ചരിത്രപ്രസിദ്ധമായ വൈക്കം സത്യാഗ്രഹം നടന്ന ക്ഷേത്രത്തിലെ അടിച്ചുതളി ജോലി ചെയ്യുന്ന പുഷ്പമ്മ ദാസൻ ജീവിതം പറയുന്നു. അമൃത ദത്ത എഴുതുന്നു

1924-25 കാലയളവിൽ മഹാത്മാ ഗാന്ധി സത്യാഗ്രഹമനുഷ്ഠിച്ച വൈക്കം

പുഷ്പമ്മ ദാസൻ – വയസ്സ് 52, ജോലി ക്ഷേത്രം തൂപ്പുകാരി (താൽക്കാലികം)

ശമ്പളം : പ്രതിമാസം 9,000

ജോലി സമയം : 3.45-4.30 am, 7.30 am-4 pm; അവധി ദിവസങ്ങളില്ല.
ചെയ്യുന്ന ജോലികൾ “ മുറ്റത്തിന്റെ ഒരു ഭാഗം അടിച്ചു വാരുക, ക്ഷേത്രത്തിന്റെ തിടപ്പള്ളി വൃത്തിയാക്കുക, പാത്രങ്ങളും വിളക്കുകളും കഴുകുക.

പുലരിവെളിച്ചത്തിന്റെ ആദ്യകിരണങ്ങൾക്കും ആൽമരത്തിൽ നിന്ന് ആദ്യകിളിയൊച്ചകൾക്കും മുൻപേ, 52 കാരിയായ പുഷ്പമ്മ ദാസൻ, ചെരുപ്പുകളഴിച്ചു വച്ച്, പടിഞ്ഞാറേനടയിൽ കൂടി അകത്തേയ്ക്കു പ്രവേശിക്കുന്നു. വൈക്കം മഹാദേവക്ഷേത്രത്തിലെ താൽക്കാലിക തൂപ്പുജോലിക്കാരിയായ അവർ, ആ ഇരുളിലൂടെ നടന്നുചെന്ന്, സ്വന്തം കൈയിൽ നിന്ന് 50 രൂപ മുടക്കി വാങ്ങി വച്ചിരിക്കുന്ന ഈർക്കിലിചൂലെടുത്ത് പണി തുടങ്ങുമ്പോൾ പുലർച്ചെ നാലുമണിയായിട്ടുണ്ടാകില്ല.

തനിക്കേല്പിച്ചു തന്നിട്ടുള്ള ഭാഗം അടിച്ചു വാരി, കരിയിലകളും ഒപ്പം അവിടവിടെയായി കാണുന്ന ലോട്ടോ ചോക്കോപൈ കവറുകളും കൂടയിലാക്കുന്നു. ഇതവർ പതിവായി ചെയ്യുന്ന ജോലിയാണ്, മാസമുറദിവസങ്ങളിലൊഴികെ. “വെള്ളപ്പൊക്കകാലത്ത് ഞങ്ങൾ ദുരിതാശ്വാസക്യാമ്പിലായിരുന്നു, എങ്കിലും ജോലി മുടക്കിയില്ല” പുഷ്പമ്മ പറയുന്നു.

ഈ വർഷം ഒക്റ്റോബർ രണ്ടാം തീയതി, 150- മത് ജന്മവാർഷികം കൊണ്ടാടപ്പെടുന്ന മോഹൻ ദാസ കരം ചന്ദ് ഗാന്ധിയുടെ പ്രമാണങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട്, കേന്ദ്രസർക്കാർ ആരംഭിച്ച സ്വച്ഛഭാരത് പദ്ധതിയുടെ കാലാൾപ്പടയിലൊരാളാണ് പുഷ്പമ്മ, പല രീതിയിലും.

“ഞങ്ങളതിൽ തൊടുക പോലുമില്ല,” പ്രധാനക്ഷേത്രത്തിനു പുറത്തുള്ള പിച്ചള മൊട്ടുകളെയും നന്ദിപ്രതിമയെയും പറ്റി ചോദിച്ചപ്പോൾ ഈഴവവിഭാഗത്തിൽ പെട്ട പുഷ്പമ്മ മറുപടി പറഞ്ഞു. നൂറ്റാണ്ടുകളോളം പുഷ്പമ്മയുടെ പൂർ‌വ്വികർക്ക് ക്ഷേത്രത്തിലെ ജോലി ചെയ്യുക എന്നത് ചിന്തിക്കുവാൻ പോലുമാകാത്ത ദൈവനിന്ദയായിരുന്നു. ദലിതർക്കും ഈഴവർക്കും പട്ടണത്തിലെ പൊതുവഴികളിൽ കൂടി നടക്കുവാനുള്ള അവകാശമുണ്ടായിരുന്നില്ല. അമ്പലത്തിന്റെ നാല് കവാടങ്ങളിലുമുള്ള കിടങ്ങുകൾ ഇഴവരെ അകറ്റി നിർത്തുവാനുദ്ദേശിച്ചുള്ളവയായിരുന്നു. ദളിതർ, ക്ഷേത്രത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ പ്രവേശിച്ചാൽ, അവർ മുന്നറിയിപ്പ് നൽകേണ്ടിയിരുന്നു.

1924-25 കാലയളവിൽ പടിഞ്ഞാറേ നടയിൽ നിന്നും പുറപ്പെടുന്ന റോഡുകളിൽ അനുഷ്ഠിക്കപ്പെട്ട വൈക്കം സത്യാഗ്രഹം ജാതി വ്യവസ്ഥയ്ക്ക് ഒരു സുപ്രധാന വെല്ലുവിളിയാണുയർത്തിയത്. ഗാന്ധിജിയും കോൺഗ്രസ്സും അയിത്തത്തിനെതിരായി നടത്തിയതിൽ വിജയിച്ച ആദ്യത്തെ ജനമുന്നേറ്റമായിരുന്നു ഇത്. ദലിതരും ഈഴവരും ഉയർന്ന ജാതിയായ നായർ വിഭാഗത്തില്‍പ്പെട്ടവരുമായ സമരക്കാർ പൊതുവഴികളിലൂടെ നടന്നു നിയമം ലംഘിച്ചു. 1925 മാർച്ചിൽ, സത്യാഗ്രഹികളെ പിന്തുണയ്ക്കുന്നതിനും ബ്രാഹ്മണർക്കു കാര്യം മനസ്സിലാക്കിക്കൊടുക്കുന്നതിനുമായി ഗാന്ധിജി വൈക്കം സന്ദർശിച്ചു. സമാധാനപരമായി നടത്തിയ ഈ പ്രക്ഷോഭത്തിൽ  ശ്രീ നാരായണ ഗുരുവും തമിഴ് പ്രക്ഷോഭകൻ പെരിയാറും പങ്കെടുത്തു.

അഞ്ചു വർഷം മുൻപാണ് പുഷ്പമ്മ ക്ഷേത്രം തൂപ്പുകാരിലൊരാളായി വൈക്കത്ത് ജോലിയിൽ പ്രവേശിച്ചത്, ഈ ജോലിക്കാരിൽ കൂടുതലും കരാർ തൊഴിലാളികളാണ്. ഒരു സ്കൂളിൽ നിർമ്മാണത്തൊഴിലാളിയായി ജോലി ചെയ്തിരുന്ന പുഷ്പ്പമ്മയുടെ ഭർത്താവ് ദാസൻ ഒരു വീഴ്ചയിൽ, അരക്കെട്ട് തകർന്ന് അവശതയിലായ അവസരമായിരുന്നു അത്. “വളരെ കഷ്ടപ്പാടുള്ള സമയമായിരുന്നു. ജീവിക്കാൻ എന്തെങ്കിലും വഴി കണ്ടെത്തേണ്ടിയിരുന്നു. വൈക്കത്തപ്പന്റെ കൃപ കൊണ്ട് എനിക്കീ ജോലി കിട്ടി. ഇപ്പോൾ അവസ്ഥ ലേശം മെച്ചപ്പെട്ടു” മാസം 9,000 രൂപ ശമ്പളം ലഭിക്കുന്ന പുഷ്പമ്മ പറഞ്ഞു. പ്രോവിഡന്റ് ഫണ്ടോ മറ്റു ആനുകൂല്യങ്ങളോ ഇല്ലാതെയാണിത്. കുടുംബത്തിന്റെ പ്രധാന വരുമാനമാർഗ്ഗമാണീ ജോലി. രണ്ടു പെണ്മക്കൾ വിവാഹിതരായി. കായികാധ്വാനത്തിന് കഴിവില്ലാത്തതിനാൽ ദാസൻ ലോട്ടറി വിൽക്കുന്നു.

Mahatma Swachh Bharat: ‘I have work to do… I keep the temple clean, I keep my house clean’

പുഷ്പമ്മ ദാസൻ അമ്പല പരിസരം വൃത്തിയാക്കുന്നു

ക്ഷേത്രത്തിലെ ആദ്യമണി മുഴങ്ങുമ്പോൾ, പുഷ്പമ്മ ഇരുളിലേയ്ക്ക് നടന്നു മറയുന്നു. രണ്ടാമത്തെ ഷിഫ്റ്റ് ജോലിയ്ക്കായി മുന്നു മണിക്കൂർ കഴിഞ്ഞ് മടങ്ങിവരുകയും ചെയ്യുന്നു. അതിനിടയിലുള്ള സമയത്ത് വീട്ടിലെ പാചകജോലികൾ പൂർത്തിയാക്കുകയും തനിക്കുവേണ്ടി ഫ്ലാസ്കിൽ കാപ്പിയും ഉച്ചഭക്ഷണവും പൊതിഞ്ഞെടുക്കുകയും ചെയ്യുന്നു.
രാജ്യമൊട്ടാകെ നടക്കുന്ന മഹത്തായ സ്വച്ഛ ഭാരത് മിഷന്റെ ഭാഗമായി, തന്നെ കരുതുവാൻ അവർക്ക് കഴിഞ്ഞിട്ടില്ല. “അതെല്ലാം പത്രത്തിൽ വരുന്ന രാഷ്ട്രീയക്കാരുടെ ജോലി” പൂഷ്പമ്മ പറയുന്നു. ഗാന്ധിയെക്കുറിച്ചാണെങ്കിൽ, അദ്ദേഹമിവിടെ വന്നിരുന്നുവെന്നും സ്വാതന്ത്ര്യ ത്തിനുവേണ്ടി പൊരുതിയെന്നും മാത്രമറിയാം. എന്നാൽ വൃത്തിയെന്നത് ഒരു വ്യക്തിപരമായ ധർമ്മം മാത്രം. “എനിക്ക് അതിനെ (സ്വച്ഛഭാരത് മിഷൻ) പറ്റിയൊന്നുമറിയില്ല. “പക്ഷേ, അമ്പലം വൃത്തിയായിരിക്കുവാൻ ഞാനെന്നും ജോലി ചെയ്യുന്നു. ഞാനെന്റെ വീടും വൃത്തിയായി സൂക്ഷിക്കുന്നു. കഴിയുമ്പോഴൊക്കെ, വീടും നഗരവും വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഞാനാളുകളോടു പറയാറുണ്ട്,” അവർ പറഞ്ഞു.

രണ്ടാമത്തെ ഷിഫ്റ്റ് രാവിലെ 7.30 നു തുടങ്ങുകയും വൈകുന്നേരം നാല് മണിക്ക് അവസാനിക്കുകയും ചെയ്യുന്നു. ഈ സമയത്ത് പുഷ്പമ്മ അകത്തെ ജോലികൾ ചെയ്യുന്നു. ഓട്ടുവിളക്കുകൾ, പുളിയും സോപ്പുമുമയോഗിച്ചു കഴുകി വൃത്തിയാക്കുന്നു. ഏകദേശം 300 പേരുടെ ഉച്ച ഭക്ഷണത്തിനു ശേഷം അടുക്കളയും ശുചിയാക്കുന്നു. അതിനുശേഷം അമ്പലത്തിലെ കാര്യനിർവഹണജോലിക്കാരുടെ ഭക്ഷണം. വിറകടുപ്പുകളിലാണ് ഇപ്പോഴും ക്ഷേത്രത്തിൽ ഭക്ഷണം പാകം ചെയ്യുന്നത്. അതിനാൽ പാത്രങ്ങൾ കരിപിടിച്ചാണു കിട്ടുക.       “അതിനു സമയമെടുക്കും,” ചാരവും സോപ്പും ചേർത്ത്, ഒരു ചെറിയ കുട്ടിയുടെ വലുപ്പമുള്ള പാത്രം കുനിഞ്ഞു നിന്നു കഴുകി, വെള്ളിത്തിളക്കമാക്കുമ്പോൾ പുഷ്പമ്മ പറഞ്ഞു.

പുഷ്പമ്മ എപ്പോഴും തിരക്കിലാണ്, അതാണവർക്കിഷ്ടവും. “ ചോദ്യങ്ങൾ വേഗം ചോദിക്കൂ, എനിക്കു ജോലിയുണ്ട്,” മടപ്പറമ്പിലുള്ള വീട്ടിലേയ്ക്കു മടങ്ങുന്ന പുഷ്പമ്മയെ ഞങ്ങൾ അനുഗമിക്കുമ്പോൾ അവർ പറഞ്ഞു. ഒരു സ്വീകരണമുറീയും, രണ്ടു ചെറിയ കിടപ്പറകളും ഒരടുക്കളയുമുള്ള ഭംഗിയുള്ള കോൺക്രീറ്റ് കെട്ടിടം. ഒരു വർഷം മുൻപാണത് നിർമ്മിച്ചത്. ടെലിവിഷനും ഫ്രിഡ്ജുമില്ല.  “എനിക്കിനി തുണിയലക്കണം, അത്താഴം വെയ്ക്കണം,” ജാക്കിയെന്ന വളർത്തുനായയെ തലോടി ശാന്തനാക്കുന്നതിനിടയിലും പുഷ്പമ്മ അലട്ടലുകളോടെ പറഞ്ഞു.

Mahatma Swachh Bharat: ‘I have work to do… I keep the temple clean, I keep my house clean’

പുഷ്്പമ്മദാസൻ വീട്ടിൽ

അടുത്തൊരു ഗ്രാമത്തിലെ കുട്ടിക്കാലം അവരോർക്കുന്നു. മാതാപിതാക്കൾ ദരിദ്രരും വിദ്യാഭ്യാസമില്ലാത്തവരും. പലപ്പോഴുമവർ കടത്തിലായിരുന്നു. “പക്ഷേ കുട്ടിക്കാലം സന്തോഷമായിരുന്നു. സ്കൂളിൽ പോയിരുന്നു, സ്പോർട്ട്സ് എനിക്കിഷ്ടമായിരുന്നു. എന്റെ ലോങ് ജമ്പും ഹൈ ജമ്പുമൊക്കെ നിങ്ങൾ കാണേണ്ടിയിരുന്നു” അവർ പറഞ്ഞു.

വാതിൽക്കൽ ശ്രീനാരായണഗുരുവിന്റെ ചിത്രം. ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ കേരളത്തിലെ ജാതി വിരുദ്ധപ്രസ്ഥാനത്തെ നയിച്ച സാമൂഹ്യപരിഷ്കർത്താവായ ശ്രീനാരായണഗുരു. സ്വീകരണമുറിയിലും പുഷ്പമ്മയുടെയും ദാസന്റെയും വിവാഹിതരായ മക്കളുടെയും ചിത്രങ്ങളെക്കാൾ വലുപ്പത്തിൽ ഗുരുവിന്റെ ചിത്രം എടുത്തുകാണുന്ന രീതിയിൽ വച്ചിരിക്കുന്നു.

1925 നവംബറിൽ, തിരുവിതാംകൂർ രാജകുടുംബം, ക്ഷേത്രത്തിനു മൂന്നു വശത്തുമുള്ള പൊതുവഴികൾ പിന്നോക്കജാതികൾക്കായി തുറന്നു കൊടുത്തതിന്റെ ഫലമായി വൈക്കം സത്യാഗ്രഹം അവസാനിച്ചു. 1936 ൽ എല്ലാ ക്ഷേത്രങ്ങളും എല്ലാ ജാതികളിലും പെട്ടവർക്കായി തുറന്നുകൊടുക്കപ്പെട്ടു, ശ്രീനാരായണ ഗുരുനടത്തിയ പ്രക്ഷോഭം അതിനു വേണ്ടിയുള്ള തായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ രാഷ്ട്രീയമോ ജാതിവിരുദ്ധ സമരങ്ങളോ പുഷ്പമ്മയ്ക്ക് കാര്യമല്ല. ഈഴവ സമുദായത്തിൽ നിന്നു പൂജാരിമാർ ഇല്ലെന്നതോ തന്റെ സമുദായം ഇപ്പോഴും പാർശ്വവത്കരിക്കപ്പെട്ടവരാണെന്നൊ ഉള്ളത് അവർ പ്രശ്നമായി കരുതുന്നില്ല. “ അതൊക്കെ ആലോചിക്കുന്നതിനു മുൻപ് ഈഴവർ വേദങ്ങൾ പഠിക്കണം” അവർ പറഞ്ഞു. അവരെ സംബന്ധിച്ചിടത്തോളോം, നാരായണഗുരുവിന്റെ സന്ദേശം, ആത്മാഭിമാനം ഉയർത്തിപ്പിടി ക്കണമെന്നതു മാത്രമാണ്. “ എന്തെങ്കിലും ദുരിതമുണ്ടാകുമ്പോൾ, കഠിനാധ്വാനം ചെയ്ത് സ്വന്തം കാലിൽ നിൽക്കണം, അതാണു ഗുരു ഞങ്ങളുടെ സമുദായത്തെ പഠിപ്പിച്ചത്.” പുഷ്പമ്മ പറഞ്ഞു.

രണ്ടു മക്കളിൽ, മൂത്തവൾ ദിവ്യ വൈക്കത്തെ ഒരു തയ്യൽക്കടയിൽ ജോലി ചെയ്യുന്നു. ഇളയ മകൾ ദീപ്തി എം എസ് സി ക്കാരിയാണ്, കൊച്ചിയിലെ ഒരു സ്വകാര്യാശുപത്രിയിലെ ലാബിൽ ജോലി ചെയ്യുന്നു. മകളെ പഠിപ്പിക്കുവാനും വീട് വയ്ക്കുവാനുമായി എടുത്ത കടം വീട്ടുവാനാണ് താനിങ്ങനെ മുഴുവൻ സമയവും ജോലി ചെയ്യുന്നതെന്ന് പുഷ്പമ്മ പറഞ്ഞു. “ എന്തിനാണു വെളുപ്പിനെ മൂന്ന് മണി മുതൽ രാത്രിവരെ ജോലി ചെയ്യുന്നതെന്ന് നിങ്ങളെന്നോടു ചോദിച്ചു, അല്ലെങ്കിൽ പിന്നെ എങ്ങനെയാണു ഞാനീ കടമൊക്കെ വീട്ടുന്നത്?” വെള്ളപ്പൊക്ക ദുരിതാശ്വാസമായി ലഭിക്കേണ്ട 10000 രൂപ ഇവർക്കിനിയും ലഭിച്ചിട്ടില്ല.

വീടിനു മുൻഭാഗത്തുള്ള ചെറിയ ഇടവഴി ആരാണ് വൃത്തിയാക്കുന്നത്? “ആരും ചെയ്യുന്നില്ല, അതു കൂടുതൽ വൃത്തികേടാകുമ്പോൾ ഞങ്ങൾ തന്നെ അടിച്ചുവാരും. മുനിസിപ്പൽ ജോലിക്കാരുടെ പണി മെയിൻ റോഡിൽ മാത്രമാണ്, ഇവിടെയില്ല.” അവർ പറഞ്ഞു. എന്നാൽ, സെപ്റ്റിക് ടാങ്കുകളുടെ അഭാവത്തിൽ കുഴിക്കക്കൂസുകൾ വൃത്തിയാക്കുവാൻ വർഷത്തിലൊരിക്കൽ ആളെ വിളിക്കേണ്ടിവരും. “ അവർക്ക് പണവും മദ്യവും നൽകണം” അവർ വ്യക്തമാക്കി.

നാല് വർഷം കഴിയുമ്പോൾ പുഷ്പമ്മ വിരമിക്കും, അതവർക്കത്ര സുഖമുള്ള ആലോചനയല്ല. രണ്ടറ്റവും കൂട്ടിമുട്ടിക്കാനാകാതെ വരുമ്പോൾ ചിലപ്പോൾ പുഷ്പമ്മ അത്ഭുതങ്ങളിൽ പ്രതീക്ഷയർപ്പിക്കുന്നു. “ഞാൻ വല്ലപ്പോഴും ലോട്ടറി ടിക്കറ്റെടുക്കും, പക്ഷേ ഭർത്താവിൽ നിന്നല്ല” അവർ ചിരിച്ചു. എന്നാൽ, മകൾക്ക് അമ്പലത്തിൽ തൂപ്പുകാരിയുടെ സ്ഥിരജോലി കിട്ടിയാൽ അതാണ് ഏറ്റവും വലിയ ഭാഗ്യക്കുറി എന്നവർ കരുതുന്നു. “അത് മാത്രമാണെനിക്ക് വൈക്കത്തപ്പനോടു പ്രാർത്ഥിക്കാനുളളത്.”

 

മൊഴിമാറ്റം: സ്മിത മീനാക്ഷി

Get Malayalam News and latest news update from India and around the world. Stay updated with today's latest Features news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ