ലണ്ടൻ നഗരത്തിൽനിന്നും ട്രെയിനിൽ അര മണിക്കൂർ അകലെ ഒരു ചെറു ടൗൺ. നേർത്ത തേങ്ങലു പോലെ മഴ ചാറി കൊണ്ടിരുന്ന ഒരു രാത്രിയാണ് ഞാൻ അവിടെയെത്തുന്നത്. നീണ്ട യാത്ര കഴിഞ്ഞ ക്ഷീണമുണ്ടെങ്കിലും ഒരു വിദേശരാജ്യത്ത് എത്തിയതിന്റെ ആവേശത്തിലാണ്. തണുപ്പിന്റെയാവണം, നല്ല വിശപ്പ്! അടുത്ത ദിവസം രാവിലെ തന്നെ ഓഫീസിൽ റിപ്പോർട്ട് ചെയ്യണം. ഇവിടൊക്കെ അതിരാവിലെ തന്നെ ഓഫീസ് തുടങ്ങും. നേരത്തെ അന്വേഷിച്ചു വച്ചതാണ്, എന്നാലും തീർത്തും അപരിചിതമായ ദേശത്തു പോകേണ്ട ദിശയെങ്കിലും നേരിട്ട് ഒന്നറിഞ്ഞുവെക്കണം. നൂല് പോലെ പെയ്യുന്ന മഴയെ അവഗണിച്ചു പുറത്തിറങ്ങാൻ തീരുമാനിച്ചു. അധികം വൈകിയിട്ടില്ലെങ്കിലും തെരുവുകൾ മിക്കവാറും വിജനമാണ്. കുറച്ചകലെ കണ്ട വെളിച്ചം നാവികനെ ദീപസ്തംഭം എന്ന പോലെ മാടി വിളിച്ചു. വെളിച്ചമുള്ളിടത്ത് ചൂടും കാണും! നിലക്കാത്ത മഴയും തണുപ്പും നടത്തത്തിനു വേഗം നൽകി. ഹോട്ടലുകൾ വൈകിയും തുറന്നിരിക്കുമെന്നു കേട്ടിരുന്നു. മക്‌ഡൊണാൾഡ്‌സ് അല്ലെങ്കിൽ കെ ഫ് സി – അതാണ് പ്രതീക്ഷിച്ചത്. എന്നാൽ കടകളുടെ ക്രമീകരണം ടാറ്റൂ പാർലർ, ഇന്ത്യൻ റെസ്റ്റോറന്റ്, ഡ്രൈ ക്ലീനിങ് കട, ഇന്ത്യൻ റെസ്റ്റോറന്റ്, ദന്തൽ ക്ലിനിക്, ഇന്ത്യൻ റസ്റ്റോറന്റ്, എന്ന മാതിരിയാണ്.

london eye, pramal, travel, novel,

തെംസിന്റെ തെക്കേ കരയിലെ  ലണ്ടൻ ഐ

റസ്റ്റോറെന്റുകൾ മാത്രമാണ് തുറന്നിരിക്കുന്നത്. അന്യ നാട്ടിൽ നിറച്ചും ഇന്ത്യൻ ഭക്ഷണശാലകൾ. ഇതിൽപ്പരം എന്ത് വേണം. കൗണ്ടറിൽ ഇന്ത്യൻ വംശജൻ ഇരിക്കുന്ന അടുക്കള [Kitchen] എന്ന് പേരുള്ള ടേക്ക് എവേ കടയിലേക്ക് കയറി. മെനു കാർഡിൽ നിന്നും കുറച്ചു പരിചയം തോന്നിച്ച ഒരൈറ്റം പറഞ്ഞു. ഭക്ഷണ പൊതിഞ്ഞു കിട്ടാനുള്ള കാത്തിരിപ്പിനിടയിൽ കൗണ്ടറിൽ ഇരുന്ന ഇന്ത്യൻ സഹോദരനോട് ലോഹ്യം പറയാമെന്നുവച്ചു. അയാൾ നല്ല ഇംഗ്ലീഷ് അക്‌സെന്റിൽ തന്നെ സംസാരിച്ചു. കഷ്ടപ്പെട്ടാണ് പറഞ്ഞത് പിടികിട്ടിയത്. ആൾ ഇന്ത്യൻ വംശജനല്ല. ബംഗ്ലാദേശ് വംശജനാണ്. മൂന്നാം തലമുറയാണ് ആശാൻ. അകലകാഴ്ച മനുഷ്യനെ വിശാലമനസ്കനാക്കുമെന്നു തോന്നുന്നു. ബംഗ്ലാദേശിയെങ്കിൽ ബംഗ്ലാദേശി. പറഞ്ഞു വരുമ്പോൾ ഒരു തറവാട്ടുകാർ തന്നെ. ഭാഗം പിരിഞ്ഞെന്നുവെച്ച് അന്യനൊന്നുമാവില്ല. ഏതായാലും ഓഫീസിലേക്ക് പോകേണ്ട വഴിയും മൊബൈൽ ഫോൺ സിം കിട്ടുന്നു കടയുമെല്ലാം സൗത്ത് ഏഷ്യൻ സഹോദരൻ പറഞ്ഞു തന്നു. പൊതിഞ്ഞുകിട്ടിയ ഭക്ഷണം എനിക്ക് പരിചയമുള്ള ഇന്ത്യയുടെ ഭാഗത്തെങ്ങും കിട്ടുന്നതല്ല. ചിലപ്പോൾ ബംഗ്ലാ ഫുഡ് ആവും.

അടുത്ത ദിവസം സർവീസ് അപ്പാർട്മെന്റിൽ തങ്ങുന്ന മറ്റു ചില ഇന്ത്യക്കാരെ പരിചയപ്പെട്ടു. ഇന്ത്യയുടെ പലഭാഗത്തുന്നുള്ളവർ. ഐടി ക്കാരാണ് കൂടുതൽ. ഈ കൊച്ചു ടൗണിൽ പല ബഹുരാഷ്ട്ര കമ്പനികളും ഓഫീസ് വച്ചിട്ടുണ്ട്. പല രാജ്യങ്ങളിൽ നിന്നുള്ളവർ കുടിയേറി താമസിക്കുന്നു, ജോലിക്കായി വന്നു പോകുന്നു. പ്രാതൽ കഴിഞ്ഞു ബസ്സ് സ്റ്റോപ്പിനടുത്തുള്ള സൂപ്പർസ്റ്റോറിലേക്കു നടന്നു. മൊബൈൽ സിം മുതൽ വെളിച്ചെണ്ണ വരെ കിട്ടുമെന്നാണ് അറിഞ്ഞത്. സിം കാർഡ് വാങ്ങി. ക്യാഷ് കൗണ്ടറിൽ ഇരുന്ന ഇന്ത്യൻ ചേട്ടൻ പറഞ്ഞു:

“ഫൈവ് പൗണ്ടേ ഹ്”.

അടുത്ത നിമിഷം മുതൽ ഞങ്ങളുടെ തുടർ സംസാരമെല്ലാം മലയാളത്തിലാണ്. ചേട്ടൻ കോട്ടയംകാരനാണ്. കുറവാണെങ്കിലും മലയാളികൾ ഉണ്ട് ഈ ദേശത്ത്. കടയുടമ ഗുജറാത്തിയാണത്രെ. പഴയ ബ്രിട്ടീഷ് സാമ്രാജ്യത്തിൽ ആകെ ഇന്ത്യൻ മയം.

woods, pramal,london, travel,

വുഡ്‌സ് ഒരു ദൃശ്യം

മൂന്നു നാലു ബസ് സ്റ്റോപ്പ് ദൂരത്തിൽ ഓഫീസ്. കാടു നിറഞ്ഞ ഒരു പ്രദേശം, ഇംഗ്ലീഷുകാരൻ വുഡ്‌സ് എന്ന് വിളിക്കുന്ന ഈ കാടുകളിൽ മുയലും കുറുക്കനും, പല ജാതി കിളികൾ, സൈക്കിളിൽ കറങ്ങുന്ന വട്ടന്മാർ, നടക്കാൻ പോകുന്ന വയസ്സന്മാർ എന്നിങ്ങനെ വിവിധ തരം ജീവ ജാലങ്ങളെ കണ്ടു കിട്ടും. അതിനടുത്തു അരസികമായി കെട്ടിപ്പൊക്കിയ ഒരു വലിയ കെട്ടിടം. ഇതാണ് ഓഫീസ്. എന്നെ ഓഫീസ് ചുറ്റിനടന്നു കാണിച്ച ഇംഗ്ലീഷുകാരൻ സഹപ്രവർത്തകൻ, പറഞ്ഞു: “വാസ്തുവിദ്യ ഇംഗ്ലണ്ടിൽ ക്ഷയിച്ചു നിന്ന കാലത്തു നിർമ്മിക്കപ്പെട്ടതാണ് ഈ കെട്ടിടത്തിന്റെ ദുരന്തം”.

Read More:ഹിമാലയത്തിൽ പതിഞ്ഞ ആൻഡീയൻ നിഴൽ

ആളൊരു ആസ്വാദകനും രസികനുമാണ്. ഫുട്ബോളും, ക്രിക്കറ്റും, കെട്ടിടവും, പ്രകൃതിയും, ഭക്ഷണവും തുടങ്ങിയ പല വിഷയങ്ങളും ഞങ്ങളുടെ ടെലിഫോൺ സൗഹൃദ സംഭാഷണങ്ങളിൽ കടന്നു വരാറുണ്ട്. അദ്ദേഹം തന്നെ മുൻകൈയെടുത്ത്, അടുത്ത കുറച്ചാഴ്ചകൾ എന്റെ സഹപ്രവർത്തകരായിരിക്കേണ്ടവരെയും പരിചയപ്പെടുത്തി. ഇന്ത്യയിൽ ഓഫീസ് ഒരു ചെറു ഇന്ത്യയാണെങ്കിൽ, ഇവിടെ ഒരു ചെറിയ ഐക്യരാഷ്ട്രസഭ തന്നെയുണ്ട്. ചെറുപ്പക്കാരായ ജോലിക്കാർ അധികവും ദക്ഷിണേഷ്യൻ അല്ലെങ്കിൽ ആഫ്രിക്കൻ, അതോ കരീബിയനോ? വംശജരാണ്. പ്രാദേശിക തൊലി നിറമുള്ള വെള്ളക്കാർ മിക്കവാറും മധ്യവയസ്സു പിന്നിട്ടിരിക്കുന്നു. അതിൽത്തന്നെ നാനാ ദേശക്കാരുണ്ട്.

തികഞ്ഞ ഭക്ഷണപ്രേമിയായ ഇദ്ദേഹത്തിന്റെ മുഖ്യ ആശങ്ക എന്റെ ഭക്ഷണത്തെപ്പറ്റിയായിരുന്നു. കഴിഞ്ഞ ദിവസം ഞാൻ കണ്ട റസ്റ്റോറെന്റുകളും മറ്റു കുറെച്ചെണ്ണവും അദ്ദേഹം എനിക്ക് പറഞ്ഞു തന്നു. പിന്നെ സ്വകാര്യം പോലെ പറഞ്ഞു:

“ഇന്ത്യൻ എന്ന് പേരേയുള്ളു പലതും ബംഗ്ലാദേശി റസ്റ്ററെന്റുകളാണ്. ഞങ്ങൾക്ക് വ്യത്യാസമൊന്നും അറിയില്ലല്ലോ. പോരെങ്കിൽ തമാശ കേൾക്കണോ! പല നാട്ടുകാരും ഈ ദക്ഷിണേഷ്യൻ വംശജരെ വിളിക്കുന്നത് പാക്കികൾ എന്നാണ്. പാക്സിതാനികൾ എന്നർത്ഥത്തിൽ. ഞങ്ങൾ ഇംഗ്ലീഷുകാർ വിചിത്രരായ ആൾക്കാരായി മാറിയിരിക്കുന്നു”
“വല്ലടത്തും വച്ച് പണിയില്ലാത്തവർ അങ്ങനെ വിളിച്ചാൽ, അവഗണിച്ചേക്കണേ.” അദ്ദേഹം കൂട്ടി ചേർത്തു.

മുൻപ് ഇവിടെ വന്നു പോയിട്ടുള്ള ചില സഹപ്രവത്തകരുടെ വാക്കുകൾ അപ്പോൾ ഓർത്തു. ഒരാൾ ഹൈ സ്ട്രീറ്റിൽ നടക്കുമ്പോൾ ഒരു സംഘം ചെറുപ്പക്കാർ യാത്ര ചെയ്യുന്ന കാർ അടുത്തെത്തി പതുക്കെയാക്കുകയും സിഗരറ്റ് കുറ്റികൾ വലിച്ചെറിയുകയും ചെയ്തു. സൂപ്പർ മാർക്കറ്റിൽ നിന്നും മടങ്ങുകയായിരുന്ന മറ്റൊരു സഹപ്രവത്തകന് ലഭിച്ചത് ആംഗലേയ തെറി സാഹിത്യത്തിലെ മൊഴിമുത്തുകൾ ചേർത്ത റണ്ണിങ് കമന്ററിയായിരുന്നു. നമ്മൾ കേൾക്കുന്ന വാർത്തകൾ വച്ചുനോക്കുമ്പോൾ, ഒന്നുമല്ലാത്ത വിവേചനം.

Read More: ജലം പോലെ ജീവിതം

ദക്ഷിണേന്ത്യക്കാരെ മുഴുവൻ മദ്രാസി എന്ന് ഉത്തരേന്ത്യക്കാരൻ വിളിച്ചിരുന്നതു അത്ര പണ്ടൊന്നുമല്ല. സർവത്ര സാക്ഷരായ മലയാളിക്ക് ബംഗാളിയും, അസ്സമുകാരും, ബിഹാറിയും, ഒഡിയക്കാരും എല്ലാം ഒറ്റപേരിൽ അറിയപ്പെടുന്നു: ബംഗാളി!! നാട്ടിൽ ഏതു തരം കുറ്റവും നടന്നാൽ ബംഗാളിയെന്നു പൊതുവായി വിളിക്കുന്ന അന്യനെ ചൂണ്ടികാണിച്ചു കൈയൊഴിയാൻ ഒരു മടിയുമില്ലാത്ത നിലയിലേക്ക് മാറിക്കഴിഞ്ഞ സമൂഹത്തിൽ നിന്ന് കൊണ്ട് ഇംഗ്ലീഷുകാരന്റെ പാക്കി വിളിയെ കുറ്റം പറയാൻ യോഗ്യതയില്ല. ഒരു നാടിൻറെ മുഴുവൻ സാംസ്‌കാരിക മഹത്വം അവിടുത്തെ ഏറ്റവും സംസ്കാരഹീനരായ പൗരന്റെ നാവിന്റെയും പെരുമാറ്റത്തെയും ആശ്രയിച്ചാണു നിലനിൽക്കുന്നത്. അതോരു അന്യായമായി തോന്നാം: എന്നിരുന്നാലും സത്യമതാണ്.

brent wood, pramal, london, travel

ബ്രെന്റ്‌വുഡിൽ നിന്നൊരു കാഴ്ച

എന്തായാലും അവിടെ ചിലവിട്ട കുറച്ചാഴ്ചകളിൽ അങ്ങനെയുള്ള ദുരനുഭവങ്ങൾ ഒന്നുമുണ്ടായില്ല. ഇനി കൗതുക കാഴ്ചകൾ കണ്ടു നടക്കുന്ന തിരക്കിൽ ശ്രദ്ധിക്കാഞ്ഞതുമാവാം.

അവധി ദിവസങ്ങൾ ലണ്ടൻ കാണാൻ വേണ്ടി ഇറങ്ങും. ട്രെയിനിലാണ് യാത്ര. തിക്കും തിരക്കുമില്ലാതെ പുറത്തെ കാഴ്ചകൊളൊക്കെ കണ്ടു ട്രെയിനിന്റെ താളത്തിൽ അങ്ങനെയിരുന്നു. പ്രവൃത്തി ദിവസമല്ലാത്തതാവാം തിരക്കില്ലാത്തതിന് ഒരു കാരണം. അമ്പതു പേർക്ക് മുകളിൽ ആളുകൾക്ക് ഇരിക്കാൻ പറ്റുന്ന കംപാർട്മെന്റുകൾ ലണ്ടനിൽ എത്തുമ്പോഴേക്കും പതുക്കെ പതുക്കെ നിറയും. ഒരു അന്യ നാട്ടിലാണ് എന്ന് തിരിച്ചറിയാൻ ട്രെയിൻ കംപാർട്മെന്റുകളുടെ വ്യത്യസ്തതയും, ചില പുറം കാഴ്ചകളും തന്നെ വേണം. കാരണം, കംപാർട്ട്മെന്റ് നിറച്ചും ദക്ഷിണേഷ്യക്കാരാണ്. ഹിന്ദിയും, തമിഴും, ഗുജറാത്തിയും പഞ്ചാബിയും, ബംഗാളിയും, ഉറുദുവുമൊക്കെ ശബ്ദങ്ങളായി നിറയും. ഒരു “മിലെ സുർ മേരാ തുമരാ” തന്നെ. മേമ്പൊടിക്ക് ആഫ്രിക്കൻ/കരീബിയൻ വംശജരും ചൈനീസ് വംശജരും. വെള്ളക്കാരാണ് എണ്ണത്തിൽ ഏറ്റവും കുറവ്.

അനേകം ഭാഷകൾ ഒഴുകി നടക്കുന്ന ആ കംപാർട്ട്മെന്റിൽ ഇടയ്ക്കു ഇംഗ്ലീഷ് പ്രത്യക്ഷപ്പെടും. കനത്ത മാതൃഭാഷ സ്വാധീനം വിളിച്ചറിയിക്കുന്ന ഉച്ചാരണത്തോടെ ഉയരുന്ന ആ വാക്കുകൾ കുട്ടികളെ ഉദ്ദേശിച്ചാണ്. മിക്കവാറും ഇവിടെ ജനിച്ച ബ്രിട്ടീഷ് പൗരന്മാരെ. അച്ഛനമ്മമാരുടെ ഇംഗ്ലീഷുപോലല്ല കുട്ടികളുടേതു. അവരുടെ ഉച്ചാരണം തികച്ചും ഒരു പ്രാദേശികന്റെതാണ്. നീട്ടലും കുറുക്കലും എല്ലാം കൃത്യമായി അവർ വളർന്നു വരുന്ന നാടിൻറെ മാത്രം. അവരുടെ വേരുകൾ ജാതി മരങ്ങളെ പോലെ മണ്ണിനു മുകളിലായി പരന്നു വളർന്നിരിക്കുന്നു. കുടിയേറി വന്ന മുൻതലമുറയുടെ വേരുകൾ ഇന്നും ആഴത്തിൽ കടലുകൾക്കപ്പുറമുള്ള പ്രാചീന ദേശങ്ങളിലെവിടെയോയുള്ള മണ്ണിനടിയിൽ വെട്ടിമാറ്റപ്പെട്ട കാലുകൾ പോലെ കിടക്കുന്നുണ്ടായിരിക്കാം. കുടിയേറിയ നാടുകളിൽ അവർ ഒരേ തൊലിനിറംമുള്ള ഒരേ ഭാഷ പറയുന്ന ഒരേ നാട്ടിൽ നിന്നുള്ള കൂട്ട് തേടി വേരുകളോടുള്ള കൂറ് ഉറപ്പിച്ചുകൊണ്ടേയിരിക്കുന്നു. വേരുകളുടെ ആ ബാധ്യതയില്ലത്ത അടുത്ത തലമുറയ്ക്ക് എന്നാൽ അത്തരം കൂട്ടുകാർ അല്ല വേണ്ടത്. മറിച്ചു തങ്ങളെ വ്യത്യസ്തമാക്കുന്ന വേരുകളെ പല്ലിയുടെ വാല് പോലെ മുറിച്ചു കളഞ്ഞു പുതിയത് മുളപ്പിക്കാനായിരിക്കും ആശിക്കുന്നതു. ഒരു തലമുറക്കുള്ളിൽ തന്നെ ഭാഷയുടെ വേരുകൾക്ക് കത്തി വീണു കഴിഞ്ഞിരിക്കുന്നു. നിലനിൽപ്പിന്റെ, ലയിച്ചു ചേരാനുള്ള ആവശ്യത്തിന്റെ, സാമൂഹിക ഒറ്റപെടലുകളുടെ മറുപടിയായി ഉയർന്ന പ്രതിരോധമല്ലേ ഈ ഭാഷ ലയനത്തിൽ കാണുന്നത്?

trafalgar, london, pramal kelat

ട്രഫാൽഗർ സ്ക്വയറിൽ നടക്കുന്ന പരിപാടി

അന്യ നാട്ടിൽ ആതിഥ്യമൊരുക്കിയ നാട്ടിൽനിന്നുള്ള ചില സുഹൃത്തുക്കൾ പങ്കുവച്ച കഥകളിൽ നിറഞ്ഞു നിന്നതു ഓഫീസുകളിലെ അദ്യശ്യത നടിക്കുന്ന വംശീയ വിവേചനങ്ങൾ, കുട്ടികളുടെ ഭാവിയെ കുറിച്ചുള്ള ചിന്തകൾ, തിരിച്ചു കൊടുക്കാൻ മടിക്കുന്ന ഇന്ത്യൻ പാസ്പോർട്ട്, കുഞ്ഞു കുസൃതിക്കു കുഞ്ഞു ശിക്ഷയായി കുഞ്ഞു കൈയിൽ കൊടുത്ത ഒരു നുള്ളു കെയർ ഹോമിലെത്തിച്ച പരിചയക്കാരുടെ കുഞ്ഞുങ്ങൾ. വേരുകൾ തന്നെ ഇവിടെയും വിഷയം. മുറിച്ചുമാറ്റാൻ കഴിയാത്തവ, മുറിച്ചുമാറ്റാൻ മനസ്സ് സമ്മതിക്കാത്ത വേരുകൾ. അതേ സമയം തന്നെ അടുത്ത തലമുറയിൽ ആ വേരുകൾ കാണത്തതിന്റെ വിഷമം. ജീവശാസ്ത്രപരമായ അതിജീവനം പോലെത്തന്നെ സാംസകാരിക അതിജീവനവും അറിയാതെ മനുഷ്യന്റെ ഡി എൻ എ യിൽ ചേർന്നിരിക്കുന്നു.
ലണ്ടനിൽ എത്തുന്ന ട്രെയിനിൽ നിന്നും നേരെ ഇറങ്ങുന്നത് വിവിധ ദേശവംശഭാഷകൾ നിറഞ്ഞ തെരുവിലേയ്ക്കാണ്, കൺനിറയെ കാണാവുന്ന വംശീയ വൈവധ്യത്തിലേയ്ക്കാണ്. പിക്കാഡലി സർക്കസിൽ ഏതു നേരത്തും മനുഷ്യ വംശത്തിന്റെ വർണ വിസ്മയപ്രദർശനമുണ്ട്. പിക്കാഡലിയിലുള്ള വലിയ ഗിഫ്‌റ്റ് ഷോപ്പിലെ ഭൂരിപക്ഷം ജോലിക്കാരും വിദ്യാർത്ഥികളായ മലയാളികൾ. അണ്ടർഗ്രൗണ്ട് ട്രെയിൻ സ്റ്റേഷന്റെ ഇടനാഴിയിൽ സിത്താർ വായിക്കുന്ന വെളുത്ത വർഗക്കാരൻ. ട്രഫാൽഗർ സ്‌ക്വയറിൽ നെൽസന്റെ കണ്ണിനു താഴെ ഹരേ റാം സംഘം രഥോത്സവം കൊണ്ടാടുന്നു. സ്‌ക്വയറിലെ സിംഹപ്രതിമകളുടെ സട പോലെ ഇടതൂർന്ന മുടിയുള്ള ഇരട്ടകൾ അച്ഛനെ ചുറ്റിപറ്റിനിന്നു ആ ആഘോഷം കാണുന്നു.

white teeth, zadie smith, novel,

മഴവില്ലിനെക്കാൾ നിറങ്ങളുണ്ടോ മനുഷ്യ വംശങ്ങൾക്ക് എന്ന് സംശയിക്കത്തക്കവണ്ണം വർണം വ്യത്യാസങ്ങളുള്ള ഈ ലണ്ടനാണ് സാഡി സ്മിത്തിന്റെ “White Teeth” (വെളള പല്ലുകൾ) എന്ന നോവലിന്റെ തട്ടകം. പല വർണങ്ങളുള്ള മനുഷ്യർക്കെല്ലാമുള്ളത് വെളുത്ത പല്ലുകൾ.
കൗമാരത്തിൽ രണ്ടാം ലോക മഹായുദ്ധത്തിൽ ഒരുമിച്ചു പങ്കെടുത്ത ആർച്ചിബാൾഡ് ജോൺസ്‌ അഥവാ ആർച്ചിയും സമദ് ഇക്ബാൽ (ഇക് ബോൾ എന്ന് ഇംഗ്ലീഷുകാർ വിളിക്കുന്ന) അഥവാ സാമും, സമദിന്റെ ഭാര്യ അൽസാന, ജമൈക്കകാരിയായ ക്ലാര, ഇക്ബാൽ കുടുംബത്തിന്റെ ഇരട്ടകൾ; മില്ലത്തും മജീദും, ക്ലാരയുടെയും ആർച്ചിയുടെയും ഒരേയൊരു സന്തതി ഐറി എന്നിവരിലൂടെയാണ് “വെളളപല്ലുകൾ” മുന്നോട്ടു നീങ്ങുന്നതു. അവർ ജീവിക്കുന്ന വ്യത്യസ്ത വംശീയ മത സങ്കീർണമായ ലണ്ടൻ നഗരത്തിൽ. ഈ കറുപ്പും തവിട്ടും നിറങ്ങളുള്ള ലണ്ടൻ കുടിയേറ്റ കുടുംബങ്ങളുടെ ജീവിതത്തിലേക്ക് തദ്ദേശീയ ബ്രിട്ടീഷുകാരെ പ്രതിനിധീകരിച്ചു നിൽക്കുന്ന ഷാൽഫെൻ കുടുംബം കടന്നു വരുന്നു.

വേരുകളെ കുറിച്ച് സംസാരിക്കുന്ന നോവലാണ് “വൈറ്റ് റ്റീത്ത്”. ബംഗ്ളദേശിയായ സമദ് അവകാശപ്പെടുന്നത് തലമുറകളായുള്ള യോദ്ധാക്കളുടെ കുടുംബമാണ് തന്റേതെന്നാണ്. മംഗൾ പാണ്ഡെ മുതുമുത്തശ്ശനും. മധ്യ വയസ്സിനോടടുത്തു ഇംഗ്ലണ്ടിലേക്ക് കുടിയേറിയ സമദ് പുതിയനാട്ടിൽ നങ്കുരം കണ്ടെത്തുന്നത് നങ്കുരമോ ദിശാമാപിനിയോ ഇല്ലാത്ത ആർച്ചിയിലാണ്. മുത്തശ്ശനുമപ്പുറം പാരമ്പര്യത്തെ പറ്റി ഒരു പിടിപാടും താല്പര്യവുമില്ലാത്ത ആർച്ചി. ആത്മഹത്യ മുനമ്പിൽ നിന്നും തിരിച്ചു വന്ന അയാൾ ജമൈക്കൻ വംശജയായ ക്ലാരയെ ജീവിത സഖിയാക്കി ജീവിതം പുനനാരംഭിച്ചു. ലോകാവസാനം പ്രവചിക്കുന്ന മത വിശ്വാസത്തിൽ വളർന്ന ക്ലാരക്ക് ആ പ്രവചനം തെറ്റിച്ച പുതുവർഷപ്പുലരിയിൽ ആർച്ചി ലോകത്തിലെ അവസാനത്തെ പുരുഷനായി കാണാപ്പെട്ടിരിക്കണം. കുടിയേറിയ നാടും നാട്ടുകാരും കുടിയേറ്റക്കാരെ മാറ്റിമറിക്കും. മില്ലത്തും ഐറിയും കടലുകൾ അപ്പുറത്തുനിന്നും മജീദും ഷാൽഫെനുകളിലേക്ക് ആകർഷിക്കപ്പെടുന്നു. കുടിയേറിയവർ കുടിയേറിയ നാടിനെയും നാട്ടുകാരെയും തിരിച്ചും സ്വാധീനിക്കുന്നുണ്ടു. മുൻപേ തന്നെ വിചിത്രമെന്നു വിശേഷിപ്പിക്കേണ്ട ഷാൽഫെൻ കുടുംബത്തിന് കുട്ടികളുമായുള്ള സമ്പർക്കത്തിൽ നിന്നും സംഭവിക്കുന്ന മാറ്റങ്ങളും ചെറുതല്ല. ക്ലാരയിലൂടെ റയാൻ എന്ന സഹപാഠി, മില്ലത്തിന്റെ ആശയകുഴപ്പങ്ങളിൽ മനസ്സുടക്കിയ ജോയ്‌സ് ഷാൽഫെൻ, മജീദിൽ സമാനമനസ്കനെ കണ്ടെത്തിയ മർക്കസ് ഷാൽഫെൻ, ഐറിയിൽ ആകൃഷ്ടനായ ജോഷുവ ഷാൽഫെൻ എല്ലാം ഇതിനുദാഹരണങ്ങളാണ്.

സംസ്‍കാരത്തെ മതാചാരങ്ങളുമായി ബന്ധിപ്പിക്കാനുള്ള പ്രവണത കൂടിവരുന്ന കാലമാണിത്. സമദ് സാംസകാരിക മൂല്യങ്ങളായി കെട്ടിപ്പിടിക്കുന്നുതു മതപരമായ വിശ്വാസങ്ങളും ആചാരങ്ങളുമാണ്. എന്നാൽ മതം നിഷേധിച്ച പലതും അയാൾ ചെയ്തു പോരുന്നുണ്ട്. ആ ബലഹീനതക്കു പരിഹാരമായി അയാൾ തന്റെ ഇരട്ടകളിൽ ഒരുവനെ, കിഴക്കിന്റെ സംസ്കാരത്തിലും മത പാരമ്പര്യത്തിലും വളർത്താനായി ബംഗ്ലാദേശിലേക്ക് നാടുകടത്തി. വിധിവശാൽ ആ പുത്രൻ ശാസ്ത്രത്തിലാണ് വിശ്വാസമുറപ്പിച്ചത്. ഇംഗ്ലണ്ടിൽ നിന്ന മകനാവട്ടെ മതമൗലിക വാദത്തിലേക്കാണ് ചെന്ന് പെടുന്നത്. മുത്തശ്ശിയുടെ ലോകാവസാന കഥകളിൽ ഐറി കണ്ടത് ദൈവത്തെയല്ല വേരുകളെയാണ്. ജമൈക്കയെ! ജമൈക്കയിൽ സ്വന്തം വേരുകൾ കണ്ടെത്തിയ ഐറി പിതാവിന്റെ വേരുകളെ തള്ളി പറയുന്നുണ്ടോ? അതോ മിശ്ര വംശ സന്തതികൾ എന്നെക്കിലുമൊരിക്കൽ ചെയ്യേണ്ടി വരുന്ന തിരഞ്ഞെടുപ്പാണോ ഇത്? നീല കണ്ണുകളും മെലിഞ്ഞു നീണ്ട വെളുത്ത ശരീരവും നേർത്തു, കാറ്റിൽ പാറിപ്പറക്കുന്ന, നിവർന്നു നിൽക്കുന്ന മുടിയുമാണ് ഐറി ആഗ്രഹിച്ചത്. പക്ഷെ കാഴ്ച്ചയിൽ അവൾ അടിമുടി ജമൈക്കനായിരുന്നു. ഇടതൂർന്നു സിംഹസട പോലെ “ആഫ്രോ”യിൽ വരെ. ആ മുടി മുറിച്ചു നീല നിറം ചാർത്തിയ ദിവസമാണ് തന്റെ വേരുകളെ കുറിച്ച് അവൾ ആദ്യമായി ചിന്തിച്ചത്.

തലമുറകളുടെ സംഘർഷമാണ് വൈറ്റ് റ്റീത്തിലെ മറ്റൊരു വിഷയം. മതത്തിന്റെ വഴിയിൽ നിന്നു മാറി മജീദും, മതമൗലികവാദത്തിലേക്ക് തിരിഞ്ഞു മില്ലത്തും സമദിനെ എതിർക്കുയായിരുന്നു. ഐറിക്കാകട്ടെ ക്ലാരയുടെ വെപ്പ് പല്ലുകൾ പോലും തലമുറവിടവിനു കാരണമാകുന്നു. ജോഷ്വാ, മർക്കസ് ഷാൽഫെനിൽ നിന്നും അമ്മയിൽ നിന്നും അകലുന്നത് അവർക്ക് അന്യർ കൂടതൽ പ്രിയപെട്ടവരായപ്പോഴാണ്. FATE, KEVIN എന്നിങ്ങനെ ഹാസ്യാത്മകമായ ചുരുക്കപ്പേരിൽ അറിയപ്പെട്ട മൃഗാവകാശ സംഘടനയും, മത തീവ്രവാദ സംഘടനയും, യെഹോവയുടെ സാക്ഷികളും ഒക്കെ അംഗങ്ങളുടെ ആകർഷിച്ചത് സാമൂഹികമായ ചില കുറവുകളെ നികത്താൻ അവയ്ക്കാകും എന്ന വിശ്വാസത്തിൽനിന്നാണ്. പേരെടുക്കാനും ഒരു വലിയ സംഘത്തിന്റെ ഭാഗമാവുമ്പോൾ കിട്ടുന്ന ഗുണങ്ങൾക്ക് വേണ്ടിയും മാതാപിതാക്കളോട് കലഹിക്കാനും അടിയുറക്കാത്ത വേരുകൾ കാരണവുമാണ്.

KEVIN, FATE എന്ന സംഘടനകളും, യഹോവ സാക്ഷികളും മറ്റു നോവലിലെ കഥാപാത്രങ്ങളുമെല്ലാ എതിർക്കുന്നതു, ഭാവി എലി എന്ന പദ്ധതിയെയാണ്. ജനിതക എഞ്ചിനീയറിങ് ഗവഷേണം നടത്തുന്ന മാർക്കസ് ഷാൽഫെൻ മനുഷ്യൻ സ്വന്തം ഭാവി നിർണയം നടത്തത്തക്കവണ്ണം ശാസ്‌ത്രപരമായി വളരും അതു സാംസകാരിക വംശീയ കാര്യങ്ങൾക്കും ബാധകമാകും എന്ന വിശ്വാസത്തിലാണ്. അതിനുവേണ്ടി ഒരു എലിയുടെ ജീവിതത്തിന്റെ എല്ലാ നിമിഷങ്ങളും, അവസ്ഥകളും മർക്കസ് ശാസ്ത്രത്താൽ പ്രവചിച്ചു, ലോകർക്ക് കാണുവാൻ സൗകര്യം ചെയ്തു പരസ്യപ്പെടുത്തിയ ആദ്യ ദിവസം തന്നെ ആ എലി രക്ഷപെടുകവഴി ശാസ്ത്രത്തിന്റെ ബലഹീനതകളെയും ഹാസ്യവത്കരിക്കുന്നുണ്ട്.
നോവലിൽ എല്ലാ പ്രധാന കഥാപാത്രങ്ങളും ഈ സന്ദർഭത്തിൽ ഒരിടത്തു ഒത്തുചേരുന്നു. നോവലിൽ പ്രധാനകഥാപാത്രങ്ങളെ ചുറ്റി പ്രത്യക്ഷപ്പെടുന്ന മറ്റൊരുപാട് കുടിയേറ്റ വംശജരുണ്ട്. സ്വവർഗ്ഗസ്നേഹിയായ അൽസാനയുടെ മരുമകൾ, ഐറിഷ് പൂൾ ക്ലബ് എന്ന പേര് മാറ്റാതെ അവിടെ പബ്ബ് നടത്തുന്ന “അലി”മാർ, ഇന്ത്യൻ ഹോട്ടൽ നടത്തുന്ന സമദിന്റെ ബന്ധു, പബ്ബിലെ സ്ഥിരവരിക്കാരായ ജമൈക്കക്കാർ എന്നിങ്ങനെ നീണ്ടു പോകുന്ന ഒരു നിര.
ഇംഗ്ലീഷുകാരനായ അച്ഛന് കരീബീയൻ അമ്മയിൽ ജനിച്ച സാഡി സ്മിത്ത് കുടിയേറിവന്റെ വ്യത്യസ്തനായവന്റെ വംശീയമായ ഒറ്റപെടലുകൾ അനുഭവിച്ചറിഞ്ഞിരിക്കാം. ആ അനുഭവങ്ങൾ നോവലിനു കരുത്തേകുന്നു. വായിച്ചു തുടങ്ങാൻ ബുദ്ധിമുട്ടുള്ള ഒരു നോവലായി വേണമെങ്കിൽ വൈറ്റ് റ്റീത്തിനെ കരുതാം. പക്ഷെ തുടങ്ങിക്കഴിഞ്ഞാൽ വായനക്കാരനെ പിടിച്ചു നിർത്താനുള്ള മികവ് ഈ കൃതിക്കുണ്ട്. ഇന്നത്തെ സങ്കീർണമായ സമൂഹങ്ങളിൽ പ്രത്യേകിച്ചും പല “മതവംശദേശഭാഷാ” ജീവിത പരിസരങ്ങളിൽ വളർന്നു വരുന്ന മത ദേശീയ പ്രാദേശിക വാദങ്ങളിൽ പ്രസക്തമായ ഒരു രചനയായി വൈറ്റ് റ്റീത്ത് അടയാളപ്പെടും.

തെംസ് നദിയുടെ തെക്കേക്കരയിൽ (സൗത്ത് ബാങ്ക്) എപ്പോഴും ടൂറിസ്റ്റുകളും നാട്ടുകാരുമെല്ലാം ചേർന്ന് നിലക്കാത്ത ഒരുത്സവത്തിന്റെ പ്രതീതിയാണ്. ടെയ്റ്റ് മോഡേൺ, ഷേക്‌സ്പിയർ തീയറ്റർ, ലണ്ടൻ ഐ തുടങ്ങി അനവധി ആകർഷണങ്ങൾ സൗത്ത് ബാങ്കിലാണ്. പ്രത്യകിച്ചു ലക്ഷ്യങ്ങൊളൊന്നുമില്ലാതെ വെറുതെ ഈ നദിക്കരയിലൂടെ നടക്കണം. തെരുവ് പുസ്തകശാലകലകളിൽ ചുറ്റി കറങ്ങി, ചുവരെഴുത്തുകൾക്കിടയിൽ സ്കേറ്റ് ചെയ്യുന്ന യുവാക്കളെകുറിച്ച് അത്ഭുതപ്പെട്ടു, മാജിക്കുകാരും, ഡാൻസുകാരും, മെയ്യഭ്യാസികളും, സംഗീതകാരന്മാരും, മറ്റു തെരുവ് കലാകാരന്മാരുമൊരുക്കുന്ന കാഴ്ച്ചകൾ ആസ്വദിച്ചു നഗരത്തിന്റെ ഉള്ളറിയണം. ലണ്ടൻ എന്ന ആൽഫ ആഗോള നഗരത്തിന്റെ കോസ്മോപോളിറ്റൻ സ്വഭാവം സൗത്ത് ബാങ്കിൽ നടന്നറിയാം. തെരുവിൽ ഡാൻസ് ചെയ്യുന്ന ബ്രേക്ക് ഡാൻസ് സംഘത്തിൽ, ഏഷ്യൻ വംശജൻ, ആഫ്രിക്കൻ വംശജൻ, വെള്ളക്കാരൻ: കാഴ്ച കാണുന്നവരിൽ ലോകത്തിന്റെ പല കോണിൽ നിന്നുള്ള പല വംശത്തിന്റെ പ്രതിനിധികൾ, സമൂഹത്തിന്റെ പല തലങ്ങളിൽ നിന്നുള്ളവർ. ബ്രേക്ക് ഡാൻസ് സംഘത്തെ കടന്നു മുന്നോട്ടു ചെന്നാൽ മുടിയിഴകൾ പിന്നിയിട്ട വലിയ ശരീരമുള്ള കറുത്ത വർഗക്കാരൻ ഒരു കുഞ്ഞു കണ്ണാടിപെട്ടിയിൽ ചുരുങ്ങി കയറുന്നു മായകാഴ്ച കാണാം. പ്രതിമയെപ്പോലെ വേഷംധരിച്ചയാളുടെ കൂടെ ഫോട്ടോ എടുക്കാം കുറച്ചുകൂടെ മുന്നോട്ടു നടന്നാൽ. അപ്പോൾ അതാ കേൾക്കുന്നു മനോഹരമായ വാദ്യസംഗീതം. കുട്ടികളുടെ കലപില ആ സംഗീതത്തിന് താളം പിടിക്കും.

സൗത്ത് ബാങ്കിൽ ധാരാളം ഇന്ത്യൻ വംശജരെയും കണ്ടുമുട്ടും. പലരും ബ്രിട്ടീഷുകാർ ആവാനാണ് സാധ്യത. എന്നാലും വിദ്യാർത്ഥികളെയും ടൂറിസ്റ്റുകളെയും പെട്ടെന്ന് തിരിച്ചറിയാം. ഒഴുകി നടക്കുന്ന ജനസഹസ്രങ്ങളിൽ, അതിൽ തന്നെ നല്ല സംഖ്യയിലുള്ള ഇന്ത്യൻ വംശജരിൽ മലയാളശബ്ദം കേൾക്കാതിരിക്കാൻ തരമില്ല. കേട്ടു നല്ല കോഴിക്കോടൻ മൊഴിയഴകിൽ:

“എന്നാപ്പിന്നെ വീട്ടിലിരുന്നാപ്പോരേയെനിയോ? വെറുതെ വന്നു.”

“ആയിക്കോട്ടേ! ഇയി സുരേസിനോട് പോരാൻപറ. ടിക്കറ്റ് എടുത്തു പൈസ പോണ്ട”

“ഈ അമ്മേന്റെ കാര്യം.”

ലണ്ടൻ ഐ കയറാൻ ഭയപ്പെടുന്ന അമ്മയും തർക്കിച്ചു പ്രോത്സാഹിപ്പിക്കുന്ന മകളും. ടിക്കറ്റ് എടുക്കാൻ പോയ മരുമകനെ മകൾ വിളിച്ചുകൊണ്ടുവന്നു.

അവരുടെ “വർത്താനം” കേട്ട് നിന്നുപോയ ഞാൻ അങ്ങോട്ട് ചെന്ന് “ലോഹ്യം” പറഞ്ഞു. മരുമകനായ സുരേഷിന് ജോലി ഒരു ബഹുരാഷ്ട്ര ബാങ്കിന്റെ ലണ്ടൻ ഓഫീസിലാണ്. മകളുടെയും മരുമകന്റെയും കൂടെ കുറച്ചു നാൾ നിൽക്കാൻ വന്നതാണ് അമ്മ. അഞ്ചു മിനിറ്റ് അവരോടു കുശലം പറഞ്ഞപ്പോൾ, നാടിൻറെ ഒരു ചെറിയ കഷ്ണം സൗത്ത് ബാങ്കിൽ വീണു കിട്ടിയത് പോലെ.

അധികാരം നഷ്ടപ്പെട്ടിട്ടും ആ സത്യം അംഗീകരിക്കാൻ മടിക്കുന്ന മാടമ്പിയെ പോലെ ബ്രിട്ടൻ രൂപ കൊടുത്ത വിശാല കോമൺവെൽത്ത്. രണ്ടാം ലോകമഹായുദ്ധവും കോളനികളുടെ സ്വാതന്ത്യവും കോമൺവെൽത്തിലേയ്ക്കു കൊണ്ടുവന്നത് മൂന്നാം ലോകം എന്ന് വിളിപ്പേരിൽ അറിയപ്പെട്ട ഒരു കൂട്ടം രാജ്യങ്ങളെ. മെച്ചപ്പെട്ട ജീവിത നിലവാരം തേടി, രാഷ്ട്രീയാഭയം തേടി ഇന്ത്യക്കാരും, പാകിസ്ഥാനികളും, ബംഗ്ലാദേശുകാരും, ശ്രീലങ്കക്കാരും ആഫ്രിക്കക്കാരും, കരീബീയൻ ദ്വീപുകാരും ബ്രിട്ടന്റെ പല ഭാഗത്തേക്ക് കുടിയേറി. ഈ കുടിയേറ്റ യാത്രകളുടെ വലിയൊരുപങ്ക്‌ ലണ്ടൻ നഗരത്തിലാണ് അവസാനിച്ചത്. യൂറോപ്യൻ യൂണിയൻ തുറന്നു കൊടുത്ത അതിർത്തിയിലൂടെ ഹൂണന്മാരും സ്ലൊവാക്കുകളും റൊമാനികളും ലണ്ടനിയത്തിന്റെ കോട്ടകൊത്തളങ്ങളെ തങ്ങളുടെ താവളങ്ങളാക്കി.

24 മണിക്കൂറുള്ള സമയചക്രത്തിൽ സൂചി എവിടെ കൈചൂണ്ടിയാലും, ആ സമയത്തു ലോകത്തിന്റെ ഒരു സ്ഥലത്തെങ്കിലും സൂര്യൻ ഉദിച്ചു നിൽക്കുന്നുണ്ടാവും. അത്തരത്തിൽ സൂര്യൻ അസ്തമിക്കാത്ത വിധത്തിൽ ഭൂലോകത്തിന്റെ എല്ലാ കോണിലും കോളണികൾ സൃഷ്ടിച്ചുനിന്ന ഒരു സാമ്രാജ്യത്തിന്റെ തലസ്ഥാനത്തു ഇന്നു അതിൽ കൂടുതൽ ദേശങ്ങളിൽ നിന്നും കുടിയേറി പാർത്തവർ തിങ്ങി നിറഞ്ഞു ജീവിക്കുന്നുണ്ടു. ഈ കുടിയേറ്റക്കാർ ഇല്ലെങ്കിൽ ലണ്ടൻ നഗരത്തിനു ഒരു മണിക്കൂർ പോലും പ്രവർത്തിക്കാൻ കഴിയില്ല. ഇങ്ങനൊക്കെയാണെങ്കിലും ഈ അടുത്ത കാലത്തെ ബ്രെക്സിറ്റിനും കാരണം വംശീയം തന്നെയാണെന്നാണ് ചിലരെങ്കിലും കരുതുന്നത്. കിഴക്കൻ യൂറോപ്പിൽ നിന്നും വന്നു ചെറു കൂലിക്കു തൊഴിലുകൾ കൈയടക്കുന്ന കുടിയേറ്റക്കാരോട് ദേശീയവാദികളായ നാട്ടുകാർക്ക് മാത്രമല്ല പഴയ കോമൺവെൽത്തിൽ നിന്നുള്ള കുടിയേറ്റക്കാർക്കും നല്ല വിമുഖതയുണ്ട്. കുടിയേറ്റത്തിന്റെ മൂപ്പിളമ തർക്കങ്ങൾ വേറെ. ബ്രിട്ടന്റെ സാമൂഹിക സുരക്ഷിതത്വം അങ്ങനെ യൂറോപ്യൻ യൂണിയൻ എന്ന തുരങ്കം വഴി കുടിയേറി എത്തുന്ന കിഴക്കൻ യൂറോപ്യനും മറ്റും കൈപ്പറ്റേണ്ട എന്ന തദ്ദേശീയന്റെ തീരുമാനം! പല കടമ്പകൾ കടന്നു കുടിയേറിയ ഇന്ത്യന്റെയും, പാകിസ്താനിയുടെയും ബംഗ്ലാദേശിയുടെയും തീരുമാനം!

കുടിയേറ്റം ചരിത്രാതീത കാലം മുതലുള്ള ഒരു സത്യമാണ്. അക്കരെപ്പച്ചകളെയും പുതിയ മേച്ചിൽ പുറങ്ങളെയും തേടി മനുഷ്യൻ യാത്രയും പലായനവും തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. യുദ്ധത്തിൽ നിന്നും കെടുതിയിൽ നിന്നും പട്ടിണിയിൽ നിന്നും ഓടിയകന്ന മനുഷ്യൻ മെച്ചപ്പെട്ട ജീവിത നിലവാരത്തിനും, സാമ്പത്തിക ലാഭത്തിനും, എന്തിനേറെ ജീവശാസ്ത്രപരമായ അതിജീവനത്തിനു വേണ്ടിയുള്ള അന്വേഷണം തുടർന്നുകൊണ്ടേയിരിക്കും. കുടിയിറങ്ങിയും, കുടിയേറിയും, അഭയാർഥിയായും! രാജ്യാതിർത്തികൾ വിട്ടുള്ള ജോലികളും ആധുനിക ലോകത്തിന്റെ മുഖമുദ്രയാണ്. എല്ലായിടവും എന്റേതും ഞാൻ എല്ലായിടത്തിന്റെയുമാവുന്ന അവസ്ഥ. ഓരോ നൂറടി നടക്കുമ്പോഴും ലോകം മാറുന്നു എന്ന് ബലെനോ പറഞ്ഞു വച്ച സത്യം അംഗീകരിക്കുമ്പോൾ തന്നെ ഓരോ നൂറടി നടക്കുമ്പോഴും മനുഷ്യർ എല്ലാടത്തും ഒന്നുപോലാണെന്ന സത്യവും തെളിഞ്ഞു വരും. സങ്കുചിതമായ ദേശീയ-മത വാദങ്ങൾ മനുഷ്യന്റെ സാംസ്‌കാരിക പുരോഗതിയിൽ പിന്തള്ളപ്പെടും എന്നുള്ള ശുഭാപ്തി വിശ്വാസം നിഷ്ക്കളങ്കമായിരിക്കാം പക്ഷെ സംസാകാരികതയ്ക്ക് സാധ്യമാക്കാൻ ബുദ്ധിമുട്ടുള്ള ആ സ്വപ്നം സാമ്പത്തിക യാഥാർഥ്യങ്ങൾ സാധ്യമാക്കിയേക്കാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ