/indian-express-malayalam/media/media_files/2025/08/13/m-t-vasudevan-nair-fi-2025-08-13-12-16-12.jpg)
എം. ടി വാസുദേവൻ നായർ | ഫൊട്ടോ: ഹരിഹരന്‍ എസ്
മലയാള സാഹിത്യ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ മുദ്രിതമായ, കനമേറെയുള്ള, കാതലേറെയുള്ള കാലമാണ് ശ്രീ എം ടി വാസുദേവൻ നായരുടെ എഴുത്തുനാളുകൾ. ആ നാളുകളെ, താളുകളിലേക്ക് വിവർത്തനം ചെയ്യുകയാണ് ഏറെക്കാലം തുഞ്ചൻ പറമ്പിലും കോഴിക്കോടും എം ടിയുടെ സന്തത സഹചാരിയായിരുന്ന ഡോ. കെ. ശ്രീകുമാർ, എം ടിയുടെ ജീവചരിത്ര പുസ്തകത്തിലൂടെ. എം ടിയുടെ ഓരോ നോട്ടവും ചാഞ്ഞ ചുണ്ടുകൊണ്ടുള്ള നേർത്ത ചിരിയും വിരൽച്ചലനങ്ങൾ പോലും അതിൻ്റെ എല്ലാ അർത്ഥവ്യാപ്തികളോടെയും ചേർത്തു പിടിച്ച് എം ടിയുടെ ഒപ്പം ബഹുദൂരം കൈയിൽ കൈവച്ച്, ആത്മാവിൽ ആത്മാവ് വച്ച് നടക്കാനായി എന്ന ശ്രീകുമാറിൻ്റെ സൗഭാഗ്യമാണ് ഈ പുസ്തകത്തിലെ ഓരോ അക്ഷരത്തിൻ്റെയും ജീവാത്മകതക്കു പിന്നിൽ. വൈയക്തികാനുഭവങ്ങളിലെ നാഴികക്കല്ലുകളും നുള്ളു നുറുങ്ങു വിശേഷങ്ങളും ഒക്കെ ചേർന്ന്, ഇതുവരെ നമ്മളാരും കാണാത്ത ഒരു എം ടി, ഒരപൂർവ്വാനുഭവമായി ഈ പുസ്തകത്തിൽ നിറയുന്നു.
എം ടിയുടെ പിറന്നാളാണിന്ന്. ഇന്നു വൈകുന്നേരം തിരൂർ തുഞ്ചൻ പറമ്പിൽ വച്ച് പ്രകാശിതമാവുന്ന മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന എം ടിയുടെ ജീവചരിത്രത്തിൽ നിന്ന് രണ്ടദ്ധ്യായങ്ങൾ.
അർമദയുടെ അർമാദം
ഒരു സായാഹ്നത്തിലെ എം. ടിയുടെ സംസാരം തൻ്റെ വാഹനത്തെക്കുറിച്ചായി: 'മാതൃഭൂമി'യിലെ ആദ്യകാലത്ത് ഞാൻ ഉച്ചയ്ക്ക് താമസസ്ഥലത്തു പോയി ഊണ് കഴിച്ചു മടങ്ങിവരികയാണ് പതിവ്. നടന്നോ റിക്ഷയിലോ ഒക്കെയാണ് യാത്ര. ഒരുനാൾ ഊണ് കഴിഞ്ഞ് പൊരിവെയിലത്ത് ഞാൻ നടന്നുവരുന്നത് വി.എം. നായർ ശ്രദ്ധിച്ചു. അദ്ദേഹം എന്നെ അടുത്തുവിളിച്ച് ഉപദേശിച്ചു, 'വാസുദേവൻ നായരേ, എന്നും ഇങ്ങനെ വെയിലും മഴയും കൊണ്ട് ഇത്രദൂരം നടന്നുപോയി ഊണ് കഴിച്ചുവരിക ബുദ്ധിമുട്ടല്ലേ? ഊണുകഴിഞ്ഞാൽ കുറച്ചു വിശ്രമിക്കാനൊക്കെ തോന്നും. ഒന്നുകിൽ ഭക്ഷണം ഓഫീസിൽ കൊണ്ടുവന്ന കഴിക്കുക. അല്ലെങ്കിൽ ചെറിയൊരു വാഹനം വാങ്ങുക. രണ്ടിലൊന്നു ചെയ്യണം.'
'ഞാനും മുമ്പേതന്നെ ഇതിനെക്കുറിച്ച് ആലോചിച്ചതാണ്. പണത്തിൻ്റെ ഞെരുക്കം കൊണ്ട് ആലോചന മുന്നോട്ടുപോയില്ല എന്നുമാത്രം.' ആ മറുപടി ഏതായാലും വി.എം. നായരെ തൃപ്തിപ്പെടുത്തി.'
ശമ്പളത്തിൽ നിന്നും മറ്റും പണം സ്വരുക്കൂട്ടി വച്ച് എം. ടി ഒരു 'പ്രീമിയർ പത്മിനി' കാർ വാങ്ങി. കുറച്ചുകാലം കഴിഞ്ഞപ്പോൾ അതു കൊടുത്ത് അംബാസഡർ കാർ സ്വന്തമാക്കി. പിന്നീട് കാലാകാലങ്ങളിൽ കാറുകൾ മാറി മാറി വന്നു. പ്രീമിയർ 118 എന്‍ ഇ, മാരുതി സെൻ, കോണ്ടസ, വോക്സ് വാഗൺ, വെൻ്റോ തുടങ്ങിയവ. എംടിയുടെ മരണംവരെയും കൂടെ ഉണ്ടായിരുന്നത് എക്കോ സ്പോർട്ട് കാറാണ്.
മികച്ച ഡ്രൈവർമാരായിരുന്നു എം. ടിയുടെ യാത്രകൾക്കെല്ലാം വളയം പിടിച്ചത്. വാഹനം ഓടിക്കാൻ എം. ടിക്ക് അറിയുമായിരുന്നെങ്കിലും സ്വന്തമായി ഓടിച്ച സന്ദർഭങ്ങൾ വിരളമാണ്. വാഹനങ്ങൾ തനിക്ക് വഴങ്ങില്ല എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുമുണ്ട്.
ഇതിനിടയിൽ എം. ടി. ഒരു 'അർമദ' ജീപ്പിന്റെ ഉടമസ്ഥനുമായി. സാഹസികതയോടുള്ള താത്പര്യമാണ് അതിനു പിന്നിലുണ്ടായിരുന്നത്, എം. ടി. പറയുന്നു.
'സാഹസികതയെ ഒരുപാട് ഇഷ്ടപ്പെട്ട ആളായിരുന്നു ഞാൻ. സാഹസികർക്കു പറ്റിയ വാഹനം ജീപ്പാണ്. ജീപ്പ് വാങ്ങി ദൂരദേശങ്ങളിലും ചുരത്തിലെ ഹെയർപിൻ വളവുകളിലും ഒക്കെ സാഹസികമായി യാത്ര ചെയ്യണമെന്ന് ഞാൻ മോഹിച്ചു. അങ്ങനെ റോയൽറ്റിയും ശമ്പള ബാക്കിയുമെല്ലാം ഉപയോഗിച്ച് ഞാനൊരു 'അർമദ' ജീപ്പ് വാങ്ങി. സെക്കൻഡ് ഹാൻഡ് ആണെങ്കിലും നല്ല വർക്കത്തുള്ള വണ്ടിയായിരുന്നു അത്. കോഴിക്കോട്ടുനിന്നാണ് വണ്ടി വാങ്ങിയത്. എന്നാലും അത് ഓടിച്ചു നോക്കാനുള്ള ആത്മവിശ്വാസം എനിക്കുണ്ടായില്ല. ഒരു ഡ്രൈവറെ വെച്ച് കൊടിക്കുന്നത്തും കാടാമ്പുഴയിലും മൂകാംബികയിലുമൊക്കെ പോയി തൊഴുതു. മുത്തശ്ശിമാരെയും ബന്ധുക്കളെയും എല്ലാം കാറിൽ കയറ്റി ക്ഷേത്രദർശനം നടത്തി. എന്നാൽ, ജീപ്പ് കൊണ്ട് നടക്കുക അത്ര എളുപ്പമല്ലെന്നു മനസ്സിലായി. ഇന്ധന വിലയും മറ്റ് അറ്റകുറ്റപ്പണികളുടെ ചെലവും ഒക്കെയായി വലിയ സംഖ്യ ചെലവാകും. ജീപ്പ് വിറ്റഴിച്ച്, മറ്റൊരു കാറു വാങ്ങാൻ ഞാൻ തീരുമാനിച്ചു, നഷ്ടക്കച്ചവടമാണെങ്കിലും.'
നമ്മളെ പോലയുള്ളവർക്ക് സാഹസികതയെന്നത് ഭാവനയിൽ മാത്രമേ കാണാൻ ആവൂ എന്ന് എം. ടി. പറഞ്ഞു നിർത്തുന്നു. വി.ആർ. സുധീഷ് എം.ടിയുമായി നടത്തിയ അഭിമുഖ സംഭാഷണത്തിൽ സാഹസികതയെ സംബന്ധിച്ച് അദ്ദേഹം ഇങ്ങനെ പറയുന്നു:
'സാഹസിക ജീവിതം കുട്ടിക്കാലത്ത് ആഗ്രഹിച്ചിരുന്നെങ്കിലും ആ അന്തരീക്ഷമൊന്നും ഉണ്ടായിരുന്നില്ല. ചെറുപ്പത്തിൽ ഉണ്ടായിരുന്ന സാഹസികത, അറിയാത്ത സ്ഥലങ്ങളിൽ തനിച്ചു സഞ്ചരിക്കുക എന്നതാണ്. ഇന്ത്യയുടെ പല ഭാഗങ്ങളിലും. കോഴിക്കോട് വന്ന കാലത്ത് പതിനൊന്നു മാസം പണിയെടുത്താൽ ഒരു മാസം ഒഴിവു കിട്ടും. ആ സമയം യാത്രയ്ക്കു വേണ്ടി മാറ്റിവെക്കും. ഒരു സഞ്ചിയെടുത്ത് ഏതെങ്കിലും ഭാഗത്തേക്ക് സഞ്ചരിക്കും. വേണ്ടത്ര കാശില്ല. അരിഷ്ടിച്ചുള്ള ഒരു ജീവിതം. ആ 'അഡ്വഞ്ചറി'ൽ കവിഞ്ഞുള്ള സാഹചര്യമൊന്നും ജീവിതത്തിൽ ഉണ്ടായിട്ടില്ല.
സാഹസിക ജീവിതം ഇപ്പോഴും എനിക്കാഗ്രഹമുണ്ട്. കഴിഞ്ഞകൊല്ലം ഞാൻ ഒരു ജീപ്പ് വാങ്ങി- 'അർമദ.' അപ്പോൾ കുറേപ്പേർ എന്നോടു ചോദിച്ചു, എന്താ എട്ടുപേർക്കിരിക്കാവുന്ന വമ്പൻ സാധനം എന്ന്. ഞാൻ പറഞ്ഞു, കുട്ടികളുടെയൊക്കെ ഉപകാരത്തിനാവട്ടേയെന്ന്. പക്ഷേ, ഉള്ളതായിരുന്നില്ല. ആ വാഹനത്തിലാണ് 'സിൽക്ക് റൂട്ട്' ട്രേഡ് ചെയ്യാൻ ആളുകൾ പോയത്. ഹിമാലയത്തിൽ നിന്നും പഴയ ചൈനയുടെ 'സിൽക്ക്' വന്ന റൂട്ട് ഉണ്ടല്ലോ, ആ റഫ് റോഡിലൂടെ പോകാവുന്ന വാഹനമാണത്. അന്നത്തെ ഉദ്ദേശ്യം ഏതെങ്കിലും 'റിമോട്ട്' ആയ സ്ഥലത്തേക്ക് രണ്ടുമൂന്ന് ആളുകളുമായിട്ട് അതിൽ പോകണമെന്നായിരുന്നു. നടന്നില്ല. വാഹനം വിറ്റു. സാഹസികത എന്നൊക്കെ പറയുമ്പോൾ ദൂരെ നിന്നു നിരീക്ഷിക്കുക എന്നതിൽക്കവിഞ്ഞൊന്നുമില്ല.'
യന്ത്രങ്ങൾ തനിക്കു വഴങ്ങില്ലെന്ന് എം. ടി. പറഞ്ഞിട്ടുണ്ട് തനിക്ക് ആകെ വഴങ്ങുന്നത് അക്ഷരങ്ങൾ മാത്രമാണെന്ന് ബോദ്ധ്യമായപ്പോൾ മറ്റു പരിശ്രമങ്ങൾക്ക് പൂർണ്ണവിരാമം ഇട്ടു. ഡ്രൈവിങ് പഠിക്കാൻ പോയ കാലത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞിട്ടുണ്ട്. വലിയ ആശങ്കകളോടെയാണ് ഡ്രൈവിങ് പഠനം തുടങ്ങിയത്. പഠനത്തിനിടെ എം.ടി. ഓടിച്ച കാറിനു പുറകേ ഒരു പശു പാഞ്ഞു വന്നു. എങ്ങനെയോ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അതെക്കുറിച്ച് അദ്ദേഹം പറഞ്ഞതിങ്ങനെ:
'ഈ ഡ്രൈവിങ് പഠനം അത്ര നിസ്സാരമൊന്നുമല്ല. യന്ത്രം വഴങ്ങി കിട്ടിയാൽ മാത്രം പോരാ പശുവിൻ്റെ മനശാസ്ത്രം കൂടി ഡ്രൈവർ അറിഞ്ഞിരിക്കണം. എനിക്ക് പറ്റിയ പണിയല്ല അത്!'
/filters:format(webp)/indian-express-malayalam/media/media_files/2025/08/13/m-t-vasudevan-nair-1-2025-08-13-13-18-07.jpeg)
'തെക്കേപ്പാട്ട് മെഡിക്കൽസും' നടക്കാത്ത മനോരാജ്യങ്ങളും
മാതൃഭൂമിയിൽ നിന്ന് ആദ്യം രാജിവെച്ചശേഷം ഉപജീവനാർത്ഥം പല സംരംഭങ്ങളിലും എം. ടി. ഏർപ്പെട്ടിട്ടുണ്ട്. 'ക്ലാസിക് ബുക്ക് ട്രസ്റ്റി'നെക്കുറിച്ചും 'വെസ്റ്റ് കോസ്റ്റ് പബ്ലിക്കേഷൻസി' ലെ സഹകരണത്തെക്കുറിച്ചും നേരത്തെ വിശദമായി പരാമർശിച്ചിട്ടുണ്ട്. ലാഭമുണ്ടാക്കാമെന്ന കണക്കുകൂട്ടലോടെ തുടങ്ങാൻ ആലോചിച്ചതും തുടങ്ങിയതുമായ ചില സംരംഭങ്ങളെക്കുറിച്ചാണ് ഇവിടെ പരാമർശിക്കുന്നത്.
കൊട്ടാരം റോഡിൽ എം. ടിയുടെ ഉടമസ്ഥതയിൽ ആരംഭിച്ച 'തെക്കേപ്പാട്ട് മെഡിക്കൽസ്' ആണ് അതിലൊന്ന്. 1975 മുതൽ നാലഞ്ചുവർഷക്കാലം കൂടല്ലൂരിൽ എം. ടിയുടെ ജ്യേഷ്ഠൻ എം. ടി ഗോവിന്ദൻ നായർ 'തെക്കേപ്പാട്ട് മെഡിക്കൽസ്' എന്ന പേരിൽ ഒരു മരുന്ന് ഷോപ്പ് നടത്തിയിരുന്നു. മകൻ നാരായണന് ഒരു ജോലി എന്ന ഉദ്ദേശ്യത്തോടെയാണ് അദ്ദേഹം അത് ആരംഭിച്ചത്. 'ബേബി' എന്നറിയപ്പെട്ട നാരായണൻ 1979 ഗൾഫിലേക്ക് പോയതോടെ മെഡിക്കൽ ഷോപ്പിൻ്റെ കാര്യം അനിശ്ചിതത്വത്തിലായി. അതു വിൽക്കാമെന്ന തീരുമാനത്തിലെത്തി ഗോവിന്ദൻ നായർ. വിൽപ്പന നടക്കും വരെ മകൻ ടി. സതീഷും മെഡിക്കൽ ഷോപ്പിൻ്റെ പ്രവർത്തനങ്ങളിൽ സഹകരിച്ചിരുന്നു. ഭേദപ്പെട്ട രീതിയിൽ നടന്ന 'തെക്കേപ്പാട്ട് മെഡിക്കൽസ്' ഒടുവിൽ വിറ്റൊഴിവാക്കി.
ഈ അനുഭവത്തിൽ നിന്നാണ് കൊട്ടാരം റോഡിൽ ഒരു മെഡിക്കൽഷോപ്പ് തുടങ്ങാനുള്ള തീരുമാനത്തിൽ എം. ടി. എത്തിയത്. നല്ലലാഭകരമായ ഒന്നാണ് മെഡിക്കൽഷോപ്പെന്ന് പുനത്തിൽ കുഞ്ഞബ്ദുള്ളയും ധൈര്യം പകർന്നു. കിഴക്കേ നടക്കാവിൽ നിന്നും കൊട്ടാരം റോഡിലേക്ക് തിരിയുന്ന സ്ഥലത്ത് 'തെക്കേപ്പാട്ട് മെഡിക്കൽസ്' യാഥാർത്ഥ്യമായി. 'സിതാര'യുടെ തൊട്ടടുത്തായിരുന്നു അത്. ഫാർമസി ലൈസൻസുള്ള ഒരാളെ ജോലിക്ക് നിയോഗിച്ചു. അക്കാലത്തെക്കുറിച്ച് പുനത്തിൽ കുഞ്ഞബ്ദുള്ള ഇങ്ങനെ ഓർക്കുന്നു:
'എല്ലാ ദിവസവും വൈകുന്നേരം എം. ടി. കുറച്ചുനേരം മെഡിക്കൽഷോപ്പിൽ വന്നിരിക്കാറുണ്ട്. വല്ലപ്പോഴും ഞാനും അവിടെ എത്തും. അവിടെയുള്ള സമയത്ത് അദ്ദേഹം വിവിധ മരുന്നുകളെക്കുറിച്ച് ചോദിച്ചു മനസ്സിലാക്കും. കൂടുതൽ വില്പനയുള്ള മരുന്നുകൾ ഏതെന്ന് കണ്ടെത്തും. ഡോക്ടർമാരുടെ കുറിപ്പുകൾ വായിക്കാനും എം. ടിക്ക് കഴിഞ്ഞിരുന്നു.
എന്നാൽ, അത്രയൊന്നും പ്രതീക്ഷാനിർഭരമായിരുന്നില്ല മെഡിക്കൽ ഷോപ്പിൻ്റെ അവസ്ഥ. മരുന്നു കമ്പനികളുമായി നല്ല ബന്ധം പുലർത്താനോ, ഡോക്ടർമാരെ കാൻവാസ് ചെയ്ത് മരുന്ന് എഴുതിക്കാനോ ഒന്നും എം. ടി. തയ്യാറായില്ല. മരുന്നുവിൽപ്പന കുത്തനെ ഇടിഞ്ഞു. വലിയ നഷ്ടത്തിൽ കലാശിച്ചതും മെഡിക്കൽ ഷോപ്പ് വിറ്റുകളയാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. മെഡിക്കൽ ഷോപ്പ്, സായാഹ്നങ്ങളിൽ സാഹിത്യ സംവാദവേദികളായി മാറിയതും കച്ചവടം കുറയാൻ കാരണമായി.
അറബിപ്പൊന്നു വ്യാപാരത്തിൽ ആകൃഷ്ടനായി അതിൻ്റെ മദ്ധ്യസ്ഥനാവാൻ ശ്രമിച്ചു പരാജയപ്പെട്ട അനുഭവങ്ങൾ എം. ടി. 'അറബിപ്പൊന്നി'ൻ്റെ ആമുഖത്തിൽ വിവരിച്ചിട്ടുണ്ട്.
'തെക്കേപ്പാട്ട് മെഡിക്കൽസ്' നഷ്ടത്തിലേക്ക് കൂപ്പുകുത്തിയപ്പോൾ മറ്റു ചില സംരംഭങ്ങളെ കുറിച്ച് എം. ടി. ആലോചിച്ചതായി അദ്ദേഹത്തിൻ്റെ ബിസിനസ് പങ്കാളിയും മാനേജരും സുഹൃത്തുമൊക്കെയായ 'തസര' വാസുദേവൻ ഓർക്കുന്നുണ്ട്. ഗുരുവായൂരപ്പൻ കോളേജിലെ ഇംഗ്ലീഷ് പ്രൊഫസറായ സേതുമാധവൻ വഴിയാണ് വാസുദേവൻ എം. ടിയുമായി ബന്ധപ്പെടുന്നത്. എം. ടി തൻ്റെ മനസ്സിലുള്ള ചില വിചാരങ്ങൾ വാസുദേവനുമായി പങ്കുവെച്ചു. അതിനെക്കുറിച്ച് 'തസര' നെയ്ത്തുകേന്ദ്രത്തിൻ്റെ സാരഥി കൂടിയായ വാസുദേവൻ ഓർക്കുന്നു:
'രണ്ടു കാര്യങ്ങളാണ് എം. ടി. സംയുക്ത സംരംഭം എന്ന മട്ടിൽ എന്നോടു പറഞ്ഞത്. ഒന്ന്, കോഴിക്കോട് ആസ്ഥാനമായി ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുക. രണ്ട്, കോഴിക്കോട്ടുനിന്ന് ഒരു സായാഹ്ന പത്രം പ്രസിദ്ധീകരിക്കുക. എം. ടി. കൂടെ ഉണ്ടെങ്കിൽ സഹകരിക്കാമെന്ന് ഞാനുമേറ്റു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് നല്ലൊരു ആശയമായി എനിക്ക് തോന്നി. എന്നാൽ, സായാഹ്ന പത്രത്തിൻ്റെ ആലോചനകളാണ് ആദ്യം പുരോഗമിച്ചത്. മുഹമ്മദ് അബ്ദുറഹിമാൻ്റെ 'അൽ അമീൻ' പത്രത്തിൻ്റെ ഉടമസ്ഥതയിൽ അന്ന് വലിയൊരു പ്രസ് ഉണ്ടായിരുന്നു. അവിടെനിന്ന് സായാഹ്നപത്രം അച്ചടിക്കാം എന്നും ധാരണയായി. എൻ്റെ നിർബന്ധം മൂലം എം. ടി. എന്നും വൈകിട്ടെത്തി പത്രത്തിൻ്റെ ചർച്ചകൾ നടത്തി. പത്രത്തിൻ്റെ തലക്കെട്ട് സംബന്ധിച്ച പല ചർച്ചകളും നടന്നെങ്കിലും അന്തിമ തീരുമാനത്തിലെത്തിയില്ല. ഒരു വർഷം കഴിഞ്ഞിട്ടും സായാഹ്ന പത്രം സാക്ഷാത്കരിക്കപ്പെട്ടില്ല. എം. ടിക്ക് അതിലുള്ള താത്പര്യം കുറഞ്ഞുവന്നു. ഞാൻ ആ സംരംഭത്തോടു വിടചൊല്ലി 'തസര'യിൽ ശ്രദ്ധിച്ചു.'
എം. ടിയും വാസുദേവനും ചേർന്ന് ഒരു പുസ്തകപ്രസാധനശാല തുടങ്ങാൻ തീരുമാനിച്ചു. സ്ത്രീകളുടെ പേരിൽ അതു രജിസ്റ്റർ ചെയ്താൽ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുമെന്നറിഞ്ഞ് ആ വഴിക്ക് ആലോചന നീങ്ങി. വാസുദേവൻ്റെ അമ്മയും എം. ടിയുടെ ഭാര്യയും സഹോദരപുത്രിയും ജില്ലാ വ്യവസായ കേന്ദ്രത്തിലെ അച്യുതൻ നായരുടെ ഭാര്യയും ഉടമകളായി 'വിദ്യാരംഭം ബുക് ട്രസ്റ്റ്' രജിസ്റ്റർ ചെയ്തു. 'തസര' നെയ്ത്തുകേന്ദ്രത്തിൽ തന്നെ ട്രസ്റ്റിൻ്റെ കെട്ടിടം പണിയാൻ തറക്കല്ലിടുകയുമുണ്ടായി. എന്നാൽ, ആവേശം തറക്കല്ലിടലിൽ ഒതുങ്ങി. എം. ടിക്ക് സിനിമയിൽ തിരക്കേറിയതോടെ ആ സംരംഭവും ആരംഭത്തിനു മുമ്പേ അലസിപ്പോയി.
എം. ടി. മാതൃഭൂമിയിലുള്ള ആദ്യകാലത്ത് അവിടുത്തെ ചില മുതിർന്ന ജീവനക്കാർ നടത്തിയിരുന്ന ചിട്ടിക്കമ്പനിയുമായും കുറച്ചുകാലം സഹകരിച്ചു പ്രവർത്തിച്ചു. എണ്ണപ്പാടത്ത് ചന്ദ്രൻ, കുനിയിൽ വാസു, പനയ്ക്കൽ ദാമോദരൻ എന്നിവർക്കൊപ്പം 'വിനയ ബാങ്കേഴ്സ്' എന്ന ചിട്ടി കമ്പനിയിലും എം. ടിയും പങ്കാളിയായി. അത് അധികകാലം നിലനിന്നില്ല. കമ്പനി നടത്തിപ്പുകാരും ചിട്ടിയിൽ ചേർന്നവരും തമ്മിൽ രൂക്ഷമായ ചില പ്രശ്നങ്ങൾ ഉടലെടുത്തു. അങ്ങനെ ചിട്ടിക്കമ്പനി എട്ടു നിലയിൽ പൊട്ടി. 'വിനയ ഫിലിംസ്' എന്ന വിതരണക്കമ്പനിയും കുറച്ചുകാലം നിലനിന്നു. 'വിനയ ബസ് സർവീസ്,' ഇന്ത്യ ബിസ്കറ്റ് കമ്പനിയുടെ 'മാധുരി ബിസ്കറ്റ്' എന്നിവയിലും എം. ടി. പങ്കുചേർന്നു. ശത്രുഘ്നനുമായി ചേർന്ന് 'ടെലിക്രാഫ്റ്റ് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന സംരംഭവും കുറച്ചുകാലം മുന്നോട്ടുകൊണ്ടുപോയി.
Read More: കെ ശ്രീകുമാറിൻ്റെ മറ്റ് രചനകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us