scorecardresearch
Latest News

അശാന്തിയിൽ നിന്ന് അശാന്തിയിലേയ്ക്കുളള പലായനങ്ങൾ

യുവ കഥാകൃത്തായ പി വി ഷാജികുമാറിന്റെ എഴുത്തിനെ കുറിച്ച് കവി വിഷ്ണു പടിക്കാപറമ്പില്‍ എഴുതുന്നു

അശാന്തിയിൽ നിന്ന് അശാന്തിയിലേയ്ക്കുളള പലായനങ്ങൾ

ഫിക്ഷൻ എഴുതാത്തഎഴുത്തുകാരുടെ ഒരുപ്രത്യേകപ്രായം കഴിഞ്ഞാൽ ഓർമ്മയെഴുത്തിനു നിർബന്ധിക്കപ്പെടുന്നുണ്ട്. ഏറ്റവും മൗലികവും സത്യസന്ധവുമായ ആവിഷ്കാരത്തിനുള്ള ത്വരതന്നെയാവണം അതിനവരെ പ്രേരിപ്പിക്കുന്നത് “.എന്ന് മത്സ്യ മഴ പെയ്യുന്ന സന്ധ്യകൾ എന്ന പുസ്തകത്തിൽ എൻ.ശശിധരൻ പറഞ്ഞു വക്കുന്നുണ്ട്.

“കല്ല് പോയ കുളിയൻ തെയ്യത്തെപ്പോലെ ഒരിടത്തും ഇരിപ്പുറക്കാനാവാതെ അലയുന്ന അരക്ഷിതർക്ക്…” എന്ന വാചകം എന്നെയും ബാധിച്ചിരിക്കുന്നു.അലഞ്ഞു തിരിയുന്ന മനസ്സിന്റെ പിടച്ചിലുകൾ തന്നെയാവാം അത്.
ഇതാ ഇന്നു മുതൽ ഇതാ ഇന്നലെ വരെ എന്ന പി.വി.ഷാജികുമാറിന്റെ ഓർമ്മകളുടെയും അനുഭവങ്ങളുടെയും പുസ്തകം വായിച്ചു തീരുമ്പോൾ…ഇരുട്ട് പന്തലിച്ച ഏതോ ഒരു ഇടവഴിയിൽ അറിയപ്പെടാതെ കിടന്ന ഒരു ചെറു കുഴിയിലേക്ക് ഞാനും വീണു പോയിട്ടുണ്ട്.പ്രതീക്ഷിക്കാതെ ഇരുട്ടടി തേടി വന്നിരിക്കുന്നു.
ഓർമ്മയിലേക്ക് ഒരു കോട്ടുവാ ഇടേണ്ടി വരുന്നുണ്ട്.

” വർഷങ്ങൾക്കു മുമ്പൊരിക്കൽ കീക്കാങ്കോട്ട് ഗ്രാമീണ വായനശാലയിൽ പമ്മന്റെ ഭ്രാന്ത് എന്ന നോവൽ വന്നു.ഇരുന്നൂറിലധികം പേജുള്ള പുസ്തകത്തിൽ വളരെക്കുറച്ച് താളുകളിൽ മാത്രമേ രതിയുടെ വിശാലവർണ്ണനകൾ ഒഴിഞ്ഞിരുന്നുള്ളൂ… “.എന്ന് ” ഉം…!” എന്ന ശീർഷകത്തിനടയിൽ വായിച്ചപ്പോൾ “ബേങ്കി… ബേങ്കി… ബേം… ബേം… ബേം… ” എന്ന് കാസർഗോഡ് ശൈലിയിൽ പറയുന്ന ഒരു ക്ലീനർ ഓർമ്മകളുടെ ഏതേതോ സരണികളിലേക്ക് കുതിക്കുന്ന ബസ്സിലേക്ക് എന്നെ വിളിച്ച് കേറ്റി, ആ… പുവ്വാം… റൈറ്റ്… എന്ന് പറഞ്ഞ് കൂട്ടമണിയടിച്ചു.

എട്ടിൽ പഠിക്കുന്ന സമയത്ത് നാട്ടിലെ കൂട്ടുകാരുമായി പിരിവെടുത്ത കാശു കൊണ്ട് തുണ്ട് പുസ്തകം വാങ്ങി പുഴക്കരയിൽ പോയി ഒരുമിച്ചിരുന്ന് ആ ഒരൊറ്റ “വിശുദ്ധ ഗ്രന്ഥം” പാപികളായ ഞങ്ങൾ ഉരുവിടുമായിരുന്നു.കൂട്ടത്തിൽ നിർത്തി നിർത്തി വായിക്കാൻ കഴിയുന്ന വികാരി എല്ലാവരേയും അതിലേക്ക് ജ്ഞാനസ്നാനം ചെയ്തു. ഞങ്ങളോരോരുത്തരായി രതിയുടെ അക്കരെയിക്കരെയോളം കണ്ടു മടങ്ങി, വെള്ളിടിവെട്ടി… അത് പിന്നെ പൂക്കളങ്ങളായി അവിടവിടെ രൂപാന്തരം ചെയ്യപ്പെട്ടു കിടന്നു.
ഒൻപതാം തരത്തിലെത്തിയപ്പോൾ… ഞങ്ങളെ മാമോതീസാമുക്കിയ വികാരി ഒൻപതിലെ ലാസ്റ്റ് ബഞ്ചിൽ സന്ദേശത്തിലെ ഒടുവിലിന്റെ ചിരി ചിരിച്ച് നല്ല പവറിൽ ഇരിക്കുന്നു. സാമാന്യം നന്നായി പഠിച്ചിരുന്ന ഞാൻ മുന്നിലും തോറ്റ വികാരി പിന്നിലും.മൂന്നാലുദിവസം കഴിഞ്ഞപ്പോൾ ബാക്ക്ബെഞ്ചിലെ അവന്റെ വിളി അവഗണിച്ചിരുന്ന എന്റെ ശ്രദ്ധ ക്ഷണിക്കാൻ ഓൻ നീട്ടിയൊരു ‘വിസിലടിച്ചു’ ഞാൻ മാത്രമല്ല ക്ലാസ് മൊത്തം നിശബ്ദമായി പിന്നിലേക്ക് നോക്കി. കിന്നാര തുമ്പികളിലെ ഷക്കീലയുടെ കവർ ചിത്രമുള്ള തുണ്ട് ബുക്ക് പൊക്കി കാട്ടി ആ തലതെറിച്ചവൻ ഒരു ഡയലോഗ്… “ഡാ ഉവ്വേ വൈകീട്ട് വെടിചില്ലാക്കാ…” മുൻ ബെഞ്ചിലിരുന്ന എന്റെ പഠിപ്പിസ്റ്റ് കൂട്ടുകാരികൾ ” ഉം…!” എന്ന് എന്നെ നോക്കി മൂളി തല കിലുക്കി.കഴുത്ത് മുറിച്ചിട്ട് വീപ്പയിലേക്ക് രക്തം വാർന്ന് പിടഞ്ഞ കോഴിയേപ്പോലെ ഞാൻ ഞെരിപിരി കൊണ്ടു.

താളുകൾ തീർന്ന് കക്കാങ്കോട്ട് വായനശാലയിൽ “ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും ” മട്ടിൽ ഇരുന്ന പമ്മന്റെ പുസ്തകം പോലെ ഞാൻ മുൻ ബെഞ്ചിലിരുന്നു.പുസ്തകങ്ങൾ മനുഷ്യരാണ് മരിച്ചു പോയ ഒരാൾ എഴുതിയ പുസ്തകം വായിക്കുമ്പോൾ എഴുത്തുകാരൻ ഓരോ പേജിലും ഉയർന്നെഴുന്നേൽക്കുന്നതായി എനിക്ക് തോന്നാറുണ്ട്. ഗതി കിട്ടാതെ മരിച്ചു പോയവരുടെ ആത്മാക്കളാണ് പുസ്തകങ്ങൾ. ജീവിതത്തിൽ കിട്ടാതെ പോയ വേവലാതികൾ പിറുപിറുക്കുന്നത് ഞാനും കേൾക്കാറുണ്ട്.

pv shaji kumar, vishnu padiakkam parambil, short stories, world book day,
“ഓട്ടോ റെനെ കാസ്റ്റിയ്യോയുടെ, സുപ്രസിദ്ധമായ കവിത ‘A Political intellectual’ കാസർഗോഡിന്റെ ഭാഷയിലേക്ക് പി.വി.ഷാജികുമാർ വിവർത്തനം ചെയ്ത് തുടക്കത്തിൽ തന്നെ പുസ്തകത്തിന്റെ രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കുന്നുണ്ട്.ഇല്ലാതാക്കപ്പെടുന്നതിന്റെ ആവലാതികൾ ഇതിൽ വായിക്കാനാകുന്നുണ്ട്. ഭാഷയുടെയും സംസ്കൃതിയുടെയും ജൈവികത ഈ പുസ്കത്തിനുണ്ട്.
“മാനേജർ: വേർ ആർ യു ഫ്രം ?
എംപ്ലോയി: ഇന്ത്യ
മാനേജർ: വൗ! ഭായ്, ആപ് കഹാം സേ ?
എംപ്ലോയി: കേരളാ
മാനേജർ: മച്ചൂ കേരളത്തിലെവിടെയാ?
എംപ്ലോയി: കാസർഗോഡ്
മാനേജർ: കാസ്രോഡ് ഏട്രാ നീ?
എംപ്ലോയി: കാലിച്ചാം പൊതി…
മാനേജർ: എനക്കപ്ലേ തോന്നീ ന് നീ ആട്ന്നന്നേന്ന്…”
ഇരുട്ടിന് മരിച്ച് പോയവരുടെ നിഴൽ രൂപങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്ന് എഴുത്തുകാരൻ കണ്ടെത്തുന്നത്… നൊസ്റ്റാൾജിയക്ക് മുന്നേ ഇരുട്ടും അതിന്റെ പ്രകൃതിയും ജൈവികതയും ചേർത്ത് പുതിയൊരന്തരീക്ഷം സൃഷ്ടിച്ചെടുക്കാൻ ശ്രമിക്കുന്നതാണ്. ഇല്ലാതാവുക എന്നതിന്റെ ബല്ലാത്ത വേവലാതി ഈ പുസ്തകത്തിന്റെ രാഷ്ട്രീയമാണ്.

എഴുത്ത് എന്ന പ്രക്രിയയെ പിന്തുടരലാണ് വായനക്കാരൻ ചെയ്യുന്നത്. കമ്മ്യൂണിസ്റ്റ് നാടായ കാലിച്ചാം പൊതിയിലെ തെയ്യങ്ങൾക്കൊപ്പം കല്ല് പോയ കുളിയനെ പോലെ ഞാനും നടന്നു. പ്രത്യയശാസ്ത്രം ചർച്ച ചെയ്യാതെ ദൈവത്തെ പോലും വെറുതെ വിടാത്ത ഗ്രാമം വായനക്കാരനായ എന്നെ മോഹിപ്പിക്കുന്നു. തൊഴാൻ വന്ന കമ്മ്യൂണിസ്റ്റ് മെമ്പറോട് തെയ്യം പറഞ്ഞത്രേ” ഇന്ന് വൈകുന്നേരം അടിയന്തിര ഫ്രാക്ഷൻ ഉണ്ട് സഖാവ് നിർബന്ധമായും വരണം… ഗുണം ബരുത്തണം…!” കമ്മ്യൂണിസത്തിൽ ദൈവത്തിന് പാർട്ടിയിലുള്ള വിശ്വാസമാണ്… മെമ്പർക്ക് ദൈവത്തിലുള്ള വിശ്വാസത്തിനുമിടയിലാണ് വൈരുദ്ധ്യാധിഷ്ഠത !
ഉറഞ്ഞ് ക്ഷീണിച്ച് മുകളിലോട്ട് നോക്കുമ്പോൾ തെയ്യം ആകാശം മൂടി കിടക്കുന്നത് കണ്ടു.തിരിഞ്ഞ് മറിഞ്ഞ് ദൈവം കൂടി തെയ്യം മകനെ അടുത്ത് വിളിച്ച് പറയുന്നു ” കൊപ്ര ഉണക്കാനിട്ടിട്ടുണ്ട്, പോയ് വാരി വെക്കടാ നായിന്റെ മോനേ… ”

അശാന്തിയിൽ നിന്ന് അശാന്തിയിലേക്കു തന്നെയുള്ള പലായനങ്ങളാണ് എനിക്കോരോ വായനയും.അടർന്നു പോയേക്കാവുന്ന മൂക്കൊലിപ്പുകളെ ബദ്ധപ്പെട്ട് നാം അറിഞ്ഞു കൊണ്ട് തന്നെ തിരികെ വിളിക്കും പോലെ…
ഇതാ നാളെ മുതൽ ഇതാ ‘ഇന്നു മുതൽ ‘ എന്ന ഭാഗത്ത് ചെറുപ്പക്കാരനെന്ന നിലയിൽ ഒരു സിനിമാ പ്രാന്തന്റെ ജീവിതം വായിച്ചപ്പോൾ… എന്റെയും ഭ്രാന്തിന്റെ നീലവെളിച്ചം ചരിഞ്ഞ് വീഴുന്നത് എനിക്ക് അനുഭവപ്പെട്ടു.”യേശുദാസ് പാടി…സിൽക്ക് സ്മിത ആടി… കണ്ട് നിന്ന മമ്മൂട്ടി തുണീം പൊക്കി ഓടി… ” എന്നത് ചുമ്മാ ഒരു പാരഡിഗാനമല്ല യേശുദാസും സിൽക്കും മമ്മൂട്ടിയും സിനിമയുടെ സംമോഹനങ്ങളാണ് എന്ന് എഴുത്ത് കാരനെ പോലെ തന്നെ നീണ്ട ഫെസ്റ്റിവൽ കാലങ്ങളും ലോഡ്ജ് മുറികളും ഉള്ള ഈയുള്ളവനും പിന്നീട് മനസ്സിലായിരുന്നു.

അമേരിക്കൻ ചലച്ചിത്രകാരൻ Sidney Lumet കഥ പറയുന്നതിനെക്കുറിച്ച് എഴുതിയത് വായിച്ചിട്ടുണ്ട്. “Making a movie has always been about telling a story. Some movies tell a story and leave you with a feeling. Some tell a story and leave you with a feeling and give you an idea. Some tell a story, leave you with a feeling, give you an idea, and reveal something about yourself and others.”

കന്യകാടാക്കീസുപോലെ തന്നെ ലൈംഗിക ദാരിദ്രം അനുഭവിക്കുന്നവർക്ക് പുഴുക്കലരി കിട്ടിയാലും ബിരിയാണി എന്ന് കരുതിയിരുന്ന തുണ്ടിന്റെ വറുതിക്കാലത്ത് ഇടക്കാലാശ്വാസം പോലെ വല്ലപ്പോഴും മുതിർന്നവർക്കായുള്ള സിനിമ എന്റെ ഓർമ്മയിലുള്ള വടക്കുംപുറം ബോബി തീയേറ്ററിൽ വരാറുണ്ട് എന്ന് ഞാനും മനസ്സിലാക്കിയിരുന്നു നന്നേ ചെറുപ്പത്തിൽ തന്നെ!
ആയിടയ്ക്കാണ് ആകാശഗംഗ എന്ന പ്രേതസിനിമ ബോബി യിൽ വന്നിട്ടുണ്ട് എന്നറിഞ്ഞത് എന്റെ മാമനും ഞാനുമാണ് എന്റെ ചെറുപ്പകാലത്തെ സിനിമാ സഹയാത്രികർ. പ്രേതസിനിമ ഇഷ്ടമല്ലാത്ത മാമന്റെ മുന്നിലേക്ക് ഞാൻ എന്റെ കുടുക്ക പൊട്ടിച്ച് ഇട്ടു. അഞ്ചിന്റെ തുട്ടുകൾ പൂച്ചൂട്ടി തോട്ടിൽ കൂടി നീന്തും പോലെ തലങ്ങും വിലങ്ങും ഓടിനടന്നു. മാമന് നിർബന്ധത്തിന് വഴങ്ങേണ്ടി വന്നു.
വഴിയിലെവിടെയും ആകാശഗംഗയുടെ പോസ്റ്റർ കണ്ടില്ല.ബസ്സിറങ്ങി തീയേറ്ററിൽ ചെന്നപ്പോൾ നല്ല തിരക്ക്. മാമനേം ഇട്ടേച്ച് ഓടി ക്യൂവിൽ കയറിയ ഞാൻ ആതുരങ്കത്തിലെ തീവണ്ടിയുടെ ഒരു ബോഗിയായി. ഇറങ്ങി വന്നത് 15 ന്റെ രണ്ട് ടിക്കറ്റും കൊണ്ട്. മുഖം കോക്രിച്ച് നിക്കുന്ന മാമൻ എന്നോട് ‘ ടിക്കറ്റ് നമുക്ക് ആർക്കേലും കൊടുത്ത് പിന്നെ വരാടാ… തിരക്കില്ലാത്തപ്പ! ഞാൻ സമ്മതിച്ചില്ല. ആകാശഗംഗയെ നോക്കി ഞാൻ ശിങ്കിടിമുക്കനായി നിന്നു ഉം…! എന്ന് മുക്കി മൂളി .
ആകാശഗംഗയുടെ താഴെ കണ്ട ഇന്ദുലേഖ എന്ന ചെറിയ പോസ്റ്ററിൽ മധുപാലും, ചിത്രയും.ചിത്ര നിറഞ്ഞു തുളുമ്പിയാണ് നിൽക്കുന്നത്. അത് Aപടമാണ് എന്നത് എനിക്കറിയില്ലായിരുന്നു. തീയേറ്ററിലാകെ നിശബ്ദത… കപ്പലണ്ടി തൊണ്ട് ചിക്കികളയുന്ന ശബ്ദം പോലും കേൾക്കാം… ചിത്രയെ മധുപാൽ കിടക്കയിലേക്കെടുത്ത മാത്രയിൽ…, പിറകിൽ നിന്ന് മറക്കടാ… അടിക്കടാ… എന്നൊക്കെ ആവേശത്തോടെ മുഴങ്ങി കേട്ടു.
പടം കഴിഞ്ഞ് ഇറങ്ങിയ സഹയാത്രികർ പരസ്പ്പരം മുഖം നോക്കിയില്ല… വീടിനടുത്തെ കുഞ്ഞോൻ ചേട്ടൻ മാമനെ നോക്കി ആ… ടാ… പടം വെടിച്ചിലല്ലേ…നപ്പല്ലേ… ചിത്ര ഹാ…ഹും… എന്ന് അവിവാഹിതനായ മാമനെ നോക്കി ചുണ്ടു കടിച്ചു.അതായിരുന്നു ഞങ്ങൾ ഒരുമിച്ച് കണ്ട ആദ്യത്തെAപടവും അവസാന സിനിമയും പിന്നെ ഒരിക്കലും മാമൻ കൂടെ വന്നില്ല.
ഒരാളുടെ ജീവചരിത്രമല്ല അയാളുടെ ഓർമ്മകൾ സ്വപ്നജീവിയായിരിക്കുമ്പോൾ തന്നെ ഉൽഭവിക്കുന്ന അനുഭവങ്ങളുടെ പിടച്ചിലുകളും കടച്ചിലുകളുമാണത്… “ഇതാ ഇന്നു മുതൽ ഇതാ ഇന്നലെ വരെ” എന്ന പുസ്തകം ഓർമ്മകളുടെ രസികൻ വരട്ടു ചൊറികൾ ചുമ്മാ മാന്തി നോക്കാൻ എന്നെയും പരുവപ്പെടുത്തി… കടുത്ത വിഷാദത്തിന്റെ… ഒറ്റപ്പെടലിന്റെ… അരക്ഷിതത്വത്തിന്റെ… എന്നെ തിരയുന്ന ഞാൻ എന്ന പോലെ…
കല്ല് പോയ കുളിയൻ തെയ്യത്തെ എന്റെയും മനസ്സ്… എവിടെയെന്നില്ലാതെ നടന്നു നടന്ന് ഇരുട്ടായപ്പോൾ ഒരു കുളിയൻ തെയ്യം തന്റെ കല്ലിരിക്കുന്നയിടത്തെത്തി.കുളിയൻ ഇരിക്കുന്നതും കിടക്കുന്നതും കല്ലിലാകുന്നു. ചൂട്ട് വീശി, കുളിയൻ നോക്കി.സ്ഥാനത്ത് കല്ലുണ്ടായിരുന്നില്ല. പുഴയിലും വയലുകളിലും പാറപ്പുറത്തും വഴികളിലും വൃക്ഷത്തലപ്പുകളിലും മനുഷ്യരുടെ മനസ്സുകളിലും കുളിയൻ കല്ല് തപ്പി. എവിടെയും കണ്ടില്ല. കല്ല് കിട്ടാതെ ഇരുത്തമില്ല, കിടത്തവില്ലെന്ന് തീരുമാനിച്ച് തോന്നിയ വഴികളിലൂടെ കുളിയൻ നടത്തം തുടർന്നു.
ഈ പുസ്തകത്തിനൊപ്പം സഞ്ചരിക്കുമ്പോൾ… ഇരുപ്പുറക്കാനാവാതെ… ഞാനും അലയുകയാണ്…

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Magical world of books vishnu padikkaparambilremembering pv shajikumars short stories opened world book day