Manu S Pillai’s The Ivory Throne Author to be Produced as Web Series: ആദ്യ പുസ്തകമായ ‘ദി ഐവറി ത്രോൺ’ ഒരു വെബ് സീരീസ് ആകുന്നതിന്റെ എക്സൈറ്റ്മെന്റിലാണ് മനു എസ് പിള്ള. ഹാർപ്പർ കോളിൻസ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ സ്ക്രീന്‍ അഡാപ്റ്റെഷന് നിര്‍മ്മിക്കുന്നത് ‘ബാഹുബലി’യുടെ നിര്‍മ്മാതാക്കളായ ആര്‍ക മീഡിയ വര്‍ക്ക്സ് ആണ്. തിരുവിതാംകൂർ രാജകുടുംബത്തിലെ റാണി സേതുലക്ഷ്മി ഭായിയുടെ (രാജാ രവിവര്‍മയുടെ പൗത്രി) കഥയാണ് ‘ദി ഐവറി ത്രോൺ’ പറഞ്ഞത്. ചരിത്ര കഥകളില്‍ തോന്നിയ കൗതുകം, മനുവിനെ അഞ്ചു വര്‍ഷം നീണ്ട ദീർഘവും സൂക്ഷ്മവുമായ ഗവേഷണത്തിലേക്ക് എത്തിക്കുകയായിരുന്നു. അതാണ് പുസ്തകത്തിലേക്ക് നയിച്ചത്.
തുടർന്ന് 2018-ൽ രണ്ടാമത്തെ പുസ്തകമായ ‘ദി റിബൽ സുല്‍ത്താൻസും’ പ്രസിദ്ധീകരിച്ചു. ഡെക്കാനിലെ മറാത്താ- മുഗൾ ചരിത്രങ്ങൾക്കിടയിൽ ശ്രദ്ധ നേടാതെ പോയ സുൽത്താൻമാരുടെയും രാജാക്കന്മാരുടെയും ചരിത്രം വിവരിക്കുന്ന പുസ്തകത്തിനും മികച്ച സ്വീകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
കേരളത്തില്‍ ജനിച്ച്, പൂനെയിലും ലണ്ടനിലുമായി പഠനം പൂര്‍ത്തിയാക്കിയ മനു, ഡോ. ശശി തരൂര്‍, പ്രൊഫ. സുനില്‍ ഖില്‍നാനി എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. വെബ് സീരീസിനെക്കുറിച്ച് പറഞ്ഞാണ് മനു എസ് പിള്ള ഇന്ത്യന്‍ എക്സ്പ്രസ്സ് മലയാളവുമായുള്ള സംഭാഷണം തുടങ്ങിയത്.
“കഴിഞ്ഞ ജൂണിൽ ലണ്ടനിൽ വച്ചാണ് ആർക മീഡിയയുടെ പ്രൊഡ്യൂസർ ഷോബു യർലഗദ്ദയെ ഞാൻ ആദ്യമായി കാണുന്നത്. അന്നു മുതൽ ഈയൊരു വിഷയം ഞങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം അവസാനത്തോടെയാണ് ഒരു കോൺട്രാക്ടിലേക്ക് എത്തിയത്. അദ്ദേഹം ട്വീറ്റ് ചെയ്തത് മുതല്‍ ഇത് സിനിമയാണോ വെബ് സീരീസ് ആണോ എന്ന് ചോദ്യങ്ങളുണ്ടായിരുന്നു. വെബ് സീരീസ് ആണ് എന്ന് അദ്ദേഹം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്, പുസ്തകത്തിനെ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ സാധിക്കുന്നത് ആ മാധ്യമത്തിനാണ്.
ഈ വെബ് സീരീസ് സംവിധാനം ചെയ്യുന്നത് ആരായിരിക്കും?
കോൺട്രാക്ട് ഒപ്പ് വയ്ക്കുക മാത്രമേ ചെയ്തിട്ടുള്ളു, അത്തരം കാര്യങ്ങളിലേക്ക് കടന്നിട്ടില്ല.
കഥയിലെ പ്രധാന കഥാപാത്രങ്ങള്‍ – സേതുലക്ഷ്മി ഭായ്, സേതു പാർവതി ഭായ് – എന്നിവരെ ആര് അവതരിപ്പിക്കണം എന്നാണ് താങ്കള്‍ക്ക് തോന്നിയിട്ടുള്ളത്?
രണ്ടു മൂന്ന് വർഷങ്ങൾക്ക് മുൻപ്. ഈ പുസ്തകം ഒരു സിനിമയാക്കാൻ സാധ്യതയുള്ളൊരു കഥയാണ് എന്ന് സംവിധായിക അഞ്ജലി മേനോന് പറഞ്ഞിരുന്നു. അന്ന് എന്റെ മനസ്സിൽ, ഈ രണ്ടു കഥാപാത്രങ്ങളും പാർവ്വതി തിരുവോത്തും റിമ കല്ലിങ്കലും ചെയ്താൽ നന്നയിരിക്കുമെന്ന് തോന്നിയിട്ടുണ്ട്. പക്ഷേ അതെല്ലാം പ്രൊഡ്യൂസർ – ഡയറക്ടര്‍മാരുടെ ഇഷ്ടപ്രകാരം തന്നെയാണ് നടക്കേണ്ടത്. ഒരുപാട് ഘടകങ്ങൾ ഒരുമിച്ചു കൊണ്ടു വരേണ്ടതാണല്ലോ. ആര്‍ക മീഡിയ ഇത് പല ഭാഷകളിലായി ചെയ്യാന്‍ ആണ് ഉദ്ദേശിക്കുന്നത്, പിന്നെ ഇത് ചെന്നെത്തുന്ന പ്രേക്ഷക സമൂഹം, ഇതെല്ലാം കണക്കിലെടുത്തിട്ടാവും കാസ്റ്റിംഗ്.
സ്ക്രീന്‍ അഡാപ്പ്റ്റെഷന് സാധ്യതകളെക്കുറിച്ച് എഴുതുമ്പോള്‍ ചിന്തിച്ചിരുന്നോ?
എഴുതി തുടങ്ങിയത് 2009-ലാണ്, പൂര്‍ത്തിയായത് 2016-ൽ. ആ കാലത്ത് വെബ് സീരീസ് എന്നൊരു മേഖല പ്രചാരമാര്ജ്ജിച്ചിട്ടില്ല. പുസ്തകം സീരീസ് ആയിട്ടൊക്കെ മാറ്റപ്പെടുന്നത് അന്ന് പുതുമയുള്ള കാര്യമാണ്. സിനിമയാക്കാം എന്നും തോന്നിയിട്ടില്ല, പക്ഷേ പൂര്‍ത്തിയായപ്പോള്‍ എന്നെങ്കിലും സ്ക്രീനിലേക്ക് ഇതെത്തുമെന്ന് തോന്നിയിരുന്നു.
രണ്ട് പ്രധാന സ്ത്രീ കഥാപാത്രങ്ങൾ ഉള്ള, ഫെമിനിസ്റ്റ് ചരിത്രം പറയുന്ന ‘ദി ഐവറി ത്രോണ്‍’ സ്ക്രീനില്‍ എങ്ങനെ വിഭാവനം ചെയ്യപ്പെടും എന്ന് ആലോചിച്ചിട്ടുണ്ടോ, പ്രത്യേകിച്ചും ‘ബാഹുബലി’ പോലൊരു പുരുഷകേന്ദ്രീകൃത സിനിമ എടുത്തവര്‍ ചെയ്യുമ്പോള്‍?
‘ദി ഐവറി ത്രോണി’ലെ പ്രധാന കഥാപാത്രം സേതുലക്ഷ്മി ഭായിയാണ്. അവരുടെ ദത്തെടുക്കൽ, ഭരണം ഒടുവിൽ എല്ലാവരാലും അവഗണിക്കപ്പെടുന്ന അവസ്ഥ, ഇതാണ് ‘ത്രെഡ്.’
കഴിഞ്ഞ ജൂണിൽ ഷോബുവിനെ ആദ്യം കാണുമ്പോൾ തന്നെ, ഇത് ‘ബാഹുബലി’ പോലൊന്ന് ആയിരിക്കില്ല എന്ന് അദ്ദേഹം പറഞ്ഞിരുന്നു. കഥയുടെയും, സന്ദർഭങ്ങളുടെയും, പ്രേക്ഷകരുടെയും വ്യത്യസ്ഥത കൊണ്ടു തന്നെയാണത്. ഇത്തരത്തിലുള്ള വേറെയും സീരീസുകൾ അവര്‍ ചെയ്യുന്നുണ്ട്. നെറ്റ്ഫ്ലിക്സിൽ ‘ദി ക്രൗൺ’ എന്ന സീരീസ് ഉണ്ട്, അതു പോലെ ആകും ഈ സീരീസ് ചെയ്യുക. ആ തരത്തിലുള്ളൊരു അവതരണത്തിലാണ് ഞങ്ങൾ രണ്ടു കൂട്ടര്‍ക്കും താത്പര്യം. ആർക ഇത് നല്ല രീതിയിൽ ചെയ്യും എന്ന് എനിക്കുറപ്പാണ്.
നിലവിലെ സാഹചര്യത്തിൽ ചരിത്രവും ചരിത്രത്തിന്റെ പുനർവായനകളും എത്രത്തോളം പ്രാധാന്യം അർഹിക്കുന്നു എന്നാണ് താങ്കൾക്ക് തോന്നിയിട്ടുള്ളത്?
വളരെ പ്രധാനമാണ്. ചരിത്രത്തിന്റെ ദുരുപയോഗം ഒരുപാട് നടക്കുന്നുണ്ട്. ചരിത്രം ഇന്നൊരു കച്ചവട സാധനമാണ്. അഞ്ഞൂറ് വര്‍ഷം പഴക്കമുള്ളൊരു കാര്യം പറയാനോ, അല്ലെങ്കിൽ ചിലർ വാദിക്കുന്ന കാര്യങ്ങൾക്ക് വിശ്വാസ്യത കൊണ്ടു വരാനോ ആണ് ചരിത്രം ഇന്ന് കൂടുതലായി ഉപയോഗപ്പെടുത്തുന്നത്.
ഒരു ചരിത്ര സംഭവം വിവരിക്കുമ്പോള്‍, അത് നടന്നതിന്റെ പശ്ചാത്തലം കൂടി നമ്മള് അറിയേണ്ടതുണ്ട്. അതറിയാതെ അത് നല്ലതെന്നോ മോശമെന്നോ എന്ന് വിധിയെഴുതുന്നത് ശരിയല്ല. ഒരു സംഭവം, അല്ലെങ്കില്‍ വിഷയം, പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ ഉള്ള അവസരം ഉണ്ടാകണം. നോൺ-ഫിക്ഷൻ മേഖലയിൽ ഒരുപാട് പേർ അത്തരത്തിൽ എഴുതുന്നുണ്ട്. അക്കാദമിക് ഗവേഷണങ്ങളുടെ ഭാഗമായി ലഭിക്കുന്ന കാര്യങ്ങളും, സാധാരണക്കാർക്ക് മനസിലാകുന്നൊരു ശൈലിയും ഒരുമിപ്പിച്ചാൽ അതിന് വായനക്കാർ ഒരുപാടുണ്ടാകും.
ഉദാഹരണത്തിന് ഈ ഒരു പുസ്തകം തന്നെ, ട്രാവൻകൂർ എന്നൊക്കെ പറഞ്ഞാൽ അറിയുന്ന ഒരുപാട് പേര് ഉണ്ടാകില്ല, അതിൽ തന്നെ ഈ ഒരു മഹാറാണിയെക്കുറിച്ചു അധികമാർക്കും അറിയില്ലായിരിക്കാം. എന്റെ പബ്ലിഷേഴ്സ് ഒരു ‘റിസ്ക്’ എടുത്തു കൊണ്ട് തന്നെയാണ് എഴുന്നൂറോളം പേജ് വരുന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. പക്ഷേ അതു പിന്നെ പതിനാലോളം എഡിഷനുകൾ വന്നു. അപ്പോൾ ഇത് സൂചിപ്പിക്കുന്നത്, എഴുന്നൂറ് പേജ് ഉണ്ടെങ്കിലും, അധികം അറിയപ്പെടാത്ത കാര്യമാണെങ്കിലും, ആളുകൾ അത് വായിക്കുന്നുണ്ട് എന്നുള്ളതാണ്. നിലവിലെ സാഹചര്യത്തിൽ ചരിത്രകാരന്മാരെ സംബന്ധിച്ച് ശരിയായ ചരിത്രം വായനക്കാരിലേക്ക് എത്തിക്കുക അതും ശരിയായ പശ്ചാത്തലത്തിൽ എത്തിക്കുക എന്നത് വളരെ പ്രധാനമാണ്. അത് വായിക്കാനും ആളുണ്ടാകും.
രാജാക്കന്മാരുടെ കഥകൾക്ക് പ്രാധാന്യമുള്ളൊരു സ്ഥലത്ത് മഹാറാണിയുടെ കഥ പറയുന്ന ആദ്യ പുസ്തകം. മറാത്താ ചരിത്രത്തിന് ഒരുപാട് പ്രാധാന്യം ലഭിച്ചൊരു സ്ഥലത്തു ‘റിബൽ സുൽത്താൻസ്’ എന്ന രണ്ടാമത്തെ പുസ്തകം. രണ്ടും ബോധപൂർവ്വമായ തിരഞ്ഞെടുപ്പ് ആയിരുന്നോ?
തീർച്ചയായും. പാര്ശവത്ക്കരിക്കപെട്ടതോ അല്ലെങ്കിൽ വിസ്മരിക്കപ്പെട്ടതോ ആയ കഥകളോട് എനിക്കൊരു താല്പര്യമുണ്ട്. ഡെക്കാന്റെ കാര്യം പറഞ്ഞാൽ, മാറാത്തകളുടെയും ശിവജിയുടെയും ചരിത്രം പ്രഗത്ഭരായ വ്യക്തികൾ എഴുതിയിട്ടുണ്ട്. അപ്പോള്‍ ഞാൻ പിന്നെയും എന്തെങ്കിലും ചെയ്തിട്ട് കാര്യമില്ല, പുതിയൊരു മേഖലയെ പരിചയപ്പെടുത്തിക്കൊണ്ട് ചെയ്യുന്നതാകും നല്ലത് എന്ന് തോന്നി. സേതുലക്ഷ്മി ഭായിയുടെ കഥ കേരള ചരിത്രത്തിലെ പ്രസക്തമായ സാമൂഹിക രാഷ്ടീയ മാറ്റങ്ങള്‍ സംഭവിച്ച ഒരു കാലഘട്ടത്തിൽ നടന്നതാണ്. എന്നിട്ടു പോലും അതെന്തു കൊണ്ട് പറയപ്പെട്ടില്ല എന്നതായിരുന്നു എന്നെ അലട്ടിയ ചോദ്യം.
ഞാൻ പൂനെയിൽ വളരുന്ന സാഹചര്യത്തിൽ ഡെക്കാനിലെ മറത്താകളുടെ ചരിത്രത്തിനിടയിൽ മുൻപുണ്ടായിരുന്ന സുൽത്താന്മാരുടെ പേരുകൾ മാത്രം സൂചിപ്പിക്കുന്ന അടിക്കുറിപ്പുകളോ പ്രത്യേക കോളങ്ങളോ മാത്രമാണ് കണ്ടിരുന്നത്. ആരാണ് ഇവർ? എന്തുകൊണ്ട് ഇവരുടെ കഥകൾ നമ്മൾ അറിയുന്നില്ല? എന്നിങ്ങനെ പല ചോദ്യങ്ങളും മനസ്സിൽ വന്നു. അന്വേഷിച്ചു പോയപ്പോൾ അവരും പ്രാധാന്യമർഹിക്കുന്നവരാണ് എന്ന് മനസ്സിലായി. മറാത്താ അല്ലെങ്കിൽ മുഗൾ എന്നിങ്ങനെ ഉള്ളവർ മാത്രമല്ല പരാമര്ശിക്കപ്പെടാതെ പോയ മറ്റു ചെറുരാജാക്കന്മാരും ഉണ്ടെന്നും പേർഷ്യന്‍-ഇസ്ലാം സംസ്കാരങ്ങളുടെയും, മറാത്താ-തെലുഗു-കന്നഡ സംസ്കാരങ്ങളുടെയും മിശ്രിതമായിരുന്നു ഇവരുടെ സംസ്കാരം എന്നും മനസിലാക്കാൻ സാധിച്ചു.
ഞാൻ മനസ്സിലാക്കിയ മറ്റൊരു കാര്യം എന്തെന്നാൽ, അക്കാദമിക് ലോകത്ത് ഇവരെക്കുറിച്ച് പുസ്തകങ്ങൾ ഉണ്ടെങ്കിലും ഒരു വലിയ വിഭാഗം സാധാരണ വായനക്കാരിൽ ഇവരെ കുറിച്ചൊന്നും എത്തിയിട്ടില്ല. ബിജാപുർ പോലെ ചരിത്ര പ്രാധാന്യമുള്ളൊരു സ്ഥലത്തേക്ക് എത്ര പേർ പോകുന്നു ? ഈ കഥകൾ അറിയാത്തതു കൊണ്ട് അവര്‍ അവിടെ എത്തുന്നില്ല എന്നതാണ്.
ചരിത്രമാണ് പറയുന്നതെങ്കിലും അക്കാദമിക്ക് ഭാഷയില്‍ നിന്നും വ്യത്യസ്ഥമായുള്ള ഒരു ശൈലിയിലാണ് എഴുതുന്നത് ?
അക്കാദമിക് ആവശ്യങ്ങൾക്കായി ഗവേഷണം നടത്തുന്നത് അതെഴുതുന്നത് ഒക്കെത്തന്നെ ആ ഒരു വൃത്തത്തിൽ ഒതുങ്ങി നിൽക്കുന്ന കാര്യമാണ്. ഇവിടെ വായനക്കാര്‍ വ്യത്യസ്തരാണ്. ഞാൻ മറുപടി നൽകേണ്ടി വരുന്ന മറ്റൊരു ചോദ്യം, ചരിത്രം പഠിക്കാതെ എങ്ങനെ ചരിത്രം എഴുതാൻ സാധിക്കും എന്നുള്ളതാണ്. എൻ്റെ ഉത്തരം എന്തെന്നാൽ പ്രധാനപ്പെട്ട മിക്ക ചരിത്രകാരന്മാരും ചരിത്രം ഒരു വിഷയമായി എടുത്ത് പഠിച്ചവരല്ല. ഉദാഹരണത്തിന് സഞ്ജയ് സുബ്രമണ്യ൦, അദ്ദേഹം പഠിച്ച വിഷയം ഇക്കണോമിക്സ് ആണ്, പക്ഷേ അദ്ദേഹമിന്ന് ലോകമംഗീകരിക്കുന്നൊരു ചരിത്രകാരനാണ്. അതു പോലെ രാമചന്ദ്ര ഗുഹയുടെ വിഷയം സോഷ്യോളജിയാണ്. എന്നു കരുതി അദ്ദേഹമൊരു നല്ല ചരിത്രകാരൻ അല്ലായെന്നു ആരും പറയില്ല.
അപ്പോൾ ഏറ്റവും പ്രാധാന്യമർഹിക്കുന്നത് നമ്മൾ തിരഞ്ഞെടുക്കുന്ന രീതിയാണ്. ഗവേഷണം നടത്തുന്ന രീതി വളരെ കൃത്യമായിരിക്കണം, അത് ശ്രദ്ധയോടെ തന്നെ ചെയ്യണം. ശൈലി എങ്ങനെ വേണമെങ്കിലും ആകാം. ഗവേഷണം നടത്താനുപയോഗിച്ച വഴിയും, പുസ്തകത്തിൽ എഴുതിയിരിക്കുന്ന വസ്തുതകളുടെ കൃത്യതയുമാണ് ഏറ്റവും പ്രധാനം. എൻ്റെ താല്പര്യം ഒരു അക്കാദമിക് തലത്തിൽ മാത്രം ഇത് പറയണമെന്നല്ല. എല്ലാ വീക്ഷണകോണുകളിലും നിന്നു കൊണ്ട് ഇത്തരമൊരു കഥ പറയപ്പെടണം, അതും കേൾക്കാനും മനസിലാക്കാനും പറ്റുന്ന രീതിയിൽ പറയപ്പെടണം. അല്ലാതെ ഇവയെല്ലാം തന്നെ ഒരു പ്രത്യേക വിഭാഗത്തെ മാത്രം ലക്ഷ്യം വച്ച് എഴുതുന്നതില്‍ കാര്യമില്ല. അപ്പോൾ സാധാരണക്കാർക്ക് മനസിലാകുന്നൊരു ഭാഷയാണ് ഉപയോഗിക്കേണ്ടത്
എൻ്റെ രണ്ടു പുസ്തകങ്ങളും അങ്ങനെ എഴുതിയവയാണ്. അതിൽ 104 പേജ് നീണ്ടു നിൽക്കുന്ന നോട്ടുകളിൽ പുസ്തകങ്ങളുടെ പേര് മാത്രമല്ല, ഫയൽ നമ്പറുകൾ, ഡയറിയിലെ പേജുകൾ തുടങ്ങി സ്രോതസ്സ് വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. എനിക്കങ്ങനെ ഒരു പ്രത്യേക മാതൃകയിൽ നിലനിൽക്കുന്നൊരു ചരിത്രകാരൻ ആകണമെന്നില്ല, ഞാൻ എഴുതുന്നത് വായനക്കാരിൽ ശരിയായ രീതിയിൽ എത്തുന്നിടത്തോളം അതെനിക്ക് വലിയൊരു പ്രശ്നമല്ല.
സിബിഎസ്ഇ പാഠപുസ്തകങ്ങളിൽ നിന്നും ചരിത്രപ്രാധാന്യമുള്ള ചില ചാപ്റ്ററുകൾ മാറ്റിയതായ വാർത്ത ശ്രദ്ധിച്ചുകാണുമല്ലോ. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ചരിത്രത്തെ പഠിക്കുക എന്നത് പ്രായോഗികമായി ബുദ്ധിമുട്ടുള്ള ഒന്നല്ലേ?
പാഠപുസ്തകങ്ങളിൽ വരുന്ന ചരിത്രത്തിൽ എനിക്ക് വലിയ വിശ്വസമില്ല. മറ്റൊന്നും കൊണ്ടല്ല, വലിയൊരു ചരിത്രത്തെ വളരെ ചുരുക്കിയാണ് അവിടെ പ്രതിപാദിക്കുന്നത്, അതിനെയാണ് ഇന്ത്യൻ ചരിത്രമെന്നും കേരള ചരിത്രമെന്നും വിളിക്കുന്നതും. അതുപോലെ തന്നെ ഓരോ പാഠപുസ്തക കമ്മിറ്റി തിരഞ്ഞെടുക്കുന്ന സിലബസുകൾ വ്യത്യസ്തമായിരിക്കും. ഇതൊന്നും അല്ലെങ്കിലും, എവിടെയൊക്കെ ആണോ സർക്കാർ ഇടപെടലുകൾ ഉണ്ടാകുന്നത്, അതെല്ലാം തന്നെ ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ രാഷ്ട്രീയവൽക്കരിക്കപ്പെടും. അതെപ്പോഴും അധികാരത്തിൽ ഇരിക്കുന്നവരുടെ താല്പര്യങ്ങൾക്ക് അനുസരിച്ചാകും. ഇത്തരം പുസ്തകങ്ങൾ വഴി കുട്ടികൾക്ക് ചരിത്രത്തെക്കുറിച്ചൊരു വിശാലമായ ധാരണ ലഭിക്കും എന്നല്ലാതെ, അതിനെക്കുറിച്ച് കൂടുതൽ പഠിക്കണമെങ്കിൽ വ്യക്തമായ, ഗൗരവപൂർണമായ വായന വേണം.
പാർശ്വവത്കരിക്കപ്പെട്ട ചരിത്രത്തെ കുറിച്ച് ചോദിച്ചാൽ ഇപ്പോൾ ഒരുപാട് പേർ അതെഴുതാൻ തല്പരരായി വരുന്നു. ഉദാഹരണത്തിന് ചരിത്രം മിക്കപ്പോഴും പുരുഷന്മാരെ കുറിച്ചാണ്, അല്ലെങ്കിൽ പുരുഷന്മാർ എഴുതുകയാണ്. ഇപ്പോൾ ഒരുപാട് സ്ത്രീകൾ ചരിത്രം എഴുതുന്നുണ്ട്, ഇറ മുഖോട്ടി എന്ന എഴുത്തുകാരി മുഗൾ സ്ത്രീകളെ കുറിച്ചൊരു പുസ്തകം എഴുതിയിട്ടുണ്ട്. ജഹാൻഗിറിന്റെ ജീവചരിത്രം പാർവതി ശർമ്മ എന്ന സ്ത്രീയാണ് എഴുതിയത്. അവർ ജഹാൻഗിറിന്റെ ജീവിതത്തിനു വളരെ വ്യത്യസ്തമായ ഒരു വീക്ഷണമാണ് നൽകുന്നത്. അപ്പോൾ ഒരു വ്യക്തി അല്ലെങ്കിൽ സംഭവം പാർശ്വവത്കരിക്കപ്പെട്ടു എന്നു വെച്ചു അത് പഠിക്കാതിരിക്കുന്നത് പരിഹാരമല്ല. ഇത്തരം വ്യത്യസ്തമായ ശബ്ദങ്ങൾ കേൾക്കണം, അങ്ങനെ നമ്മൾ അതിനുള്ളിലേക്ക് പോകണം. എന്ത് ഉൾപ്പെടുത്തി, എന്ത് ഉൾപ്പെടുത്തിയില്ല എന്നു ചോദിച്ചു തർക്കിക്കാൻ ആണെങ്കിൽ അതിനു മാത്രമേ സമയം ഉണ്ടാവുകയുള്ളൂ. ശരിക്കുമുള്ള മാറ്റങ്ങൾ സംഭവിക്കുന്നത് പാഠപുസ്തകങ്ങൾക്ക് പുറത്താണ്.
ഇന്ത്യയിൽ ചരിത്രത്തെ സൂക്ഷിക്കുന്നതിനോ പഠിക്കുന്നതിനോ അത്ര കണ്ടൊരു പ്രാധാന്യം ഉണ്ടാകുന്നില്ല. പലപ്പോഴുമത് മുൻപെഴുതിയ ചരിത്രകാരന്മാരുടെ പുസ്തകങ്ങളുടെ ഒരു സ്വാംശീകരണമായി ഒതുങ്ങി പോകാറുണ്ട്. ഇത്തരമൊരു പ്രവണത ഉള്ളടത്തോളം ശരിയായ ചരിത്രം രേഖപ്പെടുന്നുണ്ടോ?
ആദ്യത്തെ പുസ്തകം എഴുതുമ്പോൾ തന്നെ തിരുവനന്തപുരത്തു അന്വേഷിക്കുമ്പോൾ എന്തിനാണ് രാജകുടുംബത്തിനെ കുറിച്ച് ഇങ്ങനെ എഴുതുന്നത് എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഉയർന്നിരുന്നു. ഞാൻ പുസ്തകങ്ങളെ മാത്രം ആശ്രയിച്ചു ഗവേഷണം നടത്തിയിരുന്നെങ്കിൽ എനിക്ക് രാജഭക്തിയുടെ പുസ്തകങ്ങളെ ലഭിക്കുകയുള്ളു. ട്രാവൻകൂർ സ്റ്റേറ്റ് മാനുവൽ ആണെങ്കിലും, ശങ്കുണ്ണി മേനോന്റെ പുസ്തകമാണെങ്കിലും എല്ലാം രാജാവിന്റെ അധികാരത്തിന് കീഴിൽ എഴുതിയതാണ്. അതിൽ രാജാവിനെ വിമർശിച്ചു കൊണ്ട് ഒന്നും കാണില്ല. പക്ഷേ അവർ പരസ്പരം എഴുതിയ കത്തുകൾ ഡയറികൾ എന്നിവ നോക്കിയാൽ തീർത്തും വ്യത്യസ്തമായ കാഴ്ചപ്പാട് ലഭിക്കും. കാരണം അത് ഉള്ളിൽ നടക്കുന്ന കാര്യങ്ങൾ ആയതു കൊണ്ട് തന്നെ കൂടുതൽ സത്യസന്ധമായിരിക്കും. അപ്പോൾ നിങ്ങളുടെ പ്രാഥമിക സ്രോതസ്സുകൾ എത്രത്തോളം ശക്തമാണോ നിങ്ങളുടെ പുസ്തകവും അത്രയും ശക്തമായിരിക്കും.
ആരാണിത് എഴുതിയത്, എന്ത് പശ്ചാത്തലത്തിലാണ് എഴുതപ്പെട്ടത്, എന്താണ് ഇത്തരമൊരു എഴുത്തിലൂടെ എഴുത്തുകാരൻ ലക്ഷ്യം വയ്ക്കുന്നത്, എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ഉയരും. പ്രാഥമിക സ്രോതസ്സുകൾക്ക് ഒപ്പം തന്നെ ഇവയെ എങ്ങനെ വായിക്കാമെന്ന് പറഞ്ഞു തരുന്ന മറ്റ് അക്കാദമിക് ലേഖനങ്ങളും പുസ്തകങ്ങളും വായിക്കണം. അങ്ങനെ ചെയ്താൽ മാത്രമേ നമുക്ക് ശരിക്കുമുള്ളൊരു ചരിത്രത്തിനോട് അടുത്ത് നിൽക്കുന്നൊരു ആഖ്യാനമെങ്കിലും ലഭിക്കുകയുള്ളൂ. ആർക്കും പൂർണമായും നിഷ്പക്ഷമായൊരു ചരിത്രം പറഞ്ഞു വയ്ക്കാൻ സാധിക്കില്ല, നമ്മുടെ കഴിവിന്റെ പരമാവധി നിഷ്പക്ഷമാക്കാൻ ശ്രമിക്കുക എന്നതാണ്. പ്രാഥമിക സ്രോതസ്സുകളും, അവയുമായി ബന്ധപ്പെട്ട ലേഖനങ്ങളും, അവയെ പുതിയ വീക്ഷണകോണില്‍ വായിക്കാന്‍ സഹായിക്കുന്ന കാര്യങ്ങളും – എല്ലാറ്റിന്റേയും കൂടി ഒത്തുചേരലാവണം ചരിത്രാഖ്യാനം.
താങ്കളുടെ പുസ്തകങ്ങളുടെ കവർ ചിത്രങ്ങളും ആകർഷണീയമാണ്. പുസ്തകത്തിന്റെ ആശയത്തെ തന്നെ ഒറ്റ നോട്ടത്തിൽ മനസ്സിലാക്കാന്‍ സഹായിക്കുന്ന തരത്തില്‍ അത് ഡിസൈന്‍ ചെയ്യുന്നത് ബോധപൂര്‍വ്വമാണോ ?
‘റീബൽ സുൽത്താൻസി’ന്റെ കവർ ചിത്രം നിർണയിക്കാൻ ഞങ്ങൾക്ക് ഒരുപാട് സമയം വേണ്ടിവന്നു. ഒരുപാട് ചിത്രങ്ങൾ ഉണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇഷ്ടപ്പെടാനുള്ള കാരണം, അത് ഒരുപാട് കാര്യങ്ങളെ പ്രതിനിധീകരിക്കുന്നു എന്നത് കൊണ്ടാണ്. എന്നെ സംബന്ധിച്ച് അതിലെ ആന ഡെക്കാനിലെ ഇന്ത്യയെയാണ് സൂചിപ്പിക്കുന്നത്. പിന്നെയുള്ള രണ്ട് വ്യക്തികളിൽ മുന്നിൽ ഇരിക്കുന്നത് ബിജാപൂരിലെ പേർഷ്യൻ മറാത്താ സംസ്ക്കാരത്തിന്റെ പ്രതിനിധിയായ ആദിൽ ഷായാണ്, പുറകിലിരിക്കുന്നത് ഒരു ആഫ്രിക്കൻ വ്യക്തിയാണ്, കാരണം ഡെക്കാനിൽ ആ സമയത്ത് ഒരുപാട് ആഫ്രിക്കക്കാർ ഉണ്ടായിരുന്നു. അവര്‍ വളരെ സ്വാധീനമുള്ളൊരു രാഷ്ട്രീയ വിഭാഗമായിരുന്നു. ഈ മൂന്ന് കാര്യങ്ങളും നീല നിറത്തോടൊപ്പം ചേർന്ന് ആ പുസ്തകത്തിന്റെ മൊത്തമായ ആശയത്തെ വളരെ ഭംഗിയായി ഉൾകൊള്ളുന്ന പോലെ എനിക്ക് തോന്നി.
‘ദി ഐവറി ത്രോണി’ലെ കവർ ചിത്രമാണെങ്കിൽ ആദ്യം മഹാറാണിയുടെ ഒരു ചിത്രം വയ്ക്കാമെന്നാണ് കരുതിയത്. പക്ഷേ ആ പുസ്തകം രണ്ടു പേരുടെ കഥയാണ് പറയുന്നത്, അത് കൊണ്ടാണ് നിലവിലെ ചിത്രം തെരെഞ്ഞെടുത്തത്. ഒരാൾ വളരെ ആത്മവിശ്വാസത്തോടെ ഇരിക്കുമ്പോൾ മറ്റെയാൾ അല്പം ഒതുങ്ങിയാണ് ഇരിക്കുന്നത്. ഡിസൈന്‍ ചെയ്യാനായി ധാരാളം സമയം മാറ്റി വയ്ക്കാറുണ്ട്.
പുതിയ പുസ്തകങ്ങൾ ?
ഗവേഷണത്തിനിടയില്‍ ഒരു രേഖീയ വിവരണത്തിന്റെ ഭാഗമായി നിൽക്കാത്ത പല പ്രധാനപ്പെട്ട ചരിത്ര സംഭവങ്ങളിലേക്കും ഞാൻ എത്തിച്ചേരാറുണ്ട്. അത്തരം 61 ലേഖനങ്ങളുടെ ഒരു സമാഹാരം ജൂണിൽ പ്രസിദ്ധീകരിക്കും. പ്രധാനപ്പെട്ട മറ്റൊരു വിഷയത്തെ കുറിച്ചുള്ള ഒരു പുസ്തകം 2020- ’21 കാലയളവിൽ പ്രസിദ്ധീകരിക്കപ്പെടും.