ജീവിതത്തോട് പോരാടി വിജയിക്കുന്നവര്‍ എന്നും നമുക്ക് പ്രചോദനമാണ്. മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്തുള്ള എടക്കരയില്‍ ഒരു കൂട്ടം സ്ത്രീകളാണ് സ്വന്തം പ്രയത്നം കൊണ്ടു നമുക്ക് മാതൃകയാകുന്നത്. ഇവര്‍ പരീക്ഷിച്ചു വിജയിച്ച കൂണ്‍ കൃഷി മൂലം എടക്കര ഗ്രാമം ഇന്നു കൂണ്‍ ഗ്രാമം എന്ന പേരിലാണു അറിയപ്പെടുന്നത്. തേക്കിന്‍ കാടുകളും ചാലിയാര്‍ പുഴയും മാത്രമല്ല, കൂണ്‍ കൃഷിയുമിന്നു നിലമ്പൂരിന്റെ പെരുമ വര്‍ധിപ്പിക്കുന്നു.
കേരളത്തിലെ ആദ്യ കൂണ്‍ ഗ്രാമം
2014ല്‍ എടക്കര പഞ്ചായത്തിലെ സ്ത്രീ ശാക്തീകരണ പദ്ധതികളുടെ ഭാഗമായാണു ഇവിടുത്തെ 140 സ്ത്രീകള്‍ കൂണ്‍ കൃഷിക്കായി മുന്നിട്ടിറങ്ങിയത്. രണ്ടു വര്‍ഷം മുന്‍പ് അന്നത്തെ കൃഷി മന്ത്രി കെ.പി. മോഹനനാണ് എടക്കരയെ കൂണ്‍ ഗ്രാമമായി പ്രഖ്യാപിച്ചത്. ഇന്ന് ഈ ഗ്രാമത്തിലെ വരുമാനത്തിന്റെ നല്ലൊരു പങ്കും കൂണ്‍ കൃഷിയിലൂടെയാണ് ലഭിക്കുന്നത്. കൂടാതെ, വീട്ടമ്മമാരായി കഴിഞ്ഞിരുന്ന നിരവധി സ്ത്രീകള്‍ ഇവിടെ കൃഷിക്കാരും സംരംഭകരുമൊക്കെയായി മാറി. കൂണ്‍ കൃഷി ഒരു ഗ്രാമത്തിന്റെ തന്നെ തലവര മാറ്റിയെഴുതി.
മുന്‍ എടക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും ഇപ്പോള്‍ ജില്ലാ പഞ്ചായത്ത് അംഗവുമായ സെറീന മുഹമ്മദലിയുടെ നേതൃത്വത്തില്‍ അഞ്ച് ഗ്രൂപ്പുകളായിട്ടാണ് കൂണ്‍ കൃഷി നടത്തുന്നത്. ആദ്യം 12 സ്ഥലങ്ങളിലായി തുടങ്ങിയ കൃഷി ഇപ്പോള്‍ 15 ഫാം ഹൗസുകളിലായാണ് നടത്തുന്നത്. ഓരോ ഗ്രൂപ്പിലേയും ഏതെങ്കിലും അംഗത്തിന്റെ വീടിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് കൃഷി നടത്തുന്നത്. എടക്കരയില്‍ 60, വഴിക്കടവില്‍ 40, ചുങ്കത്തറയില്‍ 30 കര്‍ഷകര്‍ എന്നിവരെ കൂടാതെ 10 പ്രോസസിങ് യൂണിറ്റ് അംഗങ്ങളുമാണ് എടക്കര ഗ്രാമപഞ്ചായത്തിന്റെ ഈ ഉദ്യമത്തിലുള്ളത്.
ഇവര്‍ക്കായി എടക്കരയില്‍ 10 ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് ലാബ് സൗകര്യവും പരിശീലനവും നല്‍കുന്നുണ്ട്. കൃഷി ആരംഭിക്കുന്നതിനു മുന്നോടിയായി ഇവര്‍ക്കെല്ലാം 10 ദിവസത്തെ സര്‍ട്ടിഫിക്കറ്റോടുകൂടിയ പരിശീലനവും നല്‍കിയിരുന്നു. മാസ്റ്റര്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് വെള്ളായനി, ബാംഗ്ലൂര്‍, ഹിമാചല്‍പ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും പരിശീലനം ലഭിച്ചു. ഓരോ ഗ്രൂപ്പിനും കൃഷി തുടങ്ങാനായി കുടുംബശ്രീയുടെ കീഴില്‍ സബ്സിഡിയോടെ വായ്പയും ഹോര്‍ട്ടികള്‍ച്ചര്‍ മിഷനില്‍ നിന്നും ഒരു ലക്ഷം രൂപയോളം പലിശ രഹിത വായ്പയും ലഭിച്ചിരുന്നു. കൂണ്‍ കൃഷി പ്രോത്സാഹിപ്പിക്കാനായി ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഇത് അഗ്രോ പ്രൊഡ്യൂസര്‍ കമ്പനിയായി പ്രഖ്യാപിക്കുകയും ചെയ്തതോടെ നബാര്‍ഡിന്റെ സാമ്പത്തിക പിന്തുണയും ഇവര്‍ക്ക് ലഭിച്ചു.
ശ്രദ്ധയോടെ പരിചരണം
കാലാവസ്ഥയ്ക്കനുസൃതമായി ചെയ്യുന്ന കൃഷിയായതിനാല്‍ കൂണിനു പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമാണെന്നു കര്‍ഷകര്‍ പറയുന്നു. സ്ത്രീകള്‍ക്ക് സംതൃപ്തി നല്‍കുന്ന ജോലിയാണിതെന്നു കര്‍ഷകരായ ശാന്തകുമാരിയും മിനിയും സാക്ഷ്യപ്പെടുത്തിയതത്, വരുമാനത്തേക്കാള്‍ വലുതാണ് ഇതിലൂടെ അവര്‍ക്ക് ലഭിക്കുന്ന സന്തോഷമെന്നു തെളിയിക്കുന്നു. ഒരു ബഡില്‍ നിന്ന് ഏകദേശം ഒന്നര കിലോ കൂണ്‍ ലഭിക്കും. വിളവും തൂക്കവും കൂടുതലുള്ള ഫ്ളോറിഡ, എച്ച്യു എന്നീ ഇനങ്ങളാണ് ഇവിടെ കൂടുതലായും ഉപയോഗിക്കുന്നത്. ചിപ്പി കൂണിന് കിലോ 300 രൂപ വരെ ലഭിക്കുമ്പോള്‍ പാല്‍ കൂണിന് കിലോ 400 രൂപ വരെ ലഭിക്കാറുണ്ടെന്ന് ഇവര്‍ പറയുന്നു. മാസം 30000 രൂപ വരെ ഓരോ ഗ്രൂപ്പിനും ലാഭം നേടാനാകുന്നുണ്ട്. ശ്രദ്ധ, ക്ഷമ, വൃത്തി എന്നീ മൂന്നു കാര്യങ്ങളാണ് കൂണ്‍ കൃഷിയില്‍ പ്രധാനമെന്നു പ്രൊസസിങ് യൂണിറ്റ് അംഗമായ നസീമ പറഞ്ഞു.
കൂണ്‍ ഉപയോഗിച്ചുള്ള ഉപോത്പന്നങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. കൂണ്‍ കട്ലറ്റ്, സമോസ, ബിരിയാണി, സാന്‍വിച്ച്, പായസം, പുട്ട്, ബജി തുടങ്ങി മംസംകൊണ്ട് ഉണ്ടാക്കുന്നതെല്ലാം കൂണ്‍ ഉപയോഗിച്ചും ഇവര്‍ നിര്‍മിക്കുന്നു. കുടുംബശ്രീ മുഖാന്തരമുള്ള ഔട്ട്ലെറ്റിലൂടെയാണ് ഇവയുടെ നിര്‍മാണവും വിപണനവും. ഓണം പോലുള്ള സീസണ്‍ സമയത്തും മേളകള്‍ക്കുമെല്ലാം കൂണ്‍ ഗ്രാമത്തിലെ കൂണ്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തുന്നു. സ്ത്രീകളുടെ വരുമാനമാര്‍ഗം എന്നതിലുപരി ഒരു നാടിനെ കൃഷിയിലൂടെ പേരെടുക്കാനും വളര്‍ച്ച നേടാനും സഹായിച്ച കൂണ്‍ വിപ്ലവം മാറ്റത്തിന്റെ ദിശാസൂചികയാവുന്നതും ഇതുകൊണ്ടുതന്നെയാണ്.
കൂണ്‍ കൃഷി ചെയ്യാം
രണ്ടു തരം കൂണുകളാണ് പ്രധാനമായും കൃഷി ചെയ്യുന്നത്, ചിപ്പി കൂണും പാല്‍ കൂണും. കൂണ്‍ കൃഷിക്ക് അത്യാവശ്യം വേണ്ടത് തണുപ്പാണ്. അതുകൊണ്ട് മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ ചിപ്പി കൂണ്‍ കൃഷി ചെയ്യാന്‍ കഴിയില്ല. അക്കാലത്ത് പാല്‍ കൂണുകള്‍ കൃഷി ചെയ്യുന്നതാണ് നല്ലത്. ഫോഗര്‍, മിസ്റ്റ് എന്നിവ ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. പ്രത്യേകം തയാറാക്കിയ വര്‍ക്ക് റൂമില്‍ വൈക്കോലോ ഈര്‍ച്ചപ്പൊടിയോ ഉപയോഗിച്ച് മീഡിയം തയാറാക്കും. ബഡ് നിര്‍മിച്ച ശേഷം ഡാര്‍ക്ക് റൂമിനുള്ളില്‍വച്ച് ഇതിലേക്ക് വിത്ത് പാകും. ഇതിലേക്ക് മൈസീലിയം (പൂപ്പല്‍ പോലുള്ള ഫംഗസ്) പടര്‍ന്ന് കഴിഞ്ഞാല്‍ ഡാര്‍ക്ക് റൂമില്‍ നിന്നും ഹാര്‍വെസ്റ്റ് റൂമിലേക്ക് മാറ്റും. ഇവിടെ നിന്ന് ഏകദേശം ഒരു മാസത്തിനുള്ളില്‍ ആദ്യത്തെ വിളവെടുക്കാന്‍ കഴിയും. ഇങ്ങനെ മൂന്നു തവണയായി മൂന്ന് മാസം വരെ ഒറ്റ തവണ കൃഷിയില്‍ നിന്നും വിളവ് ലഭിക്കും.