ പോയവര്‍

അന്ന് തുടങ്ങിയതാണ് എന്റെ ഒളി ജീവിതവും ഒളിപ്പോരും. ആ ഇടയ്ക്കു തന്നെ ‘My Story’ യുടെ ഒരു ലക്കം വായിച്ച ശേഷം അമ്മ എന്നെ കൊണ്ട് ഒരു ഭീഷ്മ പ്രതിജ്ഞ എടുപ്പിക്കുകയുണ്ടായി. ‘യാതൊരു കാരണവശാലും ആരെങ്കിലും പ്രേമിക്കുകയോ അച്ഛനമ്മമാർ പറയുന്ന ആളെ അല്ലാതെ വിവാഹം കഴിക്കുകയോ ചെയ്യില്ല’. എട്ടാം ക്ലാസ്സുകാരിക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ട കാര്യമില്ലായിരുന്നു. വെറുതെ പറഞ്ഞാൽ പോരാ കയ്യിലടിച്ചു സത്യം ചെയ്യണമെന്നായി അമ്മ. അങ്ങനെ മാധവിക്കുട്ടി എന്നെ കൊണ്ട് ഗ്ലുക്കോസിന്റെ മധുരം ഒട്ടുമില്ലാത്ത ഒരു ഭീഷ്മ പ്രതിജ്ഞ എടുപ്പിച്ചു.
അപ്പോഴും എന്റെ മുകളിൽ ഡെമോക്ലിസിന്റെ വാള് പോലെ നിൽക്കുന്ന ഈ മാധവിക്കുട്ടി ആരാണെന്നോ എന്ത് ചെയ്യുന്നുവെന്നോ എനിക്കറിയില്ലായിരുന്നു.
അതിനു ശേഷം എത്രയോ കാലം കഴിഞ്ഞ് മാധവിക്കുട്ടിയും ഞാനും തിരുവനന്തപുരത്തെ ശാസ്തമംഗലത്ത് മെയിൻ റോഡിന്റെ ഇരുവശത്തായി താമസിക്കാൻ ഇടയായി. ഞാൻ വല്ലപ്പോഴുമൊക്കെ എഴുതുന്ന എഴുത്തുകാരി. അവർ മലയാള സാഹിത്യത്തിൽ ജ്വലിച്ചു നിൽക്കുന്ന കാലം. അവർ വലിയൊരു ബംഗ്ളാവിൽ, ഞാൻ ചെറിയൊരു വാടക വീട്ടിൽ.
അമ്മയുടെ ഭീഷണി കൊണ്ടോ എന്തോ ഞാൻ ഒരിക്കലും അവരെ ചെന്ന് കാണുകയുണ്ടായില്ല. അങ്ങനെ ഇരിക്കെ അവരുടെ ദൂതുമായി ഒരാൾ വന്നു, വീട്ടിലേക്കു വരാൻ ക്ഷണിച്ചു കൊണ്ട്. ഞാൻ പറഞ്ഞു, ‘ഞാൻ എവിടെയും പോകാറില്ല, എനിക്കാരെയും കാണണ്ട.’ അപ്പോൾ ദൂതൻ പറഞ്ഞു, ‘മകളെ സ്കൂൾ വിട്ടു പോകുവാൻ ഇതിലെ വരും എന്ന് കേട്ടിട്ടുണ്ട്, അങ്ങിനെയെങ്കിൽ ഞാൻ വഴിയരികിൽ നിന്ന് ഒന്ന് കണ്ടോട്ടെ?’ എന്ന് മാധവിക്കുട്ടി ചോദിച്ചതായി. ഞാൻ തലക്കടിയേറ്റ പോലെ സ്തബ്‌ധയായി ഇരുന്നു.
പിന്നെ ആകെ അടി തെറ്റി, നില തെറ്റി ഞാൻ കോയിൻ ബോക്സിൽ കോയിൻ ഇട്ട് അവരെ ഫോൺ വിളിക്കുകയാണ്. അപ്പോൾ അവർ പറയുകയാണ് ‘ആയ് ആയ്.. എന്താത് ഇത്ര അടുത്ത് താമസിച്ചിട്ട് ഫോൺ വിളിക്ക്യേ…? നേരിട്ട് വര്യല്ലേ ചെയ്യ? അങ്ങനെ അല്ലെ മിടുക്കി കുട്ട്യോള്?’
നിരായുധയായി ഞാൻ അവരുടെ വീട്ടിലേയ്ക്ക് കയറി ചെന്നു. അങ്ങനെ ആണ് മലയാള ഭാഷയുടെ ആ ലാവണ്യത്തെ ഞാൻ നേരിൽ കണ്ടത്.
പുതുതായി എഴുതി തുടങ്ങുന്ന ഏതൊരു എഴുത്തുകാരനും ആദ്യം അനുഭവപ്പെടുന്ന സങ്കടം തന്റെ മുൻഗാമി കൈവരിച്ച ഔന്നത്യത്തെ എങ്ങിനെ മറികടക്കുമെന്നതാണ്. എന്റെ മുന്നിൽ മാധവിക്കുട്ടി മന്ദഹസിച്ചു കൊണ്ട് ഹിമാലയം പോലെ നില കൊണ്ടു. മലയാളികളും സാഹിത്യവും അവരെ ഉറ്റുനോക്കി കൊണ്ടിരുന്ന കാലം. എനിക്ക് വേറിട്ടൊരു പാത, വേറിട്ടൊരു ഭാഷ, വേറിട്ടൊരു ശൈലി, വേറിട്ടൊരു ജീവിത വീക്ഷണം ഇതെല്ലാം വേണ്ടിയിരുന്നു. അതു കൊണ്ട് തന്നെ തുടക്കം മുതൽ അവരെന്നെ എത്ര നെഞ്ചോടു ചേർത്തുവോ, അത്രയ്ക്കും പിടഞ്ഞു മാറിയ, ഒരു നേർത്ത വിരോധം ഉള്ളിൽ കൊണ്ട് നടന്ന ഒരു കുട്ടിയായിരുന്നു ഞാൻ.
എത്രയോ തവണ ഞാൻ പിണങ്ങി ഇറങ്ങി പോന്നിട്ടുണ്ട്; എത്രയോ തവണ അവർ എന്റെ പിന്നാലെ ഇറങ്ങി വന്നിട്ടുണ്ട്. എത്രയോ തവണ അവർ പിന്നാലെ ഓടി വന്ന്, ‘നോക്ക് , ഈ വയസ്സുകാലത്തു ഞാൻ ചെരിപ്പിടാതെ നിന്റെ പിന്നാലെ ഓടി വന്നത് കണ്ടില്ലേ’ എന്ന് പരിഭവിച്ചിട്ടുണ്ട്.
എഴുതിയാൽ പോരാ മാർക്കറ്റിങ് നടത്തണമെന്ന് എന്നെ നിരന്തരം നിർബന്ധിച്ചിരുന്ന ആളാണ് മാധവിക്കുട്ടി. ഞാനതിനു വഴങ്ങാത്തപ്പോൾ ദേഷ്യപ്പെട്ടിട്ടുണ്ട്. പുസ്തകങ്ങൾ തിരഞ്ഞെടുത്തു എന്നെ കൊണ്ട് വായിപ്പിച്ചിട്ടുണ്ട്. തുർഗനേവിനേക്കാളും ഇഷ്ടം ചെക്കോവിനെയാണ് പറഞ്ഞ് പുസ്തകം മടക്കി കൊടുത്തപ്പോൾ പൊട്ടിച്ചിരിച്ചു എന്നെ ചേർത്ത് പിടിച്ച് ‘ഇവിടത്തെ നിരൂപകർ കേൾക്കണ്ട!’ എന്ന് പറഞ്ഞതും, ആഴ്ചയിൽ ഒരു കഥ വീതം എഴുതണമെന്ന് നിർബന്ധിച്ചിരുന്നതും, രചനയാണ് പ്രോഡക്റ്റ്, പേരും പണവും പ്രശസ്തിയും അവാർഡുകളും എല്ലാം ബൈ-പ്രോഡക്ടസ് മാത്രമാണ് എന്ന് പഠിപ്പിച്ചതും, എഴുത്തുകാർക്ക് രണ്ടു കുടുംബമുണ്ട് – സിൽവിയ പ്ലാത്ത് മുതൽ ഇങ്ങോട്ടുള്ളവരുടെയൊക്കെ ജനിതകം പേറുന്ന ഒരു എഴുത്തുകാരിയും പിന്നെ ബയോളോജിക്കലായി വരുന്ന ജനിച്ച കുടുംബവും, എന്നെല്ലാം പറഞ്ഞു തന്നതും.
അങ്ങനെ എന്റെ എല്ലാ പ്രതിരോധങ്ങളെയും തകർത്ത് എന്റെ മെന്റർ ആയി നിന്ന ഒരേ ഒരു വ്യക്തിയാണ് മാധവിക്കുട്ടി.
Read Here: എന്റെ ഉള്ളിലെ പ്രണയത്തിന്റെ സംഗ്രഹമാണ് മാധവിക്കുട്ടി
ഞാൻ അവരെ സ്നേഹിച്ചതിലും ഇരട്ടിയായി, നിരുപാധികമായി അവർ എന്നെ സ്നേഹിച്ചു. ഞാൻ അത് ഒരിക്കലും അറിഞ്ഞുമില്ല. മീനമാസത്തിലെ തിരുവോണംകാരായിരുന്നു ഞങ്ങൾ. ഒരുമിച്ചു പിറന്നാൾ ആഘോഷിക്കുന്നതിൽ ഗൂഢമായ ഒരു ആനന്ദത്തോടെ ആമിയോപ്പു എന്നോട് പറയും. ‘അടുത്ത ജന്മം എനിക്ക് മകളായി വരണംട്ടോ.’ അത് കേട്ട് യതി പറയുകയുണ്ടായി ‘മാധവിക്കുട്ടി അനുഗ്രഹിച്ചതു നന്നായി. അനുഗ്രഹം കൊടുക്കാനും വാങ്ങാനും കെൽപ്പുളള ഒരേ ഒരു ജീവി മനുഷ്യനാണ്…’
രണ്ടു എഴുത്തുകാർ എന്ന നിലയിൽ ഞങ്ങൾ പരസ്പരം ധാരാളം കൊടുക്കൽ വാങ്ങലുകൾ നടന്നിട്ടുണ്ട്. എന്റെ ‘വാരാന്ത്യങ്ങൾ’ എന്ന കഥയിൽ ‘അലക്കുകാരന്റെ മഷി വീണ’ എന്ന ഉപമ മാധവിക്കുട്ടി ഇട്ടതാണ്. അത് പോലെ ‘നിന്റെ ഒരു സംഗതി ഞാൻ കഥയിൽ പ്രയോഗിച്ചുട്ടോ’ എന്ന് ഒരു ഈഗോയും ഇല്ലാതെ എന്നെ പോലെ ഒരു ചെറിയ ആളോട് പറയാൻ അവർക്കു കഴിഞ്ഞിരുന്നു. അത് ഇപ്പോൾ എന്നെ അതിശയിപ്പിക്കുന്നുണ്ട്.
പക്ഷേ എഴുത്തുകാർ എന്ന നിലയിൽ ഞങ്ങൾ ചേരാത്ത ഇടങ്ങളും ഉണ്ടായിരുന്നു. ‘വാരാന്ത്യങ്ങൾ’ എന്ന കഥയാണ് എന്റെ ഏറ്റവും മികച്ച കഥയായി അവർ കണ്ടത്. എനിക്കേറ്റവും ഇഷ്ടമില്ലാത്ത എന്റെ കഥ ‘വാരാന്ത്യങ്ങൾ’ ആണ്. ജാനുവമ്മയുടെ കഥകൾ മലയാളത്തിലെ ക്ലാസിക് ആണെന്ന് അവർ എന്നോട് വാദിക്കുമായിരുന്നു; അത് പൈങ്കിളി സാഹിത്യമാണെന്ന് ഞാനും.
‘നിനക്ക് അസൂയയാണ്’ എന്ന് അവരും ‘എനിക്ക് തലക്ക് വെളിവുണ്ടെന്ന്’ ഇരട്ടി വീറോടെ ഞാനും. എന്റെ കോപം ശമിക്കാൻ പാടായിരുന്നു. എല്ലാ തർക്കങ്ങളും എന്നെ ചേർത്ത് നിർത്തി, ഉറക്കെയുള്ള അവരുടെ പൊട്ടിച്ചിരിയിലാണ് അവസാനിച്ചിരുന്നത്. അല്ലെങ്കിൽ, ‘മോരൊഴിച്ച കൂട്ടാനും കയ്പക്ക കൊണ്ടാട്ടവുമായി നീയെന്നെ എന്ന് ഉണ്ണാൻ വിളിക്കും?’ എന്ന വാത്സല്യ നിർഭരമായ അപ്രതീക്ഷിത ചോദ്യത്തിൽ.
മിക്ക ദിവസവും ഉച്ചക്ക്, ദാസേട്ടൻ അറിയാതെ, നടക്കാവുന്ന ദൂരമുള്ള എന്റെ ചെറിയ വീട്ടിലേയ്ക്ക് കാർ എടുത്ത് അവർ വരുമായിരുന്നു. നടക്കാവുന്ന ദൂരം കാറിൽ വരുന്നതിനെ ചൊല്ലി ഞാൻ കളിയാക്കുമ്പോൾ ഒരു ചക്രവർത്തിനിയുടെ ഗാംഭീര്യത്തോടെ എന്റെ വീട്ടിലെ പൊട്ടിപൊളിഞ്ഞ ഒതുക്കുകൾ കയറി അവർ പറയും, ‘റോഡിൽ അത്രയും ചളിയും തുപ്പലും ആയിരിക്കും, എനിക്ക് വല്ല രോഗവും വരും!’ ഇങ്ങനെ അവരുടെ അകാരണമായ ഭയങ്ങളും അത്യുന്നതങ്ങളിലുള്ള പൊട്ടിച്ചിരിയും ഏകാന്തതയിലെ കണ്ണുനീരും ബാലിശമായ ചില പരാതികളും അവർക്കു ഒരു പ്രഹേളികയുടെ ചന്തം നൽകി.
‘നീയും ബാലനും ഒരുപാട് വിശേഷണങ്ങൾ ഉപയോഗിക്കും. വിശേഷണങ്ങൾ ഇല്ലാതെ എഴുതാൻ പഠിക്ക്. ഒറ്റ ഒരു വാക്ക്. അതിൽ വരണം ആകാശവും ഭൂമിയും’ എന്ന് നിരന്തരം അവർ പറയുമ്പോൾ ഞാൻ മറുചോദ്യം ചോദിക്കും. ‘വാക്കിന്റെ എല്ലാ സാധ്യതകളും ആമിയൊപ്പു എടുത്ത് അമ്മാനമാടിയാൽ പിന്നെ ബാലനും ഞാനും അതല്ലാതെ എന്ത് ചെയ്യും?’
അപ്പോൾ നിരാശയോടെ അവർ പറയുമായിരുന്നു, ‘മാധവിക്കുട്ടി എന്ന സ്ത്രീ 50 നല്ല കഥകൾ എഴുതിയാലേ വിജയന്റെ ഒരു നല്ല കഥയ്ക്കൊപ്പം പരിഗണിക്കപ്പെടൂ. എഴുത്തിന്റെ ലോകം പുരുഷന്മാരുടേതാണ് കുട്ട്യേ’
ഇങ്ങനെ, പറയുന്തോറും ഇരട്ടിക്കുന്ന ഓർമകളാണ് ഇപ്പോൾ ആമിയോപ്പു. എത്രമാത്രം ആനന്ദത്തോടെയാണ് തന്റെ കണ്മുന്നിൽ ഒരു ചെറിയ എഴുത്തുകാരി വളരുന്നത് അവർ നോക്കി നിന്നത്! എന്തൊരു ഗാഢമായ ബന്ധമായിരുന്നു അത്. സത്യമായും ആരുമല്ലാത്തവർ നീട്ടുന്ന നാരങ്ങാ മിഠായികളിൽ തന്നെയാണ് ജീവിതത്തിന്റെ മാധുര്യമിരിക്കുന്നത്. I miss you Ami Oppu.
Read Here: എന്റെ കവയിത്രി