scorecardresearch

വായനയാൽ വരയ്ക്കപ്പെട്ട ജീവിതം

പുസ്തകങ്ങളെയും ആഴ്ചപ്പതിപ്പുകളെയും സ്നേഹിച്ച കൗമാരക്കാരനെ ജീവിതത്തിലേയ്ക്കു വരച്ചെടുത്ത അക്ഷരലോകത്തെ കുറിച്ച്

പുസ്തകങ്ങളെയും ആഴ്ചപ്പതിപ്പുകളെയും സ്നേഹിച്ച കൗമാരക്കാരനെ ജീവിതത്തിലേയ്ക്കു വരച്ചെടുത്ത അക്ഷരലോകത്തെ കുറിച്ച്

author-image
Vishnu Ram
അപ്‌ഡേറ്റ് ചെയ്‌തു
New Update
world book day, vishnu ram, artist,

ആദ്യം വായിച്ച പുസ്തകത്തിന്‍റെ പേര് ഓര്‍മ്മയില്ല.ആര് എഴുതിയതാണെന്നും ഓര്‍ക്കുന്നില്ല .പക്ഷേ .മനസില്‍ കാവി നിറമുള്ള അതിന്‍റെ കവറും ഓറഞ്ച് ,കറുപ്പ് ,വെളുപ്പ് നിറങ്ങള്‍ മാത്രമുള്ള ഉള്‍ചിത്രങ്ങളും ഇപ്പോഴുമുണ്ട് .ഞാനന്ന്‍ കുട്ടിയാണ് .ഹൈസ്കൂള്‍ കുട്ടികള്‍ക്ക് ആര്യക്കര സ്കൂളില്‍ നിന്നും പുസ്തകങ്ങള്‍ വായിക്കാന്‍ കൊടുക്കുന്ന ഒരു ഏര്‍പ്പാട് അന്ന് തുടങ്ങിയിരുന്നു .

Advertisment

അങ്ങനെ ചേച്ചി കൊണ്ടുവന്നതാണ് ആ പുസ്തകം. ചിത്രങ്ങള്‍ കണ്ടാണ് മണ്ണെണ്ണ വിളക്കിനടുത്ത് വെച്ചു സൂക്ഷ്മാമായി അത് വായിച്ചത് .ആടുകളെ മേയ്ക്കാന്‍ കാട്ടില്‍ പോകുന്ന ഒരു കുട്ടി വഴി തെറ്റി അലയുന്നതും രാത്രിയാകുമ്പോ അവന്‍ ഒരു കുപ്പിയില്‍ മിന്നാമിനുങ്ങുകളെ പിടിച്ച് നിറച്ച് ആ വെളിച്ചത്തില്‍

വഴി കണ്ടു പിടിച്ച് വീട്ടില്‍ എത്തുന്നതും ഒക്കെയാണ് കഥ .അന്ന്‍ ഞങ്ങളുടെ നാട്ടില്‍ കറണ്ട് വന്നിട്ടില്ല .അന്നത്തെ രാത്രികള്‍ ഇരുണ്ടതും പേടിപ്പിക്കുന്നതും ആയിരുന്നു .കാട്ടില്‍ അകപ്പെട്ട കുട്ടിയുടെ മനസികാവസ്ഥ ആ രീതിയില്‍ എന്നെ പേടിപ്പിച്ചു .ശുഭ പര്യാവസായിയായ സിനിമകള്‍ കണ്ട് എഴുന്നേല്‍ക്കുമ്പോ കിട്ടുന്ന ഒരു സുഖമായിരുന്നു .മിന്നാമിന്നി വെട്ടത്തില്‍ അവന്‍ വീട്ടിലെത്തി പുസ്തകം അവസാനപേജില്‍ എത്തുമ്പോ മിന്നാമിനുങ്ങുകളെ നിറച്ച ആ കുപ്പിയാണ് വായനയുടെ ആദ്യ വഴിയില്‍ ഇപ്പൊഴും തെളിഞ്ഞു നില്‍ക്കുന്നത് .

പഞ്ചായത്ത് വായന

ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പഞ്ചായത്ത് ലൈബ്രറിയില്‍ ഞാന്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നത് ..അക്കാലത്ത് വായന തുടങ്ങിയ ഒരു സുഹൃത്ത് പറഞ്ഞിരുന്ന കുറ്റാന്വേഷണ കഥകള്‍ ആണ് എനിക്കും വായിക്കണം എന്ന തോന്നല്‍ ഉണ്ടാക്കിയത് .ആദ്യം തോമസ് ടി . അമ്പാട്ടും ബാറ്റണ്‍ ബോസും എഴുതിയ നോവലുകളില്‍ തുടങ്ങി ..പിന്നെ ആനുകാലികങ്ങള്‍ വായിച്ചു തുടങ്ങിയപ്പോള്‍ എഴുത്തുകാരെ കുറിച്ചും മറ്റും അറിഞ്ഞു അവരുടെ പുസ്തകങ്ങള്‍ വായിക്കണം എന്നായി .പണ്ട് പുസ്തകങ്ങളുടെ പിന്നില്‍ അത് എഴുതിയ ആളുടെ മറ്റ് പുസ്തകങ്ങളുടെ പേര് എണ്ണമിട്ട് നിരത്തുന്ന രീതി ഉണ്ടായിരുന്നു .ഒരു ദിവസം വലിയ സന്തോഷത്തോടെ അത് പോലെ കൊടുത്തിരുന്ന ലിസ്റ്റ് നോക്കി ഞാന്‍ ഉറക്കെ പ്രഖ്യാപിച്ചു '' ബഷീര്‍ എഴുതിയ എല്ലാ പുസ്തകങ്ങളും ഞാന്‍ വായിച്ചു കഴിഞ്ഞു ''

Advertisment

worlld book day, vishnuram, artist,

പിന്നെ വായനയും ഞാനും ഒപ്പം വളര്‍ന്നു . മാധവിക്കുട്ടിക്കും ഒ .വി വിജയനും ഇടയ്ക്ക് വെച്ച് ഒരുപാട് വായിക്കപ്പെട്ട് ചതഞ്ഞും മടക്കപ്പെട്ടും പിഞ്ഞിയ പമ്മനെ ഞാന്‍ രഹസ്യമായി വീട്ടിലേക്ക് കൂട്ടി ...മുറ്റത്തെ കണിക്കൊന്ന മരത്തിന് ചുവട്ടില്‍ വിരിച്ച തഴപ്പായില്‍ മണ്ണെണ്ണ വിളക്കിന് മുന്നില്‍ കമിഴ്ന്നു കിടന്ന് ഷേര്‍ഷായുടെ ഭരണപരിഷ്കാരങ്ങള്‍ വായിച്ചു പഠിക്കുന്ന മകനെ വീട്ടുകാര്‍ ശല്യപ്പെടുത്തിയില്ല .ഏതോ മുന്‍വായനക്കാരന്‍ അടിവരയിട്ട പമ്മന്‍ വരികളില്‍ മൂര്‍ച്ഛിച്ച് ഭൂമിയിലേക്ക് നടു അമര്‍ത്തി തളര്‍ന്ന് കിടക്കുമ്പോ കണിക്കൊന്നയില്‍ നിന്നും '' സി '' എന്ന ഇംഗ്ലിഷ് അക്ഷരത്തില്‍ ചൂണ്ട കൊളുത്ത് ചേര്‍ത്തു വെച്ച പോലെയുള്ള കേസര ഭാഗങ്ങള്‍ എന്‍റെ മേലേക്ക് ഉതിര്‍ന്നു .അത് ഓരോന്നായി ചേര്‍ത്തു വെച്ച് മാല പോലെ ഉണ്ടാക്കുമ്പോൾ കണ്ണി പൊട്ടി തകരുന്ന പഠനം എന്നെ ഭയപ്പെടുത്തി.അപമാനിക്കപ്പെട്ട മുഗള്‍ ഭരണാധികാരികള്‍ രാത്രി സ്വപ്നങ്ങളില്‍ കുതിരപ്പുറത്ത് പുക പറത്തിയെത്തി എന്‍റെ മുഖത്ത് ആഞ്ഞു വെട്ടി...

വരയില്ലാത്ത കണക്ക് ബുക്കുകള്‍ മധ്യഭാഗത്തെ പേജുകള്‍ നഷ്ടപ്പെട്ട് മെലിയാന്‍ തുടങ്ങി .ഹൈസ്കൂള്‍ കാലത്ത് തന്നെ ഞാന്‍ ഒരു കൈയെഴുത്ത് മാസികയുടെ പത്രാധിപരായി. വലിയ വലിയ എഴുത്തുകാരുടെ കഥകള്‍ ,കവിതകള്‍ ഒക്കെ അതില്‍ വന്നു തുടങ്ങി .എല്ലാത്തിനും വരച്ചു ചിത്രകാരന്‍ എന്ന നിലയിലും ഞാന്‍ സന്തോഷിച്ചു. ഒരു വിധം പഠിക്കുമായിരുന്ന ഞാന്‍ പരീക്ഷകളില്‍ തീരെ മാര്‍ക്ക് കുറഞ്ഞവനായി. വായനയും അനുബന്ധ പ്രവര്‍ത്തനങ്ങളും ഒരു ലഹരി ആയി തുടങ്ങിയിരുന്നു. എനിക്കു പഠിക്കണ്ട .വായിക്കണം ..വരയ്ക്കണം നമ്പൂതിരിയെ പോലെ മദനനേ പോലെ ആകണം ... അതിനു കാത്തിരിക്കാന്‍ വയ്യ.

പഞ്ചായത്ത് ലൈബ്രറിയില്‍ ഞാന്‍ നിത്യ സന്ദര്‍ശകന്‍ ആയി .പുസ്തക അലമാരകള്‍ തീര്‍ത്തു ആനുകാലികങ്ങളില്‍ ആയി പിന്നീട് ശ്രദ്ധ . എന്നും ചെല്ലുന്ന എന്നോടു ലൈബ്രേറിയന്‍ ജയലാല്‍ സാര്‍ ഒരു സഹായം ചോദിച്ചു .'' എനിക്കു ഇടയ്ക്ക് പാര്‍ട്ടി പരിപാടികള്‍ക്കൊക്കെ പോകേണ്ടി വരും നിനക്ക് ഒരു താക്കോല്‍ തരാം ഞാന്‍ പറയുന്ന ദിവസങ്ങളില്‍ ലൈബ്രറി അടക്കാനും തുറക്കാനും വരാമോ? '' ഞാന്‍ സന്തോഷത്തോടെ താക്കോല്‍ വാങ്ങി .അങ്ങനെ ചില ദിവസങ്ങളില്‍ പുസ്തകങ്ങളുടെ അധിപനായി .അത് പോലെ എല്ലാ ശനി ആഴ്ചകളിലും. പഴയതാകുന്ന എല്ലാ ആനുകാലിക പ്രസിദ്ധീകരണങ്ങളും വീട്ടില്‍ കൊണ്ട് പോയി മതിയാകുവോളം വായിക്കാനുള്ള സഹായവും സാര്‍ ചെയ്തു തന്നു .അങ്ങനെ വീട്ടുകാരും വായനക്കാരായി .എന്‍റെ പഞ്ചായത്തില്‍ പോക്ക് പ്രോത്സാഹിക്കപ്പെട്ട് തുടങ്ങി .ഓണക്കാലത്ത് ഓണപ്പതിപ്പുകള്‍ക്കൊപ്പം ഒരു ആയിരം രൂപാ നോട്ട് സാര്‍ മടക്കി എന്‍റെ പോക്കറ്റില്‍ വെച്ചു തരും .ഉള്ളില്‍ വേണം എന്നാണെങ്കിലും വേണ്ട സാര്‍ ..വേണ്ട സാര്‍ എന്ന്‍ ഞാന്‍ വിനയം കാണിക്കും .ഇരിക്കട്ടെ ..ഓണം ആഘോഷിക്ക് ... സാര്‍ ചുമലില്‍ തട്ടും.

world book day, vishnuram, artist

ഞാന്‍ ആദ്യം കവര്‍ ഡിസൈന്‍ ചെയ്യുന്നതും ആ കാലത്താണ് .പൊടി പിടിച്ച് അലമാരയുടെ താഴെ കിടന്ന അഗത ക്രിസ്റ്റിയുടെ കവര്‍ കീറിപ്പോയ ഒരു നോവല്‍ എടുത്തത് ഡിസൈനര്‍ ആകാനുള്ള ആദ്യ പടി എന്ന നിലയില്‍ ആയിരുന്നു .അഞ്ചു രൂപയുടെ ചാര്‍ട്ട് പേപ്പര്‍ വാങ്ങി അതില്‍ സ്കെച്ച് പെന്‍ കൊണ്ട് ചിത്രം വരച്ച് ടൈറ്റിലും എഴുത്തുകാരിയുടെ പേരും എഴുതി .. പിന്നില്‍ കവര്‍ ഡിസൈന്‍ വിഷ്ണു എന്നും ..അതുമായി ചെല്ലുമ്പോ വലിയ ചമ്മല്‍ ഉണ്ടായിരുന്നു. ബുക്ക് കണ്ട് സാര്‍ എന്നെ അഭിനന്ദിച്ചു .'' ആഹാ നീ വരക്കുമോ ? ''

കാലം കടന്ന് പോയി വരക്കാന്‍ ആഗ്രഹം ഉണ്ടായിട്ടും ആരെ സമീപിച്ചാലാണ് അത് നടക്കുക എന്ന് യാതൊരു പിടിയും ഇല്ലാതെ ഞാന്‍ അതൊക്കെ മറന്ന് ചെറിയ ജോലികളിലേയ്ക്ക് കടന്നു .കൂടെ പഠിച്ചവരെല്ലാം നല്ല ജോലികള്‍ കിട്ടി പോകുന്നത് കണ്ടപ്പോ പഠിക്കേണ്ട സമയത്ത് വരച്ചും വായിച്ചും കളഞ്ഞ സമയത്തെ ഓര്‍ത്ത് ഞാന്‍ ദീര്‍ഘമായി നിശ്വസിച്ചു... പിന്നേയും കുറെ നാള്‍ കഴിഞ്ഞു ഫെയ്‌സ്ബുക്ക് കാലത്ത് പുസ്തകരംഗം എന്നെ ചേര്‍ത്തു പിടിച്ചു . അവരെ ഒരുപാട് സ്നേഹിച്ച എന്നെ എങ്ങനെയാണ് മറന്ന്  കളയാനാവുക . ഞാന്‍ കവര്‍ ചെയ്തു...ഇല്ലാസ്ട്രേഷന്‍ ചെയ്തു ... വാരികകളില്‍ വരച്ചു ... എന്‍റെ എല്ലാ ആഗ്രഹങ്ങളും എന്നെ ഞെട്ടിപ്പിച്ചു കൊണ്ട് തുടരെ തുടരെ പൂവണിഞ്ഞു .

വായനക്കാരിലേക്ക് എത്തും മുമ്പേ പല പുസ്തകങ്ങളും വായിച്ചു ... ഒരു കാര്യം ഉറപ്പാണ് .എനിക്ക് നിരാശ ഉണ്ടായിരുന്നില്ല. പ്രതീക്ഷകളും. ഞാന്‍ സ്വയം തൃപ്തിപ്പെട്ടുകൊണ്ടിരുന്നു.ഇഷ്ടപ്പെട്ട കഥകള്‍ക്കും കവിതകള്‍ക്കും വരച്ചു. പൗലോ കൊയ്ലോയുടെ ആ പ്രശസ്തമായ വരികള്‍ കാണുമ്പോഴോക്കെ ഞാന്‍ മനസില്‍ പറയും .. ശരിയാണ് ശരിയാണ് ... "നിങ്ങളുടെ മനസ്സിലെ ആഗ്രഹം ശക്തമാണെങ്കിൽ അത് നേടിയെടുക്കാൻ ഈ പ്രപഞ്ചം മുഴുവൻ നിങ്ങൾക്കൊപ്പം നിൽക്കുമെന്ന്"

Book

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: