Latest News

എന്നോട് തന്നെ സംസാരിക്കുന്ന കത്തുകൾ

കത്തുകൾ പ്രത്യക്ഷത്തിൽ മരിച്ചു കഴിഞ്ഞു. കീപാഡിൽ വിരൽ പായിക്കെ, എന്ത് ഇൻലൻഡ്, സ്റ്റാംപ്, എയർ മെയിൽ എന്നൊക്കെ പറഞ്ഞിരിക്കാം എങ്കിലും സത്യത്തിൽ ഉള്ളിൻ്റെയുള്ളിൽ നമ്മളിപ്പോഴും കത്തെഴുതുന്നില്ലേ, ആർക്കെല്ലാമോ? പഴയ ഒരു കത്തുകൂട്ടം മുന്നിൽ വന്നു പെടുമ്പോൾ, കത്തുകൾ എന്ന പഴങ്കാലം മുന്നിൽ മടക്കുകൾ നിവർത്തി ലേഖികക്കു മുന്നിൽ അനാവൃതമാവുന്നു

dyvia john jose, memories, iemalayalam

2004 ലെ നവംബറും ഡിസംബറും ഒട്ടേറെ പുതിയ കാഴ്ചകൾ തന്നു. അന്നുവരെ പരിചയിച്ചിട്ടില്ലാത്ത തണുപ്പുള്ള കാലാവസ്ഥ, വസ്ത്രങ്ങൾ, ഭക്ഷണങ്ങൾ, എന്തിന് ചില ഐറിഷ് പേരുകൾ പോലും ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. Sean എന്ന ഷോൺ, Aoife എന്നെഴുതി ഇഫ എന്നു വിളിക്കുന്നത്, ഷിവോൺ എന്ന് വിളിക്കുന്ന Siobhan, ഇതെല്ലാം കൗതുകങ്ങളായി.

ഭക്ഷണത്തിലെ പുതുമകളും വളരെ ഉത്സാഹം തന്നു എന്നുള്ളത് പ്രത്യേകം എടുത്തു പറയണ്ടല്ലോ. നാട്ടിലെ ഒരേയൊരു ബ്രഡ് ഇടപ്പള്ളിയിലെ ‘മോഡേൺ’ ബ്രഡ്, ടുട്ടി ഫ്രൂട്ടി ഒക്കെ ഇട്ട് ഇച്ചിരി പരിഷ്കാരിയായ മറ്റൊരു ബ്രഡ്, ഈ രണ്ടിനങ്ങളാണ് അന്ന് വരെ കണ്ടിട്ടുള്ളത്. 2004 മുതൽ ഇന്ന് വരെ എത്രയിനം ബ്രഡുകൾ കണ്ടിട്ടുണ്ട് എന്ന് ചോദിച്ചാൽ, കുറേയധികം എന്ന് തന്നെ പറയാനാകും.

സാധാരണ വൈറ്റ്, ബ്രൗൺ ബ്രഡുകൾക്കപ്പുറം, ഐറിഷ് സോഡ ബ്രഡ്, ബാച്ച് ലോഫ്, മൾട്ടി ഗ്രെയ്ൻ ബ്രഡ് തുടങ്ങി വിവിധ വലിപ്പത്തിലും ആകൃതിയിലും രുചികളിലുമുള്ളത് മിക്ക ഗ്രോസറി ഷോപ്പുകളിലും കാണാം. തണുപ്പു രാജ്യങ്ങളിൽ കാണുന്ന പഴങ്ങൾ, പച്ചക്കറികൾ, പുറമെ ഐസ്ക്രീമുകളും വിവിധയിനം ചീസുകൾ മുട്ടായികൾ, പലതരം പാനീയങ്ങൾ എല്ലാം തന്നെ രസമുള്ള അനുഭവങ്ങളായി.

ഇങ്ങനെ ഓരോരോ പുതിയ സംഭവങ്ങൾ ദിവസവും ഉണ്ടാകും. പുതിയ ആളുകൾ, ഭംഗിയുള്ള സ്ഥലങ്ങൾ, അന്ന് ജോലി ചെയ്തു കൊണ്ടിരുന്ന സ്ഥാപനത്തിലെ ഇൻമേറ്റ്സ് സംസാരിക്കുമ്പോൾ പറഞ്ഞറിയുന്ന അവരുടെ കുട്ടിക്കാലം, യൗവനം, കുടുംബം, സംസ്കാരങ്ങൾ തുടങ്ങിയവയെല്ലാം അയർലണ്ട് എന്ന ചെറു രാജ്യത്തെക്കുറിച്ചുള്ള ആമുഖങ്ങളായിരുന്നു.

നാട്ടിലേയ്ക്ക് വിളിക്കുമ്പോൾ പറയാനുള്ളതിൽ അധികവും ഇത്തരം വിശേഷങ്ങളാകും. അന്ന് ഫോൺ വിളി ഇന്നത്തെപ്പോലെ ചിലവു കുറഞ്ഞതായിരുന്നില്ല. അത് കൊണ്ട്, ബാക്കി വിശേഷങ്ങൾ കത്തിലൂടെയാകും പറയുക. വീട്ടിൽ നിന്നും, എല്ലാ വിശേഷങ്ങളും പറഞ്ഞ് മാസത്തിൽ ഒന്നോ രണ്ടോ കത്തുകൾ വരുമായിരുന്നു. 2005 – 2006 അവസാന കാലഘട്ടമായപ്പോഴെക്കും സ്ഥിതി വ്യത്യസ്തമായി. ഇൻ്റർനെറ്റും ഫോണും വഴിയുള്ള വിനിമയങ്ങൾ കൂടുതലാകുകയും കത്തുകൾ പാടെ നിലച്ചുപോവുകയും ചെയ്തു.

ഇതെല്ലാം ഇപ്പോൾ ഒർമ്മ വരാൻ കാരണം, കഴിഞ്ഞ ദിവസം സ്റ്റോർ റൂം വൃത്തിയാക്കുന്നതിനിടയിൽ, പഴയ കത്തുകൾ, ക്രിസ്മസ് – ന്യൂ ഇയർ ഗ്രിറ്റിംഗ് കാർഡുകൾ എല്ലാം സൂക്ഷിച്ചു വച്ചിരുന്ന ഒരു ബോക്സ് വീണ്ടും കൈയിലകപ്പെട്ടതാണ്. 2004, 2005 ൽ  എനിക്കു കിട്ടിയ കുറെയേറെ കത്തുകൾ…dyvia jose , memories, iemalayalam

പപ്പ എഴുതിയ കത്തുകളാണ് മിക്കതും. മൂന്നോ നാലോ പേജുകൾ ഉണ്ടാകും. മാതാവും അനിയനും അവരവരുടെ പങ്ക് ഒരു പുറത്തിൽ കവിയാതെ ഉപന്യസിച്ച് വയ്ക്കാറുണ്ട്. സത്യത്തിൽ ഈ കത്തുകൾ, വീണ്ടും വായിച്ചു കൊണ്ടിരുന്നപ്പോൾ കണ്ണുകൾ നിറയുന്ന ആ പ്രത്യേക തരം അസുഖം പെട്ടെന്ന് മൂർച്ഛിച്ചു. പപ്പ മരിച്ചതിൻ്റെ രണ്ടാം വാർഷികമായിരുന്നു ജൂലൈയിൽ. കോവിഡിൻ്റെ വിളയാട്ടം നാട്ടിലേയ്ക്കുള്ള പോക്കിനെ താത്കാലികമായി മരവിപ്പിച്ചിരിക്കുന്നത്, സങ്കടത്തെ ഇരട്ടിപ്പിച്ചു.

കത്തുകളിൽ മുഴുവനും ഉപദേശമാണ്. പപ്പ നല്ല ഉപദേശിയേ അല്ല, കാരണം ഞാൻ നന്നായില്ലല്ലോ. വീട്ടിൽ ഞങ്ങളെ ഉപദേശിക്കുന്നതിൽ നിന്നും അടർന്നു വീണ കഷണങ്ങൾ കൊണ്ട്, അയൽവക്കക്കാരും എന്തിന് വഴിയേ പോയ നാട്ടുകാർ വരെ നന്നായി എന്നുള്ളത് ഞങ്ങൾ അക്കാലത്ത്,പറയുന്ന തമാശകളിലൊന്നായിരുന്നു.

പക്ഷേ ഇന്ന് ആ കത്തുകൾ വായിക്കുമ്പോൾ നമ്മുടെ എത്രയോ ചെറിയ കാര്യങ്ങളിൽ പോലും പപ്പ ശ്രദ്ധിച്ചിരുന്നു എന്നു തിരിച്ചറിയുന്നുണ്ട്.
സത്യത്തിൽ അന്ന് ഞാൻ ശ്രദ്ധിച്ചിരുന്നില്ല, എന്ന് തോന്നിയിരുന്ന പല ഉപദേശങ്ങളും,ഇന്ന് ജീവിതത്തിൻ്റെ തന്നെ ഭാഗമായി മാറിയിരിക്കുന്നുവെന്ന് തിരിച്ചറിയുന്നുമുണ്ട്.

അത്രയും നാൾ, CCTV പോലെ, തൻ്റെ രണ്ട് കണ്ണുകളും മകളുടെ നിരീക്ഷണത്തിന് ദാനമായി നൽകിയിരുന്നു മാതാവ്. കെട്ടിക്കാൻ പ്രായമായ മകൾ, നോക്കെത്താത്ത ദൂരത്തായിപ്പോയതിൻ്റെ വ്യാകുലതകൾ നിറഞ്ഞ കത്ത്, ‘ഡൂസ് ആൻ്റ് ഡോണ്ട്സ്’ വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന നിർദ്ദേശങ്ങളാൽ നിറഞ്ഞു തുളുമ്പിയിരുന്നു.

അതിൽ, ഒരു കത്തിൽ, സാമ്പാറ് വയ്ക്കുന്നതിൻ്റെ റെസിപ്പിയും ഉണ്ടായിരുന്നു.
ആയിടയ്ക്ക് വീട്ടിൽ വന്ന ഒരു സുഹൃത്തിന്, കാരറ്റ് തോരൻ, ടൊമാറ്റോ കെച്ചപ്പ് ചേർത്ത് ഉണ്ടാക്കി കൊടുത്ത കഥ പറഞ്ഞതിൻ പ്രകാരം, അന്ന് മുതലുള്ള കത്തുകളിൽ, ഏതെങ്കിലും ഒരു വിഭവം ഉണ്ടാക്കുന്നതിനുള്ള സൂത്രങ്ങൾ ഉണ്ടാകുമായിരുന്നു. പല കത്തുകളും നഷ്ടപ്പെട്ടു പോയിരുന്നു.
ആദ്യത്തെ പ്രാവശ്യം അവധിക്കു ചെന്നപ്പം, ഒരു കുക്ക് ബുക്ക് അമ്മച്ചി വാങ്ങിത്തന്നയച്ചു.dyvia jose , memories, iemalayalam

പപ്പയുടെ ഉപദേശങ്ങളുടെ ഷെയർ പങ്കിടാൻ ആളില്ലല്ലോ എന്ന ദു:ഖം മാത്രമേ തന്നെ വേട്ടയാടുന്നുള്ളൂ എന്നും, നിത്യേന, കൊണ്ടുവരുന്ന പലഹാരങ്ങൾ ആർക്കും വീതിക്കാതെ കഴിക്കുമ്പോൾ ആ സങ്കടം പൊയ്പ്പോകുമെന്നും കാണിക്കുന്നവയായിരുന്നു, അനിയൻ്റെ കത്തുകൾ. അവനയച്ച ഒരു കത്തിൻ്റെ ഒരു ഫോട്ടോ എടുത്ത് അയച്ചു കൊടുത്തു. കുറച്ച് നാളു മുമ്പേ വരെ, പണ്ട് ഞാനയച്ച ഒരു കത്ത് അവൻ്റെ പഴ്സിലുണ്ടായിരുന്നെന്നും, പഴ്സ് വാഷിംഗ് മെഷിനിൽ എങ്ങിനെയോ അകപ്പെട്ട്, അത് കുതിർന്ന്, പിഞ്ഞിപ്പോയെന്നും അവൻ ആത്മാർത്ഥമായിത്തന്നെ പരിതപിച്ചു.

പപ്പയുടെ അമ്മ, എഴുതിപ്പിച്ച് അയച്ച ഒരു കത്തും ഉണ്ടായിരുന്നു കൂട്ടത്തിൽ.അവർക്ക് എഴുതാൻ അത്ര വശമില്ലായിരുന്നു. ഞങ്ങളുടെ സ്കൂൾ കാലത്ത്, ഉത്തർപ്രദേശിലും പിന്നീട് ബാംഗ്ലൂരുമൊക്കെയായി ജോലി ചെയ്തിരുന്ന ഒരു പേപ്പന് (പപ്പയുടെ അനിയൻ), ഞങ്ങളെക്കൊണ്ട് കത്തെഴുതിക്കുമായിരുന്നു.
പറഞ്ഞു തരുന്നത് പകർത്തി എഴുതണം. അതാണ് ജോലി. മറ്റാരുടെ കത്ത് വന്നാലും നമ്മൾ വായിച്ച് കൊടുക്കണം. ചില കത്തുകൾ അഞ്ചും ആറും തവണയൊക്കെ വായിച്ച് കേൾക്കും. കേൾക്കുന്നതിനൊപ്പം മറുപടിയും ലൈവായി പറഞ്ഞു കൊണ്ടിരിക്കും. അതൊക്കെ കാണുന്നതും കേൾക്കുന്നതും ഒരു രസമായിരുന്നു.

അങ്ങിനെ, ആരെക്കൊണ്ടോ എഴുതിച്ച ഒരു കത്ത്, എനിക്കും കിട്ടിയത് ഞാൻ ഒന്നു കൂടി വായിച്ചു.

ഈശോ മറിയം യൗസേപ്പേ…
അല്ലെങ്കിൽ ദൈവത്തിന് സ്തുതി… എന്നൊക്കെ പറഞ്ഞ് തുടങ്ങുന്ന ഒരങ്കിളിൻ്റെ കത്ത്. മൊത്തം ഭക്തി നിർഭരമായ അന്തരീക്ഷമായിരിക്കും കത്തു മുഴുവൻ.

ഇത്രയുമൊക്കെ കണ്ടപ്പോൾ, പണ്ട് കിട്ടിയ ചില കത്തുകൾ കൂടി ഓർമ്മ വന്നു. ആദ്യം ബോംബെയിലും പിന്നീട് ഗൾഫിലേയ്ക്കും പോയ രണ്ട് അച്ചാച്ചന്മാരുടെ കത്തുകൾ.

ഈ സ്ഥലങ്ങളിലെ ആളുകളെപ്പറ്റിയും ഭാഷ, സംസ്കാരങ്ങളെപറ്റിയുമൊക്കെ ആ കത്തുകളിലുണ്ടായിരുന്നു. മാർട്ടിച്ചാച്ചൻ സ്കൂളിലേയ്ക്ക് കത്തയയ്ക്കും.
സ്വന്തം പേരിൽ, ഒരാള്, അതും സ്കൂളിലേയ്ക്ക് കത്തയയ്ക്കുന്നതൊക്കെ ഭയങ്കര സംഭവമായിരുന്നു. പ്യൂൺ വന്ന് കത്തുണ്ടെന്ന് പറയുകയും, ഹെഡ്മിസ്ട്രസ്സിൻ്റെ റൂമിൽ ചെന്ന് അത് വാങ്ങി വന്ന്, “ഗൾഫീന്നാ” എന്ന് സ്റ്റാമ്പ് കാണിച്ച് കൊടുത്ത്, വല്യ ഗമയിലിരിക്കുന്നതൊക്കെ ഓർത്തപ്പോൾ ചിരി വന്നു പോയി.

സംഭാഷണ മധ്യേ,  ഇതെല്ലാം ഒരു സുഹൃത്തിനോട് പറയുകയുണ്ടായി. അപ്പോൾ, കക്ഷി പറയുവാ, എന്തെങ്കിലും ഏതെങ്കിലും മാസികയിൽ അച്ചടിച്ചു വരണമെന്ന് അതിയായ ആഗ്രഹം പേറി നടക്കുന്ന ഹൈസ്ക്കൂൾ കാലം.
എന്തോ കഥയോ കവിതയോ ഫലിതബിന്ദുക്കളോ ഒക്കെ തലങ്ങും വിലങ്ങും അയച്ചിട്ടും ഫലം കാണുന്നില്ല. അവസാനം ഡോക്ടറോടു ചോദിക്കാം എന്ന പംക്തിയിലേയ്ക്ക് വരെ കത്തയച്ചു നോക്കി എന്ന് പറഞ്ഞ് അവര് ഭയങ്കര ചിരി. എന്നിട്ടും ഫലം കണ്ടില്ല, അവസാനം കോളേജിൽ പഠിച്ചപ്പോൾ, കൂടെ പഠിച്ച പെൺകുട്ടിക്ക് കത്ത് കൊടുത്ത് നിർവൃതി അടയുകയും ചെയ്തു എന്നു പറഞ്ഞു.

ആരോഗ്യ മാസികളിലെ കത്തുകൾ മാത്രം സ്ഥിരമായി വായിക്കുന്ന ഒരു സുഹൃത്തുണ്ടായിരുന്നു എന്നും ഓർക്കുന്നു.dyvia jose , memories, iemalayalam

കുറച്ച് ക്രിസ്തുമസ്സ് – ന്യൂ ഇയർ ഗ്രിറ്റിംഗ് കാർഡുകളുമുണ്ടായിരുന്നു. അതിൻ്റെ കൂട്ടത്തിൽ, ഒരു താങ്ക്സ് കാര്‍ഡും ഉണ്ടായിരുന്നു.

രോഗികൾ ഡിസ്ചാർജ് ആയിപ്പോകുമ്പോൾ ഒരു താങ്ക്സ് കാര്‍ഡ്‌‌, അല്ലെങ്കിൽ ചോക്കലേറ്റ് പോലുള്ള എന്തെങ്കിലുമൊക്കെ വാർഡിലേയ്ക്ക് തന്നിട്ട് പോകാറുണ്ട്. എന്നാലും നമുക്ക് നമ്മുടെ പേരില് ഒരു കാര്ഡ് വച്ചിട്ട് പോകുമ്പോള് ഒരു പ്രത്യേക സന്തോഷം തോന്നും. അങ്ങനെ കിട്ടിയ ഒരു കാര്ഡ് ആണ്.

അതിലെഴുതിയ രണ്ട് വരികൾ, ആ സ്ത്രീയെയും, മരിച്ചു പോയ അവരുടെ ഭർത്താവിനെയും വീണ്ടുമോർമ്മിപ്പിച്ചു.

അവരുടെ ഭര്ത്താവാണ് മരണം കാത്ത് അന്ന് കിടന്നിരുന്നത്. ഒത്തിരി മക്കളും കൊച്ചുമക്കളും ഒക്കെ ഉള്ള ഒരു വലിയ കുടുംബം.ചുമരു നിറച്ചും പതിപ്പിച്ചു വച്ചിട്ടുള്ള ഫോട്ടോകളില് നിന്ന്, അവരുടെ ഭൂതകാലത്തിലെ നല്ല ഓര്മ്മകള് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞങ്ങള്ക്ക് വായിച്ചെടുക്കാന് കഴിഞ്ഞിട്ടുണ്ട്..

ഇടയ്ക്കിടെയുള്ള സംഭാഷണങ്ങളിലൂടെ, അവർ, പഴയ കാര്യങ്ങൾ പലതും പറയുമായിരുന്നു.അവർ പരസ്പ്പരം കണ്ടു മുട്ടിയതു മുതൽ ഇപ്പോഴുള്ള കാര്യങ്ങൾ വരെ സംസാരത്തിൽ വരാറുണ്ട്. ഏതോ ഒരു പ്രഭാതത്തിൽ,അയാൾ മരിച്ചു. പിന്നീടെപ്പോഴോ ഉള്ള ദിവസങ്ങളിലാണ് അവരുടെ നന്ദി പറഞ്ഞു കൊണ്ടുള്ള കാർഡ് കിട്ടുന്നത്.

അജ്ഞാതന്, Stranger… എന്ന് കവറിൽ എഴുതി വച്ച ഒരു ക്രിസ്തുമസ്സ് ഗ്രിറ്റിംഗ് കാർഡും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു.

കുറെയേറെ വർഷങ്ങൾക്കു മുമ്പാണ്. ബസ്സിലാണ് ഡ്യൂട്ടിക്ക് പോകുന്നത്.
സ്ഥിരം ബസ് യാത്രികർ കുറച്ചു പേരുണ്ട്. പേരും നാളും രാജ്യവും ഭാഷയും ഒന്നുമറിയില്ലെങ്കിലും ഇടയ്ക്കിടെ കണ്ടുമുട്ടുന്ന ചില മുഖങ്ങൾ. അങ്ങനെയുള്ള ചുരുക്കം ചില മുഖങ്ങളിൽ അമ്പതിനു മേൽ പ്രായം തോന്നിക്കുന്ന ഒരു ചൈനാക്കാരന്റെ മുഖവും കണ്ടു തുടങ്ങി. എന്റെ സ്റ്റോപ്പിന് മുമ്പുള്ള സ്റ്റോപ്പിൽ നിന്നായിരിക്കണം അയാൾ കയറുന്നതെന്ന് ഞാൻ ഊഹിച്ചു. ഒരിക്കൽ പോലും അയാൾ മുഖത്തു നോക്കുകയോ ചിരിക്കുകയോ ചെയ്തിട്ടില്ല.

അങ്ങനെയുള്ള ഏതോ തണുത്ത വെളുപ്പാൻകാലം. രണ്ടാമത്തെ ദിവസത്തെ ഡ്യൂട്ടി. തലേദിവസത്തെ തിരക്കുപിടിച്ച ഡ്യൂട്ടിയും തലേ രാത്രിയിലെ ശരിയാകാത്ത ഉറക്കവും രാവിലെ തന്നെയുള്ള കടുപ്പത്തിലുള്ള തണുപ്പും എല്ലാം കൂടി ഒരു വല്ലാത്ത അവസ്ഥയിലാണ് ബസിൽ കയറിയത്.

അന്ന് പതിവിലും കൂടുതൽ തിരക്കുണ്ട്. ബസ്സിൽ കയറി സീറ്റിൽ ഇരുന്നത് മാത്രം ഓർമ്മയുണ്ട്. ഉറങ്ങിപ്പോയി. ആരോ തോളിൽ തട്ടുന്നതു പോലെ തോന്നുന്നുണ്ട്. കണ്ണ് തുറക്കാൻ വയ്യ, വീണ്ടും ശക്തിയായി തട്ടുന്നു. പെട്ടെന്ന് കണ്ണ് തുറന്നു. ബസ്സിൽ സൂചി കുത്താനിടമില്ലാത്തത്ര തിരക്ക്. അടുത്ത സ്റ്റോപ്പ് എനിക്കറങ്ങാനുള്ള സ്റ്റോപ്പ് ആണെന്ന് എഴുതി കാണിക്കുന്നു. ഞാൻ ചാടിയെണീറ്റു. ആരാണ് എന്നറിയാൻ തിരിഞ്ഞു നോക്കി. തൊട്ടു പുറകിലെ സീറ്റിൽ നിന്നും നമ്മുടെ ചൈനാക്കാരൻ ചങ്ങാതി. അപ്പൊഴെക്കും ബസ് നിർത്തിയിരുന്നു. ഓടി ബസിൽ നിന്നിറങ്ങി. ഒരു നന്ദി പോലും അയാളോട് പറഞ്ഞില്ലല്ലോ എന്നോർത്ത് നീങ്ങിത്തുടങ്ങിയ ബസ്സിനുള്ളിലേയ്ക്ക് അയാളുടെ മുഖമന്വേഷിച്ച് ഞാൻ നോക്കി. പക്ഷേ ആ തിരക്കിൽ എനിക്കയാളെ കാണാൻ കഴിഞ്ഞില്ല.

ഉറക്കച്ചടവോടെ നടന്നു തുടങ്ങിയപ്പോൾ ആലോചിച്ചതൊക്കെയും അയാളെക്കുറിച്ചായിരുന്നു. അവിടെങ്ങാനും വച്ച് എണീറ്റില്ലായിരുന്നു എങ്കിൽ കുറഞ്ഞത് ഒരു മണിക്കൂർ എങ്കിലും വൈകിയേ ഡ്യൂട്ടിക്ക് എത്താൻ കഴിയുമായിരുന്നുള്ളൂ. അങ്ങനെ ഒരു അടുപ്പമില്ലാതിരുന്നിട്ടു കൂടി അപ്രതീക്ഷിതമായി എത്തിയ ഒരു സഹായം എന്നെ അത്ഭുതപ്പെടുത്തി കളഞ്ഞു.

അതൊരു ക്രിസ്തുമസ്സ് സമയമായിരുന്നത് കൊണ്ട്, പിന്നീട് കാണുമ്പോൾ കൊടുക്കണമെന്ന് കരുതി ഒരു നന്ദി വാചകവും കൂട്ടിച്ചേർത്ത്, ഒരു കാർഡ് ഞാൻ ബാഗിൽ കരുതിയിരുന്നെങ്കിലും പിന്നീട് കുറെക്കാലത്തേയ്ക്കൊന്നും അയാളെ കണ്ടതേയില്ല. ആ കാർഡ്, കളയാൻ തോന്നാത്തതു കൊണ്ട് സൂക്ഷിച്ചു വച്ചതാണ്. ഇപ്പോൾ, അയാളുടെ മുഖം ഓർമ്മിച്ചെടുക്കാൻ പോലും പറ്റാത്ത വിധം മറന്നു പോയിരിക്കുന്നു.dyvia jose , memories, iemalayalam

ചെറുപ്പകാലത്ത്,പ്രണയലേഖനങ്ങളൊന്നും കൊടുക്കൽ വാങ്ങൽ ഉണ്ടായിട്ടില്ലെങ്കിലും, കുറച്ച് നാൾ മുമ്പ്, ഒരു സംഭവം ഉണ്ടായി.

ഒരാൾ ഒരു കഥ പറയുകയുണ്ടായി.

അതൊരു ഹംസത്തിൻ്റെ കഥയായിരുന്നു. കഥയിലെ നായകനാണ് ഹംസം. കക്ഷി ഒരു പാവമായിരുന്നു. പരോപകാരിയും. ആയതിനാൽ, സുഹൃത്തിനു വേണ്ടി ഒരു ധീരകൃത്യം ചെയ്യാന്‍, ടിയാൻ തയ്യാറായി.

ടെക്നോളജി വല്ലാണ്ടങ്ങ് പുരോഗമിച്ച് ഒരു ഇമോജിയിൽക്കൂടി കാര്യം അവതരിപ്പിക്കാമെന്ന നിലയൊക്കെ ഇന്നത്തെ പ്രണയിതാക്കൾ നേടിയെടുത്തു കഴിഞ്ഞു. എങ്കിലും 1995-2000 കാലഘട്ടങ്ങളിൽ കൗമാരമാഘോഷിച്ചവർക്കും പ്രണയിച്ചവർക്കും പറയാനുണ്ടാകും ഒത്തിരി കഥകൾ.

കത്തെഴുതുന്നതും, കത്തെഴുതിക്കൊടുക്കുന്നതും, അത് തത്പര കക്ഷികളിൽ എത്തിക്കുന്നതുമൊക്കെ അതി സാഹസിക കലയായി വാഴ്ത്തപ്പെട്ടിരുന്നു.
അതിന് മുമ്പുള്ള കാലഘട്ടങ്ങളിലെ കമിതാക്കൾ അനുഭവിച്ചത്ര സംഘർഷങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെങ്കിലും, അത്യാവശ്യം അടവുകൾ പയറ്റിയാലേ പിടിക്കപ്പെടാതിരിക്കാനാകൂ എന്നുള്ള സത്യം ഒരു പൊതു തത്വം പോലെ അംഗീകരിക്കപ്പെട്ടിരുന്നു.

സ്വന്തം മാനാഭിമാനങ്ങൾ റിസ്കിലാക്കി, ഹംസങ്ങൾ പ്രത്യക്ഷപ്പെട്ടു കൊണ്ടേയിരുന്നു. ഒരു ലാഭേച്ഛയുമില്ലാതെ അവർ അഹോരാത്രം കമിതാക്കൾക്കു വേണ്ടി പ്രയത്നിച്ചു. കത്തെഴുതിക്കൊടുത്തും ശുപാർശക്കാരനായും സ്ത്യുത്യർഹമായ സേവനങ്ങളാണ് ഇവർ കാഴ്ച വെച്ചത്. അതിഭീകരമായ സംഘർഷഭരിതമായ അന്തരീക്ഷങ്ങളിൽ പോലും, സന്ദേശങ്ങൾ എത്തിക്കുന്നതിലുള്ള ജാഗ്രത ഇവരെ സർവ്വാദരണീയരാക്കി മാറ്റി.
പലപ്പോഴും പിടിക്കപ്പെടും. ദണ്ഡനങ്ങളും മാനഹാനിയും മിച്ചം.
എന്നിട്ടും ഒറ്റിക്കൊടുക്കാൻ തയ്യാറാവാതെ ശിക്ഷകൾ അനുഭവിച്ചു.

അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന, സുഹൃത്തിൻ്റെ പ്രണയിനിക്ക്, ഒരു പ്രേമലേഖനം കൊണ്ടു കൊടുക്കാനുള്ള ദൗത്യം അതിസാഹസികമായി കക്ഷി ഏറ്റെടുത്തു.

രണ്ട് അയൽ ഗ്രാമങ്ങളാണ് കഥാപരിസരം. ദൂതുമായി പോകേണ്ടവൻ്റെ സ്കൂളിലാണ്, സുഹൃത്തിൻ്റെ ഗേൾഫ്രണ്ട് പഠിക്കുന്നത് എന്ന ഒറ്റക്കാരണമാണ്, ഈ ദൗത്യത്തിലേയ്ക്ക് അവനെ തള്ളിയിട്ടത് എന്ന് വേണമെങ്കിലും പറയാം.

ഉടമസ്ഥനിൽ നിന്ന് പ്രേമലേഖനം കൈപ്പറ്റിയ ദൂതൻ, പുസ്തകത്തിനിടയിൽ ഒളിപ്പിച്ച്, വീട്ടിലെത്തി. പിറ്റേന്നാണ് മിഷൻ നടപ്പിലാക്കേണ്ടത്. ആദ്യത്തെ കമാൻഡോ ഓപ്പറേഷനാണ്. വീട്ടിലുള്ളവരോ നാട്ടിലുള്ളവരോ അറിയാൻ പാടില്ല. സ്കൂളിൽ കൊണ്ടുപോയി ആ പെണ്ണിന് കൊടുക്കുന്നതും അതീവ രഹസ്യമായിരിക്കണം. ആ കൊച്ചിനോടാണേൽ, ഇതേ വരെ മിണ്ടിയിട്ടു കൂടിയില്ല.

കത്ത് കൊടുത്താൽ അവൾ മേടിക്കുമോ? അതോ മേടിച്ചിട്ട്, തല്ലു വാങ്ങിത്തരുമോ? ഇങ്ങനെയൊക്കെ ആലോചിച്ച് ആലോചിച്ച് സംഭരിച്ചു വച്ച ധൈര്യമൊക്കെ ചോരാൻ തുടങ്ങി. വീട്ടിലെത്തി,പുസ്തകമെല്ലാം സേഫായി വച്ച്, സ്വയം സമാധിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.

പിറ്റേന്ന്, വേദപാഠ ക്ലാസ്സിൽ വച്ച്, ഉദ്ദിഷ്ട വ്യക്തിയിൽ എത്തുന്നതിനു മുമ്പേ, ഹംസം, കത്തോടു കൂടി പിടിക്കപ്പെട്ടു.

ട്വിസ്റ്റ് എന്താന്ന് വച്ചാൽ, സുഹൃത്ത് അവൻ്റെ പേര് വയ്ക്കാതെ ആണ് കത്ത് അവസാനിപ്പിച്ചിരിക്കുന്നത്. അതോടെ കത്തിൻ്റെ ഉടമസ്ഥാവകാശം നിഷേധിക്കാനാകാത്ത നിസ്സഹായാവസ്ഥയിലേയ്ക്ക് പാവത്തിന് എത്തിച്ചേരേണ്ടി വന്നു.

അന്ന്, ഏകദേശം ഒരു മാതിരിപ്പെട്ട,നമസ്കാരങ്ങളും പ്രാർത്ഥനകളും മുട്ടുകാലിൽ നിന്നു കൊണ്ട് തന്നെചൊല്ലിത്തീർക്കേണ്ടി വന്ന കാര്യം, ഇടയ്ക്കിടെ ഓർത്തു നെടുവീർപ്പിടാറുണ്ടെന്നും പിന്നീട് കത്ത് എന്ന് കേൾക്കുമ്പോഴെ, അറിയാതെ തന്നെ ‘ഹല്ലേലൂയ’ എന്ന് പറഞ്ഞു പോകുമായിരുന്ന സ്ഥിതിവിശേഷം കുറെ വർഷങ്ങളോളം പിന്തുടർന്നിരുന്നു എന്നും പറഞ്ഞു കൊണ്ടാണ് ഈ കഥ അവസാനിക്കുന്നത്.

ഇപ്പോൾ, ഞാൻ ഡയറിയെഴുതുമ്പോൾ, ആർക്കോ പോലെയുള്ള കത്തുകൾ പോലെയാണ് എഴുതുന്നതെന്ന് ഈയിടയ്ക്കാണ് ശ്രദ്ധിക്കാൻ തുടങ്ങിയത്.
ആരോ വായിക്കുമെന്നും നമ്മൾ ചോദിക്കുന്നതിനുള്ള മറുപടി കിട്ടുമെന്നും ഒക്കെ പ്രതീക്ഷിച്ചുള്ള കത്തുകൾ.

അതിൽ പപ്പയ്ക്കുള്ള കത്തുകളുണ്ട്, സുഹൃത്തുക്കൾക്കുള്ളതുണ്ട്.
പ്രിയപ്പെട്ടവരെന്നു കരുതുന്നവർക്കുണ്ട്. മകനു വേണ്ടിയുള്ളത്..

ചിലപ്പോഴെല്ലാം എനിക്കു വേണ്ടിയെഴുതുന്നവയുണ്ട്. എത്രയും സ്നേഹപൂർവ്വം, എന്നോട് തന്നെ സംസാരിക്കുന്ന കത്തുകൾ…

Read More: ദിവ്യ ജോസ് എഴുതിയ മറ്റു കുറിപ്പുകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Get the latest Malayalam news and Features news here. You can also read all the Features news by following us on Twitter, Facebook and Telegram.

Web Title: Lost art of writing letters memories

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express