/indian-express-malayalam/media/media_files/uploads/2017/04/reenu-1.jpg)
ബൈന്റിട്ടതും കാലപ്പഴക്കം കൊണ്ട് വയറ് ചാടിയതുമായ പലതരം ബൈബിളുകളും വേദശാസ്ത്ര പുസ്തകങ്ങളുമല്ലാതെ വീട്ടിലെ ബുക് ഷെൽഫിൽ ഉണ്ടായിരുന്നത് ഇവാൻ തുർഗനെവിന്റെ പിതാക്കളും പുത്രൻമാരും എന്ന നോവലും, അമ്മയുടെ കുറേ സുവോളജി പുസ്തകങ്ങളുമായിരുന്നു. വായനയെന്നാൽ യുറീക്ക മാമനും കുഞ്ഞുണ്ണി മാഷും സിപ്പി പള്ളിപ്പുറവുമൊക്കെ ആയി അഞ്ചാം തരം വരെ പോയി. പിന്നീട് എച്ച് ജി വെൽസിന്റെ അദൃശ്യമനുഷ്യനും നരേന്ദ്രനാഥിന്റെ ഇത്തിരിക്കുഞ്ഞനും റഷ്യൻ നാടോടിക്കഥകളുമെല്ലാം എന്റെയും ചേച്ചിയുടെയും കുഞ്ഞിത്തലകൾക്കുള്ളിൽ സ്ഥാനം പിടിച്ചു.
അങ്ങനെയിരിക്കെ ഒരു ഏപ്രിൽ 23 ന് മലയാള മനോരമയിൽ ഒരു പരസ്യം 'ഷേക്‌സ്പിയറുടെ ജന്മദിനം വായനാദിനമായി ആചരിക്കുന്നതിനാൽ ഈ പത്രക്കട്ടിംഗുമായി മുല്ലയ്ക്കലുള്ള ഡിസി/കറന്റ് ബുക്‌സിന്റെ ഓഫീസിലെത്തിയാൽ വെനീസിലെ വ്യാപാരി എന്ന പുസ്തകം നല്കുന്നതാണ്'. സന്തോഷം കൊണ്ട് തുള്ളിച്ചാടിയ ചേച്ചിയാണ് അപ്പനും അമ്മയുമറിയാതെ,എന്നേം കൂട്ടി പുസ്തകം വാങ്ങാൻ പോയത്. അറിഞ്ഞാൽ തല്ല് ഉറപ്പാണ്.
/indian-express-malayalam/media/media_files/uploads/2017/04/reenu-2.jpg)
കള്ളത്തരം കാണിച്ചാൽ രണ്ട് കൈയ്യും വിരിച്ച് പിടിച്ച് മുട്ടിന്മേൽ നിൽക്കണമെന്നതായിരുന്നു അന്നത്തെ ശിക്ഷ. പുസ്തകം വാങ്ങി തിരിച്ചെത്തി നേരെ ചാടിക്കൊടുത്തത് അപ്പന്റെ മുന്നിലേക്കാണ്. അടിക്കാൻ പിടിച്ചപ്പോൾ വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും, വായിക്കാതെ വളർന്നാൽ വളയുമെന്ന കുഞ്ഞുണ്ണിമാഷിന്റെ കവിതയും പാസാക്കി അപ്പുപ്പന്റെ പിറകിലൊളിച്ചു. എന്ത് കൊണ്ടോ, അന്ന് തല്ല് കിട്ടാതെ രക്ഷപ്പെട്ടു.
ഒറ്റ നോട്ടത്തിൽ ശുഷ്‌കമെന്ന് എഴുതിത്തള്ളാവുന്ന വായന പച്ച പിടിക്കുന്നത് അഞ്ജലി വായനശാലയിലേക്കും സ്‌ക്കൂൾ ലൈബ്രറിയിലേക്കും ഓടിക്കൊണ്ടിരുന്ന കാലത്താണ്. പിന്നീടങ്ങോട്ട് കയ്യിൽ കിട്ടിയതെല്ലാം വായിച്ച് കൂട്ടി. ശ്ലീലാശ്ലീലങ്ങളുടെ വരമ്പ് പലപ്പോഴും നേർത്തും വീർത്തും വന്നുകൊണ്ടിരുന്നു. ജോലിക്കാരിയായതോടെ വാശിക്ക് പുസ്തകങ്ങൾ വാങ്ങിക്കൂട്ടി. സ്ഥലംമാറ്റങ്ങൾക്കിടെ പകുതി മുക്കാലും പുസ്‌കങ്ങൾ നഷ്ടപ്പെട്ടു. കളഞ്ഞുപോയ പുസ്തകങ്ങളോട് പിണങ്ങി വായനയും, വാങ്ങിക്കലും നിർത്തിവച്ചു. എന്റെ പുസ്തകങ്ങൾ ആരുടെയെങ്കിലുമൊക്കെ ബുക്ക് ഷെൽഫിൽ വിശ്രമിക്കുന്നുണ്ടാവുമെന്ന് ആശ്വസിച്ച് പിന്നെയും വാങ്ങിക്കൂട്ടി. 'എന്റെയല്ലെന്റെയല്ലീക്കൊമ്പനാനകൾ' എന്ന ഉണ്ണി ആറിന്റെ കഥ വായിച്ച് നീണ്ട നെടുവീർപ്പിട്ടു. ഒരുപാട് പുസ്തകങ്ങൾ വാങ്ങിക്കൂട്ടുന്നത് പിന്നെയും പിന്നെയും സ്വപ്‌നം കണ്ടു.
പുസ്തകങ്ങളിലൂടെ ഞാനെത്രവട്ടം കൊൽക്കൊത്തയിൽ എത്തിയിട്ടുണ്ടെന്നോ! 'ട്രാമുകൾ പായുന്നതും രബീന്ദ്രസംഗീതം ഒഴുകിയെത്തുന്ന സന്ധ്യകളുമൊക്കെ എത്രവട്ടം അനുഭവിച്ചിട്ടുണ്ടെന്നോ!. കെന്ദുളിയിലെ ഓരോ ഇടവഴികളും എനിക്ക് സുപരിചിതമാണ്.
വായിക്കുമ്പോഴൊക്കെ അത്ഭുതക്കുട്ടിയായി മാറുന്ന ശീലം ഇപ്പോഴും മാറിയിട്ടില്ല. തലപ്രാന്ത് മൂക്കുന്ന ദിവസങ്ങളിൽ പുസ്തകങ്ങളെല്ലാം കട്ടിലിന് ചുറ്റും വാരിയിട്ട് അതിനിടയിൽ കിടന്ന് ഉറങ്ങി. പിന്നേം അടുക്കി വച്ചും ഇടയ്ക്കിടെ ഓരോന്നുമെടുത്ത് മറിച്ചും മണത്തും നോക്കിയും ഓർമ്മകളെ തിരിച്ച് പിടിച്ചുകൊണ്ടുവന്ന് പുസ്തകങ്ങളെപ്പോലെ ഷെൽഫിലിരുത്തി. ഓരോ പുസ്തകത്തിനും ഓരോ ഓർമ്മകളാണല്ലോ.
കുട്ടിക്കാലത്തിന്റെ വാശികൊണ്ടും ദേഷ്യം കൊണ്ടും പിച്ചിച്ചീന്തിയ ഒരു പുസ്തകത്തിന്റെ കഷ്ണങ്ങൾ ശതാവരിയുടെ ചുവട്ടിലിട്ട് വെള്ളമൊഴിച്ചത് കൊണ്ടാവാം, ഓരോ തവണ അടുക്കി വയ്ക്കുമ്പോഴും ശതാവരി പൂത്തമണം വർഷങ്ങൾക്ക് അപ്പുറത്ത് നിന്നും തേടിയെത്താറുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us