മലയാളത്തിന്റെ മഹാനടന്റെ ജന്മദിനം ആഘോഷിക്കുകയാണിന്ന് മലയാളികൾ. മമ്മൂട്ടിയുടെ ഇഷ്ടാനിഷ്ഠങൾ എല്ലാം മലയാളികൾക്കും പരിചിതമാണ്. അതിലൊരു ഇഷ്ടമാണ് പ്രിയപ്പെട്ടവർക്ക് നല്ല ഭക്ഷണം വിളന്പുകയെന്നത്. മമ്മൂക്കയുടെ ലൊക്കേഷനിൽ ഒരു ദിവസം ബിരിയാണി നൽകുന്ന കാര്യം സിനിമ ആരാധകർക്ക് മാത്രമല്ല സിനിമാമോഹികൾക്കും അറിയാവുന്നതാണ്. കൂടെ അഭിനയിച്ചവർ പല തവണ അഭിമുഖങ്ങളിൽ ഇതു വ്യക്തമാക്കിയിട്ടുണ്ട്. വളരെ വര്‍ഷങ്ങളായുളള പതിവാണിത്.
ഒരു ചെറിയ ചോറുപൊതിയില്‍ നിന്നാണ് ബിരിയാണിയുടെ തുടക്കമെന്ന് മമ്മൂട്ടി മുന്‍പ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹരികൃഷ്ണന്‍സിന്റെ ഷൂട്ടിങ് നടക്കുമ്പോഴാണ് ഭാര്യ സുലുവിനെ സോപ്പിട്ട് തനിക്ക് ഇലച്ചോറു കഴിക്കാന്‍ കൊതിയാവുന്നുവെന്ന് അറിയിച്ചത്. സുലു പൊതിഞ്ഞു തന്ന ചോറ് അന്ന് മോഹന്‍ലാല്‍ തട്ടിയെടുക്കുകയും ചെയ്തു. പിന്നീട് ചോറിന് ആവശ്യക്കാരുമേറി. അങ്ങനെയാണ് സെറ്റിൽ എല്ലാവർക്കും താൻ ഭക്ഷണം വിതരണം ചെയ്യാൻ തുടങ്ങിയതെന്നും മമ്മൂട്ടി വ്യക്തമാക്കിയിരുന്നു.
മമ്മൂട്ടിയുടെ ഈ ആദിത്യമര്യാദക്ക് വർഷങ്ങളായി രുചി പകരുന്നത് കണ്ണൂർ തളിപ്പറന്പിലെ പാലസ് കിച്ചൺ കാറ്ററിങ് സർവീസസ് ആണ്. അബ്ദുൽ ഖാദർ, മുത്തലിബ്, ഉനൈസ് എന്നീ മൂന്ന് യുവാക്കളാണ് പാലസ് കിച്ചന്റെ അമരക്കാർ. ഇതിൽ പ്രധാനിയായ അബ്ദുൽ ഖാദർ എന്ന അബ്ദു മമ്മൂക്കാന്റെ വിശേഷപ്പെട്ട ബിരിയാണിയുടെ വിശേഷങൾ ഐഇ മലയാളത്തിന്റെ പ്രേക്ഷകരോട് പങ്ക് വെക്കുന്നു.
‘ഭക്ഷണത്തെ ഇത്രയധികം ബഹുമാനിക്കുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല’
‘ഭക്ഷണത്തെ ഇത്രയധികം ബഹുമാനിക്കുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല. കഴിക്കുന്ന ഭക്ഷണത്തിന്റെ ക്വാളിറ്റിയുടെ കാര്യത്തിൽ മൂപ്പര് കർക്കശക്കാരനാണ്. അതു പോലെ തന്നെ ഭക്ഷണം പാഴാക്കുന്നത് മമ്മൂക്കാക്ക് സഹിക്കാൻ കഴിയില്ല. നല്ല ഭക്ഷണം, നന്നായി മറ്റുള്ളവർക്കു വിളന്പി നൽകുന്നതാണ് മമ്മൂക്കാക്ക് ഇഷ്ടം. ലൊക്കേഷനിൽ ബിരിയാണി റെഡിയായാൽ മമ്മൂക്ക തന്നെ ധം പൊട്ടിക്കും. എന്നിട്ട് എല്ലാവർക്കും വിളന്പിക്കൊടുക്കും. സ്നേഹമാണ് മമ്മൂക്കാടെ മനസു നിറയെ,’ അബ്ദു പറയുന്നു.
മമ്മൂക്ക പറയും: മട്ടൺ ബിരിയാണി, ചിക്കൻ ഫ്രൈ, ഫ്രൂട്ട് സലാഡ് വിത്ത് ഐസ്ക്രീം
ലൊക്കേഷനിൽ വിതരണം ചെയ്യാൻ മമ്മൂക്ക എപ്പോഴും മട്ടൺ ബിരിയാണിയാണ് പരിഗണിക്കുന്നതെന്ന് അബ്ദു. ‘മട്ടൺ ബിരിയാണിയും ചിക്കൻ ഫ്രൈയും ഫ്രൂട്ട് സലാഡ് വിത്ത് ഐസ്ക്രീമും. ഇതാണ് തന്റെ സഹപ്രവർത്തകർക്കായി മമ്മുക്ക എപ്പോഴും നൽകുന്നത്. സിനിമാ ലൊക്കേഷൻ എവിടെയാണെന്നും എന്നാണ് ഭക്ഷണം ഒരുക്കേണ്ടതെന്നും അറിയിക്കും. അതിന്റെ തലേ ദിവസം പാചകത്തിന് ആവശ്യമായ സാധനങ്ങളുമെടുത്ത് ഞങ്ങൾ അവിടെയെത്തും. ലൊക്കേഷനിൽ വെച്ചു തന്നെയാണ് ബിരിയാണി തയ്യാറാക്കുക.’
തുടക്കം ദുൽഖറിന്റെ കല്ല്യാണത്തിന്
‘ദുൽഖറിന്റെ കല്ല്യാണത്തിന് മലബാർ വിഭവങ്ങൾ ഒരുക്കുന്നതിനുള്ള കരാർ പാലസ് കിച്ചൺ കാറ്ററിങിനായിരുന്നു. അന്നാണ് മമ്മൂക്ക ആദ്യമായി ഞങ്ങളുടെ ബിരിയാണി കഴിക്കുന്നത്. മമ്മൂക്കാക്കും അതിഥികൾക്കും ഭക്ഷണം ഏറെ ഇഷ്ടമായി. അതിന് ശേഷം ഏതു പരിപാടിക്കും ഭക്ഷണമുണ്ടാക്കാൻ മമ്മൂക്ക ഞങ്ങളെയാണ് വിളിക്കുന്നത്. ‘ബാവുട്ടിയുടെ നാമത്തിൽ’ എന്ന സിനിമയുടെ ലൊക്കേഷനിൽ ബിരിയാണി വെക്കാനാണ് ആദ്യമായി ഞങ്ങളെ ഏൽപിക്കുന്നത്. പിന്നീട് ഇങ്ങോട്ട് എല്ലാ സിനിമകളുടെയും ഷൂട്ടിങിന്റെ അവസാന ദിവസം മമ്മൂക്കയുടെ വിരുന്നിന് ഞങ്ങൾ എത്തും, ബിരിയാണിയൊരുക്കാൻ’ അഭിമാനത്തോടെ അബ്ദു വിവരിക്കുന്നു. ‘പുത്തൻ പണം’ സിനിമയുടെ ലൊക്കേഷൻ മമ്മൂക്ക ഭക്ഷണം വിതരണം ചെയ്യുന്ന നൂറാമത്തെ ചിത്രമായിരുന്നു.
മമ്മൂട്ടിയുടെ വഴിയേ ദുൽഖറും
മമ്മൂട്ടി തുടങ്ങി വെച്ച സൗജന്യ ഭക്ഷവിതരണം ഇപ്പോൾ പല താരങ്ങളും ഏറ്റെടുത്തിട്ടുണ്ട്. അതിൽ പ്രധാനിയാണ് മമ്മൂട്ടിയുടെ മകനായ ദുൽഖർ സൽമാൻ. കേരളത്തിനകത്ത് ഷൂട്ടിങ് അവസാനിക്കുന്ന ദുൽഖർ സൽമാൻ ചിത്രങ്ങളുടെ ലൊക്കേഷനുകളിലും ബിരിയാണി വിളമ്പും. അബ്ദുവിനെ തന്നെയാണ് ദുൽഖറും ബിരിയാണി ഒരുക്കാൻ വിളിക്കുന്നത്. അവസാനമായി രാജീവ് രവി ചിത്രം ‘കമ്മട്ടിപ്പാട’ത്തിന്റെ സെറ്റിലാണ് മട്ടൺ ബിരിയാണി ഒരുക്കിയതെന്നും അബ്ദു പറഞ്ഞു.
മമ്മൂക്ക റെക്കമെന്റ് ചെയ്തു. പാച്ചിക്ക വിളിച്ചു, ഫഹദ് ഫാസിലിന്റേയും നസ്രിയയുടേയും വിവാഹത്തിന്
മലയാള സിനിമയുടെ സെൻസേഷണൽ താര ജോടികളായ ഫഹദ് ഫാസിലിന്റേയും നസ്രിയ നസീമിന്റെയും വിവാഹത്തിനും പാലസ് കിച്ചൺ ആണ് ഭക്ഷണമൊരുക്കിയത്. ‘ഫഹദ് ഫാസിലിന്റെ വാപ്പ ഫാസിലിന് മമ്മൂക്കയാണ് ഞങ്ങളെ പരിചയപ്പെടുത്തുന്നത്. നല്ല ക്വാളിറ്റി ഭക്ഷണം നൽകണമെന്ന് മമ്മൂക്ക ഞങ്ങളോടും പറഞ്ഞിരുന്നു.
അതുപോലെ മമ്മൂക്കയുടെ സഹോദര പുത്രനും നടനുമായ മഖ്ബൂൽ സൽമാന്റെ വിവാഹ സല്കാരത്തിനും ഞങ്ങളെ നിർദ്ദേശിച്ചതും മമ്മൂക്കയാണ്’. അതോടൊപ്പം സംവിധായകൻ കമലിന്റെ മകനും സംവിധായകനുമായ ജെനൂസ് മുഹമ്മദിന്റെ വിവാഹത്തിനും സംവിധായകൻ സിദ്ധീഖിന്റെ മകളുടെ വിവാഹത്തിനുമെല്ലാം ഭക്ഷണമൊരുക്കാനുള്ള അവസരം ഇവരെ തേടിയെത്തിയത് മമ്മൂക്ക വഴിയാണെന്നും അബ്ദു വെളിപ്പെടുത്തുന്നു. എല്ലാ ചടങ്ങുകൾക്കും വിളിക്കുന്നത് മമ്മൂട്ടിയുടെ മാനേജർ ജോർജ്ജ് ആണെന്നും അബ്ദു പറയുന്നു.
ഇതാണ് മമ്മൂക്കാക്കിഷ്ടപ്പെട്ട മട്ടൺബിരിയാണിയുടെ രുചിക്കൂട്ട്
മമ്മൂക്കായുടെ ജന്മദിനത്തോടനുബന്ധിച്ച്, മമ്മൂട്ടിയുടേയും അത് വഴി ഏനേകം സിനിമാ പ്രവർത്തകരുടേയും മനം കവർന്ന ആ സ്പെഷ്യൽ മട്ടൺ ബിരിയാണിയുടെ രുചിക്കൂട്ട് അബ്ദു ഐഇ മലയാളം പ്രേക്ഷകർക്കായി ഇവിടെ വിശദീകരിക്കുന്നു:
ചേരുവകൾ:
മട്ടൺ – 2 കിലോ
ഉള്ളി – 2 കിലോ
തക്കാളി – 1/2 കിലോ
ഇഞ്ചി- രണ്ടു എണ്ണം
വെളുത്തുള്ളി – 2 അല്ലി
മഞ്ഞൾപൊടി- 2 ടീസ്പൂൺ
കുരുമുളക് – 2ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
കശുവണ്ടി
വറുത്ത ഉണക്കമുന്തിരി
വറുത്ത ഉള്ളി – 3
നെയ്യ് -1/4 കിലോ
നെയ്ച്ചോറ് -2 കിലോ
വെജിറ്റബിൾ ഓയിൽ -1 കപ്പ്
മല്ലിയില, പുതീനയില
ഗരം മസാല പൊടി
മസാല തയാറാക്കുന്ന വിധം:
ഉള്ളി, വെളുത്തുള്ളി, ഇഞ്ചി എന്നിവ ചെറുതായി അരിഞ്ഞത് വെജിറ്റബിൽ ഓയലിൽ ഇട്ട് ചൂടാക്കുക. ബ്രൗൺ നിറം ആകുന്നത് വരെ ഇളക്കുക. തക്കാളിയു ഇട്ട് ഇളക്കുക. പിന്നാലെ മല്ലിപ്പൊടി, മഞ്ഞൾപൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക. രണ്ട് ടീസ്പൂൺ ഗരം മസാല ചേർക്കുക. മട്ടൺ കഷ്ണങ്ങൾ ചേർത്ത് 20 മിനിറ്റ് വേവിക്കുക.
നെയ്ച്ചോർ ഉണ്ടാക്കുന്ന വിധം:
വെള്ളത്തിൽ ഉപ്പ് ചേർത്ത് തിളപ്പിക്കുക. തിളച്ചു വരുന്പോൾ അരിയിട്ട്,സുഗന്ധ വ്യഞ്ജനങ്ങൾ(മരുന്ന്) ചേർത്ത് വേവിക്കുക. വേവ് അധികമാകാതിരിക്കാൻ ശ്രദ്ധിക്കുക.
ദം ഇടുന്ന വിധം:
ഒരു നോൺ സ്റ്റിക്ക് കുക്ക് വെയർ എടുക്കുക. കുറച്ച് ഗരം മസാലയും വറുത്ത ഉള്ളിയും ചേർത്ത് ഇതിൽ അൽപം നെയ്ച്ചോർ ഇടുക. ഉണ്ടാക്കി വെച്ച ചിക്കൻ മസാല ഗ്രേവി അൽപം ചേർക്കുക. വീണ്ടും നെയ്ചോർ ചേർക്കുക. ഇങ്ങനെ ഒന്നിനുപിറകെ ഒന്നായി മുഴുവൻ പാത്രത്തിൽ ഇടുക. 20 മിനിറ്റ് ചെറുതീയിൽ മിക്സ് ആകാൻ കാത്തിരിക്കുക. ഉണക്കമുന്തിരി, കശുവണ്ടി, ഉള്ളി എന്നിവ ഉപയോഗിച്ച് അലങ്കരിച്ചെടുക്കുക. മമ്മൂക്കാക്കിഷ്ടപ്പെട്ട തലശ്ശേരി മട്ടൺ ബിരിയാണി തയ്യാർ.