കുഞ്ഞുനാളിലേ മനസ്സിൽ കയറിയ ഒരു വാക്കാണ് ഭ്രാന്ത്. അമ്മയുടെ പഴമ്പുരാണത്തിൽ നിന്ന് എന്നെ സ്വാധീനിച്ച ഒരു വാക്ക് . അച്ഛൻ ഗൗരവം വിടുന്ന സമയങ്ങളിൽ അമ്മയെ വിളിച്ചിരുന്ന ഒരു പേരാണ് തങ്കോപ്പോൾ. തങ്കം എന്ന അമ്മയുടെ പേരിന് വല്ലാത്ത ഒരു ചന്തം വരും ഓപ്പോൾ എന്ന പദം കൂടി ചേരുമ്പോൾ.

അമ്മയുടെ തറവാട്ടിലെ അമ്മക്കു വളരെ പ്രിയപ്പെട്ട ഒരാൾ അമ്മയെ വിളിച്ചിരുന്ന പേരാണ് തങ്കോപ്പോൾ എന്നത്. ഭ്രാന്ത് മണക്കുന്ന ഒരു വിളിയാണത്. രാമൻ ചേട്ടൻ അതായിരുന്നു ആ ഭ്രാന്തിന്റെ പേര്.  നീളൻ വരാന്തയോട് ചേർന്ന് ഇടത് വശത്തുളള ചായ്പിന്റെ മുറ്റത്തേക്ക് തുറക്കുന്ന ജനലിലൂടെ സദാ പുറത്തേക്ക് നീണ്ടിരുന്ന രണ്ട് കൈയ്യുകൾ . അവ നിരന്തരം തങ്കോപോളേ, ഒന്ന് ഇതിലേ വരൂ,, എനിക്ക് വിശക്കുന്നു എന്ന് കരഞ്ഞു വിളിച്ചുകൊണ്ടിരുന്നു.

എനിക്ക് വിശക്കുന്നേ എന്ന് ഒച്ച ഉയർത്തി ഒരു വല്ലാത്ത താളത്തിൽ പറയുമ്പോളെല്ലാം തങ്കോപ്പോൾ എന്ന എന്റെ അമ്മ  ഭീതിയോടെ മറ്റൊരു വിളിയുടെ ഓർമ്മയിൽ എന്നെ തുറിച്ച് നോക്കും. പിന്നീട് അത് രണ്ടു തുള്ളി കണ്ണുനീരായി മാറുകയും “പാവം” എന്ന പിറുപിറുപ്പിൽ അവസാനിക്കുകയും ചെയ്യും.

ഒരിക്കൽ നീട്ടിയും ഉറക്കെയുമുളള വിളി കേട്ട് ജനലരികിൽ ചെന്ന അമ്മയെ രണ്ട് ചുമലിലും പിടിച്ചു കുലുക്കി കൊണ്ട് എന്നെ തുറന്നുവിടോപ്പോളെ എന്നും പറഞ്ഞ് കരയാൻ തുടങ്ങി രാമൻ ചേട്ടൻ. വേദന കൊണ്ടും സങ്കടം കൊണ്ടും അമ്മയും കരയാൻ തുടങ്ങി . രാമൻ ചേട്ടന്റെ അമ്മയും അമ്മാവനും കൂടി ശ്രമിച്ചിട്ടു പോലും പിടിവിടുവിക്കാൻ കഴിയുന്നില്ലായിരുന്നു. എല്ലാരും ചേർന്ന് ഒച്ചയെടുത്തപ്പോൾ പതിയെ കൈവിട്ട് മുറിയുടെ മൂലയിൽ പോയിരുന്ന് അമ്മയെ ദയനീയമായി നോക്കി കൊണ്ടിരുന്നു ആ പാവം. ആ നോട്ടത്തിന്റെ വേദന അമ്മയുടെ കണ്ണിൽ ഇന്നും തളം കെട്ടി കിടപ്പുണ്ട്. ഒരു കഷ്ണം ചക്കട , ഒരു ഉണ്ണിയപ്പം അല്ലെങ്കിൽ ഒരു  അരിനെല്ലിക്ക. ഇതെല്ലാമാണ് അമ്മ കൊണ്ടു കൊടുക്കുന്നത്.

ഭ്രാന്തിന്റെ ശാരീരിക ക്ഷമതയെപ്പറ്റി പറഞ്ഞു കേൾക്കാറുള്ളത് ശരിവക്കുന്ന തരത്തിലായിരുന്നു രാമൻ ചേട്ടന്റെ സാമാന്യത്തിലധികം കരുത്തുറ്റ ശരീരവും സൗന്ദര്യവും ചുരുണ്ട മുടിയും വീതിയുളള നെറ്റിയും ചന്ദനത്തിന്റെ നിറവും ഒത്ത ഉയരവും. പക്ഷേ ചിന്തകളിൽ എപ്പോഴും വണ്ടു മൂളിക്കൊണ്ടിരുന്നു. ഒരേ ആവശ്യങ്ങൾ പലവട്ടം ആവർത്തിച്ചപ്പോൾ എല്ലാവരും ആശ്ചര്യപ്പെട്ടു. വിട്ടുമാറാത്ത ചിന്തയായി വിശപ്പ്. അമ്മായി   ഒഴിഞ്ഞ ചോറു കലം കാണിച്ചു കൊടുത്താൽ മുഖംവാടും വിശപ്പ് മാറില്ല .വിശപ്പ് പതിയെ കരച്ചിലായി മാറാൻ തുടങ്ങി. അസ്വസ്ഥതയുളവാക്കുന്ന തരത്തിലുള്ള നീണ്ട കരച്ചിലുകൾ.  രാത്രി മുഴുവൻ നീളൻ വരാന്ത അളന്നും ശൂന്യതയിലേയ്ക്കു കണ്ണുനട്ടുള്ള ഇരിപ്പുമായി കഴിച്ചുകൂട്ടും. രാമാ കുറച്ച് ഉറങ്ങൂ എന്ന് പറഞ്ഞാൽ വെറുതെ മൂളും . വീണ്ടും നടപ്പ് തുടങ്ങും.

ഭ്രാന്ത് പകരുമോ? അറിയില്ല. പക്ഷേ അമ്മിണി അമ്മായി എന്ന് ഞങ്ങൾ വിളിക്കുന്ന സർവ്വംസഹ തന്റെ കൂടെപ്പിറപ്പിനെ പഴിച്ചു. ഭർത്താവ് മരിച്ച ഒരനിയത്തി അമ്മായിയുടെ കൂടെ  ഒരു മകളോടൊപ്പം തറവാട്ടിൽ ഉണ്ടായിരുന്നു. ചിറ്റയെന്ന് രാമൻ ചേട്ടൻ വിളിച്ചിരുന്ന അവർ ഇടതടവില്ലാതെ രാമാ രാമാന്ന് വിളിക്കുമായിരുന്നു. അവരുടെ ഇടയിലുളള സ്നേഹം ദൈവത്തിന് സഹിച്ചില്ലെന്നു തോന്നുന്നു. ഒരു മഴക്കാലത്തെ പനിയിൽ മകൾ ഒലിച്ചുപോയപ്പോൾ, അവൾ ചിറ്റയുടെ ഈ ഭൂമിയിലെ ഓർമ്മകളെക്കൂടി കൂടെ കൊണ്ട് പോയി.

രാമൻ ചേട്ടൻ ഊണിലും ഉറക്കത്തിലും കൂട്ടിരുന്നു. ഭക്ഷണം എന്ന വാക്ക് ചിറ്റ മറന്നു’ വായ തുറക്കുക എന്നത് ശീലമല്ലാതായി. പുലർച്ചെ പുഴയിൽ കുളിക്കാനും * മുപ്പട്ട വെളളിയാഴ്ച പാറപ്പുറത്ത് ഭഗവതിയ്ക്ക് പുഷ്പാഞ്ജലിക്കും ജാപ്പാണം പുകയലിയ്ക്കും ഇരട്ടി മധുരത്തിനും തെങ്ങും തടത്തിലെ തളിർ വെറ്റിലയ്ക്കും തെക്കെ പറമ്പിലേ കപ്പലു മാങ്ങയ്ക്കും ചിറ്റയുടെ വായ തുറപ്പിക്കാനായില്ല. ശൂന്യമായ ‘ മിഴികളുമായി ആ അമ്മ ജീവിക്കുന്ന ജഡമായി മാറി. ഒരർദ്ധരാത്രിയിലെ ” രാമാ ” എന്ന വിളിയോടെ ചിറ്റ ഭൂമിയിലെ വാക്കില്ലാ പൊറുതി അവസാനിപ്പിച്ചു.

ചിറ്റയില്ലാത്ത മുറിയിൽ രാമൻ ചേട്ടൻ വെറുതെയിരുന്നു. പിന്നെ നടന്നു. വറുതിയിലെ വിശപ്പ് ഭ്രാന്തിനേക്കാൾ കഷ്ടമാണെന്ന് അമ്മായി പറഞ്ഞു. നടപ്പുകളുടെ നീളവും വിശപ്പിന്റെ കരച്ചിലും രാമൻ ചേട്ടനെ സന്നിയിലേക്കാണ് കൊണ്ടുപോയത്. പലവട്ടം തലനാരിഴയ്ക്ക് പ്രാണൻ തിരികെ കിട്ടി. ഒടുവിൽ ഒരു രാത്രി നടപ്പിൽ തലയടിച്ച് വീണു . നടപ്പിനും വിശപ്പിനും വിരാമമായി.

ഭ്രാന്തായിരുന്നോ? പകരുമോ അറിയില്ല.

ഉറക്കം വരാത്ത രാത്രികളിൽ തലമുറകളുടെ തേങ്ങലായി ഞാനും കേൾക്കാറുണ്ട്, “ഓപ്പോളെ എന്നെ ഒന്ന് തുറന്ന് വിടൂ. എനിക്ക് വിശക്കുന്നു… ”

* മലയാള മാസത്തിലെ ആദ്യത്തെ ആഴ്ചയിലെ ദിവസങ്ങളെ സൂചിപ്പിക്കാൻ പ്രത്യേകമായി ഉപയോഗിക്കുന്ന വാക്ക് – മുപ്പട്ട

Get Malayalam News and latest news update from India and around the world. Stay updated with today's latest Features news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ