കാല്‍പ്പനികതയും കലാവിരുതും കുറുമ്പുകളും ധാര്‍ഷ്ട്യങ്ങളും ആത്മരോഷങ്ങളും ആത്മരതിയോളം പോന്ന കിനാവുകളും കൊണ്ട് മാധവിക്കുട്ടി മാമ്പഴപ്പുളിശ്ശേരി പരുവത്തില്‍ മലയാളിക്കു വിളമ്പിയ കഥകള്‍, സ്ത്രീകള്‍ കൈപ്പുണ്യത്തിന്‍റെ സ്വാദറിഞ്ഞു പ്രശംസിക്കുകയും, പുരുഷ പ്രജകള്‍ പാചകവിധിയറിയാതെ ഭുജിക്കുന്ന യാഥാര്‍ത്ഥ്യത്തിന്‍റെ കയ്പു നീരായും രുചിച്ചു.

സായംസന്ധ്യയില്‍ പുഴയോര മണല്‍ത്തിട്ടയില്‍ ഒരു പാരിജാതച്ചുവട്ടില്‍ ഒഴുകുന്ന പുഴവെളളത്തില്‍ കാലിട്ടിരുന്നിട്ടുണ്ടോ? ആറിത്തുടങ്ങിയ ഭൂമിയുടെ ഇരുള്‍ വിടരുന്ന ക്യാന്‍വാസും, പാരിജാതത്തിന്‍റെ വളരെ നേര്‍ത്ത സുഗന്ധവും ചൂടില്‍ നിന്ന തണുപ്പിലേക്ക് സാവധാനത്തില്‍ സംക്രമിക്കുന്ന പുഴയുടെ നനവും ചേര്‍ന്നൊരുക്കുന്ന സുഖാനുഭൂതി. അതാണ് മാധവിക്കുട്ടിയുടെ കഥകള്‍ വായനക്കാരന് സമ്മാനിക്കുന്ന സാഹിത്യലോകം. ആംഗലേയത്തിലെ അനായാസതയുമായി ലോകവായനയിൽ വരെ ഇടം നേടിയ കഥാകാരി ഇരു ഭാഷകളിലുമായി അശ്വമേധങ്ങള്‍ നടത്തി. കഥകളുടെ അക്ഷയപാത്രം മലയാളത്തിനായി തേച്ചുമെഴുക്കി, മലയാളിക്ക് അന്നുവരെ ശീലമില്ലാത്ത രുചിക്കൂട്ടുകളുമായി വായനക്കാരെ വിസ്മയിപ്പിച്ചും ആ വിസ്മയത്തില്‍ സ്വയം മറന്നും തകര്‍പ്പന്‍ കഥകളൊരുക്കി. കൈകാര്യം ചെയ്യുന്ന വിഷയത്തിന്‍റെ ഗൗരവം ഭാഷയിലോ കഥയുടെ ലാളിത്യത്തിലോ സഹ്യദയരെ ബുദ്ധിമുട്ടിച്ചില്ല.

സ്ത്രീയെ സഹജീവിയായും ജീവിതനഗ്നസത്യങ്ങളെ വിളിച്ചു പറയാന്‍ കെല്‍പ്പുളള തന്‍റേടിയായും പെണ്ണ് ഉടല്‍ മാത്രമല്ല ഉയിരു നിറഞ്ഞതുമാണെന്ന് കഥകളില്‍ കൊത്തിവച്ചു.

ദാമ്പത്യ ബന്ധങ്ങളുടെ ജീര്‍ണ്ണ ജീവിതങ്ങള്‍ നാലു ചുമരുകള്‍ക്കുളളില്‍ ഞെരുങ്ങുമ്പോള്‍ കിടപ്പറയുടെ ജനല്‍പ്പാളി തുറന്നിട്ട “ഇവിടെയെന്തൊക്കയോ ചീഞ്ഞു നാറുന്നുണ്ടെന്ന്” പുറം ലോകത്തോട് വിളിച്ചു പറഞ്ഞു എഴുത്തുകാരി. പുരുഷ പ്രാമാണിത്തത്തിന്‍റെ കനത്ത വാതിലില്‍ സൂഷിരമുണ്ടാക്കി ആ കാഴ്ചകള്‍ ഒപ്പിയെടുത്ത് കഥകളാക്കി. ഭാര്യ ഭര്‍തൃബന്ധത്തിന്‍റെ സമവായങ്ങള്‍ “സംതൃപ്തി തരുന്ന കാമുകനായ ഭര്‍ത്താവിനോട് ഇരുപത് വര്‍ഷക്കാലത്തെ ആതമസംയമനംകൊണ്ട് കെട്ടിപ്പടുത്ത ബന്ധം തകരാതിരിക്കാന്‍ ഇഷ്ടപ്പെടാത്ത ചോദ്യങ്ങള്‍ക്കൊണ്ട് തകര്‍ക്കാത്ത ഭാര്യയായിരുന്നു അവള്‍” എന്ന വാചകത്തിലടക്കം ചെയ്തിരിക്കുന്നു. ഉപമകളുടെ ചാരുതയില്‍ “പഥം വിട്ടും സഞ്ചരിച്ചു തുടങ്ങിയ ഒരു മനുഷ്യനിര്‍മ്മിത ഗ്രഹമെന്നപോലെ പുരുഷനില്‍ നിന്നകന്നുപോകുന്ന ഭാര്യ” എന്നു രേഖപ്പെടുത്തുന്നു.

madhavikutty ,memories,sunitha harikumar

ആത്മാവിഷ്ക്കാരത്തിന്‍റെ സാക്ഷ്യങ്ങളായി മാധവിക്കുട്ടിയുടെ എഴുത്തുകളെ വിലയിരുത്തുമ്പോള്‍, അവരോട് കിടപിടിക്കാവുന്നതോ പകരം വെയ്ക്കാവുന്നതോ ആയ മറ്റൊന്ന് എന്നത് ഇന്നും കണ്ടെത്തിയിട്ടില്ല.

സ്ത്രൈണതയുടെ ആവേശങ്ങളും കിതപ്പുകളും ദുരന്തങ്ങളും നിറയുന്ന ഓരോ കഥയും ആത്മാവിഷ്ക്കാരമെന്നു പറഞ്ഞാല്‍ ഓരോ സ്ത്രീയിലും മാധവിക്കുട്ടിയുണ്ടെന്ന് പറയേണ്ടിവരും. കാരണം ആ കഥകളെല്ലാം ചൊരിഞ്ഞത് നേരിന്‍റെ നേര്‍ത്ത തൂവലുകളാണ്.

അകൃത്രിമ സൗന്ദര്യത്തിന്‍റെ പ്രതീകമായി മാധവിക്കുട്ടി നമ്മുടെ മുന്‍പിലേക്ക് വച്ചുതരുന്ന ഒരു ബിംബം, മൃഗശാലക്കുളളില്‍ സിംഹികള്‍ കുഞ്ഞുങ്ങളെ മുലയൂട്ടി കണ്ണുകളടച്ച് മയങ്ങുന്ന കാഴ്ചയാണ്. ഒരു നിമിഷം മനതാരില്‍ ആ ചിത്രം മിന്നിമറയുന്നു. ഇത്തരം ബിംബങ്ങളിലുടെ കഥാകാരി നൈമിഷികമായി അനുവാചകനില്‍ ഊഷ്മളത നിറയ്ക്കുന്നു.
മൃത്യുബോധം ആതമാവിനെ സ്വച്ഛന്ദമാക്കി മാറ്റുന്നു എന്ന് മാധവിക്കുട്ടി പറയുന്നത് നശ്വരമായ ജീവിത്തിന്‍റെ നിസ്സാരത മറന്ന് ലൗകീക സുഖങ്ങളില്‍ മതിമറക്കുന്ന മനുഷ്യനു നേരെ ഒരു കണ്ണാടി കാണിക്കലാണ്. നിഴലായി പിന്‍തുടരുന്ന മൃത്യുവുളളപ്പോള്‍ ഒരുപാടൊന്നും അഹങ്കരിക്കാന്‍ അല്‍പ്പ പ്രാണനായ മനുഷ്യന് സാധ്യതയില്ലെന്നുളള തിരിച്ചറിവാണ്.

പ്രേമം രാത്രിനേരത്ത് അടുപ്പില്‍ അവശേഷിക്കുന്ന ചാരം പോലെയാണെന്ന് പ്രണയത്തിന്‍റെ രാജകുമാരി നിസ്സാരമായി പറഞ്ഞുപോകുമ്പോള്‍, വായനക്കാരന്‍ അതില്‍ കനലുണ്ടായിരുന്നെന്നും കത്തി നിന്നിരുന്നെന്നും കാലപ്രവാഹത്തില്‍ ചാരമാവാതെ തരമില്ലെന്നും കൃത്യമായി വായിച്ചെടുക്കുന്നു.

ഗന്ധങ്ങള്‍ മാധവിക്കുട്ടിയുടെ കഥകളില്‍ എപ്പോഴും കായല്‍ക്കരയിലെ നിലക്കാത്ത കാറ്റുപോലെ വന്ന് പോയ്ക്കൊണ്ടിരിക്കുന്നു. എന്തിലും ഏതിലും ചേര്‍ത്തു വെയ്ക്കുന്ന മനുഷ്യജീവിതത്തിന്‍റെ ഗന്ധലോകങ്ങള്‍. നീര്‍മാതളത്തിന്‍റെ ചുവട്ടില്‍ നിന്നും പുന്നയൂര്‍ക്കുളത്തെ പുന്നെല്ലിന്‍റെ ഗന്ധമായി അത് വായനക്കാരനില്‍ നിറയുന്നു. പല ഗന്ധങ്ങള്‍ ഇട കലര്‍ത്തി അലങ്കരിച്ച ഒരു അത്തറുകടയാണ് മാധവിക്കുട്ടിയുടെ കഥാലോകം. പേരറിയാത്ത ഗന്ധങ്ങളില്‍ അഭിരമിച്ചുപോകുന്നു വായനക്കാര്‍.

madhavikutty,memories.sunitha harikumar

പരപുരുഷനോടുളള വൈകാരിക സമീപനങ്ങളെ ‘ദാരുണം’ എന്ന് കഥയില്‍ വിശേഷിപ്പിച്ചത്, നിഷേധിക്കാനാവാത്തവിധം തൃഷ്ണകളെ ഉളളില്‍ ഒതുക്കിയാണ് മനുഷ്യന്‍ കാലം കഴിക്കുന്നത് എന്നു വെളിപ്പെടുത്തുവാന്‍ വേണ്ടിക്കൂടിയാണ്.

അത്തരം സാഹചര്യങ്ങളിലാവണം കെ പി അപ്പന്‍ ഒരേ സമയം സ്വപ്നസാഹിത്യവും ആതമകഥയും എന്ന് ഈ പ്രതിഭാശാലിയുടെ സൃഷ്ടികളെ വിലയിരുത്തിയത്. എല്ലാ സ്നേഹവും തുടങ്ങുകയും അവസാനിക്കുകയും ചെയ്യും എന്ന് ആലങ്കാരികമായി പറഞ്ഞു പോവുമ്പോള്‍, സത്യത്തിന്‍റെ പ്രകാശം ആ വരികളെ മിഴിവുറ്റതാക്കുന്നുണ്ട്. സ്ത്രീപുരുഷ ബന്ധങ്ങളിലെ സംഭവ്യതകളെയും അസംഭവ്യതകളെയും നിരന്തരം നിരീക്ഷിച്ച് ഓലപ്പടക്കംപോലെ സമൂഹത്തിനു മുന്നിലിട്ട് പൊട്ടിച്ച് രസിക്കുന്നുണ്ട് കഥാകാരി. തുറന്നു കിടന്ന ജനവാതിലിലൂടെ ആകാശത്തിന്‍റെ ഒരു കഷ്ണം മുറിയിലേക്ക് തളളി നില്‍ക്കുന്നു എന്ന് എഴുതിയ മാധവിക്കുട്ടി വാതില്‍പ്പുറക്കാഴ്ചകളെ അസംസ്കൃത വസ്തുക്കളാക്കി പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരുന്നു.

സ്വപ്നം തീരുന്നിടത്ത് ജീവിതവും ജീവിതം മുറിയുന്നിടത്ത് കഥയും മച്ചിങ്ങയില്‍ ഈര്‍ക്കില്‍ കുത്തി തീര്‍ത്ത പമ്പരം കറക്കുന്ന പോലെ കയ്യിലിട്ടു രസിച്ചിരുന്നു. പലപ്പോഴും ആ പമ്പരം കുറ്റിയില്‍ നിന്നു തെറിച്ചു പോയി സമൂഹ മനസ്സിനെ വേദനിപ്പിച്ചു. ചിലപ്പോള്‍ ഈര്‍ക്കില്‍ ഒടിഞ്ഞ് സ്വന്തം കൈയ്യില്‍ കുത്തിക്കയറി സ്വയം വേദനിച്ചു.

അപരന്‍റെ കിടപ്പറയിലേക്കുളള മലയാളിയുടെ ഒളിച്ചുനോട്ടങ്ങള്‍ക്കുളള മാധവിക്കുട്ടിയുടെ മറുപടിയായിരുന്നു, എന്‍റെ കഥ എന്ന അവരുടെ പുസ്തകം. ഇതോ ഇതില്‍ക്കൂടുതലോ ആണ് ജീവിതം എന്നും ആ പുസ്തകത്തിന്‍റെ നെല്ലും പതിരും തിരഞ്ഞാല്‍ താനും തന്‍റെ സ്ത്രീകളും വെളിച്ചപ്പെടും എന്നും ഒളിഞ്ഞുനോട്ടക്കാരെ വ്യക്തമായി ധരിപ്പിച്ചു. ശരാശരി മനുഷ്യന്‍റെ കിടപ്പറയെ കല്‍പ്പനയുടെ അതിരുകളില്‍ നിന്നും യാഥാര്‍ത്ഥ്യത്തിന്‍റെ പടിപ്പുരയില്‍ നിന്നും നോക്കിക്കാണാന്‍ പഠിപ്പിച്ചു.

ബൗദ്ധിക സ്വാതന്ത്ര്യം ആവോളം അനുഭവിച്ച് അവര്‍ നടത്തിയ സാഹിത്യയാത്രകള്‍ ചിലപ്പോള്‍ ജീവിതത്തിന്‍റെ ട്രാഫിക്ക് സിഗ്നലുകളിലോ ചിലപ്പോള്‍ കാല്‍പ്പനികതയുടെ കല്‍പ്പടവുകളിലോ ചേക്കേറി. പകരക്കാരില്ലാതെ ഈ നക്ഷത്രം തെളിഞ്ഞും മറഞ്ഞും തന്‍റെ അസാമാന്യ ഭാവനകളുമായി തലമുറകളിൽ പടർന്നുകൊണ്ടേയിരിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook