ലീലാവതി ടീച്ചർ ഒരത്ഭുതമാണ്. ഒരായുസ്സുകൊണ്ട് ഒരാൾക്കു ചെയ്യാൻ സാധിക്കുന്നതിനേക്കാൾ അധികം സേവനങ്ങൾ ടീച്ചർ മലയാള സാഹിത്യത്തിന് വേണ്ടി ചെയ്തിട്ടുണ്ട്. എത്ര പുസ്തകങ്ങളാണ് രചിച്ചിരിക്കുന്നത്. സ്ത്രീകൾക്ക് വിലയിരുത്താനുള്ള അർഹത ഉണ്ടോ എന്ന് സംശയിച്ചിരുന്ന കാലത്ത് ആ രംഗത്ത് കടന്നുവന്ന് സ്ഥാപിത ബിംബങ്ങളെ ചോദ്യം ചെയ്ത് ആ മേഖലയിൽ സ്ഥാനമുറപ്പിച്ച ടീച്ചറെ കൂടുതൽ വായിക്കപ്പെടേണ്ടതിനെക്കുറിച്ച് പ്രശസ്ത നിരൂപകൻ ഡോക്ടർ ടി ടി ശ്രീകുമാർ അഭിപ്രായപ്പെടുന്നുണ്ട്. ഒരു മേഖലയും ടീച്ചർ ഒഴിവാക്കിയിരുന്നില്ല എന്നതിൽ അദ്ദേഹം വിസ്മയം കൊള്ളുന്നു. ‘ഭാരത സ്ത്രീ’ എന്ന ഒരൊറ്റ ഗ്രന്ഥംകൊണ്ട് ടീച്ചർ മലയാളിയെ വല്ലാതെ കടപ്പെടുത്തിയിരിക്കുന്നു എന്നാണ് പ്രൊഫസർ എംഎൻ കാരശ്ശേരി പറഞ്ഞിരിക്കുന്നത്.
കേവലം വസ്തുതകൾ ക്രോഡീകരിക്കുന്ന രീതി വിട്ട് ഒരു ഭാഷയുടെയും സാഹിത്യത്തിന്റെയും ചൈതന്യം ആവാഹിക്കുന്ന മലയാള കവിതാ സാഹിത്യ ചരിത്രം അനന്യമാണെന്ന് ശ്രീ എംടി വാസുദേവൻ നായർ. ഇത്രയധികം സംഭാവന നൽകിയ ടീച്ചർ വേണ്ട വിധത്തിൽ ഗൗനിക്കപ്പെട്ടിട്ടുണ്ടോ എന്നത് ചിന്തനീയമാണ്.
വാസ്തവത്തിൽ ടീച്ചറുടെ ജീവചരിത്രം അന്നത്തെ അഭ്യസ്തവിദ്യരായ സ്ത്രീകൾ ഒരു മണ്ഡലത്തിൽ നിലനിൽക്കാൻ നടത്തിയ കടുത്ത പരിശ്രമത്തിന്റെ ചരിത്രം തന്നെയാണെന്നതിൽ സംശയമില്ലെന്നാണ് ജെ ദേവിക പറയുന്നത്.
ലീലാവതി ടീച്ചറുടെ ധൈഷണികമായ ജീവിതം ഒരു വിസ്മയമാണ്. പുരുഷ വിദ്വേഷമില്ലാത്ത ഫെമിനിസ്റ്റ് എന്നാണ് ടീച്ചർ സ്വയം വിശേഷിപ്പിക്കുന്നത്. എഴുത്തിലായാലും ഗാർഹികവൃത്തിയിലായാലും ടീച്ചർ അനുഷ്ഠിക്കുന്ന അർപ്പണബോധം അപാരമാണ്. ടീച്ചർക്ക് ഈ വയസ്സിലും ഇത്രയധികം ചെയ്യാൻ എങ്ങിനെ കഴിയുന്നു എന്ന് അത്ഭുതംകൂറിയിട്ടുള്ള വ്യക്തിയാണ് ഞാൻ. പ്രായത്തിന്റെ അവശതകൾ അലട്ടാത്ത അവസരത്തിൽ ഒരു ദിവസം ഏതാണ്ട് നൂറോടടുത്ത് പേജുകൾ ടീച്ചർ എഴുതിത്തീർക്കും. പണ്ടത്തെപ്പോലെ ദിവസം നൂറു പേജ് എഴുതുന്നില്ല എന്നാണർത്ഥം!
സംസ്കൃതം, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ അഗാധമായ പാണ്ഡിത്യമുള്ള ടീച്ചർ, (മലയാളം ലക്ചാർ പോസ്റ്റിന് അപേക്ഷിച്ചിട്ട് ബിഎ തലത്തിൽ ഇംഗ്ലീഷിനു നേടിയ മാർക്കു കണ്ട് അധികാരികൾ ഇംഗ്ലീഷ് ട്യൂട്ടർ പദവിയിൽ നിയമിച്ച വ്യക്തിയാണ് ടീച്ചർ) ഏതു വിദ്യാർത്ഥിയുടെയും ഏതു സംശയവും ദൂരീകരിക്കാൻ സദാ സന്നദ്ധയാണ്.
അത്ഭുതപ്പെടുത്തുന്ന ഓർമശക്തി, ടീച്ചർ അഭ്യാസംകൊണ്ട് നേടിയെടുത്തതാണ്. ദിവസേന രാവിലെ ‘ഹിന്ദു’ പത്രത്തിലെ ക്രോസ് വേഡും സുഡോക്കുവും നിർദ്ധാരണം ചെയ്തുകൊണ്ടാണ് ദിനചര്യ ആരംഭിക്കുന്നത്. ‘ഹിന്ദു’ പത്രം കിട്ടിയില്ലെങ്കിൽ ടീച്ചർ അസ്വസ്ഥയാണ്. ഓർമശക്തിയെ രാകി എടുക്കുന്ന ലീലാവതി തന്ത്രം!
പൊതുവെ മധുരം പുരട്ടിയ വാക്കുകളിൽ സംസാരിക്കാത്ത ടീച്ചറുടെ മനസ്സിന്റെ ആർദ്രത, അതനുഭവിച്ച വിദ്യാർത്ഥികൾക്കറിയാം. പഠിക്കാൻ വഴിയില്ലാതെ ആത്മഹത്യയുടെ മുനമ്പിൽ എത്തിയ തന്നെ ഫീസും താമസച്ചെലവും നൽകി ഒരു കോളേജദ്ധ്യാപകനാക്കിയ കഥ എസ്എൻ കോളേജ് ലക്ചററായിരുന്ന, പരേതനായ ഒ പുരുഷോത്തമൻ ‘കേരള കൗമുദി’ ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചത് എത്ര പേർ കണ്ടിട്ടുണ്ട് എന്നറിയില്ല. അദ്ദേഹത്തിന് അമ്മ തന്നെയാണ് ടീച്ചർ. ഇതുപോലെ എത്രയോ വിദ്യാർത്ഥികളെ ടീച്ചർ കരക്കടുപ്പിച്ചിട്ടുണ്ട്.
കരുതലും സ്നേഹവുമാണ് പോർവിളിച്ചു നിൽക്കുന്ന വിദ്യാർത്ഥികളുടെ നടുവിൽ ചെന്ന് ‘ഇടൂ കത്തി താഴെ,’ എന്ന് പറയാൻ കരുത്ത് നൽകിയത്. തന്റെ വിദ്യാർത്ഥികളോടുള്ള സ്നേഹവായ്പുപോലെ തന്നെയാണ് ടീച്ചർക്ക് ഗുരുക്കൻമാരോടുള്ള ആദരവും. ആദ്യ കാലങ്ങളിൽ ടീച്ചർക്ക് ലഭിക്കുന്ന അവാർഡു തുക പല ഗുരുക്കൻമാർക്കും ദക്ഷിണയായി നൽകുമായിരുന്നു. ഇന്റർ മീഡിയറ്റിന് സയൻസിൽ റാങ്ക് നേടിയിട്ടും ഗുരുവിന്റെ ആജ്ഞയാൽ മലയാളം പഠിക്കാൻ ചേർന്ന വ്യക്തിയുടെ ഗുരുത്വത്തെക്കുറിച്ച് പറയേണ്ടതില്ലല്ലോ. ഗുരുവൃന്ദം പതുക്കെപ്പതുക്കെ ഇല്ലാതായപ്പോൾ അത് സമൂഹത്തിൽ അവശതയനുഭവിക്കുന്നവർക്കുള്ളതായി.
അഞ്ചു കുഞ്ഞുങ്ങളെ പ്രസവിച്ച് ഭർത്താവ് മരണം വരിച്ച സ്ത്രീയുടെ കൈത്താങ്ങ്, മുത്തങ്ങ സമരത്തിൽ പരിക്കേറ്റ കുട്ടിക്ക് സഹായം, ഓഖി ദുരന്തത്തിൽ ഭർത്താവിനെ കാണാതാവുകയും നാലു പെൺകുട്ടികളെ വളർത്തേണ്ട ബാധ്യത ഏൽക്കേണ്ടി വരികയും ചെയ്ത സ്ത്രീക്ക് നിരവധി വട്ടം സാമ്പത്തിക പിന്തുണ, രോഗം ബാധിച്ച തനിക്ക് അവശനായി കിടക്കുന്ന മകനെ നോക്കേണ്ടി വന്നതിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ച് ലേഖനമെഴുതിയ സ്ത്രീക്ക് ഉടൻ സഹായം- താൻ ചെയ്യേണ്ട ഒരു കടമ എന്ന നിലയ്ക്കാണ് ടീച്ചർ ഇതൊക്കെ കാണുന്നത്. ഇതിലെന്താണ് മഹത്വം എന്ന നിലപാട് ടീച്ചർക്ക് സാധിക്കും. മാതൃഭൂമിയിൽ വന്ന ഒരു അനാഥക്കുട്ടിയെപ്പറ്റിയുള്ള വാർത്ത വായിച്ച്, എഴുതിയ ആളെ വരുത്തി, നല്ലൊരു തുക കുട്ടിയുടെ പഠിപ്പിന് ടീച്ചർ നൽകി. അതു മാത്രമല്ല ആ തുക ബാങ്കിൽനിന്ന് പിൻവലിച്ചിട്ടില്ല എന്നതായിരുന്നു കുറച്ച് ദിവസം ടീച്ചറുടെ വിഷമം. ഇതുപോലെ എത്രയോ സംഭവങ്ങൾ. ടീച്ചറുടെ വീട്ടിൽ സഹായത്തിനു നിൽക്കുന്നവരുടെ കാര്യം ടീച്ചർ എന്നും ഏറ്റെടുത്തിട്ടുണ്ട്.
കൊടുക്കാൻ യാതൊരു മടിയും ഇല്ലെങ്കിലും തന്റെ ജീവിതം ഏറ്റവും ലളിതമായിരിക്കണമെന്ന് ടീച്ചർക്ക് നിർബന്ധമാണ്. ഭാരതത്തിൽ ഭക്ഷണം കിട്ടാത്ത നിരവധി കുട്ടികൾ ഉള്ളതുകൊണ്ട് ജീവൻ നിലനിൽക്കാൻ ആരോഗ്യമുള്ള ഭക്ഷണം കഴിക്കുക എന്നതാണ് ടീച്ചറിന്റെ വ്രതം. മാത്രമല്ല, ഭക്ഷണം പാഴാക്കിക്കളയുക എന്നത് ടീച്ചർക്ക് ചിന്തിക്കാനേ വയ്യ. ആർഭാടം എന്ന വാക്ക് ടീച്ചറിന്റെ നിഘണ്ടുവിലില്ല. എന്നാൽ ടീച്ചർ ഒരു മികച്ച പാചക വിദഗ്ദ്ധ കൂടിയാണെന്നതാണ് വാസ്തവം. ഈ പ്രായത്തിലും അനുജന്മാരും മക്കളും ഭാര്യമാരും അവരുടെ മക്കളും വീട്ടിലെത്തുമ്പോൾ അവർക്കിഷ്ടപ്പെട്ട ഭക്ഷണം സ്വയം പാകം ചെയ്ത് അവരെ ഊട്ടുക എന്നതാണ് അമ്മക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം എന്ന് മകൻ വിനയൻ പറയാറുണ്ട്.
അവർക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുക, അക്കാദമിക തലത്തിൽ അവർ മികച്ച വിജയം കൈവരിക്കുക ഒരമ്മ എന്ന നിലയിൽ മറ്റൊന്നും ടീച്ചർ ആഗ്രഹിക്കുന്നില്ലെന്നും മകൻ കൂട്ടിച്ചേർക്കുന്നു. പാചക പരീക്ഷണങ്ങൾ ടീച്ചർക്ക് വലിയ സന്തോഷം നൽകിയിരുന്നുവെന്ന് സഹോദര പത്നി ഗീത. ഓവനും മറ്റും ഇല്ലാതിരുന്ന കാലത്ത് കുട്ടികൾക്ക് പെട്ടെന്ന് പലതരം ചോക്ലേറ്റും മറ്റും ഉണ്ടാക്കി നൽകി തന്റെ പാചക പാടവം ടീച്ചർ കാണിച്ചിട്ടുണ്ടെന്നും അവയുടെ സ്വാദ് നിസ്സീമമാണെന്നും അവർ ഓർക്കുന്നു. മിക്കവാറും ലഭ്യമായ ചില വസ്തുക്കൾ വച്ചാവും ഇത്.
ലീലാവതി ടീച്ചറെ ഏറെ ആകർഷിക്കുന്ന മറ്റൊരു മേഖല സ്പോര്ട്സ് ആണ്. കോളേജിൽ പഠിക്കുമ്പോൾ ഏതെങ്കിലും സ്പോർട്സിൽ കുട്ടികൾ പങ്കെടുക്കണം എന്ന മഹാരാജാസിലെ സംസ്കാരം ടീച്ചർ പിന്തുടർന്നു. ക്രിക്കറ്റിലൊഴിച്ച് മറ്റ് പല ഗെയിംസിലും ടീച്ചർക്കുള്ള അഗാധമായ പരിജ്ഞാനം അത്ഭുതാവഹമാണ്. ടെന്നീസാണ് ഏറ്റവും ഇഷ്ടപെട്ടത്. ഇപ്പോഴും ഉറക്കമൊഴിച്ച് അമേരിക്കന് ഓപ്പണും, വിംബിൾഡണും ഫ്രഞ്ച് ഓപ്പണും ടീച്ചർ കാണും. അതിന്റെ ഫൈനൽ മിസ് ചെയ്യുക എന്നത് ടീച്ചർക്ക് ഹൃദയഭേദകമാണ്. ലോകകപ്പ് ഫുട്ബോൾ നടക്കുന്ന കാലത്ത് ഏതു ഗ്രൂപ്പിൽ ആര് മുന്നിലെത്തി എന്ന് അനായാസം പറയുന്ന ടീച്ചറുടെ മുന്നിൽ തലകുനിച്ചു പോയിട്ടുണ്ട്. പുറമെ പോയി കളിക്കുന്ന പതിവില്ലെങ്കിലും വീട്ടിൽ ടേബിൾ ടെന്നീസ് കളിക്കാനുള്ള സൗകര്യം ടീച്ചർ ഏറെ നാൾ നിലനിർത്തിയിരുന്നു.
ഭർത്താവു മാത്രമല്ല, നല്ലൊരു സുഹൃത്തും വഴികാട്ടിയുമായിരുന്ന സി പി മേനോന്റെ അവിചാരിത വിയോഗത്തിനു ശേഷമാണ് വീട്ടിലെ ടേബിൾ ടെന്നീസ് മേശ അപ്രത്യക്ഷമായത്. ഈ പ്രായത്തിൽ സ്പോർട്സിനെ ഇത്ര അഭിനിവേശത്തോടെ സമീപിക്കുന്ന് വ്യക്തികൾ എത്രയുണ്ട് എന്നറിയില്ല.
സാഹിത്യ മണ്ഡലത്തിൽ ടീച്ചർ ഒരു വിസ്മയമാണെന്നതു പോലെ തന്നെ പ്രധാനമാണ് വ്യക്തി ജീവിതത്തിൽ ടീച്ചർ പുലർത്തുന്ന ധർമബോധവും പ്രതിബദ്ധതയും. കഠിന യത്നം ചെയ്യുന്നതിൽ അമ്മയെപ്പോലെ ഒരാളെ ഞാൻ കണ്ടിട്ടില്ലെന്നാണ് മകൻ വിനയൻ പറയുന്നത്. ഒരു സ്ത്രീ എന്ന നിലയിൽ താൻ ഒരിക്കലും ഒരു മേഖലയിലും പിന്തള്ളപ്പെട്ടു പോകരുത് എന്ന വാശിയാണ് ടീച്ചറുടെ പരിശ്രമത്തിന്റെ ബലരേഖ എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ഈ പ്രായത്തിലും ജനപ്രിയ സമകാലിക സാഹിത്യത്തോട് ടീച്ചർ കാണിക്കുന്ന താൽപര്യം ആദരണീയമാണെന്ന് ഡോക്ടർ നാഗേഷ് സൂചിപ്പിക്കുന്നു. ഏറ്റെടുത്താൽ അതു തീരും വരെ പിന്നെ വിശ്രമമില്ല. രാമായണ വിവർത്തനം അതു കാണിച്ചു തന്നതാണ്. ഇതിനിടയിലും ഉറയൊഴിച്ച തൈര് കലക്കി വെണ്ണെയെടുത്ത് നെയ്യാക്കിഉണ്ണിയപ്പം ഉണ്ടാക്കി ആളുകൾക്ക് നൽകാനും ചക്കച്ചുള കൃത്യമായി മുറിച്ച് വറുത്ത് കുടുംബത്തിലും പുറത്തുള്ളവർക്കും എത്തിക്കാനും കാണിക്കുന്ന ശുഷ്കാന്തി അപാരമാണ്.
Read More: ലീലാവതി: അലിവുകളിലെ വര്ണ്ണരാജികള്
തന്റെ പേരക്കുട്ടികളായാലും ഓഖി ദുരന്തത്തിൽ അച്ഛൻ നഷ്ടപ്പെട്ട കുട്ടികളായാലും ടീച്ചർക്ക് ഒരുപോലെയാണ്. “ഞാനീ പ്രപഞ്ചത്തിൽ അമ്മയായെങ്കിലേ മാനതമായ് വരൂ നിൻ ജന്മമോമനേ” എന്ന തത്വം പ്രാവർത്തികമായ തപസ്വിനി. ടീച്ചർക്ക് ആയുരാരോഗ്യം സൗഖ്യവും മനസ്സമാധാനവും നല്കാൻ ടീച്ചർ എന്നും വിളിക്കുന്ന ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ എന്നും മാത്രം ഈ പിറന്നാൾ ദിനത്തിൽ ആശംസിക്കുന്നു.