ഒരിടത്ത് ഒരു പുഴക്കടവിന്റെ സമാന്തര തീരങ്ങളിൽ സന്തോഷമായി ജീവിച്ചിരുന്ന രണ്ടു സുഹൃത്തുക്കളുണ്ടായിരുന്നു. വർഷങ്ങളോളം തമ്മിൽ അങ്ങനെ തട്ടലും മുട്ടലും ഒന്നുമില്ലാതെ വടക്കോട്ടും തെക്കോട്ടുമൊക്കെ അലഞ്ഞു തിരിഞ്ഞു, വളരെ സ്നേഹത്തിലും സമാധാനത്തിലും കഴിഞ്ഞിരുന്നവർ. ഇവർ എന്നും കണ്ടുമുട്ടിയിരുന്ന, ഇരുവരുടെയും പ്രിയപ്പെട്ട, മധ്യ ബിന്ദു എന്നു തന്നെ പറഞ്ഞു കൊള്ളട്ടെ, അതാണ് ‘ലഖു’.

അങ്ങനെയിരിക്കെ പെട്ടെന്ന് ഒരു വ്യാഴവട്ടത്തിൽ ഈ സുഹൃദ് ബന്ധത്തിൽ ഒരു വിള്ളൽ വീണു. അതുണ്ടാക്കിയ കോളിളക്കം ഏതാണ്ട് പതിനഞ്ചു ദിനരാത്രങ്ങൾ നീണ്ടു നിന്നു…ഒടുവിൽ ഇരുവർക്കുമിടയിൽ മൂന്നാമതൊരാൾക്ക് തങ്ങളുടെ ഇടയിൽ ഇടം കൊടുത്തു കൊണ്ട് അവർ പിരിയാനൊരുങ്ങി.

എന്റെ ഭാവനയിലെ ഒന്നാം കഥാപാത്രത്തിന്റെ പേര് ‘ബ്രഹ്മപുത്ര’.
രണ്ടാമന്റെ പേര് ഉച്ചരിക്കാൻ കുറച്ചു കട്ടിയാണ് ‘ബുർഹി ദിഹിങ്‌.’ അടുത്ത ബന്ധുക്കളും കൂട്ടുകാരും ‘ദിഹിങ്‌’ എന്ന ഓമനപ്പേരിൽ വിളിക്കുന്നു.
ഇവരുടെ ഇടയിൽ അനുവാദമില്ലായെങ്കിൽ പോലും കടന്നു വന്ന് ഇടം പിടിച്ചു കൊണ്ട്, പിന്നീട് എല്ലാവരുടെയും പൊന്നോമനയായി, ഗിന്നസ്സ് ബുക്കിൽ വരെ ഇടം പിടിച്ച നമ്മുടെ കൊച്ചു സുന്ദര പ്രദേശമാണ്  ‘മജൂലീ’ അഥവാ അസ്സമികളുടെ ഭാഷയിൽ ‘മാജുലി’ ‘രണ്ടു സമാന്തരതീരങ്ങളുടെ മധ്യേയുള്ള പ്രദേശം’ എന്നർത്ഥം

majuli, travel, tourism, assam,

ബ്രസീലിലെ ‘മരാജോ’ വിനെ തോൽപ്പിച്ചു കൊണ്ട്, ലോകത്തിലെ തന്നെ ഏറ്റവും വലിയ നദീ ദ്വീപ്’ എന്ന പട്ടം തട്ടിയെടുത്ത ഈ കുസൃതിക്കുടുക്ക നമ്മുടെ സ്വന്തം രാജ്യത്ത് സ്ഥിതി ചെയ്തിട്ട് കൂടി, മജൂലിയെ കുറിച്ചുള്ള കേട്ടുകേൾവി പോലും വിരളം.

1250 ച.കി. വിസ്തീർണ്ണതയിൽ നിന്നും തുടങ്ങി കഠിനമായ മണ്ണൊലിപ്പ് കാരണം ഇന്ന് വെറും 350 ച.കി.യിൽ എത്തി നിൽക്കുന്നു. ഏകദേശം ഒന്നര ലക്ഷം അസ്സാമികളുടെ വാസസ്ഥലം. കഴിഞ്ഞ വർഷം സർബാനന്ദെ സോനോവാൽ ഗവൺമെന്റ് മജൂലിയെ പുതിയ  ജില്ലയായി പ്രഖ്യാപിച്ചു.

ഏതൊരു യാത്രികന്റെയും അഥവാ യാത്രികയുടെയും, ഇന്നത്തെ ന്യൂ ജനറേഷൻ ഭാഷയിൽ പറഞ്ഞാൽ ‘ബക്കറ്റ് ലിസ്റ്റ്’ ലെ ഒരു ‘ഐറ്റം’ ആണ് ‘നോർത്ത് ഈസ്റ്റ്’. ‘ സെവൻ സിസ്റ്റേഴ്സ്’ എന്നു വിശേഷിപ്പിക്കുന്ന എഴ് സംസ്ഥാനങ്ങൾ ഉൾപ്പെടുന്നതാണ് ഈ പ്രദേശം.  (അരുണാചൽ പ്രദേശ്, അസ്സം, മിസ്സോറം, നാഗലാന്റ്, മണിപ്പൂർ, മേഘാലയ, സിക്കിം) ഒട്ടു മിക്ക യാത്രക്കാരും അരുണാചൽ പ്രദേശിലെ ‘തവാങ്’ , ‘സിക്കിം’, ‘മേഘാലയ’ എന്നീ ദേശങ്ങളിലോട്ടു ആവേശത്തോടെ സന്ദർശിക്കാനൊരുങ്ങുമ്പോൾ എന്റെ മനസ്സിൽ എവിടെയോ മജൂലീ എന്ന ഈ കൊച്ചു ദ്വീപ് ഒതുങ്ങി കിടന്നു.

അങ്ങനെ ഞാൻ എത്തി ഗുവാഹത്തിയിൽ നിന്നും ഏതാണ്ട് ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ദൈർഘ്യമുള്ള ബസ് യാത്ര കഴിഞ്ഞു, കുറച്ചകലെ ‘ജോർഹട്  ടൗൺ’ൽ.അവിടെ നിന്നും ഏകദേശം 14 കിലോമീറ്റർ ദൂരമുണ്ട് ‘നീംതി ഘട്ട്’ ലേക്ക്. ഇവിടെ നിന്നാണ് മജൂലിയിലേക്കുള്ള ഫെറി പിടിക്കേണ്ടത്.

ആശ്ചര്യപ്പെടേണ്ട…ഞാൻ പറഞ്ഞത് ശരി തന്നെ…മജൂലീ എത്തിപ്പെടണമെങ്കിൽ വേറെ മാർഗ്ഗമൊന്നുമില്ല-ഫെറി തന്നെ രക്ഷ. അതും ദിവസത്തിൽ ആകെ ആറ് എണ്ണം മാത്രം : രാവിലെ ഏഴ് മണിക്ക് തുടങ്ങി ഉച്ച കഴിഞ്ഞു മൂന്ന് വരേയ്ക്കും. എങ്ങാനും അവസാന ഫെറി പിടിക്കാൻ പറ്റാതെ വന്നാൽ, വിഷമിക്കുകയേ വേണ്ട.ഒരു സുന്ദരമായ സായം സന്ധ്യയും മറ്റൊരു അതിശോഭന രാത്രിയും കുടി മജൂലി നിങ്ങൾക്ക് സമ്മാനിക്കും.

ഒരു നദീദ്വീപിനെ കൺകുളിർക്കെ ഞാൻ ആദ്യമായി കാണുന്നത് ആ ബോട്ട് യാത്രയിലായിരുന്നു. ഏകദേശം 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ എടുക്കും നീംതിഘട്ടിൽ നിന്നും മജൂലി എത്തിപ്പെടാൻ. ബെംഗളൂരു, ഡൽഹി മുതലായ വലിയ നഗരങ്ങളിലെ, മാലിന്യം നന്നേ തിങ്ങി നിറഞ്ഞു നിൽക്കുന്ന വായുവിൽ നിന്നും ശുദ്ധവായു ശ്വസിക്കുവാൻ എനിക്ക് കിട്ടിയ ആദ്യത്തെ ഒരു മണിക്കൂർ ദൈർഘ്യം : അതിന്റെ സുഖം പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല, അനുഭവിച്ചു തന്നെ അറിയണം…

എന്നോട് ഒത്തിരി കൂട്ടുകാരും, ഓരോ സ്ഥലങ്ങളിൽ എത്തിപ്പെടുമ്പോൾ അവിടുത്തെ നാട്ടുകാരും ഒക്കെ പലേ വട്ടം ചോദിച്ചിട്ടുള്ള ഒരു ചോദ്യമാണ് – ‘തനിച്ചുള്ള യാത്ര? അതും ഒരു പെൺകുട്ടി? ഉള്ളിൽ ഭയം തോന്നാറില്ലേ’ എന്ന്. അപ്പോഴൊക്കെ ഈ ചോദ്യത്തെ ഒരു മന്ദഹാസത്തോടെ നേരിട്ടു കൊണ്ട് ഞാൻ പറയും. ‘ഏതോ ഒരു അപൂർവ ശക്തി എപ്പോഴും കൂടെയുണ്ട് എന്ന് തോന്നുന്നു. ദൈവത്തിന്റെ എന്ന് വിശ്വസിച്ചു കൊള്ളട്ടെ…പിന്നെ നിങ്ങളെ പോലെ കുറെ നല്ല ആളുകൾ ഉള്ള ഈ നാടിനെ ഞാൻ എന്തിനു ഭയപ്പെടണം’?

അതെ പോലെ ആ ബോട്ട് ഇറങ്ങിയപ്പോഴും എന്റെ മുൻപിൽ പ്രത്യക്ഷപെട്ടു. രണ്ട് ‘മാലാഖന്മാർ.’ കാസിരംഗ എന്ന പേരുകേട്ട ഒരു നാഷണൽ പാർക്ക് ഉണ്ട് അസാമിൽ തന്നെ – മൃഗങ്ങളേയും മനുഷ്യരെയും സ്നേഹിക്കുന്ന അവിടത്തെ രണ്ട് ഉദ്യോഗസ്ഥർ. ഞാൻ ഇന്നും ആലോചിക്കാറുണ്ട്. അവരെ അന്ന് കണ്ടുമുട്ടിയില്ലായിരുന്നുവെങ്കിൽ, അവർക്കു ചെല്ലേണ്ടിയിരുന്ന ഇടം ‘കമലാബാരി’ എന്ന പ്രസിദ്ധമായ സത്രം അല്ലായിരുന്നുവെങ്കിൽ, ഞാൻ മജൂലിയുടെ ‘സത്ത്’ എന്തെന്ന് അനുഭവിക്കില്ലായിരുന്നു.

majuli,majuli island, travel, tourism,

‘സത്രം’ ഒരു ശരാശരി മലയാളിയുടെ ഭാഷയിൽ പറഞ്ഞാൽ ഓരോരോ പുണ്യസ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ, വളരെ തുച്ഛമായ ചിലവിൽ ഒന്നോ രണ്ടോ രാത്രികൾ തങ്ങുവാനുള്ള ഒരിടം. അങ്ങനെയെന്നാൽ ഒരു ദേശമൊട്ടാകെ സത്രങ്ങൾ നിറഞ്ഞു നിൽക്കുന്നെങ്കിലോ? എവിടേക്കു തിരിഞ്ഞാലും രണ്ടു സ്ഥലങ്ങൾ തമ്മിലുള്ള ദൂരം അളക്കുവാനും, അല്ലെങ്കിൽ കൃത്യമായി ദിശ തിരിച്ചറിയുവാനുമായൊക്കെയായി ആളുകൾ മനക്കണക്ക് കൂട്ടുന്നത് ‘കമലബാരി’ , ‘ദക്ഷിണപത്‌’, ‘ഉത്തര കമലബാരി’ , ‘ഓയിനാതി’ എന്നൊക്കെ പറഞ്ഞു കൊണ്ട്. ആദ്യം കേൾക്കുമ്പോൾ വിവിധ തരം സാരികളുടെ പേരാണെന്ന് കൂടി തോന്നി പോകാവുന്ന ഒന്ന്.

അസ്സാമിൽ ഏതാണ്ട് 665 സത്രങ്ങളുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. അതിൽ 65 എണ്ണം മജൂലിയിലായിരുന്നു അത്രേ സ്ഥിതി ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ അവയിൽ വെറും 22 എണ്ണം മാത്രമാണ് പ്രവർത്തനത്തിലുള്ളത്.

ഞാൻ നേരത്തെ പറഞ്ഞുവല്ലോ ‘കമലബാരി’, ആ ഒരൊറ്റ പേരു മാത്രമാണ് മജൂലിയിൽ എത്തിച്ചേരുന്നതിനു മുൻപ് തന്നെ എന്റെ മനസ്സിൽ തങ്ങി നിന്നിരുന്നത്. അങ്ങനെ എന്റെ ആഗ്രഹം പോലെ തന്നെ ഞാൻ അവിടെ എത്തി ചേർന്നു. ആ രണ്ട് ‘അപരിചിതരുടെ’ സഹായത്തോടു കൂടെ.

എന്നോട് ആരെങ്കിലും ഒറ്റ വാക്കിൽ മജൂലിയെ കുറിച്ച് വിവരിക്കുവാൻ പറഞ്ഞാൽ ഞാൻ പറയുക ‘വിശുദ്ധമായ’ അല്ലെങ്കിൽ ‘ ‘ഡിവൈൻ’ സ്ഥലം എന്നായിരിക്കും. അതെ. അവിടത്തെ കാറ്റിനു മാത്രമല്ല. മണ്ണിനും മരങ്ങൾക്കും.എന്ന് വേണ്ട മനുഷ്യർക്ക് പോലും എന്തൊരു നിഷ്കളങ്കതയാണെന്നോ. ശുദ്ധതയെന്നോ? ഇല്ലാവചനം പറയുകയല്ല, അവരുടെ മുൻപിൽ നമ്മളിൽ ഒട്ടു മിക്ക ആളുകളും കറ പുരണ്ട ജീവിതവും മനസ്സുമായി കഴിയുന്നവരാണെന്നു തോന്നി പോകും. സത്യം ! അതാവാം ഒരു കാരണം ഇന്നും മജൂലി ഒരു ‘ലോക പൈതൃക ഇടം’ അഥവാ ‘വേൾഡ് ഹെറിറ്റേജ് സൈറ്റ്’ ആയി അറിയപ്പെടുന്നത്. എന്തോ അങ്ങനെ കരുതാനാണ് എനിക്കിഷ്ടം.

പറയാൻ മറന്നു ഈ സത്രങ്ങൾ ഉടലെടുത്തത് എവിടെ നിന്നെന്നോ? നമ്മൾ പണ്ട് ചരിത്ര പാഠ പുസ്തകങ്ങളിൽ ഒക്കെ പഠിച്ചിരിക്കുന്ന ‘വൈഷ്ണവ’ സംസ്കാരം അഥവാ സംസ്കാര സമ്പത്ത് എന്നൊക്കെ പറയില്ലേ, അതെ അവിടെ നിന്ന് തന്നെ. ഈ സത്രങ്ങളിൽ ഏറ്റവും സവിശേഷതയായി തോന്നിയത് മറ്റൊന്നുമല്ല. ഈ തദ്ദേവാസികൾ അവിടെ ഉൾക്കൊള്ളേണ്ട എല്ലാ പ്രബുദ്ധതയും അത് പോലെ കൊണ്ടു നടക്കുന്നു എന്നുള്ളതാണ്.

ഓരോ സത്രങ്ങളിലും ഓരോ പ്രധാനി ഉണ്ടാകും. അവിടെ വർഷങ്ങളായി സേവനം അനുഷ്ഠിക്കുകയും അവിടുത്തെ കാര്യങ്ങളിലെല്ലാം വളരെയധികം ശ്രദ്ധ ചെലുത്തുകയും ചെയ്യുന്ന ഒരു ‘സത്രാധികാർ’. നമ്മുടെ നാട്ടിൽ മേൽ ശാന്തി എന്നൊക്കെ പറയുന്ന പോലെ. ഒരു മുൻപരിചയവും ഇല്ലാത്ത എന്നെ, ഇത്രയും സ്നേഹപൂർവ്വം സൽക്കരിക്കുകയും സ്വീകരിക്കുകയും ചെയ്ത അദ്ദേഹത്തോട് എനിക്ക് തോന്നിയ ബഹുമാനവും ആദരവും പറഞ്ഞറിയിക്കുവാൻ പറ്റുന്നതല്ല.

അവിടുത്തെ തനതായ ലഘു ഭക്ഷണം പാതി വേവിച്ച അരിയും, നെയ്യും, തൈരും, ശർക്കരയുമാണ്. ആദ്യമായിട്ടാണ് ചോറിന്റെ കൂടെ ശർക്കര കഴിച്ചത്. ഇവർ രണ്ടും തമ്മിൽ നല്ല ഒരു ചേർച്ചയുണ്ട്.

നേരത്തെ പറഞ്ഞല്ലോ. ഒരു കൂട്ടം നിഷ്കളങ്കരുടെ ലോകമാണവിടെ. ഊരും പേരും ഒന്നും അറിയാതെ സ്നേഹിക്കാൻ മാത്രം അറിയാവുന്നവർ.നമ്മൾ അവിടെ കൗതുകത്തോടെ ഓരോന്നും കണ്ടും കേട്ടും നിൽക്കുമ്പോൾ, അതിലേറെ അത്ഭുതത്തോടെ അവർ നമ്മളെ നോക്കി നിൽക്കും. അവരുടെ ഈ സ്വകാര്യതയിലേയ്ക്കു വന്നു കേറിയവൾ ആരെന്നു ആശ്ചര്യപ്പെട്ടു കൊണ്ട്.

ഒരു കൊച്ചു കുട്ടിയെ ആദ്യം പാർക്കിലോട്ടോ ബീച്ചിലോട്ടോ വിട്ടത് പോലെയായിരുന്നു എന്റെ അവസ്ഥ. കണ്ടതും കാണാൻ പോകുന്നതുമൊക്കെ വളരെയധികം പുതുമ നിറഞ്ഞ എന്തോ ഒന്ന് പോലെ. ‘സത്രിയ’ എന്ന നാമത്തിൽ അറിയപ്പെടുന്ന ഒരു നൃത്തരൂപം, ഗായൻ ബയാൻ – ‘ഡോൽ’ പോലെ ഒരു സംഗീതോപകരണം ഉപയോഗിച്ച്, ഇമ്പമുള്ള ഈണം പകരുന്ന ഒരു കലാരൂപം.അങ്ങനെ ഇതൊക്കെ ആസ്വദിച്ചു കുറച്ചധികം നേരം അവിടെ ചിലവഴിച്ചു..

ഇന്ത്യക്കാരേക്കാളും കൂടുതൽ ഇന്ത്യയിലെ സ്ഥലങ്ങൾ അറിയുന്നത് വിദേശ സഞ്ചാരികൾക്കാണോ എന്നെനിക്കു പലപ്പോഴും തോന്നിട്ടുണ്ട്.. എന്റെ കൂടെ അവിടെ ഒരു കാണിയായി ഇരുന്നത് ഓസ്ട്രേലിയയിലെ ഒരു മധ്യവയസ്കയായിരുന്നു. അവരുടെ കണ്ണുകളിൽ ഇന്ത്യയെ കാണാനുളള അത്യുത്സാഹം പ്രകടമായിരുന്നു. ഇത്രെയും നാളുകൾക്കുള്ളിൽ ആറ് മാസം നീണ്ടു നിന്നിരുന്ന നാല് ഇന്ത്യൻ പര്യടനങ്ങളാണ് ഇവർ നടത്തിയിട്ടുള്ളത്.

അവിടെ നിന്നും നേരെ പോയത് പ്രശസ്തമായ സത്രത്തിലേക്കായിരുന്നു..’ഉത്തര കമലബാരി’. അവിടെയാണ് നേരത്തെ പറഞ്ഞ സത്രാധികാർ എനിക്കുള്ള താമസ സൗകര്യം സജ്ജീകരിച്ചിരുന്നത്.

ചെറിയ ബാഗ് മുറിയിൽ വച്ചതിനു ശേഷം അന്നത്തെ ഉലകം ചുറ്റലിനായി ഒരു ടാക്സി വാടകക്കെടുത്തു : മിതമായ നിരക്കിൽ ഈ സത്രാധികാർ തന്നെ ഏർപ്പാടാക്കിയ ഒന്നായിരുന്നു അത്. കമലബാരിയിൽ നിന്നും ഞാൻ നേരെ പോയത് മജൂലിയിലെ പേരു കേട്ട ‘മുഖം മൂടി’ നിർമാണ കേന്ദ്രത്തിലോട്ടാണ്.

majuli, majuli island, travel,

മജൂലി ദ്വീപിൽ മുഖം മൂടി നിർമ്മിക്കുന്നവർ

‘ശമഗുരി സത്രം’ – അമ്പലപ്പറമ്പുകളിലും മറ്റും, നമ്മൾ ഇടയ്ക്കിടയ്ക്ക് കാണാറുള്ള ഭയാനകമായ അസുരന്മാരുടെയും, ക്രൂരനായി എന്നും ചിത്രീകരിക്കപ്പെടാറുള്ള ‘രാവണൻ’, യുവ തലമുറയുടെ ഭാഷയിൽ ‘മിഥിലയുടെ യുദ്ധപുത്രി – സീത’, പഞ്ചപാണ്ഡവന്മാരുടെ സഹധർമ്മിണി ‘പാഞ്ചാലി’: ഇവരുടെയൊക്കെ വ്യത്യസ്ത മുഖഭാവങ്ങൾ തനിമയത്വത്തോടെ കാണാൻ കഴിയുന്നത്, ഇവിടുത്തെ നൈപുണ്ണ്യമുളള കൈകൾ കാരണമാണ്.. പ്രത്യേകിച്ച് നമ്മുടെയൊക്കെ ചെറുപ്പ കാലത്തു മഹാഭാരതത്തെയും രാമായണത്തെയും കുറിച്ചുള്ള പല മിഥ്യകളും സങ്കൽപ്പങ്ങളും മറ്റും നമ്മുടെ മനസ്സിൽ കുടിയേറിയത് ഈ മുഖം മൂടികൾ കാരണമാണ്.

deepa menon, majuli, travel, tourism,
അത്രേയധികം സമർപ്പണബോധത്തോടു കൂടെ ഇവർ മാസങ്ങളോളം ചിലവഴിച്ചു പണി തീർത്തു വരുന്ന ‘കപട മുഖങ്ങളാണ്’ പലതരം രൂപത്തിലും ഭാവത്തിലും നമ്മുടെ മുൻപിൽ പ്രത്യക്ഷപ്പെടുന്നത്.ഒരു മടിയും കൂടാതെ അത്യധികം ഉത്സാഹത്തോടും സന്തോഷത്തോടും കൂടെ ഇവർ തങ്ങളുടെ കലാവിരുതിന്റെ വിശേഷണങ്ങൾ നമ്മെ പറഞ്ഞു കേൾപ്പിക്കുന്നു.
അവിടെ നിന്നും ഒന്ന് രണ്ടു മറ്റു സത്രങ്ങളും അവയോടു കൂടെ തന്നെ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ കാഴ്ചബംഗ്ലാവും കണ്ടു. അവിടെ നിന്നും തിരിച്ചുളള വഴിയിൽ, കുറെ സ്ത്രീകൾ അവരവരുടെ വീടുകളുടെ മുൻപിൽ കൈത്തറി നെയ്യുന്നു.ആ വഴിയേ എന്ന് മാത്രമല്ല, മജൂലി മൊത്തമൊട്ടാകെ ഇതൊരു സുലഭമായ കാഴ്ചയാണ്.അപ്പോഴാണ് ഡ്രൈവർ ചേട്ടൻ പറഞ്ഞത് “നഗരങ്ങളിൽ കാണാറുള്ളത് പോലെ വില കൂടിയ സ്നേഹോപഹാരങ്ങളോ സമ്മാനങ്ങളോ കൊടുക്കുന്ന പതിവ് മജുലിക്കാർക്കില്ല. തങ്ങളുടെ പ്രാണനാഥന്മാർക്കും സുഹൃത്തുക്കൾക്കും അവിടുത്തെ സ്ത്രീകൾ സമ്മാനിക്കുന്നത് സ്വയം നെയ്തെടുത്ത ഷാളും ഷർട്ടുമാണത്രെ. ഒരു ചെറിയ നാണത്തോടെ അദ്ദേഹം കൂട്ടിച്ചേർത്തു. ‘എന്റെ ഭാര്യയും, പരിഭവമോ പിണക്കമോ മാറ്റാനായി ഉപയോഗിക്കുന്നതും ഈ സൂത്രം തന്നെ.’ ഇത് കേട്ടപ്പോൾ എന്റെ ഉളളിൽ നിന്നും ചുണ്ടിലേയ്ക്ക് ഒരു ചെറു പുഞ്ചിരി വിടർന്നു. ‘കളങ്കമില്ലാത്ത സ്നേഹത്തിന്റെ പ്രതീകമോ ഈ നാട്?

majuli, dress, travel,

മജൂലിയിലെ കൈത്തറി കേന്ദ്രങ്ങൾ

സൂര്യോദയവും സൂര്യാസ്തമനവും എന്നും എനിക്ക് പ്രിയപ്പെട്ടത് തന്നെ. ഞങ്ങൾ യാത്ര തിരിച്ചു ബ്രഹ്‌മപുത്ര നദീതീരത്തേക്കു. വളരെ നേരത്തെ തന്നെ സൂര്യൻ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യും മജൂലിയിൽ. അതു കൊണ്ട് സൂര്യനോട് യാത്ര പറയണമെങ്കിൽ ഏകദേശം അഞ്ച് മണിയാകുമ്പോഴേയ്ക്കും ബ്രഹ്മപുത്രയിൽ എത്തേണ്ടിയിരിക്കുന്നു.

മജൂലിയിലെ ആ സുന്ദരസായാഹ്നം എങ്ങോട്ടോ മാറി മറയുന്നതിനു മുൻപ് കുറച്ചധികം നേരം ആ കടവിലിരുന്നു. ആകാശത്തും ഭൂമിയിലും നിറങ്ങളുടെ മാമാങ്കം ആയിരുന്നു. മജൂലിയിലെ വിവിധ തരം വർണങ്ങളേയും എന്നെ കാണിച്ചു തരണമെന്ന് വാശി പിടിച്ചത് പോലെ.

‘മജൂലി, നീ എന്നെ കൂടുതൽ കൂടുതൽ ആകർഷിക്കുന്നു.നിന്റെ കാന്തവലയത്തിനുള്ളിൽ എന്നെ വശീകരിച്ചു വീഴ്ത്താൻ ശ്രമിക്കുകയാണോ? ഞാൻ വീണു പോകും ചിലപ്പോൾ. എന്നെ പിൻതാങ്ങി കൊള്ളൂ’.

ചെറിയ ജീവിതത്തിനുള്ളിലെ ലോകപരിചയക്കുറവാണോ എന്നെനിക്കറിയില്ല. മജൂലിയുടെ ആഴം കൂടുതൽ അറിയുന്തോറും, ഇങ്ങനെയൊരു ദേശം ഈ ഇന്ത്യ മഹാരാജ്യത്തു സ്ഥിതി ചെയ്യുന്നുണ്ട് എന്ന് അറിയാതെ പോയത് ഒരു പാപമാണോ എന്ന് വരെ ചിന്തിച്ചു പോയി.

സത്രാധികർ പറഞ്ഞതനുസരിച്ചു ആ ഡ്രൈവർ ചേട്ടൻ എന്നെ സുരക്ഷിതമായി ഉത്തര കമലബാരിയിൽ തിരികെ കൊണ്ടു വിട്ടു. ഇതാ വീണ്ടും ആശ്ചര്യം തുളുമ്പി നിൽക്കുന്ന കുറെ കണ്ണുകൾ.മജൂലിയിൽ ഇതിനു മുൻപെങ്ങും കണ്ടിട്ടില്ലാത്ത ഇവളാര്, എന്തിനു വന്നു എന്ന് തുടങ്ങിയ നൂറായിരം ചോദ്യങ്ങൾ സ്പഷ്ടമായ കുറെ മുഖങ്ങൾ.

majuli,view from majuli island, tourism,

ഒരു സിനിമ തീയേറ്ററില്ല, അവിടെയുള്ളവർക്കു ‘സ്മാർട്ട് ഫോൺ’ എന്തെന്നറിയില്ല – എന്തിനു പറയുന്നു : സാധാരണ ഫോൺ പോലും ഒരു മഹാത്ഭുതം തന്നെ, ഇന്റർനെറ്റ്-യൂട്യൂബ്-വാട്സാപ്പ്-ഫേസ്ബുക്-ഇവയൊന്നും എന്തെന്ന് കൂടി കേട്ടുകേൾവിയില്ല. എല്ലാ വീടുകളിലും ടീവി പോലും വന്നു തുടങ്ങിയിട്ട് മാസങ്ങളാകുന്നതേയുള്ളു. ഓല/ഊബർ – ഇല്ലേയില്ല.  ഫെറി തന്നെ ശരണം. രാത്രി ഏഴ് മണി കഴിഞ്ഞാൽ മജൂലി ഉറങ്ങുകയായി. അധികം വൈകാതെ തന്നെ ഞാനും മയങ്ങി. അവിടെ നിന്നും അടുത്ത ദിവസം തിരിച്ചു പോകാണമല്ലോ എന്ന സങ്കടത്തോടെ.

പിറ്റേന്ന് രാവിലെ എന്നെ യാത്രയാക്കാൻ അവിടെ ഒത്തിരി പേരുണ്ടായി. ഇത്രയും കാര്യമായി എന്നോട് വിട ചോദിക്കുവാനായി ഒരു സായാഹ്നത്തിലെ പരിചയം മാത്രമാണല്ലോ ഉള്ളത് എന്ന് ഓർത്തു പോയി. തിരികെ പോകുന്ന വഴി തലേ ദിവസം മൊത്തമായി ഒരിക്കൽ കൂടി മനസ്സിലൂടെ കടന്നു പോയി.

വർണ്ണക്കൊടി പാറിച്ചു കൊണ്ട്, വർഷത്തിൽ ഒരിക്കൽ മാത്രം കാണാറുള്ള തന്റെ പ്രിയയെ ഓർത്തു കഴിയുന്ന, ജീവിതത്തെ കുറിച്ച് നല്ല ദിശാബോധം ഉള്ള ആ 21 വയസ്സുള്ള ചെറുപ്പക്കാരൻ. ഏതു ഭാഷയിൽ എന്നോട് ആശയവിനിമയം നടത്തണം എന്നറിയാതെയെങ്കിലും, ഒരു കൈയകലം ദൂരത്തിൽ, എന്റെ ഏകാന്തതാസ്വാദനത്തിനു രാവ് വൈകുന്നോളം കൂട്ടിരുന്ന ‘ചെറിയ സത്രാധികർ.’

majuli, artform, tourism,

ഇനി പിന്നീടൊരിക്കൽ ഇവിടേയ്ക്ക് വരണം എന്ന് കരുതിയാൽ പോലും ഈ ദ്വീപ് ഇനിയും നില നിൽക്കുമോ എന്നറിയില്ല. കഴിഞ്ഞ 30 വർഷങ്ങൾ മണ്ണൊലിപ്പിൽ വാരിയെടുത്തത്  ഏതാണ്ട് മൂന്നിലൊന്ന് മജൂലിയെയാണ്.

മനസ്സിൽ എന്നെന്നും തങ്ങി നിൽക്കാൻ ഇടം പിടിച്ച ഒരു പിടി ഓർമകളുമായി ബോട്ടിൽ കയറി.

ലേഖിക ബെംഗളൂരുവിൽ ഐടി കൺസൾട്ടിങ് മേഖലയിൽ​ ജോലി ചെയ്യുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook