scorecardresearch
Latest News

വിശ്വാസത്തിന്റെ തെരുവുൽസവം

നദിക്കരകളിലെ താൽകാലിക കൂടാരങ്ങളിൽ നിന്നുയരുന്ന മന്ത്രധ്വനികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ വിശ്വാസത്തിന്റെ പാരമ്യത്തിൽ ജനങ്ങൾ ഒഴുകി കൊണ്ടിരിക്കയാണ്. അവയിലൊരാളായി തിരക്കുകളിലലിഞ്ഞ് അങ്ങനെ നടന്നാൽ തന്നെ സമയം പോകുന്നത് അറിയുകയില്ല.

kumbhamela,aju chirackal

ലോകത്തിലെ ഏറ്റവും വലിയ വിശ്വാസി സഞ്ചയം കാണണമെങ്കിൽ കുംഭമേളകൾക്ക് പോകണം. തെരുവുകളിൽ പൊടിപടലങ്ങളുയർത്തിയെത്തുന്ന മനുഷ്യരൊരു സാഗരമായി മാറുന്ന അപൂർവ്വ കാഴ്ച. ദേശങ്ങൾ, ഭാഷകൾ, രൂപങ്ങൾ, ജാതികൾ, ഉപജാതികൾ – വ്യത്യസ്ഥതകളെയെല്ലാം വിശ്വാസത്തിന്റെ ചരടിൽ കോർത്ത് ഒരു ജനത തെരുവുകൾ കയ്യടക്കുന്നതിന് സാക്ഷ്യം വഹിക്കണമെങ്കിൽ കുംഭമേളയ്ക് തന്നെ പോകണം.

ലോകത്തിലെ ഏറ്റവും വലിയ വിശ്വാസികളുടെ ഒത്ത് ചേരലാണ് കുംഭമേളകൾ. ഹിന്ദു വിശ്വാസ പ്രകാരം നാല് സ്ഥലങ്ങളിൽ, നാല് പുണ്യനദികളുടെ തീരങ്ങളിലാണ് കുംഭമേളകൾ നടക്കുന്നത്. ഗംഗയും, യമുനയും സാങ്കല്പിക നദിയായ സരസ്വതിയും സംഗമിക്കുന്ന അലഹബാദിലെ പ്രയാഗ്, ഗംഗയുടെ തീരത്തെ ഹരിദ്വാർ, ഗോദാവരി തീരത്തെ നാസിക്ക്, ക്ഷിപ്ര നദീതീരത്തെ ഉജ്ജയിനി.

പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ നടക്കുന്നതിനെ മഹാകുംഭമേളയെന്നും, ആറ് വർഷത്തിലൊരിക്കൽ നടക്കുന്നതിനെ അർദ്ധ കുംഭമേളയെന്നും പറയും. പാലാഴി കടഞ്ഞെടുത്ത അമൃത കുംഭവുമായി പോയ മഹാവിഷ്ണുവിന്റെ കയ്യിലെ അമൃതകുംഭത്തിൽ നിന്നും തെറിച്ച തുള്ളികൾ വീണ  സ്ഥലങ്ങൾ ആണത്രെ കുംഭമേള നടക്കുന്ന നാലിടങ്ങൾ.kumbhamela,aju chirackal

ഇത്തവണത്തെ മഹാകുംഭമേള അലഹബാദിലെ പ്രയാഗ് രാജിലാണ്. നാലായിരിത്തി ഇരുന്നൂറ് കോടി രൂപയാണ് സർക്കാർ ഈ മഹാമേളയ്ക് വേണ്ടി നീക്കി വെച്ചിരിക്കുന്നത്. പന്ത്രണ്ട് കോടി വിശ്വാസികൾ പങ്കെടുക്കുമെന്നാണ് എകദേശ കണക്കുകൂട്ടൽ. റോഡുകൾ, ശൗചാലയങ്ങൾ, ഗതാഗത സൗകര്യങ്ങൾ, വഴിവിളക്കുകൾ, കുടിവെള്ള സൗകര്യം തുടങ്ങിയ അടിസ്ഥാന അവശ്യങ്ങൾക്ക് വേണ്ടിയാണ് ഇവ.

ജനുവരി 15 മുതൽ മാർച്ച് 4 ശിവരാത്രി വരെ പ്രധാനപ്പെട്ട ആറ് സ്നാനങ്ങൾ ആണുള്ളത്. സ്നാനം ഉള്ള ദിനങ്ങളിലാണ് അഖാഡകളിൽ നിന്നും സ്വാമിമാർ രണ്ട് മൂന്ന് കിലോമീറ്ററുകൾ നടന്ന് സ്നാനത്തിന് പോകുന്നത്.kumbhamela,aju chirackal

പുലർച്ചെ പ്രയാഗ് രാജിലെത്തി കുളിച്ച് ത്രിവേണി സംഗമത്തിലേക്ക് തിരിച്ചു. പുതിയ യമുന ബ്രിഡ്ജിന്റെ അരികില്‍ നിന്നും തോണികൾ ഉണ്ട് ത്രിവേണി സംഗമത്തിലേക്ക്. സാധാരണ ദിവസങ്ങളിൽ ഇരുനൂറ്റി അമ്പത്, മുന്നൂറ് രൂപ ഉണ്ടായിരുന്ന ഇടത്ത് രണ്ടായിരമാണ്‌  ചോദിക്കുന്നത്. അത്രയ്ക് വിശ്വാസികൾ ഒഴുകി എത്തുന്ന ഇടത്തിൽ വിലപേശലിന് യാതൊരു കാര്യവുമില്ല. സംഗമത്തിലേക്ക് തോണിയിൽപ്പോയാൽ രണ്ടുണ്ട് കാര്യം. പോകുമ്പോൾ അലഹബാദ് ഫോർട്ടിന്റെ കാഴ്ച തോണിയിലിരുന്നു കാണാം കൂട്ടത്തിൽ തോണിക്ക് ചുറ്റും വട്ടമിട്ട് പറക്കുന്ന സീഗൾസുകളെ കാണുകയും ചെയ്യാം. മിക്ക തോണികളും ത്രിവേണിസംഗമത്തിൽ അടുക്കുകയാണ്. അവിടെ ഇറങ്ങുന്നവരിൽ ഒരു വിഭാഗം കോട്ടയ്കത്തുള്ള ഹനുമാൻ കോവിലിൽ കയറാനുള്ള ക്യൂവിലാണ്. മറ്റുള്ളവർ സംഗമത്തിലെ കുളിക്കടവുകളിലേക് നടക്കുന്നു. ഇത്രയും കോടി ജനങ്ങൾ എത്തുന്ന ഇടത്തിലെ കാര്യങ്ങളുടെ നടത്തിപ്പും വിഷമമേറിയതാണ്. പോലിസും പട്ടാളവും സന്നദ്ധ സംഘടനകളും ഒന്ന് ചേർന്നാണ് ഈ മഹത് യജ്ഞം പൂർത്തിയാക്കുന്നത്.kumbhamela,aju chirackal

ഗംഗയുടെയും യമുനയുടെയും തീരങ്ങളിലൊരിക്കിയ ആയിരക്കണക്കിന് കൂടാരങ്ങൾ, അവയ്ക്കെല്ലാം പ്രത്യേക ശൗചാലയങ്ങൾ, വെള്ള സംഭരണികൾ, ഗംഗയ്ക്കും കുറുകെ താൽകാലികമായി ഉണ്ടാക്കിയ പാലങ്ങൾ, ക്ലീനിംഗ് തൊഴിലാളികൾ, പോലിസ്, പട്ടാളം, പുതുതായി നിർമ്മിച്ച റോഡുകൾ, അങ്ങനെ കുറ്റമറ്റ രീതിയിൽ ഉള്ള ഒരുക്കങ്ങൾ. kumbhamela,aju chirackal

പ്രധാനപ്പെട്ട സ്നാന ദിനങ്ങളിൽ സന്യാസിമാർ താമസിക്കുന്ന അഖാഡകളിൽ നിന്നും സംഗമത്തിലേക്കുള്ള ഘോഷയാത്രയുണ്ടാകാറുണ്ട്. തിരക്ക് ഒഴിവാക്കാൻ വ്യത്യസ്ഥ അഖാഡകൾ വ്യത്യസ്ഥ സമയങ്ങളിലാണ് സ്നാനത്തിനെത്തുക. നാഗസന്യാസിമാർ ഗംഗയിൽ കുളിച്ച ശേഷം തീ കത്തിച്ച ഭസ്മം ശരീരത്തിൽ വാരി പൂശുകയും ചെയ്യുന്നു. പല അഖാഡകളിൽ നിന്നുള്ള സന്യാസിമാർക്കൊപ്പം വിശ്വാസികളുടെ തിരക്ക് കൂടിയാകുമ്പോൾ സൂചി കുത്താനുള്ള ഇടം കൂടിയുണ്ടാകില്ല. നാഗസന്യാസിമാർ ജനങ്ങൾക്കിടയിൽ ഇറങ്ങുന്നത് ഇത്തരം അപൂർവ്വ അവസരങ്ങളിലാണ്. ഓരോ അഖാഡകളിൽ നിന്നും സ്വാമിമാർ സ്നാനത്തിന് പോകുന്നത് തന്നെ പോലീസ് സംരക്ഷണത്തിലാണ്, അവയ്കിടയിലേക്ക് മറ്റ് വിശ്വാസികൾ കടക്കുക തന്നെ അസാദ്ധ്യമാണ്. പതിമൂന്ന് അഖാഡകളിലെയും സന്യാസിമാരുടെ സ്നാനത്തിന് ശേഷം മാത്രമേ മറ്റുള്ളവർക്ക് സ്റ്റാനത്തിനുള്ള അനുവാദമുള്ളൂ.kumbhamela,aju chirackal

അലഹബാദിൽ നിന്ന് ത്രിവേണി സംഗമത്തേക്കുള്ള എട്ട് കിലോമീറ്ററിൽ വിശേഷ സ്നാന ദിവസങ്ങളിൽ പോലിസ് ഗതാഗതം നിയന്ത്രിക്കാറുണ്ട്. ആ ദിവസങ്ങളിൽ വരുന്നവർ അത്രയും ദൂരം കൂടി നടക്കേണ്ട അവസ്ഥയുണ്ട്. സ്നാന ദിവസം ഇവിടേക്ക് വരാഞ്ഞത് ഇത് മുൻകൂട്ടി കണ്ടാണ്. മാത്രമല്ല ജനതിരക്ക് കൂടുന്ന ദിവസങ്ങളിൽ പോലീസ് താൽകാലിക പാലങ്ങൾ അടയ്ക്കാറും ഉണ്ട്.

യഥാർത്ഥ വിശ്വാസികൾക്കും സ്വാമിമാർക്കുമൊപ്പം കള്ള സന്യാസിമാരും ഇഷ്ടം പോലെയുണ്ട്. നഗ്നശരീരം കാണിച്ചു കൂളിംഗ് ഗ്ലാസ് വെച്ചും കാശിന് വേണ്ടി ഫോട്ടോയ്ക്പോസ് ചെയ്തും അവരും ഈ ജനസഞ്ചയത്തിൽ വിലസുന്നുണ്ട്.

വിശേഷ ദിനങ്ങളിൽ ഏകദേശം രണ്ട് കോടിയിലേറെ ജനങ്ങൾ സ്നാനത്തിനെത്തുന്നു എന്നാണ് കണക്ക്.

ബസ്സുകൾ, ട്രെയിനുകൾ കാറുകൾ, ഓട്ടോറിക്ഷകൾ സൈക്കിൾ റിക്ഷകൾ അങ്ങനെ എല്ലാ വാഹനങ്ങളിലും ആബാലവൃദ്ധം ജനങ്ങളും ഇവിടേക്കൊഴുകുകയാണ്. ഗംഗാസ്നാനത്തിന്, ‘ഗംഗാ മയ്യാ’ വിളികളുമായെത്തുന്നവരിൽ ഗംഗ എന്ന വികാരമാണ്. കുംഭമേളയെന്നത് വിശ്വാസികളുടെ തെരുവുൽസവമാണ്. ഗംഗയുടെ തീരത്ത് തറയിൽ ഇരുന്ന് മന്ത്രങ്ങളുരുവിട്ടുകൊണ്ട് ഗംഗയിൽ സ്നാനത്തിനിറങ്ങുന്ന ലക്ഷക്കണക്കിന് ജനങ്ങളാണെവിടെയും.kumbhamela,aju chirackal

പകൽ മുഴുവൻ അഖാഡകൾ കയറിയിറങ്ങി, പാലങ്ങളിലൂടെ ഗംഗയെ കുറുകെ കടന്ന് കച്ചവടങ്ങളും ഭിക്ഷക്കാരുമുള്ള ഇടങ്ങളിലും ചുറ്റിത്തിരിഞ്ഞ് പല തരത്തിലുള്ള വിശ്വാസികളെ കണ്ട് കണ്ട് അങ്ങനെ നടന്നു.

ഇത്ര കോടി ജനങ്ങൾ, അല്ല വിശ്വാസികൾ, എത്രയോ ദൂരങ്ങൾ കടന്ന് ഇവിടെയെത്തിയിരിക്കുന്നു.

സന്ധ്യയോടെ നദീതീരത്തെ വിളക്കുകൾ എല്ലാം ഒന്നു പോലെ തെളിഞ്ഞു. നദിക്കരകളിലെ താൽകാലിക കൂടാരങ്ങളിൽ നിന്നുയരുന്ന മന്ത്രധ്വനികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ വിശ്വാസത്തിന്റെ പാരമ്യത്തിൽ ജനങ്ങൾ ഒഴുകി കൊണ്ടിരിക്കയാണ്. അവയിലൊരാളായി തിരക്കുകളിലലിഞ്ഞ് അങ്ങനെ നടന്നാൽ തന്നെ സമയം പോകുന്നത് അറിയുകയില്ല.kumbhamela,aju chirackal

ഇരുകരകളിലും തെളിയുന്ന ദീപങ്ങളിൽ കുളിച്ച് കിടക്കുന്ന യമുനാ ഗംഗാ തീരങ്ങൾ. കൂടാരങ്ങളിൽ നിന്നൊഴികിയെത്തുന്ന മന്ത്രങ്ങൾ, പ്രഭാഷണങ്ങൾ, ഭജനകളാൽ മുഖരിതമായിരുന്ന അന്തരീക്ഷം ശാന്തമായിട്ടുണ്ട്. ഗംഗയെയും യമുനയെയും തഴുകിപ്പോകുന്ന കാറ്റിൽ നദി തീരങ്ങളിൽ അങ്ങിങ്ങ് ചില മനുഷ്യർ.

ഈ മനുഷ്യരുടെ മഹാ ഉൽസവത്തിൽ പങ്കെടുത്തത് കൊണ്ട് മാത്രം മനസ്സിലായ ചില കാര്യങ്ങളുണ്ട്. തീർത്ഥാടനമെന്നത് ടൂറിസ്റ്റുകളെപ്പോലെയുള്ള യാത്രയല്ലെന്നും, വിശ്വാസത്തിന് ദേശവും ഭാഷയുമില്ലയെന്നും.

പുരാതന നഗരമായ അലഹബാദിലെത്തുന്നവർക്ക് ‘ത്രിവേണി സംഗമ’ത്തിലെ സ്നാനത്തിന് പിറകെ ഖുസ്റോ ഭാഗ്, നെഹ്റു കുടുംബത്തിന്റെ വീടായ ആനന്ദ ഭവൻ, ആൾ സെയ്ന്റ്സ് കത്തീഡ്രൽ എന്നിവ കൂടി കാണാവുന്നതാണ്. പ്രയാഗ് രാജിൽ നിന്നും 120 കിമീ അകലെയാണ് വാരണാസി.

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Mahakumbh 2019 prayagraj ardh kumbh mela triveni sangam mahashivratri