scorecardresearch

കായലിൽ നിന്നുയർന്ന് വന്ന നഗരം കൊച്ചിയുടെ കഥ പറയുന്ന പുസ്തകം

മുതിർന്ന പത്രപ്രവർത്തകനും ഗ്രന്ഥകർത്താവുമായ എം കെ ദാസ് രചിച്ച "കൊച്ചിൻ: ഫെയിം ആൻഡ് ഫേബിൾസ്" എന്ന പുസ്തകത്തെ കുറിച്ചുള്ള വായനാനുഭവം ഗൗതം ദാസ് എഴുതുന്നു

മുതിർന്ന പത്രപ്രവർത്തകനും ഗ്രന്ഥകർത്താവുമായ എം കെ ദാസ് രചിച്ച "കൊച്ചിൻ: ഫെയിം ആൻഡ് ഫേബിൾസ്" എന്ന പുസ്തകത്തെ കുറിച്ചുള്ള വായനാനുഭവം ഗൗതം ദാസ് എഴുതുന്നു

author-image
Gautam Das
New Update
Cochin Fame and Fable

കേരളത്തെപ്പറ്റി എഴുതിയിട്ടുള്ള ചരിത്രപഠനങ്ങൾ പരിശോധിച്ചാൽ നമ്മുടെ ചരിത്രഭാവനയിൽ ഒരു തരം ചരിവ് വന്നിട്ടുള്ളതായി തോന്നാം. കരയിൽ നിന്നുകൊണ്ട് കരയിലേക്ക് നോക്കിയാണ് നമ്മൾ നമ്മുടെ ചരിത്രം ഏറെയും എഴുതിയിട്ടുള്ളത്. നമ്മുടെ ഏറ്റവും കരുത്തുറ്റ ചരിത്രാന്വേഷണങ്ങൾ കൃഷി, ഭൂസ്വത്ത്, ജന്മി-കുടിയാൻ ബന്ധം മുതലായവയെ മുൻനിർത്തിയുള്ള വിശകലനങ്ങളാണ്. കടൽ എന്നത് നമ്മുടെ ചരിത്രസങ്കല്പങ്ങളുടെ അതിരുകളിലാണ് നിലകൊള്ളുന്നത്. 

Advertisment

കൊച്ചി പട്ടണത്തെ വിഷയമാക്കി നടന്നുകൊണ്ടിരിക്കുന്ന ആലോചനകൾ ഇതുമായൊക്കെ ഉടക്കിനിൽക്കുന്നതാണ്. കടലാണ് അവിടെ ചരിത്രത്തിന്റെ ഭൂമിക. കേരളത്തെ സങ്കല്പിക്കുന്നതിന്റെ മറ്റൊരു സാദ്ധ്യത അവ മുന്നോട്ടുവയ്ക്കുന്നുവെന്ന് പറയാം.

എം കെ ദാസിന്റെ പുസ്തകം ഇത്തരത്തിലുള്ള ഒരു കൊച്ചി ആലോചനയാണ്. സാധാരണ കേൾക്കാറുള്ള ചർച്ചകളിലേക്ക് ചില നവീനതകളും കൊണ്ടുവരുന്നുണ്ട്. ഉദാഹരണത്തിന്, വാസ്കോ ഡാ ഗാമയുടെ രംഗപ്രവേശത്തെ വച്ചുകൊണ്ട് കൊച്ചിചരിതം പറഞ്ഞു തുടങ്ങുന്ന രീതി ഇവിടെ പിൻപറ്റുന്നില്ല. പകരം കൊച്ചി തുറമുഖം കായലിൽനിന്നും ഉയർന്നുവരുന്നതിൽ നിന്നാണ് കഥ ആരംഭിക്കുന്നത്.

ഇരുപതാം നൂറ്റാണ്ടിലെ വലിയ എഞ്ചിനീയറിങ്ങ് സാഹസങ്ങളിലൊന്നാണിത്. നൂറ്റാണ്ടുകളായി മറുനാടുകളിലേക്ക് ചരക്കു കയറ്റി അയച്ചിരുന്നുവെങ്കിലും പരിമിതമായ തുറമുഖ സൗകര്യങ്ങളേ കൊച്ചിയിലുണ്ടായിരുന്നുള്ളൂ. ആണ്ടുടനീളം ഓടുന്നതും കപ്പലുകളുടെ എണ്ണപ്പെരുപ്പം കൈകാര്യം ചെയ്യാനൊത്തതുമായ ഒരു സംവിധാനം വേണമെന്ന തോന്നൽ വളരെ കൊല്ലങ്ങളായി വാതിൽക്കൽ വന്നു മുട്ടുന്നുണ്ടായിരുന്നു.

Advertisment

എന്നാൽ, മദ്രാസ്സിൽനിന്നും തിരുവിതാംകൂറിൽനിന്നും പിന്നെ കൊച്ചിയിലും തന്നെ മൽസരബുദ്ധിയിൽ ഉടലെടുത്ത എതിർപ്പുകൾ നിലനിന്നിരുന്നു. മാത്രമല്ല അവിടത്തെ കടൽ കായൽ കര എന്നിവയുടെ ഇരിപ്പുവശം വലിയ കപ്പലുകളെ അകറ്റിനിറുത്തുന്ന തരത്തിലായിരുന്നു. അങ്ങനെ മനുഷ്യന്റെയും പ്രകൃതിയുടെയും എതിർപ്പുകൾ മറികടന്ന് പടുത്തുയർത്തിയ കൊച്ചി തുറമുഖത്തിന്റെ ചരിത്രം അഭിമാനത്തോടുകൂടിയാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. പോർട്ടിന്റെ എഞ്ചിനീയറായിരുന്ന റോബർട്ട് ബ്രിസ്റ്റോവിനാണ് കഥയിലെ നായകസ്ഥാനം കൊടുത്തിട്ടുള്ളത്. 

തുറമുഖം വളരണമെങ്കിൽ ചരക്ക് എത്താനും പോകാനുമുള്ള സൗകര്യങ്ങളുണ്ടായിരിക്കണമല്ലോ. ഷൊർണ്ണൂർ-എറണാകുളം തീവണ്ടിപ്പാതയാണ് എഴുത്തുകാരന്റെ നോട്ടത്തിൽ നിർണ്ണായകമായി മാറിയത്. മദ്രാസ്സിൽനിന്നും മലബാറിലോട്ട് പാതയുണ്ടായിരുന്നെങ്കിലും അത് തെക്കൻ കേരളത്തിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലായിരുന്നു.

കായലുകളിലും തോടുകളിലും ഊന്നിയായിരുന്നു നമ്മുടെ പോക്കുവരവ്. ചക്രമുള്ള വണ്ടികളോ മൃഗങ്ങളെ വച്ചുള്ള സവാരിയോ പോലും കേരളത്തിൽ കുറവായിരുന്നു. അപ്പോൾ കൊച്ചിയിലേക്ക് തീവണ്ടികൾ എത്തുന്നതും അവിടെ റോഡുകൾ പാകുന്നതുമെല്ലാം വലിയ തോതിലുള്ള മാറ്റങ്ങൾക്കിടവരുത്തിയിരുന്നു. എം ജി റോഡ്, ഷൺമുഖം റോഡ് പോലുള്ള ഇന്നത്തെ എറണാകുളത്തെ പ്രധാനപ്പെട്ട പല വീഥികളുടെയും ചരിത്രവും നമ്മൾ വായിക്കുന്നു. കേരളത്തിലെ ജാതിമുറകൾക്കെതിരെ അടരാടിയ സഹോദരൻ അയ്യപ്പന്റെ സാമാജികൻ, മന്ത്രി എന്നെല്ലാമുള്ള മുഖവും ഇവിടെ പരിചയപ്പെടുത്തുന്നു. (കൊച്ചി സഭാംഗവും പൊതുമരാമത്ത് മന്ത്രിയുമായിരുന്നു അദ്ദേഹം). 

അമ്പലങ്ങളെയും കൊട്ടാരങ്ങളെയും വച്ചുകൊണ്ടുള്ള ‘സ്ഥലമാഹാത്മ്യ’ മട്ടിലുള്ള രചനകൾ ഇന്നും കേരളത്തിൽ ചരിത്രമെന്ന പേരിൽ പടച്ചുവിടുന്നുണ്ട്. കൊച്ചിയിലും ഈ വക സ്ഥാപനങ്ങളുണ്ടെങ്കിലും അവയുടെ വർണ്ണനത്തിൽ കുടുങ്ങിക്കിടക്കുന്നതല്ല ആ പട്ടണത്തിന്റെ കഥ. ‘കൊച്ചിപ്പെരുമ’യെന്ന് തലക്കെട്ടിൽ കിടപ്പുണ്ടെങ്കിലും ദാസ് വരച്ചിടുന്ന കൊച്ചിയുടെ ചിത്രത്തിൽ റോഡും തോടും കടലും കപ്പലും പാലവും പാളവുമൊക്കെയാണ് എടുത്തുനിൽക്കുന്നത്.പുസ്തകത്തിന്റെ ഏറ്റവും കാമ്പുള്ള ഭാഗമിതാണെന്ന് പറയാം .

Cochin Fame and Fable

കൊച്ചി പട്ടണം പിറവിയെടുത്തത് അതിന്റെ പടിഞ്ഞാറൻ വശത്തെ തുരുത്തുകളായ ഫോർട്ട് കൊച്ചി-മട്ടാഞ്ചേരിയിലാണല്ലോ. ഇവിടത്തെ ബഹുസംസ്കൃതിയെ ആധാരമാക്കി അനേകം ചർച്ചകൾ നടന്നിട്ടുണ്ട്. കൊങ്കണികൾ, ഗുജറാത്തികൾ, ജൂതർ, മഹാരാഷ്ട്രക്കാർ, തമിഴർ എന്നിങ്ങനെ പല കൂട്ടക്കാരും പല കാലങ്ങളിലായി അവിടെ പാർപ്പുറപ്പിച്ചിട്ടുണ്ട്. ഇവയിലോരോ കൂട്ടക്കാർക്കും അവരുടേതായ കൊച്ചി ചരിത്രം പറയാനുമുണ്ട്. പോയകാലത്തിന്റെ നാൾവഴികൾ പോലെ തന്നെ അവിടത്തെ ചരിത്രപ്രധാനങ്ങളായ ഇടങ്ങളെയും കെട്ടിടങ്ങളെയും ഈ പുസ്തകത്തിൽ അടയാളപ്പെടുത്തുന്നുണ്ട്. കൽവത്തി, ആദ്യകാല പള്ളിക്കൂടങ്ങൾ, വെളി മൈതാനം,, കാപ്പിരിത്തറകൾ, ചെമ്പിട്ട പള്ളി എന്നിവയെപ്പറ്റിയുള്ള ചരിത്രവിവരങ്ങൾ ഇവിടെ വായിക്കാം.

ഫോർട്ട് കൊച്ചിയെയും മട്ടാഞ്ചേരിയെയും കുറിച്ച് പറയുമ്പോൾ ഡച്ചുകാരെ ബ്രിട്ടീഷ് കമ്പനിക്കാർ തുരത്തുന്നതോടുകൂടി കഥ നിറുത്തുന്ന പതിവുണ്ട്. പിന്നീടുള്ള ബ്രിട്ടീഷ് കാലഘട്ടവും തുടർന്നും ഇന്ത്യയ്ക്ക് പൊതുവായി ഉള്ളതല്ലേ, കൊച്ചിയുടെ ചരിത്രമായി പറയേണ്ട കാര്യമില്ലല്ലോ എന്നാണ് ന്യായമെന്ന് തോന്നുന്നു. എന്നാൽ ഈ പുസ്തകത്തിന് കൊച്ചിയോടുള്ള  താൽപര്യം അങ്ങനെയല്ല.  

പുറന്നാടുകളിലേക്കുള്ള കയറ്റുമതിയുടെ ഒരു കേന്ദ്രമെന്നതിനപ്പുറത്തേക്ക് കൊച്ചിയിൽത്തന്നെ വ്യവസായങ്ങളുണ്ടായി വരുന്നത് മെല്ലെയാണ്. കപ്പൽ നിർമ്മാണമായിരുന്നു ആദ്യത്തെ വലിയ വ്യവസായങ്ങളിലൊന്ന്. ആഞ്ഞിലി, തേക്ക് പോലുള്ള മരങ്ങൾ ഉൾനാടൻ കാടുകളിൽനിന്നും ലഭ്യമായിരുന്നുവെന്ന് മാത്രമല്ല അവകൊണ്ട് ഒന്നാംതരം കപ്പലുകൾ നിർമ്മിക്കാനുള്ള വൈദഗ്ദ്ധ്യമുള്ളവരും കൊച്ചിയിലുണ്ടായിരുന്നു.

കുരുമുളകും ഏലവും മറ്റും കയറ്റിവിടുന്നതിനപ്പുറം അവ കൊണ്ട് പലയിന ഉല്പന്നങ്ങളുണ്ടാക്കാനുള്ള ഫാക്ടറികൾ അവിടെ പൊങ്ങിവന്നു. വലിയ തോതിലുള്ള മീൻപിടുത്തവും അതുമായി ചേർന്നുള്ള പ്രോസസ്സിങ് ഇടങ്ങളും അവിടെയുണ്ടായി. ഇപ്പറഞ്ഞതിൽ എല്ലാമൊന്നും ഇന്ന് നിലനിൽക്കുന്നില്ല. ഇങ്ങനെ വ്യാവസായിക കൊച്ചിയുടെ ഉയർച്ചകളും തളർച്ചകളും സമ്പദ്കാര്യങ്ങൾ കൈകാര്യം ചെയ്തു തഴക്കമുള്ള പത്രാധിപരുടെ കണ്ണുകളിലൂടെ നമ്മൾ കാണുന്നു.

കൊച്ചിയുടെ ഭരണാധികാരികൾക്കായി ഗ്രന്ഥത്തിന്റെ വലിയൊരു പങ്ക് മാറ്റിവച്ചിട്ടുണ്ട്. രാജാക്കന്മാരിൽ ശക്തൻ തമ്പുരാൻ, 19-ാം നൂറ്റാണ്ടിന്റെ ഒടുക്കത്തെ പട്ടം കെട്ടിയ രാമവർമ്മ എന്നിവരെക്കുറിച്ചാണ് കൂടുതലും പറയുന്നത്. കുറച്ചു കാലത്തേക്ക് ശക്തൻ തമ്പുരാൻ തൃശ്ശൂരിനെ രാജ്യത്തിന്റെ ആസ്ഥാനമാക്കിയിരുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനി, തിരുവിതാംകൂർ, മൈസൂർ എന്നിവരെയൊക്കെ കൈകാര്യം ചെയ്യുന്നതിൽ സാമർത്ഥ്യം കാട്ടിയിരുന്നുവെന്ന് പറയുന്നു. ‘രാജർഷി’യെന്ന് വാഴ്ത്തുപേര് കിട്ടിയ രാമവർമ്മ ഭരണമുറകളിൽ കൊണ്ടുവന്ന ആധുനികവൽക്കരണത്തെപ്പറ്റിയും ഒടുവിൽ അദ്ദേഹം സ്ഥാനം ഒഴിയുന്നതിനെപ്പറ്റിയും പുസ്തകത്തിൽ വായിക്കാം.

ദിവാന്മാരുടെ കാര്യത്തിലും പ്രധാനമായും രണ്ടു പേരെപറ്റിയാണ് പറയുന്നത്. 19-ാം നൂറ്റാണ്ടിന്റെ മദ്ധ്യകാലത്ത് ദിവാനായിരുന്ന ശങ്കര വാരിയരും പിന്നെ ജനായത്ത രാഷ്ട്രം പിറക്കുന്നതിന്റെ മുൻപിലത്തെ കാലത്തുണ്ടായിരുന്ന ഷൺമുഖം ചെട്ടിയുമാണ് കഥാപാത്രങ്ങൾ. തിരുവിതാംകൂറിലെയും കൊച്ചിയിലെയും ദിവാന്മാർക്കിടയിലുള്ള മൽസരത്തെപ്പറ്റി രസകരമായ കഥകൾ ഇവിടെ കുറിച്ചിട്ടിട്ടുണ്ട്. സർ സി പിക്ക് ഒരു കാഡിലാക് വണ്ടി കിട്ടിയിരിക്കുന്നതറിഞ്ഞ് കൊച്ചിയിലെ ദിവാനും തനിക്കായി ഒരെണ്ണം ഒപ്പിച്ചെടുത്തുവത്രെ.

കൊച്ചിയെപ്പറ്റി എഴുതപ്പെട്ടിട്ടുള്ള പലതിന്റെയും ഒരു സംഗ്രഹമെന്ന മാതിരിയും ദാസിന്റെ പുസ്തകത്തെ വായിക്കാവുന്നതാണ്. അങ്ങിങ്ങായി കിടക്കുന്ന വിവരങ്ങളും അറിവുകളും അടുക്കിയും ഒതുക്കിയും വച്ച് ദാസ് വായനക്കാർക്കായി കൊച്ചിയുടെ കഥ അവതരിപ്പിക്കുന്നു. എന്നിരുന്നാലും അല്പം പൊക്കത്തിൽ നിന്നുകൊണ്ടാണ് ഈ പുസ്തകത്തിൽ കൊച്ചിയെ നോക്കിക്കണ്ടിരിക്കുന്നതെന്ന് തോന്നുന്നു.

രാജാവിനും മന്ത്രിക്കും വേണ്ടി മാറ്റിവച്ചിരിക്കുന്ന പുറങ്ങളിൽ മാത്രമല്ലിത് അനുഭവപ്പെടുന്നത്. അവിടെ ജീവിച്ചിരുന്നവരുടെയും പണിയെടുത്തിരുന്നവരുടെയുമൊക്കെയുള്ള കൊച്ചിയെക്കുറിച്ച് വലുതായി അറിയാൻ കിട്ടുന്നില്ല. തുടക്കത്തിൽത്തന്നെ സ്രോതസ്സുകളുടെ പോരായ്മകളെപ്പറ്റി സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ സ്രോതസ്സുകളെന്നു കരുതി കാലൂന്നിയിട്ടുള്ള ചിലതിന്റെയൊക്കെ കെട്ടുറപ്പിനെപ്പറ്റി സന്ദേഹിക്കേണ്ടതുണ്ട്. “എന്നാണ് പലരും വിശ്വസിക്കുന്നത്,” “ഏറെ പ്രചാരമുള്ള ഒരു കഥ” എന്നൊക്കെ അപായസൂചനകൾ നാട്ടിയിട്ടുണ്ടെങ്കിലും ചിലയിടങ്ങളിൽ എഴുത്തുകാരൻ തന്നെ അവയെ വകവയ്ക്കാതെ മുന്നോട്ടുപോകുന്നുണ്ട്. 

പട്ടണത്തിന്റെ പടിഞ്ഞാറ്റു പകുതിയും ഉള്ളിലോട്ടു കിടക്കുന്ന തൃപ്പൂണിത്തുറയുടെ അല്പവുമാണ് കഥയിലുള്ളത്. ഇതിന്റെ ഇടയിൽ കിടക്കുന്ന കൊച്ചിയുടെ കഥകൾ ഇനിയും പറയാൻ കിടക്കുന്നു. അതുകൊണ്ട് തന്നെ നിയോഗി ബുക്സ് പ്രസിദ്ധീകരിച്ച 'കൊച്ചിൻ: ഫെയിം ആൻഡ് ഫേബിൾസി'ന് ഒരു സീക്വലാകാമെന്ന് തോന്നുന്നു.

Memories Features Kochi Books

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: