Latest News

നൂലറ്റ പട്ടങ്ങൾ പാർക്കുന്നത് എവിടെയായിരിക്കും?

സ്വതന്ത്രമായി അയച്ചുകൊടുക്കുന്തോറും പട്ടങ്ങൾ കൂടുതൽ കൂടുതൽ ഉയരത്തിലേക്ക് പറന്നുയരുകയും അവരവരിലേക്ക് തന്നെ തിരികെ വന്നണയുകയും ചെയ്തു. ആ പട്ടംപറത്തൽ ദിവസങ്ങളിൽ ഞാൻ എന്തൊക്കെയോ പഠിച്ചു. സ്നേഹത്തിന്റെയും വിട്ടുകൊടുക്കലിന്റെയും കാര്യത്തിൽ ജീവിതത്തിൽ പ്രയോഗിക്കേണ്ട ചില വലിയ പാഠങ്ങൾ

memories, ഓര്‍മ്മ, village life, Childhood, ബാല്യകാലം, രഹന താലിബ്, Rahna Thalib,രഹന താലിബ്, features, ie Malayalam, ഐഇ മലയാളം,

നിങ്ങൾ എപ്പോഴെങ്കിലും ഒരു പട്ടം പറത്തിയിട്ടുണ്ടോ? കൊയ്ത്തു കഴിഞ്ഞ പാടത്ത് കൂട്ടുകാരുമായി ചേർന്ന് പട്ടം പറത്തുന്ന മത്സരം സംഘടിപ്പിച്ചിട്ടുണ്ടോ? വിരലിൽ നിന്നും ചരട് അയച്ചുകൊടുക്കുന്നതിനൊപ്പം ആകാശനീലിമയിലേക്ക് പൊന്തി ഉയരുന്ന പട്ടത്തെ അഭിമാനപൂർവം നോക്കി നിന്നിട്ടുണ്ടോ? കാറ്റിന്റെ ഗതിയും വേഗതയും മാറുമ്പോഴൊക്കെയും എവിടെയും പോയി തട്ടല്ലേ, അതിരിലെ മരക്കൊമ്പുകളിൽ ഉടക്കല്ലേ എന്നൊക്കെയുള്ള പ്രാർത്ഥനയോടെ, ഹൃദയാവേഗത്തോടെ, പട്ടം സുരക്ഷിതമായി തിരികെയെത്താൻ കാത്തുനിന്നിട്ടുണ്ടോ?

വിവിധ ആകൃതിയിലും വലുപ്പത്തിലുമുള്ള പട്ടങ്ങളുണ്ടാക്കാനും പറപ്പിക്കാനും സമർത്ഥനായിരുന്നു ഷക്കീർ. വർണ്ണക്കടലാസുകളും ഈർക്കിലിയും പശയും ഉപയോഗിച്ച് നിമിഷങ്ങൾ കൊണ്ട് പട്ടങ്ങളുണ്ടാക്കി അവൻ ഞങ്ങളെ വിസ്മയിപ്പിച്ചു. ചിറകിലും വാലിലും തൊങ്ങലുകൾ പിടിപ്പിച്ച, ചിത്രങ്ങൾ വരച്ചു ചേർത്ത, ആരെയും മോഹിപ്പിക്കുന്ന പട്ടങ്ങൾ.
പല തവണ അവനിൽ നിന്നും പട്ടമുണ്ടാക്കുന്ന വിദ്യ സ്വായത്തമാക്കാൻ ഞാൻ ശ്രമിച്ചിരുന്നുവെങ്കിലും അമ്പേ പരാജയപ്പെട്ടു.

അവനും കൂട്ടുകാരും കൂടെ പട്ടം പറപ്പിക്കാൻ പാടത്തേക്ക് പോയപ്പോഴൊക്കെ ഞാനും കൂടെ പോയി. കൈതകൾ പൂക്കുന്ന തോട്ടുവക്കിൽ നിന്നുകൊണ്ട് അവർ മത്സരിച്ച് പട്ടം പറത്തി. ചരട് കയ്യിൽ പിടിച്ചുവെക്കുന്തോറും ഉയരാനാവാതെ പട്ടം നിശ്ചലമാകുമെന്നും ചരടു പൊട്ടി താഴേക്ക് വീണേക്കാമെന്നും ഞാൻ മനസ്സിലാക്കി. സ്വതന്ത്രമായി അയച്ചുകൊടുക്കുന്തോറും പട്ടങ്ങൾ കൂടുതൽ കൂടുതൽ ഉയരത്തിലേക്ക് പറന്നുയരുകയും അവരവരിലേക്ക് തന്നെ തിരികെ വന്നണയുകയും ചെയ്തു. ആ പട്ടംപറത്തൽ ദിവസങ്ങളിൽ ഞാൻ എന്തൊക്കെയോ പഠിച്ചു. സ്നേഹത്തിന്റെയും വിട്ടുകൊടുക്കലിന്റെയും കാര്യത്തിൽ ജീവിതത്തിൽ പ്രയോഗിക്കേണ്ട ചില വലിയ പാഠങ്ങൾ!

memories, ഓര്‍മ്മ, village life, Childhood, ബാല്യകാലം, രഹന താലിബ്, Rahna Thalib,രഹന താലിബ്, features, ie Malayalam, ഐഇ മലയാളം,

എന്നേക്കാൾ മൂന്നുവയസ്സിന് മൂപ്പുണ്ടായിരുന്നു അവന്. ബാല്യത്തിൽ ചിറയങ്കാടുള്ള ഉമ്മാടെ വീട്ടിൽ ഉമ്മാടെ ജ്യേഷ്ഠത്തിക്കും അനിയത്തിമാർക്കുമൊപ്പം അവരുടെ അരുമയായി വളർന്ന അവൻ ആ നാട്ടുകാർക്കും ഏറെ പ്രിയങ്കരനായിരുന്നു. മഹാമാരി കേരളത്തിൽ പടരുന്നതിന് തൊട്ടുമുൻപ് ഞാൻ ചിറയങ്കാട് പോയിരുന്നു. പതിവുപോലെ ഞാൻ കടവത്തേക്കിറങ്ങി. പാടത്തേക്കുള്ള വഴിയിൽ കണ്ട മുഖങ്ങൾ പലതും പരിചിതമായിരുന്നില്ല.

എങ്കിലും തിരികെ വരുമ്പോഴേക്കും ‘ആരാദ്, ഉമ്മൂന്റെ മോളല്ലേ…’ എന്നും പറഞ്ഞ് എന്നോട് വിശേഷങ്ങൾ ചോദിക്കാൻ മൂന്നാലു പേർ അവരവരുടെ വീടുകളുടെ അരമതിലിനപ്പുറവും റോഡിലുമായി കാത്തുനിന്നിരുന്നു. ‘ഉമ്മൂനിപ്പോ വയ്യായ്ക ഒന്നുമില്ലല്ലോ, മോൾക്കെത്ര മക്കളായി,’ എന്നൊക്കെയും ചോദിക്കുന്ന കൂട്ടത്തിൽ ‘ഞങ്ങടെ മോൻ, ഷക്കീറ് മരിച്ചിട്ടിപ്പോ എത്ര കൊല്ലമായി മോളേ,’ എന്നവരിൽ ചിലർ നെടുവീർപ്പിട്ടു. അവനെ കുറിച്ചുള്ള ഓർമകൾ അവരിലും മാഞ്ഞിട്ടില്ലല്ലോ എന്ന് ഞാൻ ഉള്ളാലെ നൊന്തു.

ജീവിച്ചിരുന്നപ്പോൾ അവനെനിക്ക് എത്രമാത്രം പ്രിയപ്പെട്ടവനായിരുന്നു എന്ന് എനിക്കത്ര തിട്ടമില്ല. അവന്റെ രോഗവും മരണവും ആ സമയത്ത് പതിനൊന്നു വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന എന്നെ അത്രയധികമൊന്നും സ്പർശിച്ചതില്ല. എന്നാൽ പ്രായമേറുന്തോറും അവന്റെ ഇല്ലായ്മ സൃഷ്‌ടിച്ച ശൂന്യത വലുതായിക്കൊണ്ടിരുന്നു.

മുപ്പത്തിയൊന്ന് വർഷങ്ങൾക്കിപ്പുറം, കോവിടെന്ന മഹാമാരി തീർത്ത തടവിലിരുന്ന്, തുറന്നിട്ട ജാലകത്തിലൂടെ കർക്കിടകപ്പെരുമഴപ്പായ നിവരുന്നതും ചുരുളുന്നതും നോക്കി, എന്തിനെന്നില്ലാതെ നിറയുന്ന മിഴികളുമായി ഞാനവനെ ഏറ്റവും സ്നേഹത്തോടെ, നീറുന്ന നഷ്ടബോധത്തോടെ ഓർത്തെടുക്കുന്നു.

memories, ഓര്‍മ്മ, village life, Childhood, ബാല്യകാലം, രഹന താലിബ്, Rahna Thalib,രഹന താലിബ്, features, ie Malayalam, ഐഇ മലയാളം,
ലേഖികയും സഹോദരനും

അവനെ ഇക്ക എന്ന് വിളിച്ച ഓർമ എനിക്കില്ല. എന്തായിരുന്നു പിന്നെ ഞാൻ അവനെ വിളിച്ചുകൊണ്ടിരുന്നത്? അതും എനിക്ക് ഓർമയില്ല. ‘ടാ,’ ‘നീ’ എന്നൊക്കെ ആയിരിക്കണം.

മൃഗങ്ങളെയും പക്ഷികളെയും മരങ്ങളെയും അവൻ ഒരുപാട് സ്നേഹിച്ചിരുന്നു.
‘പറവ’ എന്ന സിനിമ തിയേറ്ററിൽ കണ്ടുകൊണ്ടിരുന്നപ്പോൾ അവനെ ഓർമ വന്ന് എന്റെ നെഞ്ച് കീറിമുറിഞ്ഞു. ഹസീബിന്റെയും ഇച്ചാപ്പിയുടെയും നടത്തത്തിലും വർത്തമാനത്തിലും പ്രവൃത്തികളിലും അവന്റെ ബാല്യകാല സ്മരണകൾ തെളിഞ്ഞു തെളിഞ്ഞു വന്ന് എന്റെ ചങ്ക് കടഞ്ഞു.

ഒരുപാട് പ്രാവുകളെ അവനും വളർത്തിയിരുന്നു. തക്കാളിപ്പെട്ടികൾ കൊണ്ട് കൂടൊരുക്കിയാണ് ടെറസിനു മുകളിൽ പ്രാവുകളെ പാർപ്പിച്ചിരുന്നത്. എവിടെയെങ്കിലും പോയി തിരികെ വരുമ്പോൾ പലപ്പോഴും കയ്യിലൊരു പ്രാവുണ്ടാകും. പിന്നെ, പിന്നെ പ്രാവുകളുടെ എണ്ണം കൂടിക്കൂടി വന്നു. ഒപ്പം ലവ്ബേർഡ്സും മുയലുകളും നായക്കുട്ടിയും വീട്ടിലെ അംഗങ്ങളായി. വലതുഭാഗത്തെ മുറ്റത്ത് ലാങ്കി മരത്തിനും പേരയ്ക്കും ചുവട്ടിലായി പട്ടികയും നെറ്റും കൊണ്ട് പല വലുപ്പത്തിലുള്ള കള്ളികളിൽ അവർക്കുള്ള കൂടൊരുങ്ങി. മുകൾനിലയിലായിരുന്നു പ്രാവുകൾ. ആ ദിവസങ്ങളിലൊന്നും അവൻ സ്കൂളിൽ പോയതേയില്ല. പ്രാവുകൾക്ക് തീറ്റ കൊടുക്കുന്നതിലും മുയലുകളെയും നായയെയും ലാളിക്കുന്നതിലും അവൻ സന്തോഷം കണ്ടെത്തി. ‘കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ…’ എന്ന മോഹൻലാൽ പാട്ട് അവൻ എല്ലായ്പ്പോഴും മൂളിനടന്നു.

memories, ഓര്‍മ്മ, village life, Childhood, ബാല്യകാലം, രഹന താലിബ്, Rahna Thalib,രഹന താലിബ്, features, ie Malayalam, ഐഇ മലയാളം,

ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിച്ചിരുന്ന ഞാൻ രാത്രികളിൽ പാഠപുസ്തകങ്ങൾ മറിച്ചുനോക്കി പിറ്റേ ദിവസത്തേക്കുള്ള ഹോംവർക്ക്‌ ചെയ്യുമ്പോൾ ഉമ്മ അവനോടും പഠിക്കാൻ പറയും. പഠിച്ചിട്ടെന്താക്കാൻ എന്ന ഭാവത്തിൽ ഒരു തമാശ കേൾക്കുന്നത്രയും ലാഘവത്തോടെ അവൻ ഉമ്മയെ നോക്കും. പഠിപ്പുകാരി എന്ന കളിയാക്കലോടെ എന്നെയും പാളിനോക്കും. കൊച്ചന്നൂർ ഗവൺന്മെന്റ് ഹൈസ്കൂളിലായിരുന്നു അവൻ പഠിച്ചിരുന്നത്. പഠിക്കാൻ അത്ര മിടുക്കില്ലാത്തവർക്ക് പഠിക്കുന്നവരെ കാണുമ്പോൾ ഉള്ള ഒരു നിസ്സംഗഭാവമുണ്ട്. അതവനിൽ എല്ലായ്പ്പോഴും പ്രകടമായിരുന്നു.

ഏറെ മിതത്വത്തോടെയും പക്വതയോടെയുമായിരുന്നു അവന്റെ ജീവിതം. പെരുന്നാളോ വേണ്ടപ്പെട്ടവരുടെ കല്യാണമോ വരുമ്പോൾ ഉമ്മ തോൽപ്പെട്ടിയിൽ സൂക്ഷിച്ച, ഉപ്പ കൊണ്ടുവന്ന തുണിത്തരങ്ങൾ പുറത്തെടുക്കും. ഓരോരുത്തർക്കുമുള്ളത് തയ്പ്പിക്കാൻ ടെയ്ലർ ബാലേട്ടനെ വീട്ടിൽ വിളിച്ചുവരുത്തും. അളവുകൊടുക്കാൻ അവൻ മാത്രം സമ്മതിക്കില്ല. ആവശ്യത്തിനുള്ളത് ഉണ്ടെന്ന് പറഞ്ഞൊഴിയും. മറ്റുള്ളവരുടെ അളവുകളെടുത്ത് തുണിയും വാങ്ങി ബാലേട്ടൻ പോകുന്നത് വരെ ഉമ്മ അവനെ നിർബന്ധിച്ചുകൊണ്ടിരിക്കും.

കളി. കിളികൾ. മരങ്ങൾ നടൽ. ഇതൊക്കെയായിരുന്നു അവനെന്നും പ്രിയമുള്ള കാര്യങ്ങൾ. ആവുന്നിടത്തെല്ലാം അവൻ മരത്തൈകൾ നട്ടു.

കുട്ടീംകോലും, ഉപ്പും പക്ഷി, കബഡി എന്നിവക്കൊപ്പം ഫുട്ബോളും ബാഡ്മിന്റണും കളിക്കുമായിരുന്നു. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇടയ്ക്കൊരു ദിവസം വൈകുന്നേരം കളിക്കിടയിൽ അവൻ നടുവേദനയുണ്ടെന്ന് പറഞ്ഞു വീട്ടിൽ വന്നു. ഡോക്ടറെ കാണിച്ചു മാറാതെ ആയപ്പോൾ എക്സ്റേ എടുത്തു. പിന്നെ സ്കാനിങ്. ഒടുവിൽ വേദന തീർക്കുന്ന വില്ലനെ കണ്ടെത്തി. ട്യൂമർ ആയിരുന്നു. ആ അസുഖത്തിന്റെ ഗൗരവം അറിയാനുള്ള പ്രായമെനിക്കുണ്ടായിരുന്നില്ല. അവനും.

ശ്രീചിത്രയിൽ നിന്നായിരുന്നു സർജറി. ചെറിയ സൂചി കണ്ടാൽ പോലും പേടിയായിരുന്ന അവൻ സർജറി വേണമെന്നറിഞ്ഞതോടെ ഏറ്റവും മുകളിലെ നിലയിലേക്ക് കോണിപ്പടികൾ കേറി ഓടിപ്പോയതും എല്ലാവരും പേടിച്ചു പിറകെ ഓടിപ്പിടിച്ചതും ഉമ്മ പറയുന്നത് പിന്നീട് കേട്ടിട്ടുണ്ട്. നട്ടെല്ലിലെ മുഴ നീക്കിയെങ്കിലും അവന്റെ രോഗം കുറഞ്ഞില്ല. ആശുപത്രിയിൽ നിന്നും ആശുപത്രികളിലേക്ക് അവർ പോയിക്കൊണ്ടിരുന്നു. ഞാനും അനിയനും ബന്ധുവീടുകളിൽ കഴിഞ്ഞു.

പിന്നീടെപ്പോഴോ ആശുപത്രിപ്പോക്ക് കുറഞ്ഞുവന്നു. അപകടകാരികളായ കോശങ്ങൾ കണ്ണുകളിലേക്കും പിന്നീട് നെഞ്ചിലേക്കും പടർന്നിരുന്നു. വീട്ടിൽ എല്ലായ്പ്പോഴും ആളുകളുണ്ടായിരുന്നു. കളിക്കാൻ കൂട്ടുകാരെ കിട്ടിയ സന്തോഷത്തിൽ ഞാൻ വരാനിരിക്കുന്ന നഷ്ടത്തിന്റെ ആഴമറിയാതെ സദാ കളിച്ചുനടന്നു. അടച്ചിട്ട അപ്പുറത്തെ മുറിയിൽ അവൻ വേദന കൊണ്ട് പിടയുമ്പോഴും ഞങ്ങൾ കുട്ടികൾ ഇപ്പുറത്തിരുന്ന് കളികളിൽ മുഴുകി. ബഹളം മൂത്തപ്പോൾ ഉപ്പയും ഉമ്മയും ഇടയ്ക്ക് എന്നെ പിടിച്ച് തല്ലി.

ഹജ്ജ് പെരുന്നാളിന്റെ സമയം. അപ്പോഴേക്കും അവന്റെ ഒരു കണ്ണ് മുഴുവനായും പുറത്തേക്ക് വന്നിരുന്നു. ഡ്രസ്സ്‌ ചെയ്യാൻ നേഴ്സ് വീട്ടിൽ വന്നു.

memories, ഓര്‍മ്മ, village life, Childhood, ബാല്യകാലം, രഹന താലിബ്, Rahna Thalib,രഹന താലിബ്, features, ie Malayalam, ഐഇ മലയാളം,

മൂന്നാം പെരുന്നാളിന് ഉച്ചക്ക് ഞാൻ ഭക്ഷണം കഴിച്ച് കൂട്ടുകാരോടൊപ്പം അപ്പുറത്തെ വീട്ടിൽ ഒളിച്ചു കളിക്കുകയായിരുന്നു. കയ്യാലക്കു പുറകിൽ ഒളിച്ചിരുന്ന ഞാൻ വീട്ടിൽനിന്നും ഉയർന്ന കരച്ചിൽ കേട്ട് കളി മതിയാക്കി വീട്ടിലേക്കോടി. ഉമ്മ നെഞ്ച് പൊട്ടി കരയുന്നത് കേട്ട് അന്ധാളിച്ചുനിന്നു. അവൻ കിടന്നിരുന്ന മുറിയിലേക്കെത്തി നോക്കി. അന്നേരം ഉപ്പ സങ്കടം അടക്കിപ്പിടിച്ച് അവന്റെ മരണാനന്തര ശുശ്രൂഷകൾ ചെയ്യുകയായിരുന്നു. ഉമ്മക്കരികിലിരുന്ന് ഞാനും ഒരുപാട് കരഞ്ഞു. അധികം വൈകാതെ ആളുകൾക്കൊപ്പം ചന്ദനത്തിരിയുടെയും കുന്തിരിക്കത്തിന്റെയും ഗന്ധം വീടിനെ പൊതിഞ്ഞു.

പതിനാലുവയസ്സ് വരെ വളർത്തിയ മകൻ ഒൻപത് മാസങ്ങൾ നീണ്ട രോഗപീഡകൾക്കു ശേഷം മണ്ണിൽ ചേരുമ്പോൾ എങ്ങനെയാണ് ഉമ്മ ആ സങ്കടം സഹിച്ചിട്ടുണ്ടാവുക? എങ്ങനെയാണ് സാധാരണ ജീവിതത്തിലേക്ക് അവർ മടങ്ങിയിട്ടുണ്ടാവുക? ഒന്നുറപ്പാണ്. കാലം വേദനയെ ശമിപ്പിക്കുമെങ്കിലും, വേണ്ടപ്പെട്ടവരുടെ മരണം ഒരാളെയും പഴയ പടിയാക്കുന്നില്ല.

എന്റെ സുഹൃത്തിന്റെ ബന്ധുവായ ഒരാൾ ഇതുപോലെ പക്ഷിമൃഗാദികളെ ഒരുപാട് സ്നേഹിച്ചിരുന്നുവെന്ന് അവൾ ഒരിക്കൽ പറഞ്ഞു. രാവിലെ എവിടുന്നൊക്കെയോ പറന്നുവരുന്ന കിളികൾക്കും മരങ്ങളിൽ നിന്നിറങ്ങി വരുന്ന അണ്ണാറക്കണ്ണൻമാർക്കും ഇട്ടുകൊടുക്കാൻ വേണ്ടി മാത്രം അയാൾ ഒരു കുറ്റിപ്പാത്രം നിറയെ കടലയുള്ള മിക്സ്‌ചർ വാങ്ങി സൂക്ഷിക്കുമായിരുന്നു. മക്കൾ ആ പാത്രത്തിൽ നിന്നും കടല പെറുക്കിതിന്നുമ്പോൾ അണ്ണാൻ പിന്നെ എന്തു തിന്നും, നിങ്ങൾ വേണമെങ്കിൽ വേറെ വാങ്ങി വെച്ച് കഴിച്ചോളൂ എന്നു പറഞ്ഞ് അയാൾ വിലക്കുമായിരുന്നു. രാവിലെ മുറ്റം നിറയെ വന്നു ചേരുന്ന അനേകമനേകം കിളികൾക്കും അണ്ണാറക്കണ്ണന്മാർക്കും തീറ്റ കൊടുക്കുന്നതിന്റെ സന്തോഷം അയാൾക്ക് അത്രയും വിലപ്പെട്ടതായിരുന്നു. കുറേ നാൾ കഴിഞ്ഞ് അദ്ദേഹം മരിച്ചു. പിന്നെ പിന്നെ കിളികൾ വരാതായി. രാവിലെ ഉണർന്നിരുന്ന സംഗീതം ഇല്ലാതായി.

അവൻ മരിച്ചു ദിവസങ്ങൾ കഴിയുമ്പോഴേക്കും മുറ്റത്തെ കൂടുകളൊക്കെയും ഒഴിയാൻ തുടങ്ങി. പ്രാവുകൾ എങ്ങോ പറന്നുപോയി. കിളികളും മുയലുകളും ഓരോന്നായി ചത്തൊടുങ്ങി. രാത്രി വിട്ടയച്ച നായ തിരികെ വന്നില്ല. പക്ഷിമൃഗാദികൾക്കും ദുഃഖമുണ്ട് എന്നെനിക്ക് ഉറപ്പ് തോന്നി.

കാലത്തിനിപ്പുറമിരുന്ന്, ആറുവയസ്സുകാരിയുടെ നിഷ്കളങ്കതയോടെയാണെങ്കിൽ കൂടെ പറഞ്ഞു പോയ ഒരു വലിയ നുണയോർത്ത് ഞാൻ ഖേദിക്കുന്നു.

ഉമ്മാടെ വീട്ടിൽ നിന്നായിരുന്നു ഞാൻ രണ്ടാംക്ലാസ്സ്‌ വരെ പഠിച്ചത്. അവധിയെടുത്താൽ നിർബന്ധമായും ലീവ് ലെറ്റർ കൊണ്ടുവരണമെന്ന് ടീച്ചർ പറഞ്ഞിരുന്നു. എന്നാൽ ഒരിക്കൽ എന്തോ ആവശ്യത്തിന് വീട്ടിൽ പോയി അവധിയെടുത്ത് തിരികെ വന്ന ഞാൻ ലീവ് ലെറ്റർ കൊണ്ടുപോയിരുന്നില്ല. മറ്റൊരു കുട്ടി കൂടെ ആ ദിവസം മുടങ്ങിയിരുന്നു. മുടങ്ങാനുള്ള കാരണം അന്വേഷിച്ചപ്പോൾ ആരോ മരിച്ചെന്നാണ് ആ കുട്ടി ഉത്തരം പറഞ്ഞത്. അതുകേട്ട് ഞാനും എന്റെ ഇക്ക മരിച്ചുപോയെന്ന് സങ്കടഭാവത്തോടെ നുണ പറഞ്ഞു. ടീച്ചർ വിശ്വസിച്ചോ എന്നറിയില്ല. പിന്നീടൊന്നും ചോദിച്ചില്ല. എന്നാൽ സ്കൂളിൽനിന്നും കൂട്ടിക്കൊണ്ടു പോകാൻ വന്ന അയൽവാസിയായ ഷൈലേച്ചിയോട് ടീച്ചർ ഈ വിവരം പറഞ്ഞു. അത് കുഞ്ഞിമ്മാടെ ചെവിയിൽ എത്തുകയും കിണറ്റിൻകരയിലെ തളത്തിൽ വെച്ച് കുഞ്ഞിമ്മ എന്നെ എന്തോ കമ്പെടുത്ത് നല്ലോണം തല്ലിയതും എനിക്കോർമയുണ്ട്. എന്തു കൊണ്ടാണങ്ങിനെ അത്രേം വലിയ നുണ എന്റെ വായിൽ വന്നതെന്ന് എനിക്കിപ്പോഴുമറിയില്ല. അറിയാതെ പറഞ്ഞുപോയ വാക്കുകളുടെ അർത്ഥം അഞ്ചുവർഷങ്ങൾക്കു ശേഷം ശരിയായിപ്പോയതിൽ പിന്നീടെല്ലായ്പ്പോഴും ഞാൻ സങ്കടപ്പെട്ടു.

memories, ഓര്‍മ്മ, village life, Childhood, ബാല്യകാലം, രഹന താലിബ്, Rahna Thalib,രഹന താലിബ്, features, ie Malayalam, ഐഇ മലയാളം,

അവന് പിറകെ എന്ന പോലെ ഒൻപത് വർഷങ്ങൾക്ക് ശേഷം ഉപ്പയും പോയി. ഒരിക്കൽ കൂടെ വീട്ടിൽ മരണത്തിന്റെ ഗന്ധം പടർന്നു. ആകസ്മികമായിരുന്നു ആ വേർപാട്. ഉറപ്പിച്ചു വെച്ചിരുന്ന എന്റെ വിവാഹം കഴിഞ്ഞിരുന്നില്ല. ജീവിതത്തിന്റെ ആ സന്ദിഗ്ദ്ധഘട്ടത്തിൽ, തീരുമാനങ്ങളൊന്നും തന്നെ എടുക്കാൻ കഴിയാതെ ഉമ്മ തളർന്നിരുന്നു. ഒന്നും ഒന്നിനും പകരമാവില്ലെങ്കിൽ പോലും, അവൻ ഉണ്ടായിരുന്നെങ്കിൽ ഉമ്മാടെ ആധികൾ എത്രയോ കുറഞ്ഞിരുന്നേനെ എന്നെനിക്ക് അപ്പോഴൊക്കെ തോന്നി. പൊടുന്നനെ പടർന്ന ഇരുളലകളെ മായ്ക്കാൻ ഒരു പരിധി വരെ അവന്റെ സാന്നിധ്യത്തിന് സാധിച്ചിരുന്നേനെ എന്നും.

Read More: രഹ്ന താലിബിന്റെ മറ്റ് രചനകൾ വായിക്കാം

അവൻ ഉണ്ടായിരുന്നെങ്കിൽ എങ്ങനെയായിരുന്നേനെ അവനെന്ന് ഞാൻ ഇടയ്ക്കിടെ ഓർക്കാറുണ്ട്. ഞാൻ എങ്ങനെയായിരുന്നേനെ എന്നും. വയസ്സേറി വരുന്തോറും അവന്റെ ഇല്ലായ്മ ഓർത്തെന്റെ നെഞ്ച് നീറുന്നു.

ഈയിടെയായി ഒരു പട്ടം നൂലറ്റ് ആകാശച്ചെരുവിലേക്ക് പാറി അകലുന്നത് ആവർത്തിച്ചാവർത്തിച്ച് ഞാൻ സ്വപ്നം കാണുന്നു. പട്ടം മടങ്ങിവരുന്നതും കാത്ത് ഞാൻ പാടവരമ്പിലിരിക്കുന്നു. നേരം പോകെ, സാന്ദ്രമായ ഇരുട്ട് എനിക്ക് ചുറ്റും പരക്കുന്നു. പതിയെ ആകാശക്കോണിൽ ചന്ദ്രൻ തെളിയുന്നു. നിലാവിനൊപ്പം മിന്നാമിന്നികൾ വന്ന് എന്നെ പൊതിയുന്നു.

മരിച്ചു പോയാലും ചിലർ ഇല്ലാതാകുന്നില്ല. നമ്മുടെ കണ്മുന്നിൽ നിന്ന് ഇല്ലാതാകുന്നു എന്നു മാത്രം.

ആരുമായും ഇനിയും പങ്കുവെയ്ക്കാത്ത ഒരോർമ്മ ഇറുകെ പിടിച്ചാണ് എന്നും നമ്മുടെ ഓരോരുത്തരുടെയും ജീവിതവഴികൾ. ഉള്ളിലെങ്ങും കൊള്ളാത്ത ഓർമ്മകൾ, എന്നാലോ ഉള്ളിലേക്ക് കൊള്ളുന്ന ഓർമ്മകൾ… ഓർമ്മയുടെ ഞരമ്പിലെ ആ ഒരേട്, അത് ചിരിയാവാം, കരച്ചിലാവാം, നവരസങ്ങളെയും പിന്നിലാക്കുന്ന എന്തോ ഒന്നാവാം. ആരുടെയെല്ലാമോ ഉള്ളിലേക്ക് ചെന്ന് കൊള്ളുന്ന വിധം ഒരോർമ്മ പകർത്തി, ഭാരമെഴിഞ്ഞ് വീണ്ടും നമുക്ക് നാളെകളിലേക്ക് നടന്നുകയറാം. ഓർമ്മയെഴുതാനായി ഓരോരുത്തയരെയും ക്ഷണിക്കുന്നു. ഓർമ്മകൾക്ക് പാർട്ടിയോ ലിംഗമോ പദവിയോ ഇല്ലല്ലോ… ഓർമ്മകൾക്ക് ഒരിക്കലും പഞ്ഞവും ഇല്ലല്ലോ, ഒരിടത്തും, ആർക്കും…

Get the latest Malayalam news and Features news here. You can also read all the Features news by following us on Twitter, Facebook and Telegram.

Web Title: Loss of sibling and lingering memories rahna thalib

Next Story
ചിത്രശലഭങ്ങള്‍ക്കൊരു വീട്Butterflies, Hariharan Subhramanian photography
The moderation of comments is automated and not cleared manually by malayalam.indianexpress.com