എം സുകുമാരനുമായുളള ബന്ധം തുടങ്ങുന്നത് പുളളിയെ വായിച്ചത് മുതലാണ്. ആദ്യ സിനിമ എടുക്കാൻ തീരുമാനിച്ചപ്പോൾ അദ്ദേഹത്തെ തേടിയിറങ്ങി. ‘അപരാഹ്നം’ എന്ന ചലച്ചിത്രത്തിന്‍റെ തിരക്കഥയുമായാണ് അദ്ദേഹത്തെ കാണാൻ കോട്ടയത്ത് നിന്നും തിരുവനന്തപുരത്ത് എത്തുന്നത്. 1988ലാണത്. തിരുവനന്തപുരത്ത് കോട്ടയ്ക്കകത്ത് ഒരു പഴയ ട്രെഡ് പ്രസ്സിൽ ജോലി ചെയ്യുകയായിരുന്നു അന്ന് അദ്ദേഹം.

എനിക്ക് അദ്ദേഹത്തെ അതിന് മുമ്പ് പരിചയമൊന്നുമില്ല. പോയി കണ്ടു വർത്തമാനം പറഞ്ഞു. ‘അപരാഹ്ന’ത്തിൽ അദ്ദേഹത്തിന്‍റെ തന്നെ ‘വിചാരണയ്ക്ക് മുമ്പ്’, ‘പർവ്വതങ്ങളെ നീക്കം ചെയ്യാൻ ശ്രമിച്ച വിഡ്ഢിയായ വൃദ്ധൻ’ എന്നീ കഥകളിൽ നിന്നുളള ഭാഗങ്ങൾ ഉൾപ്പെടുത്തിയിരുന്നു.​ അതിനുളള അനുമതിക്കുമായാണ് അദ്ദേഹത്തെ കണ്ടത്.

“എടുത്തോളൂ” എന്ന് എം സുകുമാരൻ പറഞ്ഞു. അദ്ദേഹത്തെ കാണാനുളള​ ആലോചന നടക്കുമ്പോൾ പലരും പറഞ്ഞു കേട്ടതിൽ നിന്നും വ്യത്യസ്തമായ അനുഭവം. ആരെയും അദ്ദേഹം അടുപ്പിക്കില്ല എന്നൊക്കെയായിരുന്നു കേട്ടിരുന്നത്. പിന്നീട് നീണ്ട 30 വർഷത്തെ ബന്ധമായിരുന്നു അദ്ദേഹവുമായി എനിക്കുണ്ടായത്.

പുറം ലോകം കാണാതിരിക്കുന്ന ആ മനുഷ്യനാണ് പലപ്പോഴും എന്നെയും എന്നെപ്പോലെ പലരെയും കാലാനുസൃതമായി അപ്‌ഡേറ്റ് ചെയ്തത്.

വീണ്ടും വല്ലപ്പോഴും അദ്ദേഹത്തെ കാണാൻ പോയി. ‘അപരാഹ്ന’ത്തിന് അവാർഡ് കിട്ടിയത് അറിഞ്ഞപ്പോൾ അദ്ദേഹത്തിന് സന്തോഷമായി. അവാർഡ് ഒക്കെ കിട്ടുന്ന കാലമായപ്പോഴേയ്ക്കും പരസ്പരം കത്ത് എഴുതുമായിരുന്ന തലത്തിലേയ്ക്ക് ഞങ്ങളുടെ ബന്ധം വളർന്നിരുന്നു. പിന്നീട് ആ ബന്ധം കൂടുതൽ ശക്തമാകുന്നത് 1990കളുടെ മദ്ധ്യത്തോടെ ഞാൻ തിരുവനന്തപുരത്തയ്ക്ക് താമസം മാറിയതോടെയാണ്.

പ്രശാന്ത് നഗറിലെ ആ ​ചെറിയ ഫ്ലാറ്റിൽ രാവിലെ പോയി ഉച്ചവരെ അദ്ദേഹവുമായി സംസാരിച്ചിരിക്കും. പുളളി പുറത്തിറങ്ങിയില്ലെങ്കിലും പുളളിക്ക് എല്ലാറ്റിനെക്കുറിച്ചും വിവരമുണ്ടാകും. സിനിമ, കഥ, ഒക്കെ അറിയാം. നമ്മൾ അവിടെ പോയിരുന്നാൽ നമ്മുടെ അറിവ് കൂടും.

‘തിത്തുണ്ണി’യാണ് പിന്നീട് വന്നത്. റൈറ്റ് വാങ്ങിക്കുക എന്നത് പ്രശ്നമായിരുന്നില്ല. കഥയിൽ​മാറ്റം വരുത്തന്നതിലും ഒന്നും പുളളിക്ക് പ്രശ്നമുണ്ടായിരുന്നില്ല.

എം സുകുമാരൻ രാഷ്ട്രീയം പറയുമായിരുന്നു. വ്യക്തിപരമായി രാഷ്ട്രീയത്തിൽ ​വിമുഖനായിരുന്നില്ല. പ്രാക്ടിക്കൽ ഇടതുപക്ഷത്തിന്‍റെ പ്രാഗമാറ്റിസത്തോട് അദ്ദേഹം യോജിച്ചില്ല. ഒരാളെയും വ്യക്തിപരമായി ദോഷം പറയില്ല. അഭിപ്രായം പറയും. നിലപാടുകൾ പറയും. സിനിമയെ പറ്റിയുളള കാഴ്ചപ്പാട് ഒക്കെ വളരെ വ്യക്തതയുളളതാണ്. അദ്ദേഹത്തിന്‍റെ രചനകൾ പലരും സിനിമയാക്കിയിട്ടുണ്ട്. ബക്കർ സിനിമ ചെയ്തിട്ടുണ്ട്. ‘ശേഷക്രിയ’ സിനിമയായി. ഇതിലൊന്നും ലാഭേച്ഛയോടെ ചെയ്യുന്നതല്ല. സിനിമ ചെയ്ത് പൈസ ഉണ്ടാക്കാമെന്ന ചിന്ത സുകുമാരന് ഉണ്ടായിരുന്നില്ല.

‘കഴക’ത്തിന് അംഗീകാരം കിട്ടിയത് പുളളിക്ക് സന്തോഷം തോന്നിയിട്ടുണ്ടാകാം എന്നതിലുപരി അതിലെ സാമ്പത്തികത്തിനോടോന്നും അദ്ദേഹത്തിന് താത്പര്യമുണ്ടായിരുന്നില്ല.

കഴകം

1995 ന് ശേഷം എന്തുകൊണ്ട് കഥയെഴുതുന്നില്ല എന്ന ചോദ്യത്തിന്, “ഇനി എനിക്ക് ഒന്നും പറയാനില്ല അതുകൊണ്ട് എഴുതുന്നില്ല” എന്നായിരുന്നു മറുപടി. സമൂഹത്തോട് എതിർപ്പോ പരിഭവമോ ഒന്നുമില്ലാത്ത മനുഷ്യൻ, സംസാരിക്കുന്നതില്‍ ഒരു നല്ല ശതമാനം വായിച്ച പുസ്തകങ്ങളെക്കുറിച്ച്. രണ്ടാഴ്ച കൂടി വെറുതേ വീട്ടിലേക്കൊന്ന് ചെന്നാൽ സാമൂഹിക സാംസ്കാരിക രംഗത്ത് ഏറ്റവും നന്നായി അപ്ഡേറ്റ്ഡ്‌ ആയി തിരിച്ചു വരാം. ഏജീസ് ഓഫീസിലുളളവരോ മുൻകാല നക്സൈലൈറ്റ് ബന്ധമുണ്ടായിരുന്നുവരോ ആയിരിക്കും പലപ്പോഴും വീട്ടില്‍ വരുക. അദ്ദേഹവുമായുള്ള സംസാരത്തിലൂടെ നമ്മൾക്ക് ലഭിക്കുക ലോകത്തെ കുറിച്ചുളള​ പുതിയ അറിവുകള്‍ മാത്രമല്ല, ചില വെളിപാടുകളുമായിരുന്നു.

ആ മനുഷ്യന്‍റെ വലിയ ഗുണം ഒന്നിനെയും മോശമാണെന്ന് പറയില്ല. ഒന്നിനെയും പുച്ഛത്തോടെ കാണില്ല, താഴ്ത്തികെട്ടില്ല. സിനിമയെ കുറിച്ച് ധാരാളം കാര്യങ്ങൾ പറയും, പ്രത്യേകിച്ചു പുതിയ പ്രവണതകളെക്കുറിച്ച്. ആ മാറ്റങ്ങളൊക്കെ അദ്ദേഹം തുറന്ന മനസ്സോടെ സ്വീകരിച്ചിരുന്നു. സിനിമകളിലെ കാര്യങ്ങളെ കുറിച്ചുളള നിരീക്ഷണങ്ങൾ എന്നാല്‍ വളരെ ‘ഷാർപ്പാ’യാവയുമാണ്‌.

രാഷ്ട്രീയം പറയാറുണ്ട്. നടത്തിയെടുക്കുന്നതിലെ പാളിച്ചകളെ കുറിച്ച് ചൂണ്ടിക്കാണിക്കുമ്പോഴും വിമർശനം രേഖപ്പെടുത്തുമ്പോഴും പ്രത്യയ ശാസ്ത്രത്തെ തളളി പറയുന്ന പ്രവണതയല്ല, തീരുമാനങ്ങൾ രീതികൾ അതിനോടുളള വിയോജിപ്പുകൾ. കൊലപാതകരാഷ്ട്രീയത്തോടുള്ള​വിയോജിപ്പ് ആണ് അദ്ദേഹം കൃത്യതയോടെ വ്യക്തമാക്കുക.

കമ്മ്യൂണിസത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന ഒരാളായിട്ടാണ് തോന്നിയിട്ടുളളത്. എന്നാൽ വ്യവസ്ഥാപിതമായ രീതികളിൽ അത് നടപ്പാക്കുന്നതിനോട് യോജിച്ചിരുന്നില്ലെന്നാണ് മനസ്സിലാക്കുന്നത്.

എം സുകുമാരനെ കുറിച്ച് ഒരു ഡോക്യുമെന്ററി ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അതിന് കാരണമിതാണ്. മലയാളത്തിലെ രണ്ട് എഴുത്തുകാർ എന്‍റെ ശ്രദ്ധ പിടിച്ചുപറ്റിയത് അവരുടെ എഴുത്തിലെ മാറ്റത്തിലൂടെയാണ്. അതിലൊന്ന് എം സുകുമാരനും മറ്റൊന്ന് യു എ ഖാദറുമാണ്. അവരുടെ ആദ്യകാല എഴുത്തുകളെ അവരുടെ എഴുത്തിന്‍റെ രണ്ടാംഘട്ടം മറി കടക്കുന്നുണ്ട്. അതീവസാഹസികമായ മറികടക്കലാണ് സുകുമാരന്‍റെ കാര്യത്തിൽ സംഭവിക്കുന്നത്. ഭാഷാപരവും സർഗാത്മകവും രാഷ്ട്രീയവുമൊക്കെയായി അതിൽ സംഭവിക്കുന്ന പരിണാമം മലയാളത്തിൽ അധികം എഴുത്തുകാർക്ക് ഉളളതായി എന്‍റെ ശ്രദ്ധയിൽ പെട്ടിട്ടില്ല. ‘രഥോത്സവം’ പോലുളള കഥകളെഴുതി തുടങ്ങിയ സുകുമാരൻ കഥാലോകത്ത് വ്യത്യസ്തമായ രീതിയിൽ, പുതിയ തരം കഥകൾ, പുതിയ ഭാഷയിൽ പറയുന്നത് കാണുന്നു. ഇത് വളരെ കുറച്ചുപേരിലെ കണ്ടിട്ടുളളൂ. ഈ മാറ്റത്തെ കുറിച്ചും മറ്റും അദ്ദേഹത്തിന്‍റെ ഭാഷയിൽ​ ലോകത്തോട് പറയണം എന്ന് എനിക്ക് തോന്നിയിരുന്നു.

ഇങ്ങനെയൊരു കാലഘട്ടത്തില്‍ ഇത്ര കൃത്യതയോടെ, റിയലിസ്റ്റിക് നരേറ്റീവിൽ നിന്നും സർറിയൽ നരേറ്റീവ് കടന്നു പോയി എന്നത് രേഖപ്പെടുത്തണം എന്ന എന്‍റെ അഭിപ്രായത്തോട് സുകുമാരൻ യോജിച്ചില്ല. അതിന്‍റെ ആവശ്യമില്ല എന്നായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്.

ഞാൻ ഡോക്യുമെന്ററി ആലോചിക്കുന്ന കാലത്ത് അദ്ദേഹം ക്ഷീണിതനായിരുന്നു. 2015-16 വരെ നിരന്തരം ആശുപത്രി ,വീട് എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം.

​അദ്ദേഹം വീടിനുളളിൽ തന്നെയായിരിക്കും കൂടുതലും. നമ്മൾ അവിടെ പോകുന്നു, അദ്ദേഹത്തെ കാണുന്നു, തിരിച്ചു പോകുന്നു. മകളുടെ കല്യാണത്തിന് പാലക്കാട് ചെല്ലുമ്പോൾ അവിടെ കണ്ടിട്ടുണ്ട്. അല്ലാതെ ആശുപത്രിയിൽ. അദ്ദേഹത്തെ കണ്ടിട്ടുളള​ പുറം ലോകങ്ങൾ അതാണ്. എല്ലാ വേദനകൾക്കുളളിലും സന്തോഷത്തോടെ ഇരിക്കുന്ന മുഖം, പരാതിയും പരിഭവവും ഇല്ലാത്ത മനുഷ്യൻ. നമ്മൾ ലോകത്തെ മുഴുവൻ കുറ്റം പറയുകയും സകലതിനെയും അവജ്ഞയോടെ കാണുകയും ചെയ്യുമ്പോൾ, അസുഖം, ജീവിത പ്രയാസം എല്ലാം കൊണ്ടും ബുദ്ധിമുട്ടുമ്പോഴും അദ്ദേഹത്തിന്‍റെ പെരുമാറ്റത്തിൽ നിന്നോ വാക്കുകളിൽ നിന്നോ പരിഭവത്തിന്‍റെയോ വൈരാഗ്യത്തിന്‍റെയോ ചെറിയൊരു ശബ്ദംപോലും പുറത്തു വരുമായിരുന്നില്ല.

സ്വന്തം കഥകളെ പറ്റിയോ എഴുത്തിനെ പറ്റിയോ പറയാൻ അദ്ദേഹത്തിന് വലിയ പ്രയാസമാണ്. ചിറ്റൂർ പുഴയുടെ ചില ഓർമ്മകൾ പറയാറുണ്ട്. അവിടുത്തെ ചില കഥകളെ കുറിച്ച് കൂടുതൽ പറയാറുണ്ട്. ഇതിൽ​ കൂടുതലൊന്നും, പ്രത്യേകിച്ച് കഥയുടെ രണ്ടാംഘട്ട കാലത്തേയ്ക്കുളള വഴിയൊന്നും തന്നെ, തുറന്നു തരാൻ തയ്യാറല്ല. ചിറ്റൂരിലെ ആദ്യകാല ജീവിതത്തിൽ അവിടുത്തെ കഥാപാത്രങ്ങളെ കണ്ടെത്തിയതും മറ്റുമൊക്കെ പറഞ്ഞിട്ടുണ്ട്, മറ്റൊന്നിനെ കുറിച്ചും പറഞ്ഞിട്ടില്ല.

സമരത്തിൽ പോയതിനോ ജോലി നഷ്ടമായതിലോ, രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചു നിന്നതിലോ ഒന്നും അദ്ദേഹത്തിന് കുറ്റബോധം ഇല്ല. എല്ലാം വളരെ ലാഘവത്തോടെ കണ്ടയാള്‍. ‘സബ് ജയിലിൽ നിലത്ത് കിടന്നതാണ് ആസ്മ ഇത്രയും കൂടാൻ കാരണമായത്’ എന്ന് പറഞ്ഞതല്ലാതെ പരാതി ഒന്നും പറഞ്ഞു കേട്ടിട്ടില്ല. പാർട്ടിയിൽ നിന്നുളള പുറത്താക്കലിനെ കുറിച്ച് കുറ്റം പറഞ്ഞിട്ടില്ല. അന്യായമായി പാർട്ടി എന്തെങ്കിലും ചെയ്തുവെന്നോ ഒന്നും തന്നെ.

ഇടയ്ക്കിടെ ആശുപത്രിയിൽ​ ആയപ്പോൾ, മരുന്ന് കഴിക്കുമ്പോൾ, ഒന്നും നിരാശയോ ടെസ്പെറെഷനോ ഇല്ല. പുതുതായി കാര്യങ്ങൾ പഠിക്കും അത് നമ്മളോട് പറയും. “രാജീവ് (രാജീവ് വിജയരാഘവൻ) എന്താ അടുത്ത പടം ചെയ്യാത്തത്?” എന്നാണ് അദ്ദേഹം ചോദിച്ചിരുന്നത്. നമ്മൾ എന്തുകൊണ്ട് ചെയ്തില്ല, ചെയ്യുന്നില്ല എന്നതേയുളളൂ അദ്ദേഹത്തിന്‍റെ ആധി? ഒന്നിനോടും അവകാശവാദങ്ങളിലാത്ത, നമ്മുടെ വിചാരധാരയ്ക്ക് പുറത്ത് ജീവിച്ച മനുഷ്യൻ. ‘കഴക’ത്തിന് അവാർഡ് കിട്ടിയപ്പോൾ വാങ്ങിക്കാൻ വന്നില്ല. അത് എന്നോട് ഇഷ്ടമില്ലാഞ്ഞിട്ടല്ല. അദ്ദേഹം വരില്ല, സ്റ്റേജിൽ ഇരിക്കാൻ പറ്റില്ല. സമരനായകനായിരുന്ന ഒരാൾ എന്ത് കൊണ്ട് സ്റ്റേജിൽ കയറുന്നില്ല എന്ന അത്ഭുതം തോന്നിയിട്ടണ്ട്. വീട്ടിൽ ഉടുപ്പ് ഇട്ടോണ്ടിരിക്കാൻ കഴിയില്ല എന്നൊക്കെ പറയും. നമ്മളോട് അദ്ദേഹം ഒന്നും ആവശ്യപ്പെടുകയുണ്ടായിട്ടില്ല.

പൂർണ വിശ്വാസത്തോടെ പോയി ഇരിക്കാൻ പറ്റുന്ന ഒരിടമായിരുന്നു അദ്ദേഹമുളള​ സ്ഥലം., ആ വീട്. ആ ബന്ധം അത് ഒരു അനുഭവമാണ്. അത് എഴുതാൻ പറ്റുന്നതല്ല. പറയാൻ പറ്റുന്നതുമല്ല. അനുഭവിക്കാൻ മാത്രം പറ്റുന്നതാണ്. അദ്ദേഹത്തെ കുറിച്ച് അദ്ദേഹം പറയില്ല. പകരം അദ്ദേഹം പറയുന്നത് താൻ എഴുതിയത് ‘വായിച്ചനുഭവിച്ച് മനസ്സിലാക്കിക്കോട്ടെ’ എന്നതാണ്. അതു തന്നെയാണ് അദ്ദേഹവുമായുളള ബന്ധത്തിൽ എനിക്കുളളതും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ