“വാറ്റ, എസവ്, കായ, പണയം, തട്ട, പരാതി, വലിവ്, കൊന്താവേലു, മാട” മൈതാനത്തിനു മുന്നില്‍ ഇരുന്നുകൊണ്ട് നൗഷാദ് ചൊല്ലിതന്നു. “ഒന്നു മുതല്‍ പത്തുവരെയുള്ള എണ്ണമാണ്. ചന്തയില്‍ വരുമ്പോള്‍ ചന്തയുടെ ഭാഷയറിയണം. “പാരമ്പര്യമായി ഇറച്ചിവെട്ടുതൊഴില്‍ ചെയ്യുന്ന കോങ്ങാടുകാരനായ നൗഷാദ് ഒരു ആമുഖം തന്നു.

തിങ്കളാഴ്ച
സമയം പുലര്‍ച്ചെ അഞ്ചു മണി.

പാലക്കാട് ചെര്‍പ്പളശ്ശേരി റോഡിലെ കോങ്ങാട് എന്ന ചെറിയ പട്ടണം ശീലംപോലെ ഉണര്‍ന്നിരിക്കുകയാണ്. കോങ്ങാട് ബസ് സ്റ്റാൻഡിന്‍റെ എതിര്‍വശത്തായി ഹരിതം ചിക്കന്‍ സ്റ്റാളിനു പിന്നിലെ പഞ്ചായത്ത് വക മൈതാനത്തിലേക്ക് കന്നുകളുമായി വണ്ടികള്‍ വന്നുതുടങ്ങിയിരിക്കുന്നു. മൈതാനത്തിനു പുറത്ത് ആടിനെയും മാടിനെയും കൊണ്ട് ഇരുപതോളം പേര്‍ കൂടി നില്‍ക്കുന്നുണ്ട്. കോങ്ങാടും പരിസരപ്രദേശത്തുമായി കഴിയുന്ന നൂറുകണക്കിനു ആളുകളെ സംബന്ധിച്ച് ഇതവരുടെ ജീവിതചര്യയാണ്. പാലക്കാടും പരിസരത്തുമായി നടക്കുന്ന കന്നുകാലി വ്യവസായത്തിന്‍റെ ആഴ്ച ചന്ത ആരംഭിക്കുന്നത് ഇവിടെ വച്ചാണ്. തിങ്കള്‍- കോങ്ങാട്, ചൊവ്വ – പെരുമ്പിലാവ്, ബുധന്‍- മഞ്ചേരി, വ്യാഴം- വാണിയംകുളം, വെള്ളി- തൃശൂര്‍, ശനി- കുഴല്‍മന്ദം എന്നിങ്ങനെയാണ് ഈ ​പ്രദേശങ്ങളിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കന്നുകാലി ആഴ്ചചന്തകൾ നടന്നുപോരുന്നത്.

കോങ്ങാട് കന്നുകാലി ചന്ത

ുന്നില്‍ വരെ കാലികള്‍ മേഞ്ഞുനടക്കുമായിരുന്നു. അന്നത്തെ ദിവസങ്ങളിലാണ് കോങ്ങാട് ഏറ്റവും ഉണര്‍ന്നു നിന്നത് ” ചന്തനടക്കുന്ന മൈതാനത്തില്‍ നിന്നും അരകിലോമീറ്റര്‍ മാറി കോങ്ങാട്- പത്തിരിപാല റോഡിലെ സുന്ദര്‍ ഫുട്ട്‌വെയർ ഉടമ സുന്ദര്‍ ഓര്‍മകളിലേയ്ക്ക് കാൽവച്ചു.  എന്നാല്‍ ആ നല്ലകാലത്തിന്‍റെ ഓര്‍മയില്‍ ചന്തയുടെ ക്ഷീണം അകറ്റാനെന്നപോലെ ചൊവ്വാഴ്ചകളില്‍ അവധിയെടുക്കുന്ന ഒട്ടേറെ കടകള്‍ ഇന്നുമുണ്ട് കോങ്ങാട് പ്രദേശത്ത്.

Read More : പശുവില്‍ വേവിക്കുന്ന ജാതീയത

ഉണ്ണികൃഷ്ണന്‍

കഴിഞ്ഞ പത്തോ ഇരുപതോ വര്‍ഷമായി ചന്ത അനുക്രമം തകര്‍ന്നുകൊണ്ടിരിക്കുകയാണ് എന്നാണു സ്ഥിരം കച്ചവടക്കാരായ പലര്‍ക്കും പറയാനുള്ളത്. “ കഴിഞ്ഞ 10 വര്‍ഷമായി പതിനഞ്ചു കിലോമീറ്ററിനുള്ളില്‍ മാത്രം കച്ചവടം നടക്കുന്ന ഒരു ചെറുചന്തയായി കോങ്ങാട് മാറി” പതിനാലു വയസ്സ്മുതല്‍ കോങ്ങാട് ചന്തയെ ആശ്രയിച്ചു ജീവിക്കുന്ന മുണ്ടൂര്‍ നിവാസി ഷരീഫ് (48) നിരീക്ഷിക്കുന്നു. ഇത് കാരണം ആവശ്യംപോലെ പുറം സംസ്ഥാനങ്ങളിലെ കന്നുകാലി ചന്തകള്‍ സന്ദര്‍ശിക്കുകയും അവിടെ നിന്നും കാലികളെ വാങ്ങുകയും വില്‍ക്കുകയും ചെയ്യാറുള്ള പലരും ഇന്നും മുടങ്ങാതെ കോങ്ങാട് എത്താറുണ്ട്.  “പൊള്ളാച്ചി, ഒട്ടന്‍ചത്രം, തിരുപ്പൂര്‍, പുളിയമ്പാടി എന്നിവിടങ്ങളില്‍ പോയി കാലി വാങ്ങുന്നതു കൊണ്ടാണ് ഇപ്പോള്‍ കാര്യങ്ങള്‍ നടന്നു പോവുന്നത്. ഈ പോക്ക് പോവുകയാണ് എങ്കില്‍ വൈകാതെ തന്നെ കോങ്ങാട് ചന്ത നിലയ്ക്കും” ഉണ്ണികൃഷ്ണന്‍ (46) സന്ദേഹിക്കുന്നു.

കന്നുകാലികശാപ്പ് നിരോധനം 

ചന്തയില്‍ കശാപ്പിനായുള്ള കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം തങ്ങളുടെ ജീവിതത്തെ കൂടിയാണ് നിരോധിക്കുന്നതെന്ന് അഭിപ്രായത്തിന് വലിപ്പച്ചെറുപ്പ വ്യത്യാസമില്ലാത്ത ഐക്യമാണ് ഇവിടെ.

“കേരളത്തില്‍ നിരോധനം നടക്കില്ല എന്നതുകൊണ്ട് മാത്രം കാര്യമില്ല. ഭക്ഷ്യാവശ്യത്തിനുവരുന്ന കാലികളില്‍ ഭൂരിപക്ഷവും അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്നതാണ്. അതുനിലയ്ക്കുകയാണ് എങ്കില്‍ തന്നെ കേരളത്തില്‍ ചന്ത ഇല്ലാതാകും” കാലിക്കച്ചവടക്കാരനായ ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.

കന്നുകാലി മാംസ വ്യാപാര തൊഴില്‍ മേഖലയെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിയമം റദ്ദാക്കുക എന്നാവശ്യമുയര്‍കൊണ്ട് അഖിലകേരള കന്നുകാലി വ്യവസായി-ക്ഷേമ അസോസിയേഷന്‍ (All Kerala Cattle Merchants Welfare Association) മെയ് 31നു പാലക്കാട് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ‘എന്ത് വില കൊടുത്തും സംഘടിതമായി ഈ കരിനിയമത്തിനെതിരെ പോരാടും’ എന്നാണ് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് പറയാനുള്ളത്. “ ആയിരങ്ങള്‍ക്ക് ഇതൊരു പാരമ്പര്യതൊഴിലാണ്. എത്രയോ കുടുംബങ്ങളെ പട്ടിണിയിലാക്കുന്ന നടപടിയാണ് സര്‍ക്കാര്‍ ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. എനിക്കാണേല്‍ ഇതല്ലാതെ മറ്റൊരു തൊഴിൽ അറിയില്ല. പുതിയൊന്നു  കണ്ടെത്താനുളള വിദ്യാഭ്യാസവും  അറിവും എനിക്കില്ല. ” പതിനൊന്നാം വയസ്സില്‍ കന്നുകച്ചവടം ചെയ്തു തുടങ്ങിയ പി എം കബീര്‍ (52) പറയുന്നു.

സൂരജ്

കന്നുകാലി ചന്തയെ ആശ്രയിച്ച് മാത്രം ജീവിക്കുന്ന ഒട്ടേറെപ്പേര്‍ ഉണ്ട് “കന്നിനെ വളര്‍ത്തുന്നയാള്‍, ചാണകം വില്‍ക്കുന്നയാള്‍, വില്‍ക്കാനുള്ളതിനെ കണ്ടെത്തുന്ന ബ്രോക്കര്‍, കയറ്റുകയും ഇറക്കുകയും ചെയ്യുന്നയാള്‍, ഡ്രൈവര്‍, വില്‍ക്കുന്നയിടത്ത് ഇരുകൂട്ടര്‍ക്കുമായി ഓരോ ബ്രോക്കര്‍, കശാപ്പുകാരന്‍….തുടങ്ങി പത്തോളം പേരാണ് ഒരു മാടിനെ തന്നെ ആശ്രയിച്ചു കഴിയുന്നത്” കാലികച്ചവടക്കാരനായ സൂരജ് (27) പറയുന്നു. കേന്ദ്രസര്‍ക്കാര്‍ കന്നുകാലിചന്തകളില്‍ കശാപ്പിനു നിയന്ത്രണം കൊണ്ടുവന്നതോടെ ഇത്രയും ജനങ്ങളില്‍, പ്രത്യേകിച്ച് ക്ഷീരകര്‍ഷകരില്‍ ഒരു ഭയമുണ്ടായിട്ടുണ്ട് എന്നാണ് 13 വര്‍ഷമായി നാട്ടുകാലികളുടെ കച്ചവടം നടത്തുന്ന സൂരജിനു പറയാനുള്ളത്. “കഴിഞ്ഞയാഴ്ച്ച ഈ ചന്തയില്‍ പത്തില്‍ കുറവു കാലികളാണ് കച്ചവടത്തിനായി വന്നത്. എന്നാല്‍ ഇന്ന് അനുഭവപ്പെടുന്ന ഈ തിരക്ക് ആള്‍ക്കാരില്‍ ഉണ്ടായ ഭയംകൊണ്ട് കൂടിയാണ്. കറവ വറ്റിയ കാലി കര്‍ഷകനു തീരാത്ത ബാധ്യതയാണ്. പത്തോ പതിനഞ്ചോ രൂപ നല്‍കിയാണെങ്കിലും (10,000-15,000 ) അവര്‍ക്കതിനെ വില്‍ക്കുന്നതാണ് ലാഭം. ഇനി നിരോധനം കര്‍ശനമായാല്‍ കാലികളെ വില്‍ക്കാൻ ആകുമോ എന്ന് പേടിയുള്ളവരും കറവകുറഞ്ഞു തുടങ്ങിയ കാലിയെ വിറ്റഴിക്കുകയാണ്” കാലികളും മനുഷ്യരും ഒരുപോലെ നിറഞ്ഞു നില്‍ക്കുന്ന കോങ്ങാട് മൈതാനത്തിനു എതിര്‍വശത്തായുള്ള ചായക്കടയില്‍ ഇരുന്നുകൊണ്ട് സൂരജ് പറഞ്ഞു.

“കോങ്ങാട് ഇന്ന് ഒരു ചെറുചന്ത മാത്രമാണ്. ഇവിടെ കൂടുതല്‍ ആവശ്യക്കാര്‍ ഉള്ളത് പാലക്കാടന്‍ കന്നിനാണ്. വലിയ ചന്തകള്‍ ഇന്നും നിലല്‍ക്കുന്നത് പെരുമ്പിലാവ്, വാണിയംകുളം, കുഴല്‍മന്തം എന്നീ സ്ഥലങ്ങള്‍ മാത്രമാണ്. അവിടെയൊക്കെ അന്യസംസ്ഥാനങ്ങളില്‍ നിന്നുമുള്ള കാലികളാണ് കൂടുതല്‍. എന്നാല്‍ അവിടേയും മറ്റുപല പ്രശ്നങ്ങളുമുണ്ട്..” സൂരജ് പറഞ്ഞു.

പശുവിന്റെ പേരിൽ നടക്കുന്നത് എന്ത്?

കാലിചന്തകളില്‍ കന്നുകാലികളെ കശാപ്പിനു വില്‍ക്കുന്നതിനെതിരായ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പ്രാബല്യത്തില്‍ വന്നപ്പോഴാണ് ‘കാലിക്കടത്തെന്നപേരില്‍ വണ്ടി തടയല്‍; കേരളത്തില്‍ ആദ്യമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത്. എന്നാല്‍ അതൊരു ഒറ്റപ്പെട്ട സംഭവമല്ല എന്നാണു കോങ്ങാടു നിന്നും ആവശ്യാനുസരണം അന്യസംസ്ഥാനങ്ങളിലെ കാലിച്ചന്തകളിലേക്ക് പോകുന്നവര്‍ക്ക് പറയാനുള്ളത്.

“ കേരള-തമിഴ്‌നാട് അതിര്‍ത്തിയിലായി ഇത്തരത്തില്‍ നൂറോളം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഗോരക്ഷകര്‍ എന്നപേരില്‍ കന്നുകാലികളുമായി കടന്നുപോവുന്ന വണ്ടികള്‍ തടയുന്നത് സ്ഥിരം സംഭവമാണ്. ആന്ധ്രയില്‍ നിന്നും തമിഴ്‌നാട്ടിൽ നിന്നും കാലികളുമായി വരുന്ന നൂറിലേറെപേര്‍ ഇത്തരത്തിലുള്ള അക്രമങ്ങള്‍ അനുഭവിച്ചിട്ടുണ്ട്” സതീശന്‍ (25) പറയുന്നു.

“തമിഴ്നാട്ടില്‍ വച്ച് പശു സംരക്ഷകരുടെ അക്രമത്തിനിരയായിട്ടുള്ള ചന്ദ്രനും ഇത് ശരിവെക്കുന്നു. “ 20-30 പേരുള്ള സംഘങ്ങളാണ് ഇത്തരത്തില്‍ അക്രമങ്ങള്‍ അഴിച്ചുവിടുന്നത്. ഞങ്ങള്‍ അഞ്ചോ ആറോ പേരാണ് ആകെ ഉണ്ടാവുക. ശാരീരികമായി അവരെ നേരിടുക എന്നത് സാധ്യമല്ല. കന്നുകാലികളെ ഗോശാലകളിലേക്ക് എന്ന പേരില്‍ പിടിച്ചുകൊണ്ടുപോവും എന്ന് മാത്രമല്ല, കയ്യിലുള്ള കാശും അവര്‍ കൊണ്ടുപോവും.” ചന്ദ്രന്‍ പറഞ്ഞു.

Read More : ബിജെപിയും മാംസവും; തീന്‍മേശയിലെ രാഷ്ട്രീയം

എന്നാല്‍ ഇത് ഉത്തരേന്ത്യയിലെ ‘ഗോരക്ഷസേന’ തന്നെ ആവണം എന്നില്ല എന്നാണു നൗഷാദ് നിരീക്ഷിക്കുന്നത്. “ ആര്‍എസ്എസ്‌കാരെയൊക്കെ പോലെ കയ്യില്‍ കെട്ടൊക്കെ ഉള്ളവരാണ് സംഘത്തിലുള്ളത്. പശുവിനോടുള്ള സ്നേഹമല്ല അവരുടെ വിഷയം. പക്ഷെ പത്തോ പതിനഞ്ചോ രൂപ (10,000-15,000) കൊടുക്കുകയാണ് എങ്കില്‍ കടത്തിവിടാം എന്നും അവര്‍ പറയുന്നുണ്ട്. ഒരു തവണ ഗോശാലയിലേക്ക് എന്ന പേരില്‍ അവര്‍ പിടിച്ചെടുത്ത കാളകളെ പിന്നീട് പൊള്ളാച്ചി ചന്തയില്‍ വച്ച് കണ്ടപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്” നൗഷാദ് പറഞ്ഞു. സംഭവത്തില്‍ ഒന്നിലേറെ തവണ തമിഴ്‌നാട് പൊലീസിനു പരാതി നല്‍കിയിട്ടുണ്ട് എന്നറിയുന്നു. പരാതിയോട് തമിഴ്‌നാട് പൊലീസ് നല്ല രീതിയിലാണ് പ്രതികരിച്ചത്. “ കേരളത്തിലേക്കുള്ള വണ്ടികള്‍ കൂട്ടമായാണ് വരുന്നത് എങ്കില്‍ പൊലീസ് എസ്കോര്‍ട്ട് നല്‍കാം എന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ഉറപ്പു നല്‍കുകയുണ്ടായി. അത് പോലെ തന്നെ പത്തു വണ്ടികള്‍ ഒരുമിച്ചു വരികയും സംസ്ഥാന അതിര്‍ത്തി വരെ പൊലീസ് എസ്കൊര്‍ട്ട് വരികയും ചെയ്തിരുന്നു. എന്നാല്‍ കാര്യങ്ങള്‍ പൂര്‍വസ്ഥിതിയില്‍ ആയെന്ന ധാരണയില്‍ പൊലീസ് സഹായം നിര്‍ത്തിയതു മുതല്‍ അക്രമങ്ങള്‍ വീണ്ടും തുടരുകയായിരുന്നു. “ നൗഷാദ് കൂട്ടിച്ചേര്‍ത്തു.

പതിനൊന്ന് മണിയോടെ ചന്ത ഒഴിഞ്ഞുതുടങ്ങി. കാലികളെ വാങ്ങിയവര്‍ തിരിച്ചുപോയി, പ്രതീക്ഷിച്ച വില ലഭിക്കാഞ്ഞവര്‍ നാളത്തെ പെരുമ്പിലാവ് ചന്തയില്‍ തങ്ങളുടെ കന്നുകള്‍ എളുപ്പം പോവുമെന്ന് അടക്കം പറഞ്ഞു. ചിലര്‍ ബ്രോക്കര്‍മാരെ നഷ്ടകച്ചവടത്തിന്‍റെ നീരസം അറിയിക്കുന്നു. മറ്റുചിലര്‍ പരിസരത്തെ ചായക്കടയിൽ കാലിചായക്കൊപ്പം പരിചയം പുതുക്കി. അവിടങ്ങളിലൊക്കെ കാലികശാപ്പിനു കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ഉണ്ടാക്കാന്‍ പോവുന്ന പ്രത്യാഘാതങ്ങള്‍ സംസാരങ്ങളായി. വാക്കുകളില്‍ ഭാവിയുടെ തീരുമാനങ്ങളെകുറിച്ചുള്ള ഭയം ആഴത്തില്‍ നിഴലിച്ചു.

ആയിരക്കണക്കിനു മനുഷ്യര്‍ ജീവിതം മെഴുകുന്ന പൊതു ഇടമാണ് കോങ്ങാട് പോലുള്ള ചന്തകള്‍. അതിനു തനതായൊരു ഭാഷയുണ്ട്, രീതിശാസ്ത്രമുണ്ട്, സംസ്കാരമുണ്ട്. സ്വാഭാവികമായൊരു അന്ത്യത്തെ അഭിമുഖീകരിക്കുമ്പോഴും അതിനെ അതിജീവിക്കുക തന്നെ ചെയ്യും എന്നു വിശ്വസിക്കുന്ന അനേകം മനുഷ്യരുമുണ്ട്. എന്നാല്‍ ആ പ്രതീക്ഷകള്‍ക്ക് ഇപ്പോള്‍ കോട്ടംതട്ടിയിരിക്കുന്നു എന്നത് പ്രകടം. നടുവൊടിഞ്ഞ ജീവിതങ്ങളുടെ നെറുകയില്‍ തന്നെ അടിക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം എന്ന് അവര്‍ ഉറക്കെ തന്നെ പറയുന്നു.

‘ഉത്തരവുകളില്‍ നിരോധിക്കപ്പെടുന്ന ജീവിതം’ പരമ്പര തുടരും..

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ