അനിവാര്യമായ ഏകാന്തതകളെ സമാധാനപരമായി സ്വീകരിക്കാൻ കഴിയുകയായിരുന്നു പിന്നീട് ചെയ്യാനുണ്ടായിരുന്നത്. ഹാപ്പനിങ്സ് അധികമില്ലാത്ത ജീവിതത്തിലേയ്ക്ക് സ്വയം പതുക്കെ ട്യൂൺ  ചെയ്തുകൊണ്ട് വന്നതാണ്. എങ്കിലേ സിനിമ മനസ്സിലാകൂ എന്ന് തോന്നി. എന്തിന്, എങ്കിലേ അവളവളെത്തന്നെ മനസ്സിലാകൂ എന്ന് തോന്നി. അതായിരുന്നു ജീവിതത്തിലെ ശരിക്കുമുള്ള വഴിത്തിരിവ്. ആൾക്കൂട്ടത്തിൽ അവളവളെ നഷ്ടപ്പെടുത്തിയിട്ട് പുറത്തേയ്ക്കു നോക്കി സ്ഥിരതയുള്ള സന്തോഷം അന്വേഷിക്കുന്നതിൽ എന്ത് കാര്യമാണുള്ളത്?

 

“I don’t know why the good nature of horses and the beauty of pigeons have won repute,
why no vulture is kept as a pet
Clover yields nothing to the poppy’s scarlet
We need to rinse our eyes and view
everything in a different light
We need to cleanse our words to be both wind and rain”

– Sohrab Sepheri

എസ്സൻഷ്യൽ ക്രിസ്ത്യാനിറ്റിയെ തള്ളിപ്പറയാതിരിക്കുമ്പോഴും, ജീവിച്ചിരിക്കുന്ന കാലഘട്ടത്തിൽ അതിനെ എവിടെ പ്രതിഷ്ഠിക്കണമെന്ന് ലൂയി ബുനുവൽ സംശയിച്ചിരുന്നതായി തോന്നും ‘നസറിൻ’ കണ്ടാൽ. സ്ഥാപനവൽക്കരിക്കപ്പെട്ട മതത്തെ വിമർശനാത്മകമായി നോക്കിക്കാണുകയും, ചർച്ചിന്റെയും ഭരണകൂടത്തിന്റെയും അധികാര-ബലപ്രയോഗങ്ങളെയും ഇടപെടലുകളെയും തിരിച്ചറിയുകയും ചെയ്യുന്നുണ്ട് ബുനുവൽ. പാതിരിയായ നസ്സാരിയോയോട്, ഒരു ഇരയോട് കാണിക്കേണ്ടുന്ന സത്യസന്ധതയിൽ കവിഞ്ഞുള്ള ഒരു തന്മയീഭാവവും പുലർത്തുന്നുമില്ല. അത് ഒരു കഥാപാത്രങ്ങളോടുമില്ല. എങ്കിലും ബുനുവലിന്റെ പെണ്ണുങ്ങളെ കണ്ടിരിക്കാം. അവർക്ക് വൈവിധ്യങ്ങളുണ്ട്; കള്ളികൾ, കച്ചവടക്കാർ, വേശ്യകൾ, കൊലപാതകി.. സിനിമ തീരുന്പോൾ, ചങ്ങലയിൽ ബന്ധിക്കപ്പെട്ട് ജയിലിലേക്ക് നയിക്കപ്പെടുന്ന പാതിരിക്ക്, കൈതച്ചക്ക വെച്ച് നീട്ടുന്ന കർഷകത്തൊഴിലാളി, പിന്നെ നായികാ തുല്യ എന്നൊക്കെ പറയാവുന്ന ബിയാട്രീസ്. 1959 ലെ ഈ ബ്ളാക്ക് ആൻഡ് വൈറ്റ് മെക്സിക്കൻ ചിത്രം സ്പാനിഷ് ഭാഷയിലാണ്. 94 മിനുട്ട് ആണ് ദൈർഘ്യം.

അബ്യുസീവ് ആയ ഒരു പ്രണയബന്ധത്തിൽ കുടുങ്ങിക്കിടക്കുന്ന, ഹിസ്റ്റീരിക്കായ, ആത്മഹത്യാ പ്രവണതകളുള്ള ബിയാട്രീസ് ഒരർത്ഥത്തിൽ ഉത്തമസ്ത്രീ മാതൃകയാണ്. പുറംകാലു കൊണ്ട് ചവിട്ടിയിട്ട് പോയാലും, കാമുകനു വേണ്ടി കാത്തിരിക്കുന്ന ആത്മാർത്ഥതയുള്ള സ്ത്രീ. നന്മയുള്ളവൾ. പാതിരിയുമായുള്ള ആത്മീയ(?)ബന്ധത്തിലൂടെ പാപമോചനം തേടുന്നവൾ. ഒടുക്കം കാമുകനൊപ്പം തന്നെ പോകുന്നവൾ. പക്ഷേ, കാണേണ്ടത് അന്താരയെയാണ്. കള്ളി, വേശ്യ, കറപിടിച്ച പിടിച്ച പല്ലുകളും, വൃത്തികെട്ട ചിരിയുമുള്ള, വെറുക്കപ്പെടേണ്ടവൾ. അവൾ അയാളോടൊപ്പം നടക്കുന്നു; തന്റെ എക്സിസ്റ്റൻസിൽ വലിയ കുറ്റബോധമൊന്നുമില്ലാതെ തന്നെ. അവൾ വൃത്തികെട്ടൊരു കുള്ളനെ പ്രേമിക്കുന്നു. അവനെ പുറം കാലുകൊണ്ട് തൊഴിച്ചെറിയുകയും ഓമനിക്കുകയും ചെയ്യുന്നു. അവൾക്ക് തന്നെക്കാൾ കൂടുതലായി അവനെ സ്നേഹിക്കുക വയ്യെന്ന് തോന്നുന്നു. അല്ലെങ്കിൽത്തന്നെ അതിന്റെ ആവശ്യമെന്താണ്?

ബിയാട്രീസിന്റെ കുലീനമായ ദുഃഖം കാണുന്നവർക്ക് അന്താരയുടെ വൃത്തികെട്ട ചിരി ഇഷ്ടപ്പെടുക സാധ്യമല്ല. അതാകും, കൂടെ കൂട്ടുന്പോഴും പാതിരിയായ നസ്സാരിയോയ്ക്ക് ബിയാട്രീസിനോളം കരുതൽ അന്താരയോട് ഉണ്ടോ എന്ന് സംശയിച്ച് പോകുന്നത്. അമ്മയിൽ നിന്ന്, തന്റെ പാതിരിയോടുള്ള സ്നേഹം പ്രണയമാണെന്ന് കേട്ട് ചുഴലി വരുന്ന ബിയാട്രീസിനേക്കാൾ സ്നേഹം തോന്നിയിട്ടുണ്ട്, തന്നോടുള്ള സ്നേഹം ചോദിച്ചുറപ്പിക്കാൻ ശ്രമിക്കുന്ന അന്താരയോട്. അന്താരയ്ക്ക് ദുഃഖിക്കാൻ സമയമില്ല. വൃത്തികെട്ടവളെങ്കിലും അവൾ ജീവിച്ചിരിക്കുന്ന നിമിഷങ്ങളിൽ സന്തുഷ്ടയാണ്. പാതിരിക്കോ ബിയാട്രീസിനോ അത് സാധ്യമല്ല. അവർ പാപത്തെക്കുറിച്ചും ലോകത്തെക്കുറിച്ചുമൊക്കെ വ്യാകുലപ്പെടുന്നുണ്ട്.
നഗരത്തിലെ വൃത്തികെട്ട തെരുവിലാണ് പാതിരിയായ നസ്സാരിയോ വാടകയ്ക്ക് താമസിക്കുന്നത്. അന്താരായും ബിയാട്രീസുമൊക്കെ പാതിരിയുടെ അയൽക്കാരാണ്. ആവശ്യക്കാർക്ക് വേണ്ടി, തന്റെ മുറിയുടെ വാതിലും നിസ്സഹായാർക്കും പരിതപിക്കുന്നവർക്കും വേണ്ടി സ്വന്തം ഹൃദയവും സദാ തുറന്നു വയ്ക്കുന്ന കാത്തോലിക്കനാണ് നസ്സാരിയോ. അതുകൊണ്ടു തന്നെ നസ്സാരിയോയുടെ ജീവിതത്തിലെ പ്രതിസന്ധികളെ ഒരു വിശാസിക്കുമേലുള്ള ദൈവപരീക്ഷണങ്ങളായി കണ്ടു തൽക്കാലം നമുക്ക് സമാധാനിക്കാം. ഇനിയങ്ങോട്ട്, അനുഭവിക്കേണ്ടത് പാതിരിയും, അവതരിപ്പിക്കേണ്ടത് ബുനുവലും (ഒരു നിഷ്പക്ഷ കാഴ്ചക്കാരന്റെ കണിശമായ നിർവികാരതയോടെ), മുൻവിധികളില്ലാതെ കണ്ടിരിക്കേണ്ടത് നമ്മളുമാണ്. എന്നിട്ട് എന്താണ് ‘ശരി'(?) എന്ന്, എവിടെ നിൽക്കണമെന്ന് നമുക്ക് തീരുമാനിക്കാം. അതാണ് സിനിമ തരുന്ന സ്വാതന്ത്ര്യം!
കൊലപാതകം ചെയ്യുന്ന, ലൈംഗികത്തൊഴിലാളിയായ അന്താരയ്ക്ക് അഭയം നല്കുന്നതോടെയാണ് നസ്സാരിയോയുടെ ജീവിതത്തിലെ ശരിക്കുള്ള പരീക്ഷണങ്ങൾ തുടങ്ങുന്നത്.

anthara , nazarin , films, shini j.k

പാതിരിയുടെ മുറിയിൽ അവൾ ഒളിച്ചുപാർത്തതിന്റെ തെളിവുകൾ നശിപ്പിക്കപ്പെടുന്നുണ്ട്. അന്താര തന്നെയാണ് എല്ലാം തീയിട്ടു നശിപ്പിക്കുന്നത്. എങ്കിലും നസ്സാരിയോ കത്തോലിക്കാ സഭയാലും ഭരണകൂടത്താലും വേട്ടയാടപ്പെടുമെന്നുറപ്പാണ്. മഗ്ദലനത്തിലെ മറിയത്തോളം പോലും ‘വിശുദ്ധി’യില്ലാത്തവളാണ് അന്താര. കർത്താവിനെയും ജൊവാനെയും പാതിരി ഓർത്തിട്ടുണ്ടാകുമോ എന്നറിയില്ല. എന്തായാലും ബിയാട്രീസിന്റെ അഭ്യർത്ഥനപ്രകാരമാണ് അയാൾ ഒളിവിൽ പോകുന്നത്. പാതിരിക്കുപ്പായമൂരി, വേഷപ്രച്ഛന്നനായി നസ്സാരിയോ യാത്ര തുടങ്ങുന്നു. വഴിയിൽ അയാൾ പല തരക്കാരെ കാണുന്നു. റോഡ് നിർമ്മാണ തൊഴിലാളികളുടെ കൂടെ ജോലിക്ക് ചേരുന്ന നസ്സാരിയോ, അവർക്കുള്ള അനിഷ്ടം മനസ്സിലാക്കി ജോലി ഉപേക്ഷിച്ച് പോകുന്നു. അദ്ധ്വാനിക്കുന്ന പുതിയ ഒരു തൊഴിലാളിയുടെ സാന്നിധ്യം അവർക്ക് അപകടകരമായി തോന്നിയിരിക്കാം. മറുവശത്ത് അമിതമായി അദ്ധ്വാനിക്കുന്ന ഏതൊരു തൊഴിലാളിയും സഹപ്രവർത്തകർക്ക് അപകടം തന്നെയാണ്. അത്തരക്കാർ ഒറ്റുകാരുടെ ഫലം ചെയ്യും. ഇവിടെ തൊഴിലാളികളിൽ നിന്നും തൊഴിലുടമയിൽ നിന്നും കിട്ടുന്നത് നല്ല സൂചനകളല്ല. കുറഞ്ഞ നേരം കൊണ്ട് ആരെയും വിധിക്കുകയോ, അവസ്ഥ ഗ്രഹിക്കുകയോ സാധ്യമല്ല. അതിൽ, അധികാരം, ക്ലാസ്സ്, ചൂഷണ സാധ്യതകൾ എന്നിങ്ങനെ അത്രയൊന്നും ലളിതമല്ലാത്ത ഒട്ടനവധി കാര്യങ്ങളുണ്ട്. നസ്സാരിയോ അവിടെ നിന്നും പോയ ശേഷം തൊഴിലാളികളും കരാറുകാരനും തമ്മിൽ തർക്കം നടക്കുന്നു. അവർ പരസ്പരം ആക്രമിക്കുന്നു. പിന്നീട് നസ്സാരിയോ കേൾക്കുന്നത് ദൂരെ നിന്നും തുടരെത്തുടരെ ഉള്ള വെടിയൊച്ചകളാണ്.

മറ്റൊരു ഗ്രാമത്തിലെത്തുന്ന നസ്സാരിയോയെ ബിയാട്രീസ് തിരിച്ചറിയുന്നു. അന്താരായും അവിടെ തന്നെയാണിപ്പോൾ. സുഖമില്ലാത്ത ഒരു കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കാൻ അവർ അയാളെ നിർബന്ധിക്കുന്നു. “പ്രാർത്ഥനയല്ല, മരുന്നാണ് വേണ്ടത്” എന്നയാൾ പറയുന്നുണ്ട്. അവർക്ക് പക്ഷേ അതൊന്നും കേൾക്കണ്ട; അത്രയ്ക്ക് വിശ്വാസമുണ്ടവർക്ക് പാതിരിയിൽ. അന്ധവിശ്വാസങ്ങളെക്കുറിച്ചും അനാചാരങ്ങളെക്കുറിച്ചും ദുഃഖിതനാണെങ്കിലും അയാൾ പ്രാർത്ഥിക്കുന്നു. അതയാളുടെ ധർമ്മവും കർമ്മവുമാണല്ലോ! എന്തായാലും അടുത്ത ദിവസം കുഞ്ഞിന്റെ പനി കുറയുന്നു. പാതിരിയുടെ അത്ഭുതമായാണ് അത് വാഴ്ത്തപ്പെടുന്നത്. അയാൾക്ക് അവിടെയും ഇനിയധികനേരം നിൽക്കുക വയ്യ. യാത്ര പുറപ്പെട്ടപ്പോൾ അന്താരയും ബിയാട്രീസും പിന്നാലെ കൂടിയിട്ടുണ്ട്. അവർ അയാളെ വിടുന്ന മട്ടില്ല; കൂടെ യാത്ര ചെയ്യാൻ അനുവദിക്കണം, അതാണ് ആവശ്യം! അയാൾ പരമാവധി നിരുത്സാഹപ്പെടുത്തുന്നു. വഴിയിൽ, അയാൾ ഒരു പാതിരിയേയും പട്ടാളക്കാരനെയും ഭാര്യയെയും കണ്ടുമുട്ടുന്നു. അവരുടെ കുതിരയുടെ കാലൊടിഞ്ഞിരിക്കുകയാണ്. കുതിരിക്കാരന്റെ ഒപ്പം സഹായത്തിനു നസ്സാരിയോയും കൂടുന്നു. അതേ സമയം, വഴിയിലൂടെ തന്റെ കഴുതയുടെ കൂടെ പോകുകയായിരുന്ന ഒരു സാധാരണക്കാരനെ ഓഫീസർ തടഞ്ഞു നിർത്തുന്നു. സമൂഹത്തിൽ ഉയർന്ന സ്ഥാനമുള്ള തന്നെ അയാൾ വേണ്ട വിധം ബഹുമാനിച്ചില്ലെന്നതാണ് പ്രശ്നം. അയാളോട് വീണ്ടും തിരിച്ചു നടന്ന് വേണ്ട വിധം ബഹുമാനിച്ച് കൊണ്ട് കടന്നു വരാൻ ഓഫീസർ പറയുന്നു. അയാൾ ഒരല്പം പുറകിലേക്ക് നടന്ന്, തൊപ്പിയുയർത്തി ബഹുമാനം രേഖപ്പെടുത്തിക്കൊണ്ട് കടന്നു പോകുന്നു. നിസ്സാരമെന്നു തോന്നിയേക്കാവുന്ന ഈ പ്രവൃത്തി, നസ്സാരിയോയെ ചൊടിപ്പിക്കുന്നു. ക്രുദ്ധനായ അയാൾ ഓഫീസറെ ചോദ്യം ചെയ്യുന്നു. തോക്കു കയ്യിലെടുക്കുന്ന ഓഫീസറെ അയാൾക്കൊപ്പമുള്ള പാതിരി തടയുന്നു. അവിടെ നസ്സാരിയോയെ രക്ഷിക്കുന്നത്, “ഭ്രാന്തൻ ജല്പനങ്ങൾക്കുള്ള” ഔദാര്യമാണ്. അയാളോ, അയാളുടെ വാക്കുകളോ പരിഗണനാർഹം പോലുമല്ല. വിശ്വാസം, ജീവിതം, അതിന്റെ വൈചിത്ര്യങ്ങൾ, ഒക്കെ കാണുന്പോഴും ബുനുവൽ, ക്ളാസ് എന്ന വിഷയത്തെ ആവുംവിധം അഭിമുഖീകരിക്കാൻ ശ്രമിക്കുന്നുണ്ട് എന്ന് വായിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. പട്ടിണിയും ദാരിദ്ര്യവും രോഗവും ദുരിതവും വഴിയിൽ അങ്ങോളമിങ്ങോളമുണ്ട്. അധികാരസ്ഥാപനങ്ങളുടെ ഭാഗമായിട്ടുള്ളവർ പ്രിവിലേജ് അനുഭവിക്കുകയും, പാവപ്പെട്ടവർക്കും നിസ്സഹായാർക്കും മേൽ ബലപ്രയോഗം നടത്തുകയും ചെയ്യുന്നു. ഇങ്ങനെയുള്ള ഒരിടത്ത്, നിങ്ങൾ നിങ്ങളുടെ വിശ്വാസത്തെ എങ്ങനെ, എവിടെയാണ് പ്രതിഷ്ഠിക്കുക എന്നതാവണം പാതിരിയോടും തന്നോട് തന്നെയുമുള്ള ബുനുവലിന്റെ ചോദ്യം.

anthara , nazarin , films, shini j.k

പ്ളേഗ് ബാധിച്ച ഒരു ഗ്രാമത്തിലെത്തുന്ന നസ്സാരിയോയെയും പെണ്ണുങ്ങളെയും സ്വീകരിക്കുന്നത് ഒരു ശവശരീരമാണ്. അവർ മരണാനന്തര കൃത്യങ്ങൾ ചെയ്യുന്നു. ഇനിയാണ് നമ്മൾ ബുനുവലിനെ അടുത്ത് കാണുന്നത്. പ്ളേഗ് പിടിച്ച് മരണക്കിടക്കയിൽ കിടക്കുന്ന ഒരു രോഗിക്ക് വേണ്ടി പ്രാർത്ഥിക്കാൻ ചെല്ലുന്ന പാതിരിയോട് ആ സ്ത്രീ പറയുന്നു; “എനിക്ക് സ്വർഗം വേണ്ട, ജുവാൻ (പ്രണയി) മതി.” അവന്റെ ചുംബനമാണ് അവളുടെ ആത്മാവിനുള്ള മരുന്നും, പ്രാർത്ഥനയും! ബുനുവലിന്റെ ആത്മാവിലേക്കൊരു എത്തിനോട്ടത്തിനുള്ള വാതിലായിരുന്നു എനിക്കീ രംഗം. ഇനിയങ്ങോട്ട് അന്താരയുടെ പ്രണയകാലമാണ്. വിചിത്രമായി തോന്നിയേക്കാവുന്ന, രസമുള്ള ഒരു പ്രണയം! അതേ സമയം, ബിയാട്രീസിന്റെ കാമുകനായ പിന്റോ തിരിച്ചു വരുന്നു. അയാളവളെ വീണ്ടും സ്വന്തം ജീവിതത്തിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നു. നസ്സാരിയോയെയും അന്താരയെയും അന്വേഷിച്ചു പോലീസ് എത്തുന്നു. അവിടെ നസാരിയോയ്ക്ക് തടയായി ആദ്യം മുന്നിൽ കയറി നിൽക്കുന്നത് അന്തരായാണ്, ഒരു കുറുവടിയുമായി; മറിയത്തേക്കാൾ വിശ്വസ്തയാണവൾ!
ജയിലിലേക്കുള്ള വഴിയിൽ ബിയാട്രീസും അവരെ അനുഗമിക്കുന്നുണ്ട്. എങ്കിലും അവൾക്ക് ജയിലിൽ പോകുക വയ്യല്ലോ. പക്ഷേ, നസ്സാരിയോയ്ക്കു പകരം അയാളുടെ ഭാരങ്ങൾ ചുമക്കാൻ ഒരവസരം ലഭിച്ചാൽ അത് സസന്തോഷം സ്വീകരിക്കുന്നവളാണവൾ. അത്രമേൽ വിധേയത്വമുണ്ട് അവൾക്ക് സ്നേഹത്തിലും വിശ്വാസത്തിലും, എല്ലാത്തിലും; വീർപ്പുമുട്ടിക്കുന്ന സ്നേഹം, വിശ്വാസം! കുറ്റവാളികൾ ജയിലിലേക്ക് നയിക്കപ്പെടുന്നതോടെ ബിയാട്രീസ് അമ്മയെ കാണുന്നു. പാതിരിയോടുള്ള അവളുടെ സ്നേഹം, ഒരു ‘ആണി’നോടുള്ള സ്നേഹമാണെന്ന് അവളോട് പറയുന്നത് അമ്മയാണ്. അത് അംഗീകരിക്കാനാവാത്ത അവളുടെ ധാർമ്മിക പ്രതിസന്ധി തന്നെയാണ് അവളെ അവസാനം പിന്റോയോടൊപ്പം പോകാൻ നിർബന്ധിതയാക്കുന്നത്.

ജയിലിൽ എത്തുന്ന നൊസ്സാരിയോ അതിക്രൂരമായി മർദ്ദിക്കപ്പെടുന്നുണ്ട്. അയാൾ അവിടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുകയാണ്. വിശ്വാസം പരീക്ഷിക്കപ്പെടുന്ന പാതിരി, തന്നെ ദ്രോഹിക്കുന്നവരോട് പൊറുക്കണോ അവരെ അവഗണിക്കണോ എന്ന് ആശങ്കപ്പെടുന്നു. അവഗണനയും, ക്ഷമ അഥവാ സഹനവും തമ്മിലുള്ള വ്യത്യാസം മറക്കുന്നതിൽപരം എന്ത് പ്രതിസന്ധിയാണ് കാത്തോലിക്കനായ ഒരു പാതിരിക്ക് ഉണ്ടാവാനുള്ളത്? ജയിലിൽ വെച്ച് ഒരു കള്ളൻ പാതിരിയോട് പറയുന്നു; “ഞാൻ മോശം സ്ഥലത്തു നിന്നുമാണ്, നിങ്ങൾ നല്ല സ്ഥലത്തു നിന്നും; രണ്ടും ഒന്ന് തന്നെ.” അതാണ് നസറിന്റെ ആണിക്കല്ല്!

നസ്സാരിയോ(നസറിൻ) എല്ലായ്പ്പോഴും ‘നന്മ’യിൽ ജീവിച്ചു. തന്റെ വാതിലുകൾ ആവശ്യക്കാർക്കായി തുറന്നിട്ടു. ദാനം കിട്ടിയ സംഭാവനകൾ മറ്റുള്ളവർക്ക് നൽകുകയും ആഹാരം പങ്കുവയ്ക്കുകയും ചെയ്തു. തെറ്റ് ചെയ്തവരോട് പൊറുക്കുകയും അവർക്ക് അഭയം നൽകുകയും അന്യർക്ക് വേണ്ടി പ്രാർത്ഥിക്കുകയും പീഢകളേറ്റു വാങ്ങുകയും ചെയ്തു. കല്ലേറുകൾ അയാൾ പരീക്ഷണങ്ങളായി കണ്ടു. സഭയിൽ/അധികാരത്തിലല്ല, മാംസമായ വചനത്തിൽ വിശ്വസിച്ചു. എന്നിട്ടും ഒടുക്കം അയാൾ ശിക്ഷയേറ്റു വാങ്ങുന്നത് എത്ര ദുഃഖത്തോടെയാണ്. എന്തൊരു നിരാശാജനകമാണ്, എങ്കിൽ അയാളുടെ വിശ്വാസം? അതിലും വ്യക്തതയും ഉറപ്പുമുള്ളതാണല്ലോ എങ്കിലെന്റെ അന്താരയുടെ ജീവിതം!

‘നസറിൻ’ കാണുന്ന കാലത്ത് ഞാൻ ഏതാണ്ട് ഒറ്റയ്ക്കാണ്. അത് ജീവിതത്തിലെ ഒരു തെരെഞ്ഞെടുപ്പായിരുന്നു. കുറച്ച് കാലം ഒറ്റയ്ക്ക് നടക്കാൻ. വൈകുന്നേരം ക്ലാസ് കഴിഞ്ഞാൽ മെയിൻ തിയേറ്ററിലേക്ക്, അവിടെനിന്ന് കടും കാപ്പി തരുന്ന സുനിൽ പാട്ടീലിന്റെ വഴിയോരത്തെ കാപ്പിക്കടയിലേക്ക്, തിരിച്ച് വിദ്യാർത്ഥിയൂണിയൻ കടലാസുകളിലേക്ക്, വെച്ചു വിളമ്പേണ്ടുന്ന ആൾക്കൂട്ടം മുറി വിട്ടൊഴിഞ്ഞ, സ്വന്തമായി മുറിപോലുമില്ലാത്ത സമയമായിരുന്നു അത്.

anthara , nazarin , films, shini j.k

Read More: ഭൂപടങ്ങളിൽ സ്ഥാനമില്ലാത്തവർ, വൻകരകൾ കണ്ടെത്തുന്നവർ

നസാരിയോയുടേത് പോലെ, ആർക്കും എപ്പോൾ വേണമെങ്കിലും കയറിവരാവുന്ന, ഏതു നേരത്തു വന്നാലും ഒരു കപ്പു ചായയോ, അത്യാവശ്യത്തിനു ഭക്ഷണമോ,  ഏതൊരാൾക്കും കൊടുക്കാനുണ്ടാവുമായിരുന്ന ഒരു മുറിയിലാണ് അന്ന് വരെ താമസിച്ചിരുന്നത്. സി(ഷി)നി’മാ’ എന്ന് വിളിച്ച് ആഘോഷിക്കുന്നൊരു ആൾക്കൂട്ടം അന്നു ചുറ്റിനുമുണ്ടായിരുന്നു. ‘അമ്മ’ സങ്കല്പങ്ങളുടേത് എന്ത് ഭാരമേറിയ വിഴുപ്പാണെന്ന് മനസ്സിലായത് അങ്ങനെയാണ്. കടും നീല നിറമുള്ള ആകാശത്തിലേക്കു തുറക്കുന്ന എന്റെ വലിയ ജനാലകളിലൂടെ കോഹനും ലെനനും നുസ്രത്തും സൈഗാളും മെഹ്ദി ഹസ്സനും ഗുലാം അലിയും ശീതൾ സാത്തെയും ഗദ്ദറും ഫരീദ ഖാനുമും ആബിദ പ്രവീണും താജുദാർ ജുനൈദും ഷഹബാസ് അമനും നൂറാൻ സിസ്റ്റേഴ്‌സും നാഗൂർ ബോയ്‌സുമെല്ലാം അലഞ്ഞു തിരിഞ്ഞിരുന്ന ആത്മാക്കൾക്ക് മരുന്നായിട്ടുണ്ടാകണം. ശബ്ദ മാത്രയിൽ പോലും വ്യത്യാസമില്ലാത്ത, തെരഞ്ഞെടുക്കലിന്റെ സ്വാതന്ത്ര്യങ്ങൾ മറന്നു പോയ ദിവസങ്ങൾ കൂടിയാണത്. പാട്ടു നിർത്താൻ പറയാൻ, മുറിയുടെ വാതിൽക്കലോളം വന്ന് ശുക്ളാജി തിരിച്ചു പോകും. വിപ്ലവാഭിമുഖ്യം ഒന്ന് കൊണ്ട് മാത്രമാണതെന്ന്, പിറ്റേന്ന് കാലത്ത് ക്ളാസ്സിലേക്കോടുന്പോൾ ചായക്കപ്പ് ചുണ്ടോടു ചേർത്ത് ഒന്ന് ഓർമ്മിപ്പിക്കും. എനിക്ക് മുൻപ് അവിടെ ഉണ്ടായിരുന്ന പെൺകുട്ടി ഉത്തമസ്ത്രീ ആയിരുന്നെന്ന് ഇടയ്ക്കിടയ്ക് ആവർത്തിച്ച് പറയും. കുന്നു കൂടിക്കിടക്കുന്ന പാത്രങ്ങളുടെ ദുർഗന്ധം അപ്പോഴേ എന്റെ മൂക്കിലേക്കെത്തും. വൈകുന്നേരങ്ങളിൽ തിരിച്ച് അതേ ദിനചര്യയിലേക്കു തന്നെ വീഴണമല്ലോ എന്ന് അതെന്നെ വീണ്ടുമോർമ്മിപ്പിക്കും. മനുഷ്യരുടെ എച്ചിലിനും ഛർദ്ദിലിനും ഇടയിലും കൂടെയായിരുന്നു ആ ദിവസങ്ങൾ. ഇടയിലെപ്പോഴോ, ഇത്തിരി ഇടത്തിലേക്ക് മറിഞ്ഞു വീഴുന്ന, മണിക്കൂറുകളോട് കടം വാങ്ങിയ മിനിറ്റുകളിൽ ഉറക്കത്തോട് കെഞ്ചുന്ന, ചുമന്നിറുകിയ കൺപോളകൾ തുറന്നു പിടിച്ച്, ക്യാമറയിലേക്കും പുസ്തകങ്ങളിലേക്കും സ്‌ക്രീനിലേക്കും നോക്കിയ ദിവസങ്ങളുടെ അവസാനം! എങ്കിലും എനിക്കിപ്പോൾ മനുഷ്യരുടെ വേദനകളെക്കുറിച്ചറിയാം, അവരുടെ നിരാശയുടെ ആഴമറിയാം, ചുരുട്ടിയ കൈക്കുള്ളിൽ മുറുക്കിപ്പിടിച്ചിട്ടുള്ള പ്രതീക്ഷകളെക്കുറിച്ചറിയാം. മനുഷ്യരെ ഏറ്റവും എംപതിയോടെ നോക്കിക്കാണാൻ പഠിച്ചത് അങ്ങനെയും കൂടെയാണ്.

anthara , nazarin , films, shini j.k
ചോദിക്കാതെ വന്നു കയറിയവർ ഇറങ്ങിപ്പോകാൻ ഉള്ളവർ കൂടിയാണ്. പക്ഷെ, മനുഷ്യർ അങ്ങനെ മാത്രമല്ല എന്നും എനിക്കറിയാമായിരുന്നു. മുറി പൂട്ടി, സീല് വെയ്ക്കാൻ സെക്യൂരിറ്റി എത്തിയപ്പോൾ, നീൽ എന്റെ കയ്യിൽ പിടിച്ച് അങ്ങറ്റം വരെ നടന്നു. ഷാഹിയും അശ്വിനും അന്ന് വരെ ഞാൻ സൂക്ഷിച്ചിരുന്ന, പലരുടേതായ ബാഗുകൾ ഓരോന്നായി ഡോണിന്റെ മുറിയിലേക്ക് വച്ചു. നാച്ചി അവന്റെ മുറിയുടെ താക്കോലിലൊന്ന് കയ്യിൽ വെച്ച് തന്നു. ആർക്ക് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും എച്ചിലുകൾ നിക്ഷേപിച്ച് പോകാവുന്ന ചവറ്റുകുട്ട പോലെയും കൂടെയാണ് ‘അമ്മ പരിവേഷമുള്ള സ്ത്രീകളുടെ ജീവിതങ്ങളെന്നു ഞാൻ പറയുന്പോൾ അവൻ എന്റെ നേരെ നോക്കി വേദനയുള്ള ഒരു ചിരി ചിരിച്ചു. അന്ന് വൈകുന്നേരം ‘ഗാലി’ന്റെ (ഇസ്തവാൻ ഗാൽ) ‘കറന്റ്’ കാണാൻ തിയറ്ററിലേക്ക് പോകും മുൻപ്, എന്റെ സ്വാതന്ത്ര്യ പ്രഖ്യാപന പാർട്ടിയിലേക്ക് പൊന്നപ്പൻ അവന്റെ ഗിറ്റാറുമായി വന്നു. പൂക്കൾ വീണു ചുമന്ന ടെറസിലെ സിമന്റ് തറയിൽ ഇരുന്ന് ഞാൻ മാസങ്ങൾക്കപ്പുറം അവനെ കേട്ടു. ആശുപത്രികളിൽ കൂട്ട് വരാൻ കടുത്ത ഉൽക്കണ്ഠകൾക്കും വിഷാദങ്ങൾക്കുമിടയിലും വിസ്മയ് ഓടിപ്പാഞ്ഞെത്തി. സഖിസോനയുടെ പോസ്റ്റ് പ്രൊഡക്ഷൻ ദിവസങ്ങൾ അവസാനിക്കാറായെന്നു പേടിയോടെ ഓർക്കുമ്പോഴും എന്റെ കൂടെ ഇരുന്ന് ഇലക്ട്രയെ കണ്ട, അവളെക്കുറിച്ച് പറഞ്ഞ, ഇന്നൊരു ദിവസം നിനക്ക് വേണ്ടി മാറ്റി വെയ്ക്കാമെന്നു നിറഞ്ഞു ചിരിച്ച പ്രാന്തിക്കിനെ ഓർമ്മ വന്നു. കണ്ണ് നിറയുന്ന ദിവസങ്ങളിൽ മെയിൻ തിയറ്ററിന്റെ വാതിൽക്കൽ രഘു കാത്തു നിന്നു! ലാവണ്യയും രേണുവും കാപ്പിക്കടയിലേക്കു ഒപ്പം നടന്നു. വികാസിന്റെ മുറിയിലെ ഇത്തിരി വെട്ടത്തിലേക്ക് അവനും ശശാങ്കും റീമയും എന്നെ ചേർത്ത് നിർത്തി. മഴ നനഞ്ഞു കയറി വരുന്പോൾ രഞ്ചിത്ത് തല തോർത്തിക്കുകയും കടും കാപ്പിയിട്ടു തരികയും ചെയ്തു. എൽ ജിയിലെ ജോലി കഴിഞ്ഞു പാതിരായ്ക്ക് ക്യാമ്പസ്സിലേക്ക് നടക്കുമ്പോൾ അന്ന് വരെ വഴക്കടിച്ചിരുന്ന സുബ്ബു ഏട്ടൻ ദോശ വാങ്ങിത്തന്നു പ്രായശ്ചിത്തം ചെയ്തു. ഞാൻ വലിച്ചെറിഞ്ഞിരുന്ന പാത്രങ്ങളുടെ കണക്ക് എന്നേക്കാൾ ഉണ്ടായിരുന്ന അരുൺ ചേട്ടൻ, ഒരു രോഗിയെ പരിചരിക്കുന്ന കണിശതയോടെ എന്റെ സുഖവിവരങ്ങൾ അന്വേഷിച്ചു. പ്രതീക്ഷിക്കാതെ വരുന്ന ഒരു കോളിനപ്പുറം ജയേഷേട്ടന്റെ ഇംഗ്ലീഷും ഹിന്ദിയും കലർന്ന മലയാളത്തിൽ അറിഞ്ഞ കരുതലുകളിൽ ഞാൻ മനുഷ്യരെ വീണ്ടും വിശ്വസിക്കാൻ പഠിച്ചു. പ്രതീകും ശുഭവും വിക്രാന്തും എന്റെ പേടികളിലേക്കു ചേർന്ന് നിന്ന് സിനിമകളെക്കുറിച്ച് പറഞ്ഞു. എന്റെ മുറിയിൽ പുതിയ താമസക്കാരനായെത്തിയ മുകുൾ എനിക്ക് വേണ്ടി മിയയെ ചേർത്ത് പിടിച്ചു. വഴി തെറ്റി അവിടെ വരെ നടക്കുന്ന ദിവസങ്ങളിൽ, അവൻ ചായയിട്ടു തന്ന്, എന്നെ മുറിയിൽ തനിച്ച് വിട്ട് പുറത്തേക്കു നടന്നു. നിത്യവും എനിക്കുള്ള ഭക്ഷണം പുതിയ ജനാലയ്ക്കൽ കൊണ്ട് വെച്ച് അഭിജിത്തും അൽപേഷും ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി. ഒൻപതു വർഷങ്ങളുടെ ഉറപ്പിൽ, ഈ മനുഷ്യർക്കെല്ലാം മുൻപും, അവർക്കു ശേഷവും എനിക്ക് നീ നീ ആയിത്തന്നെ ഉണ്ടെന്നു പറഞ്ഞ് റോബിൻ എന്റെ നെറ്റിയിൽ ചുണ്ടമർത്തി. അർഹിക്കുന്ന പരിഗണനകളെപ്പോലും നന്ദിയോടെ കാണുംവിധം വിചത്രമായ സ്വയം നിന്ദയിലേക്ക് വീണു പോയിരുന്നു അപ്പോഴേക്കും. പേരെടുത്ത് പറഞ്ഞാൽ തീരാത്തത്രയും പേർ, സമരാനന്തരം ആ ക്യാംപസ് മുഴുവനും, പ്രത്യേകിച്ച് പെണ്ണുങ്ങൾ, ജീവിതത്തിലേക്ക് ഇടിച്ച് കയറാതെ, അങ്ങേയറ്റം എംപതിയോടെ കൂടെ നിന്ന് എന്നെ ആ ഇടത്തിന്റെ സാധ്യതകളെക്കുറിച്ച് ഓർമിപ്പിച്ച ദിവസങ്ങളായിരുന്നു പിന്നീടോരോന്നും. മനുഷ്യന്റെ വൾനറബിലിറ്റികളെ അഭിസംബോധന ചെയ്യാൻ സാധിക്കുന്ന ഒരിടം നഷ്ടമാകാതിരിക്കാൻ കൂടെയായിരുന്നു ആ സമരമെന്ന് എനിക്ക് മനസ്സിലായത് സമരാനന്തരമാണ്. അതിനപ്പുറം എന്ത് രാഷ്ട്രീയ മാനമാണ് ഒരു വിദ്യാർത്ഥി സമരത്തിന് ഉണ്ടാകേണ്ടത്? പ്രത്യേകിച്ച് ഒരു ഫിലിം സ്‌കൂളിൽ?

anthara , nazarin , films, shini j.k

അനിവാര്യമായ ഏകാന്തതകളെ സമാധാനപരമായി സ്വീകരിക്കാൻ കഴിയുകയായിരുന്നു പിന്നീട് ചെയ്യാനുണ്ടായിരുന്നത്. ഹാപ്പനിങ്സ് അധികമില്ലാത്ത ജീവിതത്തിലേക്ക് സ്വയം പതുക്കെ ടൂൺ ചെയ്തുകൊണ്ട് വന്നതാണ്. എങ്കിലേ സിനിമ മനസ്സിലാകൂ എന്ന് തോന്നി. എന്തിന്, എങ്കിലേ അവളവളെത്തന്നെ മനസ്സിലാകൂ എന്ന് തോന്നി. അതായിരുന്നു ജീവിതത്തിലെ ശരിക്കുമുള്ള വഴിത്തിരിവ്. ആൾക്കൂട്ടത്തിൽ അവളവളെ നഷ്ടപ്പെടുത്തിയിട്ട് പുറത്തേക്കു നോക്കി സ്ഥിരതയുള്ള സന്തോഷം അന്വേഷിക്കുന്നതിൽ എന്ത് കാര്യമാണുള്ളത്? പ്രതിരോധങ്ങളുടെ, സമരങ്ങളുടെ, സ്വാഭാവികമായ കരുതലിന്റെ പുറത്തുള്ള ചേർത്ത് പിടിക്കലുകളുടെ, ഒക്കെ പേരിൽ ആഘോഷിക്കപ്പെട്ട ജീവിതമായിരുന്നു അതുവരെയുള്ളത്. എന്റെ സ്വാഭാവികതകൾ എത്ര വേഗമാണ് അത്ഭുതങ്ങളും അസ്വാഭാവികതകളുമായത്? താരതമ്യേന സ്വതന്ത്രമായ ജീവിതം നയിക്കുന്പോഴും, മറ്റുള്ളവർ നമ്മളെ വാർക്കാനാഗ്രഹിക്കുന്ന അച്ചുകളിലേക്ക് എത്ര വേഗമാണ് നമ്മൾ ചെന്ന് വീഴുന്നത്!

 

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പൂർവ്വ വിദ്യാർത്ഥിനിയായ ലേഖിക എഡിറ്ററും അസിസ്റ്റന്റ് ഡയറക്ടറുമാണ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook